Monday, April 25, 2011

ചിദംബരസ്മരണയില്‍......

(Online link of Varika pblished 23.04.2011)
' ബ്ലോഗുലകം' എന്നു തുടങ്ങി 'വെബ്‌സ്‌കാന്‍' ആയി രൂപാന്തരം പ്രാപിച്ച ഈ പംക്തി തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഒരു കാലത്ത് ക്ഷുഭിതയൗവ്വനപ്രതീകമായി യുവത്വത്തെ ഹരം പിടിപ്പിച്ച കവി, ചിദംബരസ്മരണയുടെ രചയിതാവ്, ഇപ്പോള്‍ സീരിയല്‍ ,സിനിമകള്‍ക്കൊപ്പം ബ്ലോഗ് എന്ന ജനകീയ മാദ്ധ്യമത്തിലും സജീവം-ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ' തുറമുഖം'- http://balachandranchullikkad.blogspot.com/ ബ്ലോഗ് പരിചയപ്പെടുത്തട്ടെ ഈ ഒന്നാം പിറന്നാള്‍ ദിനത്തില്‍.

സെലിബ്രിറ്റി ബ്ലോഗുകള്‍ അനവധി. പക്ഷേ പലരും കുറച്ചെഴുതി നിര്‍ത്തും. അവരുടെ അഭിപ്രായപ്പെട്ടികള്‍ നിറയും, എന്നാല്‍ മറുപടി കൊടുക്കലില്ല, മറ്റുള്ള ബ്ലോഗുകളില്‍ കമന്റിടുകയും ഇല്ല. സമയക്കുറവാകാം. ശ്രീ.ചുള്ളിക്കാട് ഇതിലെല്ലാം തികച്ചും വിഭിന്നനാണ്. കൃത്യമായി എല്ലാവര്‍ക്കും മറുപടി കൊടുക്കും, മറ്റുള്ളവരുടേതില്‍ അഭിപ്രായം അറിയിക്കും, ചുരുക്കത്തില്‍ നമുക്ക് കൂട്ടത്തിലൊരാള്‍ എന്നു തോന്നും. കാര്യമാത്രപ്രസക്തമായ ചെറുലേഖനങ്ങളും കവിതകളുമാണ് കവിയുടെ ബ്ലോഗിലുള്ളത്.

ശ്രീനാരായണഗുരുദേവന്‍ എന്ന ലേഖനത്തില്‍ നിന്ന്-'തുഞ്ചത്തെഴുത്തച്ഛന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മലയാള കവിയും ശ്രീനാരായണഗുരുദേവന്‍ തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമാ യ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂര്‍ണ്ണതയോ ലൗകികനാ യ കുമാരനാശാന്റെ കവിതകളില്‍ ഇല്ല എന്നാണ് എന്റെ അനുഭവം...ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു: ' 'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും;നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.' '. ഇതിന് ഗുരു നിത്യചൈതന്യയതി രചിച്ച ഇംഗ്ലീഷ് ഭാഷ്യവും നല്‍കിയിട്ടുണ്ട്.

ജാതിവ്യവസ്ഥയെന്ന കൊടും ഭീകരതയെപ്പറ്റിയുള്ള മഹാകാവ്യം, ദളിത് തീവ്രവാദം എന്നീ ലേഖനങ്ങള്‍ ചിന്തോദ്ദീപകങ്ങളാണ്. 'സാഹിത്യശില്‍പ്പശാല' യില്‍ നിന്ന്-
'മഹത്തായ സാഹിത്യകൃതികള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുപഠിക്കുക. എന്താണു സാഹിത്യമെന്നും എങ്ങനെ സാഹിത്യം എഴുതാം എന്നും അപ്പോള്‍ താനേ മനസ്സിലാവും. സ്വന്തം സാഹിത്യത്തിന്റെ മൂല്യം സ്വയം നിര്‍ണ്ണയിക്കാനും അപ്പോള്‍ പ്രാപ്തിയുണ്ടാവും.' എഴുതാനുദ്ദേശിക്കുന്ന, ആഗ്രഹിക്കുന്ന എല്ലാവരും ചെവിക്കൊള്ളണം ഇത്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വായിച്ചപ്പോള്‍ വല്ലാതെ നൊമ്പരപ്പെടുത്തിയതുമാണ് 'സാഹിത്യവും ഞാനും' എന്ന ലേഖനം. അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും വായിക്കുമ്പോള്‍ നമുക്കു തൊട്ടറിയാം.

'മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സ്‌ക്കൂളിലെ അദ്ധ്യാപ കര്‍ക്കും സഹപാഠികള്‍ക്കും എന്നെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു.അവരില്‍ നിന്നും എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും അവഗണനയും പുച്ഛവും വെറുപ്പും (വേണ്ടിയിരുന്നോ ഇത്രയധികം നെഗറ്റീവ് പ്രയോഗങ്ങള്‍?-ലേഖിക) എനിക്കു സഹിക്കേണ്ടിവന്നു.ഈ ലോകത്തില്‍ എനിക്കല്ലാതെ മറ്റാര്‍ക്കും എന്നെ ആവശ്യമില്ല എന്നു കുട്ടിക്കാലത്തുതന്നെ എനിക്കു ബോദ്ധ്യപ്പെട്ടു.കൗമാര ത്തില്‍ തന്നെ വീടിന്റെയും നാടിന്റെയും തണല്‍ എനിക്കു നഷ്ടമായി.ജീവി തം പെരുവഴിയിലായി. ' ലാളനയും സ്‌നേഹവും ആവോളം നുകര്‍ന്നു വളര്‍ന്ന എന്റെ കണ്ണുനിറഞ്ഞുപോയി ഇതു വായിച്ചപ്പോള്‍! കവിയുടെ വ്യത്യസ്ത താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കായിട്ടുണ്ടാവില്ല. ഇത്രയും കാഠിന്യമില്ലെങ്കിലും എം.ടി.യുടെ കഥയെഴുതുമ്പോള്‍ എന്ന പുസ്തകത്തിലുമുണ്ട് വീട്ടുകാരില്‍ നിന്നു കിട്ടിയ 'പ്രോത്സാഹന'ത്തെപ്പറ്റി!

