Friday, December 9, 2011

വാക്ക്

Online link of varika 


                             

'എയ്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല' എന്നതു പ്രമാണം. അക്ഷരങ്ങള്‍ പെറുക്കി കൂട്ടി വയ്ക്കുമ്പോള്‍ വാക്കായി, ആ വാക്കിന്റെ ശക്തിയോ, അത്യപാരം. അതറിയാന്‍ http://www.buddhistbelief.com/ ല്‍ നിന്നൊരു കഥയുടെ സ്വതന്ത്രവിവര്‍ത്തനം. പല സൈറ്റുകളിലും ഈ കഥയുണ്ട്.

ബുദ്ധവിശ്വാസക്കാരനായ ഒരു ഗുരുനാഥന്‍ അദ്ദേഹത്തിന്റെ ശിഷ്യരോട് സംസാരിക്കുകയായിരുന്നു. 'ഇന്ന് വിവേകമുള്ള ഭാഷണത്തെപ്പറ്റിയാണ് ഞാന്‍ സംസാരിക്കാന്‍ പോകുന്നത്.' പിന്നീട് അദ്ദേഹം അശ്രദ്ധമായ വാക്കുകള്‍ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെപ്പറ്റി ദീര്‍ഘമായി സംസാരിച്ചു. ഒരു ചെറുപ്പക്കാരനായ ശിഷ്യന്‍ പറഞ്ഞു,

' പൂജ്യഗുരുനാഥാ, ഇതെങ്ങനെ ശരിയാകാമെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരു കല്ല്് പരിക്കേല്‍പ്പിക്കാം. മോഷണം നഷ്ടപ്പെടുത്താം, പക്ഷേ വാക്കുകള്‍ പദാര്‍ത്ഥങ്ങളില്ലാത്ത വെറും ശബ്ദങ്ങളല്ലേ. അത് അത്ര ശക്തിമത്താണെന്ന് താങ്കള്‍ അഭിപ്രായപ്പെടുന്നതിനോട് എനിക്കു വിയോജിക്കേണ്ടി വരും.'

ഗുരു മറുപടി പറഞ്ഞു.' നീ ഇത്രയും വിവരമില്ലാത്ത മൂഢന്‍ ആയിരുന്നില്ലെങ്കില്‍ നിനക്കു മനസ്സിലാകുമായിരുന്നു. അവിടെ ഇരിക്കൂ, വായടയ്ക്കൂ, തടസ്സപ്പെടുത്തുന്നത് നിര്‍ത്തുകയും ചെയ്യൂ.'

ഞെട്ടിപ്പോയ ചെറുപ്പക്കാരന്‍ നിശബ്ദനായി, പക്ഷേ 10 മിനിറ്റു കഴിഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു, മുഖം ചുവന്ന്, കണ്ണുകള്‍ തള്ളി വന്ന്, മുഷ്ടികള്‍ ചുരുട്ടി, അയാളുടെ മുഴുവന്‍ ദേഹവും വിറച്ച്..

' നീ വല്ലാതെ ഉലഞ്ഞതു പോലെയുണ്ടല്ലോ. നിന്റെ ശാന്തപ്രകൃതി തകര്‍ന്നിരിക്കുന്നു. നിനക്ക് എന്താണ് സംഭവിച്ചത്?'

'ഞാന്‍ അര്‍ഹിക്കാത്ത പരുഷമായ അധിക്ഷേപമാണ് നിങ്ങള്‍ ഊക്കിലെറിഞ്ഞത്. നിങ്ങള്‍ നടിക്കുന്നത്ര വലിയ അദ്ധ്യാപകനാകാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ ഒരു കാപട്യക്കാരനാണ്!   '

വൃദ്ധന്‍ പ്രതിവചിച്ചു,' ആ, ഞാന്‍ മനസ്സിലാക്കുന്നു. എന്റെ വാക്കുകളാണ് നിന്നില്‍ ഇത്ര പരിവര്‍ത്തനഫലങ്ങള്‍ ഉളവാക്കിയത്. ഭാഷണം വളരെ ശക്തിമത്താകാമെന്ന് നീയും ഞാനും സമ്മതിക്കുമെന്നു തോന്നുന്നു.'

ഗുരുനാഥന്‍മാര്‍ അങ്ങനെയാണ്, നമ്മുടെ സംശയം നമ്മെക്കൊണ്ടു തന്നെ നിവര്‍ത്തിപ്പിക്കും. അല്ലാതെ ദീര്‍ഘനേര ചര്‍ച്ചയിലൂടെയല്ല.

കുഞ്ചന്‍ നമ്പ്യാര്‍ പഞ്ചതന്ത്രം കിളിപ്പാട്ടിലൂടെ പറഞ്ഞു വച്ചതും ഇതു തന്നെ.
'അമ്പുകൊണ്ടുള്ള വ്രണം കാലത്താല്‍ നികന്നീടും;
.....................................................................................................
കേട്ടുകൂടാത്തവാക്കാമായുധം പ്രയോഗിച്ചാല്‍
കര്‍ണ്ണങ്ങള്‍ക്കകം പുക്കു പുണ്ണായാലതു പിന്നെ
പ്പൂര്‍ണ്ണമായ് ശമിക്കയില്ലൊട്ടുനാള്‍ ചെന്നാല്‍പ്പോലും'

http://ml.wikisource.org/wiki/ യില്‍ പോയാല്‍ മുഴുവനും വായിക്കാം. കേട്ടു കൂടാത്ത വാക്കുകള്‍ പറഞ്ഞ് ജനങ്ങളുടെ ചെവികളില്‍ ആരും പുണ്ണുണ്ടാക്കാതിരിക്കട്ടെ !

ഇനി ഗണേശസന്ദേശം: തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ നിന്ന്

വാക്കില്‍ നിന്ന് വശ്യം,
വശ്യത്തില്‍ നിന്നു വിശ്വാസം,
വിശ്വാസത്തില്‍ നിന്നു വിനയം,
വിനയത്തില്‍ നിന്നു വിവേകം,
വിവേകത്തില്‍ നിന്നു വിജ്ഞാനം,
വിജ്ഞാനത്തില്‍ നിന്നു വരുമാനം,
വരുമാനത്തില്‍ നിന്ന് വരുതി;

വാക്കില്‍ നിന്ന് ശനി,
ശനി വിനയായി,
വിന വിദ്വേഷമായി,
വിദ്വേഷം വൈരാഗ്യമായി,
വൈരാഗ്യം വാശിയായി
വാശി നാശമായി തീരുന്നു.

നമ്മുടെ വാക്ക് വശ്യമാകട്ടെ! ശനി ആവാതിരിക്കട്ടെ! വ്യാസമുഖത്തു നിന്നു മഹാഭാരതം കേട്ടെഴുതിയ ഗണപതിയേക്കാള്‍ നന്നായി വാഗ്മാഹാത്മ്യം ആരു പറഞ്ഞു തരും?

പ്രചോദനം-ചാനലുകളിലൂടെ കുറച്ചു നാളായി കാണുന്ന, കേള്‍ക്കുന്ന, പ്രസംഗ കിപ്ലിംഗുകള്‍. വായടക്കൂ, പണിയെടുക്കൂ എന്ന സഞ്ജയ് ഗാന്ധിവചനവും 'വാക്കിലും നോക്കിലും മാന്യത പുലര്‍ത്തണം' എന്നു കുഞ്ഞുന്നാളില്‍ പഠിച്ചതും ഇവര്‍ മറന്നു പോയിരിക്കുമോ?

