Sunday, December 12, 2010

കളിച്ചു പഠിക്കാം, പഠിച്ചു കളിക്കാം

വിശുദ്ധ അല്‍ഫോന്‍സയുടെ കോണ്‍വെന്റ് ബോര്‍ഡിംഗിലെ പെണ്‍കുട്ടികാലം. കുട്ടികളില്‍ ചിലര്‍ക്ക് സൗജന്യ താമസവും പഠനവും അനുവദിച്ചിരുന്നു സിസ്റ്റര്‍മാര്‍. വൈകീട്ടു കളി കഴിഞ്ഞു താമസിച്ചെത്തിയ കുട്ടിവൃന്ദത്തിനോട് ബോര്‍ഡിംഗ് സിസറ്റര്‍- 'അങ്ങാടി പിള്ളരും നാട്ടു പിള്ളരും ഒന്നിച്ച് പകല്‍ കളിച്ചു നടക്കും, നാട്ടുപിള്ളേര്‍ക്ക് സന്ധ്യക്ക് വീട്ടില്‍ വരുമ്പോള്‍ കഞ്ഞി കിട്ടും ' . സിസ്റ്റര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ വര്‍ഷമേറെയെടുത്തു എനിക്ക്. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ എന്നെപോലെ ബുദ്ധിഗുണം (IQ) കുറഞ്ഞവരല്ല. ബാല്യത്തിലേ  'ഭാവി ഭാരം' ചുമക്കുന്ന അവര്‍  ജീവിതം എന്നാല്‍ നിലനില്‍പ്പിനു വേണ്ടിയുള്ള കടുത്ത മത്സരമാണെന്നു കുട്ടിത്തം മാറും മുമ്പേ അറിയും. അതു കാലത്തിന്റെ മാറ്റം. കാലത്തിനനുസൃതം പഠന-കളി രീതികളും മാറണമല്ലോ. പാഠപുസ്തകം കരണ്ടു തിന്ന് കാണാതെ പഠിക്കണ്ട ഗതികേടില്ല ഇപ്പോള്‍.

'ശ്ശ്യോ, ഈ സിസ്റ്റം എന്താ ഇത്ര സ്ലോ? '  കമ്പ്യൂട്ടറില്‍ പണിഞ്ഞുകൊണ്ടിരുന്ന  അമ്മയുടെ മടുപ്പ് ഇത്തിരി ഉറക്കെയുള്ള ആത്മഗതമായി. ടി.വി.സ്‌ക്രീനിലെ കുട്ടിയുമായി റിമോട്ട് വീശി, ചാടി ചാടി ടെന്നീസ് (വീഡിയോ ഗെയിം) കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരന്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു, 'അമ്മാ, ഒരുപാട് വിന്‍ഡോസ് തുറന്നു വച്ചരിക്കയല്ലേ' . കമ്പ്യൂട്ടര്‍, കുട്ടികള്‍ക്ക് നമ്മേക്കാള്‍ പരിചിതം. കുട്ടികള്ക്കുള്ള ചില വെബ്‌സൈറ്റുകള്ിലൂടെ.

ഭാഷ എന്നാല്‍ വ്യാകരണവും സ്‌പെല്ലിംഗും മാത്രമല്ല. ഉച്ചാരണവും കൂടിയാണ്.  ഉച്ചാരണശുദ്ധിക്കായി സന്ദര്‍ശിക്കാവുന്ന ഒരു സൈറ്റാണ്  http:// www.starfall.com . നിങ്ങളുടെ പ്രീസ്‌കൂള്‍ മുത്തിന് അത് ഇഷ്ടപ്പെടാതെ വരില്ല. ഇംഗ്ലീഷ് അക്ഷരമാല  മുതല്‍ തുടങ്ങുന്ന  ആകര്‍ഷകമായ സൈറ്റ്.

http://www.dltk-kids.com/  ല്‍ കണക്ക്, ക്രാഫ്റ്റ് അങ്ങനെ കുട്ടികള്‍ക്കു വേണ്ടതെല്ലാമുണ്ട്. പാടാനും പെയിന്റു ചെയ്യാനും കഥ കേള്‍ക്കാനും സഹായിക്കുന്ന സൈറ്റാണ് http://www.bbc.co.uk/cbeebies/tweenies/ . കണക്ക് ആണോ വേണ്ടത്? എങ്കില്‍ http://www.ixl.com/ ല്‍ പ്രീ കെ.ജി തൊട്ട് 8 വരെയുള്ള കണക്കുകള്‍ അടുക്കിന് കിട്ടും. http://www.khanacademy.org/  യില്‍  ആള്‍ജിബ്ര, അരിത്ത്‌മെറ്റിക്, ബയോളജി,കെമിസ്റ്റ്രി, ഇക്കണോമിക്‌സ് ,ബാങ്കിംഗ്, എല്ലാമുണ്ട്.

ഇനിയിപ്പോള്‍ പഠനം മാത്രമായി ജാക്കിനെ പോലെ നിരുത്സാഹിയാകണ്ട എന്നുണ്ടോ?  പോകാം http://www.kinderart.com/index.html ലേക്ക്.  പേരു സൂചിപ്പിക്കുന്നതു പോലെ ക്രാഫ്രറ്റ്് വര്‍ക്കുകളാണ്. http://www.simplekidscrafts.com/  ല്‍ നമ്മുടെ കൈയ്യിലുള്ള മുത്ത്, അടപ്പ്, കുപ്പി എന്നിങ്ങനെ സാധനങ്ങള്‍ക്കനുസൃതമായും പേപ്പര്‍, ഒറിഗാമി, അനിമല്‍, ഗിഫ്റ്റ്, തുടങ്ങി കാറ്റഗറി തിരിച്ചും നല്‍കിയിട്ടുണ്ട്. വിഡിയോ ട്യൂട്ടോറിയല്‍ ഉണ്ട്.

http://ammupappa.blogspot.com/  ല്‍ മലയാളം ഉള്‍പ്പടെ പല ഇന്‍ഡ്യന്‍ ഭാഷകളിലും കാര്‍ട്ടുണ്‍, സിനിമ, പാട്ട്, കഥ, കളി, കാര്യം എല്ലാം ഉണ്ട്. കൂടുതല്‍ സൈറ്റുകള്‍ രണ്‍ജിത്തിന്റെ സെപ്റ്റംബര്‍ 13 ലെ ബസിലുണ്ട്. പ്രൊഫൈല്‍ ഐഡി- http://www.google.com/profiles/ranjitramanan#buzz 

കമ്പ്യൂട്ടറില്‍ G-talk, Skype (ഇന്റര്‍നെറ്റുവഴി സംസാരിക്കാനുള്ള സോഫ്‌റ്റ്വെയറുകള്‍) തുടങ്ങിവയും വെബ് ക്യാമറയും ഉണ്ടെങ്കില്‍ വീട്ടിലിരുന്നു തന്നെ ട്യൂഷന്‍ ക്ലാസ്സില്‍ പങ്കു കൊള്ളാം, കോണ്‍ഫറന്‍സിംഗ് നടത്തി മറ്റുവീടുകളിലിരിക്കുന്ന കൂട്ടുകാരുമായി കണ്ടു കേട്ടും ഒരുമിച്ചു പഠനവും ആകാം.

സമയം കിട്ടുമ്പോള്‍ ഊഞ്ഞാലും കുളവും ഉണ്ടായിരുന്ന നമ്മുടെ കുട്ടിക്കാലത്തേക്ക് കുഞ്ഞുങ്ങള്‍ക്ക്് ഒരു പാലം ഇട്ടു കൊടുക്കാം. ഹോ, ഇപ്പോഴത്തെ കാലം എന്ന വിലാപത്തേക്കാള്‍ നല്ലത് അതാണ്.

വിദേശരാജ്യങ്ങളില്‍ ഗൗരവമായ പഠനം തുടങ്ങുന്നത് താമസിച്ചാണ്. പുസ്തകസഞ്ചിയുടെ ഭാരം ചുമക്കുന്ന നമ്മുടെ കുട്ടികളെപ്പറ്റി വിലാപങ്ങള്‍ കേള്‍മ്പോള്‍ ഒരു സംശയം മനസ്സില്‍ ഉദിക്കാറുണ്ട്. നമ്മുടെ ഉണ്ണിക്കണ്ണനും കൂട്ടുകാരുമൊക്കെ അമരകോശവും സിദ്ധകോശവും എല്ലാം സാന്ദീപനി മഹര്‍ഷിയില്‍ നിന്നു ഹൃദിസ്ഥമാക്കിയത് 12 വയസ്സിനു മുമ്പല്ലേ? ഏതാണ് ശരി, പഠിപ്പിക്കുന്നതോ, പഠിപ്പിക്കാത്തതോ?

തന്റെ മകന്‍ പഠിക്കുന്ന എലിമെന്ററി സ്‌കൂളിലെ പോസ്റ്ററിന്റെ മലയാളം തര്‍ജ്ജമ  ബ്ലോഗര്‍ ജെകെ (പ്രൊഫെല്‍- http://www.google.com/profiles/jykmr007#buzz) നവം.20നു ബസില്‍ ഇട്ടത്-

'ഞാനാണ് ക്ലാസ്സ് റൂമിലെ നിര്‍ണായക ഘടകമെന്ന ഭീദിതമായ തിരിച്ചറിവെനിക്കുണ്ടായി. എന്റെ തനതായ സമീപനമാണ് അന്തരീക്ഷം സൃഷ്ടിക്കുന്നത്. എന്റെ മാനസികാവസ്ഥയാണ് അവിടെ ഋതുഭേദങ്ങള്‍ ചമയ്ക്കുന്നത്. കുട്ടിയുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കാനോ സന്തോഷപ്രദമാക്കാനോ ഒരു അദ്ധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് അതിബൃഹത്തായ ശക്തിയുണ്ട്. ഒരു പീഡനോപകരണമോ പ്രചോദനോപാധിയോ ആകാന്‍ എനിക്കു സാധിക്കും. എനിക്കു നാണം കെടുത്താനോ ചിരിപ്പിക്കാണോ പറ്റും. നോവിക്കാനോ ശുശ്രൂഷിക്കാനോ പറ്റും. എല്ലാ സന്ദര്‍ഭങ്ങളിലും ഒരു പ്രതിസന്ധി കൂടുതല്‍ മോശമാക്കണോ ലഘൂകരിക്കണോ അല്ലെങ്കില്‍ ഒരു കുട്ടിയെ മനുഷ്യനാക്കണോ മൃഗമാക്കണോ എന്നൊക്കെ നിശ്ചയിക്കുന്നത് എന്റെ പ്രതികരണം ഒന്നു മാത്രമാണ്.'  എത്ര അര്‍ത്ഥവത്താണ് Hiam Ginott ന്റെ ഈ വാക്കുകള്‍!

Saturday, December 4, 2010

സൈബര്‍ മലയാളം

(published 26.11.2010- link)
ജാതകത്തില്‍ ശനിയുടെ നില്‍പ്പ് വശക്കേടായതുകൊണ്ടോ എന്തോ, ചിലപ്പോള്‍ മടി കലശലാണ് എനിക്ക്. ബ്ലോഗു തുടങ്ങിയിട്ട് നാളു കുറച്ചായി. ഗൂഗിളില്‍ അപ്‌ഡേറ്റ്‌സ് കിട്ടുകയും ചെയ്യും. പക്ഷേ അതു വായിച്ച് പരീക്ഷിക്കാന്‍  എനിക്കു മടിയാണ്, ക്ഷമയുമില്ല. പകരം നേരേ പോകും അപ്പുവിന്റെ ആദ്യാക്ഷരിയിലേക്ക് (http://bloghelpline.cyberjalakam.com/ ). എല്ലാം നല്ല വണ്ണം പഠിച്ച് സ്വയം ചെയ്തു നോക്കി ഇനി വിഴുങ്ങിയാല്‍ മതി എന്ന് ഗുളിക രൂപത്തില്‍ ആക്കി വച്ചിട്ടുണ്ടാകും അവിടെ. അറിയേണ്ടതെല്ലാം കൃത്യമായി മനസ്സില്‍ ആഗ്രഹിച്ച വിധം അടുക്കിന് കിട്ടുമ്പോള്‍ പിന്നെ ഞാനെന്തിനു ഗൂഗിളില്‍ പോയി മെനക്കെടണം? നറുനെയ്യ് കിട്ടും എന്നുള്ളപ്പോള്‍ വെണ്ണ വാങ്ങി ഉരുക്കാന്‍ നില്‍ക്കണമോ?

ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് ചുവടു മാറാന്‍ എന്നെ പ്രേരിപ്പിച്ചത് ആദ്യാക്ഷരിയാണ്. ഇന്നും ഞാനോര്‍ക്കുന്നു മാതൃഭാഷയില്‍ സൈബര്‍ലോകത്തു വിഹരിക്കാന്‍ തുടങ്ങിയ നാളിലെ സന്തോഷം. ഞാന്‍ മാത്രമല്ല, മലയാളം ബ്ലോഗിംഗില്‍ പലരും എഴുത്തിനിരുന്നിട്ടുണ്ട് ആദ്യാക്ഷരിയില്‍. വളരെ ലളിതമാണ് ഭാഷയും ശൈലിയും. വലതു വശത്തു വിഷയസൂചിക വായിച്ച് നമുക്കു വേണ്ടതു ക്ലിക്ക് ചെയ്യാം. ഈ സൗകര്യമാണ് , ആദ്യാക്ഷരി, ഗൂഗിളിനേക്കാള്‍ എനിക്കു പ്രിയതരമാക്കിയത്. അതെ  ' സംഗതികള്‍' എല്ലാം തികഞ്ഞ ആധികാരിക സൈറ്റ് !

മലയാളം എഴുതുവാന്‍ സൈബര്‍സ്‌പേസില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് മംഗ്ലീഷ് സോഫ്‌റ്റ്വെയര്‍ ആണ്. Google indic transliteration  സംവിധാനം ചെറു സന്ദേശങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍  'വരമൊഴി' ,'കീമാന്‍ ' തുടങ്ങിയവയാണ് കൂടുതലായി മലയാളം എഴുതേണ്ടപ്പോള്‍ ഉപയോഗിക്കുക. സിബു.സി.ജെ വികസിപ്പിച്ചെടുത്ത വരമൊഴിയെപ്പറ്റിയും മറ്റു സോഫ്‌റ്റ്വെയറുകളെപ്പെറ്റിയും കൂടുതല്‍ അറിയാന്‍ ഇതിലേ പോകാം. https://sites.google.com/site/cibu/beginner.  beginner മാറ്റി history ആക്കിയാല്‍  സൈബര്‍ മലയാളലിപിയുടെ ഉല്‍പത്തി പരിണാമ ചരിത്രവും അറിയാം.

ഭാഷയും മാറ്റങ്ങള്‍ക്കു വിധേയമാണ് . സംസ്‌കൃതവും മലയാളവും കൂടി ചേര്‍ന്നപ്പോള്‍ മണിപ്രവാളം എന്ന മനോഹരമായ ഭാഷാരീതി ഉണ്ടായി. മലയാളത്തിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് ഇപ്പോള്‍ ഒഴിവാക്കാനാവില്ല. ഒരിക്കല്‍ ശ്രീ.ബാബു പോള്‍ എഴുതിയിരുന്നു, മലയാളത്തിന്റെ ഒപ്പം കടന്നു വരുന്ന ഇംഗ്ലീഷ് പദങ്ങള്‍ ധൈര്യമായി അങ്ങെഴുതുക എന്ന്.

പ്രശസ്ത നോവലിസ്റ്റ് ശ്രീ. കെ.സുരേന്ദ്രനും സുഹൃത്തും കൂടി സംസാരിക്കവേ അദ്ദേഹം ചോദിച്ചു, 'എനിക്ക് കല്യാണ ക്ഷണനമുണ്ട്, താങ്കള്‍ക്കോ'എന്ന്. ക്ഷണനം എന്നാല്‍ വധിക്കല്‍ എന്നാണ് അര്‍ത്ഥം, ക്ഷണം ആണ് ശരിയായ വാക്ക് എന്നായി സുഹൃത്ത്. ഇത്തിരി ആലോചിച്ച് കഥാകൃത്ത് പറഞ്ഞു, എല്ലാവരും ഉപയോഗിക്കുന്നതല്ലേ, അര്‍ത്ഥവും പിടി കിട്ടുന്നുണ്ട്, അപ്പോള്‍ അങ്ങനെ ആയാല്‍ എന്താ തരക്കേട് എന്ന് . ശരിയാണ്, സുഗമമായ ആശയസംവേദനം അല്ലേ പരമ പ്രധാനം?

എം.ടി. സിനിമകളുടെ ഒരു ഫെസ്റ്റിവലില്‍ 'ചിരിക്കാനുള്ള സിദ്ധി കൈ വിട്ടു പോയിട്ടില്ല അല്ലേ ' എന്ന വാചകം പല സിനിമകളിലും ആവര്‍ത്തിച്ചതായി ശ്രദ്ധിച്ചു. അതെ, ഏതു സംഘര്‍ഷത്തിനിടയിലും ആ സിദ്ധി  കൈ മോശം വരാതിരിക്കട്ടെ. ഇതാ സൈബര്‍ സ്‌പേസില്‍ നിന്ന് ചില മംഗ്ലീഷ് തമാശകള്‍.

കുട്ട്യേടത്തിയുടെ ബ്ലോഗില്‍ നിന്ന്  കിട്ടിയ ട്വീറ്റ്‌സ്-  http://kuttyedathi.blogspot.com/2009/05/blog-post_30.html

1..അയ്യോ അച്ഛാ ട്വീറ്റല്ലേ...അയ്യോ അച്ഛാ ട്വീറ്റല്ലേ...
2..ഓര്‍ക്കുട്ട് ദുഃഖമാണുണ്ണീ....ട്വീറ്ററല്ലോ സുഖപ്രദം.
3.ഒരു ട്വീറ്റര്‍ കിട്ടിയിരുന്നെങ്കില്‍.....ട്വീറ്റ് ചെയ്യാമായിരുന്നു.
4.നമുക്കു ട്വീറ്റ് ഡെക്കില്‍ പോയി ട്വീറ്റ് ചെയ്യാം, അതിരാവിലെ എഴുന്നേറ്റ് റിപ്ലൈ വന്നുവോ എന്നും റീട്വീറ്റ് ഉണ്ടോ എന്നും നോക്കാം. അവിടെ വച്ച് ഞാന്‍ നിനക്ക്...
5.കുട്ടാ, ട്വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ....ശ്രുതി പോരാ
6.ട്വീറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ലോഗര്‍ എടുക്കാന്‍.
7.അതെന്താ ദാസാ ഈ ട്വീറ്റ്‌സ് നമ്മള്‍ നേരത്തേ തുടങ്ങാത്തത്?ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ.
8.അങ്ങനെ ട്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ ട്വീറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
 

ബ്ലോഗര്‍ ചേച്ചിപ്പെണ്ണിന്റെ ഒരു ഗൂഗിള്‍ ബസ് കൂടി ആയലോ?
കണ്ണുകളില്‍ ചെമ്പരത്തിപ്പൂ വിരിയും കാലം.
ആത്മന്‍ (കണ്ണു വക).
'ഈ ഇളനീര്‍ കുഴമ്പു കണ്ടുപിടിച്ചാതാരാണോ. കാന്താരിക്കുഴമ്പ് എന്ന പേരായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ചേരുക'. കണ്ണു ദീനം പിടിച്ച് ഇളനീര്‍ കുഴമ്പെഴുതി നീറിയപ്പോള്‍ വന്ന ബസ്. എങ്ങനെയുണ്ട് കണ്ണിന്റെ ആത്മന്‍ എന്ന ആത്മഗതം?

തിരുത്ത്- നവംബര്‍ 19 ലക്കത്തില്‍ വൈലോപ്പിള്ളി എന്നതിനു പകരം ബാലാമണിയമ്മ എന്നു എഴുതിയതില്‍ അതിയായി ഖേദിക്കുന്നു. കവിയുടെ ആത്മാവ് എന്നോടു പൊറുക്കട്ടെ.

Sunday, November 28, 2010

മരിക്കില്ല മലയാളം !

(Published 19.11.2010)
                                                 
മലയാളം മരിക്കുന്നു എന്ന മുറവിളിയില്‍ കഴമ്പുണ്ടോ?

സൈബര്‍സ്‌പേസില്‍ മലയാളം ഇപ്പോള്‍ സര്‍വ്വസാധാരണം . കമ്പ്യൂട്ടറിനു മലയാളം വഴങ്ങിത്തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അതു സാധാരണക്കാര്‍ക്ക്്് അത്രയൊന്നും പ്രാപ്യമായിരുന്നില്ല. ഡി.റ്റി.പി.സെന്ററുകാരും മറ്റും ബിസിനസ്സു ആവശ്യങ്ങള്‍ക്കു വേണ്ടി വിലകൊടുത്തു വാങ്ങുന്ന സോഫ്്റ്റവേര്‍ ആയിരുന്നു അന്ന് മുഖ്യം. പക്ഷേ സാധാരണക്കാര്‍ക്കു മെയില്‍, ബസ്,ഓര്‍ക്കുട്ട്, ഫേസ് ബുക്ക് ,ട്വീറ്റര്‍ ഇവയിലൂടെ മാതൃഭാഷയില്‍ കൊച്ചു വര്‍ത്തമാനം പറയാന്‍, ബ്ലോഗെഴുതാന്‍ ഇപ്പോള്‍ സൗജന്യ മലയാളം, മംഗ്ലീഷ്-മലയാളം സോഫ്‌റ്റ്വെയറുകള്‍ ഉണ്ട്.

ധാരാളം വായനയും അല്ലറ ചില്ലറ എഴുത്തുമുണ്ടായിരുന്നു എനിക്ക് സ്‌കൂള്‍കാലത്ത്. പിന്നീട് പഠന-ജോലി-ജീവിത തിരമാലകളില്‍ മുങ്ങിപ്പൊങ്ങിയപ്പോള്‍ എഴുത്ത് തീരെ നിന്നു പോയി. എങ്കിലും എഴുതാനുള്ള ആശ മനസ്സില്‍ തീവ്രമായിരുന്നു. പലതും  നോട്ടുബുക്കില്‍ കുറിച്ചു വച്ചു, ഒന്നും മുഴുവനാക്കിയില്ല. പല വട്ടം എഴുതുക, വെട്ടിത്തിരുത്തുക, വീണ്ടും എഴുതുക എന്നതൊന്നും പ്രായോഗികമല്ലായിരുന്നു, അതിനുള്ള ക്ഷമയും ഉണ്ടായിരുന്നില്ല. 

അങ്ങനെയിരിക്കെ ഒരു സുഹൃത്ത്  'ടൈപ്പിറ്റ് ' എന്ന സൗജന്യ സോഫ്്‌റ്റ്വെയര്‍ മെയില്‍ ചെയ്തു തന്നു. എഴുത്തിന്റെ വലിയൊരു ലോകം, അത് എനിക്കു മുന്നില്‍ തുറന്നിട്ടു. ഓരോ പ്രാവശ്യവും മലയാളം അക്ഷര ലേ ഔട്ട് എടുത്തു നോക്കാനാവില്ല എന്ന പ്രായോഗികത മനസ്സ് അംഗീകരിച്ചതിനാലാവാം മലയാളം കീസ്‌റ്റ്രോക്‌സ് വളരെ വേഗം ഹൃദിസ്ഥമായി ! സമയം കിട്ടുമ്പോഴെല്ലാം കുത്തിക്കുറിച്ചു, പിന്നെ സൗകര്യം പോലെ എഡിറ്റിംഗ്. സന്തോഷം പറയാവതല്ല മമ!

മലയാളം എഴുതുമ്പോള്‍ ആംഗലേയം കടന്നു വരുന്ന കീറാമുട്ടി പ്രശ്‌നത്തിനും ടൈപ്പിറ്റ് കുറേയെങ്കിലും പരിഹാരം തന്നു, അതിന്റെ ടൂള്‍സിലുള്ള ഇംഗ്ലീഷ്-മലയാളം ഡിക്ഷണറിയിലൂടെ. അങ്ങനെ ഇപ്പോള്‍ 'ഡോണ്‍ ശാന്തമായൊഴുകുകയാണ്' ടൈപ്പിറ്റിലൂടെ. നന്ദി, ആ സൗജന്യ സോഫ്റ്റ് വെയര്‍ കൈരളിക്കു സമ്മാനിച്ച ലിയോ സോഫ്‌റ്റ്വെയറിന്, അത് എനിക്ക് അയച്ചു തന്ന പ്രിയ സുഹൃത്തിന്.
  
ഒന്നു പരീക്ഷിക്കണമെന്നു തോന്നുന്നുവോ ? ഇതിലേ പോകുക . (http://www.softpedia.com/get/Office-tools/Text-editors/Typeit.shtml). പിന്നെ അതു പറയുന്നതെല്ലം അനുസരിക്കുക. വളരെ വേഗം നിങ്ങളുടെ എഴുത്തിനു സന്തതസഹചാരിയായി മിണ്ടാതെ ഡെസക് ടോപ്പില്‍ വന്ന് ഇരുന്നോളും ടൈപ്പ്് റൈറ്റര്‍ പടമുള്ള ആ പാവം പരോപകാരി ! എഴുതി പ്രിന്റൗട്ട് എടുക്കാം,  അതിലെ Convert ടൂള്‍ ഉപയോഗിച്ച് യൂണിക്കോടിലേക്കു മാറ്റിയാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ എഴുതാം, ബസ്സിലും ബ്ലോഗിലും പോസ്റ്റിടാം. പണിയായുധങ്ങള്‍ ഇനിയുമുണ്ട ് അതില്‍ ! മംഗ്ലീഷ്-മലയാളം സോഫ്‌റ്റ്വെയറുകളെപ്പറ്റി ഇനി ഒരിക്കല്‍.

