Tuesday, November 2, 2010

ആഗ്നേയം

                                             (Published 30.10.2010)         
ജോര്‍ജ് ഇലിയറ്റ് എന്ന പുരുഷ തൂലികാനാമം സ്വീകരിച്ചിരുന്ന ആംഗലേയ എഴുത്തുകാരി മരിയന്‍ ഇവാന്‍സിനെ കുറിച്ചുള്ള പ്രൗഢലേഖനമാണ് ആഗ്നേയയുടെ സൈകതം എന്ന ബ്ലോഗില്‍ ( http://gayaathiyilninnum.blogspot.com/  ) എന്നെ എത്തിച്ചത്.

ആ ലേഖനത്തില്‍ നിന്ന്- 'ഇംഗ്ലണ്ടില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കര്‍ക്കശമായിരുന്ന സാമൂഹികവും, മതപരവുമായ വിലക്കുകളോടു  പൊരുതി വ്യക്തിജീവിതത്തിലും, പ്രണയജീവിതത്തിലും വിസ്മയാവഹമായ വിജയം കൈവരിച്ച അത്ഭുതപ്രതിഭയായിരുന്നു മരിയന്‍'. ഇങ്ങനെ തുടങ്ങി,  ഈ അഭിപ്രായം സാധൂകരിക്കും വിധം മരിയന്റെ ജീവിതവഴികളിലെ  ആശനിരാശകള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു ഇവിടെ.

എന്നും, എക്കാലവും വനിതകളുടെ രചനകള്‍ പ്രസിദ്ധീകൃതമാവുക, അവര്‍ക്ക് അംഗീകാരം ലഭിക്കുക ഇതെല്ലാം ഏറെ ദുഷ്‌കരം തന്നെയായിരുന്നു. ഒരു പുരുഷസാഹിത്യകാരനു കിട്ടുന്ന അംഗീകാരം ഒരു സാഹിത്യകാരി നേടിയിട്ടുണ്ടെങ്കില്‍ അവള്‍ അയാളെക്കാള്‍ നാലിരട്ടിയെങ്കിലും കൂടുതല്‍ അദ്ധ്വാനിച്ചിട്ടുണ്ടാകും, ഒട്ടു വളരെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടാകും. സംവരണമില്ലാത്തൊരു വനിതാ മുന്നേറ്റം എഴുത്തു ലോകത്തുണ്ടാകുമെന്നു സ്വപ്‌നം കാണുന്നു ഞാന്‍!

ഡാന്‍ബ്രൊണിന്റൈ 'ലോസ്റ്റ് സിംബല്‍' എന്ന നോവല്‍ ഉണര്‍ത്തിയ ചിന്തകള്‍ പറയുന്നു 'നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്' - 'ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാല്‍ അതിനെക്കുറിച്ചോര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും, പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോര്‍ജ്ജ്ബുഷിന്റെ കാര്യാലയത്തില്‍ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.'  ശരിയാണ്, മനസ്സ് ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തിരിയുന്നത് പ്രകാശവേഗത്തിലാണ്! ഈ പോസ്റ്റിന്റെ അവസാനം ' മനസ്സിനെ ടെന്‍ഷന്‍ ഫ്രീ ആക്കിവക്കാന്‍ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ' കൊടുക്കുന്നുണ്ടെങ്കിലും, ഗൂഗിള്‍ ബസ്സില്‍ വലിയ ചങ്ങാതിക്കൂട്ടത്തോടെ ചര്‍ച്ചകള്‍ ചെയ്യുന്നതിനാലാവണം, ബ്ലോഗില്‍ പോസ്റ്റുകള്‍ നന്നെ കുറവ്. എങ്കിലും ഉള്ളവ നല്ല വായനാനുഭവം തന്നെ.