Friday, December 2, 2011

വരൂ, നമുക്ക് അണി ചേരാം......

Online link of varika published  01.12.2011


(നിരക്ഷരന്റെ സൈറ്റിലെ ലോഗോ വാരികയിലുണ്ട്)
         പെരിയാര്‍ ഇപ്പോള്‍ വന്യഭംഗിയില്‍ ശാന്തസുന്ദരമായി നിറഞ്ഞ് തുള്ളിത്തുളുമ്പി ഒഴുകുകയാണ്. ജലസാമീപ്യം തരുന്ന അവാച്യാനുഭൂതി ഇപ്പോള്‍ നമ്മെ അനുഭവിപ്പിക്കുന്ന അവളെ സംഹാരരുദ്രയാക്കി മാറ്റുമോ നമ്മള്‍?  ദൈവമേ എന്നു വിളിച്ചു കേഴാനല്ലാതെ മറ്റൊന്നും വീരശൂരപരാക്രമികളായ നമുക്കാവില്ലേ? അതേ, ഒരു പാടു പേര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന അതേ വിഷയം തന്നെ, മുല്ലപ്പെരിയാര്‍!

വാസ്തവത്തില്‍ ഇത് എപ്പോഴും പേടിപ്പുറത്തു ജീവിക്കാന്‍ നിര്‍ബന്ധിതരായ ഒരു ജനതതതിയുടെ ദീന വിലാപമാണ് , യാചനയാണ്. *കണ്ണു തുറന്നിരിക്കുന്ന, ചിരിക്കാനറിയുന്ന, കരയാനറിയുന്ന, കേരളത്തിലെ ഭരണ-പ്രതിപ ക്ഷ ജനപ്രതിനിധികളോട്് , കലാകായിക സാംസ്‌കാരിക പ്രവര്‍ത്തകരോട്, നാലാളറിയുന്ന പൊതുപ്രവര്‍ത്തകരും അല്ലാത്തവരുമായവരോട്. നിങ്ങളിപ്പോള്‍ കൈകാര്യം ചെയ്യുന്ന എല്ലാ വിഷയങ്ങളേക്കാളും അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നത് മുല്ലപ്പെരിയാര്‍ അല്ലേ? ഡാമിനു നേരിട്ടുവന്ന് 'എന്റെ ജലനിരപ്പു താഴ്ത്തൂ, മാറ്റിപ്പണിയൂ' എന്നൊന്നും പറയാനാവില്ലല്ലോ, പക്ഷേ അവിടെ ഉണ്ടായ ഭൂകമ്പങ്ങള്‍ പ്രകൃതി തരുന്ന അവസാന മുന്നറിയിപ്പുകളല്ലേ? അതെല്ലാം തൃണവല്‍ക്കരിച്ചാല്‍.....

1895 ല്‍  അന്‍പത് വര്‍ഷത്തെ ജാമ്യച്ചീട്ടില്‍(ഗാരന്റി) രൂപകല്‍പ്പന ചെയ്ത ഒരു അണക്കെട്ട്, ഇതുവരെ 116 വര്‍ഷം പിന്നിട്ടു-ദൈവം വലിയവനേ്രത! പക്ഷേ ഇനിയും പ്രകൃതിയുടെ ക്ഷമ പരീക്ഷിക്കയാണ് നമ്മള്‍. ഇതിന്റെ അലയൊലികള്‍ ഇന്റര്‍നെറ്റിലും വീശുന്നുണ്ട്. സംഘടിക്കാനും രക്ഷപ്പെടുത്താനും ആഹ്വാനങ്ങളും ഉയരുന്നു, പക്ഷേ എവിടെ 'സേവ് മുല്ലപ്പെരിയാര്‍' എന്നൊരു പ്രവര്‍ത്തന സമിതി? എവിടെ അതിനെ നയിക്കാനൊരു അണ്ണാ ഹസാരെ? എവിടെ അതിനൊരു കോര്‍ കമ്മിറ്റി?

യൂട്യൂബില്‍ 21 മിനിട്ട് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള, 'അണക്കട്ടുകള്‍-മാരകമായ ജലബോംബുകള്‍' എന്ന ഒരു സിനിമയുണ്ട്. ഡാമിനെ കുറിച്ചുള്ള സര്‍വ്വതും ഭംഗിയായി പ്രതിപാദിക്കുന്നു ഇവിടെ. ഏരീസ് ടെലികാസ്റ്റിംഗ് കമ്പനിയുടെ ഈ സിനിമ http://goo.gl/Y1mR8  ഡാമിന്റെ ആദിചരിത്രം മുതല്‍ അവിടുത്തെ നേതൃസന്ദര്‍ശനങ്ങള്‍ വരെ, 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഉള്‍പ്പടെ, വിശദമായി കാണിക്കുന്നുണ്ട്. ഹിരോഷിമാ ദുരന്തത്തിന്റെ 180 ഇരട്ടി നാശനഷ്ടം വിതയ്ക്കുന്ന ഒരു ദുരന്തം, കേരളത്തിന്റെ പേരില്‍, അതുണ്ടാവാതിരിക്കട്ടെ! ലോകത്തില്‍ ഇത്തരം ഭീഷണി നേരിടുന്ന 4000 അണക്കെട്ടുകള്‍ ഉണ്ടെന്ന് സിനിമ പറയുന്നു.

നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രന്‍ മുല്ലപ്പെരിയാര്‍ രക്ഷിക്കുക എന്ന e-പ്രചരണം http://rebuilddam.blogspot.com/ തുടങ്ങിയിട്ട് നാളുകളായി. ഈ വിഷയത്തെ സംബന്ധിച്ച് 'സേവ് കേരള കാമ്പെയ്ന്‍- നമുക്ക് എങ്ങനെ ജനങ്ങളെ ഉണര്‍ത്താം' എന്ന തളത്തില്‍ ദിനേശന്റെ  ഗൂഗിള്‍ പ്ലസ്സ് പോസ്റ്റ്്
-http://goo.gl/J22oG- കാര്യമാത്രപ്രസക്തമാണ്. അതില്‍ നിന്ന്-
' നമ്മള്‍ നയിക്കാന്‍ പോകുന്നത് ഒരു യുദ്ധമല്ല. അതിജീവനത്തിന്റെ സമരമാ ണ്..ഇത് എന്റെയോ നിങ്ങളുടെയോ പ്രശ്‌നം അല്ല നമ്മുടെ പ്രശ്‌നം ആണ,് നമ്മുടെ നാടിന്റെ പ്രശ്‌നം ആണ്.. ഉണരൂ അണി ചേരൂ. ജനം ഉണരണം.കാര ണം പ്രബുദ്ധരായ ജനങ്ങള്‍ ആണ് യഥാര്‍ത്ഥ സമരത്തിലെ വിജയശില്‍പ്പി കള്‍. അതിനായി നമ്മുക്ക് കയ്യും മെയ്യും ജാതിയും മതവും മറന്നു പ്രവര്‍ത്തി ക്കാം.വരൂ,അണി ചേരൂ.....സമയം ആണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. ഡെഡ് ലൈന്‍ അജ്ഞാതമാണ്..'

ഈ ആഹ്വാനം നമ്മള്‍ കൈക്കൊള്ളണം, അതിനായി അണിചേരുകയും വേണം. വെറും വികാരപരം മാത്രമല്ല അത്, കാര്യഗൗരവത്തോടെ നടപ്പിലാക്കാ നായി ദിനേശനൊപ്പം പലരും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു.തീര്‍ച്ചയായും ഇതു വായിക്കണം. പത്തുപേരോട് ഇതേ കുറിച്ചു പറയുകയും വേണം. അവബോധം സൃഷ്ടിക്കലിന്റെ ആദ്യ പടി ആവട്ടെ ഇത്.