ബ്ലോഗര്‍ ജെ.കെയുടെ ഗൂഗിള്‍ ബസ്സില്‍ ഒരു ദിനം വൃത്തത്തില്‍ നാലുവരി കവിത . വൃത്തനിയമങ്ങള്‍ എന്നേ മറന്ന  എന്റെ അത്ഭുതത്തിന് ഉത്തരമായി കിട്ടിയത്  സുഷെന്‍ .വി.കുമാര്‍, സഞ്ജീവ് കൊഴിശ്ശേരി  എന്നിവര്‍ വികസിപ്പിച്ചെടുത്ത  'വൃത്തസഹായി' സൗജന്യ സോഫ്‌റ്റ്വെയര്‍ ലിങ്ക്- http://vruthasahayi.sourceforge.net/ . 'പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്' എന്ന എ.ആര്‍ .രാജരാജവര്‍മ്മയുടെ വൃത്തമഞ്ചരിയില്‍ തുടങ്ങിയ ആ സൈറ്റ് ആഹ്ലാദവും ആദരവും ഉണര്‍ത്തി.

ജെകെയുടെ ഓടക്കുഴല്‍നാദം എന്ന നല്ല കവിത ( http://jekeys.blogspot.com/2010/10/blog-post.html ) യിലെ നാലു വരി
ആസ്യം വിലാസം നടനസ്യലാസ്യം
വാസന്തപൂവിന്‍ മധുമന്ദഹാസം
വീശിക്കുളിര്‍ന്നൂ നയനാഭിരാമം
പാശം വെടിഞ്ഞൂ ഹൃദയപ്രണാമം

കൊടുത്തപ്പോള്‍ ഇന്ദ്രവജ്ര എന്ന് പുല്ലുപോലെ പറഞ്ഞു തന്നു വൃത്തസഹായി.!

അതു കൊണ്ടും തീര്‍ന്നില്ല. വൃത്തനിയമങ്ങള്‍ (യരത-ഭജസ-മന) ലഘുവിന് 0 ഗുരുവിന് 1 എന്നിങ്ങനെ കല്‍പ്പിച്ചാല്‍  011=3= യ മുതല്‍ 000=0=ന വരെ ബൈനറി നമ്പറാക്കി മാറ്റാം എന്ന് ജെ.കെ സ്വന്തം പോസ്റ്റ് കമന്റില്‍ വിശദീകരിച്ചിട്ടുണ്ട്. വൃത്തത്തിലേക്ക് ബൈനറി ആവാഹിച്ചത് നന്നെ ബോധിച്ചു .

കംപ്യൂട്ടറില്‍ എഴുതി തുടങ്ങവേ  'പ്രിയപ്പെട്ട പേനയും കടലാസും ഉപക്ഷേിക്കണമല്ലോ 'എന്ന എം. മുകുന്ദന്റെ സങ്കടം വായിച്ചിരുന്നു. അതിന്റെ പിന്നിലെ വൈകാരികത മനസ്സിലാകുമ്പോള്‍ കൂടി, ഒരു സംശയം, അനായാസം  വായിക്കാനാവുന്ന പ്രിന്റൗട്ട് എടുക്കാം എന്നുള്ളപ്പോള്‍ എന്തിനാണാവോ എഴുതി കഷ്ടപ്പെടുന്നത്? ഗ്യാസ് അടുപ്പില്‍ പുകയും കരിയും ഇല്ലാതെ വളരെ വേഗം പാലു കാച്ചാനാവുമ്പോള്‍ പുകയൂതി കണ്ണു ചുവപ്പിച്ച് നേരം കളയാന്‍ കഴിയാത്തതിനെപ്പറ്റി സങ്കടമോ ? എന്റെ മനസ്സില്‍ നിന്ന് നേരിട്ട് പകര്‍ത്തിയെഴുതുന്ന സോഫ്‌റ്റ്വേര്‍ ഉണ്ടാവണേ എന്ന് എനിക്കാഗ്രഹം!

മഹാകാവ്യങ്ങള്‍ ഉണ്ടാകുന്നില്ലായിരിക്കാം, ചരിത്രനോവലുകള്‍ എഴുതപ്പെടുന്നില്ലായിരിക്കാം ,മണിപ്രവാളമോ ചമ്പുക്കളോ ഇല്ലായിരിക്കാം, പക്ഷേ കേരളത്തിന്റെ നാലതിരുകള്‍ ഭേദിച്ച് ഭാഷ വളരുകയാണ് ,വളരുക തന്നെയാണ്, മലയാളത്തിനു ക്ലാസിക് പദവി കിട്ടിയാലും ഇല്ലെങ്കിലും.

Thursday, November 18, 2010

ഫ്‌ളാഷ് ബാക്ക്‌

ഏപ്രില്‍ 24 നു തുടങ്ങിയ ബ്ലോഗുലകയാത്ര പൂര്‍ണ്ണമാകുകയാണ്, നവംബര്‍ 12 ലക്കത്തോടെ അവസാനിക്കുകയാണ്. 'പ്യാരി മിട്ടായി പോലെ' യില്‍ തുടങ്ങിയ പരമ്പര 'പുതിയൊരു കുട്ട്യേടത്തിയില്‍ ' അവസാനിച്ചു. ഈ അവസരത്തില്‍ ഒരു ചിന്ന ഫഌഷ് ബാക്ക് അനുചിതമാവില്ലെന്നു കരുതട്ടെ.

ആ കോളം ചെയ്യാന്‍ ഇടയായതിനെപ്പറ്റി ബ്ലോഗിംഗ്-ബ്ലോഗിംഗ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 5 ലക്കം ആകുമ്പോള്‍ വാരികക്കാര്‍ സുല്ലിടും എന്ന് സങ്കല്‍പ്പിച്ചിരുന്നു. ഇട്ടില്ല, എന്നാല്‍ 10 ആവും ഡെഡ്‌ലൈന്‍ എന്ന് നിനച്ച് കഴിയുന്നത്ര കൂടുതല്‍ പേരേ പരിചയപ്പെടുത്താനായി 2-3 ബ്ലോഗുകളെപ്പറ്റി ഒറ്റ ലക്കത്തില്‍ എഴുതി. അത് വളരെ വളരെ ടീഡിയസ് ആയിരുന്നു, എഡിറ്റിംഗ് വല്ലാതെ സമയമെടുത്തു. 10 ലക്കം കഴിഞ്ഞിട്ടും നിര്‍ത്താനുള്ള അറിയിപ്പു വന്നില്ല! അപ്പോള്‍ സാമാന്യം ആത്മവിശ്വാസം വന്നു. അങ്ങനെ 30 എപ്പിസോഡുകള്‍. കഴിയുന്നത്ര വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചു. വിജയിച്ചുവോ ? അറിയില്ല, വായനക്കാര്‍ തീരുമാനിക്കട്ടെ.

ബ്ലോഗുകളുടെ തെരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും വച്ചിരുന്നില്ല. വായിച്ചപ്പോള്‍/ വായിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞവ ,അത്ര മാത്രം. തീരുമാനങ്ങള്‍ തികച്ചും എന്റേതു മാത്രം ആയിരുന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകള്‍ ഇനിയും വളരെ ഉണ്ട്. ഓരോരുത്തരോടും അനുവാദം ചോദിച്ചു മാത്രമേ എഴുതിയിട്ടുള്ളു. പല ബ്ലോഗുകളിലും ഈമെയില്‍ ഐഡി ഇല്ലാതിരുന്നത് എന്റെ ജോലി ശ്രമകരമാക്കി. വാസ്തവത്തില്‍ ഏറ്റവും പ്രയാസകരവും ഈ അനുവാദം ചോദിക്കല്‍ തന്നെ ആയിരുന്നു. മിയ്ക്കവരും സന്തോഷത്തോടെ സമ്മതം നല്‍കി. വളരെ ചുരുക്കം ചിലര്‍ മറുപടി തരാതെ മൗനം ഭജിച്ച് ഇഷ്ടമല്ലായിരിക്കാം എന്ന് ഊഹിക്കാന്‍ വിട്ടു. നോ പറയേണ്ടിടത്തു മൗനം ഭജിക്കുന്ന സായിപ്പിന്റെ രീതിയേക്കാള്‍ അഭികാമ്യം വേണ്ട എന്നു തുറന്നു പറയുന്നത് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിലും നോ കേള്‍ക്കാനുള്ള പ്രാപ്തി എനിക്കുണ്ടല്ലോ. നോ കേള്‍ക്കേണ്ടി വരാം എന്നറിഞ്ഞു തന്നെയാണല്ലോ ചോദിച്ചതും.

ആണ്‍-പെണ്‍ ബ്ലോഗര്‍ എന്ന തിരിവിനോടു ഒട്ടും ആഭിമുഖ്യമുണ്ടായിരുന്നില്ല. പംക്തി തുടങ്ങുമ്പോള്‍ അതു നൂറു ശതമാനം വനിതാ സംവരണം (നിരക്ഷരന്‍ ഫെമിനയുടെ ബസ്സില്‍ പറഞ്ഞത്)  ആക്കണം എന്ന വിചാരമൊന്നുമില്ലായിരുന്നു. മുന്‍പ് സൂചിപ്പിച്ചതു പോലെ കിട്ടിയ അവസരം ആദ്യം വനിതകള്‍ക്ക് എന്നു ചെയ്തു തുടങ്ങി. കൗമുദി വാരിക വനിതാ മാസികയുമാണല്ലോ. മറ്റു ബ്ലോഗുകളും കൂടി എഴുതിയാലോ എന്ന ചിന്ത പാതി വഴിയില്‍ ഉപേക്ഷിച്ചു, അല്ല, ഉപേക്ഷിക്കേണ്ടി വന്നു.

ഒരു യാത്രയാവുമ്പോള്‍ ഇത്തിരി ദുര്‍ഘടം പ്രതീക്ഷിക്കണമല്ലോ. 'ഹേ ദേവി കല്ലുണ്ട് മുള്ളുണ്ട് കാട്ടില്‍ പാദവ്യഥയ്ക്കങ്ങു ശ്രീരാമ രാമ' എന്ന് ശ്രീരാമന്‍ സീതയെ ഓര്‍മ്മിപ്പിച്ചതു പോലെ! മണിമുത്തുകള്‍ എന്ന പോസ്റ്റിലെ കമന്റ്  ആരോപണങ്ങള്‍ ഒഴിച്ചാല്‍ ബൂലോകത്ത് ബ്ലോഗുലകയാത്ര സുഗമം ആയിരുന്നു. ഭൂലോകത്തു നിന്നും പ്രോത്സാഹജനകമായ ഫീഡ് ബാക്കുകളാണ് കിട്ടിയത്. കൂടുതല്‍ മലയാളം ബ്ലോഗുകള്‍ അറിയണമെന്നാവശ്യപ്പെട്ടവര്‍ക്ക് KBR, Chintha, Jalakam ലിങ്കുകള്‍ സന്തോഷത്തോടെ അയച്ചു കൊടുത്തു. പിന്നെ അപ്പുവിന്റെ ആദ്യാക്ഷരി ലിങ്കും.

ഇതിപ്പോള്‍ എഴുതിയില്ലെങ്കിലും ഒന്നു സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും എഴുതണമെന്നു തോന്നി, എഴുതുന്നു, അത്ര മാത്രം.  

ആരോഗ്യകരമായി എഴുത്തിനെ വിമര്‍ശിച്ചവര്‍ക്ക്, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്ക്, നല്ല വാക്കുകള്‍ പറഞ്ഞ് പ്രോത്സാഹിപ്പിച്ചവര്‍ക്ക് , ആരോപണങ്ങളുതിര്‍ത്ത് , സൂക്ഷിക്കണം എന്ന് മുന്‍കരുതല്‍ ഉണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക്, എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി, നമസ്‌കാരം!

Saturday, November 13, 2010

പുതിയൊരു കുട്ട്യേടത്തി

എം.ടിയുടെ ഉജ്ജ്വല കഥാപാത്രത്തെ അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ വിലാസിനിയാണ് മലയാളിക്ക് കുട്ട്യേടത്തി. പക്ഷേ ഇത് 'മനസ്സില്‍ തോന്നുന്നതും നാവിന്‍ തുമ്പില്‍ വരുന്നതുമൊക്കെ, അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ചെഴുതുന്ന' ആധുനിക കുട്ട്യേടത്തി! ഒന്നു വായിച്ചാല്‍ ബാക്കി കൂടെ വായിക്കണം എന്നു തോന്നിപ്പിക്കുന്ന സ്വാഭാവികവും രസകരവുമായ ആഖ്യാന ശൈലി.

ഗര്‍ഭിണിയായപ്പോള്‍ കോണ്‍ട്രാസെപ്റ്റീവ് ടാബ്‌ലറ്റ് കമ്പനിക്കെതിരെ കേസിനു തയ്യാറെടുക്കുന്ന, മക്കള്‍ ശല്യമായി കാണുന്നവരെ പറ്റിയുള്ള 'കലികാലം' ചിന്തോദ്ദീപകമാണ്. കൂട്ടുകാരിയെ തിരുത്താനുള്ള വിഫലശ്രമത്തിനൊടുവില്‍ ആത്മഗതം ഇങ്ങനെ- 'മക്കള്‍ ആദ്യം ജനിക്കേ ണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട്  ഉദരത്തില്‍ കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്?അമ്മയുടെ ഹൃദയത്തില്‍ നിന്ന് ഉദരത്തിലേക്കു മാറിയെ ങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാ കേണ്ടത്? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്.. അവന്റെ ഭാവി എന്താകും?' എനിക്കേറ്റം ഇഷ്ടപ്പെട്ട പോസ്റ്റ് ഇതു തന്നെ.

We are the byproducts of a biological necessity എന്ന് പറഞ്ഞ കൂട്ടുകാരി ഇപ്പോള്‍ എവിടെയാണാവോ? കേട്ടത് ആവര്‍ത്തിച്ചതോ, സ്വന്തം കണ്ടു പിടുത്തമോ, അറിയില്ല. 'വാ കീറിയ ദൈവം ഇരയും തരും ' എന്ന വരരുചി വചനവും 'ഒരു പുല്‍ക്കൊടി പോലും വെറുതെ ജനിക്കുന്നില്ല' എന്ന ബൈബിള്‍ വാക്യവും പ്രമാണമാണോ? അല്ല, കുട്ട്യേടത്തി പറഞ്ഞതു പോലെ ആദ്യം കുഞ്ഞ് അച്ഛനമ്മമാരുടെ ഹൃദയത്തില്‍ തന്നെ ജനിക്കണം, പിന്നീട് അമ്മയുടെ ഗര്‍ഭപാത്രത്തിലും.

പ്രസവപുരാണം, മില്യണ്‍ ഡോളര്‍ ബേബി, പെട്ടി പോയതിനു പകരം 200 ഡോളര്‍ കിട്ടുമെന്നു മനപ്പായസം കുടിച്ച മലേഷ്യാ യാത്ര, ട്വീറ്ററും ട്വയ്‌ലോഗും പിന്നെ ഞാനും, ഒരു മന്ത്രകോടിയും കുറെ ചിന്തകളും, ചമ്മല്‍ കെ സംബന്ധം തുടങ്ങി മിയ്ക്ക പോസ്റ്റുകളും നന്നായി രസിച്ചു. നിര്‍ത്താതെ, എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെ ജയരാജ് വാര്യര്‍ മോഡല്‍ വര്‍ണ്ണന. 

രാത്രി ഉറങ്ങുമ്പോള്‍ എങ്ങോട്ടാണു തലവച്ച് കിടക്കേണ്ടത് ? 'വേണെങ്കില്‍ തെക്കോട്ട്, വേണ്ടാ വടക്കോട്ട്, അരുതേ പടിഞ്ഞാട്ട്, ആവാം കിഴക്കോട്ട് '  ഇത് വടക്കുനോക്കി യന്ത്രം എന്ന ലേഖനത്തില്‍ നിന്ന്. സ്ഥലം മാറി പോകുമ്പോള്‍ തല വയ്ക്കാന്‍ ദിശ കണ്ടു പിടിക്കാന്‍ മാഗ്നെറ്റിക് കോമ്പസ്സൊന്നു വാങ്ങി ഒരു മിടുക്കന്‍ ടെക്കി! പുറത്തു പറഞ്ഞാല്‍, സന്തോഷിച്ചാല്‍, കണ്ണുകിട്ടി അബോര്‍ഷന്‍ സംഭവിക്കും എന്ന് വിശ്വസിച്ച് താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം കൂട്ടുകാരില്‍ നിന്നു പോലും മറച്ചു വച്ചു മറ്റൊരു മിടുക്കി!പഠിപ്പു വേറേ, വിശ്വാസം വേറേ!

'അറിയാത്തതിനെ വിശ്വാസമില്ല എന്നു പറഞ്ഞു പുച്ഛിക്കാനെളുപ്പമാണല്ലോ. ഓഫീസില്‍ ഒരു സീറ്റില്‍ നിന്നു വേറൊന്നിലേക്കു മാറിയിരിക്കാന്‍ പോലും രാഹുകാലം നോക്കുന്നവര്‍, ചൊവ്വാദോഷം കാരണം മുപ്പത്താറു വയസ്സു കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത പെണ്‍കുട്ടികള്‍.റേഡിയേഷന്‍ കഴിഞ്ഞു വന്ന കൂട്ടുകാരിയെ കാണാന്‍  പോകാനിറങ്ങിയ ഞങ്ങളെ, ശനിയാഴ്ച രോഗികളെ കാണാന്‍ പറ്റിയ ദിവസമല്ലാത്തതിനാല്‍, പോകരുതെന്നു വിലക്കിയപ്പോള്‍ 'ഇതെന്തൊരു കൂത്ത്' എന്നു വാപൊളിച്ചു ഞാന്‍.'

ഞാനും ഇങ്ങനെ വാ പൊളിച്ചിട്ടുണ്ട് പലപ്പോഴും. പോകുന്നവര്‍ക്കാണു കുഴപ്പം എന്നറിഞ്ഞ് അതങ്ങു സഹിച്ചു എന്ന് ദിവസം നോക്കാതെ പോയിട്ടുമുണ്ട്! രോഗീസന്ദര്‍ശനം, മരണവീട്ടില്‍ പോകല്‍ എന്നു വേണ്ട സകലതിനും തിരുവനന്തപുരത്തു നിയമങ്ങളുണ്ട് .അതായത് ഒരിക്കലും നമ്മുടെ സൗകര്യപ്രകാരം ഒന്നും ചെയ്യാന്‍ വയ്യാത്ത ദുരവസ്ഥ! ധാരാളം ലൈബ്രറികളുള്ള, കുന്നുകളും താഴ്‌വരകളുമായി സ്വയം വെടിപ്പാകുന്ന ഈ കൊച്ചു നഗരം എനിക്കിഷ്ടമാണ് ,എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഇത്തരം വിശ്വാസങ്ങള്‍ ,ചടങ്ങുകള്‍ എല്ലാം ലേശം കൂടുതല്‍ എന്നു പറയാതെ വയ്യ!

മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതിനെപ്പറ്റി ഒട്ടും പ്രായോഗികമല്ലാതെ പൊലിപ്പിച്ചെഴുതിയ കോളത്തെപ്പറ്റിയാണ് ചാരുകസേര ജേര്‍ണലിസം. 'പണ്ടു കൂട്ടു കുടുംബങ്ങളായിരുന്നു, വീടു നെറയെ നെല്ലിക്ക കൊട്ട മറിച്ചതു മാതിരി ആളുണ്ടായിരുന്നു. പ്രായമായവരെ പരിചരിക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ സമയവും ആളുകളും ഉണ്ടായിരുന്നു. സ്ത്രീ ജനങ്ങള്‍ പലരും ജോലിക്കു പോകാതെ വീട്ടിലിരിക്കുകയായിരുന്നു. ഇന്നതാണോ സ്ഥിതി?' .

'ആവലാതികളും വേവലാതികളും' വാരികയിലെ മനശാസ്ത്രജ്ഞയ്ക്കുള്ള കത്താണ്. ദേഷ്യം പോലുള്ള മാനുഷിക വികാരങ്ങളൊന്നുമില്ലാത്ത ദേവപരിവേഷമുള്ളവരായി അമ്മമാരെ ചിത്രീകരിക്കുന്നത് സമൂഹത്തിന്റെ മനഃശാസ്ത്രപരമായ ഒരു ആവശ്യമാണ് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടിണ്ട്. രസകരമായ ഈ കത്തിലെ പ്രമേയവും അതു തന്നെ.

'മകള്‍ക്ക്, മകനും' എന്ന ബ്ലോഗ് ' വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ ' എന്ന വൈലോപ്പിള്ളി   കവിത ഓര്‍മ്മിപ്പിച്ചു.  ഒട്ടും ബോറടിയില്ലാതെ വായിച്ചുപോകാനാകും.

കളിയിലൂടെ കാര്യം പറഞ്ഞിരിക്കുന്ന കുട്ട്യേടത്തിയുടെ പോസ്റ്റുകള്‍ ഇനിയും ഉണ്ട് ഏറെ. ഇതിലേ പോയാല്‍ വായിച്ചു രസിക്കാം, രസിച്ചു വായിക്കാം...http://kuttyedathi.blogspot.com/

Tvpm
04.11.2010

Monday, November 8, 2010

ചാമ്പല്‍ മൂടിയ കനല്‍

                  
ശാകുന്തളത്തില്‍ മുല്ലവള്ളി എന്നതു പോലെയാണ് കുട്ടിക്കാല ഓര്‍മ്മകളില്‍ ഞങ്ങള്‍ക്കു തറവാട്ടുകുളം. ഒരു പക്ഷേ മനുഷ്യരേക്കാള്‍ മിഴിവാര്‍ന്ന ഓര്‍മ്മച്ചിത്രം. ഒരു നാള്‍ കുളക്കരയിലൂടെ നടക്കവേ കണ്ടു, കോമ്പസ്സു വച്ചു വരച്ച  വൃത്തം പോലെ ചാരം. വിവേകമതിയായ ചേച്ചിക്ക് തടയാനാകും മുമ്പ് വിവരദോഷിയായ ഞാന്‍ ചെരുപ്പിടാത്ത കാലുമായി ഒരു നടത്തം. പുറമേയ്ക്കു തണുത്തതെന്നു തോന്നിപ്പിച്ച ചാമ്പലിനടിയില്‍, തീക്കനല്‍ക്കട്ടകള്‍ എരിഞ്ഞിരുന്നു എന്നത് കുട്ടിയായ എനിക്ക് അറിയില്ലായിരുന്നു. എത്രയോ നാളെടുത്തു ആ കനലാട്ടത്തിന്റെ  അസ്‌കിത മാറി പാദം ശരിയാവാന്‍.

ഈ പഴങ്കഥയിലേക്ക് ഇപ്പോള്‍ കൊണ്ടുപോയത്് അഞ്ജു നായരുടെ ചാമ്പല്‍ (http://chambalkoona.blogspot.com/ )  കനല്‍ എന്നീ ബ്ലോഗുകളാണ്. സമര്‍പ്പണം,  കാല്‍പ്പനികം, അവ്യക്തം, അനുഭവം, സുതാര്യം, മരണം ,ഗുളികകള്‍  തുടങ്ങിയ ഉണ്ണി പോസ്റ്റുകള്‍ എല്ലാം മനസ്സിന്റെ ആഴങ്ങളില്‍ നിന്നു പൊന്തി വന്നവയാണ്. കാല്‍പ്പനികത കലര്‍ന്ന നല്ല ഭാഷയെങ്കിലും ആ വാക്കുകള്‍ നൊമ്പരം ഉണ്ടാക്കുന്നു. വോഡ്ക, ഹൈമവതി,സില്‍സില ഇതെല്ലാം നര്‍മ്മം കലര്‍ന്ന കുഞ്ഞെഴുത്തുകളാണ്. പ്രവീണിന്റെ ചമ്മന്തി എന്ന ചമ്മന്തിദുരന്തവും (മദ്യദുരന്തം പോലെ തന്നെ!) നന്നെ രസിച്ചു.

കരുണം-'കൃഷ്ണതുളസി പൂക്കളാണ് എന്നെ കൃഷ്ണനോട് അടുപ്പിച്ചത്.  ഓര്‍മകളാണ് എന്നെ കരയാന്‍ പഠിപ്പിച്ചത്...നിഴലുകളാണ് എന്നെ പേടിക്കാന്‍ പഠിപ്പിച്ചത്...നക്ഷത്രങ്ങളാണ് എന്നെ കഥ എഴുതാന്‍ പഠിപ്പിച്ചത്. ഇതിനൊ ക്കെ  അപ്പുറം കണ്ണീരാണ് എന്നെ കാരുണ്യം എന്താണെന്നു പഠിപ്പിച്ചത്..'
              
വിദ്യാലക്ഷ്മിയുടെ ആവലാതികള്‍ എന്ന കഥയില്‍ നിന്ന്-'സ്വന്തം കാര്യം നോക്കാന്‍ മകനെ ശീലിപ്പിക്കാത്ത അമ്മായിഅമ്മയോട് അവള്‍ക്കു അരിശം തോന്നി. വിദ്യാലക്ഷ്മിയുടെ അരിശം എരിവിന്റെ രൂപത്തില്‍ ചട്‌നിയില്‍ കൂടി. ' 
' തന്റേതല്ലാത്ത കാരണത്താല്‍' എന്ന കഥ് വേദനിപ്പിച്ചു, ചിന്തിപ്പിച്ചു, ഒപ്പം തന്നെ തളരാത്ത പെണ്ണിനെ പറ്റി അഭിമാനിക്കയും ചെയ്തു.

' നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?' ഇത് ഒരു ചോദ്യം തന്നെയാണ്. പലപ്പോഴും പിരിയുന്നവര്‍ക്കു മാത്രം അറിയാവുന്ന ഉത്തരങ്ങള്‍!

'ഓര്‍മ്മയിലെ മുല്ലപ്പൂക്കള്‍ 'കലാലയ കാലത്ത് നടത്തിയ കൈയ്യെഴുത്തു മാസിക പ്രകാശനവും അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശ്രീ.ജോര്‍ജ് ഓണക്കൂറിന്റെ പ്രസംഗവുമാണ്. രണ്ടും നന്ന്.