ഒരു പുതിയ സ്ഥലത്ത് എത്തിയാല്‍ കാഴ്ച്ചകള്‍പ്പുറം അവിടുത്തെ ജീവിതം്, സംസ്‌കൃതി, ഇതെല്ലാം അറിയണം. എസ്.കെ.പൊറ്റക്കാടിന്റേയും മറ്റും യാത്രാവിവരണങ്ങള്‍ ഹൃദ്യമായതും അതുകൊണ്ടാണ്. ആഗ്നേയയുടെ ബ്ലോഗ്, ഗൃഹാതുരത നിറയുന്ന മിയ്ക്ക പ്രവാസ ബ്ലോഗുകളില്‍ നിന്നു വിഭിന്നമാക്കുന്നതും ഇതു തന്നെ. ഗള്‍ഫ് ജീവിതത്തെപ്പറ്റി ധാരാളം പുതിയ അറിവുകള്‍ നല്‍കി ഈ ബ്ലോഗ്.

വിവാഹേതര പ്രണയം അംഗീകരിക്കാനാവില്ല നമുക്ക്. അതില്‍ ഒരു വഞ്ചനയുടെ എലിമെന്റ് ഉണ്ട്. പക്ഷേ 'ഇതും പ്രണയമാണ്' എന്ന ലേഖനം ഇതിന്റെ മറുവശം കാട്ടിത്തരുന്നു. ഉറ്റവര്‍ക്കു നല്ല ജീവിതം നല്‍കാനായി വര്‍ഷങ്ങളോളം മരുഭൂവില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും മനുഷ്യസഹജമായ വികാരങ്ങളുണ്ടാകാം. അനീസ്സയുടെയും ഫസലുദ്ദീന്റേയും വിരഹവേദന വായിക്കുമ്പോള്‍ അവരോടു തെല്ലും ദേഷ്യം തോന്നിയില്ല, സഹതാപം, സങ്കടം അതു മാത്രം.

സ്വന്തം മകന്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയത് റെഫീനയുടെ കഥ പറയുന്ന 'ഈഡിപ്പസ്' വല്ലാത്തൊരു നൊമ്പരമുണര്‍ത്തി. നമുക്കു ചെയ്യാന്‍ പറ്റുന്ന നിസ്സാര സഹായം ചിലപ്പോള്‍ ഒരു ജീവന്‍ തന്നെ രക്ഷിച്ചേക്കാം. അങ്ങനൊരു സഹായം റെഫീനയ്ക്കു ചെയത്ു കൊടുക്കാന്‍ പറ്റാത്തതിന്റെ ദുഃഖം പേറുന്നു ലേഖിക ഇവിടെ. ആദ്യ നാലു പാരഗ്രാഫ് മറ്റൊരു പോസ്റ്റാക്കാമായിരുന്നു.

ചിന്താശക്തി പണയപ്പെടുത്താതെ തുറന്ന മനസ്സോടെ തനിക്ക ചുറ്റും നോക്കി കാണുന്നു, എന്തുകൊണ്ട് എന്തുകൊണ്ട് എന്ന് സത്യസന്ധതയോടെ അപഗ്രഥിക്കുന്നു ആഗ്നേയ. അതിന് ഉദാഹരണമാണ് 'നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം ' എന്ന മികവുറ്റ ലേഖനം. 'വിദേശത്തുവന്നപ്പോളും ജോലിസമ്പാ ദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാ ണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച് പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്.' ഇത് കാര്യകാരണസഹിതം പറഞ്ഞു വയ്ക്കുന്നുണ്ട്.

സാന്ദ്രഗീതം എന്ന കവിതാ ബ്ലോഗ് അത്രയൊന്നും ആസ്വദിക്കാനായില്ല എനിക്ക്. ഗദ്യകവിതകളായതുകൊണ്ടാവാം, വിവരമില്ലാത്തുകൊണ്ടുമാവാം! എന്നാല്‍ രക്തബന്ധങ്ങള്‍ക്കിടയിലും നമ്മള്‍ പലപ്പോഴും ഒറ്റയാണ് എന്നു സൂചിപ്പിക്കുന്ന 'ഒറ്റജാലകം' ഇഷ്ടപ്പെട്ടു. സ്വപ്‌നയാത്ര എന്ന ബ്ലോഗും നന്ന്.