'സാഹിത്യം എനിക്കു നല്‍കിയ സാന്ത്വനം ആത്മഹത്യയില്‍ നിന്നും ഭ്രാന്താലയത്തില്‍നിന്നും എന്നെ രക്ഷിച്ചു. എന്തും സഹിക്കാന്‍ മനഃശക്തി തന്നു. ജീവിതത്തെ നേരിടാന്‍ ധൈര്യം തന്നു.അതെ.സാഹിത്യം എനിക്കു പ്രാണരക്ഷയായിരുന്നു......സാഹിത്യത്തിന്റെ ജീവജലം എന്നെ ഇത്രകാലം ജീവിപ്പിച്ചു. ജീവിതത്തിന്റെ ഈരേഴുപതിനാലുലോകവും എനിക്കു കാണിച്ചു തന്നു.നന്ദി. ' തീയില്‍ കുരുത്തത് വെയിലത്തു വാടില്ലല്ലോ. ആ ഉള്‍ക്കരുത്തും എതിര്‍പ്പുകള്‍ ശാന്തമായി നേരിടാനുള്ള പക്വതയും ബ്ലോഗ് രചനകളിലും കമന്റുകള്‍ക്കുള്ള മറുപടികളിലും തെളിഞ്ഞു തൂവുന്നു. ഞങ്ങളെപ്പോല ധാരാ ളം പേരുണ്ട് താങ്കളുടെ രചനകള്‍ ഇഷ്ടപ്പെടുന്നവരായി. അതുകൊണ്ട് എല്ലാം നല്ലതിനായിരുന്നുവെന്നു കരുതുക പ്രിയ കവേ!

'എക്‌സട്ര' എന്ന പോസ്റ്റിന്റ ലേബല്‍ കഥ ആണെങ്കിലും അത് അനുഭവക്കുറിപ്പെന്നു സുവ്യക്തം. 'ഭിക്ഷ യാചിച്ചും ഹോട്ടലില്‍ എച്ചിലിലയെടുത്തും പോലും ജീവിച്ച എനിക്ക് എക്‌സ്ട്രാ നടന്റെ തൊഴില്‍ എത്രമാത്രം വിലപ്പെട്ട താണെന്ന് യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ'. ഇല്ലായിരിക്കാം, പക്ഷേ താങ്കളെ വായിക്കുന്ന ഞങ്ങള്‍ക്കു മനസ്സിലാകും, മറ്റുള്ളവരെ കുത്തിമുറിവേല്‍പ്പിക്കുന്നതില്‍ ആനന്ദം കിട്ടുന്ന അത്തരം ബുജികളെ വിട്ടേക്കുക.

തര്‍ജ്ജമകളും സ്വന്തം കവിതകളുമായി പതിനഞ്ചെണ്ണമുണ്ട്. ചിലതു രസിച്ചില്ല-അതിനുള്ള വിവരം എനിക്കില്ല എന്നര്‍ത്ഥം. . മണിനാദം,കഥാശേഷം, ഭയം,പുഴ ഇവ കൂടുതല്‍ ഇഷ്ടപ്പെട്ടു, നെരൂദയുടെ പ്രണയകവിതാ വിവര്‍ത്തനവും.ജാപ്പനീസ് കവിതയായ പുഴയില്‍ നിന്ന്
'അമ്മേ, അമ്മേ, പുഴ ഒരിക്കലും നില്‍ക്കാത്തതെന്താ?
അതോ,വീട്ടില്‍ കടലമ്മ അവളെ കാത്തിരിക്കയല്ലേ'

ഞങ്ങളും കാത്തിരിക്കുന്നു താങ്കളുടെ പേനത്തുമ്പില്‍ നിന്നുതിരും മധുഗീതങ്ങള്‍ക്കായ്...

Friday, April 22, 2011

ചെറിയ മനുഷ്യരും വലിയ ലോകവും

(Online link of varika published 16.04.2011)
ബ്രിജ് വിഹാരം (http://brijviharam.blogspot.com/) ബ്ലോഗ് എന്തു കൊണ്ടോ എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചത് ശ്രീ അരവിന്ദന്റെ, കഥ പറയുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളായ 'ചെറിയ മനുഷ്യരും വലിയ ലോകവും ' ആണ്, കണ്ണു തുറന്നു കാണുകയും ചെവി തുറന്നു കേള്‍ക്കുകയും ചെയ്യുന്ന അതിലെ നിര്‍മ്മമനായ രാമുവിനെയാണ്. രാമു ഏറെക്കുറെ നിസ്സംഗനാണ്, ബ്രിജ് വിഹാരകര്‍ത്താവായ ബ്ലോഗര്‍ മനു പക്ഷേ അങ്ങനെയല്ല, തനിക്കു ചുറ്റമുള്ള ലോകത്തോട് സംവദിക്കുന്നുണ്ട്, ആ ലോകത്തില്‍ ആമഗ്നനാകുന്നുമുണ്ട്. 'ഒന്നു മെല്ലെ ചിരിച്ചും ഇടയക്കിടെ കണ്ണുനീരില്‍ നനച്ചും ഈ ജീവിതം' എന്ന മനുവിന്റെ ബ്ലോഗിലൂടെ.....