ഗൂഗിള്‍ പ്ലസില്‍ രാഹുല്‍.എസ്.എ. യുടെ ഒരു ഫോട്ടോ പോസ്റ്റുണ്ട്, ഇന്ന്, നാളെ എന്ന കേരളത്തിന്റെ പടങ്ങള്‍. ഇന്നില്‍ ഹരിത കേരളം, നാളെയില്‍ ഇടയ്ക്കു വച്ച് മുറിഞ്ഞ്, കടലു കയറി പിളര്‍ന്നു പോയ, ചാരനിറമാര്‍ന്ന രണ്ടു (അതോ മൂന്നോ) കേരളങ്ങള്‍. കാണണോ, ഇതിലേ... http://goo.gl/XKwfE.


അരുണ്‍ സദാശിവന്റെ http://goo.gl/4h9Gf  ലെ ഈ ഗൂഗിള്‍ പ്ലസ് പ്രാര്‍ത്ഥനയില്‍ (മലയാളീകരണം എന്റെ വക) ഞാനും പങ്കു ചേരുന്നു-
'ദൈവമേ, എന്റെ വീടു സംരക്ഷിക്കേണമേ,
എന്റെ കൊച്ചു സംസ്ഥാനം,
കേരളം...അതു നിങ്ങളുടേയും വീടല്ലേ,
ഒരു ഇരുണ്ട ദിനത്തില്‍/രാവില്‍ കടലിലേക്കാണ്ടു മുങ്ങും വിധിയില്‍ നിന്ന്...
ഞങ്ങള്‍ക്കു ജീവിക്കുവാന്‍ അവകാശമുണ്ട്.'

* കണ്ണു തുറക്കാത്ത ദൈവങ്ങളേ  എന്ന പാട്ട് ഓര്‍ക്കുക

Friday, November 25, 2011

അഹിംസാപര്‍വ്വം

varika released yday- link here.                       


അച്ഛനമ്മമാരേ, നിങ്ങള്‍ കുഞ്ഞുങ്ങളെ ശിക്ഷിക്കാറുണ്ടോ? ഇനി ശിക്ഷിക്കും മുമ്പ് ഇതൊന്നു വായിക്കണേ.

കഞ്ഞുങ്ങളെ വളര്‍ത്തേണ്ടതെങ്ങനെ എന്നതിനെ പറ്റി ഇന്റര്‍നെറ്റില്‍ നിന്ന് അറിവുകള്‍ അനവധി കിട്ടും. അതിലൊന്നും കിട്ടാത്ത ഒരു സ്വാനുഭവ പാഠമിതാ. പങ്കു വയ്ക്കുന്നത് ലോകത്തിന്റെ നിത്യവിസ്മയമായ, നമ്മുടെ സ്വന്തം ഗാന്ധിജിയുടെ പൗത്രന്‍ ഡോ.അരുണ്‍ ഗാന്ധി. '  ഇന്ന് കാണാനിടയില്ലാത്ത ഒരു പാഠം' എന്ന ഫോര്‍വേഡഡ് മെയിലിന്റെ സ്വതന്ത്ര പരിഭാഷ.

'തെക്കന്‍ ആഫ്രിക്കയില്‍, ഡര്‍ബനില്‍ നിന്നു 18 മൈലകലെ കരിമ്പുതോട്ടത്തിന്റെ നടുക്ക് എന്റെ അപ്പൂപ്പന്‍ (ഗാന്ധിജി) സ്ഥാപിച്ച സ്ഥാപനത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കുമ്പോള്‍ എനിക്കു 16 വയസ്സായിരുന്നു. അത് ശരിക്കും ഒരു ഉള്‍നാടായിരുന്നതിനാല്‍ പുറത്ത് ടൗണില്‍ പോയി കൂട്ടുകാരെ കാണുന്നതിനും സിനിമ കാണുന്നതിനും എന്റെ സഹോദരിമാരും ഞാനും വല്ലാതെ ആഗ്രഹിച്ചിരുന്നു.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു സമ്മേളനത്തിനായി ടൗണിലേക്ക് വണ്ടി ഓടിക്കുവാന്‍ അച്ഛന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ആ അവസരത്തിലേക്ക് എടുത്തു ചാടി. ഞാന്‍ ടൗണില്‍ പോകയായിരുന്നതിനാല്‍ അമ്മ പലവ്യജ്ഞനങ്ങളുടെ ഒരു വലിയ പട്ടിക തന്നു, ദിവസം മുഴുവന്‍ ഞാന്‍ ടൗണില്‍ ഉണ്ടാകുമെന്നതിനാല്‍  തീര്‍ക്കാനുണ്ടായിരുന്ന കുറേ കാര്യങ്ങള്‍, കാര്‍ സര്‍വ്വീസ് ചെയ്യിക്കുക എന്ന പോലുള്ള ജോലികള്‍ അച്ഛനും ഏല്‍പ്പിച്ചു. രാവിലെ അച്ഛനെ ടൗണില്‍ വിട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു 'വൈകീട്ട് അഞ്ചു മണിക്ക് നമുക്കിവിടെ കാണാം, എന്നിട്ട് ഒന്നിച്ച് വീട്ടില്‍ പോകാം.'

എന്റെ ജോലികളെല്ലാം തിരക്കിട്ടു പൂര്‍ത്തിയാക്കി ഞാന്‍ നേരേ തൊട്ടടുത്തുള്ള സിനിമാശാലയില്‍ പോയി. ഒരു ജോണ്‍ വയിന്‍ സിനിമയില്‍ മുഴുകിയിരുന്ന് സമയം മറന്നു. ഓര്‍മ്മിച്ചപ്പോഴേയ്ക്കും സമയം അഞ്ചര ആയിരുന്നു. ഞാന്‍ ഗറാഷിലേക്ക് ഓടി കാറുമായി അച്ഛന്‍ നില്‍ക്കുന്നിടത്ത് എത്തിയപ്പോള്‍ മിയ്ക്കവാറും 6 മണി ആയിരുന്നു.

'നീ എന്താ  ഇത്ര താമസിച്ചത്' അച്ഛന് പരിഭ്രമമായി. ജോണ്‍ വയന്‍ പടി
ഞ്ഞാറന്‍ പടം കാണുകയായിരുന്നുവെന്ന് പറയുവാന്‍ നാണക്കേടു തോന്നി ഞാന്‍ പറഞ്ഞു, 'കാറിന്റെ പണി തീര്‍ന്നിരുന്നില്ല, അതുകൊണ്ട് എനിക്കു കാത്തു നില്‍ക്കേണ്ടി വന്നു, ' ഗറാഷില്‍ അച്ഛന്‍ നേരത്തേ വിളിച്ചു കഴിഞ്ഞിരുന്നുവെന്ന് അറിയാതെയാണ് ഞാന്‍ പറഞ്ഞത്. എന്റെ നുണ കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു ' ഞാന്‍ നിന്നെ വളര്‍ത്തിയതില്‍ എന്തോ തെറ്റുപറ്റിയിട്ടുണ്ട്, നിനക്ക് എന്നോട് സത്യം പറയാനുള്ള ആത്മവിശ്വാസം എന്റെ വളര്‍ത്തല്‍ നിനക്ക് നേടിത്തന്നില്ല. എവിടെയാണ് എനിക്കു തെറ്റിയത് എന്നറിയുവാനായി ഞാന്‍ അതിനെപ്പറ്റി ആലോചിച്ച് വീട്ടിലേക്കുള്ള 18 മൈല്‍ ദൂരം നടക്കാന്‍ പോകുന്നു.'

