Saturday, June 26, 2010

വര്‍ണ്ണക്കൂട്ട്

(ജൂണ്‍ 26 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
ആവര്‍ത്തന വിരസമാണ് ജീവിതം എന്ന അനിവാര്യത. സര്‍വ്വായുരാരോഗ്യസമ്പല്‍ സമൃദ്ധിക്കിടയിലും ഇതു പലപ്പോഴും മടുപ്പുളവാക്കിയെന്നു വരാം. ഈ മടുപ്പില്‍ നിന്നുള്ള മോചനവഴിയാണ് ഒഴിവു സമയ വിനോദങ്ങള്‍ . ബ്ലോഗിലൂടെ തങ്ങളുടെ ഹോബികള്‍ പങ്കു വയ്ക്കുന്ന രണ്ടു പേരെ പരിചയപ്പെടാം.

മൈ പാലറ്റ്- ജ്യോയുടെ അത്യാകര്‍ഷകങ്ങളായ പെയി ന്റിംഗുകളാണ് എന്നെ ഇവിടെയെത്തിച്ചത്. രൗദ്രം, ഭാര തീയ സംസ്‌കൃതി, ആഫ്രിക്കന്‍ കലകള്‍ തുടങ്ങി അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗുകളാണിവിടെ. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചത്, പാകപ്പിഴകള്‍ ഏറെയുണ്ട് എന്ന അടിക്കുറിപ്പോടെ മ്യൂറല്‍ പെയിന്റിംഗുകളുമുണ്ട്. ഈ ക്ഷേത്രകല മമ്മിയൂരില്‍ പോയി പഠിക്കണം എന്നു വൃഥാ മോഹിച്ചിട്ടുള്ളതു കൊണ്ടാവാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഈ മ്യൂറല്‍ പെയിന്റിംഗുകള്‍ തന്നെ. ജ്യോയുടെ വര്‍ണ്ണവൈവിദ്ധ്യം തുറക്കാനുള്ള താക്കോല്‍ -http://jyo-rainbow.blogspot.com/


ഉലകം ചുറ്റും വാലിബയാണ് ജ്യോ. ആഫ്രിക്കന്‍ സഫാരിയും, ഞാന്‍ കണ്ട ലോകവും പടം സഹിതമുള്ള യാത്രാ വിവരണങ്ങളാണ് . എന്റെ ജീവിതയാത്രയിലെ കുട്ടിക്കാലവിശകലനം മനസ്സില്‍ നോവുണര്‍ത്തി. എട്ട് ഏക്കറോളം പറമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തതും അവിടെ ഒറ്റ ദിവസം കൊണ്ട് 60 വീടുകള്‍ വന്നതും അധികാരം ഒഴിഞ്ഞ രാജ്ഞിയുടെ നിസ്സഹായത പ്രതിഫലിച്ച അമ്മയുടെ കണ്ണുകളും എല്ലാം മറവിയുടെ ചവറ്റുകുട്ടയിലേക്കു തള്ളിയിരുന്ന പല കേട്ടറിവുകളും എന്നെ ഓര്‍മ്മപ്പെടുത്തി. ശരിക്കും മിച്ചഭൂമിയുണ്ടായിട്ടും ബുദ്ധിവൈഭവം മൂലം അതില്‍ തരി പോലും സര്‍ക്കാരിനു നല്‍കാതെ ജീവിച്ച മിടുക്കരെപ്പറ്റി, ജീവിതമാര്‍ഗ്ഗമായ കൃഷിഭൂമിയുടെ ഭാഗം മിച്ചഭൂമിയെന്നു നഷ്ടപ്പെട്ട നല്ലവരെന്ന വിഡ്ഢികളെപ്പറ്റി...ഏതു പരിഷ്‌ക്കാരത്തിനും ഉണ്ടാകും കുറെ ബലിയാടുകള്‍. അവരെപ്പറ്റി പറയാന്‍ അക്കാലത്ത് പക്ഷേ ചാനലുകള്‍ ഇല്ലായിരുന്നുവല്ലോ.


ആഷാഢം- കരകൗശലം, പെയിന്റിംഗ്, ഫോട്ടോ, പാചകം, സസ്യലോകം അങ്ങനെ എല്ലാം കൂടി ഒരു നല്ല അവിയലാണ് ഹൈദരാബാദില്‍ താമസിക്കുന്ന ആഷയുടെ ബ്ലോഗ്. തടിച്ചുരുള്‍ ചിത്രം, ടിഷ്യൂപേപ്പര്‍ പൂവ്, പഞ്ഞപ്പുല്‍ച്ചിത്രം ,സ്റ്റഫ്ഡ് കോഴിക്കുഞ്ഞ്, ഇവയെല്ലാം എങ്ങനെ ചെയ്യണം എന്നത് പടിപടിയായി ഫോട്ടോ സഹിതം വളരെ വിശദമായി വര്‍ണ്ണിച്ചിട്ടുണ്ട്. ഗ്ലാസ്സ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട് ആണ് മറ്റൊന്ന്.