കഥകള്‍ വളരെയുണ്ട് ചാമ്പലില്‍. നല്ല ഭാഷയുണ്ട്, ആശയങ്ങളുണ്ട്. എന്നാല്‍ ചില കഥകളിലെങ്കിലും ഞാന്‍ മനസ്സിലാക്കിയത് കഥാകാരി ഉദ്ദേശിച്ചതു തന്നെയാണോ എന്ന് എനിക്കു സംശയമുണ്ട്.!ഉദാ- നസ്ത്രീ സ്വാതന്ത്യമര്‍ഹതി, ഓരോ കഥയ്ക്കു പിന്നിലും....ഫാന്റസിയും ജീവിതവും കൂടിക്കുഴയുമ്പോള്‍....

കൃഷ്ണന്‍ ജീവിതത്തിലും കഥകളിലും സജീവ സാന്നിദ്ധ്യമാണ്. കൃഷ്ണ നീ, രാധികയ്ക്കു തിരക്കാണ് ഇവയിലെല്ലാം കൃഷ്ണനുണ്ട്. രാധികയില്‍  ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകള്‍ കേള്‍ക്കുക-'എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി. നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക'. കഥാകാരിയുടെ ആത്മഗതം ഇങ്ങനെ- 'രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.'

ഗ്രീഷ്മം തണുക്കുമ്പോള്‍ എന്ന കഥയില്‍ ശൂര്‍പ്പണഖയും സീതയും പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. കഥാകാരി പറയുന്നതിങ്ങനെ-'കൊന്നവന്റെ ഭാര്യയും മരിച്ചവന്റെ സഹോദരിയും ഒന്നായി.'

അച്ഛന്‍ , ദശാസന്ധി, പാവക്കുട്ടി, കാലിഡോസ്‌ക്കോപ്പ് തുടങ്ങി ഇനിയും ഉണ്ട് കഥകള്‍ ഏറെ. കാലിഡോസ്്‌കോപ്പില്‍ ഹിറ്റലറിന്റെ പ്രണയ നായിക ഈവാബ്രൗണ്‍  അവതരിക്കുന്നുണ്ട്.!ആശയത്തിലും അവതരണത്തിലും പുതുമയുണ്ട് മിയ്ക്ക കഥകള്‍ക്കും. മനശാസ്ത്രവും അതിനോടനുബന്ധിച്ച പ്രത്യേക പദാവലിയും എഴുത്തുകളില്‍ നിറയുന്നുണ്ട്. ചാമ്പല്‍ മൂടിയ കനല്‍ പോലെ മനസ്സുകള്‍!  

കനലില്‍ അഭിമുഖങ്ങള്‍ ,സിനിമാ അവലോകനം, കോവിലന്‍ അനുസ്മരണം എന്നിങ്ങനെ അനവധി പോസ്റ്റുകള്‍ ഉണ്ട്. പ്രിയ കവി മധുസൂദനന്‍ നായരുമായുള്ള അഭിമുഖം വളരെ നന്ന്.

നല്ല ഭാഷാസ്വാധീനവും ഭാവനയും ഉള്ള അഞ്ജുവിന് ആരും പറയാത്ത കഥകള്‍ പറയാന്‍ കഴിയട്ടെ!ഇനിയും വളരെയധികം  ആ രചനകള്‍ വായിക്കപ്പെടാനിടയാകട്ടെ! ഒപ്പം e-ജേര്‍ണലിസത്തിലും ജീവിതത്തിലും മുന്നേറാനുമാവട്ടെ.! 

Tvpm
27.10.2010
            

Tuesday, November 2, 2010

ആഗ്നേയം

                                             (Published 30.10.2010)         
ജോര്‍ജ് ഇലിയറ്റ് എന്ന പുരുഷ തൂലികാനാമം സ്വീകരിച്ചിരുന്ന ആംഗലേയ എഴുത്തുകാരി മരിയന്‍ ഇവാന്‍സിനെ കുറിച്ചുള്ള പ്രൗഢലേഖനമാണ് ആഗ്നേയയുടെ സൈകതം എന്ന ബ്ലോഗില്‍ ( http://gayaathiyilninnum.blogspot.com/  ) എന്നെ എത്തിച്ചത്.

ആ ലേഖനത്തില്‍ നിന്ന്- 'ഇംഗ്ലണ്ടില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കര്‍ക്കശമായിരുന്ന സാമൂഹികവും, മതപരവുമായ വിലക്കുകളോടു  പൊരുതി വ്യക്തിജീവിതത്തിലും, പ്രണയജീവിതത്തിലും വിസ്മയാവഹമായ വിജയം കൈവരിച്ച അത്ഭുതപ്രതിഭയായിരുന്നു മരിയന്‍'. ഇങ്ങനെ തുടങ്ങി,  ഈ അഭിപ്രായം സാധൂകരിക്കും വിധം മരിയന്റെ ജീവിതവഴികളിലെ  ആശനിരാശകള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു ഇവിടെ.

എന്നും, എക്കാലവും വനിതകളുടെ രചനകള്‍ പ്രസിദ്ധീകൃതമാവുക, അവര്‍ക്ക് അംഗീകാരം ലഭിക്കുക ഇതെല്ലാം ഏറെ ദുഷ്‌കരം തന്നെയായിരുന്നു. ഒരു പുരുഷസാഹിത്യകാരനു കിട്ടുന്ന അംഗീകാരം ഒരു സാഹിത്യകാരി നേടിയിട്ടുണ്ടെങ്കില്‍ അവള്‍ അയാളെക്കാള്‍ നാലിരട്ടിയെങ്കിലും കൂടുതല്‍ അദ്ധ്വാനിച്ചിട്ടുണ്ടാകും, ഒട്ടു വളരെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടാകും. സംവരണമില്ലാത്തൊരു വനിതാ മുന്നേറ്റം എഴുത്തു ലോകത്തുണ്ടാകുമെന്നു സ്വപ്‌നം കാണുന്നു ഞാന്‍!

ഡാന്‍ബ്രൊണിന്റൈ 'ലോസ്റ്റ് സിംബല്‍' എന്ന നോവല്‍ ഉണര്‍ത്തിയ ചിന്തകള്‍ പറയുന്നു 'നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്' - 'ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാല്‍ അതിനെക്കുറിച്ചോര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും, പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോര്‍ജ്ജ്ബുഷിന്റെ കാര്യാലയത്തില്‍ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.'  ശരിയാണ്, മനസ്സ് ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തിരിയുന്നത് പ്രകാശവേഗത്തിലാണ്! ഈ പോസ്റ്റിന്റെ അവസാനം ' മനസ്സിനെ ടെന്‍ഷന്‍ ഫ്രീ ആക്കിവക്കാന്‍ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ' കൊടുക്കുന്നുണ്ടെങ്കിലും, ഗൂഗിള്‍ ബസ്സില്‍ വലിയ ചങ്ങാതിക്കൂട്ടത്തോടെ ചര്‍ച്ചകള്‍ ചെയ്യുന്നതിനാലാവണം, ബ്ലോഗില്‍ പോസ്റ്റുകള്‍ നന്നെ കുറവ്. എങ്കിലും ഉള്ളവ നല്ല വായനാനുഭവം തന്നെ.

ഒരു പുതിയ സ്ഥലത്ത് എത്തിയാല്‍ കാഴ്ച്ചകള്‍പ്പുറം അവിടുത്തെ ജീവിതം്, സംസ്‌കൃതി, ഇതെല്ലാം അറിയണം. എസ്.കെ.പൊറ്റക്കാടിന്റേയും മറ്റും യാത്രാവിവരണങ്ങള്‍ ഹൃദ്യമായതും അതുകൊണ്ടാണ്. ആഗ്നേയയുടെ ബ്ലോഗ്, ഗൃഹാതുരത നിറയുന്ന മിയ്ക്ക പ്രവാസ ബ്ലോഗുകളില്‍ നിന്നു വിഭിന്നമാക്കുന്നതും ഇതു തന്നെ. ഗള്‍ഫ് ജീവിതത്തെപ്പറ്റി ധാരാളം പുതിയ അറിവുകള്‍ നല്‍കി ഈ ബ്ലോഗ്.

വിവാഹേതര പ്രണയം അംഗീകരിക്കാനാവില്ല നമുക്ക്. അതില്‍ ഒരു വഞ്ചനയുടെ എലിമെന്റ് ഉണ്ട്. പക്ഷേ 'ഇതും പ്രണയമാണ്' എന്ന ലേഖനം ഇതിന്റെ മറുവശം കാട്ടിത്തരുന്നു. ഉറ്റവര്‍ക്കു നല്ല ജീവിതം നല്‍കാനായി വര്‍ഷങ്ങളോളം മരുഭൂവില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും മനുഷ്യസഹജമായ വികാരങ്ങളുണ്ടാകാം. അനീസ്സയുടെയും ഫസലുദ്ദീന്റേയും വിരഹവേദന വായിക്കുമ്പോള്‍ അവരോടു തെല്ലും ദേഷ്യം തോന്നിയില്ല, സഹതാപം, സങ്കടം അതു മാത്രം.

സ്വന്തം മകന്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയത് റെഫീനയുടെ കഥ പറയുന്ന 'ഈഡിപ്പസ്' വല്ലാത്തൊരു നൊമ്പരമുണര്‍ത്തി. നമുക്കു ചെയ്യാന്‍ പറ്റുന്ന നിസ്സാര സഹായം ചിലപ്പോള്‍ ഒരു ജീവന്‍ തന്നെ രക്ഷിച്ചേക്കാം. അങ്ങനൊരു സഹായം റെഫീനയ്ക്കു ചെയത്ു കൊടുക്കാന്‍ പറ്റാത്തതിന്റെ ദുഃഖം പേറുന്നു ലേഖിക ഇവിടെ. ആദ്യ നാലു പാരഗ്രാഫ് മറ്റൊരു പോസ്റ്റാക്കാമായിരുന്നു.

ചിന്താശക്തി പണയപ്പെടുത്താതെ തുറന്ന മനസ്സോടെ തനിക്ക ചുറ്റും നോക്കി കാണുന്നു, എന്തുകൊണ്ട് എന്തുകൊണ്ട് എന്ന് സത്യസന്ധതയോടെ അപഗ്രഥിക്കുന്നു ആഗ്നേയ. അതിന് ഉദാഹരണമാണ് 'നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം ' എന്ന മികവുറ്റ ലേഖനം. 'വിദേശത്തുവന്നപ്പോളും ജോലിസമ്പാ ദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാ ണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച് പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്.' ഇത് കാര്യകാരണസഹിതം പറഞ്ഞു വയ്ക്കുന്നുണ്ട്.

സാന്ദ്രഗീതം എന്ന കവിതാ ബ്ലോഗ് അത്രയൊന്നും ആസ്വദിക്കാനായില്ല എനിക്ക്. ഗദ്യകവിതകളായതുകൊണ്ടാവാം, വിവരമില്ലാത്തുകൊണ്ടുമാവാം! എന്നാല്‍ രക്തബന്ധങ്ങള്‍ക്കിടയിലും നമ്മള്‍ പലപ്പോഴും ഒറ്റയാണ് എന്നു സൂചിപ്പിക്കുന്ന 'ഒറ്റജാലകം' ഇഷ്ടപ്പെട്ടു. സ്വപ്‌നയാത്ര എന്ന ബ്ലോഗും നന്ന്.

നല്ല കഥാകാരിയാണ് ആഗ്നേയ. ദേശാതീത പ്രണയവിവാഹം വിതച്ച ദുരിതങ്ങള്‍ കണ്ടിട്ടും സ്വന്തം പ്രണയത്തില്‍ നിന്നും പിന്മാറാനാവാത്ത അനുവിനെ പരിചയപ്പെടാം 'ദുരദൂരം പോകേണ്ടവര്‍' വായിച്ചാല്‍. ഇത്തിരി എഡിറ്റിംഗും കൂടി നടത്തിയിരുന്നെങ്കില്‍! 'മരിച്ചു പോയവരെ കുറ്റം പറയരുത് 'എന്ന പോസ്റ്റിലും ഇതാണ് ചിന്താവിഷയം.

ജലരേഖ എന്ന കഥയ്ക്ക് സംസ്ഥാനതല കഥാമത്സരത്തില്‍ ഒന്നാം സമ്മാനവും കിട്ടിയിട്ടുണ്ട്. കഥകളാണെന്നു തോന്നുന്നു ആഗ്നേയയുടെ വഴി. ബസ് (buzz) ഭ്രമം കുറയുമ്പോള്‍ ബ്ലോഗിലേക്കും കഥകളിലേക്കും ആഗ്നേയ മടങ്ങി വരും എന്നു പ്രത്യാശിക്കാം നമുക്ക്. 
 
Tvpm
22.10.2010

Sunday, October 24, 2010

ചിത്രജാലകം

                                        ( 23.10.2010 ല്‍ പ്രസിദ്ധീകരിച്ചത് )

കൊച്ചു കൊച്ചു വിശേഷങ്ങള്‍  പറയുന്ന ഒരു  ഫോട്ടോബ്ലോഗാണ് സിയയുടെ http://siyashamin.blogspot.com/.  'ജീവിതത്തില്‍ പലര്‍ക്കും നിസ്സാരമെന്ന് തോന്നിക്കുന്ന ,പല സംഭവങ്ങളും എന്നെ വല്ലാതെ സ്പര്‍ശിക്കുന്നപോലെ തോന്നിയിട്ടുണ്ട് .എന്റെ ബ്ലോഗ്‌സ് ഇതിന്റെ ഒരു പ്രതിഫലനം ആണ്. കൂടാതെ യാത്രകളെയും, യാത്രാ വിവരണങ്ങളും ഇഷ്ടപ്പെടുന്നു .' ഈ സ്വയവിശകലനം കൃത്യമായും ശരിയാണ് എന്നു ബ്ലോഗു വായിച്ചപ്പോള്‍ എനിക്കും തോന്നി.

കളഞ്ഞു പോയ കരിമണി കമ്മല്‍ വളരെ ശ്രമപ്പെട്ട് ഒരു മണിക്കൂര്‍ കൊണ്ട് ആറ്റില്‍ നിന്ന് തപ്പി എടുത്തു കൊടുത്ത കൊച്ചു പെണ്‍കുട്ടിയുടെ സഹായമനസ്ഥിതിയെപ്പറ്റി പറയുന്നു 'അപ്പുവും കരിമണി കമ്മലും '. 'പലപ്പോളും  ഒരു  നിമിഷം ആണ് പലരും നമ്മുടെ  സഹായം ചോദിക്കുന്നതും അത് പോലും നമ്മള്‍ എത്ര ചിന്തിച്ചു ആണ് ഉത്തരം പറയുന്നതും? എത്ര പേരുടെ അനുവാദം വാങ്ങാനും ഉണ്ട്? മുഖം നോക്കാതെ  ഏത് കിണറ്റിലും ചാടാന്‍ നമ്മില്‍ എത്ര പേര്‍ക്ക് പറ്റും? '

താമരയിലയിലെ ചോറും ഇതു പോലെ തത്വചിന്തയില്‍ ആണ് അവസാനിക്കുന്നത്. 'പിന്നെ എല്ലാവരും ജീവിക്കുന്നതും ഇതുപോലെ ആണല്ലോ? ഒരു വിശ്വാസം മുറുക്കെ പിടിച്ചു കൊണ്ടു' അതെ ,വിശ്വാസം, അതല്ലേ എല്ലാം!

വാഹനാപകടത്തില്‍ മരണമടഞ്ഞ കൂട്ടുകാരിക്ക് സമര്‍പ്പിച്ച 'ഹേന' ആണ് എനിക്ക് ഏറ്റം ഇഷ്ടം തോന്നിയ പോസ്റ്റ്. 'നമ്മളോട് അടുപ്പം തോന്നുമ്പോള്‍ നമുക്ക് അവരോടു അടുപ്പം തോന്നില്ല ..നമുക്ക്   അവരോടു അടുപ്പം തോന്നുമ്പോള്‍ അവര് നമ്മളെ കരയിപ്പിച്ചുകൊണ്ടേ  ഇരിക്കും'. ഇതു വളരെ ശരിയായ ഒരു നിരീക്ഷണം. സ്‌നേഹം നിരസിക്കുന്നവരുടെ പുറകേ നമ്മള്‍ പായും, വാരിക്കോരി തരുന്നവരെ തിരിച്ചറിയുകയുമില്ല.

തെമ്മാടി കുഴിയും ഗ്ലൂക്കോസും ഓഷോവില്‍ തുടങ്ങി ഓഷോവില്‍ അവസാനിക്കുന്നു.ഒരു മാലപ്പടക്കവുമായി, ഉഴുന്നാടയും ചെണ്ടമേളവും, കാര്‍മ്മല്‍ ഹോസ്റ്റല്‍, സൂര്യപുത്രിക്ക് തിരിച്ചടി, ആതിരയുടെ പ്രണയം എന്നിങ്ങനെ കൊച്ചു വിശേഷങ്ങള്‍ ഒരു പിടിയുണ്ട്.

'സ്‌നേഹപൂര്‍വ്വം വിഷുക്കൈനീട്ടം ' ലണ്ടന്‍ പൂക്കളുടെ മനംകവരും ഫോട്ടോകള്‍ ആണ്. നാട്ടിലെ പൂന്തോപ്പും പുഴയും എല്ലാം സിയയുടെ ക്യാമറ ഒപ്പിയിട്ടുണ്ട്.

ബ്ലോഗ് യാത്രാവിവരണങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം അതില്‍ ഇടുന്ന കിടിലന്‍ ഫോട്ടോകള്‍ തന്നെ. എസ്.കെ.പൊറ്റാക്കാടിന്റേതടക്കം പഴയ കാല വിവരണങ്ങളിലെല്ലാം, എത്ര കുറവാണ് ഫോട്ടോകള്‍?  ഇപ്പോള്‍ യാത്രാവിവരണത്തിനു വേണ്ടി മാത്രമായി വര്‍ണ്ണ ചിത്രങ്ങളോടെയുള്ള മാസികകളും വെബ്‌സൈറ്റുകളും ഇഷ്ടം പോലെ. വര്‍ണ്ണനകള്‍ വായിച്ചു തള്ളാന്‍ ആര്‍ക്കും സമയമുണ്ടാവില്ല. പക്ഷേ പടങ്ങള്‍ വേഗം കണ്ണില്‍ പതിയും.

സിയയുടെ യാത്രാ ഫോട്ടോകള്‍ ചേതോഹരങ്ങളാണ്. അതാണ് ഈ ബ്ലോഗിന്റെ പ്രധാന ആകര്‍ഷണീയതയും. ഭക്ത സിയയുടെ ലൂര്‍ദ്, റോമാ യാത്രാ പടങ്ങള്‍ നാം അവിടെ പോയ പോലെയുള്ള അനുഭൂതി ഉണര്‍ത്തി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന്- 'നല്ലപോലെ വസ്ത്രം ധരിക്കാത്ത സ്ത്രികളെ  മാറ്റി നിര്‍ത്തുന്നു '. എന്റെ ദൈവമേ, ലോകര്‍ക്കു മുഴുവന്‍ എന്തൊരു കരുതല്‍, സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി! കരുതലോ, അതോ അവനവനിലുള്ള വിശ്വാസക്കുറവോ?

സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ബ്രസ്സല്‍സ് ചിത്രങ്ങള്‍ എത്ര വേണം!സ്‌കോട്ട്‌ലന്‍ഡ് യാത്രയില്‍ സ്‌കോച്ചു വിസ്‌കി ഡിസ്റ്റിലറി (1775 നിര്‍മ്മിതം) സന്ദര്‍ശനവും എങ്ങനെ അതുണ്ടാക്കുന്നു എന്നതും ചിത്രം സഹിതം വിവരിച്ചിട്ടുണ്ട് കേട്ടോ. ആവശ്യക്കാര്‍ക്ക് അവിടെ പോയി ഇത്തിരി ലഹരി നുണയാം!

തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ കണ്ട് ഞാന്‍ അതിശയിച്ചുപോയി ,ഇത്ര സുന്ദരമോ എന്റെ ഈ കൊച്ചു ഗ്രാമനഗരം എന്ന്.കൊട്ടാരങ്ങളും മറ്റും നശിച്ചു പോകാതെ സൂക്ഷിക്കും എന്ന് ആശിക്കുന്നുമുണ്ട് സിയ.്അതിനു പക്ഷേ പഴമയെ നെഞ്ചിലേറ്റുന്ന ഇംഗ്ലീഷുകാരല്ലല്ലോ നമ്മള്‍!

ഒരു സ്വിറ്റസര്‍ലന്‍ഡ് യാത്രാ ഫഌഷ്ബാക്ക് എത്തി നില്‍ക്കുന്നത് നാട്ടിലെ പഴയ ഒരു സംഭവത്തിലാണ്. 'ചിലര്‍ വേണമെന്നു വിചാരിച്ചു കൊണ്ടു പലതും ചെയ്യും. എന്നിട്ട് ഒന്നും ഓര്‍ത്തില്ല ,അറിയാതെ ആയിരുന്നു, എന്നും പറഞ്ഞു രക്ഷപെടുന്നവരും ഉണ്ടല്ലോ!' ശരിയാണ്, ഇംഗ്ലീഷില്‍ സോറി എന്നൊരു വാക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എത്ര കഷ്ടപ്പെടുമായിരുന്നു!

സംസാരഭാഷയിലാണ് സിയ നമ്മോടു സംവദിക്കുന്നത്. അത് ബ്ലോഗില്‍ അനുവദനീയം. പക്ഷേ ഉദ്ദേശിക്കുന്ന ആശയം വ്യക്തമായി നമുക്ക് പകര്‍ന്നു തരാന്‍ പലപ്പോഴും പ്രയാസപ്പെടുന്നുവെന്നു തോന്നി. ഭാഷാസ്വാധീനം മെച്ചപ്പെടുത്തിയാല്‍ ആശയവിനിമയം സുഗമമാകും. 'നമ്മിലെ' 'എന്നിലെ' 'ആശയെ(ആശ മതി) ' തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ വായനാസുഖം കൂടും. കോണ്‍വെന്റ് ബോര്‍ഡിംഗില്‍ ബൈബിള്‍ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട്, കുറച്ചു കൂടി നല്ല മലയാളം ആയിരുന്നെങ്കില്‍ എന്ന്.

എല്ലാവരുടെ ബ്ലോഗിലും ഗൂഗിള്‍ ബസിലും ഓടിയെത്തി ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ വളരെ നല്ല കമന്റുകള്‍ എഴുതുന്ന സിയ ബൂലോകര്‍ക്കു പ്രിയങ്കരിയാണ്, എനിക്കും . കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ പോസ്റ്റുകളുണ്ട് ഇക്കൊല്ലം. നല്ലത്, ഇനിയും കൂടുതല്‍ സ്ഥലങ്ങളിലൂടെ ബൂലോകരെ യാത്ര കൊണ്ടു പോകാന്‍ സിയയ്ക്കു കഴിയട്ടെ.
Tvpm
13.10.2010

Monday, October 18, 2010

Sunday, October 10, 2010

കഥാഗീതികള്‍

                          (09.10.2010 ല്‍ പ്രസിദ്ധീകരിച്ചത്)
കഥകഥപ്പൈങ്കിളി (http://kcgeetha.blogspot.com/) വായിക്കവേ ഞാന്‍ എന്നെത്തന്നെ കണ്ടതു പോല! ആശയം, കഥ പറയാന്‍ അവലംബിച്ച രീതി എല്ലാത്തിലും അത്രയ്ക്കുണ്ട് സമാനതകള്‍! അതോ ഇതായിരിക്കുമോ ഈ  പെണ്ണെഴുത്ത് എന്ന മുദ്ര ചാര്‍ത്തി അറിയപ്പെടുന്നവ ? എന്തായാലും ഇത് ഒരു തരം ആത്മവിമര്‍ശനം കൂടിയായി കരുതാം.

തനിക്കു ചുറ്റുമുള്ള പരിചിതലോകത്തു നിന്നു കണ്ടെടുത്തവരാണ് ഗീതയുടെ മിയ്ക്ക കഥാപാത്രങ്ങളും. ഇന്‍ഡ്യാക്കാര്‍ക്ക് കഥയെഴുതുവാന്‍ വളരെ എളുപ്പമാണ്, സ്വന്തം വീട്ടിലെ ജാലകത്തിലൂടെ കഥാകാരന്‍/കാരി ഒന്നു പുറത്തേക്കു നോക്കിയാല്‍ മതി ഒരു കഥാപാത്രത്തെ കിട്ടും, ഒപ്പം കഥയും എന്നു പറഞ്ഞു വച്ചത് ആര്‍.കെ. നാരായണ്‍ (Malgudy days). കഥാതന്തുവില്‍ ഭാവന ചേരുംപടി ചേര്‍ക്കുമ്പോള്‍ കഥ ഉരുത്തിരിയും. ഈ ചേരും പടി ചേര്‍ക്കലാണ് കഥയെ നല്ലതും ചീത്തയുമാക്കുന്നത്.

'ഗാര്‍ഡനറുടെ മകള്‍ 'എന്ന ആദ്യ കഥ കോളേജിലെ തോട്ടക്കാരനാണു പിതാവെന്നതില്‍ കൂട്ടുകാരികളുടെ മുമ്പില്‍ നാണക്കേടു തോന്നുന്ന മകളും അതു തിരിച്ചറിഞ്ഞ് സ്ഥലം മാറ്റത്തിനു ശ്രമിക്കുന്ന പിതാവുമാണ്. ഉപയോഗിച്ചു മുനയൊടിഞ്ഞ ആശയം, പക്ഷേ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ക്രൂരസത്യം. പണ്ടു കോണ്‍വെന്റില്‍ അവതരിപ്പിച്ചിരുന്ന സോദ്ദേശ സാരോപദേശ നാടകങ്ങള്‍ ഓര്‍മ്മ വന്നു എനിക്ക്. അതില്‍ ഒന്നില്‍ അമ്മയെ തള്ളിപ്പറഞ്ഞ സുന്ദരിയായിരുന്നു നായിക. പക്ഷേ അവള്‍ മാനസാന്തരപ്പെട്ടു കേട്ടോ!