' ആത്മകഥാംശം അവിടവിടെ ചിതറിക്കിടപ്പുണ്ടെങ്കിലും ഈ ബ്ലോഗിലെ കഥകളും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് ' എന്നൊരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്.പക്ഷേ അത് അത്രകണ്ട് മുഖവിലയ്‌ക്കെടുക്കാനാവില്ല, കാരണം ഞാന്‍ എല്ലാത്തിലും സജീവകഥാപാത്രമാണ്.

മൂന്നുവയസ്സുകാരി മകളുടെ ജനനസര്‍ട്ടിഫിക്കറ്റ് കിട്ടനുള്ള തത്രപ്പാടുകള്‍ക്കിടയില്‍ യദൃഛയാ പഴയ സതീര്‍ത്ഥ്യനെ കണ്ടുമുട്ടുന്നതു രസകരമായി വര്‍ണ്ണിച്ചിരിക്കുന്ന ടേണിംഗ് പോയിന്റ് എന്ന പോസ്റ്റില്‍ നിന്ന്-

' 'ദൈവമേ സര്‍ക്കാര്‍ ഓഫീസിലും മോര്‍ച്ചറിയിലും കയറിയിറങ്ങാന്‍ ഇടവരരുതേ..' എന്ന പ്രാര്‍ഥന, ഭൂരിപക്ഷം ഭാരതീയരെപ്പോലെ തന്നെ എനിക്കുമുണ്ട്. ഒരു ടേബിളില്‍ തന്നെയിട്ട് ശരീരഭാഗങ്ങളൊക്കെ ഒരു കാരണവുമില്ലാതെ വെട്ടിമുറിക്കുന്നതാണ് രണ്ടാമത്തെ കേസിലെങ്കില്‍, ഒന്നില്‍ക്കൂടുതല്‍ ടേബിളുകളിലൂടെ വലിച്ചിഴച്ച് ആത്മാഭിമാനവും ക്ഷമയു മൊക്കെ കുത്തിക്കീറുന്ന ഏര്‍പ്പാടാണല്ലോ ആദ്യത്തെ കേസിലുള്ളത്.'

ഈ ശോചനീയ അവസ്ഥ എന്നു മാറും? വാസ്തവത്തില്‍ നമ്മുടെ നികുതി കൊണ്ടു ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അന്നദാതാക്കളല്ലേ നമ്മള്‍?ഏറ്റവും ബഹുമാനവും പരിഗണനയും അര്‍ഹിക്കുന്നവര്‍? ഇത്ര നിന്ദ്യമായി പെരുമാറാന്‍ ഇവര്‍ക്കു ധൈര്യം നല്‍കുന്നത് ഈ ചുണയില്ലാത്ത നമ്മളല്ലേ?'കസ്റ്റമര്‍ ഒരിക്കലും ഒരു ശല്യമല്ല, അവരാണ് നമ്മുടെ ചുറ്റുവട്ടത്ത് ഏറ്റവും പ്രധാനികള്‍, അവരാണ് നമ്മുടെ ജോലിക്ക് നിദാനം' എന്നു പറഞ്ഞത് ഗാന്ധിജി! ഇത്ര ഗാന്ധിത്തലയെന്ന് എണ്ണം പറഞ്ഞു ക്കൈകൂലി വാങ്ങുന്നവരോടാണ് വേദപാഠം!

'സുന്ദരിയായ ഒരു പെണ്ണിന്റെ മൊത്തം ഉയരം അവളുടെ പൊക്കിള്‍ചുഴിവരെ യുള്ള ഉയരം കൊണ്ട് ഡിവൈഡ് ചെയ്താല്‍ ഈ റേഷ്യോ, അതായത് 1.6180 കിട്ടും..' അതെ, ഗോള്‍ഡന്‍ റേഷ്യോയെപ്പറ്റി തന്നെയാണേയ്......