ഹൈദരാബാദിലെ ബട്ടര്‍ഫ്‌ളൈ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഭാഗമായി നടന്ന പഠനത്തില്‍ പങ്കെടുത്ത ആഷ ഇരുതലശലഭം ഉള്‍പ്പടെ ചിത്രശലഭങ്ങളുടെ മനോഹരഫോട്ടോകള്‍ ഇട്ടിട്ടുണ്ട്. ഇത്തിരി ആയുസ്സ് ,ഒത്തിരി സൗന്ദര്യം ! കര്‍ണൂല്‍ ജില്ലയിലെ മഹാനദി ക്ഷേത്രത്തിലെ 5 അടി താഴ്ച്ചയുള്ള തെളിനീര്‍ക്കുളവും അതിലെ സ്ഫടികജലത്തിന്റെ വശ്യസൗന്ദര്യവും ക്യാമറയിലൊപ്പിയിട്ടുണ്ട് ആഷ. മാനസസരസ്സിന്റെ ഒരു മൈക്രോപ്പതിപ്പ്.

ചക്കരക്കാപ്പി അഥവാ കരുപ്പട്ടിക്കാപ്പി, അച്ചാര്‍ എന്നിങ്ങനെ പാചക പൊടിക്കൈകള്‍, ദശപുഷ്പങ്ങളും അവയുടെ ഔഷധഗുണങ്ങളും എല്ലാം പടം സഹിതം വര്‍ണ്ണിക്കുന്നുണ്ടിവിടെ.

പ്രകൃതിസ്‌നേഹം അലതല്ലുന്നുണ്ട് ആഷയുടെ ബ്ലോഗിലുടനീളം.ഒപ്പം നര്‍മ്മം ചാലിച്ച കുറിപ്പുകള്‍, തലക്കെട്ടുകള്‍.

ചിത്രക്കളരി എന്നൊരു ഫോട്ടോ ബ്ലോഗു കൂടിയുണ്ട് ആഷ്‌ക്ക്. താരാമതി ബാരാധരി തുടങ്ങി ധാരാളം ഫോട്ടോകള്‍ അതിന്റെ പിന്‍കഥ കള്‍ സഹിതം ഇവിടെയുമുണ്ട്. അതു കണ്ടു തന്നെ മനസ്സിലാക്കണം. ആഷ പഠിപ്പിച്ച പാഠം നോക്കി കരകൗശലം ചെയ്യണ്ടേ...ഇതിലേ പോകാം http://ashaadam.blogspot.com/

(ഒരു പടം കൂടിയിട്ടിട്ടുണ്ട് അവര്‍. അവരുടെ ഓണ്‍ലൈന്‍ നോക്കിയാല്‍ കാണാമായിരിക്കും.)Saturday, June 19, 2010

ചിരിയ്ക്കാം, ചിന്തിക്കാം


(ജൂണ്‍ 19 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

നര്‍മ്മം പെണ്ണിനു വഴങ്ങില്ലേ? ഉവ്വ്, നൂറുവട്ടം. രണ്ടു വിദേശ ബൂലോകര്‍ ഇതു തെളിയിക്കും.

http://malabar-express.blogspot.com ല്‍ കയറിയാല്‍ കൊച്ചുത്രേസ്യയുടെ ലോകം കാണാം. അവിടെ കഥയും കവിതയും ഇല്ല, നെടുനെടുങ്കന്‍ സാഹിത്യവും ഇല്ല. ഞാന്‍ സീരിയസ്സായി, ഞാന്‍ നോര്‍മലായി, സഞ്ചാരസാഹിത്യം, ലേബലൊന്നും കിട്ടിയില്ല എന്നിങ്ങനെ നാലു കൂട്ടമായി തിരിച്ചിരിക്കുന്ന എഴുത്തുകളെല്ലാം ജീവിതച്ചിന്തുകള്‍.

സീരിയസ്സ് എഴുത്തുകള്‍ വായിച്ചപ്പോഴേയ്ക്കും തന്നെ ഞാന്‍ കൊ.ത്രേ.ഫാനായി മാറി. ദൈവം, മതം, സിനിമ, കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം ,സ്ത്രീധനം ഇവയെക്കുറിച്ചെല്ലാം സ്വാനുഭവ വെളിച്ചത്തില്‍ എത്ര പാകത വന്ന കാഴ്ച്ചപ്പാടുകള്‍.

നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട് ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്ന നയം വ്യക്തമാക്കുന്നു എന്ന പോസ്റ്റ്, പെണ്ണുകാണാന്‍ വന്ന ചെക്കനുള്ള കത്താണ്. സ്ത്രീധനത്തെക്കുറിച്ച് നല്ലൊരു അപഗ്രഥനം. 'സ്വന്തം കാലില്‍ നില്‍ക്കാനായി, ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ് ഈയൊരവസ്ഥ.' അദ്ധ്വാനിച്ചു സമ്പാദിക്കുന്ന, ബുദ്ധിയും വിവേകവുമുള്ള, ഈ മിടുമിടുക്കി അച്ചായത്തിക്കുട്ടിയേക്കാള്‍ വലിയ എന്തു സ്ത്രീധനം ആണാവോ അച്ചായന്‍ ചുള്ളന്മാര്‍ക്കു വേണ്ടത്?

എന്റെ ദൈവവും ദേവാലയവും എന്ന പോസ്റ്റില്‍ നിന്ന്-ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്.അതില്‍ നോക്കിയാണ് പ്രാര്‍ത്ഥന. ഒന്ന് എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ, യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന് ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും'

നോര്‍മല്‍ എന്ന വകുപ്പില്‍ പൊട്ടിച്ചിരിപ്പിക്കുന്ന , അനുഭവവിവരണങ്ങളാണ്. അതില്‍ നിന്നു കുറച്ചടെുത്ത് ഇടാനാവില്ല. വായിക്ക തന്നെ വേണം.