സൂട്ടും ഷൂസും ധരിച്ചിരുന്ന അച്ഛന്‍, മിയ്ക്കവാറും തേയ്ക്കാത്ത, വെളിച്ചമില്ലാത്ത റോഡിലൂടെ ഇരുട്ടത്ത് വീട്ടിലേക്കു നടക്കാന്‍ തുടങ്ങി. എനിക്ക് അച്ഛനെ വിട്ടിട്ടു പോകാന്‍ ആയില്ല, അതുകൊണ്ട്  അഞ്ചര മണിക്കൂര്‍ സമയം അച്ഛനു പിറകേ ഞാന്‍ വണ്ടി ഓടിച്ചു, എന്റെ വായില്‍ നിന്നു വീണ ഒരു അവിവേകനുണ മൂലം എന്റെ അച്ഛന്‍ അനുഭവിക്കുന്ന ഈ യാതന കണ്ടുകൊണ്ട്.  ഇനിമേല്‍  ഒരിക്കലും നുണ പറയില്ലെന്ന് അന്ന് അവിടെവച്ച് ഞാന്‍ തീരുമാനമെടുത്തു.

ആ സംഭവത്തെപ്പറ്റി ഇടയ്ക്കിടെ ചിന്തിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്, നമ്മള്‍ നമ്മുടെ കുട്ടികളെ ശിക്ഷിക്കുന്ന വിധം ഞാന്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ , ഞാന്‍ എന്നെങ്കിലും പാഠം പഠിക്കുമായിരുന്നോ എന്ന്. അങ്ങനെ ഞാന്‍ കരുതുന്നില്ല. ശിക്ഷ അനുഭവിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും അതാവര്‍ത്തിക്കുമായിരുന്നു. പക്ഷേ ഈ ഒരൊറ്റ അഹിംസാ പ്രവര്‍ത്തി വളരെ ശക്തമായിരുന്നു, അതിനാല്‍ അത് ഇന്നലെ  സംഭവിച്ചതു പോലെയാണ് എനിക്ക്.

അതാണ് അംഹിംസയുടെ ശക്തി.'

കുട്ടികളെ വളര്‍ത്തുന്നതില്‍ അഹിംസയ്ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ഗാന്ധിജിയുടെ പൗത്രന്‍ ഡോ.അരുണ്‍ ഗാന്ധി പോര്‍ട്ടോ റീകോ യൂണിവേഴ്‌സിറ്റിയില്‍ ജൂണ്‍ 9 നു നടത്തിയ പ്രഭാഷണത്തില്‍ പങ്കു വച്ചതാണ് ഈ അനുഭവം.

ഇനി അച്ഛന്‍ പറഞ്ഞ കഥ, അല്ല, അനുഭവം- സ്‌കൂള്‍ക്ലാസ്സില്‍ അച്ഛന്റെ മാഷായിരുന്നു സുകുമാരപിള്ള സര്‍. കര്‍ക്കശക്കാരന്‍, അങ്ങേയറ്റം നിഷ്ഠയുള്ള ആള്‍. പുറമേ പരുക്കനെങ്കിലും സ്‌നേഹസമ്പന്നന്‍. ക്ലാസ്സില്‍  ഒരു മോഷണം നടന്നു . കുറ്റം ചെയ്ത കുട്ടിയെ കണ്ടു പിടിക്കാനും ശിക്ഷിക്കാനുമൊന്നും ശ്രമിക്കാതെ മാഷ് മേശപ്പുറത്തു നിന്നു ചൂരലെടുത്തു, തന്റെ വിദ്യാര്‍ത്ഥി ചെയ്ത തെറ്റ് ഏറ്റെടുത്തു ,സ്വയം ശിക്ഷിച്ചു. എങ്ങനെയെന്നല്ലേ? കരഞ്ഞുകൊണ്ട്, സ്വന്തം തുടയില്‍ ആഞ്ഞാഞ്ഞ് അടിച്ചു, രക്തം കിനിയുംവരെ. അപ്പോഴേയ്ക്കും ഒരു കുട്ടി ഓടി വന്ന് ചൂരല്‍ പിടിച്ചു വാങ്ങി , സാറിന്റെ കാലില്‍ വീണു മാപ്പപേക്ഷിച്ചു. ആ സ്‌കൂളിലെ കുട്ടികള്‍ പിന്നീട് ഒരിക്കലും മോഷ്ടിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടു പോലുും കാണില്ല, തീര്‍ച്ച.

Thursday, November 17, 2011

ചിരിയുടെ നാള്‍വഴികള്‍


                       
ഇനി അയ്യപ്പപുണ്യം നിറയും ശരണംവിളിനാളുകള്‍. കണ്ണനുണ്ണിയുടെ വര്‍ഷഗീതം ബ്ലോഗിലെ http://varshageetam.blogspot.com/   ' ശരണവഴിയിലൂടെ' തുടങ്ങാം ഇന്ന്.

' ഹരിവരാസനം പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കു ന്നത് പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മ ലയിറങ്ങി പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ്  എത്ര വേഗം ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉ ണ്ടാവുന്ന അനുഭവം.' ഒരിക്കല്‍ ശ്രീ യേശുദാസ് പറഞ്ഞു, വ്രതമാരംഭിച്ചാല്‍ പിന്നെ ആ ആള്‍ അയ്യപ്പനാകുകയാണ്, അങ്ങനെ വേറൊരു ദൈവവുമില്ല എന്ന്. തന്നെ കാണാന്‍ വരുന്നവര്‍ക്ക് അവനവനെ തന്നെ നല്‍കുന്ന ദൈവം! തത്വമസി!പക്ഷേ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് നിഷിദ്ധമാണല്ലോ പൂങ്കാവനം! അത് അയ്യപ്പന്‍ നിഷേധിച്ചതാവില്ല, തീര്‍ച്ച, ഭക്തനും ഭക്തയും തമ്മില്‍ ദൈവം വേര്‍തിരിവ് കാണിക്കില്ല.

നര്‍മ്മപ്രധാനമാണ് വര്‍ഷഗീതം. കുട്ടിക്കാലം, നാട്ടുകാര്യങ്ങള്‍, ജോലിസ്ഥലവിശേഷങ്ങള്‍ എന്നിവ നര്‍മ്മത്തില്‍ ചാലിച്ച് കംപ്യൂട്ടര്‍-മൊബൈല്‍ പദാവലിയും ആംഗലേയപദങ്ങളും ഇഴചേര്‍ത്ത് രസകരമായി പറഞ്ഞിരിക്കുന്നു.
 
കള്ളിയങ്കാട്ടു സരസ്വതി-'അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ് സില്ലി വര്‍ക്‌സ്  ഒക്കെ ഔട്ട് സോഴ്‌സ് ചെയ്യുന്നത്  ഈ പുള്ളികാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം  എത്തിക്കുന്നത്. ' അവസാനം യക്ഷി വിറകു മോഷ്ടിക്കാന്‍ വരുന്ന സരസ്വതിച്ചേച്ചിയാണെന്ന് കണ്ടുപിടിച്ചു. അതിനിടയ്ക്കു നടന്ന സംഭവങ്ങള്‍ രസാവഹം.