പഠനകാലത്തു തന്റെ സ്ഥിതി നോക്കാതെ രാഷ്ട്രീയം കളിച്ചു നടന്ന കൂട്ടുകാരിയെ  ഒരിക്കല്‍ വീട്ടുസഹായി ആയി കാണേണ്ടി വന്ന കഥ പറയുന്നു  ' കാലത്തിന്റെ വികൃതി ' . ഇതും വളരെ പഴകിയ വിഷയം തന്നെ. എന്‍.മോഹനന്റെ അവസ്ഥാന്തരങ്ങള്‍, സി.വി.ശ്രീരാമന്റെ ഒളിച്ചോട്ടം, ചക്രവര്‍ത്തിനി ഈ കഥകളും ഏതാണ്ട് ഇതേ വിഷയം തന്നെ. എനിക്കും ഇത് പ്രിയപ്പെട്ട വിഷയമാണ്. കാലലീല എന്നു പേരിടാവുന്ന നാലു കഥകളുണ്ട് എന്റെ വക, ബ്ലോഗിലിട്ടതും  ഇടാത്തതുമായി!

വിവാഹിതയും മാതാവുമായിട്ടും മനസ്സു മറ്റൊരാളില്‍ കുടുങ്ങിപ്പോയ ശാരിയാണ് 'വിചിത്ര വീഥികള്‍ ' എന്ന കഥയിലെ നായിക. അവസാനം പക്ഷേ കാഥിക അവളെ രക്ഷപ്പെടുത്തിയെടുത്തു! വിവാഹേതര ബന്ധം എന്ന ആശയം അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണു നമുക്ക്.
       
കയ്പ്പും മധുരവും, അമ്മ, ഉത്തമ ഭാരത പൗരന്‍, എന്നിവയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകള്‍. ആദ്യത്തേതു രണ്ടും സമകാലീന ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളെങ്കില്‍ ,മൂന്നാമത്തേത് വനിതാ ബില്ലിനെതിരെ രാജ്യസഭയില്‍ കരിങ്കാളി നൃത്തം ചവിട്ടിയ എം.പി.യെ കളിയാക്കിയതാണ്. 'അമ്മ'യിലെ അമ്മയുടെ അവസാന പ്രതികരണത്തിനു വേണ്ടത്ര മൂര്‍ച്ച തോന്നിയില്ല. കൂട്ടിലെ തത്ത, യാത്രയിലെ കൂട്ടുകാരി, കാണം വിറ്റും ഇതൊന്നും അത്ര രസിച്ചുമില്ല.

കഥകള്‍ എല്ലാം ഇത്തിരി നീട്ടി പരത്തിയാണ് പറഞ്ഞിരിക്കുന്നത്. ലോജിക്കലി പെര്‍ഫക്ട് (യുക്തി ഭദ്രം) ആക്കാനുള്ള ശ്രമമാണത്. ഉദാ:'താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വികൃതികള്‍'-കഥ, സുകൃതികള്‍. എന്തുകൊണ്ട്, എങ്ങനെ മറ്റുള്ളവരൊന്നും കാണാതെ താന്‍ അതു കണ്ടു എന്നു വിശദീകരിക്കാനുള്ള ശ്രമമാണിത്.ഇത് മിയ്ക്ക കഥകളിലുമുണ്ട്. ഇതിനു വേണ്ടി പലപ്പോഴും കഥകള്‍ വല്ലാതെ വലിച്ചു നീട്ടുന്നുമുണ്ട്. ഇത്ര കൃത്യമായി പറയാനാവുന്നത്, ഈ രോഗം എനിക്കുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ്.!

കഥയ്ക്കു ചേരാത്ത സാഹിത്യവും ചിലടത്തു കല്ലു കടിയായി തോന്നി. ഉദാ-' ആ കൃത്യം നിര്‍വ്വഹിച്ചു'(കള്ളി വെളിച്ചത്തായി)  'ആ കര്‍മ്മം നിര്‍വ്വഹിച്ചു'(കാലത്തിന്റെ  വികൃതി)  ' പഠിപ്പിക്കുക എന്ന കര്‍മ്മം'(സുകൃതികള്‍)  തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. പാണ്ഡിത്യമല്ല, ലാളിത്യമാവണം കഥകള്‍ക്കാധാരം എന്നുള്ളതാണ് എന്റെ വിശ്വാസപ്രമാണം. 2009ലേക്കാള്‍ വളരെ മെച്ചപ്പെട്ടു 2010ലെ എഴുത്ത്. ഇനിയും എഴുതി തെളിയും തീര്‍ച്ച.

ഗീതാഗീതികള്‍
കവിതകള്‍, പാട്ടുകള്‍, പ്രാര്‍ത്ഥനാ ഗാനങ്ങള്‍, ദേശ ഭക്തി ഗാനം എന്നിവയാണ് ഈ ബ്ലോഗില്‍. ഗീത രചിച്ച് ലണ്ടനിലിരുന്ന് രാജീവ് രാമന്‍ പാടിയ പാട്ടുമുണ്ട്. വനിതാ ബില്ല് ചര്‍ച്ചയും പാസ്സാക്കലുമെല്ലാം ഭരണസഭകളില്‍ മാത്രമല്ല, ബൂലോകത്തും നടന്നു! പ്രബല എന്ന കവിതയില്‍ നിന്ന്-

പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ. 

' വരിക വരിക സഹജരേ' എന്ന പാട്ടോര്‍മ്മിപ്പിച്ച കവിത പെരുത്തിഷ്ടപ്പട്ടിരുന്നു .പക്ഷേ അവസാനം 'വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?' എന്ന വാചകം തീയില്‍ വെള്ളം കോരിയൊഴിച്ച പോലായി.!

വീടും ജോലിയും ഒപ്പം എഴുത്തും ഒന്നു പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ ഗീതയ്ക്കു സാധിക്കട്ടെ.
Tvpm,
01.10.2010

Sunday, October 3, 2010

മോഹപ്പക്ഷി

"ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണ്യെ നമഃ" ലളിതാ സഹസ്രനാമത്തിലാണ് ഈ വരി. ഇതു മൂന്നുമുണ്ടെങ്കില്‍ ഏതു പരിശ്രമവും ലക്ഷ്യം നേടും, അതെത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും. ശാന്ത കാവുമ്പായിയുടെ 'മോഹപ്പക്ഷി' (http://santhatv.blogspot.com/) എന്ന ബ്ലോഗ് സാഹിത്യത്തിനും കലയ്ക്കും അപ്പുറം മനുഷ്യന്റെ അതിജീവനശ്രമങ്ങള്‍ കാട്ടിത്തരുന്നു.

'ആഗ്രഹിക്കാതെ ജീവിതം പോരാട്ടമായി മാറി; മുങ്ങിത്താഴുമ്പോള്‍ കൈനീട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം കയറിപ്പിടിച്ച്; പിടിവിടുമ്പോള്‍ വീണ്ടും മുങ്ങി; സ്‌നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്; ജീവിതത്തിന്റെ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്; ' എന്ന് പൊള്ളുന്ന ജീവിത സത്യങ്ങള്‍ കാവ്യാത്മകമായി കോറിയിട്ടിട്ടുണ്ട് സ്വയവിവരണത്തില്‍.

ആനുകാലികങ്ങളിലൂടെ പലര്‍ക്കും സുപരിചിതയാണ് ഈ ബ്ലോഗര്‍. 2010 ജൂലായ് 23, ആഗസ്റ്റ് 13 ലെ പോസ്റ്റുകളാണ്് ശാന്തടീച്ചറുടെ ഒഴുക്കിനെതിരെയുള്ള തുഴച്ചിലിലേക്കു വെളിച്ചം വീശിയത്. കൈകാലുകളുടെ സ്വാധീനക്കുറവും അസുഖവും മൂലം കുഞ്ഞുന്നാളില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടും  തളര്‍ന്നു നിസ്സഹായതയോടെ നിന്നില്ല. പകരം ഇച്ഛാശക്തി കൊണ്ട് കുറവുകള്‍ അതിജീവിച്ച് ,ജ്ഞാനശക്തി നേടി, ക്രിയാശക്തി സംഭരിച്ചു ഈ മോഹപ്പക്ഷി. ആ സിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ശിരസ്സു നമിച്ച് അവരുടെ ബ്ലോഗിലൂടെ.  

ഹിന്ദു-മുസ്ലീം ഭായി ഭായി എന്നു കഴിഞ്ഞിരുന്ന സുവര്‍ണ്ണകാലത്തേക്കു ഒരു തിരിച്ചു പോക്ക് നടത്തി, ഇപ്പോഴത്തെ ഭീകരകാലം എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യുന്ന ' അമ്മയും കുറേ ഉമ്മമാരും' എന്ന പോസ്റ്റില്‍ നിന്ന്-

'തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമൊക്കെ ചെറുപ്പക്കാര്‍ എത്തുന്നത് വിശ്വാസപ്രമാണങ്ങള്‍ക്കു വേണ്ടിയല്ല,ഒരു മതവും അതനുശാസിക്കുന്ന പ്രമാണഗ്രന്ഥങ്ങളും അക്രമത്തെ പ്രോസ്താഹിപ്പിക്കുന്നില്ല. വിശുദ്ധ ഖുറാനില്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത് ക്ഷമയെക്കുറിച്ചാണ്. പിന്നെന്തിന് എന്ന ചോദ്യത്തിന് അധികാരം,പണം എന്നൊക്കെയാണ് ഉത്തരം. കൌമാരക്കാരെ എളുപ്പത്തില്‍ വഴിതെറ്റിക്കാനാവും എന്ന് ഭീകരതയെ പോറ്റി വളര്‍ത്തുന്നവര്‍ക്കറിയാം.' ധാരാളം കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്ന ടീച്ചര്‍ അനുഭവജ്ഞാനത്തിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങളോട് നൂറു ശതമാനം യോജിപ്പാണ് തോന്നുന്നത്. വായ്ത്താരിയിലൂടെ മതമൈത്രിക്കു ശ്രമിക്കുന്നതിനു പകരം നേതാക്കള്‍ ഇതു പോലെ പ്രശ്‌നങ്ങള്‍ പഠിച്ച് അതു പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍.

നക്‌സലിസം ഇവിടെ ഭീതി പരത്തിയ കാലത്തും ജനം അവരെ വെറുത്തില്ല, കാരണം, അവര്‍ അനീതിക്കെതിരെ പോരാടുന്ന മനുഷ്യസ്‌നേഹികളെന്നു കരുതിയിരുന്നു.(കടപ്പാട്-മധുപാല്‍). പക്ഷേ ഇപ്പോഴുള്ള ഭീകരവാദം അങ്ങനെയല്ല എന്തായാലും.

റബ്ബര്‍ നാട്ടുകാരിയായ എനിക്ക് നെല്‍ കൃഷിയെക്കുറിച്ച് പല പുതിയ അറിവുകളും ലഭിച്ചു പുനം കൃഷിയെക്കുറിച്ചുള്ള ലേഖനം. പഴയ കാലത്തെ കൂട്ടുകൃഷി സമ്പ്രദായ വര്‍ണ്ണന വളരെ കൗതുകത്തോടെയാണ് വായിച്ചത്. 'ഉപ്പുതൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍' എന്ന പോസ്റ്റില്‍ നിന്ന്-
 
'പുനം കൊത്താണ് വിഷയം.12 കൊല്ലം മൂത്ത മലയാണ് തെളിച്ചെടുക്കേണ്ട ത്.അഞ്ചു ഉറുപ്പിക ജന്മിക്ക് ശീലക്കാശു വെച്ചാല്‍ ഒരേക്ര കാട് കീഴ്ക്കാര്യ സ്ഥന്‍ വന്നു കുറ്റിയടിച്ചു തരും. അടുത്തടുത്ത നാട്ടിലുള്ളവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു മല ഏറ്റെടുക്കും. വിളവുണ്ടായാല്‍ നോക്കി വാരം നിശ്ചയിക്കും. എങ്കിലും ഒരു നിലപാടുണ്ട്.100സേര്‍ വിളവിന് 16സേര്‍ നെല്ല് എന്നാണ് വ്യവസ്ഥ. '

ധനുവിലെ കാടുവെട്ടിത്തെളിക്കല്‍ മുതല്‍ മേടത്തിലെ വിത്തു പാകലും കഴിഞ്ഞ് ചിങ്ങത്തിലെ വിളവെടുപ്പു വരെ വളരെ വിശദമായി പറഞ്ഞിരിക്കുന്നു.ഒട്ടും മുഷിവില്ലാതെ പറഞ്ഞിരിക്കുന്നു. ഇതില്‍ കൃഷ് എന്ന ബ്ലോഗറുടെ കമന്റും വളരെ വിജ്ഞാനം പകരുന്നു. ഇപ്പോഴത്തെ കാലത്തു ഇതു നടത്തിക്കൂടെ എന്നു ചോദിക്കുന്നുണ്ടെങ്കിലും അതു പ്രായോഗികമാകാന്‍ തരമില്ല.  അതിനു വേണ്ട ആള്‍ബലം വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കുക എന്നതായിരിക്കും ഏറ്റവും ശ്രമകരം.

അദ്ധ്യാപക തുടര്‍ശാക്തീകരണത്തൈക്കുറിച്ചുള്ള  പോസ്റ്റും വളരെ വിജ്ഞാനപ്രദമായി തോന്നി. ഇതു പോലെ ധാരാളം ലേഖനങ്ങളുണ്ട്. മോഹപ്പക്ഷി എന്ന കവിതാ സമാഹാരം കൈരളി ബുക്‌സ് പുറത്തിറക്കി കഴിഞ്ഞു. പക്ഷേ, വളരെ അറിവു പകരുന്ന, പക്വതയാര്‍ന്ന നിരീക്ഷണങ്ങളുള്‍ക്കൊള്ളുന്ന ലേഖനങ്ങളാണ് എനിക്ക് കവിതക്കളേക്കാളേറെ ഇഷ്ടപ്പെട്ടത്. അഭിരുചി വ്യത്യാസം കൊണ്ടാകാം. കവിതകള്‍ പലതും നീണ്ടു പോയില്ലേ എന്നും തോന്നി. ലേഖനങ്ങളില്‍ ചില ഭാഷാപ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തിരി പ്രയാസമുണ്ട്, പ്രത്യേകിച്ചു പുനം കൃഷി ലേഖനത്തിലും മറ്റും. ബ്രാക്കറ്റില്‍ അര്‍ത്ഥം കൂടി കൊടുത്തിരുന്നെങ്കില്‍ ഇനിയും ആസ്വാദ്യകരമാകുമായിരുന്നു.

Tvpm
24.09.2010


               

Tuesday, September 28, 2010

കേള്‍ക്കാത്ത ശബ്ദം

                  
ഒരു ഗൂഗിള്‍ ബസില്‍(buzz) നിന്നാണ് രേഷ്മാ ജന്നത്തിന്റെ മൈലാഞ്ചിയുടെ ( http://reshan.blogspot.com/ ) ലിങ്ക് കിട്ടിയത്. വായന പുരോഗമിക്കവേ മനസ്സു ചൊല്ലി, വ്യത്യസ്തം ഈ സ്ത്രീശബ്ദം. കാമ്പും കരുത്തും ഉള്ള, ആത്മവിശ്വാസം തുടിക്കുന്ന നിര്‍ഭയമായ എഴുത്ത്. ആത്മനൊമ്പരങ്ങള്‍ പറയുമ്പോഴും സഹതാപം തേടാത്ത ശൈലി.

രേഷ്മയ്ക്ക് മലയാളം നന്നായി വഴങ്ങുന്നില്ല. ആംഗലേയത്തിന്റെ സഹായം തേടുന്നുണ്ട് പലപ്പോഴും. കൂടുമാറ്റം എന്ന ആദ്യ പോസ്റ്റില്‍  'സ്വന്തം ഭാഷ കൈവിട്ടു പോകാതിരിക്കാനായി, മുഴച്ചു നില്‍ക്കുന്ന തെറ്റുകള്‍ തിരുത്തി കിട്ടാനായി, എഴുതി എഴുതി ഇത്തിരിയെങ്കിലും തെളിയാനായി ' എന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുന്നുമുണ്ട്. ആശയസംവേദനം എന്ന ആത്യന്തികലക്ഷ്യം സുഗമമായി നടക്കുന്നതിനാല്‍ ഈ കുറവു സാരമില്ല തന്നെ.

ബെല്ല്- ശാദിയന്റെ ഉമ്മാമ്മാക്ക് എഴുത്തും വായനയും ഹറാമായിരുന്നു. ഒത്ത പുതിയാപ്ല വരുന്നത് വരെ ഉമ്മ കോമേഴ്‌സ് പഠിച്ചു. അവരവളെ മുന്നോട്ട് ഉയരത്തിലേക്ക് തള്ളികൊണ്ടിരുന്നു, പറന്നു പോകാതിരിക്കാന്‍ അവരവളെ തങ്ങളിലേക്ക് വലിച്ചുകൊണ്ടുമിരുന്നു. ശാദിയ വളര്‍ന്നു, കുടുംബത്തിലെ ആദ്യ എഞ്ചിനീയറായി, വിവാഹിതയായി, മറുനാട്ടിലേക്ക് പറന്നു. പിന്നെ കേള്‍ക്കുന്നത് ശാദിയ ജോലി ഉപേക്ഷിച്ചതാണ്, വീടാണത്രേ ഉത്തമം. ഒരിക്കല്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സംഗീതം പൊഴിക്കുന്ന പഴയ ഡോറ് ബെല്ല് കേട്ടിട്ട് ശാദിയ ചൂടായി 'നിങ്ങളൊന്നും ഒരിക്കലും പഠിക്കില്ലേ? വേറെ എത്ര നല്ല ബെല്ലുണ്ട്?'.

'അമ്മുവും അമ്മൂന്റെ അമ്മയും ' ജീവിക്കാന്‍ കൊതിച്ചു കേഴുന്ന ഉദരത്തിലെ കുഞ്ഞും (അമ്മു) ആര്‍ക്കും വേണ്ടാത്തവളായി നിന്നെ എന്തിനു ഭൂമിയിലേക്കു പെറ്റിടണം എന്ന് തീരുമാനിക്കുന്ന അമ്മയും തമ്മിലുള്ള സംവാദമാണ്. അമ്മുവിനു പകരം അപ്പു ആയിരുന്നെങ്കില്‍ എന്നു മോഹിക്കുന്ന അമ്മ. പലരും കമന്റില്‍ സൂചിപ്പിച്ചതു പോല സങ്കടക്കറുപ്പും ചോരചുവപ്പും, അകന്നു പോകുന്ന കാലടികള്‍ സൂചിപ്പിച്ച് മങ്ങിയ അക്ഷരങ്ങളും വിഷയത്തിന്റെ മൂഡ് കൃത്യമായി നമുക്കു പകര്‍ന്നു തരുന്നു. കവിതാഭംഗിയല്ല, വിഷയവും അവതരണരീതിയും ആണ് ഇതിനു പുതുമ നല്‍കുന്നത്, ഒപ്പം വേദനയും.

1982 മുതല്‍ 2002 വരെ പത്തുകൊല്ലത്തെ ഇടവേളകളില്‍ നടത്തിയ ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ കാലം മാറ്റിയ മനുഷ്യമനസ്സുകള്‍ കാണിച്ചു തരുന്നു 'യാത്ര' എന്ന നല്ല പോസ്റ്റ്. മുന്നോട്ടുള്ള നമ്മുടെ യാത്ര ചിലപ്പോള്‍ പിന്നോട്ടാണ്.

ഒരു മോഡേണ്‍ ആര്‍ട്ട് മ്യൂസിയം കാണാന്‍ പോയതു വര്‍ണ്ണിക്കുന്ന 'ഒരുത്തന്റെ യൂറിനല്‍ മറ്റൊരുത്തന്റെ കല 'എന്ന ആക്ഷേപഹാസ്യത്തില്‍ നിന്ന്-' ഡൂ ഷാന്റെ യൂറിനല്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു , 'കലയുടെ പോക്കില്‍ നീ ബേജാറാവുന്നതെന്തിനു? ഒരുത്തന്റെ യൂറിനല്‍ മറ്റൊരുത്തന്റെ കല. ആസ് സിംപിള്‍ ആസ് ദാറ്റ്്!' ഒരു ആര്‍ട്ട് സിനിമ കണ്ട്, തീയേറ്ററിലിരുന്ന് ഒരാള്‍ 'എന്റെ കുതിരേ, നീ എങ്കിലും ഒന്ന് മിണ്ട് ' എന്നു വിളിച്ചു കൂവിയതായി ഒരു കളിയാക്കി കഥ കേട്ടത് ഓര്‍മ്മപ്പെടുത്തി ഈ പോസ്റ്റ്.

'അവള്‍ അഹങ്കാരിയാ, ഞാന്‍ കയറി വരുമ്പോള്‍ അവള്‍ അകത്തേക്കൊരു പോക്ക് '( അവള്‍ പോയത് വെള്ളം കുടിക്കാനാവും) , ' അവനു വല്യ ഉദ്യോഗസ്ഥനാന്നൊരു ഭാവം ' ഇങ്ങനെ പറഞ്ഞു പ്രചരിപ്പിച്ച് നമ്മള്‍ ആളുകള്‍ക്ക് ലേബല്‍ ഒട്ടിക്കാറില്ലേ? ഒരു നോക്ക്, വാക്ക്, നിസ്സാര കാര്യം, ചിലപ്പോള്‍ അസൂയ, ഇങ്ങനെ എന്തെങ്കിലും ആവും ഈ മഹത് പ്രചരണങ്ങള്‍ക്ക് പ്രേരകമാവുക. പക്ഷേ ഈ അളവുകോലുകള്‍ തികച്ചും തെറ്റാണെന്ന് പലപ്പോഴും നമ്മള്‍ മനസ്സിലാക്കും. 09/11 ആക്രമണസമയത്ത് , ആന്റി മുസ്ലീം തരംഗം യു.എസില്‍ ആഞ്ഞടിച്ചിരുന്ന കാലത്ത് , അറിഞ്ഞു സഹായിച്ച അമേരിക്കക്കാരിയെപ്പറ്റിയുള്ള 'കാരുണ്യവതിയായ അപരിചിത ' ആണ് ഈ ചിന്തകള്‍ ഉണര്‍ത്തിയത്. ഇവിടെ അമേരിക്കക്കാര്‍ ഇങ്ങനെയാ എന്ന ലേബല്‍ പൊഴിഞ്ഞു വീഴുന്നു.

നീല സോഫാ, പ്ലാസ്റ്റിക് പൂക്കള്‍ ,പാപ്പാത്തിയും തത്തമ്മയും, പയങ്കഥ, എന്നിങ്ങനെ ഒരു പിടി നല്ല കഥകളുണ്ട്. ഹാഡൂഡൂഡൂ, വായന തുടങ്ങി  കുഞ്ഞിപോസ്റ്റുകളും. വെയിലിലെ ഇത്തിരി വെട്ടങ്ങള്‍, കൈക്കോട്ട്, ഫ്രോസന്‍ കേരളം ,മായുന്ന മൈലാഞ്ചിയും മായാത്ത ഓര്‍മ്മകളും, ഇവയെല്ലാം നൊസ്റ്റാള്‍ജിയ എന്ന പഴകിയ വിഷയം പുതുമയോടെ കൈയ്യാളുന്നു.

അമ്മയ്‌ക്കൊരുമ്മ വളരെ ഗൗരവമാര്‍ന്ന വിഷയം കൈ കാര്യം ചെയ്യുന്നു. പ്രസവിച്ചു എന്നതു കൊണ്ടു മാത്രം എല്ലാവരും വാഴ്ത്തുന്ന മാതൃത്വം പെണ്ണില്‍ വന്നു നിറയില്ല, കാരണം മാതാവ് എന്ന ചുമതലയുടെ ട്രെയിനിംഗ് പീരീഡിലായിരിക്കും പുതിയ അമ്മ അപ്പോള്‍. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്, പുതുശ് അമ്മമാര്‍ക്കും അമ്മമാരാവാന്‍ പോകുന്നവര്‍ക്കും നല്ലൊരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഈ ലേഖനം.

സ്ത്രീകള്‍ക്കു മാത്രം, ഈന്തുമ്പിടി, ആയിഷ മുഹമ്മദ് വാരാന്ത്യങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍ തുടങ്ങിയവ വായിച്ചപ്പോള്‍ തൂമ്പയെ തൂമ്പയെന്നു വിളിക്കുന്നവള്‍ രേഷ്മ എന്നു തോന്നി. വാദങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങളില്ലാതെ 'മതമില്ലാത്ത ജീവന്റെ ' പേരില്‍ സൃഷ്ടിച്ചത് അനാവശ്യ കോലാഹലങ്ങളെന്നു കാര്യകാരണസഹിതം വിശദീകരിക്കുന്നു.

'എന്നേയും നിന്നേയും പടച്ചവനില്‍ നിന്നുള്ള സമാധാനവും, സ്‌നേഹവും എന്നും ' കാംക്ഷിക്കുന്ന മൈലാഞ്ചി ഇനിയും ഉശിരുള്ള ചിന്തകള്‍ പങ്കുവയ്ക്കട്ടെ! മലയാള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും എന്ന് പ്രത്യാശിക്കട്ടെ!
Tvpm
17.09.2010
online link

Tuesday, September 21, 2010

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....

നടന്‍ മോഹന്‍ലാലിനെ സ്വന്തം മകനായി വിശ്വസിച്ച അമ്മൂമ്മയെപ്പറ്റിയുള്ള It's all in the Genes എന്ന രസകരമായ വിവരണമായിരുന്നു ശ്രഞ്ജിതം എന്ന ഇംഗ്ലീഷ് ബ്ലോഗില്‍ ആദ്യം വായിച്ചത്. അവിടെ നിന്ന് 'എന്റെ ആനമങ്ങാട്ട് 'എത്തിയപ്പോഴോ വടക്കന്‍ കേരളത്തിലെ ഏതോ ഗ്രാമത്തറവാട്ടില്‍ എത്തിയ പ്രതീതി!.

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്ന ബാല്യം അവരെ അറിയിക്കാനായി ഓര്‍മകളിലെ മയില്‍പീലി തുണ്ടുകള്‍ നിരത്തുന്ന ബ്ലോഗില്‍ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളൊന്നുമില്ല. പകരം അച്ഛമ്മയുടെ ഒപ്പം താമസിച്ചു പഠിച്ച കൊച്ചു പെണ്‍കുട്ടിയുടെ മിഴിവാര്‍ന്ന ഓര്‍മ്മച്ചിത്രങ്ങളാണ് അധികവും. പിന്നെ വര്‍ത്തമാനകാലത്തുണ്ടുകളും. എല്ലാത്തിലുമുണ്ട് ഒരു നൈര്‍മ്മല്യം, സ്വാഭാവികത.