മലബാര്‍ എക്‌സ്പ്രസ്സ് ചുവന്ന കൊടി കാണാതെ ഓടിക്കൊണ്ടേയിരിക്കട്ടെ. കൊ.ത്രേയുടെ അനുയായിവൃന്ദം 298 ല്‍ നിന്ന് എത്രയും പെട്ടെന്ന് 892 ലേക്കു ചാടട്ടെ. ഇപ്പോള്‍ ഈ ബ്ലോഗില്‍ ഇറ്റലി യാത്രാവര്‍ണ്ണന തകര്‍ക്കുകയാണ്. വായിക്കേണ്ടേ?. ജാഗ്രതൈ-ചിരിക്കാനിഷ്ടമല്ലാത്തവര്‍ ഈ ബ്ലോഗ് വായിക്കരുത്.

http://vayady.blogspot.com/ എന്ന വായാടി തത്തമ്മയെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്, ആള് അരക്കിലോ , നാക്ക് മുക്കാല്‍ കിലോ എന്ന പോസ്‌റ്റോടെയാണ് . കാണാക്കണ്മണിയെന്ന സിനിമയിലെ കുരുന്നു കുട്ടിയുടെ വായിലൂടെ വന്ന വലിയ വര്‍ത്തമാനത്തെയും സമാന പ്രവണതകളേയും നിശിതമായി വിമര്‍ശിച്ച വായാടിയുടെ എഴുത്തില്‍ നിന്ന് - കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി അവതരിപ്പിക്കുന്നതും, അവരുടെ പ്രായത്തിനിണങ്ങുന്ന ഡയലോഗുകള്‍ സംസാരിപ്പിക്കുന്നതും ആണ് മനോഹരം എന്ന് നമ്മുടെ സംവിധായകര്‍ എന്നാണാവോ മനസ്സിലാക്കുക? -മാതാപിതാക്കളും സിനിമാ സംവിധായകരും ഇതു ശ്രദ്ധിക്കട്ടെ.

സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ച 'എര്‍നാകുലംകാരി' പിങ്കി അമേരിക്കയില്‍ വന്നു 'മലയാലം പരയാന്‍' തുടങ്ങിയതിനെക്കുറിച്ചുള്ള മല്യാലം കുരയ്ക്കുന്ന പെണ്‍കുട്ടി വായിച്ചു നോക്കൂ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മിസ്.കേരള അര്‍ച്ചന നായര്‍, ഒരു അമേരിക്കന്‍ പ്രൊഫസര്‍, ഒരു റഷ്യാക്കാരി എന്നിവരുടെ ശുദ്ധമലയാളം കേള്‍പ്പിച്ച്, മാതൃഭാഷയെ ഇത്രമാത്രം അവഹേളിക്കുന്ന ഒരു ജനതയെ ഞാന്‍ കണ്ടിട്ടേയില്ല എന്നു വായാടി മലയാളിയെപ്പറ്റി ധര്‍മ്മരോഷം കൊള്ളുന്നത് ന്യായം. സ്റ്റൈലിഷ് മലയാളം എന്ന പേരില്‍ ഭാഷയെ അപമാനിക്കുന്ന ടി.വി. അവതാരകര്‍ ആ ക്ലിപ്പിംഗ്‌സ് ഒന്നു കേട്ടെങ്കില്‍. അമ്മേ വല്ലതും തരണേ എന്ന പോസ്റ്റ് എസ്.എം.എസ് യാചിക്കേണ്ടി വരുന്ന റിയാലിറ്റി ഷോ കുട്ടികളുടെ ഗതികേടിനെ കളിയാക്കുന്നു.

ഗ്രാന്‍ഡ് കാനിയന്‍ മലനിരകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ബ്രഹ്മ-വിഷ്ണു-ശിവ ക്ഷേത്രങ്ങള്‍, ലാസ് വെഗാസിലെ രാമന്‍ അയാളാ എന്ന പരസ്യം തുടങ്ങി പലതുമുണ്ട് വായാടിക്കു നമ്മെ അത്ഭുതപ്പെടുത്തുവാന്‍. ഫോട്ടോ ബ്ലോഗു വേറേയും. ബ്ലോഗിലെ ശാരികപൈങ്കിളി വായാടിക്ക് വച്ചടി വച്ചടി കയറ്റം നല്‍കട്ടെ! ആ കയറ്റം കണ്ട് ആനന്ദിക്കാന്‍ ബൂലോകത്ത് ഒരു മൂലയില്‍ ഞാനും ഉണ്ടാകും.

Saturday, June 12, 2010

അടുക്കള മാഹാത്മ്യം.


കീബോര്‍ഡില്‍ വിരലുകള്‍ ഓടുമ്പോള്‍ 'കുത്തിക്കുറിച്ചുകൊണ്ടങ്ങിരുന്നാല്‍ അത്താഴമൂണിനിന്നെന്തു ചെയ്യും' എന്ന വരികള്‍ മനസ്സില്‍ വന്നു. അപ്പോഴാണ് ബ്ലോഗടുക്കളെക്കുറിച്ച് എഴുതണം എന്നു തോന്നിയത്.