' 'അതു തന്നെയാടാ നൂറ്റിമുപ്പതുകോടി മാന്‍പവര്‍ ഉള്ള ഇന്ത്യയുടെ ഗതികേട്.. സകല എണ്ണത്തിന്റേയും ആദ്യത്തെ ഇരുപത് വര്‍ഷം നശിപ്പിച്ചുകളയുവാണിവിടെ. നമ്മള്‍ പഠിക്കുകയായിരുന്നില്ലെടാ.. നമ്മളെ പഠിപ്പിക്കുകയും ആയിരുന്നില്ല..''
എത്ര അര്‍ത്ഥവത്തായ വാക്കുകള്‍? നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി ഉടച്ചു വാര്‍ക്കേണ്ടതാണെന്ന് എല്ലാവരും സമ്മതിക്കും, പക്ഷേ പൂച്ചയ്ക്കാരു മണികെട്ടും?ജാതിയും മതവും മതഭൂരി-ന്യൂനപക്ഷവുമൊന്നും നോക്കാതെ ഓരോരോ രംഗത്ത് വിവരമുള്ളവരെ അതാതു വകുപ്പുകള്‍ ഏല്‍പ്പിക്കണം, സ്ഥാപിതതാല്‍പര്യങ്ങള്‍പ്പുറം ഭാവി തലമുറയെ കുറിച്ചു ചിന്തിക്കുന്നവരെ...ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭയില്‍ മുണ്ടശ്ശേരി മാഷ് വിദ്യാഭ്യാസമന്ത്രിയായി. ഇന്നിപ്പോള്‍ ആരു ജയിച്ചാലും അത്തരമൊരു നീക്കം ചിന്തിക്കാനാവുമോ നാലുനേരം രാഷ്ട്രീയം ഉരുട്ടി വിഴുങ്ങുന്ന സാക്ഷരകേരളത്തിന്?

2007ല്‍ ബ്ലോഗ് എഴുതി തുടങ്ങിയതാണ് മനു. എല്ലാ ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം്. ചുറ്റുവട്ടങ്ങളാണ് വിഷയീഭവിക്കുന്നത്, അതിനാല്‍ തന്നെ നമ്മ ളും അതിലെല്ലാം ഉണ്ടെന്നു തോന്നും, അതാണെന്നു തോന്നുന്നു മനുവിന്റ എഴുത്തു ശൈലിയുടെ ആകര്‍ഷണവും. 'ബ്രേക്് അപ് പാര്‍ട്ടി ' എന്ന ഉള്ളില്‍ തട്ടും പോസ്റ്റില്‍ നിന്ന്-

' 'we are parting because his name is Niyas. കണ്ണന്‍ എന്നത് ഞാനിട്ട വിളിപ്പേര് .നിയാസ് റഹ്മാന്‍.ഒരു മുറിയില്‍ രണ്ട് ദൈവങ്ങള്‍ വേണ്ടാന്ന്, ദാ അവിടെ നില്‍ക്കുന്ന ഞങ്ങളുടെ ജനറേഷനിലെ ഒരാളുപോലും പറയില്ല.പക്ഷേ, വീ കാണ്ട് ലിവ് ടുഗദര്‍.പേടിച്ചിട്ട്.ഞങ്ങള്‍ക്ക് മുമ്പുള്ള ജനറേഷനെ പേടിച്ചിട്ട്. ഡിക്ഷ്ണറിയില്‍ നിങ്ങള്‍ ചേര്‍ക്കുന്ന പുതിയ വാക്കുകളെ പേടിച്ചിട്ട്.ലവ് ജിഹാദ്,ലവ് ടെററിസം,ആള്‍ ദ ബ്ലഡി. ' അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്‌നേഹിച്ചു കാണും ഇവള്‍ അവനെ.എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു' എന്റേയും! ജനറേഷന്‍ ഗ്യാപ്പ്!

പക്വത വന്ന, കാലത്തിനു ചേര്‍ന്ന, ഉള്‍ക്കാഴ്ച്ചയുള്ള പുരോഗമനപരമായ നിരീക്ഷണങ്ങളാണ് മനുവിന്റേത്. എല്ലാ ലേഖനങ്ങളും വായനാക്ഷമവുമാണ്, എങ്കിലും എന്തെങ്കിലും ഒരു കുറ്റം പറയാന്‍ എന്ന വണ്ണം പറയട്ടെ, ഇപ്പോഴത്തെ കാലത്ത് ഇത്തിരി നീളം കൂടുതല്‍ എന്നു പറയാം. 'നല്ല കോളമാണ് ,പക്ഷേ രണ്ടു പേജുള്ളതുകൊണ്ട് മുഴുവന്‍ വായിക്കാറില്ല' എന്നു പറയുന്ന കാലം! ഓടുന്ന കാലത്തിന് ചെറുത് നന്ന്!

എന്തുകൊണ്ട് 'ബ്രിജ് വിഹാരം' എന്ന പേര് എന്നറിയണ്ടേ?വായിക്കുക, 'വാട്ടീസ് ബ്രിജ്വിഹാരം' എന്ന പോസ്റ്റ്.

ആനുകാലികങ്ങളില്‍ എഴുതുന്ന, മീഡിയാ ഇന്‍ഡസ്റ്റ്രിയില്‍ ജോലി ചെയ്യുന്ന മനുവിനെ ഇനിയും വാഗ്‌ദേവി അനുഗ്രഹിക്കട്ടെ! കൂടുതല്‍ എഴുതട്ടെ നമുക്കു വായിക്കാനായി.

Sunday, April 17, 2011

നിനക്കും എനിക്കും ഇടയില്‍...

(Online link of varika published 09.04.2011)

നിന്റേയും എന്റേയും മനസ്സുകള്‍ക്കിടയില്‍ ഒരു കാണാപാലമുണ്ടോ?സ്‌നേഹവിശ്വാസങ്ങള്‍ കൊണ്ടു മാത്രം പണിതീര്‍ത്ത ഒരു കമ്പിയില്ലാ കമ്പി? ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ധവിശ്വാസമെന്നോ, വിഭ്രാന്തി എന്നോ എന്തു വേണമെങ്കിലും വിളിക്കാം.