ഒരു സുപ്രഭാതം എന്ന ആദ്യ പോസ്റ്റില്‍ നിന്ന് -
അച്ഛമ്മ എന്നെ സ്‌കൂളിലേക്ക് പുറപ്പെടീക്കുന്ന തിരക്കിലാണ്.
'ഇനിയെനിക്ക് ചാക്ക് നൂലോണ്ട് മുടി കെട്ടി തരരുത് ട്ടോ. എല്ലാരും എന്നെ കളിയാക്കുന്നു..'.
'ഇക്കിങ്ങനേ പറ്റൂ .. എനിക്കാ റിബ്ബണ്‍ കയ്യിന്നു വഴുക്കി കളിക്കും. അല്ലെങ്കില് ഇനി ഒറ്റയ്ക്ക് മുടി കെട്ടാന്‍ പഠിച്ചോ...'
കുറി തൊടാതെ എങ്ങോട്ടും പോകുന്നത് അച്ഛമ്മക്ക് ഇഷ്ടമല്ല. ഒരു വാഴയിലക്കഷണം എന്റെ നെറ്റിയില്‍ വച്ച് അതില്‍ നിന്ന് ഓരോ വരി വിട്ടു ഇലചീന്തു കീറിക്കളയും. എന്നിട്ട് ആ വിടവുകളിലൂടെ ചന്ദനം പൂശും. ഇലയെടുത്താല്‍ കിറുകിറുത്യം മൂന്നു നീണ്ട ചന്ദന വരകള്‍ (നെറ്റിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ).എന്നിട്ടതിന്റെ നടുവില്‍ ഒരു കുങ്കുമ പൊട്ട്....

ചന്ദനക്കിണ്ണത്തില്‍ തലകുത്തി വീണോ എന്ന കളിയാക്കല്‍ സഹിയാതെ പാവാടത്തുമ്പില്‍ നിറഞ്ഞ കണ്ണും നെറ്റിയിലെ കുറിയും തുടച്ചു കളഞ്ഞ കുരുന്നു പെണ്‍കുട്ടിയെ ഞാനും കണ്ടു ഇതു വായിച്ചപ്പോള്‍.

കൊച്ചുപെണ്‍കുട്ടിയെ അച്ഛമ്മയ്‌ക്കൊപ്പം നിര്‍ത്തി അച്ഛനും അമ്മയും അനിയനും പടിയിറങ്ങിയപ്പോള്‍ 'ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ' എന്നു പറഞ്ഞു നിര്‍ത്തിയ 'കഥ തുടങ്ങുന്നു' എന്ന പോസ്റ്റ് ഗൃഹാതുരത നിറഞ്ഞ എന്റെ ബോര്‍ഡിംഗ് കാല ദിനങ്ങളിലേക്കു എന്നെ കൊണ്ടുപോയി.ഒപ്പം മറ്റൊരാളെ ഓര്‍ക്കുകയും ചെയ്തു. അനുജത്തിയുടെ ഏകമകള്‍ക്കു കൂട്ടിനായി അവരുടെ ഒപ്പം നിര്‍ത്തിയ ചേച്ചിയുടെ മകള്‍ ,ഇന്ന് ഉദ്യോഗസ്ഥയായ അമ്മ, പക്ഷേ ഇപ്പോഴും അക്കാരണത്താല്‍ മാതാപിതാക്കളോട് അടങ്ങാത്ത ദേഷ്യം കൊണ്ടു നടക്കുന്നവള്‍. എന്തായാലും ആനമങ്ങാട്ടുകാരി അങ്ങനെയല്ല എന്ന് അമ്മ എന്ന ഇംഗ്ലീഷ് പോസ്റ്റിലൂടെ മനസ്സിലായി.

'നല്ലപ്പന്‍ കാലത്ത് ' (ചെറുപ്പ കാലത്ത്) ഐശ്വര്യമുള്ള സ്ത്രീ ആയിരുന്ന, പിന്നെ എപ്പോഴോ മനസ്സിന്റെ താളം തെറ്റിയ ഇന്നമ്മ നമ്മെയും ദുഃഖിപ്പിക്കും. മനസ്സിന്റെ സഞ്ചാരവഴികള്‍ എത്ര വിചിത്രം, സങ്കീര്‍ണ്ണം.!ശ്രീ.കെ. സുരേന്ദ്രന്‍ പറഞ്ഞതു പോലെ മനസ്സു ഒരു കാട്ടുകുരങ്ങു തന്നെ, എളുപ്പത്തില്‍ മെരുങ്ങാത്ത 'കാട്ടുകുരങ്ങ് '.

ഓണത്തിനും വിഷുവിനും എല്ലാവരും തറവാട്ടില്‍ എത്തിയേ പറ്റൂ എന്നുള്ള അച്ഛമ്മയുടെ അലിഖിത നിയമവും ആ ഒത്തുകൂടലുകളുമെല്ലാം ഒരു കുഞ്ഞു പെണ്‍കിടാവിന്റെ കാഴ്ച്ചപ്പാടിലൂടെ വളരെ ജീവസ്സോടെ അവതരിപ്പിച്ചിരിക്കുന്നു. പപ്പടം വാങ്ങാന്‍ പോയ രണ്ടു പെണ്‍കുട്ടികളെ കാണുക, വിഷു എന്ന പോസ്റ്റില്‍ നിന്ന്-

'പപ്പടം വേണം.. ഇയ്ക്ക് നാല് കെട്ട്.. ഇവള്‍ക്ക് രണ്ടു കെട്ട്...'
അതിലൊരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
'കാച്ചിയ പപ്പടം വേണോ, കാച്ചാത്തത് വേണോ..'ഞാന്‍ അന്തം വിട്ടു മുംതാസിനെ നോക്കി... അത് അച്ഛമ്മ പറഞ്ഞില്ല..
'കാച്ചാത്തത് മതി.. ഞങ്ങള് കാച്ചിക്കോളാം.' മുംതാസ് പറഞ്ഞു. എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു 'കാച്ചുമ്പ പപ്പടം വലുതാവൂലെ... എങ്ങനെ കൊണ്ടൂവരാനാണ്.. കാച്ചാത്തത് കയ്യ്പ്പിടിക്കാലോ ' ഹോ ഈ മുംതാസിനെന്തൊരു പുദ്ദി!

ഇത്രയൊന്നുമില്ലെങ്കിലും എല്ലാവരും ഒത്തുകൂടിയിരുന്ന ഒരു കാലം ഞങ്ങള്‍ക്കുമുണ്ടായിരുന്നു, ഇങ്ങിനി വരാത്ത അക്കാലം! ഇന്നിപ്പോള്‍ എല്ലാവരും ഒന്നിച്ചു വീട്ടില്‍ കൂടണം എന്ന് ഏതെങ്കിലും അച്ഛമ്മയോ അമ്മമ്മയോ ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാവില്ലേ? ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നം!

ഓണവും വിഷുവുമെല്ലാം കൂടുതല്‍ തീവ്രതയോടെ, ഭക്തിയുടെ നിറവില്‍ ആഘോഷിച്ചിരുന്നത് , വടക്കന്‍ കേരളത്തില്‍ ആയിരുന്നെന്നു തോന്നുന്നു. ഓണത്തപ്പനെ ഉണ്ടാക്കുന്നതും കുടിയിരുത്തുന്നതുമെല്ലാം പാഠപുസ്തകത്തില്‍ പഠിച്ചിട്ടും സിനിമകളില്‍ കണ്ടിട്ടുള്ളതുമേയുള്ളു എനിക്ക്. ആനമങ്ങാട്ടെ ഓണാഘോഷവര്‍ണ്ണനകള്‍ വായിച്ചപ്പോള്‍ ഏതോ പുതുലോകത്തെത്തിയപോലെ. 'ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ' എന്ന് പാട്ടു പാടി വീട്ടില്‍ വൈകുന്നേരം ആളുകള്‍ വരും, പടിക്കല്‍ വന്ന് കൂക്കി വിളിക്കുന്ന നായാടി സദ്യ കഴിഞ്ഞു പോകുമ്പോള്‍ ഉറി വച്ചിട്ടു പോകും ...

ഇത്ത എന്ന പോസ്റ്റിലെ ഒരു കൊയ്ത്തുപാട്ട്.
'അന്റെ ചെരമ്മനും കന്നൂട്ടാരന്‍
ഇന്റെ ചെരമ്മനും കന്നൂട്ടാരന്‍
പിന്നെന്താടി മുണ്ടിച്യെ
ഞമ്മള് തമ്മില് മുണ്ട്യാല് ...'(തുടരുന്നുണ്ട്)
അനുഭവസമ്പന്ന ബാല്യകാലമുള്ള ,പഴയ കാല വടക്കന്‍ കേരളത്തിന്റെ നേര്‍ക്കാഴ്ച്ച കാണാന്‍ http://enteanamangad.blogspot.com/ ഇതിലേ...

കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്ന ബാല്യത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. അതു കാലത്തിന്റെ അനിവാര്യതയാണ്, പിന്നോട്ടാടാന്‍ ആര്‍ക്കുമാവില്ല. ഓരോ കാലവും ഓരോ വിധത്തില്‍ നന്നു തന്നെ. നമുക്കു ചെയ്യുവാന്‍ കഴിയുന്നത് പോയ കാലത്തെക്കുറിച്ച് ഇതു പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം.
കൈതോല മണമുള്ള സുഖമുള്ള ഓര്‍മ്മകള്‍ ഇനിയും നിറയട്ടെ ആനമങ്ങാ
ട്ട്...


Tvpm,
09.09.2010
online link









Monday, September 13, 2010

ബൂലോകത്തൊരു വാനമ്പാടി

മകള്‍, ചെറുമകള്‍, സഹോദരി, ഭാര്യ, അമ്മ, സുഹൃത്ത് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഡോണ മയൂരയുടെ ഋതുഭേദങ്ങള്‍ ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബ്ലോഗ് സംഭവമാണ്. ആര്‍ജ്ജവമാര്‍ന്ന രചനാ വൈവിദ്ധ്യത്തിനൊപ്പം ഇമ്പമാര്‍ന്ന ഗാനങ്ങളും.

'ബൂലോഗം മഹാശ്ചര്യം എനിക്കും തുടങ്ങണം ബ്ലോഗ്.' എന്നു 2008 മാര്‍ച്ച് 08 നു തുടങ്ങിയ ബ്ലോഗിന്റെ ( http://rithubhedangal.blogspot.com/ ) ഹൈലൈറ്റ് കല്ലറ ഗോപന്‍, പ്രദീപ് സോമസുന്ദരം, റിയാ വിജയന്‍, രാജേഷ് രാമന്‍ തുടങ്ങിയവര്‍ ആലപിച്ച മയൂരയുടെ കവിതകളാണ്. രചന, ഈണം, പശ്ചാത്തലസംഗീതം ,ആലാപനം, സംയോജനം എല്ലാം ഭൂലോകത്തിന്റെ പല കോണിലിരുന്ന് പലര്‍ ചെയ്തിരിക്കുന്നു. കൂടാതെ ചെറുകഥ, കവിത, അഭിമുഖം, പുസ്തകാവലോകനം, ടെക്‌നോളജി മുന്നേറ്റങ്ങള്‍ എല്ലാം വായിക്കാം.

പ്രോണോഗ്രഫി
എടാ, ചേട്ടന്‍ ഇന്ന് ലഞ്ചിന് വരുന്നില്ല. നീ ഫ്രീയാണെങ്കില്‍ ഇവിടേക്ക് വന്ന് പ്രോണോഗ്രാഫി ഉണ്ടാക്കാന്‍ എന്നെ സഹായിക്കുമോ?'

.....ഒരിക്കല്‍ വീട്ടില്‍ വന്ന് വായിക്കാനായി പുസ്തകമൊരെണ്ണം തിരയുന്നതിനിടയില്‍ നളിനീ ജമീലയുടെ ആത്മകഥ കണ്ട് എന്നെ നോക്കി ദഹിപ്പിച്ചവള്‍. ശേഷം പുസ്തകക്കൂട്ടത്തില്‍ കാമസൂത്ര ഇരിക്കുന്നത് കണ്ട് കാറ്റത്തെ കരിയില പോലെ വീട്ടില്‍ നിന്നും പറന്നു പോയവള്‍. സ്ത്രീകളുടെ വെടിവട്ടക്കൂട്ടത്തില്‍ ഒരിക്കല്‍ മുന്നൂറ്റി എഴുപത്തി ഏഴ് ഭേദഗതി ചെയ്തതിനെ പറ്റിയൊരുവള്‍ സംസാരിച്ചപ്പോള്‍ 'ഇനിമേല്‍ ഇത്തരം വൃത്തികേടുകള്‍ പറയുന്നിടത്ത് പോകരുതെന്ന്' എനിക്ക് താക്കീത് തന്നവള്‍.

ഒടുവിലൊരിക്കല്‍ ദേഹാസ്വസ്ഥ്യവുമായി കുറെനാള്‍ കഴിയേണ്ടി വന്നപ്പോള്‍ അഞ്ചുകറിയും ഇഞ്ചിയുമായി കാണാന്‍ വന്നവള്‍.
'എടാ, നീ തിരക്കിലാണോ...ഫോണ്‍ വച്ചിട്ട് പോയോ...എന്താ മിണ്ടാതെ?'
'ഇപ്പോ നിനക്കെന്തിനാ പ്രോണോഗ്രാഫിയെന്ന് ആലോചിക്കുകയായിരുന്നു.'
'ഒരു ചെയിഞ്ചിന്'
'അതിന് പ്രോണോഗ്രാഫി തന്നെ വേണോ?'
'നോണ്‍ വെജ് വേണം ന്ന് തോന്നി.'
'നിനക്കിത് എന്തു പറ്റി ഇന്ന്?'
'കോഴിയുടെ ഉളുമ്പുമണം എനിക്ക് ഇഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ. പിന്നെ ഇന്ന് ഞാന്‍ പുറത്തു പോയപ്പോള്‍ ഒരു പൗണ്ട് വൃത്തിയാക്കി വച്ചിരുന്ന പ്രോണ്‍സ് വാങ്ങി. നോണ്‍ വെജ് ഉണ്ടാക്കാന്‍ എനിക്കറിയില്ലെന്ന് നിനക്കറിയില്ലെ? ഇതു കൊണ്ട് നല്ല ഗ്രേവിയൊക്കെ ഉള്ള പ്രോണ്‍സ് ഉണ്ടാക്കാന്‍ നീ സഹായിക്കണേ...ഈ പ്രോണോഗ്രാഫി കണ്ട് ചേട്ടന്‍ ഞെട്ടണം.'
'പിന്നെന്താ നമ്മുക്ക് ഞെട്ടിപ്പിച്ച് കളയാം , ബട്ട് കറിയുടെ പേര് ഞാനല്പ്പം മാറ്റും...പ്രോണോഗ്രേവിയെന്ന്!!!'

എന്റെ രാഷ്ട്രീയം

'മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന!സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്‌കരിച്ചു.'

അടി വരുന്ന വഴിയും കിട്ടുന്ന കണക്കുകളും
'വഴിതെറ്റിയതു കൊണ്ടല്ല, വഴി തെറ്റാതെയിരിക്കുവാന്‍ വേണ്ടി മാതമായിരു ന്നു അടിയ്ക്കടിയുള്ളയീ അടികള്‍. വീട്ടില്‍ സന്താനഗോപാലങ്ങള്‍ രണ്ട് എന്നുള്ളത് മൂന്നായപ്പോള്‍ ക്രമസമാധാനനില എളിയ തോതില്‍ തകരാറിലാവാന്‍ തുടങ്ങി, സന്താനഗോപാലങ്ങള്‍ തമ്മില്‍ ഉള്ള അടി തന്നെയാണ് സ്ഥായിയായ കാരണം.'

ഇതു വായിച്ചപ്പോള്‍ പണ്ടെന്നോ വായിച്ച ഇ.എം. കോവൂരിന്റെ നോവലിലെ ഒരു വരി ഓര്‍ത്തു-അമേരിക്കയില്‍ എട്ടു വയസ്സുകാരനെ തല്ലാന്‍ പാടില്ല, തല്ലിയാല്‍ അത് ഇറങ്ങി ഒരു നടത്തം വച്ചു കൊടുക്കും (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നു). ടി.വി.കാണണ്ട എന്നു പറഞ്ഞതിനും മറ്റും ജീവന്‍ അവസാനിപ്പിക്കാന്‍ തയ്യാറായ കുട്ടികള്‍ക്ക് അടി കൊടുത്താലോ. ശിവ... ശിവ...

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഒക്ടാവിയ ഇ. ബട്‌ലര്‍ രചിച്ച കിന്‍ഡ്‌റെഡ്/kindred എന്ന സയന്‍സ് ഫിക്ഷന്‍ നോവല്‍, സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മുറിവുകള്‍ ഇവയെക്കുറിച്ച് അവലോകനങ്ങളുണ്ട്. കൂടാതെ പ്രസിദ്ധ ചെറുകഥാകൃത്ത് നിര്‍മ്മല (സുജാതയുടെ വീടുകള്‍), വിദേശമലയാളികളുടെ ഇഷ്ട സീരിയലായിരുന്ന അക്കരക്കാഴ്ച്ചകളിലെ അഭിനേതാക്കള്‍ എന്നിവരുമായുള്ള മുഖാമുഖം എന്നിവയും വായിക്കാം.

ബ്ലോഗുകളിലെ രചനാ മോഷണത്തിനെതിരെ കേരള്‍സ്. കോം ആയി ഡോണയ്ക്കും ഇടയേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഈ കലാപരിപാടികള്‍ പലരും തുടരുന്നുണ്ട്.

ഡോണയുടെ രചനകള്‍ ഇനിയും കൂടുതല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകട്ടെ, പാട്ടുകള്‍ ഇനിയും പലരും പാടട്ടെ.

Woking, UK,
03.09.2010

online link







Tuesday, September 7, 2010

കാലമാപിനി

(04.09.2010 )
മുകിലിന്റെ കാലമാപിനി ( http://kaalamaapini.blogspot.com/ ) കവിതകള്‍ക്കൊരിടമാണ്. പ്രണയം, വിരഹം തുടങ്ങിയ പരിചിത വിഷയങ്ങള്‍ക്കപ്പുറം വിശപ്പ്, വൈധവ്യം, കുടുംബഭാരം തുടങ്ങി ജീവിതഗന്ധിയായ വിഷയങ്ങള്‍, വ്യത്യസ്തയാര്‍ന്ന രീതിയില്‍ എഴുതിയിരിക്കുന്നു.

അതു കൊണ്ടു ഞാനൊരു നല്ല കുക്കല്ല!

'ജീവിതം പരമസുന്ദര
സൌഭാഗ്യസമുദ്രമാകേണം'
ദൈവമൊന്നും മിണ്ടിയില്ല.
'കാര്യങ്ങളെല്ലാം ഭംഗിയില്‍ നീങ്ങണം
അതിനു, നല്ല ജോലിക്കാരി ഭാര്യ വേണം..'
ദൈവം തലയുയര്‍ത്തി നോക്കി...
'ശരി! അനുഗ്രഹിച്ചിരിക്കുന്നു..'
'എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവള്‍ തന്നെയോടണം..'
ദൈവം ഉമിനീരിറക്കി...
'ശരി! അനുഗ്രഹിച്ചിരിക്കുന്നു..'
'അവള്‍,
എനിക്കിഷ്ടമുള്ള കറികള്‍
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...'
ദൈവം പറഞ്ഞു.
'നീ പോടാ പട്ടീ!..'

ഒറീസ്സയില്‍ ഒരുണ്ണി

അച്ഛന്‍ മരിക്കാന്‍ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛന്‍ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടുദിനങ്ങള്‍ നീണ്ടു

വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോര്‍ത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.

വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?

ഉണ്ണി വേവുന്നു വാവയെയോര്‍ത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയര്‍ത്തു..
വാവയെപ്പോള്‍.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേര്‍ത്തു നിന്നു.

ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..

ഉണ്ണി പറഞ്ഞു,പൊട്ടിത്തകര്‍ന്ന്..
'...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!.'

വിധവ
അവള്‍ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.
ബന്ധുക്കള്‍,
തങ്ങളുടെ വിളകളിലവള്‍
തലയിടാതിരിക്കാന്‍
വേലികള്‍
ഭദ്രമാക്കുന്നു.
അയല്‍ക്കാരികള്‍,
ഭര്‍ത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.
മക്കള്‍,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.
പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളില്‍
നെഞ്ചുതല്ലുന്നു

മക്കളെ സ്‌നേഹിക്കണമെങ്കില്‍ 'ക്വാളിറ്റിയുള്ള മക്കളെ പെറ്റിട് ' എന്നു ഭര്‍ത്താവു പറയുന്ന 'തലച്ചുമട്' എന്ന കവിത, ദാരിദ്യദുഃഖമോ പുത്രദുഃഖമോ വലുത് എന്ന ഉമാമഹേശ്വര സംവാദം വര്‍ണ്ണിക്കുന്ന 'ഭഗവാന്റെ ഡെമോ' തുടങ്ങി നല്ല വായനാനുഭവങ്ങള്‍ ഇനിയുമുണ്ട്. 'ജീവിതത്തിന്റെ നെട്ടോട്ട ത്തിനിടയ്ക്കു നെഞ്ചിലിടിച്ചു നില്ക്കുന്ന ഒരു തേങ്ങലാണു കവിത' എന്നു പറയുന്ന മുകില്‍ ഇനിയുമിനിയും കവിതകള്‍ എഴുതി ആസ്വാദകമനസ്സില്‍ ഇടം നേടട്ടെ!


online link
Tvpm
10.08.2010

Wednesday, September 1, 2010

പ്രതികരിക്കുന്ന പൂവ്

                                                         (28.08.2010 ലക്കം)

'എളുപ്പത്തില്‍ ചിരിക്കുന്ന, എളുപ്പത്തില്‍ കരയുന്ന ,ലോക സമാധാനം കാംക്ഷിക്കുന്ന ഒരു സാധാരണ വീട്ടമ്മയായ' മെയ്  ഫ്ലവേര്‍സ്     ഹോം മേക്കേഴ്‌സ് വേള്‍ഡിലൂടെ ( http://mayflower-mayflowers.blogspot.com/)  പ്രതികരിക്കുന്നു, സംവദിക്കുന്നു, ചുറ്റുമുള്ള ലോകത്തോട്..

വലിയ ലോകത്തിലെ ചെറിയ ഞാന്‍
'പത്രം വായിക്കുമ്പോഴും, പലതും കാണുമ്പോഴും ഒക്കെ പ്രതികരിക്കാന്‍ മനസ്സ് വെമ്പും. പക്ഷെ ആരോട് ?എവിടെ? പത്രത്തില്‍ കത്തുകള്‍ അയച്ചാല്‍ KKPP ആണ്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. എന്റെ ഒരു സുഹൃത്ത് നിര്‍ദേശിച്ചു എന്നാല്‍ പിന്നെ ബ്ലോഗില്‍ എഴുതരുതോ എന്ന്. അതൊരു പ്രചോദനമായി. ബ്ലോഗ് ആകുമ്പോള്‍ ആരുടേയും അനുവാദമില്ലാതെ നമ്മുടെ ആശയങ്ങള്‍ എവിടെയെങ്കിലും എഴുതാമല്ലോ.'

ഹോം മേക്കര്‍
'ജോലിക്ക് പോകുന്ന സ്ത്രീകള്‍ അഥവാ വര്‍ക്കിംഗ് വിമന്‍ എപ്പോഴും സമൂഹത്തിന്റെ ആദരം പിടിച്ചു പറ്റുന്നവരാണ്. അതില്‍ കുഴപ്പമില്ല. എന്നാല്‍ വേറൊരു വിഭാഗം കൂടിയുല്ലോ, വീട്ടമ്മമാര്‍ അഥവാ 'ഹോം മെയ്കര്‍'. അവരുടെ നേരെ 'ഓ സീരിയലും കണ്ടു സമയം കളയുന്നവര്‍..'എന്ന ഒരു മനോഭാവമാണ് എല്ലാവര്‍ക്കും. സീരിയലില്‍ ജീവിതം ഹോമിക്കുന്നവര്‍ ഉണ്ടായിരിക്കാം , പക്ഷെ ഭൂരിപക്ഷം സ്ത്രീകളും അങ്ങിനെയുള്ളവരല്ലെന്നു മനസ്സിലാക്കണം.

ജോലിക്ക് പോകുന്ന സ്ത്രീകളുടെ പങ്കപ്പാടുകള്‍ ഓര്‍ത്തു എല്ലാവരും പരിത പിക്കുന്നു. ശരിയാണ്, പക്ഷെ അതിനു പകരമായി അവര്‍ക്ക് ലഭിക്കുന്ന സാ  മ്പത്തിക സ്വാതന്ത്ര്യവും, സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും എന്താണെ ന്ന് മറക്കരുത്. മറ്റേ വര്‍ഗ്ഗത്തിന്റെ അവസ്ഥയോ? ശമ്പളമില്ല, അവധിയില്ല,  ബോണസ്സോ, ഇങ്ക്രിമെന്റോ ഇല്ല. 24 X 7  ഡ്യൂട്ടി.!

വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പിന്നാലെ ഓടിയോടി അവള്‍ തളരുകയാണ്.'ഓഫീസിലൊന്നും പോകാനില്ലാത്തതിനാല്‍ നോ എക്‌സ്യൂസ്് .പുകഴ്ത്തിയില്ലെങ്കിലും അവരെ ഇകഴ്ത്താതിരിക്കുക. നാല് ചുവരു കളുള്ള ഒരു കോണ്‍ക്രീറ്റ് കൂടിനെ ഹോം ആക്കി മാറ്റുന്നവരാണ് ഈ ഹോം മേക്കേഴ്‌സ്' .