ആദ്യം പോയത് ബിന്ദുവിന്റെ അടുക്കും ചിട്ടയുമുള്ള അടുക്കളത്തളത്തില്‍. മുകളില്‍ മിന്നിമറയുന്ന വിഭവപ്പേരുകള്‍. താഴെ വലതുവശത്ത് വിശദമായ മെനു. വേണ്ടത് തെരഞ്ഞെടുക്കാം. മറക്കാനാവാത്ത രുചികള്‍ വിളമ്പിയിരുന്ന പഴയ അടുക്കളത്തളത്തിന്റെ ഓര്‍മ്മയ്ക്കായി ബിന്ദു സമര്‍പ്പിക്കുന്ന ഈ ബ്ലോഗ് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന, രുചിയും ആരോഗ്യവും നല്‍കുന്ന, നാടന്‍ വിഭവങ്ങള്‍ വിളമ്പുന്നു. സമയലാഭത്തിനും സ്വാദിനും ഒപ്പം അനാരോഗ്യം സൗജന്യം എന്ന ഫാസ്റ്റ് ഫുഡില്‍ നിന്ന് കളം മാറ്റി ചവിട്ടണമെന്നു തോന്നുമ്പോള്‍ പോകാം അടുക്കളത്തളത്തോളം. ഒരു വ്യത്യസ്താനുഭവമായിരിക്കുമത്.

കേരളത്തിന്റെ തനതു സൂപ്പാണ് സാമ്പാര്‍. പക്ഷേ കാസര്‍കോടു മുതല്‍ പാറ ശ്ശാല വരെ അതിന് പല പാചകരീതികളാണ്. ചോറിനേക്കാള്‍ ഇഡ്ഡലിക്കു കൂട്ടാകുന്ന ഉള്ളിസാമ്പാറാണ് അടുക്കളത്തളത്തിലെ ആദ്യവിഭവം. ആദ്യ ചേരുവ 'കൈപ്പുണ്യം -ഒരു പണത്തൂ ക്കമെങ്കിലും ' എന്നെ ഒട്ടൊന്നു നിരാശയാക്കിയെന്നു പറയാതെ വയ്യ. പറഞ്ഞിരിക്കുന്നതെല്ലാം അണുവിട തെറ്റാതെ ചെയ്യാമെന്നുവച്ചാലും ഈ ചേരുവയ്‌ക്കെന്തു ചെയ്യും? മൂവാണ്ടന്‍ മാങ്ങ കിട്ടുമെങ്കില്‍ മാങ്ങാസാമ്പാര്‍ പരീക്ഷിയ്ക്കാം. ബിന്ദുവിന് 'ഓരോ പാചകക്കുറിപ്പും ഓരോ അന്വേഷണമാണ് '. വറുത്തരച്ച സാമ്പാറിന്റെ കമന്റുകള്‍ ഇതു ശരി വയ്ക്കുന്നു.

രുചിവൈവിദ്ധ്യങ്ങള്‍ ഇനിയുമുണ്ട് ധാരാളം. കുട്ടികള്‍ക്ക് നാലുമണിക്കാപ്പിക്ക് നൂഡില്‍സിനു പകരം നല്‍കാവുന്ന രുചിഭേദങ്ങള്‍,. യാത്രയ്ക്കു കൂടെ കരുതാവുന്ന ചെറുനാരങ്ങാ സാദം എന്ന പുളിഹോര, ദീര്‍ഘകാല സൂക്ഷിപ്പുകള്‍, അങ്ങനെയങ്ങനെ. മഹാഗണപതിയുടെ ഇഷ്ടനിവേദ്യമായ ഒറ്റയപ്പവും ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം ഊട്ടുപുരയിലെ പുളിങ്കറിയും ഇവിടത്തെ പ്രത്യേകതയാണ്. ബിന്ദുവിന്റെ അടുക്കളച്ചൊല്ല്് ശേഖരത്തില്‍ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്

ആലോലനീലമിഴിയാം പ്രിയയാള്‍ വിളമ്പും
ഓലോലനൊന്നു മതി, എന്തിന്നു നൂറു കൂട്ടം?

ദൃശ്യശേഖരം ഫോട്ടോ ബ്ലോഗാണ്. കൈതയിലകള്‍ തഴപ്പായ് ആയി രൂപാന്തരം പ്രാപിക്കുന്നതും ദശപുഷ്പങ്ങളും അടക്കം ഫോട്ടോകള്‍ അനവധി. മനസ്സിന്റെ യാത്ര എന്ന ബ്ലോഗില്‍ ശ്രീ. ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയെക്കുറിച്ച് സചിത്ര ലേഖനമുണ്ട്. അടുക്കളത്തളം മോടി കൂട്ടുന്നതിനൊപ്പം ബിന്ദുവിന്റെ മനസ്സ് ഏറെ ദൂരം യാത്ര ചെയ്ത്, അവിടെ പുതു പോസ്റ്റുകളുണ്ടാകട്ടെ. ലിങ്ക് ഇതാ- http://bindukp2.blogspot.com.