ടെലിപ്പതി എന്ന പരഹൃദയജ്ഞാനത്തെപ്പറ്റി കൂടതല്‍ പഠിക്കണമെന്നു തോന്നിപ്പിച്ചത് ചില ചെറു ജീവിതാനുഭവങ്ങളുാണ്, വായിച്ചപ്പോഴോ അതു വളരെ ബൃഹ്ത് വിഷയമെന്നു മനസ്സിലായി.ESP അഥവാ Extra Sensory Powers (അതീന്ദ്രിയ കഴിവുകള്‍?) ന്റെ ഒരു ഭാഗം. സ്വാമി വിവേകാനന്ദന്റെ ഒരു പുസ്തകത്തില്‍ (പേരോര്‍മ്മയില്ല) മനസ്സില്‍ നിന്നു മനസ്സിലേക്കു പ്രവഹിക്കുന്ന ആശയവിനിമയ തരംഗങ്ങള്‍ എന്നോ മറ്റോ ആംഗലേയ നിര്‍വ്വചനം നല്‍കിയിരുന്നുവെന്നാണ് ഓര്‍മ്മ.ഈ തരംഗങ്ങള്‍ക്കു പ്രകാശത്തേക്കാള്‍ വേഗതയും.

നളചരിതത്തില്‍ നള-ഋതുപര്‍ണ്ണ മഹാരാജാക്കന്മാര്‍ സ്വായത്തമാക്കിയ അശ്വഹൃദയവും അക്ഷഹൃദയവും വാസ്തവത്തില്‍ ESP തന്നെ അല്ലേ? ഒരാള്‍ അതു വച്ച് കുതിരയുടെ വേഗം നിയന്ത്രിച്ചു, മറ്റേയാള്‍ മരം കാണുന്ന മാത്രയില്‍ അതിലെ ഇലയുടേയും പൂവിന്റേയും എണ്ണം നൊടിയിടയില്‍ പറയുന്നു. അതായത് മനുഷ്യനും പ്രകൃതിയും തമ്മിലൊരു ആശയവിനിമയപ്പാലം....

'അയ്യര്‍ ദ ഗ്രേറ്റിന്റെ ' സിക്‌സ്ത് സെന്‍സ് നമ്മള്‍ മറന്നു കാണില്ല. അതുപോലെ ' യോദ്ധാ'യിലെ കുട്ടി ലാമ ഉണ്ണിക്കുട്ടന്‍ നോട്ടം കൊണ്ടു മാത്രം അകലെ നിന്ന് ചായഗ്ലാസ്സ് മറിയാതെ സൂക്ഷിച്ചത് ഓര്‍മ്മയില്ലേ? ഉണ്ണിക്കുട്ടനു മാത്രമല്ല, ഒന്നു ചികഞ്ഞു നോക്കിയാല്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാകും ഇത്തരം അനുഭവങ്ങള്‍. നിഗൂഢശക്തികള്‍ ഒളിഞ്ഞിരിക്കുന്ന കലവറയേ്രത നമ്മുടെ മനസ്സ്. പക്ഷേ നമ്മള്‍ അതു തിരിച്ചറിയുന്നില്ലെന്നു മാത്രം.

ടെലിപ്പതിയിലേക്കു തിരിച്ചു വരാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോണുകള്‍ ഇല്ലാത്ത കാലം. മകള്‍ക്കൊപ്പം തല്‍ക്കാല താമസത്തിനു പോയ അമ്മയ്ക്ക് പെട്ടെന്ന് അസുഖം വരുന്നു. ഇതറിയാതെ കാതങ്ങളകലെ വീട്ടിലിരിക്കുന്ന മകന് അകാരണമായ അസ്വസ്ഥത പെരുകി ഉറക്കം വരാതെ മുറ്റത്ത് രാത്രി ഉലാത്തുന്നു. മൂന്നു മണിക്കൂറിനകം അമ്മയുടെ നിര്‍ബ്ബന്ധം സഹിക്ക വയ്യാതെ മകള്‍ അമ്മയെ തിരികെ പാതിരായ്ക്കു മകന്റെ വീട്ടിലെത്തിക്കുന്നു, അവിടെ നിന്ന് ആശുപത്രിയിലേക്ക്. മലയാറ്റൂര്‍ 'വേരുകള്‍ ' എഴുതും മുമ്പ് സംഭവിച്ചതാണേ ഇക്കാര്യം. കോപ്പിയടിച്ചതല്ല...അമ്മയ്ക്കും മകനും ഇടയില്‍ സ്നേഹത്തിന്റെ കമ്പിയില്ലാക്കമ്പിയിലൂടെ ആശയവിനിമയം നടന്നു കാണില്ലേ? അതാണ് ടെലിപ്പതി. ഇത്തരം സ്വാനുഭവങ്ങളുമുണ്ട്, വിസ്തരഭയത്താലും വായനക്കാരെ മാനിച്ചും എഴുതുന്നില്ല!!!