അനുജനെ മാങ്ങ എറിയാന്‍ പഠിപ്പിക്കുന്നതും, കൊഴി മാവിന്റെ നൂറുമീറ്റര്‍ അകലെ കൂടി പോയി അയല്‍പക്കത്ത് മുറ്റത്തു നിന്ന തങ്കമ്മച്ചേച്ചീടെ നെറ്റിക്കു കൊണ്ടു ചോര വാര്‍ന്നതുമാണ് കൈവിട്ട കൊന്നപ്പത്തല്‍- 'ആദ്യം കു   റെ ജാഡ ഒക്കെ കാണിച്ചെങ്കി ലും ഒടുക്കം നാല് സൂപ്പര്‍മാന്‍ നയിം സ്ലിപ്പും, ഒരു പാക്കറ്റ് ബൂമര്‍ ബബിള്‍ ഗവും ദക്ഷിണയായി സ്വീകരിച്ചു ഞാന്‍ അവ നെ എന്റെ ശിഷ്യനാക്കി......കൊഴി പാഞ്ഞു വന്നപ്പോ തങ്കമ്മച്ചേച്ചി തല മാറ്റി പിടിക്കാത്തത് ആരുടെ കുറ്റം. കുറഞ്ഞത് മുറ്റത്ത് മുളക് ചിക്കാന്‍ ഇറങ്ങു മ്പോള്‍ ഒരു ഹെല്‍മെറ്റ് എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ?'-പിന്നല്ലാ തെ, തികഞ്ഞ അശ്രദ്ധ തന്നെ. അയല്‍പക്കത്തെ കുട്ടിക്കുരങ്ങന്മാരുടെ മാങ്ങാ എറിയല്‍ പഠനശിബിരത്തെപ്പറ്റി ആ ചേച്ചി അറിഞ്ഞുട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഒരു ബക്കറ്റോ കുട്ടയോ എങ്കിലും തലയില്‍ കമഴ്ത്തിയേനേ.

ഇത് 10 പേര്‍ക്കയച്ചില്ലെങ്കില്‍ മുച്ചൂടും നശിക്കും എന്നുള്ള വിരട്ടല്‍ പണ്ട് പോസ്റ്റ് കാര്‍ഡിലൂടെയായിരുന്നെങ്കില്‍ ഇന്നത് ദൈവങ്ങളുടെ ചെത്തു പടങ്ങളുടെ അകമ്പടിയോടെ ഈമെയിലിലൂടെയാണ് വരുന്നത്. കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശില്‍ നിന്നും-' ഇത് കണ്ടപ്പോ പാപ്പനംകോട്ടെ പത്രോസ് ചേ  ട്ടന്‍ പത്തു പേര്‍ക്ക് അയച്ചു. പുള്ളീടെ പശു പിറ്റേ ദിവസം പത്തു പെറ്റു. പാ ലക്കാട്ടെ പൊന്നമ്മിണി പടം കണ്ടപ്പോ പൊട്ടിച്ചിരിച്ചു. പതിനൊന്നിന്റെ അന്ന് പാവത്തിനെ പാമ്പ് കടിച്ചു. അത് കൊണ്ട് വേഗം ഇത് പറ്റുന്നത്രയും പേര്‍ക്ക് അയച്ചു കൊടുക്കുക . അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്താല്‍ പണി കിട്ടും, പണ്ടാരടങ്ങും.....ശരിക്കും ഇങ്ങനെ  ആളുകളെ പേടിപ്പിച്ചും ടെന്‍ ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശു വിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?' ഇല്ലേയില്ല, നമ്മള്‍ ദൈവങ്ങള്‍ക്കും നമ്മുടെ ചിന്താനിലവാരമാണ് കല്‍പ്പിക്കുന്നത്, അതുകൊണ്ടാണിങ്ങനെ ദൈവപേരില്‍ ഭീഷണിപ്പെടുത്തലും മറ്റും.

ഹാസ്യത്തിനുവേണ്ടി കുത്തിത്തിരുകിയ ഹാസ്യം പലപ്പോഴും ചിരിക്കു പകരം കരച്ചിലാണ് ഉണ്ടാക്കുക. പക്ഷേ കണ്ണനുണ്ണിയുടെ എഴുത്തില്‍ നിറയുന്ന  ത് ജീവിതത്തില്‍ നിന്നു പൊക്കിയെടുത്ത ഹാസ്യാനുഭവങ്ങള്‍. അതിനു പത്തര മാറ്റ്. ആനന്ദവല്ലിയുടെ ആദ്യപ്രണയം, ഓരോ അടി വരുന്ന വഴിയേ, ഒരു ക്വട്ടേഷന്‍ വീരഗാഥ, പുല്ലുകുളങ്ങര ഗണേശന്‍(ആനയാണേ), എന്റെ കടിഞ്ഞൂല്‍ സിഗററ്റ്, ഒരു കൃഷിക്കാരന്റെ അന്ത്യം എന്നിങ്ങനെ പോകുന്നു വിഷയങ്ങള്‍. ഇപ്പോള്‍ കണ്ണനുണ്ണിയുടെ എഴുത്തിനെ കുറിച്ച്  ഏകദേശരൂപം ആയില്ലേ? കാടും പടലും അടിച്ച് ചിലതിനൊക്കെ നീളം കൂടിയതായി തോന്നിയിട്ടുണ്ട്. പക്ഷേ വായനാസുഖം കുറയുന്നില്ല, ഒരിക്കലും. കടമ്പനാട്ടെ ജാനുവമ്മൂമ്മയുടെ പരാക്രമങ്ങള്‍ വായിച്ചപ്പോള്‍ പക്ഷേ ചിരി വന്നില്ല, സങ്കടം വരികയും ചെയ്തു. വായിക്കൂ, അപ്പോള്‍ മനസ്സിലാവും എന്തുകൊണ്ട് എന്ന്.

ജീവിതത്തുണ്ട്-ശബരിമലകയറ്റം 21 തവണ പുല്ലു പോലെ കടന്ന് പെരിയസ്വാമിയായി മാറിയ ഒരു വല്യച്ഛന്റെ കെട്ടുനിറ നടക്കുന്നു. മാഷാണ്, മലയാളവാക്കുകള്‍ മാത്രമേ ഉപയോഗിക്കൂ. മാലയിട്ടു കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വാമി ചേര്‍ത്ത് മാത്രമേ പറയൂ. എടുത്തു വച്ച ഒരു പ്ലേറ്റ് കണ്ടില്ല, തിരിഞ്ഞ് വല്യമ്മയോടൊരു ചോദ്യം- 'പിഞ്ഞാണസ്വാമി   എവിടെ'?   അന്ന് കുട്ടിയാ യിരുന്ന ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടു, പക്ഷേ ഭക്തിപ്പടവുകളുടെ ഒന്നാം പടി കയറാന്‍ പെടാപ്പാടു പെടുന്ന എനിക്കിപ്പോള്‍ മനസ്സിലാവുന്നു, അചഞ്ചലനിഷ്ഠയുടെ ശക്തി, ഭക്തിയുടെ നിറവ് !


Friday, November 11, 2011

കുഞ്ഞി സിനിമ


                     
(10.11.2011 ല്‍ പ്രസിദ്ധീകരിച്ച വാരികയുടെ ഓണ്‍ലൈന്‍ ലിങ്ക്.)