കൃഷിയും പശുക്കളുമെല്ലാമായി മണ്ണിന്റെ മണമാണ് കാന്താരിക്കുട്ടിയുടെ ബ്ലോഗുകള്‍ക്ക്. അത് എന്നെ ആവേശഭരിതയാക്കിയെന്നു പറയാതെ വയ്യ.പാലുല്‍പ്പന്നങ്ങള്‍ അത്യാകര്‍ഷകം. പാല്‍വിഭവങ്ങളുടെ വലിയ ശേഖരം ഇവിടെയുണ്ട്. ഇളനീര്‍ പാല്‍ പുഡിംഗ്, കോഫീ ബൈറ്റ് , പാല്‍ ലഡ്ഡു എന്നിങ്ങനെ. മധുരം മാത്രമല്ല, പാല്‍ അച്ചാറും, പനീര്‍ സമോസയുമുണ്ട്. കുട്ടികള്‍ മെലിഞ്ഞിരിക്കുന്നുവോ?കൊടുത്തോളൂ ഛണാര്‍ പുളി. കാന്താരിക്കുട്ടിയുടെ ഭാഷയില്‍ എലി പോലിരിക്കുന്ന കുഞ്ഞുങ്ങളെ പുലി പോലാക്കി മാറ്റും ഇത്.

ഓര്‍മ്മകള്‍ ആണ് കാന്താരിയുടെ പ്രധാന ബ്ലോഗ്. അവിടെയുമുണ്ട് പുളിയില ചമ്മന്തി, കള്ളില്‍ നിന്ന് വിനാഗിരി ഉണ്ടാക്കും വിധം, ജാതിക്കാരിഷ്ടം തുടങ്ങിയ പാചകവിധികള്‍.

എന്തും നന്നായി വിശകലനം ചെയ്യുന്നു അവര്‍. വെസ്പാ വള്‍ഗാരിസ്, പഴുതാര, തേള്് എന്നീ പോസ്റ്റുകള്‍ കുട്ടിക്കാല ഓര്‍മ്മയിലൂടെ കടന്ന്, കടന്നല്‍-പഴുതാര-തേള്‍ കുത്ത് എന്നിവയ്ക്കുള്ള പച്ച മരുന്നുകളിലെത്തുന്നു. നായ്ക്കുരണയെക്കുറിച്ചുമുണ്ട് ഇതുപോലൊന്ന്. ഇരിങ്ങോള്‍ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ സസ്യവൈവിദ്ധ്യം മറ്റൊരു പോസ്റ്റില്‍ നിറയുന്നു. ലോകക്ഷീരദിനം ക്ഷീരകര്‍ഷകരെക്കുറിച്ചാണ്.

പാട്ടിന്റെ പാലാഴി എന്ന ബ്ലോഗ് നല്ല പാട്ടുകളുടെ ആഡിയോയും വരികളുമടങ്ങുന്ന വന്‍ശേഖരമാണ്. ശ്രദ്ധിച്ചില്ലേ ,അവിടെയുമുണ്ട് പാല്. സര്‍വ്വത്ര പാല്‍മയം ഈ ബ്ലോഗുകള്‍.

സ്വന്തം വീട്ടില്‍ നിന്ന് കൃഷിയുടെ ബാലപാഠം. വിവാഹം ക്ഷീരകര്‍ഷകന്റെ മരുമകളാക്കി. ആദ്യം മടിച്ചു നിന്ന് പിന്നെ എല്ലാത്തിലും അലിഞ്ഞു ചേര്‍ന്ന്, ഒപ്പം പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉദ്യോഗം നേടി. പിന്നെ നാടിനൊപ്പം നടുവേ എന്ന് കംപ്യൂട്ടര്‍ പഠനം. ഒന്നാന്തരം കൃഷി, സര്‍ക്കാര്‍ ജോലി, ബ്ലോഗിംഗ്. കാന്താരിക്കുട്ടിയല്ലേ ശരിയായ മള്‍ട്ടി ടാസ്‌ക്കര്‍? കിട്ടിയ വിലയേറിയ പൈതൃകത്തിന്റെ മഹത്വം മനസ്സിലാക്കി കാത്തു സൂക്ഷിക്കുന്നവള്‍. ലിങ്ക് ഇതാ- http://kantharikkutty.blogspot. കാന്താരി ഇനിയും എഴുത്തു തുടരണം .


കുഞ്ഞുന്നാള്‍ മുതല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സമയങ്ങളായിരുന്നു പകലിരവുകള്‍ സന്ധിക്കുന്ന, ചിന്തയും ഭാവനയും വിടരുന്ന, പ്രഭാതവും സന്ധ്യയും. പക്ഷേ കുടുംബിനിയായപ്പോള്‍ ഈ നല്ല സമയം എന്റെ അടുക്കള അപഹരിച്ചു. അതില്‍ എനിക്ക് അടുക്കളയോടു തെല്ലു പരിഭവമുണ്ടായിരുന്നു താനും. അതുകൊണ്ടു തന്നെ 'അടുക്കളകള്‍ തിരിച്ചു പിടിക്കണം' എന്ന സാറാ ജോസഫ് ടീച്ചറുടെ ആഹ്വാനം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. പക്ഷേ പാചകം ഇഷ്ടപ്പെടുന്ന ബിന്ദുവും കാന്താരിക്കുട്ടിയും ഒന്നു പറഞ്ഞു തന്നു, പാച കം ഒരു കലയാണ്, അതിലൂടെ വീട്ടുകാര്‍ക്ക് സ്‌നേഹം വിളമ്പുന്നവരുണ്ട്.
.

.