അതെ, വീട്ടുകാരിയുടെ സ്‌നേഹത്തിന്റെ  കൈയ്യൊപ്പു പതിയാതെ ഹോം ഉണ്ടാവില്ല. പിന്നെ പുട്ടു മേക്കര്‍(പാത്രം) എന്നും മറ്റും പറയുമ്പോലെ ഹോം മേക്കര്‍ എന്തിന്? ഹൗസ് എക്‌സിക്യുട്ടീവ് ആണ് വേണ്ടത്.

കരിമ്പിന്‍ കാട്ടിലെ ആനകള്‍
'വിവാഹത്തോടനുബന്ധിച്ചു ഒരു ചടങ്ങെന്നോണം നടന്നു വരുന്ന കോപ്രാ യങ്ങള്‍ക്കെതിരെ ഇപ്പോള്‍ പല സ്ഥലങ്ങളിലും ജനകീയ കൂട്ടായ്മകള്‍ ഉണ്ടാ വുന്നു എന്നുള്ളത് വളരെയധികം ആശ്വാസാദായകവും സന്തോഷകരവും ആണ്. പരിപാവനവും ആഹ്ലാദകരവും ആവേണ്ട വിവാഹവേളകള്‍  ഇത്തര ക്കാരെക്കൊണ്ട് പലപ്പോഴും അലങ്കോലപ്പെട്ടു പോകുന്നു. കരിമ്പിന്‍ കാട്ടില്‍ ആന കയറിയ പോലുള്ള അവരുടെ പരാക്രമം കാണുമ്പോള്‍ അടിക്കാന്‍ തോന്നുമെങ്കിലും വരന്റെ കൂടെ വന്നവര്‍ ആയിപ്പോയതിനാല്‍ പുറമേ ചിരി ച്ചു എല്ലാം സഹിക്കല്‍ തന്നെ.

കിണറില്‍ കരി ഓയില്‍ ഒഴിക്കല്‍, ജീവനുള്ള പൂച്ച, തവള മുതലായവയെ ഗിഫ്റ്റ് ആയി കൊടുക്കല്‍ തുടങ്ങിയവ ഇവരുടെ ക്രൂര കൃത്യങ്ങളില്‍ ചിലത് മാത്രം. .ഇത്തരം ആഭാസങ്ങള്‍ക്കെതിരെ സംസാരിക്കവേ ഒരാള്‍ കല്യാണ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചതായി ഇന്നത്തെ പത്രവാര്‍ത്ത. ഇതിനെ തിരെ കുറച്ചു ശക്തമായി തന്നെ ഇനി പ്രതികരിക്കേിയിരിക്കുന്നു. '

'നമ്മള്‍ തമ്മില്‍' , എം.മുകുന്ദന്റെ 'തണ്ണീര്‍ കുടിയന്റെ തണ്ട്  'എന്ന കഥ ഇവയിലൂടെയാണ് ഇക്കാര്യം ആദ്യം  അറിഞ്ഞത്. തമാശയുടെ പേരിലുള്ള ഇത്തരം കാടത്തങ്ങള്‍ നിര്‍ത്തിക്കേത് സമൂഹമാണ്, സര്‍ക്കാരല്ല.

ഉള്ളുലച്ചത്
ഇന്നത്തെ അടിച്ചു പൊളി തലമുറ നിര്‍ബന്ധമായും ചിക്കന്‍ ആല കാര്‍ടെ(06 മിനിട്ട് 09 സെ ദൈര്‍ഘ്യമുള്ള സിനിമ) കാണേണ്ടിയിരിക്കുന്നു. കാരണം, അവര്‍ ജങ്ക് ഫുഡ് ഔട്ട് ലെറ്റുകളില്‍ വേസ്റ്റ് ആക്കുന്നത് കഴിക്കാന്‍ വലിയൊരു വിഭാഗം കാത്തിരിക്കുന്നുണ്ട്് എന്നുള്ള കയ്ക്കുന്ന സത്യം അവരറിയേണ്ടതുണ്ട്.

ഈ ലോകത്ത് ദിവസവും 25000 ആളുകള്‍ പട്ടിണിയാല്‍ മരിക്കുന്നുണ്ട്  എന്ന സത്യം അറിയിച്ചു കൊണ്ട്് ഫിലിം അവസാനിക്കുന്നു.ഏതു കഠിനഹൃദയനും  ഈ ചിത്രം കണ്ടാല്‍ ഒന്ന് വിങ്ങിപ്പോകും. വലിയ സിറ്റികളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നുള്ള ലെഫ്റ്റ് ഓവര്‍ ചേരികളില്‍ വിതരണം ചെയ്യുന്ന സംഘടനകള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ശരിക്കും അത്തരം കൂട്ടങ്ങള്‍ എല്ലാ സ്ഥലത്തും ഉണ്ടാവേണ്ടിയിരിക്കുന്നു. ഞാനോര്‍ക്കുകയാണ്, എന്റെ ഈ കൊച്ചു പഞ്ചായത്തില്‍ പോലും വിവാഹ, സല്‍കാര വേളകളില്‍ എത്ര എത്ര ഭകഷ്യ മേളകളാണ് അരങ്ങേറുന്നത്..എത്ര ഭക്ഷണമാണ് കളയുന്നത്. ജീവിക്കാന്‍ വേണ്ടി തിന്നുക, തിന്നാന്‍ വേണ്ടി ജീവിക്കരുത്..'

ആ കൊച്ചു പഞ്ചായത്തില്‍ അതിനുള്ള തുടക്കം കുറിക്കാന്‍ ചിലപ്പോള്‍ കഴിയും. ഒന്നു ശ്രമിച്ചു കൂടെ.....കൂട്ടിനു കണ്ണൂര്‍ ബൂലോകരെയും വിളിക്കാമല്ലോ.

ഹോം (ഹാം) നഴ്‌സ്, കുറച്ചു കച്ചറക്കാര്യം, ഓര്‍മ്മയിലിന്നും ഞെട്ടല്‍ തുടങ്ങി ചെറിയ വലിയ കാര്യങ്ങള്‍ ഇനിയുമുണ്ട്. കുറച്ചു വാക്കുകളില്‍ കാര്യം പറയുന്ന രീതി ആകര്‍ഷണീയം, കാലാനുസൃതം. പ്രതികരിക്കാന്‍ കാണിക്കുന്ന മനസ്സ് ആദരണീയം. മെയ് മാസത്തില്‍ മാത്രമല്ലാതെ കൊല്ലം മുഴുവന്‍ പൂക്കള്‍ വിരിയട്ടെ. 'തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയാനുള്ള' കരുത്തു  തന്ന് കരുണാമയനായ അള്ളാഹു അനുഗ്രഹിക്കട്ടെ.!..
Tvpm,
10.08.2010

Friday, August 27, 2010

മൈലാഞ്ചി ചോപ്പ്

                             മൈലാഞ്ചിച്ചോപ്പ്
                         (21.08.2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
ഹേനയുടെ മൈലാഞ്ചി ( http://mylanchisays.blogspot.com/ ) കണ്ടപ്പോള്‍ ആദ്യം ശ്രദ്ധിച്ചത്് എന്റെ ചങ്ങാതിയോടുള്ള രൂപസാദൃശ്യമാണ്. പെണ്‍കുട്ടിയില്‍ നിന്ന് അമ്മയിലേക്കുള്ള ചുവടുമാറ്റത്തിന്റെ കഥ പറയുന്ന, മകള്‍ക്കുള്ള പിറന്നാളാംശസ വായിച്ചതും മനസ്സില്‍ കുറിച്ചു, ഇത് എഴുതണം...

പാപ്പൂ ഐ ലവ് യൂ....
.......അങ്ങനെ ആതിരപട്ടേല്‍ എന്ന പാപ്പു എല്ലാരുടേം ഓമനയായി വളര്‍ന്നു...
അല്പം ട്രാജഡി പറ്റിയത് എനിക്കാ..ഈ ഉത്തരവാദിത്തവും പക്വതയും ഒന്നും കുട്ടീടെ കൂടെ കിട്ടുന്ന ഫ്രീ ആക്‌സസറീസൊന്നുമല്ലല്ലൊ.. അതെനിക്ക് വന്നില്ല!!അതു വരാത്തേന്റെ കുഴപ്പം മുഴോനും അനുഭവിച്ചത് പാപ്പുവാണ്... എന്നെത്തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ എനിക്കു പറ്റുന്നില്ല, എന്നിട്ടാ വാശീടെ പൈതൃകമായി ജംബോപാക്ക് വാശി കൊുവന്നിട്ടുള്ള പാപ്പൂനെ..?

മൂന്നാലുകൊല്ലം കഴിയേി വന്നു അല്പമെങ്കിലും 'അമ്മത്തം' വരാന്‍... വാശി എന്നാല്‍ വാശി മാത്രമല്ലെന്നും അത് മറ്റു പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും സ്‌നേഹത്തിന്റെ തുറന്ന പ്രകടനത്തിലൂടെ പല വാശികളേയും മറികടക്കാമെന്നും അറിയാന്‍ ഏറെ വൈകി... വായനയിലൂടെയും മറ്റുള്ളവരുമായുള്ള സംസാരങ്ങളില്‍ നിന്നും ഞാന്‍ മാറേത് എങ്ങനെയെന്ന് മെല്ലെ മെല്ലെ അറിഞ്ഞുതുടങ്ങി...

കഴിഞ്ഞ വര്‍ഷം ''താരെ സമീന്‍ പര്‍'' കപ്പോഴാണ് ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞത്.(''എവരി ചൈല്‍ഡ് ഈസ് സ്‌പെഷ്യല്‍'' എന്നോ മറ്റോ ആണ് അതിന്റെ തലവാചകം)... ഇത്രയും സ്‌പെഷ്യല്‍ ആയ ഒരു കുട്ടിയെ എനിക്ക് കിട്ടിയിട്ടും ഞാന്‍ വേവിധം ശ്രദ്ധിച്ചില്ലല്ലോ എന്ന്..

അപ്പ അടിക്കുമ്പോള്‍ അമ്മ വന്ന് തടയുമെന്നും ആശ്വസിപ്പിക്കുമെന്നും കരുതുന്ന പാപ്പുവി നെ നോക്കി എത്ര തവണ ഞാന്‍ 'അവിടെ കിടന്ന് അടി കൊള്ള്.. ആവശ്യമി ല്ലാതെ വാശി പിടിച്ചിട്ടല്ലേ' എന്ന് മനസില്‍ കരുതിയിരിക്കുന്നു....

അടി ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏട്ടനോട് വഴക്കിട്ട് ഇനി അവളെ തല്ലരുതെന്ന് പറഞ്ഞ്, പിന്നീടുള്ള ഓരോ വാശിക്കും ഏട്ടന്റെ വഴക്ക് വാങ്ങിവച്ചിട്ടുങ്കെിലും.. അതിനു മുന്‍പ് അവള്‍ കൊ  തല്ലിനൊ ന്നും അത് പരിഹാരമാവുന്നില്ലല്ലോ...

മാതൃത്വം എന്നത് മഹത്തായ അനുഭവമാണെന്നും മറ്റൊന്നും അതിനു പകരം വക്കാനാവില്ലെന്നും പലരും പല തരത്തില്‍ എഴുതീട്ടു്, പറഞ്ഞിട്ടു,് എനിക്കു തോന്നുന്നത് ഏതു ബന്ധവും അതിന്റെ വാല്യൂ  അറിയുമ്പോഴാണ് മഹത്തരമാകുന്നത് എന്നാണ്... അങ്ങനെ നോക്കിയാല്‍ അമ്മ എന്ന പദത്തി ന്റെ അര്‍ഥം ഇന്നെനിക്ക് ശരിക്കും അറിയാം.. പക്ഷേ, അത് വേ വിധം പ്രകടിപ്പിക്കാന്‍ ആവുന്നുാേ? അറിയില്ല...

ആദ്യത്തെ കുട്ടി പെണ്ണാവണമെന്നത് എന്റെ ആഗ്രഹമായിരുന്നു...ഞങ്ങള്‍ ഒരുമിച്ചു വളരും... വലുതാകുമ്പോള്‍ ഞാനും അവളും നല്ല ഫ്ര്‌സായിരിക്കും, കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടും.. രഹസ്യങ്ങള്‍ കൈമാറും.. ജനറേഷന്‍ ഗ്യാപ്പിന്റെ പേടിയില്ലാതെ കമ്മ്യൂണിക്കേറ്റ് ചെയ്യും...
ഇന്നിപ്പോ ഞാനും അവളും ഒരേ കമ്മല്‍ ഇടുന്നു... ഒരേ ചെരുപ്പിടുന്നു... അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ പങ്കുവക്കുന്നു... പരസ്പരം താങ്ങാവുന്നു......

എന്നാലും അവള്‍ക്ക് നഷ്ടമായ ആദ്യ കുറച്ചുവര്‍ഷങ്ങള്‍ എങ്ങനെ തിരിച്ചു കൊടുക്കും?എന്തൊക്കെ കുറവുകളുള്ള അമ്മയാണ് ഞാനെന്നാലും പാപ്പൂ, നീയെന്റെ ജീവനാണ്..

.......അച്ചു പഠിപ്പില്‍ മുന്നേറുമ്പോള്‍ നിന്റെ മനസു വിങ്ങുന്നത് അറിയുന്നു്.   അവനെ കൂടുതല്‍ ഞങ്ങള്‍ സ്‌നേഹിക്കുമോ എന്ന പേടി അറിയുന്നു്. പക്ഷേ നീ നീയല്ലേ പാപ്പൂ...നീയാവാന്‍ നിനക്കല്ലേ കഴിയൂ...മറ്റുള്ളവരെ  സഹായിക്കാനു ള്ള മനസ്...സ്‌നേഹം നിറഞ്ഞ ഹൃദയം...എന്തു പണിയും ചെയ്യാനുള്ള ഉത്സാഹം..ഇങ്ങനെ മറ്റു പലരിലും ഇല്ലാത്ത എത്രയോ ഗുണ ങ്ങള്‍ ഉണ്ട് ് നിന്നില്‍...നീയായിരിക്കുക, എന്നും നിന്നെയാണെനിക്കിഷ്ടം.. പാപ്പൂന് ഒരായിരം പിറന്നാളാശംസകള്‍... '

വളരെ നീണ്ട പോസ്റ്റാണ്, എങ്കിലും ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു, ഹൃദയത്തില്‍ തൊട്ട എഴുത്ത്. സ്ഥലപരിമിതി മൂലം പകുതിയോളം ഇട്ടിട്ടില്ല.
ജബുലാനികള്‍
ലോകകപ്പായിരിക്കും...
'ജബുലാനി'യെന്നൊക്കെ
പേരുമിട്ടേക്കും...
വി ഐ പി കള്‍ പുഞ്ചിരിയോടെ
മാറോട് ചേര്‍ത്ത്
ഫോട്ടോക്ക് പോസ് ചെയ്‌തെന്നുമിരിക്കും...
എന്നിട്ടെന്താ!...
കാലുകളില്‍നിന്ന്
കാലുകളിലേക്ക്
തട്ടിക്കളിച്ച്,
വലകാക്കുന്നവന്റെ കൈക്കുള്ളിലോ,
വലക്കകത്തോ...
പലപ്പോഴും
കളത്തില്‍നിന്നുതന്നെ
പുറത്തേക്കും....

ഇനിയും എഴുതില്ലേ ആര്‍ജ്ജവമുള്ള വരികള്‍? ഹേ  നാ , ബോലോ  ബോലോ....

NOTE: അവസാനത്തേ ത്്് പഴയ ഒരു ഹിന്ദിപ്പാട്ടിലെ വരി..'.പപ്പാ കോ മമ്മി സേ പ്യാര്‍ ഹേ....മമ്മീ കോ പപ്പാ സേ പ്യാര്‍ ഹേ...ഹേ നാ, ബോലോ ബോലോ...'.. കുട്ടികള്‍ പാടുന്നത്...

 Tvpm
10.08.2010

Wednesday, August 18, 2010

Saturday, August 7, 2010

ചട്ടിക്കരി

ബൂലോകത്തെ മൊഞ്ചത്തിയായ ഐസിബീന്റെ കോയിക്കോടന്‍ എയുത്ത് ബായിച്ചു മുന്നേറിയപ്പം എന്റെ പീക്കിരി കണ്ണുകള്‍ പുറത്തേക്കു തള്ളി തള്ളി വന്നു...അത്ഭുതം, ആദരം, എന്താ പറയേണ്ട്. കല്‍ബ് കൊണ്ടൊരു പുന്നാരമുത്തം കൊടുത്തു ഈ ബമ്പത്തിക്ക്.

കോളം എഴുതാന്‍ വേണ്ടി വായിക്കാറില്ല ഒരിക്കലും. വായിക്കുമ്പോള്‍ തന്നെ ഇതെഴുതണം എന്നു മനസ്സില്‍ പതിയുകയാണ് പതിവ്. പക്ഷേ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ നന്നെ ബുദ്ധിമുട്ടി. എല്ലാം ഒന്നിനൊന്നു മെച്ചം.

എന്ത് പറയാനാ? (സെപ്റ്റംബര്‍ 2008): 'ഇപ്പിപ്പോ ബൂലോഗത്ത് സര്‍ക്കീട്ടി നിറങ്ങുമ്പം ഇള്ള മുക്കിലും മൂലെയ്‌ലും ഇതന്നെ പ്രസ്‌നം..'എന്റെ ബിസ്വാസോ അന്റെ ബിസ്‌വാസോ മുന്തിയത്?' പിന്നെ അടിയായി, തെറിയായി, അമ്പലോം പള്ളീം ചര്‍ച്ചും കുത്തി പൊളീക്കണ്ട വക്കായി, ഓന്റെ ആചാര്യനെ ഇബനും ഇബന്റെ ആചാര്യനെ ഓനും 'പട്ടിതെണ്ടികുരങ്ങ്യന്‍' വിളിക്കുന്നു, അതിനെ ബാക്കില്ലോല് കമന്റുന്നു... ഹൌ ഹൌ!! ജഹ പൊഹ! ആകെ ഒരു ബിരിയാന്റെ കൊറവു മാത്രമുണ്ട്!

ഞമ്മളവിടേം ഉണ്ട് ക്രിസി ടീച്ചറും, ബ്രഹ്മസമാജത്തിലെ ദേവകി അമ്മയും, ഗുജറാത്തിയായ ഭാവനയും ഹരികാന്തും, അയ്യപ്പനും, ബട്ടക്കോളികളായ അസ്ഫാന്‍ബായിയും, തമിളന്മാരായ രാധാത്താത്തിയും കസ്തൂരി താത്താവും. ഓരു കോലം വരക്കുന്നതിനും, കുരിശു വരക്കുന്നതിനും, ദീപം കൊളു ത്തുന്നതും, മാലയിടുന്നതും ഒക്കെ കണ്ടിട്ടുണ്ട്, ഇന്നു വരെ ആരും അയിനെ പറ്റി മുഖം കറുപ്പിച്ചോ, സമണ്ട് കുറച്ചോ ഒന്നും പരയ്യുന്നത് ഞാന്‍ കേട്ടിട്ടില്ല. നമ്മളു നോമ്പ് തുറക്കാന്‍ വിളിക്കുമ്പം 'അന്റെ നോമ്പിനു ഈ തന്നെ വെട്ടി മിണുങ്ങിയാ മതീന്ന് ആരും പറീന്നെ കേട്ടിട്ടില്ല. മാത്രമല്ല ഓലെ ഡോക്‌ലയും , കള്ളപ്പോം, തൈരുസാദോം, ബിരിയാനും, കാളനും ഓലനും വെട്ടി മിണുങ്ങുമ്പോ ഞമ്മളാരെയും തൊണ്ടക്ക് പിടിച്ചതായും കണ്ടില്ല!

ബിസ്‌വാസോം മനിസത്തോം ബെബ്ബേറയായി തൊടങ്ങിയോ? പേപ്പര്‍ തൊറന്നാ ഒരു തൊന്നൂറ് സതമാനോം കൊല്ലും ബിളീം തന്നെ, എന്റെ മതം ഓന്റെ മതം, തല്‍ക്കാലം ഞമ്മള് ജീവിച്ചാ മതി ദുനിയാവിലു എന്നാണോ? മതം മനിസ്യനെ നന്നാക്കാനായിരിക്കും മന്നത്, ഇപ്പം അതുമില്ല അയിന്റെ പൂടേമില്ല. ഈ മതവികാരം കൊണ്ട് തുള്ള്ന്ന വെളിച്ചപ്പാട്കളോട് എപ്പളും ചോയിക്കണമെന്ന് ബിജാരിക്കും, ധൈര്യം ബെരൂല..തല ബെട്ടിയാലൊ? (വിസ്തരഭയത്താല്‍ കുറച്ചുഭാഗം വിഴുങ്ങുന്നു).....എനിക്ക് ചോയിക്കാനുള്ളത് എന്താണെന്ന് വെച്ചാല്‍....ഡോക്ടര്‍ ഞാന്‍ 26 വയസുള്ള ഒരു യുവതിയാണ്... മതമേതായാലും ഞമ്മള് നന്നായാ പോരേ എന്നാണ്. ഇതൊരു അസുഖമാണോ ഡോക്ടര്‍? '

വേങ്കഌര്‍ :പത്ത് ലണ്ടായിരം പേര്‍ക്ക് കോയിബിരിയാനും അനുബന്ധങ്ങളും വെച്ച് വെളമ്പി, കെസ്സുപാട്ടും മൈലാഞ്ചിയും കയിഞ്ഞ് പൊടിയും തട്ടി എന്നെ എന്റെ പിയാപ്ലന്റെ കൂടെ ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടു.......

'വേങ്ക്‌ലൂരിലു പോണതൊക്കെ സെരി, നല്ല അടക്കും അയാവും ഇണ്ടാവണം. ഞമ്മളാരും കാണ്ന്നില്ലെങ്കിലും പടച്ചോന്‍ അന്റെ എല്ലാ മാഞ്ഞാളോം കാണുന്നുണ്ട് എന്ന് ഓര്‍മ്മ മേണം ്‌നിന്റെ കിബ്‌റും വായിലനാവും ഇബടെ ബെച്ചിട്ട് പോയാ മതി' എന്നു ഉമ്മാമ്മ നീട്ടി കണ്ണും ഉരുട്ടി ആശീര്‍വദിച്ചു. ഇങ്ങളെല്ലാരും ഒരു കാര്യം കേട്ടോളീ..ഈ 'പൊന്നു മോളെ, പോയി വരൂ, സുഖമായി ജീവിക്കൂ. നിന്നെ ഇനിയെന്നു കാണും' എന്നുള്ള ഹ്രിതയസ്പ്രുക്കായ (അതന്നെ!) ഡയലോഗുകള്‍ ലോകമാതാക്കള്‍ക്ക് പഠിപ്പിക്കുമ്പോള്‍ കോഴിക്കോട്ടെ എല്ലാ മിസിമാരും ബിരിയാണി മസാലയുടെ കണക്ക് എഴുതുകയായിരുന്നു എന്നാണ് എന്റെ വിനീതമായ സംശയം. യാതൊരു ഭാവഭേദവുമില്ലാതെ എന്നെയും നാലഞ്ച് കാര്‍ബോട് പെട്ടി മുയുമനും നെയ്‌ചോറരിയും,..........കയിലും കോലും മയക്കിയ ചട്ടീം ഒക്കെ കൂട്ടി കേറ്റി വിട്ടു, 'എത്തിയ പാടന്നെ ആ ബിരിയാണ്‍ന്റെ മസാല എടുത്ത് ഫ്രീസറില്‍ വെക്കണെ..എന്നിട്ട് ഫോണ്‍ വിളിക്ക്.' ...ശേഷം പോസ്റ്റില്‍ കാണൂക.

പണ്ട് പണ്ട് വണ്‍സ് അപ്പോണ്‍ എ ടൈമാ.. :ആറാം ക്ലാസില്‍ പഠിക്കുന്ന പുരാതന കാലത്താ. അന്നൊക്കെ പച്ച ബനിയനും ചൊമന്ന പാന്റും കാതില്‍ രണ്ട് പെയിന്റടിച്ച മുറവും കഴുത്തിന്റെ എല്ലിനു ഇളക്കം സംഭവിച്ച 'ആരാ സംസാരിക്കുന്നത്?' എന്ന വിഭാഗം ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ 'കാനാന്‍ മരക്കല്ലെ! അടുത്ത തേര്‍സ്‌ടേ, റ്റില്‍ തെന്‍ ബൈ ബൈ' എന്നു പറയാനും ആരുമില്ല. കോയി നഹീ. എന്നാലും മാതാപിതാഗുരുര്‍ സദസ്സിന്റെ അനുഗ്രഹത്തോടെ മറക്കാതെ കാണുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഹെഡ്‌സ് & റ്റെയിത്സ്, തലയും വാലും. ഞമ്മളെ മേനകാ കാന്തിയുടെ സൊന്തം സ്‌പോണ്‍സേര്‍ഡ് പരിവാടി. അതു കണ്ട് കണ്ട് പക്ഷി മ്രിഗങ്ങളോട് എനിക്ക് അടങ്ങാത്ത ഒരു മൊഹബ്ബത്തും തൊടങ്ങീനും.'....തുടര്‍ന്നു വായിക്കുക ബ്ലോഗില്‍.

കോഴി അരക്കിലോ, ഉപ്പ് ആവശ്യത്തിന് എന്ന പതിവു ശൈലിയല്ലാതെ, വ്യത്യസ്തവും രസകരവും ആണ് പാചകവര്‍ണ്ണനകളെങ്കിലും, പച്ചക്കറിയായ എനിക്കെന്താ കോയി ഉണ്ടാക്കുന്നിടത്തു കാര്യം, എന്ന് ഞാന്‍ അതെല്ലാം വിട്ടു. ദുഫായിക്കാരന്‍, സായിപ്പിനെ പറ്റിച്ചേ...., സുറാത്ത് ,പൂക്കാക്ക ....എല്ലാം പെരുത്തിഷ്ടപ്പെട്ട പോസ്റ്റുകള്‍.

അവനവനെത്തന്നെ കളിയാക്കി രസിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. പരിസ്ഥിതി പ്രവര്‍ത്തകയായ ഐസിബിക്ക് 'സത്യാന്വേഷണ പരീക്ഷണങ്ങള്‍' (http://chattikkari.blogspot.com/) നിര്‍ഭയം തുടരാന്‍ സര്‍വ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ.