ചെറുദൈര്‍ഘ്യമുള്ള ധാരാളം സിനിമകളുണ്ട് യൂട്യൂബില്‍. കുറഞ്ഞസമയം കൊണ്ട് വലിയ കാര്യം പറയുന്ന ഒരു കുഞ്ഞിസിനിമയെപ്പറ്റി.

1. തെരുവുവിളക്ക്-  http://tinyurl.com/3c9yl8n

എല്ലാ സര്‍ക്കാര്‍ ജോലിക്കാരും ' The street Light' എന്ന ഈ ഫിലിം നിശ്ചയമായും കണ്ടിരിക്കണം. 'ഇത്ര കാലം ഞങ്ങളുടെ കഴിവ് കോമഡിക്കും ഹാസ്യത്തിനും വേണ്ടി ഞങ്ങള്‍ കളഞ്ഞു, ഇതാദ്യമായി ഒരു പ്രധാന ആശയം അവതരിപ്പി ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, നിങ്ങള്‍ക്കിഷ്ടപ്പെടും എന്നു കരുത ട്ടെ' എന്നാണ് ആംഗലേയ സബ്‌ടൈറ്റിലുള്ള ഈ ഹിന്ദി ഫിലിം തുടങ്ങുന്നത്.രാത്രിയിലെ തെരുവു ദൃശ്യത്തിനൊടുവില്‍ ക്യാമറ ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തുന്നു. ഗണേഷ് നഗര്‍ ലെയിന്‍ മൂന്നില്‍ നിന്ന് പ്രശാന്ത് എന്ന ആമുഖത്തോടെ ഒരാള്‍ തങ്ങളുടെ തെരുവില്‍ വിളക്കു കത്തുന്നില്ല എന്ന് ഓഫീസറെ ഫോണ്‍ ചെയ്യുന്നു.

ഓഫീസര്‍- നേരത്തേ അറിയിച്ചിരുന്നുവോ?
പ്രശാന്ത്- ഉവ്വ് സാര്‍, പല പ്രാവശ്യം.

-ഇതൊരു സര്‍ക്കാര്‍ ആഫീസല്ലേ. ഇവിടെ ആള്‍ക്കാര്‍ ഇതുപോലൊക്കെയേ   പണിയെടുക്കൂ.

-ഇവിടെ ഒരേ ഒരു വിളക്കേ ഉള്ളു സര്‍. യാത്രക്കാര്‍ക്കും ട്യൂഷന്‍ കഴിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍ക്കും മറ്റും അതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അതു വലിയ ഒരാശ്വാസമായിരിക്കും .

തെരുവിലെ റിപ്പയര്‍ പോയിന്റിലെത്തി ഒരാള്‍ കേടുപാടുകള്‍ തീര്‍ക്കുന്നു. അയാള്‍ ഒരു ടെലിഫോണ്‍ ബൂത്തിലെത്തി. നിസ്സാരപ്രശ്‌നമേ ഉണ്ടായിരുന്നു ള്ളു വെന്നും അതു പരിഹരിച്ചുവെന്നും മേലാവില്‍ വിളിച്ചറിയിക്കുന്നു.

'നന്ദി സര്‍, താങ്കള്‍ ചെയ്തത് ഒരു വലിയ കാര്യമാണ് .'-ബൂത്തുടമ

ഇലക്ട്രീഷ്യന്‍-എന്നോടല്ല, കഴിഞ്ഞ നാലഞ്ചു ദിവസമായി നിരന്തരം ആഫീസില്‍ വിളിച്ചു ശല്യപ്പെടുത്തിയ ആ ഇഡിയറ്റിനോടാണ് നന്ദി പറയേണ്ടത്.

-ആ ഇഡിയറ്റ് ഇതാ താങ്കളുടെ മുന്നില്‍ ഇരിക്കുന്നു സര്‍.

ഫോണ്‍ചെയ്തതിന്റെ നാണയം എടുക്കാനായി ബൂത്ത് ഉടമ കൈ കൊണ്ട് പരതുന്നതു കണ്ട് ആഗതന്‍ അത്ഭുതപ്പെടുന്നു.

-താങ്കള്‍ ...താങ്കള്‍ക്കു കണ്ണു കാണാനാവില്ലേ?

-ഇല്ല, സാബ്, ഞാന്‍ അന്ധനാണ്.

- പിന്നെ...പല പ്രാവശ്യം താങ്കള്‍ ഫോണ്‍ ചെയ്തത്? എനിക്കു താങ്കളെ മന സ്സിലാക്കാനാവുന്നില്ല.

'എന്റെ ജീവിതം ഇരുട്ടിലാണ്.അതിനാല്‍ ഇരുട്ടെന്താണ് എന്നെനിക്കറിയാം.'

കാഴ്ച്ചശക്തി ഇല്ലാത്ത ഒരാള്‍ക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇത്ര കണ്ട് ഭാവനയില്‍ കാണാനാവുമെങ്കില്‍, ചിന്തിച്ചു നോക്കൂ, നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് എന്ന  ചോദ്യത്തിലാണ് 3.49 മിനിറ്റുള്ള ഹരീശ് ശര്‍മ്മ ഫിലിം അവസാനിക്കുന്നത്.

സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും മാത്രമല്ല 'സന്ദേശം' നല്‍കാന്‍ കഴിയുക, ബാലചന്ദ്രമേനോനു മാത്രമല്ല ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം പറയാനാവുക, യൂട്യൂബ് ഫിലിമിനും ആവും!

2.ദൈവവുമായി മുഖാമുഖം

സംഭാഷണമില്ലാത്ത ഒരു വീഡിയോ അവതരണം ആണ് The Interview with God. ഒരാള്‍ ദൈവത്തോട് ചോദിക്കുന്നു, ദൈവം ഉത്തരം പറയുന്നു. ഒരു അജ്ഞാതകവിയുടെ വരികളാണ് എഴുതി കാണിക്കുന്ന ചോദ്യോത്തരങ്ങള്‍.
-മനുഷ്യരാശിയെപ്പറ്റി താങ്കളെ ഏറ്റവും അത്ഭുതപ്പെടുത്തുന്നതെന്താണ് ?
-പണം ഉണ്ടാക്കുവാനായി അവര്‍ അവരുടെ ആരോഗ്യം നശിപ്പിക്കുന്നു, പിന്നെ ആരോഗ്യം തിരിച്ചു കിട്ടാനായി പണം നഷ്ടപ്പെടുത്തുന്നു.

പ്രകൃതിയുടെ നിറച്ചാര്‍ത്ത് ഒപ്പിയെടുത്ത വശ്യമോഹനദൃശ്യങ്ങളുടെ അകമ്പടിയില്‍ ഇനിയും ഉണ്ട് ചോദ്യോത്തരങ്ങള്‍. ഭൂമി എത്ര സുന്ദരം എന്ന് പറ ഞ്ഞുപോകും. കുഞ്ഞുങ്ങളെ ഒന്നു കാണിച്ചുകൂടെ? ഇതിലേ പോയാലും- http://tinyurl.com/8nn8hy

നിരീക്ഷണം-സിനിമയില്‍ സൂപ്പര്‍ നായകര്‍  ഇപ്പോള്‍ ദൈവത്തിനു വഴിമാറിയിരിക്കുന്നു. രഞ്ചിത്തിന്റെ നന്ദനത്തില്‍ ചുള്ളന്‍ വേഷത്തിലെത്തുന്ന സാക്ഷാല്‍ ഗുരുവായൂരപ്പന്‍, പ്രാഞ്ചിയേട്ടനില്‍ രസികനായ ഫ്രാന്‍സിസ് പുണ്യവാളന്‍.  ചേതന്‍ ഭഗത്തിന്റെ വണ്‍ നൈറ്റ് അറ്റ്് കോള്‍ സെന്റര്‍ എന്ന നോവലില്‍ പ്രതിസന്ധിഘട്ടത്തില്‍ ദൈവത്തിന്റെ  ഫോണ്‍ വിളി. ദൈവത്തിന്റെ  നേരിട്ടുള്ള ഇടപെടല്‍ ഇക്കാലത്ത് തികച്ചും അനിവാര്യം.