നല്ല കഥാകാരിയാണ് ആഗ്നേയ. ദേശാതീത പ്രണയവിവാഹം വിതച്ച ദുരിതങ്ങള്‍ കണ്ടിട്ടും സ്വന്തം പ്രണയത്തില്‍ നിന്നും പിന്മാറാനാവാത്ത അനുവിനെ പരിചയപ്പെടാം 'ദുരദൂരം പോകേണ്ടവര്‍' വായിച്ചാല്‍. ഇത്തിരി എഡിറ്റിംഗും കൂടി നടത്തിയിരുന്നെങ്കില്‍! 'മരിച്ചു പോയവരെ കുറ്റം പറയരുത് 'എന്ന പോസ്റ്റിലും ഇതാണ് ചിന്താവിഷയം.

ജലരേഖ എന്ന കഥയ്ക്ക് സംസ്ഥാനതല കഥാമത്സരത്തില്‍ ഒന്നാം സമ്മാനവും കിട്ടിയിട്ടുണ്ട്. കഥകളാണെന്നു തോന്നുന്നു ആഗ്നേയയുടെ വഴി. ബസ് (buzz) ഭ്രമം കുറയുമ്പോള്‍ ബ്ലോഗിലേക്കും കഥകളിലേക്കും ആഗ്നേയ മടങ്ങി വരും എന്നു പ്രത്യാശിക്കാം നമുക്ക്. 
 
Tvpm
22.10.2010

7 comments:

 1. ഈ കഥാകാരിയെ അധികം വായിച്ചിട്ടില്ലയെന്നു തോന്നുന്നു ,ഇനി ഒന്നു പോയിനോക്കാം അല്ലേ..

  ReplyDelete
 2. ഇതു കൌമുദിയിൽ വായിച്ചിരുന്നു.
  ആഗ്നേയയെ അറിയാം.
  അടുത്തൊന്നും കണ്ടിട്ടില്ല എന്നു മാത്രം.
  എഴുതിത്തകർക്കാൻ ആഗ്നേയയ്ക്ക് ആശംസകൾ!

  ReplyDelete
 3. ഫെമിന എന്ന ആഗ്നേയയുടെ ബ്ലോഗുകള്‍ വായിച്ചിരുന്നു എന്ന് പറയേണ്ടി വരും. കാരണം ഇപ്പോള്‍ ആഗ്നേയ എഴുത്ത് കുറവാണ്. ഈ പോസ്റ്റിലെ അവസാന വാചകം കോട്ട് ചെയ്ത് ഫെമിയുടെ ബസ്സില്‍ സംസാരിച്ചപ്പോള്‍ പല പല സാഹചര്യങ്ങളാണ് എഴുതാതിരിക്കുന്നതിനെന്ന് പറഞ്ഞു. ഒരു പക്ഷെ ശരിയാവാം. നമുക്ക് അറിയില്ലല്ലോ ഓരോരുത്തരുടേയും സാഹചര്യങ്ങള്‍. തീര്‍ച്ചയായും ആഗ്നേയയുടെ ബ്ലോഗുകള്‍ നിലവാരമുള്ളവ തന്നെ.

  ReplyDelete
 4. അറിയില്ലായിരുന്നു ഇതുവരെ, ക്ഷമിക്കുക ആഗ്നേയാ...
  പരിചയപ്പെടുത്തിയതില്‍ ഒരുപാട് നന്ദി മൈത്രേയി!
  ഇനിയും ധാരാളം കഥകള്‍ ആ തൂലികയില്‍ നിന്നും പിറക്കും എന്നു പ്രതീക്ഷിക്കാം, കാത്തിരിക്കാം...

  ReplyDelete
 5. വായിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്ന പോസ്റ്റു‌കള്‍

  ReplyDelete