Tvpm
21.7.2010












Saturday, July 31, 2010

സ്‌നേഹാര്‍ത്ഥി

(2010 ജൂലായ് 31 ലക്കത്തിലേക്ക്)

ആശാന്‍ ആശയ ഗംഭീരന്‍ , ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍, വള്ളത്തോള്‍ വാക്യ സുന്ദരന്‍ എന്ന് പഠിച്ചിട്ടുണ്ട് . ചങ്ങമ്പുഴ, മഹാകാവ്യമെഴുതാത്ത മഹാകവി എന്നും . ഇവര്‍ എഴുതിയതു പോലെ അര്‍ത്ഥ-പദ ഭംഗി തികഞ്ഞ കാവ്യങ്ങള്‍ ഇനി കൈരളിക്കു കിട്ടുമെന്നു തോന്നുന്നുമില്ല. അതു കവികളുടെ കുറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ നല്ല കവിതകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് താനും. കവിത്രയത്തെ ആഘോഷിക്കുന്നതിനിടെ പുതിയ കവിതകള്‍ അവഗണിക്കപ്പെടുന്നു എന്ന മന്ത്രി കെ.സുധാകരന്റെ പരാമര്‍ശമാണ് ഇങ്ങനെയെല്ലാം ചിന്തിപ്പിച്ചത്. ഇതാ ഇവിടെ ഒരു പുതിയ കവിയെ പരിചയപ്പെടുത്തുന്നു, മന്ത്രി വായിക്കുമോ ആവോ?

'സ്‌നേഹം നടിക്കുന്നവരെയും കള്ളം പറയുന്നവരെയും വല്ലാതെ വെറുക്കുന്ന' ഭിക്ഷാംദേഹിയുടെ (http://kathayillaaththaval.blogspot.com/ ) ബ്ലോഗില്‍ ഓര്‍മ്മച്ചിന്തുകളും കഥകളും പാരായണ സുഖം തരുന്ന കവിതകളും ഉണ്ട്.
സഖി
കാത്തുനിന്നു ഞാനേകനായ് ദിനം ,
നീ വരുന്നത് കാണുവാന്‍ ,
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്‌നേഹ-,
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ ,
ജീവിതപ്പെരു വീഥിയില്‍ ,
മന്ദഹാസം പൊഴിച്ചണയുന്നു ,
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍

കണ്ടെടുത്തൊരു വാക്ക് ഞാനെന്റെ ,
നെഞ്ചിനുള്ളിലായ് കാത്തത് ,
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ ,
സുന്ദരപദം മല്‍ 'സഖീ '...

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സാഹിത്യവും, കേരളത്തിന്റെ തനതു കലകളും അരച്ചു കലക്കി കുടിച്ച, ബൂലോകത്തെ കലാ-സാഹിത്യസവ്യസാചി എന്‍.ബി. സുരേഷ് (http://kilithooval.blogspot.com/ ) ഈ കവിതയ്ക്ക് ഇട്ട കമന്റ്-

'കാത്തിരിക്കാനൊരാളുണ്ടായിരിക്കുക, അയാള്‍ കാത്തിരിക്കുന്നവന്റെ പ്രതീ ക്ഷ പോലെ ചാരെ അണയുക. സ്‌നേഹം തുളുമ്പുന്ന മനസ്സ് പങ്കു വയ്ക്കുക, പരസ്പരം തിരിച്ചറിയുക. രണ്ടുപേരുടെയും ഹൃദയങ്ങള്‍ ഒന്നുപോലെ ചിന്തിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം. സ്വപ്നങ്ങള്‍ കാണാനുള്ള കണ്ണുകള്‍ ഇപ്പോഴും നമ്മള്‍ക്ക് നഷ്ടമായിട്ടില്ല അല്ലേ. ഒരു പാവം പാവം മനസ്സ് കവിതയില്‍ തുടിക്കുന്നുണ്ട്.'

'സഖി ' എന്നെ ഓര്‍മ്മിപ്പിച്ചത് പ്രൊ. ജി.കുമാരപിള്ളയുടെ 'താരകങ്ങളുറങ്ങിയ രാത്രിയില്‍' എന്നു തുടങ്ങുന്ന ഹൃദ്യ കവിതയാണ്.

മൃഗതൃഷ്ണിക
മിഴിയിണ പൂട്ടിയുറങ്ങേണ്ട നേരത്ത് ,
കണ്‍മിഴിച്ചെന്തിന്നു നോക്കുന്നു ഞാന്‍ സഖേ ,
കാണാത്ത കാഴ്ചകള്‍ കാണുവാനോ അതോ ,
കണ്ടവ വീണ്ടും പകര്‍ത്തുവാനോ ?
..................................................................
കാനല്‍ജലം കണ്ടു മോഹിച്ച മാനിനെ
മരുഭൂമി നെഞ്ചോട് ചേര്‍ത്തപോലെ ,
പൊടിയുന്ന ജീവരക്തത്തിന്റെ കണികയും ,
മാറോടു ചേര്‍ക്കുന്നു ദേവി വസുന്ധര .

ചന്തത്തിലെഴുതിയ താളിന്റെ വരികളില്‍ ,
മഷി പടര്‍ത്താതെ തിരിച്ചു പോകാം ,
ചൊല്ലി പഠിച്ച പാഠങ്ങളുരുവിട്ട് ,
പോകാം നമുക്കിനി കണ്ണേ , മടങ്ങുക

സൗമ്യഭാവം മാത്രമാണ് കവിതകളില്‍ എന്നു കരുതണ്ട. ഭൂമിയെ നശിപ്പിക്കുന്നവരോട്
' ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
'തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും'
എന്നു രോഷം കൊള്ളുന്നു സര്‍വ്വംസഹ എന്ന കവിതയില്‍.

ഏകയായ അമ്മയക്ക് കിട്ടിയ കൂട്ടുകാരന്‍, താന്‍ പോയാലും അമ്മയ്ക്ക് കൂട്ടിനുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്ന രോഗിയായ മകളുടെ കാഴ്ച്ചപ്പാടിലൂടെ പറയുന്ന 'അനഘയുടെ അമ്മ ' എന്ന കഥ നോവുണര്‍ത്തി.

ബ്ലോഗ്, മനസ്സിന്റെ കണ്ണാടി എന്ന് പാഠഭേദം ചെയ്ത്, സാഹിത്യഭംഗിക്കൊപ്പം തെളിഞ്ഞൊരു മനസ്സും കൂടി ദര്‍ശിച്ചു ആ രചനകളില്‍. ഇത്തിരി ബുദ്ധിമുട്ടി കഥകളും കവിതകളും ഒന്ന് എഡിറ്റു ചെയ്തിരുന്നെങ്കില്‍!



Tvpm
21.07.2010


Saturday, July 24, 2010

മണിമുത്തുകള്‍

കാനഡയിലിരുന്ന് കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ശ്രമം നടത്തുന്ന കുഞ്ഞൂസിന്റെ 'മണിമുത്തുകള്‍' കഥകളുടെ കലവറയാണ്. അത്യാധുനിക ഇടിവെട്ടു ശൈലിയോ, ബുജിജാഡയോ ഒന്നുമില്ലാത്ത, വായിച്ചാല്‍ മനസ്സിലാവുന്ന, നിത്യജീവിതഗന്ധമുള്ള കഥകള്‍. അതിലെ ഒരു കഥ.

കര്‍ത്താവും ഭര്‍ത്താവും

'സാമ്പത്തിക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി..ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്.

ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങിനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍, കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍ നിന്ന് ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളി യെ !പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,

'ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. അതെ ഇന്ന് മുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്ക് ഇനി കര്‍ത്താവു മതി. ഹാലേലൂയാ ഹാലേലൂയാ'. ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു ' ഹാലേലൂയാ ഹാലേലൂയാ'

വാര്‍ത്ത നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങിനെ മോളി മാതാവായി മാറി. പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ് ഭക്തരുടെ ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തി നാലു മണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.

മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു. ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത വലി യ ഹാള്‍. മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തി നായി ഇരുനില ബംഗ്ലാവ് ഉയര്‍ന്നു.

അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍, മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ. ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്ക് വന്ന ജനം മാതാവിനെയും ശിഷ്യനെയും കാണാതെ അമ്പരന്നു. എന്ത് സംഭവിച്ചു എന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടു ത്തേക്കു കയ്യില്‍ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി, മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,

'എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി'
ശിഷ്യന്റെ കയ്യും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു. 'and here after they lived happily ever' എന്നു പറയാറായിട്ടില്ല! '

എങ്ങനെയുണ്ട് മോളീമാതാവിന്റെ ബുദ്ധി? പെട്ടെന്നു പണമുണ്ടാക്കാനുള്ള ഏററവും എളുപ്പവഴി അല്ലേ ഭക്തിവ്യവസായം?

കാലത്തിന്റെ കല്‍പ്പടവുകളിലൂടെ, പോക്കുവെയിലിലെ പൊന്ന്് , അമ്മ, മിന്നാമിന്നി തുടങ്ങി കഥകള്‍ ഇനിയുമുണ്ട്. കഥകള്‍ എഴുതിയെഴുതി തെളിയട്ടെ ഇനിയും!

ക്യാമറ കണ്‍മിഴിച്ചപ്പോള്‍ എന്ന ഫോട്ടോബ്ലോഗില്‍ ശ്രീ നാരായണഗുരുദേവന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ കായംകുളം പുതുപ്പള്ളി ദേശ ത്ത് വാരണപ്പിള്ളി തറവാടും ക്ഷേത്രവും ചിത്രങ്ങള്‍ സഹിതമുണ്ട്. അതില്‍ നിന്ന് കായംകുളം കൊച്ചുണ്ണിയും വാരണപ്പിള്ളിയേയും ബന്ധിപ്പിക്കുന്ന കഥ ഇങ്ങനെ-

'കൊള്ളക്കാരനാണെങ്കിലും നല്ലവനായിരുന്ന കൊച്ചുണ്ണി, വാരണപ്പള്ളിയി ലെ അന്നത്തെ കാരണവരുടെ സുഹൃത്ത് കൂടിയായിരുന്നു. മുകളില്‍ കാണു ന്ന അറ (ഫോട്ടോയുണ്ട്.) പണിതു കൊണ്ടിരിക്കുന്ന സമയത്ത്, അതുവഴി വരാനിടയായ കൊച്ചുണ്ണി, എന്തിനാണ് ഇതൊക്കെ എന്നു ചോദിച്ചതിനു, തന്നെപ്പോലുള്ള കള്ളന്മാരെ ഭയന്നാണ് എന്നു കാരണവര്‍ തമാശരൂപത്തില്‍ മറുപടി പറഞ്ഞു. തനിക്കു വാരണപ്പള്ളിയില്‍ നിന്നും ഒന്നും വേണ്ടെന്നു പറഞ്ഞുവെങ്കിലും കയ്യിലിരുന്ന ചുണ്ണാമ്പു ഉപയോഗിച്ച് കതകില്‍ ഒരു വൃ ത്തം വരച്ചു വച്ചു. അന്ന് രാത്രിയില്‍ തന്നെ കൊച്ചുണ്ണി അവിടെ ഒരു ദ്വാരം ഉണ്ടാക്കി കതകു തുറന്നു അകത്തു കയറുകയും പണ്ടങ്ങളും മറ്റും എടുക്കുക യും ചെയ്തു. എന്നിട്ട് കാരണവരെ വിളിച്ചുണര്‍ത്തി, ആ പണ്ടങ്ങള്‍ ഒക്കെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി കൗശലം ഉപയോഗിച്ച് കതകില്‍ ഉണ്ടാക്കിയ ദ്വാരം അവിടെ ഇപ്പോഴും ഉണ്ട്.'

എന്റെ പരീക്ഷണശാല എന്നൊരു പാചകബ്ലോഗു കൂടിയുണ്ട് കുഞ്ഞൂസിന്. കുഞ്ഞൂസിന്റെ മണിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഇതിലേ പോകാം. http://kunjuss.blogspot.com/



Saturday, July 17, 2010

മാണിക്യത്തിളക്കം.

വിശുദ്ധ അല്‍ഫോന്‍സായുടെ കോണ്‍വെന്റ് ബോര്‍ഡിംഗിലെ 'എന്റെ പെണ്‍കുട്ടി കാലവും' , ഇടയ്ക്കിടെ  ആ മഹതിയുടെ എന്റെ ജീവിതത്തിലേക്കുള്ള വിരുന്നു വരവും ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു. അതില്‍ മാണിക്യം ഇട്ട അഭിപ്രായം ഞങ്ങളുടെ ബ്ലോഗ് സൗഹൃദത്തിനു വഴി തെളിച്ചു. സുതാര്യവും മനോഹരവുമായ മാണിക്യച്ചുവപ്പു പോലെ ഹൃദ്യമായ വായനാനുഭവങ്ങള്‍ ആണ് ആ ബ്ലോഗ് എനിക്കു സമ്മാ നിച്ചത്. ആര്‍ജ്ജവം തുളുമ്പും രചനകളില്‍ നിന്നു ചിലത്.

എന്റെ ആദ്യ ആത്മഹത്യാശ്രമം

' ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനി ച്ചു. അന്നു ഒരു ഏഴു വയസ്സില് താഴേ പ്രായം കാണു . ഒരു ദിവസം വീട്ടില് അ ച്ഛനും അമ്മയും ഇല്ലാ, ഞാന്‍ എന്തോ ഒക്കെ ചെയ്തു നടന്നപ്പോള്‍ അച്ഛന്റെ ഓഫീസ് റുമില് കയറി, അവിടെ നരോധനാജ്ഞ ഒള്ളതാ കയറരുത് എന്ന്. അപ്പൊ അച്ഛന്‍് ഇല്ലാത്തപ്പൊഴ് കയറി ആ മേശലുള്ളതൊക്കെ ഒന്നു കാണണം. അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു. കുറെ ചെത്തിക്കുര്‍പ്പിച്ച പെന്‍സില്, ചുവപ്പ്, നീല,പച്ച, കറുപ്പ്, മഷിക്കുപ്പികള്, പല തരം പേനകള്, ബ്ലൊട്ടിങ്ങ് പാഡ്, റബറ്, മുട്ടുസൂചി ,ഇങ്ക് പാഡ്, അതു തുറന്നു കൈ കൊണ്ട് ഒന്നു പിടിച്ചൂ, കൈ നിറയെ അതിലെ മഷി, അതു കാര്യമാക്കീല്ല, വേട്ട തുടര്‍ന്നു ..മേശയില് നല്ല ഒരു മേശവിരിയുണ്ട്..(അമ്മേടെ ഭാഷയില് ആപ്ലിക്ക് വര്‍ക്ക് ചെയ്തതു ) .കൈവിരല്‍ പാടുകള്‍് അവിടെ ഒക്കെ പതിച്ച് ഞാന്‍ ജൈത്ര യാത്ര തുടരുകയാണ്. ഞാന്‍ സൗകര്യാര്‍ത്ഥം മേശേല് ഇരുന്നു. ആ പച്ച മഷിക്കുപ്പി കാണാന്‍ ഒരു ശേലാരുന്നു, അതു കൈയിലെടുത്തു ,അത്രെ അറിയാവു ,പിന്നെ എല്ലാം വളരെ പെട്ടന്നാരുന്നു. മഷി ക്കുപ്പി പൊട്ടി. മേശവിരിയിലും, എന്റെ ഉടുപ്പിലും, നിലത്തും, ആകെ പ്രശ്‌നമായി. െ്രെകം സീന്‍. അപരാധിയായ ഞാന്‍ . കൈയ്യബദ്ധം പറ്റി .അതറിയാം, അടി ഒറപ്പാ . അതീന്ന് രക്ഷപെടാന് ഒരു മാര്‍ഗവും ഇല്ലാ..

ചാവുകതന്നെ. തീരുമാനിച്ചു, അപ്പൊ എങ്ങ നെ ചാകും? തല പൂകഞ്ഞ് ആലോചിച്ചു. അവിടെ ഒരു ദിവസം ഒരു കോഴികുഞ്ഞു ചത്തു, ഒറ്റാലില് ഇട്ടതാ, വെയിലുകൊണ്ടാ ചത്തേ. അന്നു അമ്മ ജോലിക്കാരിയെ ഒത്തി രി വഴക്കു പറഞ്ഞു, അതിനെ വെയിലത്തിട്ടി ട്ടാ ചത്തെ എന്ന്. അപ്പൊ ചാവാന്‍ വഴി തെളിഞ്ഞു . ഞാന്‍ പോയി വെയിലത്തു കിടന്നു. വെയിലു തീരുവോളം, വെയിലും കൊണ്ടു, ചത്തുമില്ല ,കിട്ടാനുള്ള പൂശ് കിട്ടുകേം ചെയ്തു. പിന്നെ മുതല് മുറിപൂട്ടി ഇട്ടിട്ടാ അവരു പുറത്തു പോകാറ്.'
അമ്മയ്ക്ക് ഒരു ദിവസം - അമ്മദിന ചിന്ത .

' വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ. നേരം പുലരും മുന്നെ അമ്മ ഉണര്‍ന്ന് വീട്ടി ലെ എല്ലാ ജോലിയും ചെയ്യും. ഒരു ദിവ സം അമ്മ മൂത്ത മകനോട് പറഞ്ഞു, മോനെ കട യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക, വെള്ളം കോരുക, വിറക് കൊണ്ടു വരിക, ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കു ന്നില്ല , നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സ ഹായിക്കണം, മകന്‍ സമ്മതിച്ചു .തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ് .

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം, ദിവസം 50 പൈസ വച്ച് 2.50 രൂപ. വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ. വിറക് അടുക്കി യത് 4 ദിവ സം 25 പൈസ വീതം 1.00 രൂപ . വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ .ആകെ =10.50 രൂപ

അമ്മ ഇതു വായിച്ചു . ആ കടലാസില്‍ എഴു തിയ തുക അവിടെ വച്ചു. മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു. പി ന്നെ ആണു മകന്‍ കണക്ക് കുറിച്ച കടലാ സിന്റെ മറുപുറത്ത് അമ്മ എഴുതിയത് കാണുന്നത്.

പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ. മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട . എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ. മഞ്ഞപ്പിത്തം വന്നപ്പോള്‍ ശു ശ്രൂഷിച്ചതിനു ഒന്നും വേണ്ട .ചിക്കന്‍ പോക്‌സ് വന്ന് കിടന്ന പ്പോള്‍ രാവും പകലും കൂടെ ഇരുന്നതിനും ഒന്നും വേണ്ട. വീണു കാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്‌കൂളില്‍ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ട. എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട . വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട.' അമ്മയുെട സ്‌നേഹത്തിന് വിലയിടാനാവില്ല എന്ന് മകന്‍ മാനസാന്തരപ്പെട്ടു. നിരുപാധികവും നിസ്വാര്‍ത്ഥവുമായി സ്‌നേഹിക്കേണ്ടത് എങ്ങനെ എന്നു കുട്ടികളെ പഠിപ്പിക്കുകയാണ് അമ്മയായിരിക്കുക എന്നതിനര്‍ത്ഥം എന്നാണ് എക്കാലത്തേയും ഈ നല്ല കഥ അവസാനിപ്പിക്കുന്നത്.*

അമേരിക്കയില്‍ ഹാമില്‍ട്ടണിലെ പള്ളിയില്‍ പോകുന്ന മാണിക്യം, വിദ്യാരൂപിണിയായ സരസ്വതിയേയും, മഹാഭാരത ഏടുകളേയും തുല്യബഹുമാനത്തോടെ കാണുന്നു. ഇതുപോലെ സഹിഷ്ണുത ഉള്ളവരാണ് നമ്മള്‍ കേരളീയര്‍ ഭൂരിപക്ഷവും. എന്നിട്ടും ജോസഫ്- ജാഫര്‍- ഷൈന്‍മാര്‍ ഇവിടെ വേരു പിടിക്കുന്നത് എങ്ങനെ എന്നതു ചിന്തനീയം.

ആസ്വദിേക്കണ്ടേ ഈ മാണിക്യത്തിളക്കം ? ലിങ്ക്- http://maaanikyamisin.blogspot.com/

*അവസാനിപ്പിക്കുന്നത് എന്നത് അവര്‍ ഓര്‍മ്മിപ്പിക്കുന്നത് എന്നു മാറ്റി. മാണിക്യം എഴുതിയ ആംഗലേയത്തിന്റെ മലയാള പരിഭാഷയാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് അവര്‍ക്കു മനസ്സിലയിട്ടുണ്ടാവില്ല.





Sunday, July 11, 2010

ബ്ലോഗെഴുതും പഠിപ്പിസ്റ്റുകള്‍


(ജൂലായ 10-ലെ കേരളകൗമുദിയി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

എം.ടെക് ചെയ്യുന്ന റോസും ഐ.ഐ.ടിയില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയുമാണ് ഇന്നത്തെ ബ്ലോഗര്‍മാര്‍.

അറിയാത്ത വഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുന്ന റോസിന്റെ അയനം നിത്യജീവിതാനുഭവങ്ങളാണ്. നര്‍മ്മവും വൈകാരികതയും ചേര്‍ത്ത് ചാലിച്ചെടുത്തിരിക്കുന്ന അനുഭവവിവരണങ്ങള്‍. മിയ്ക്ക പോസ്റ്റുകള്‍ക്കും സ്വന്തം പെയിന്റിംഗുകളുടെ അകമ്പടിയുമുണ്ട്.

വലുതായിട്ടും കുട്ടിയൊടെന്നവണ്ണം അപ്പൂപ്പന്‍ നന്മക്കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനെപ്പറ്റി- 'ആത്മീയത നിറച്ച ,നന്മയുള്ളവര്‍ മാത്രം കടന്നു വരുന്ന കുട്ടാച്ഛന്റെ പുതിയ കഥകളോട് എന്റെ ഉള്ളിന്റെ യുള്ളിലെ കുട്ടി മുഖം തിരി ക്കുന്നു. ഈ ലോകത്തെ വിടെയാണു ഇങ്ങനെ നന്മ മനുഷ്യര്‍.... അല്ലെങ്കില്‍ കുട്ടിത്തം വിട്ടു അവളുമൊരു ദുഷ്ടയായിപ്പോയിക്കാണണം.'

പഠനം തീര്‍ന്നാലും ഒരിക്കലും വിട്ടുമാറാത്ത പരീക്ഷാപേടികളെക്കുറിച്ച് - 'അങ്ങനെയാണെങ്കില്‍, പരീക്ഷാഹാളില്‍ ഉത്തരമറിയാത്ത ചോദ്യക്കുരുക്കില്‍ പെട്ടു, സമയം തികയാതെ, പേനയുടെ മഷി തീര്‍ന്ന്, എഴുതിയി ട്ടും എഴുതിയിട്ടും തീരാത്ത ഉത്തരങ്ങളുമായി എന്റെ പാവം അമ്മയ്ക്കിപ്പോഴും സ്വപ്നങ്ങളില്‍ പരീക്ഷയെ ഴുതി തകര്‍ക്കേണ്ടി വരുമാ യിരുന്നോ..?' ഇപ്പോഴും പരീക്ഷാ ഹാളില്‍ താമസിച്ചെത്തിയെന്നും ഹാള്‍ ടിക്കറ്റ് മറന്നെന്നും മറ്റും ഞാനും സ്വപ്‌നം കണ്ട് ഞെട്ടാറുണ്ട്.

നല്ല വായനക്കാരി കൂടിയാണ് റോസ്. തസ്ലീമ നസ്‌റീന്റെ പെണ്‍കുട്ടിക്കാലം, ഇന്നസെന്റ് കഥകള്‍, മാധവിക്കുട്ടി ഇവരെല്ലാം പോസ്റ്റുകളില്‍ കടന്നു വരുന്നുണ്ട്. കുത്തിക്കുറിപ്പുകള്‍ എന്ന ലേബലില്‍ കഥകളുണ്ട്. ചെറുപ്പക്കാരി വിധവ തന്റെ കുഞ്ഞുമകനില്‍ ജീവിതലക്ഷ്യം കാണുന്നതും പിന്നീട് അവന്‍ വലുതായപ്പോള്‍ ചാറ്റിംഗും മിസ്സ്ഡ് കോളും ആയി അമ്മയുടെ ലോകത്തില്‍ നിന്ന് വഴുതിമാറുന്നു എന്ന സത്യം അമ്മ അംഗീകിക്കുന്നതുമാണ് ' തനിച്ച് ' എന്ന കഥ.

ഈ പഠിപ്പിസ്റ്റിന് ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ഇഷ്ട ജീവിതം ലഭിക്കട്ടെ. ജീവിതത്തിരക്കുകള്‍ എഴുത്തില്‍ നിന്ന് അകറ്റാതെയുമിരിക്കട്ടെ. വഴി... http://rose-ayanam.blogspot.com/. അവിടെനിന്ന് ശമനതാളത്തിലേക്കും കാഴ്ച്ചയിലേക്കും.
xxx xxx xxx xxx xxx xxx xxxx xxxx xxx xxx

ഇന്ദുലേഖയുടെ നേരും നുണയും സ്വാനുഭവങ്ങളാണ്. ഒരുപാടു സന്തോഷവും കുറച്ചു സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍. എല്ലാം ആസ്വാദ്യകരം.

ഹോസ്റ്റലില്‍ തിക്കൊടിയന്റെ ഒരേ കുടുംബം നാടകം കളിച്ചതിന്റെ ഓര്‍മ്മ-

' തറവാട്ടമ്മ അഥവാ മീനാക്ഷിയമ്മ രാവിലെ വിളക്ക് കൊളുത്തി ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുന്നതാണ് കഥാ സന്ദര്‍ഭം. നല്ല ഒരു സത്യ ക്രിസ്ത്യാനിയായ ആവിയാണ് മീനാക്ഷിയമ്മയുടെ വേഷത്തില്‍. സെറ്റും മുണ്ടും ഒക്കെ ഉടുത്തു നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്ക്കുന്ന ആവിയെ കണ്ടാല്‍ മീനാക്ഷി അമ്മ അല്ല എന്ന് സാക്ഷാല്‍ തിക്കോടിയന്‍ പോലും പറയില്ല. അങ്ങനെ നിലവിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ നോക്കി മീനാക്ഷി അമ്മ പ്രാര്‍ത്ഥിച്ചു തുടങ്ങി. നാടകത്തിലെ ആദ്യ ഡയലോഗ് ' എന്റെ കര്‍ത്താവീശോ മിശിഹയായ തമ്പു രാനേ'. ഏത് കോലം കെട്ടി യിട്ടും എന്ത് കാര്യം. ഡയലോഗ് പറയുന്ന കാര്യം വന്നപ്പോള്‍ അവള്‍ തനി നസ്രാണി ആയി'.