പി.നരേന്ദ്രനാഥിന്റെ 'മനസ്സറിയും യന്ത്രം' എന്ന രസകരമായ ബാലസാഹിത്യപുസ്തകം വായിച്ച് ചിരിച്ചു മണ്ണു കപ്പിയത് ഓര്‍മ്മയില്ലേ?കഥാകാരന്റെ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാലമൊന്നുമാവില്ല. ന്യൂറോ ഇമേജിംഗ് എന്ന ആധുനിക ശാസ്ത്രരീതിയില്‍ ആ രംഗത്ത് വളരെ ഗവേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടു പിടിക്കാനും മറ്റും ഉതകുന്ന ഈ പഠനഫലങ്ങള്‍ ദുരുപയോഗപ്പെടുത്താതിരിക്കട്ടെ.
ടെലിപ്പതിയെപ്പറ്റി കൂടുതല്‍ അറിയാനും പരീക്ഷിക്കാനും http://www.telepathyrevealed.com/, http://www.sheldrake.org/ ഇവിടെ പോകാം. അപ്പോളോ 14 ബഹിരാകാശപേടക യാത്രികന്‍ Edgar Mitchell 1973 ല്‍ സ്ഥാപിച്ച Institute of Noetic Sciences എന്ന സ്ഥാപനത്തിന്റെ http://www.noetic.org/ സൈറ്റ് വായിച്ചാല്‍ ബഹിരാകാശ മടക്കയാത്ര അതു സ്ഥാപിക്കാന്‍ പ്രേരണാഘടകമായത് എങ്ങനെ എന്നു വായിക്കാം.
തലച്ചോറിന്റെ പ്രവര്‍ത്തനം വികസിപ്പിക്കാനായി ലുമോസിറ്റി എന്ന ടെസ്റ്റ് ചെയത് നോക്കണോ? http://www.lumosity.com/personal-training-plan സന്ദര്‍ശിക്കാം. പക്ഷേ ആരെങ്കിലും അറിവുള്ളവരോടു ചോദിച്ചിട്ടേ ഇതിനെല്ലാം പുറപ്പെടാവൂ കേട്ടോ....കുട്ടിക്കളിയല്ലിതു നിഗൂഢമാം പള്‍സുകള്‍ നിറയും ബ്രെയിന്‍...

1.ഇനി ഫോര്‍വേഡഡ് മെയിലിലൂടെ വന്ന മഹദ്വചനങ്ങളില്‍ നിന്ന്-

'മറ്റുള്ളവരുടെ വികാരങ്ങള്‍ വച്ചു കളിക്കരുത്-ഒരു പക്ഷേ നിങ്ങള്‍ കളി ജയിച്ചേയ്ക്കാം, പക്ഷേ നിങ്ങള്‍്ക്കയാളെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടൈന്നിരിക്കും.'-ഷേക്‌സ്പിയര്‍.
'ചിരിക്കുന്ന മുഖങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് ദുഃഖമില്ലെന്നല്ല, മറിച്ച് അതു കൈകാര്യം ചെയ്യാന്‍ അവര്‍ പഠിച്ചിരിക്കുന്നുവെന്നാണ് ' -ഷേക്‌സ്പിയര്‍

'ലോകം വളരെ സഹിക്കുന്നുണ്ട്, ചീത്തയാളുകളുടെ അക്രമം(violence) കൊണ്ടല്ല, മറിച്ച്് നല്ലവരുടെ നിശ്ശബ്ദത (silence ) കൊണ്ട്.'-നെപ്പോളിയന്‍.

'എന്നോടു പറ്റില്ല എന്നു പറഞ്ഞ എല്ലാവരോടും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു, കാരണം അവര്‍ കാരണമാണല്ലോ ഞാന്‍ അതെല്ലാം തനിയെ ചെയ്യാന്‍ ഇടയായത്. '- ഐന്‍സ്റ്റീന്‍.

'ഒരാളെ തോല്‍പ്പിക്കാന്‍ വളരെ എളുപ്പമാണ് , പക്ഷേ നേടുക എന്നത് ഏറെ ശ്രമകരമത്രേ. 'ഡോ.എ.പി.ജെ അബ്ദുള്‍കലാം.

2. 'എല്ലാം നിനക്കു വേണ്ടി' എന്ന സചിത്ര തമാശമെയിലില്‍ നിന്ന്-
' എത്ര ദിവസമായി നോക്കെത്താദൂരത്ത് കണ്ണും നട്ട് നോക്കിയിരിക്കുന്നു? എന്തേ നീ വന്നില്ല? ഇനിയും വന്നില്ലെങ്കില്‍ ഞാന്‍...........'തേങ്ങാ ഇടാന്‍ വേറേ ആളിനെ വിളിക്കും... '(ഒരു തേങ്ങാക്കുലയുടെ പടമുണ്ട്, ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍...)

'നിനക്ക് നെറ്റ്വര്‍ക്ക് ബിസിനസ്സ് ആണെന്നു പറഞ്ഞപ്പോള്‍ ഞാനിത്രയും പ്രതീക്ഷിച്ചില്ല.'- ആള്‍ മീന്‍പിടുത്തക്കാരന്‍, ചീനവലയുമായി നില്‍ക്കുന്ന പടം.

'ഒരു ദിവസം ന്യൂസ് പേപ്പര്‍ വായിച്ചപ്പോഴാണ് വെള്ളമടിയുടെ ദോഷങ്ങളെക്കുറിച്ചു മനസ്സിലായത്...അള്‍സര്‍, ക്യാന്‍സര്‍ ഹോ '..അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു, ഇല്ല, ഇനി മേലില്‍ ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കില്ലാ....'

Monday, April 4, 2011

സിനിമാ സിനിമാ...