Monday, June 7, 2010

വ്യത്യസ്തയാം ഭൂമിപുത്രി


(ജൂണ്‍ 05 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

ഒട്ടൊരു വ്യത്യസ്തത അന്വേഷിച്ച് നടന്നാണ് ഭൂമിപുത്രിയെ കണ്ടെത്തിയത്. 'ഇവിടെയീ കാണുന്നതൊക്കെയായാല്‍ പാതി ഞാനായി ' എന്നു പറയുന്ന ഭൂമിപുത്രിക്ക് , ബ്ലോഗുകള്‍ മൂന്ന്. കൂടാതെ വനിതാ ലോകം, ബുക്ക് റിപ്പബ്ലിക്ക് തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വേറേയും.

അന്നന്നു തോന്നിയത് -ഒരു സിനിമ ആസ്വാദകയ്ക്ക് സിനിമാസംഘടനയായ അമ്മയോടു ചോദിക്കാനുള്ളതു കേള്‍ക്കുക- 'മലയാളസിനിമയില്‍ കാമ്പും കരുത്തുമുള്ള കലാകാരന്മാര്‍ ഓരോരുത്തരായി കരള്‍ വാടി അര ങ്ങൊഴിഞ്ഞുതുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഈയ ടുത്ത കാലത്തായി അതിന്റെ ആക്കം വര്‍ദ്ധിച്ചിരിക്കുന്നു. ചിലര്‍ ആശുപത്രിയില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു, എപ്പോഴാണ് കൂടുതല്‍ പേരുകള്‍ ആ പട്ടികയില്‍ ചേരുക എന്നറിയില്ല. ഈ 'മാരകരോഗ'ത്തെ , എന്നു തന്നെ, പറയട്ടെ, തടയാനുള്ള ഇഛാശക്തി (വന്നുകഴിഞ്ഞു ള്ള ചികിത്സയോ മരിച്ചു കഴിഞ്ഞ് കുടുംബത്തിനുള്ള ധനസഹായമോ അല്ല) 'അമ്മ' എന്തു കൊണ്ടാണ് കാണിക്കാത്തത്? '- ഈ ചോദ്യം ശരിയല്ലേ? ഇത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുമെന്നു നമുക്ക് പ്രത്യാശിക്കാം.

ഇത് ഇത്രയ്‌ക്കൊക്കയേ ഉള്ളൂട്ടോ...എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ പോസ്റ്റ് കണ്ടറിയേണ്ടതാണ്, വായിക്കേണ്ടതല്ല. 1949 ലെ മിസ് ഇന്‍ഡ്യയുടെ സൗന്ദര്യം വഴിഞ്ഞൊഴുകും മുഖം. അതു കഴിഞ്ഞ് 2009 ല്‍ 90 തികഞ്ഞ അവര്‍, അമോല്‍ പലേക്കര്‍ക്കൊപ്പമുള്ള പടം. 2009 ഫെബ്രുവരി 2 ലെ ഈ പോസ്റ്റ് കണ്ടു നോക്കൂ, നിങ്ങളും പറയും...അതേ, മനുഷ്യജീവിതം ക്ഷണപ്രഭാചഞ്ചലം!

അതു താനല്ലയോ ഇത്-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മര്‍ലിന്‍ മണ്‍റോയും തമ്മിലെന്താ ബന്ധം ? ആദിശങ്കരന്റെ അദൈ്വതസിദ്ധാന്തം ഒരു സഹബ്ലോഗറെ മനസ്സിലാക്കിക്കാന്‍ 2009 ജനുവരി 08 ന് ഇട്ട പടം ഒന്നു കണ്ടാല്‍ അതു മനസ്സിലാകും. ഇത്തരം പടങ്ങള്‍ ഫോര്‍വേഡഡ് മെയിലുകളായി പലരും കണ്ടു കാണും .കാണാത്തവര്‍ ഒന്നു കണ്ടോളൂ. ഒന്നായ നിന്നെയിഹ.....

ജലതരംഗം-ഇത് കവിതാ ബ്ലോഗാണ്. ഒന്നൊഴികെ എല്ലാം ഗദ്യകവിതകള്‍. മദ്യപാനത്തിന് എതിരെങ്കിലും മാംഗഌര്‍ സംഭവത്തോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ എന്ന് ശ്രീരാമസേനക്കാരെ കണക്കിനു കളിയാക്കുന്നു 'ശ്രീരാമസേനാമൃതം. 'വത്സ സൗമിത്രേ കുമാരാ നീ കേള്‍ക്കണം' എന്ന ലക്ഷ്മണോപദേശം മട്ടില്‍ ഒന്നു വായിക്കൂ-

വത്സേ!സുഗുണേ! കുമാരി! നീ കേള്‍ക്കണം
സത്സ്വഭാവം തെളിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ ദാഹമറിഞ്ഞിങ്ങുവന്നു ഞാന്‍
പബ്ബുകള്‍ തേടിനീ യാത്രയായെന്നതും.

നിന്നെ പഠിപ്പിച്ചു നേരേ നടത്തുവാന്‍
എന്നെ നിയോഗിച്ചു മാനം പുലര്‍ത്തുവാന്‍.
നിന്നാലിതാകൊലാ മദ്യം കുടിയ്ക്കുവാന്‍
നിര്‍ണ്ണയമെന്നൊരു വാക്ക് നീ ചൊല്ലുക

നാടിന്‍ മഹിമയും പേരും പെരുമയും
മാനിനി കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനെയും ഭാരത
ദേശംവെടിഞ്ഞു നീ ദൂരെ ഗമിയ്ക്കുക

അതെ, മാനിനിമാര്‍ക്കു മാത്രമല്ലേ സത്സ്വഭാവം വേണ്ടതുള്ളു ഈ ആര്‍ഷഭാരതത്തില്‍?