തോല്‍ക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് ഐ.ഐ.ടി. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ കൂട്ടുകാരിയെപ്പറ്റി 'സ്വരം നഷ്ടപ്പെട്ട വാനമ്പാടി ' എന്ന സങ്കട പോസ്റ്റില്‍ നിന്ന്്-

'അവള്‍ക്കു തോല്‍ക്കാന്‍ പേടി ആയിരുന്നു. പഠനം അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലാത്ത അവള്‍ തോല്‍വി നേരിട്ടിരുന്നില്ല എന്നതായിരുന്നു സത്യം. എന്തൊരു വിരോധാഭാസം അല്ലെ !! നാം എപ്പോഴും ജയിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അന്ന് ഞാന്‍ മനസ്സി ലാക്കി തോല്‍ക്കാന്‍ പഠിക്കേണ്ടതിന്റെ ആവശ്യകത.

അവള്‍ 6 മാസങ്ങള്‍ക്ക് മുന്പ് കോഴിക്കോട്ടേക്കു വണ്ടി കയറി. പെട്ടെന്ന് അവള്‍ക്കു ഒരു ആരോഗ്യ പ്രശ്‌നം. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ. ആശുപത്രികള്‍, മരുന്ന്, സര്‍ജറി..ഇപ്പോള്‍ എല്ലാം ഭേദമായി, പക്ഷെ സര്‍ജറിക്ക് ശേഷം അവള്‍ക്കു ഇതു വരെ ഒച്ച വീണ്ടെടുക്കാന്‍ ആയിട്ടില്ല. ഏത് നേരവും കല പില സംസാരിച്ചിരുന്നവള്‍, അക്ഷരമാല ചൊല്ലാന്‍ യത്‌നിക്കുന്നു . എന്താ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥി ക്കേണ്ടത്? നീ ഒരിക്കലും തോല്‍ക്കാതിരിക്കട്ടെ എന്നോ? അതോ നീ തോല്‍ക്കാന്‍ പഠിച്ചു അതിലൂടെ ജയിക്കട്ടെ എന്നോ !!'

ഗവേഷണം ഉയര്‍ന്ന നിലയില്‍ പൂര്‍ത്തിയാക്കി, ഉഴറുന്ന മനുഷ്യമനസ്സുകള്‍ക്ക് താങ്ങും തണലുമാകാന്‍ ഇന്ദുവിനു കഴിയട്ടെ. ഒപ്പം എഴുത്തിലൂടെയും മുന്നേറട്ടെ. ലിങ്ക് ഇതാ-
http://nerumnunayum-indulekha.blogspot.com/


Saturday, July 3, 2010

ആത്മസംഘര്‍ഷങ്ങള്‍

ചിലര്‍ക്കെങ്കിലും മന: സംഘര്‍ഷങ്ങളൊഴിവാക്കുന്ന ആത്മപ്രകാശനവഴിയാണ് ബ്ലോഗെഴുത്ത്.

താളുകള്‍ മറിയുമ്പോള്‍ (http://chippikkulmuththu.blogspot.com/) എന്ന ബ്ലോഗിലേക്ക്. അബദ്ധവശാല്‍ ഈ ഭൂമി യില്‍ ജനിച്ചുപോയ ഒരു ആത്മാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആത്മ എന്തിനു ബ്ലോഗെഴുതുന്നു എന്ന് നോക്കൂ- 'ഈ ബ്‌ളോഗ് ഞാന്‍ എഴുതുന്നതു തന്നെ എന്നിലെ എന്നെ കണ്ടു പിടിക്കാന്‍ കൂടിയാണ്....പിന്നെ, നാം ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും വേണമല്ലോ'.

ഒട്ടും നിയമബദ്ധമല്ലാത്ത, സുതാര്യമായ എഴുത്ത് . ചെറുകഥ, ജീവിതം എന്നൊക്കെ ഗ്രൂപ്പു ചെയ്തിട്ടുണ്ടെങ്കിലും, ധാരാളം വായിക്കുന്ന, ഉയര്‍ന്ന ബുദ്ധിവ്യാപാരങ്ങളുള്ള വ്യക്തിക്ക് അവനവനെ മറന്നു ജീവിക്കേണ്ടി വരുന്നതിലുള്ള ആത്മവ്യഥകളാണ് മുഴുവനും. ഞാന്‍ എന്നതിനു പകരം ആത്മ എന്ന് കൂടുതല്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.

ആഴമുള്ള വായന നല്‍കുന്ന തിരിച്ചറിവുകള്‍ ആത്മസംഘര്‍ഷങ്ങളുണ്ടാക്കും. ഇല്ലെങ്കില്‍ കൂപമണ്ഡൂകം പോലങ്ങു ജീവിക്കാമല്ലോ. ആശപൂര്‍ണ്ണാദേവി, പൗലോ ക്വയിലോ, ഖാലിദ് ഹുസൈന്‍ തുടങ്ങിയവരുടെ വായനാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട് ആത്മ. തിരിച്ചറിവുകള്‍ വിഷമമുണ്ടാക്കുമ്പോഴും പ്രയോഗികത കൈവിടാതെ ചിന്തിക്കുന്നുമുണ്ട്.

ജയശ്രീമിശ്രയുടെ Ancient Promises നെപ്പറ്റി- ' ഇതിലെ നായികയെക്കാളും വലിയ അവഗണനകള്‍ സ്‌നേഹ ശൂന്യത ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച ഒരുപാടുപേരെ അറിയാം. അവരൊക്കെ ഇന്ന് മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി ഒപ്പം ഭര്‍ത്താവും ഒരുവിധം സഹിക്കബിള്‍ ആയി ജീവിക്കുന്നു. ചാരിതാര്‍ത്ഥ്യത്തോടെ..എല്ലാം എടുത്തെറിഞ്ഞ് പോയി രുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ, ഒന്നും കാണി ല്ലായിരുന്നു. .ഒറ്റപ്പെടല്‍ ഒഴിച്ച്..കാരണം അവര്‍ക്കാക്കും അവരെ കാത്തി രിക്കുന്ന ഒരു ബോയ് ഫ്രണ്ടോ വിദേശവാസമോ ഒന്നും ഉണ്ടാവില്ലല്ലൊ.'

' 'ഏന്‍ഷ്യന്റ് പ്രോമിസസ് ' വായിച്ച് 'ആത്മയോട് ഇവിടുള്ളവര്‍ ഒക്കെ അതിലും വലിയ അനീതി കാട്ടീട്ടും ആത്മ ഒക്കെ സഹിച്ച് ഒരു പരുവമായല്ലോ..' എന്നുള്ള സെല്‍ഫ് പിറ്റിയുമായി നടന്നതുകാരണം, കുടും ബത്തില്‍ ഉള്ള സമാധാനവും പോയിക്കിട്ടി! ഇതാണ് പറയുന്നത്, ചില ബുക്കുകള്‍ ഒക്കെ വായിക്കാന്‍ പോലും മലയാളി സ്ത്രീകള്‍ യോഗ്യരല്ല, പിന്നെയാണു അതു പോലൊക്കെ ജീവിക്കുന്നത്! ഒന്നു ചീഞ്ഞാലും മറ്റേതെങ്കിലും തഴച്ച് വളര്‍ന്നോട്ടെ എന്ന ഒരു തത്വമാണ് മലയാളി വീട്ടമ്മമാര്‍ക്കൊക്കെ നന്നെന്ന് തോന്നുന്നു.'

പൗലോ ക്വയിലോയെപ്പറ്റി-ഈ പൌലോ അണ്ണനും ആത്മേം തമ്മില്‍ വലിയ ഒരു ചേര്‍ച്ചയുണ്ട് (ചിന്തകളില്‍). ഹും! ആത്മയുടെ ചിന്തകള്‍ ചിന്തകളായി തന്നെ തുടരുകയും. പൌലോയുടെ ചിന്തകള്‍ നല്ല നല്ല പുസ്തകങ്ങളായി കോടികണക്കിന് കാശുവാരുകയും!

പ്രായത്തെപ്പറ്റിയുള്ള ചിന്തകള്‍- '20-40 വയസ്സുകാര്‍ ശരിക്കും യൗവ്വന യുക്തര്‍, കുട്ടികളെ വളര്‍ത്തലും മറ്റുമായി പ്രായം കടന്നു പോകുന്നതറിയാതെ ജീവിക്കുന്നവര്‍ .'

'മോഹന്‍ലാല്‍ അമ്പതു വയസ്സ് ആഘോഷിച്ചത്രെ! പത്തുവയസ്സില്‍ കൂടുതല്‍ പ്രായമുള്ള മമ്മൂക്ക അതിലും ചെറുപ്പമായി ഇരിക്കുന്നു. അപ്പോള്‍ പ്രായമല്ല വയസ്സാക്കുന്നത്. ഫിറ്റ്‌നസ്സ്.. ഫിറ്റ്‌നസ്സ്...നമ്മുടെ ഷാരൂഖാനും ആത്മേടെ ഒരു കൂട്ടുകാരിയും സമപ്രായക്കാര്‍. .കൂട്ടുകാരി അമ്മുമ്മയാകാന്‍ പോകുന്നു.. ഷാരുവോ, നല്ല ടീനേജ് കാരിയുടെ തോളേല്‍ കയ്യുമിട്ട് 'ആഷ് പീഷ് കൂഷ് ..'ഒക്കെ പറഞ്ഞ് വിലസുകയും!എന്റെ 16 വയസ്സുള്ള മകാളും ഷാരൂഖിന്റെ ആരാധിക! ഹല്ല പിന്നെ!'

ഇത്തിരി വെട്ടം (കഥ)-നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് , അതോ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?

റിസല്‍റ്റ്(കഥ)-'ഡോക്ടര്‍ ഇനി ഈ ടെസ്റ്റ് എന്നെടുക്കണം.., ഇങ്ങിനെ അസുഖം ഉണ്ടെന്നു കരുതി ഇല്ലെന്നറിയുന്ന ഈ ടെസ്റ്റ്?'

മേയിലെ 'വായന'യില്‍ നിന്ന്-'ഒടുവില്‍ ഗത്യന്തരമില്ലാതെ വീണ്ടും വെജിറ്റേറിയന്‍ ആയി നോക്കി. ഒരല്പം മന സ്സമാധാനം കിട്ടി!അപ്പോള്‍ സന്തോഷം കിട്ടാന്‍ ആക്രാന്തമല്ല വേണ്ടത്, ത്വജിക്കലാണു വേണ്ടത് എന്ന് മനസ്സിലാവുന്നു. എന്തൊക്കെ ത്വജിക്കണം എന്നതിലാണു മനസ്സിന്റെ സമാധാനം നിലനില്ക്കുന്നതെന്നു തോന്നുന്നു..'

ആത്മാന്വേഷണം ആത്മ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.








Saturday, June 26, 2010

വര്‍ണ്ണക്കൂട്ട്

(ജൂണ്‍ 26 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
ആവര്‍ത്തന വിരസമാണ് ജീവിതം എന്ന അനിവാര്യത. സര്‍വ്വായുരാരോഗ്യസമ്പല്‍ സമൃദ്ധിക്കിടയിലും ഇതു പലപ്പോഴും മടുപ്പുളവാക്കിയെന്നു വരാം. ഈ മടുപ്പില്‍ നിന്നുള്ള മോചനവഴിയാണ് ഒഴിവു സമയ വിനോദങ്ങള്‍ . ബ്ലോഗിലൂടെ തങ്ങളുടെ ഹോബികള്‍ പങ്കു വയ്ക്കുന്ന രണ്ടു പേരെ പരിചയപ്പെടാം.

മൈ പാലറ്റ്- ജ്യോയുടെ അത്യാകര്‍ഷകങ്ങളായ പെയി ന്റിംഗുകളാണ് എന്നെ ഇവിടെയെത്തിച്ചത്. രൗദ്രം, ഭാര തീയ സംസ്‌കൃതി, ആഫ്രിക്കന്‍ കലകള്‍ തുടങ്ങി അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗുകളാണിവിടെ. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചത്, പാകപ്പിഴകള്‍ ഏറെയുണ്ട് എന്ന അടിക്കുറിപ്പോടെ മ്യൂറല്‍ പെയിന്റിംഗുകളുമുണ്ട്. ഈ ക്ഷേത്രകല മമ്മിയൂരില്‍ പോയി പഠിക്കണം എന്നു വൃഥാ മോഹിച്ചിട്ടുള്ളതു കൊണ്ടാവാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഈ മ്യൂറല്‍ പെയിന്റിംഗുകള്‍ തന്നെ. ജ്യോയുടെ വര്‍ണ്ണവൈവിദ്ധ്യം തുറക്കാനുള്ള താക്കോല്‍ -http://jyo-rainbow.blogspot.com/


ഉലകം ചുറ്റും വാലിബയാണ് ജ്യോ. ആഫ്രിക്കന്‍ സഫാരിയും, ഞാന്‍ കണ്ട ലോകവും പടം സഹിതമുള്ള യാത്രാ വിവരണങ്ങളാണ് . എന്റെ ജീവിതയാത്രയിലെ കുട്ടിക്കാലവിശകലനം മനസ്സില്‍ നോവുണര്‍ത്തി. എട്ട് ഏക്കറോളം പറമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തതും അവിടെ ഒറ്റ ദിവസം കൊണ്ട് 60 വീടുകള്‍ വന്നതും അധികാരം ഒഴിഞ്ഞ രാജ്ഞിയുടെ നിസ്സഹായത പ്രതിഫലിച്ച അമ്മയുടെ കണ്ണുകളും എല്ലാം മറവിയുടെ ചവറ്റുകുട്ടയിലേക്കു തള്ളിയിരുന്ന പല കേട്ടറിവുകളും എന്നെ ഓര്‍മ്മപ്പെടുത്തി. ശരിക്കും മിച്ചഭൂമിയുണ്ടായിട്ടും ബുദ്ധിവൈഭവം മൂലം അതില്‍ തരി പോലും സര്‍ക്കാരിനു നല്‍കാതെ ജീവിച്ച മിടുക്കരെപ്പറ്റി, ജീവിതമാര്‍ഗ്ഗമായ കൃഷിഭൂമിയുടെ ഭാഗം മിച്ചഭൂമിയെന്നു നഷ്ടപ്പെട്ട നല്ലവരെന്ന വിഡ്ഢികളെപ്പറ്റി...ഏതു പരിഷ്‌ക്കാരത്തിനും ഉണ്ടാകും കുറെ ബലിയാടുകള്‍. അവരെപ്പറ്റി പറയാന്‍ അക്കാലത്ത് പക്ഷേ ചാനലുകള്‍ ഇല്ലായിരുന്നുവല്ലോ.


ആഷാഢം- കരകൗശലം, പെയിന്റിംഗ്, ഫോട്ടോ, പാചകം, സസ്യലോകം അങ്ങനെ എല്ലാം കൂടി ഒരു നല്ല അവിയലാണ് ഹൈദരാബാദില്‍ താമസിക്കുന്ന ആഷയുടെ ബ്ലോഗ്. തടിച്ചുരുള്‍ ചിത്രം, ടിഷ്യൂപേപ്പര്‍ പൂവ്, പഞ്ഞപ്പുല്‍ച്ചിത്രം ,സ്റ്റഫ്ഡ് കോഴിക്കുഞ്ഞ്, ഇവയെല്ലാം എങ്ങനെ ചെയ്യണം എന്നത് പടിപടിയായി ഫോട്ടോ സഹിതം വളരെ വിശദമായി വര്‍ണ്ണിച്ചിട്ടുണ്ട്. ഗ്ലാസ്സ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട് ആണ് മറ്റൊന്ന്.


ഹൈദരാബാദിലെ ബട്ടര്‍ഫ്‌ളൈ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഭാഗമായി നടന്ന പഠനത്തില്‍ പങ്കെടുത്ത ആഷ ഇരുതലശലഭം ഉള്‍പ്പടെ ചിത്രശലഭങ്ങളുടെ മനോഹരഫോട്ടോകള്‍ ഇട്ടിട്ടുണ്ട്. ഇത്തിരി ആയുസ്സ് ,ഒത്തിരി സൗന്ദര്യം ! കര്‍ണൂല്‍ ജില്ലയിലെ മഹാനദി ക്ഷേത്രത്തിലെ 5 അടി താഴ്ച്ചയുള്ള തെളിനീര്‍ക്കുളവും അതിലെ സ്ഫടികജലത്തിന്റെ വശ്യസൗന്ദര്യവും ക്യാമറയിലൊപ്പിയിട്ടുണ്ട് ആഷ. മാനസസരസ്സിന്റെ ഒരു മൈക്രോപ്പതിപ്പ്.

ചക്കരക്കാപ്പി അഥവാ കരുപ്പട്ടിക്കാപ്പി, അച്ചാര്‍ എന്നിങ്ങനെ പാചക പൊടിക്കൈകള്‍, ദശപുഷ്പങ്ങളും അവയുടെ ഔഷധഗുണങ്ങളും എല്ലാം പടം സഹിതം വര്‍ണ്ണിക്കുന്നുണ്ടിവിടെ.

പ്രകൃതിസ്‌നേഹം അലതല്ലുന്നുണ്ട് ആഷയുടെ ബ്ലോഗിലുടനീളം.ഒപ്പം നര്‍മ്മം ചാലിച്ച കുറിപ്പുകള്‍, തലക്കെട്ടുകള്‍.

ചിത്രക്കളരി എന്നൊരു ഫോട്ടോ ബ്ലോഗു കൂടിയുണ്ട് ആഷ്‌ക്ക്. താരാമതി ബാരാധരി തുടങ്ങി ധാരാളം ഫോട്ടോകള്‍ അതിന്റെ പിന്‍കഥ കള്‍ സഹിതം ഇവിടെയുമുണ്ട്. അതു കണ്ടു തന്നെ മനസ്സിലാക്കണം. ആഷ പഠിപ്പിച്ച പാഠം നോക്കി കരകൗശലം ചെയ്യണ്ടേ...ഇതിലേ പോകാം http://ashaadam.blogspot.com/

(ഒരു പടം കൂടിയിട്ടിട്ടുണ്ട് അവര്‍. അവരുടെ ഓണ്‍ലൈന്‍ നോക്കിയാല്‍ കാണാമായിരിക്കും.)







Saturday, June 19, 2010

ചിരിയ്ക്കാം, ചിന്തിക്കാം


(ജൂണ്‍ 19 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

നര്‍മ്മം പെണ്ണിനു വഴങ്ങില്ലേ? ഉവ്വ്, നൂറുവട്ടം. രണ്ടു വിദേശ ബൂലോകര്‍ ഇതു തെളിയിക്കും.

http://malabar-express.blogspot.com ല്‍ കയറിയാല്‍ കൊച്ചുത്രേസ്യയുടെ ലോകം കാണാം. അവിടെ കഥയും കവിതയും ഇല്ല, നെടുനെടുങ്കന്‍ സാഹിത്യവും ഇല്ല. ഞാന്‍ സീരിയസ്സായി, ഞാന്‍ നോര്‍മലായി, സഞ്ചാരസാഹിത്യം, ലേബലൊന്നും കിട്ടിയില്ല എന്നിങ്ങനെ നാലു കൂട്ടമായി തിരിച്ചിരിക്കുന്ന എഴുത്തുകളെല്ലാം ജീവിതച്ചിന്തുകള്‍.

സീരിയസ്സ് എഴുത്തുകള്‍ വായിച്ചപ്പോഴേയ്ക്കും തന്നെ ഞാന്‍ കൊ.ത്രേ.ഫാനായി മാറി. ദൈവം, മതം, സിനിമ, കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം ,സ്ത്രീധനം ഇവയെക്കുറിച്ചെല്ലാം സ്വാനുഭവ വെളിച്ചത്തില്‍ എത്ര പാകത വന്ന കാഴ്ച്ചപ്പാടുകള്‍.

നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട് ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്ന നയം വ്യക്തമാക്കുന്നു എന്ന പോസ്റ്റ്, പെണ്ണുകാണാന്‍ വന്ന ചെക്കനുള്ള കത്താണ്. സ്ത്രീധനത്തെക്കുറിച്ച് നല്ലൊരു അപഗ്രഥനം. 'സ്വന്തം കാലില്‍ നില്‍ക്കാനായി, ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ് ഈയൊരവസ്ഥ.' അദ്ധ്വാനിച്ചു സമ്പാദിക്കുന്ന, ബുദ്ധിയും വിവേകവുമുള്ള, ഈ മിടുമിടുക്കി അച്ചായത്തിക്കുട്ടിയേക്കാള്‍ വലിയ എന്തു സ്ത്രീധനം ആണാവോ അച്ചായന്‍ ചുള്ളന്മാര്‍ക്കു വേണ്ടത്?

എന്റെ ദൈവവും ദേവാലയവും എന്ന പോസ്റ്റില്‍ നിന്ന്-ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്.അതില്‍ നോക്കിയാണ് പ്രാര്‍ത്ഥന. ഒന്ന് എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ, യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന് ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും'

നോര്‍മല്‍ എന്ന വകുപ്പില്‍ പൊട്ടിച്ചിരിപ്പിക്കുന്ന , അനുഭവവിവരണങ്ങളാണ്. അതില്‍ നിന്നു കുറച്ചടെുത്ത് ഇടാനാവില്ല. വായിക്ക തന്നെ വേണം.

മലബാര്‍ എക്‌സ്പ്രസ്സ് ചുവന്ന കൊടി കാണാതെ ഓടിക്കൊണ്ടേയിരിക്കട്ടെ. കൊ.ത്രേയുടെ അനുയായിവൃന്ദം 298 ല്‍ നിന്ന് എത്രയും പെട്ടെന്ന് 892 ലേക്കു ചാടട്ടെ. ഇപ്പോള്‍ ഈ ബ്ലോഗില്‍ ഇറ്റലി യാത്രാവര്‍ണ്ണന തകര്‍ക്കുകയാണ്. വായിക്കേണ്ടേ?. ജാഗ്രതൈ-ചിരിക്കാനിഷ്ടമല്ലാത്തവര്‍ ഈ ബ്ലോഗ് വായിക്കരുത്.

http://vayady.blogspot.com/ എന്ന വായാടി തത്തമ്മയെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്, ആള് അരക്കിലോ , നാക്ക് മുക്കാല്‍ കിലോ എന്ന പോസ്‌റ്റോടെയാണ് . കാണാക്കണ്മണിയെന്ന സിനിമയിലെ കുരുന്നു കുട്ടിയുടെ വായിലൂടെ വന്ന വലിയ വര്‍ത്തമാനത്തെയും സമാന പ്രവണതകളേയും നിശിതമായി വിമര്‍ശിച്ച വായാടിയുടെ എഴുത്തില്‍ നിന്ന് - കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി അവതരിപ്പിക്കുന്നതും, അവരുടെ പ്രായത്തിനിണങ്ങുന്ന ഡയലോഗുകള്‍ സംസാരിപ്പിക്കുന്നതും ആണ് മനോഹരം എന്ന് നമ്മുടെ സംവിധായകര്‍ എന്നാണാവോ മനസ്സിലാക്കുക? -മാതാപിതാക്കളും സിനിമാ സംവിധായകരും ഇതു ശ്രദ്ധിക്കട്ടെ.

സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ച 'എര്‍നാകുലംകാരി' പിങ്കി അമേരിക്കയില്‍ വന്നു 'മലയാലം പരയാന്‍' തുടങ്ങിയതിനെക്കുറിച്ചുള്ള മല്യാലം കുരയ്ക്കുന്ന പെണ്‍കുട്ടി വായിച്ചു നോക്കൂ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മിസ്.കേരള അര്‍ച്ചന നായര്‍, ഒരു അമേരിക്കന്‍ പ്രൊഫസര്‍, ഒരു റഷ്യാക്കാരി എന്നിവരുടെ ശുദ്ധമലയാളം കേള്‍പ്പിച്ച്, മാതൃഭാഷയെ ഇത്രമാത്രം അവഹേളിക്കുന്ന ഒരു ജനതയെ ഞാന്‍ കണ്ടിട്ടേയില്ല എന്നു വായാടി മലയാളിയെപ്പറ്റി ധര്‍മ്മരോഷം കൊള്ളുന്നത് ന്യായം. സ്റ്റൈലിഷ് മലയാളം എന്ന പേരില്‍ ഭാഷയെ അപമാനിക്കുന്ന ടി.വി. അവതാരകര്‍ ആ ക്ലിപ്പിംഗ്‌സ് ഒന്നു കേട്ടെങ്കില്‍. അമ്മേ വല്ലതും തരണേ എന്ന പോസ്റ്റ് എസ്.എം.എസ് യാചിക്കേണ്ടി വരുന്ന റിയാലിറ്റി ഷോ കുട്ടികളുടെ ഗതികേടിനെ കളിയാക്കുന്നു.

ഗ്രാന്‍ഡ് കാനിയന്‍ മലനിരകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ബ്രഹ്മ-വിഷ്ണു-ശിവ ക്ഷേത്രങ്ങള്‍, ലാസ് വെഗാസിലെ രാമന്‍ അയാളാ എന്ന പരസ്യം തുടങ്ങി പലതുമുണ്ട് വായാടിക്കു നമ്മെ അത്ഭുതപ്പെടുത്തുവാന്‍. ഫോട്ടോ ബ്ലോഗു വേറേയും. ബ്ലോഗിലെ ശാരികപൈങ്കിളി വായാടിക്ക് വച്ചടി വച്ചടി കയറ്റം നല്‍കട്ടെ! ആ കയറ്റം കണ്ട് ആനന്ദിക്കാന്‍ ബൂലോകത്ത് ഒരു മൂലയില്‍ ഞാനും ഉണ്ടാകും.