ആഗ്രഹം-എനിക്ക് എന്നാവും ദൈവത്തിന്റെ ഈമെയില്‍ സന്ദേശം വരിക?Friday, November 4, 2011

പൂര്‍ണ്ണവിരാമം


                             
എല്ലാം നേടി കഴിഞ്ഞുവെന്ന തോന്നല്‍ കൊണ്ട് മനുഷ്യര്‍ ജീവിതത്തിനു പൂര്‍ണ്ണവിരാമം ഇടുമോ? ആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണം ഉണ്ടാകും. എന്നാല്‍ പൂര്‍ണ്ണതൃപ്തിയോടെ സ്വയം അരങ്ങൊഴിയുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടാലും ആ പുതുമ.

' ഞങ്ങള്‍ ഒന്നിച്ച് വളരെ സംഭവബഹുലവും സന്തുഷ്ടവുമായ ജീവിതം നയിച്ചു. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു, പല രാജ്യങ്ങളില്‍ താമസിച്ചു, സാധി ക്കും എന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടു പോലുമില്ലാത്തത്ര ധനം സമ്പാദിച്ചു, ഞങ്ങള്‍ക്ക് തൃപ്തിയും സന്തോഷവും ലഭിക്കുന്ന കാര്യങ്ങള്‍ക്കായി പണം ചെലവഴിച്ചു. ഞങ്ങളുടെ ജീവിതം ഞങ്ങളുടേതു മാത്രമാണെന്ന ചിന്താഗതിക്കാരാണു ഞങ്ങള്‍. ഞങ്ങള്‍ക്ക് ജീവിക്കാന്‍ എത്രത്തോളം അവകാശമുണ്ടോ, അത്രത്തോളം തന്നെ അവകാശം മരിക്കാനും ഉണ്ട്. '

ഒക്ടോബര്‍ 3-ാം തീയതി ഗോവയില്‍ പനാജിക്കടുത്ത് ഒരു ഫാന്‍ കൊളുത്തില്‍ തൂങ്ങി ഒന്നിച്ച് ജീവിതമവസാനിപ്പിച്ച ഐടി ദമ്പതികള്‍ 39 കാരന്‍ ആനന്ദിന്റേയും 36 കാരി ദീപാ രന്തിദേവന്റേയും ആത്മഹത്യാ കുറിപ്പാണിത്. അവര്‍ക്ക് കടങ്ങളോ ബാദ്ധ്യതകളോ ഇല്ല. അവരുടെ വില്‍പത്രവും കുറിപ്പിനടുത്തുണ്ടായിരുന്നു. കുടുംബത്തെ അറിയിച്ച ശേഷം ഇലക്ട്രിക് ശ്മശാനത്തില്‍ മറവു ചെയ്യുന്നതിന്റെ ചെലവിലേക്കായി 10000 രൂപയും വച്ചിരുന്നു. രണ്ടുമാസമായി ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ താമസമായിരുന്നു അവര്‍.

ഒരു കണക്കുകൂട്ടലിനും പിടി തരാതെ മിയ്ക്കവരുടേയും ജീവിതം വഴുതിമാറുമ്പോള്‍ ഇവര്‍ രണ്ടു പേര്‍ എത്ര ആസൂത്രിതമായി, അനായാസമായി, സന്തോഷത്തോടെ(?) മരണത്തെ പുല്‍കി! അവരുടെ തീരുമാനത്തെ ആദരിക്കുന്നു . പക്ഷേ, കുടുക്കു മുറുകുമ്പോഴെങ്കിലും അതില്‍ നിന്നു രക്ഷപ്പെടാന്‍ ആ മനസ്സുകള്‍ വെമ്പിയിരിക്കില്ലേ? അവര്‍ സ്‌നേഹിക്കുന്നവര്‍, അവരെ സ്‌നേഹിക്കുന്നവര്‍, അങ്ങനെ ആരും ഈ ഭൂമിയില്‍ ഉണ്ടായിരുന്നിരിക്കില്ലേ? അവരെ ഓര്‍ത്തു കാണില്ലേ?

ജീവനൊടുക്കിയത്് രണ്ടു യുവജന്മങ്ങള്‍. മലയാളി സഹയുവത്വങ്ങളുടെ പ്രതികരണം അറിയണ്ടേ? ആഷ്‌ലിയുടെ ഗൂഗിള്‍ ബസ് http://tinyurl.com/4485nte  ചര്‍ച്ചകളില്‍ നിന്നു ചിലത് ഇവിടെ വായിക്കാം.

ആഷ്‌ലി (ബ്ലോഗ്- http://aakramanam.blogspot.com/)- ജീവിതത്തില്‍ എല്ലാം നേ
ടികഴിഞ്ഞാല്‍ (നേടിയോ ഇല്ലയോ എന്നതിന് ബെസ്റ്റ് ജഡ്ജ് അവനവന്‍ ത   ന്നെ), നെക്സ്റ്റ് വാട്ട് ? വയസ്സായി അസുഖം വന്നു നരകിച്ചു കിടക്കുന്നതിലും നല്ലത് സ്വരം നന്നാകുമ്പോ പാട്ട് നിര്‍ത്തുന്നത് ആണ് എന്ന് വിശ്വസിക്കുന്ന രണ്ടു പേര്‍ !!! എന്തായാലും, ജീവിതം ആകെ ബുദ്ധിമുട്ടാണ്, ജീവിക്കാന്‍ വ ഴിയില്ലാ എന്ന് ആത്മഹത്യ എന്ന ഒഴിവു നോക്കുന്നവരില്‍ നിന്ന് വ്യത്യസ്ത രാണ് ഇവര്‍. ശരിയും തെറ്റും ആപേക്ഷികം. സൊ, നോ കമന്റ്‌സ്. പക്ഷെ ഇന്‍സ്പയര്‍ ചെയ്യാന്‍ ആളുണ്ടായിരുന്നെങ്കില്‍ ഈ ജീവിതം കൊണ്ട് വേറെ ആരുടെ എങ്കിലും ജീവിതത്തില്‍/ലോകത്തില്‍ എന്തേലും മാറ്റം വരുത്താന്‍ നോക്കാന്‍ ശ്രമിയ്ക്കാമായിരുന്നു എന്ന് തോന്നുന്നു. അറ്റ്‌ലീസ്റ്റ് ആ  കിഡ്‌നി, കണ്ണ് എല്ലാം ആര്‍ക്കെങ്കിലും കൊടുത്തിട്ട് പോകാമായിരുന്നു.

റോസ്-ലക്ഷ്യങ്ങളുടെ ലിസ്റ്റ് അത്രേം വലുതായിക്കൊണ്ടിരിക്കണ ഇക്കാല ത്ത് അവരെയെന്താണാവോ ജീവിതം ഇത്ര വേഗം മടുപ്പിച്ച് കളഞ്ഞത്. സ്്‌നേ
ഹിച്ചൊക്കെ ഇത്ര പെട്ടെന്ന് കൊതി തീരുമോ.