കാതോരം
-2007 ലെ കേരളപ്പിറവി ദിനത്തിലും നമ്മള്‍ ഹര്‍ത്താല്‍ ആഘോഷിച്ചുവോ? ആ പോസ്റ്റില്‍ നിന്ന്- 'ഉള്ള സത്യം പറയാമല്ലോ. പണിയെടുക്കാതെ മൂന്നുനേരം തിന്നും കുടിച്ചും ആഘോഷിക്കാനൊരു ദിവസം കിട്ടിയാല്‍ ULFA വിളിച്ചാലും ഞങ്ങള്‍ മലയാളികള്‍ വിളികേള്‍ക്കും! ഞാന്‍ നാട്ടിലില്ലാതെ പോയല്ലോ. ഹോളീഡേക്കെട്ടു വിടുമ്പോള്‍ ഹര്‍ത്താല്‍ ലഹരി വിമു ക്ത ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കാമായിരുന്നു..'

തീവ്രവാദത്തിനെതിരെയുള്ള 'ഇതൊരു ഭ്രാന്തന്‍ സ്വപ്‌നമാണോ' എന്ന പോസ്റ്റില്‍ നിന്ന് - 'സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുന്ന ഭുരിപക്ഷം മുസ്ലീമുകളുടെയും ശബ്ദം, മതതീ വ്രവാദത്തിനെതിരെ ഒരുമിച്ചുയരുകയാണ് ഏറ്റവും ഫലപ്രദമായ പരിഹാരം. കുറച്ച് നാള്‍ മുന്‍പ് യു.പി.യിലെ Deoband പണ്ഡിതര്‍ മുസ്ലിം തീവ്രവാദത്തിനെതിരെ ഒരു പ്രസ്താവനയിറക്കിയപ്പോള്‍, അതൊരു വലിയ പ്രസ്ഥാനമായി വളരുമെന്ന് ആശിച്ചു, പക്ഷെ പിന്നെയൊന്നും കേട്ടതുമില്ല' .

സമയക്കുറവാവാം, കാതോരത്തിലും ജലതരംഗത്തിലും പോസ്റ്റ് ഇട്ടിട്ട് ഒരു വര്‍ഷത്തിനു മേലായി. വനിതാലോകം എന്ന കൂട്ടായ്മയിലും പുതുതൊന്നുമില്ല. ' ശല്യം കൂടാതെ ഇരുന്നെഴുതാന്‍ ഒരു മുറിയും സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കാന്‍ പൈസയും (A room of one's own and five hundred pounds a year) ആണ് ഒരു എഴുത്തുകാരിക്ക് അവശ്യം വേണ്ട സൗകര്യങ്ങള്‍ 'എന്ന് വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞു വച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇന്ന് അതു രണ്ടുമുള്ള വനിതകള്‍ കുറേയെങ്കിലുമുണ്ട്. പക്ഷേ ജോലി, പിന്നെ കുടുംബമെന്ന പണിമുടക്കാനാവാത്ത അവശ്യസര്‍വ്വീസ്, ഇതിന്റെയൊപ്പം ഇത്തരം കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്തുക ശ്രമകരമാണ്് ,സംശയമില്ല. സാഹിത്യം മാത്രമല്ല ബ്ലോഗെഴുത്ത് എന്നും പ്രതികരിക്കാനുള്ള ശക്തമായ വേദിയാക്കാം ബ്ലോഗ് എന്നും കാണിച്ചു തരുന്ന ഭൂമിപുത്രിയെപ്പോലുള്ളവര്‍ പക്ഷേ ഇങ്ങനെ നിശബ്ദ്ത പാലിച്ച് ഇരുന്നു കൂടാ.

ലിങ്ക് ഇതാ-http://annannuthonniyathu.blogspot.com/

 അവസാന രണ്ടു വരികള്‍, സ്ഥലക്കുറവുമൂലമാവാം വാരികയില്‍ വന്നില്ല. അതുകൂടി ഇതില്‍ ഇടുന്നു.

Friday, June 4, 2010

ബൂലോകം കവിതാമയം


(മെയ് 29 ലക്കം കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

കവിതാമയമാണ് ബൂലോകം. അതുകൊണ്ടു തന്നെ തെരഞ്ഞെടുക്കല്‍ ഏറെ ശ്രമകരവും. കവിതകളിലൂടെ മാത്രം ആത്മാവിഷ്‌ക്കാരം നടത്തുന്ന മൂന്നു ബ്ലോഗുകളാണിവിടെ.

കോയ്മിക്കവിതകള്‍- മഴത്തുള്ളികള്‍ പോലെ സ്‌നിഗ്ദ്ധമായ വാങ്മയചിത്രങ്ങള്‍. കവിതയുടെ ഗതകാലവസന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍. നല്ല കവിത മരിച്ചിട്ടില്ലെന്ന പ്രത്യാശ. ഇതൊക്കയാണ് ഈ ബ്ലോഗ്. നീണ്ട കവിതകളില്‍ നിന്ന് .....

1.ഒരു വേനല്‍ക്കുറിപ്പില്‍ നിന്ന്......
പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം
................................................................
എത്രയോ കാതങ്ങളപ്പുറത്തുന്നൊരു
മിത്രമണഞ്ഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടുവന്നെത്തിയ
മിത്രമിവള്‍ക്കു പേരോര്‍മ്മ.