 (Online link of Kerala Kaumudi varika Print edition of  02.04.11)
സിനിമാക്കമ്പം കയറി കിടപ്പാടം വരെ വിറ്റു തുലച്ചു നശിച്ചു പോയവരെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ മനസ്സിലെ സിനിമോ മോഹങ്ങള്‍ പൂവണിയിക്കാന്‍ അത്രയൊന്നും ബുദ്ധിമുട്ടു വരില്ല. സാങ്കേതികതയുടെ മുന്നേറ്റം ഏറ്റവും അധികം സഹായിച്ചിട്ടുള്ള മേഖലയാണത്. മൊബൈല്‍ ഫോണ്‍ വച്ച് ഒഴിവു സമയങ്ങളില്‍ ഒരു ചെറുപ്പക്കാരന്‍ സിനിമ എടുത്തതും സ്‌കൂള്‍ കുട്ടികളുടെ കൂട്ടായ്മകളിലൂടെ സിനിമകള്‍ വിരിഞ്ഞതും അതു കൊണ്ടാണ്. പണമല്ല ഇപ്പോള്‍ ഇച്ഛാശക്തിയാണ് പ്രധാനം.

ഉപജീവനാര്‍ത്ഥം പല ജോലികളില്‍ ഏര്‍പ്പെടുമ്പോഴും കലയോടുള്ള അഭിനിവേശം ഒരു പാഷന്‍ (ചിത്തവികാരം എന്നു മലയാളീകരിക്കാമോ?) ആയി കൊണ്ടു നടക്കുന്നവര്‍ ധാരാളമാണ്. പ്രത്യേകിച്ചും ചെറുപ്പക്കാര്‍.അവര്‍ സ്വന്തം കൂട്ടായ്മകളിലൂടെ ചെറു സിനിമകള്‍ നിര്‍മ്മിക്കുന്നു. അത്തരം ചില സിനിമകളെപ്പറ്റി ഇതാ..

മനോഹര്‍ കെ.വിയുടെ http://manovibhranthikal.blogspot.com/ ല്‍ നിന്നാണ് അദ്ദേഹം കൂടി അഭിനയിച്ച ഒരു 1.07 മിനിട്ടു ദൈര്‍ഘ്യമുള്ള 'help' കണ്ടത്. ഗള്‍ഫില്‍ വച്ചു നടത്തിയ ഒരു ഫിലിം വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി ചിത്രീകരിച്ച താണ്. സഹായിക്കാന്‍ എന്ന പേരില്‍ പോക്കറ്റടിക്കാന്‍ ശ്രമിച്ചവര്‍ക്ക് പറ്റിയ അക്കിടിയാണ് മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ ഫിലം. കഥ മുഴവന്‍ പറഞ്ഞാല്‍ രസച്ചരടു പൊട്ടും.ശേഷം സ്‌ക്രീനില്‍ കാണൂ.... http://www.youtube.com/watch?v=hq3HtdFOiRo. വെറും ഒരേ ഒരു മിനിറ്റല്ലേ വേണ്ടൂ.

കേട്ടുകേള്‍വി, അപവാദം എന്നെല്ലാം പറയുന്ന 'റൂമര്‍' എങ്ങിനെയാണ് ഉത്ഭവിക്കുക എന്നു ചിന്തിച്ചിട്ടുണ്ടോ? അങ്കമാലി FISAT (എന്‍ജിനീയറിംഗ് കോളേജ്്്്) കുട്ടികള്‍ ചിന്തിച്ചപ്പോള്‍ അതൊരു ഫിലിം ആയി രൂപാന്തരപ്പെട്ടു. ലിങ്ക് http://wefisat.blogspot.com/2010/08/rumour.html ലുണ്ട്. 12.22 മിനിട്ടു ദൈര്‍ഘ്യമുള്ള 'The Rumour' നമ്മെ ചിന്തിപ്പിക്കും. നമ്മള്‍ എത്ര വേഗമാണ് അന്യരെപ്പറ്റി പലപ്പോഴും വാര്‍ത്തകള്‍ മെനയുന്നതും പ്രചരിപ്പിക്കുന്നതും ?അത് പക്ഷേ അവരെ എങ്ങനെ ബാധിക്കുമെന്നും നമ്മളും ഒരിക്കല്‍ അതിന്റ ഇരയാകാമെന്നും ചിന്തിക്കുന്നില്ല. വളരെ ലളിതമായി ഇക്കാര്യം ഒരു ക്യാമ്പസ്സ് റൂമറിലൂടെ പറഞ്ഞു വച്ചിരിക്കുന്നു കുട്ടികള്‍. ഫിലിം മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള ഒരു സങ്കരമാണ്, ഇപ്പോഴത്തെ കുട്ടികളുടെ ജീവിതശൈലി പോലെ തന്നെ. കുട്ടികള്‍ എടുത്ത പല ഫിലിമുകളുടേയും ലിങ്കുണ്ട് അതില്‍. സമയം പോലെ കാണാം. യുവമനസ്സുകള്‍ എന്തെല്ലാം ചിന്തിക്കുന്നു എന്നറിയേണ്ടെ?
ഫിലിം വര്‍ക്ക്്‌ഷോപ്പുകളിലും മറ്റും പങ്കെടുത്ത് സിനിമാ വിജ്ഞാനം വര്‍ദ്ധിപ്പിക്കട്ടെ അവര്‍!സിനിമയെ ഗൗരവമായി കാണുന്ന ഇക്കൂട്ടര്‍ ഭാവിയില്‍ സിനിമാരംഗത്ത് അറിയപ്പെടുന്നവരാകട്ടെ! നിത്യജീവിത്തില്‍ നിന്നു ചെറിയ ഒരു കഷണം അടര്‍ത്തിയെടുത്താണ് അവര്‍ സിനിമയാക്കുന്നത്.അതാണ് ഇത്തരം സിനിമകളുടെ വിജയവും. ഇംഗ്ലീഷ് ടൈറ്റില്‍ ആണ് ചെറുഫിലിമുകള്‍ക്കു മിയ്കകവരും നല്‍കാറ്. യൂ ട്യടൂ്യബില്‍ ഇടുമ്പോള്‍ ഹിറ്റസ് കൂടാന്‍ വേണ്ടിയാകാം അത്.