2.അലയുന്ന മേഘങ്ങള്‍ക്കായ്....
മഴ വീണ മണ്ണിന്റെ പുതുമണം സൂക്ഷിച്ചു
പഴകിയ ചെപ്പും തുരുമ്പെടുക്കെ,
അകലങ്ങളാത്മാവിലെഴുതിയ സ്വപ്നങ്ങ
ളലയുന്നു പിന്നെയും മേഘങ്ങളായ്.......

കവിത്വമുള്ള മൂന്നു കവിതകള്‍ക്കിടയില്‍ ചിതലുകള്‍ എന്ന ഗദ്യകവിത അധികപ്പറ്റായതുപോലെ തോന്നി. മനസ്സിരുത്തി തിരുത്തിയെടുത്താല്‍ (എഡിറ്റിംഗ്) കോയ്മിക്ക വിതകള്‍ പുസ്തകവും, സിനിമാക്കവിതകളുമൊക്കെയാകുന്ന കാലം ദൂരത്തല്ല. ലിങ്ക്- http://vibes007.blogspot.com/

കാളന്ദി- സ്വതന്ത്ര പ്രണയിനിയായ കറുത്തവള്‍ കാളിന്ദി, രാധയെക്കാള്‍ ഭാഗ്യവതി എന്ന് എഴുതിയ സ്മിതാ മീനാക്ഷിയുടെ ഗദ്യകവിതകളില്‍ നിറയുന്നത് ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ്. നമുക്കു കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തവ. തെരഞ്ഞെടുത്ത ചില വരികള്‍ ഇതാ....

1..വാക്കിന്റെ വര്‍ത്തമാനങ്ങള്‍
എനിക്കും നിനക്കുമിടയില്‍
ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.

2. പ്രണയം
പ്രണയം പുര നിറഞ്ഞു
പുറത്തേയ്ക്കു വളര്‍ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളോടെ താലി ചാര്‍ത്തി തളച്ചു
ആശ്വാസം, പിന്നെയതു വളര്‍ന്നില്ല
........................................................................
കിടപ്പുമുറിയുടെ വാസ്തു
ശരിയല്ലാത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പോയി.........


വിളിച്ചാല്‍ വിളിപ്പുറത്തു വാക്കെത്തുന്ന, അമിതോപയോഗം മൂലം പിഞ്ഞിക്കീറിയ വിഷയങ്ങള്‍ പോലും പുതുമയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള സ്മിത, കവിത തുടിക്കുന്ന വൃത്ത താള നിബദ്ധമായ വരികള്‍ കൂടി ഇനി എഴുതട്ടെ. കാളിന്ദി ഒഴുകുന്നതിവിടെ -http://smithameenakshy.blogspot.com/

കളേഴ്‌സ്- 'ഇനിവരും നാള്‍കളില്‍ താണ്ടേണ്ട പാതകള്‍ പുല്‍മെത്തയാവാം ,പരുക്കനാവാം' എന്നു പാടുന്ന രവീന രവീന്ദ്രന്റെ രചനകള്‍ ഒന്നൊഴികെ എല്ലാം ഗദ്യകവിതകള്‍. കാലികപ്രസക്ത മായ അവതരണശൈലി. ചിലതു വായിക്കാം....
1.പരിധിക്കു പുറത്താണ്
ഒരു മിസ്സ് കോളുണ്ടായിരുന്നു ,
മഴയുടേത് .
കാത്തിരിപ്പുണ്ടോയെന്നറിയാന്‍
തിരിച്ചു വിളിച്ചപ്പോള്‍്
പരിധിക്കു പുറത്താണ് .
2. കുളക്കടവിലെ മീന്‍കൊത്തി
പിണക്കത്തിലാണ് !
ധ്യാനിച്ചിരിക്കാറുള്ള മരങ്ങള്‍
കാശിക്കു പോയതായിരിക്കുമോ ?
....................................
മേടച്ചൂട് കുറുക്കിവെച്ച
ചെളിവെള്ളത്തില്‍
കൊക്കു നനയ്ക്കാനെങ്കിലും ....
3.ലേലം(അയിത്തത്തില്‍ നിന്ന്)
നീയുണ്ടാവണം ,നാളെ
ഭൂമിയെ ലേലം ചെയ്യുമ്പോള്‍.
എന്തിനു ഭയക്കണം ?
ചൊവ്വയില്‍ അഞ്ചുസെന്റ് സ്ഥലം
പറഞ്ഞു വച്ചിട്ടുണ്ട് .


അടുക്കളയുടെ മുറിവുകളും പാറ്റയുമൊക്കെ എഴുതാന്‍ രവീനയ്ക്കിനിയും സമയം കിട്ടും. അതുകൊണ്ട്, രവീന ഇപ്പോള്‍ പതിനെട്ടുകാരിയുടെ വര്‍ണ്ണപ്രപഞ്ചം കവിതകളിലൂടെ ചമയ്ക്കട്ടെ. മായാത്ത ഓര്‍മ്മകള്‍ അതിനുള്ള തുടക്കമായി കാണുന്നു ഞാന്‍. രവീനയുടെ കവിത തുളുമ്പും വരികള്‍ ചാനലുകളും റേഡിയോകളും പാടട്ടെ, നമുക്കായ്. ലിങ്ക് ഇവിടെ-
http://raveena-myworld.blogspot.com/