ഇനിയിപ്പോള്‍ ചെറിയ ഫിലിം വിട്ട് ഒരു വലിയ സിനിമയെപ്പറ്റിയാകട്ടെ. സിംഗപ്പൂരിലെ ഒരു കൂട്ടായ്മയില്‍ പിറന്ന മോസം (Mausam) -http://www.mausams.com/ -എന്ന സിനിമാ സംരംഭത്തെപ്പറ്റി അറിഞ്ഞത് ്‌വttp://www.makingofthefilm.blogspot.com/ ലൂടെയും ഫേസ്ബുക്കിലൂടെയുമാണ്. 'ഒരു ഫിലിം എത്രത്തോളം സ്വതന്തമാകാമോ അത്രത്തോളം സ്വതന്ത്രമായ ഒരു 'miniscule-budget 'ഫിലിം എന്ന് നിര്‍മ്മാത്ക്കള്‍ അവകാശപ്പെടുന്ന സനിമയുടെ റിലീസ് ഏപ്രിലിലാണ്, സിംഗപ്പൂരില്‍. അതിന്റെ ട്രെയിലര്‍ മാത്രമേ ഇപ്പോഴുള്ളു,'Tell me what's important in your life 'എന്ന ചോദ്യത്തിനുത്തരം പറയുന്ന രീതിയിലുള്ള ട്രെയിലര്‍ തികച്ചും ആസ്വാദ്യകരം, വ്യത്യസ്തം, . സ്‌നേഹ എന്ന കഥാപാത്രത്തിന്റെ ഭാവഹാവാദികള്‍ എനിക്കു നന്നേ ബോധിച്ചു!മൊത്തത്തിലുള്ള പ്രൊഫഷല്‍ ടച്ചും! എല്ലാവരും നന്നായിട്ടുണ്ട്.ട്രെയിലര്‍ കണ്ടാല്‍ ഫിലിം കാണണം എന്നു മോഹമുദിക്കും തീര്‍ച്ച. അത് ആ ടീമിന്റ വിജയമായി കണക്കാക്കാം. ഇന്‍ഡ്യയില്‍ വരട്ടെ, കാണാം അല്ലേ?
XXXXXXXXXXXXXXXXXXXXXXXXXXXXXXXX

ഇന്നലെ കിട്ടിയ പെയിന്‍(PAIN) എന്ന ഫോര്‍വേഡഡ് മെയിലില്‍ നിന്ന്-http://groups.fropki.com/ എന്ന സൈറ്റില്‍ നിന്നുള്ള ചിത്രങ്ങളിലൂടെയാണ്് മെയില്‍. എങ്കിലും ആശയം പറയാന്‍ ശ്രമിക്കാം. യേശുക്രിസ്തുവിന്റെ ഓര്‍മ്മയില്‍ കുറച്ചു പേര്‍ കുരിശു ചമുക്കുന്നു. എല്ലാവരും അതു മുതുകുലേറ്റി പീഡനാനുഭവം സ്മരിക്കുമ്പോള്‍ ഒരാള്‍ 'ദൈവമേ, അതിനു വല്ലാത്ത ഭാരമാണ്' എന്നു രണ്ടുപ്രാവശ്യം കുരിശിന്റ നീളം കുറച്ച് ഭാരം കുറച്ചു ചുമക്കുന്നു. നടന്നു നടന്ന് ഒരു കൊച്ചു കിടങ്ങു മുറിച്ചു കടക്കേണ്ടിടത്ത് എത്തി.മറ്റെല്ലാവരും കുരിശെടുത്ത് കിടങ്ങിനു കുറുകെ പാലമായി വച്ച് അപ്പുറം കടന്നപ്പോള്‍ ഇയാള്‍ക്കു മാത്രം അതിനു കഴിയാതെ നിന്നുപോയി, കാരണം, നീളം തികഞ്ഞില്ല!

'നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു വേദനയായി കരുതി ഒരിക്കലും പരാതിപ്പെടരുത്. പകരം ആ ജോലിക്ക്, ആ വിഷമത്തിന് എന്തെങ്കിലും കാരണം കാണും എന്നു മനസ്സിലാക്കണം. അതിനാല്‍ വേദന അഭിമുഖീകരിക്കുക, തീര്‍ച്ചയായും സന്തുഷ്ടി കാത്തിരിക്കുന്നുണ്ടാകും.'

ദൈവത്തിനോട് ആവശ്യപ്പെടേണ്ടത് മുതുകിലെ ഭാരം കുറയ്ക്കാനല്ല, മറിച്ച് ഭാരം ചുമക്കുവാന്‍ കരുത്തുറ്റ ഒരു മുതുകാണ്!'എത്ര നല്ല സന്ദേശം!