ആദിത്യന്‍-ലൈഫിന്റെ പര്‍പ്പസിനെപ്പറ്റി ഇതേ വരെ ആലോചിച്ചിട്ടില്ല. കൂടു തല്‍ കാശുണ്ടാക്കണം എന്ന ഒരു ജനറല്‍ ഗോള്‍ അല്ലാതെ സ്‌പെസിഫിക്ക് ഗോള്‍സ് ജീവിതത്തില്‍ ഇത് വരെ വെച്ചിട്ടില്ല. അതുകൊണ്ട് ലൈഫ് എന്തിന് എന്നതിന് കറക്റ്റ് ഉത്തരമില്ല. ജീവിക്കാന്‍ അതിയായ കൊതിയില്ല, മരിക്കാന്‍  പേടിയുമില്ല. ഇന്ന് നന്നായി ജീവിക്കാനുള്ള ശ്രമമാണ് എനിക്ക്. ഞാന്‍ സു ഖം കൂടിപ്പോയത് കൊണ്ട് മരിക്കും എന്ന് തോന്നുന്നില്ല, മറിച്ച് ക്യൂര്‍ ചെ യ്യാന്‍ പറ്റാത്ത ഒരു അസുഖം ഡയഗ്‌നോസ് ചെയ്താല്‍ ഈ വഴിക്ക് പോ കാന്‍ നല്ല ചാന്‍സ് ഉണ്ട്. അറ്റ്‌ലീസ്റ്റ് ആവശ്യമില്ലാത്ത ചപ്പ്ചവറ് ചികില്‍സ അക്‌സപ്റ്റ് ചെയ്യാത്ത വഴിക്കെങ്കിലും പോകും എന്നുറപ്പ്.

സുജ-'തോറ്റു പോയവര്‍ ആത്മഹത്യ ചെയ്തതേ നമുക്ക് കേട്ടു പരിചയമു ള്ളു. ചിലപ്പോള്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവാം. മാറാത്ത അസുഖം, കു ട്ടികള്‍ ഉണ്ടാവില്ല അങ്ങനെ എന്തെങ്കിലും. തോല്‍വി സമ്മതിക്കാന്‍ മടിക്കു ന്ന ഒരു മനസ്സ് ഇങ്ങനെ ഒരു കുറിപ്പെഴുതിയതും ആകാം. മാറാ വ്യാധി വന്നവര്‍ മറ്റുള്ളവരുടെ ജീവിതം കൂടി കോഞ്ഞാട്ടയാക്കാതെ, അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ ? സി. രാധാകൃ്ഷ്ണന്റെ ഒരു നോവ ലിലെ കഥാപാത്രം പറയുന്നുണ്ട് 'പ്രത്യേകിച്ച് നിരാശയോ പരിഭവമോ ഇല്ലാ തെ  നീണ്ടു പോയ്‌ക്കൊ ണ്ടിരിക്കുന്ന ഒരു വാചകം സ്വന്തം അര്‍ത്ഥശൂന്യത മനസ്സിലാക്കി സ്വയം പൂര്‍ണ്ണവിരാമം ഇടുന്ന പോലത്തെ ഒരു ആത്മഹത്യ ഏറ്റവും ശ്രേഷ്ഠമായ ഒന്നല്ലേ' എന്ന് . അതിവിടെ ചേരുമോ എന്നറിയില്ല.'

ടിവിയില്‍ ഒരു പരസ്യം കാണാറുണ്ട്. ചെക്കന്‍ പെണ്ണിനു കൊടുക്കാന്‍ പോ കുന്നതിന്റെ ലിസ്റ്റ്. സ്വര്‍ണ്ണം, ഡയമണ്ട്, പിന്നെ വേള്‍ഡ് ടൂര്‍. അപ്പോള്‍ ഇതൊക്കെ മതിയോ ഒരു പെണ്ണിന്് ? ഇതൊക്കെയാണോ കുടംബജീവിതസന്തുഷ്ടിയുടെ മാനദണ്ഡം?

കടപ്പാട്-ടൈംസ് ഓഫ് ഇന്‍ഡ്യ ഓണ്‍ലൈന്‍- http://tinyurl.com/62hl97p . തര്‍ക്കവും വിതര്‍ക്കവുമായി 760 കമന്റുണ്ടവിടെ.
Friday, October 28, 2011

മല്ലുവിനെ വെല്ലാന്‍ ആരുണ്ട് ?


  (Online link of varika )    

ടെന്‍സിംഗും ഹിലാരിയും എവറസ്റ്റിനു മുകളില്‍ എത്തിയപ്പോള്‍ അവിടെ ഒരു മലയാളി ചായയടിക്കയായിരുന്നു എന്ന് കേട്ടിട്ടുണ്ടാവുമല്ലോ. ' എനിക്ക് ഒരു ചെറുചുവട്, പക്ഷേ മനുഷ്യരാശിക്ക് ഒരു വന്‍ കുതിച്ചു ചാട്ടം   ' എന്ന് നീല്‍ ആംസ്റ്റ്രോംഗ് ചന്ദ്രനില്‍ കാല്‍ കുത്തിയപ്പോള്‍ അവിടെയും വെളുക്കെ ചിരിച്ച് അദ്ദേഹത്തെ വരവേല്‍ക്കാന്‍ ഒരു മലയാളിയുണ്ടായിരുന്നെന്നും നമ്മള്‍ ചിരിച്ചിട്ടുണ്ട്. അതെല്ലാം കേരളപ്പഴമ. പുതുതലമുറ 'മല്ലൂസ്' എങ്ങനെ എന്നറിയണ്ടേ? വായിക്കുക, ആസ്വദിക്കുക, ഒരു ഫോര്‍വേഡഡ് മെയിലിന്റെ സ്വതന്ത്ര മലയാളീകരണം.

മൈക്രോസോഫ്റ്റിന്റെ യൂറോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ഒരു ചെയര്‍പേഴ്‌സണെ നിശ്ചയിക്കുന്നതിലേക്കായി ബില്‍ ഗേറ്റ്‌സ് വളരെ ബൃഹത്തായ ഒരു സമ്മേളനം നടത്തി.

5000 ഉദ്യോഗാര്‍ത്ഥികള്‍ ഒരു വലിയ മുറിയില്‍ ഒത്തുചേര്‍ന്നു. അതില്‍ ഒരാള്‍ നമ്മുടെ 'കേരള കുട്ടി' ആണ്. ബില്‍ ഗേറ്റ്‌സ് ആംഗലേയത്തില്‍ മുഖാമുഖം ആരംഭിച്ചു.

ബില്‍ ഗേറ്റ്‌സ് :  ഇവിടെ വന്നതിന് എല്ലാവര്‍ക്കും നന്ദി. *ജാവ അറിയാത്തവര്‍ ദയവായി പുറത്തു പോകുക.

2000 പേര്‍ പുറത്തു പോയി. 'എനിക്കു ജാവ അറിയില്ല, പക്ഷേ ഞാന്‍ ഇവിടെ തന്നെ ഇരിക്കുന്നതു കൊണ്ട് എന്താണൊരു കുഴപ്പം? എനിക്ക്  നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. എന്തായാലും ഒന്നു ശ്രമിക്ക തന്നെ!  ' ഇങ്ങനെ ആത്മഗതം നടത്തി നമ്മുടെ കേരള കുട്ടി പാറപോലെ ഉറച്ചങ്ങിരുന്നു.

ബില്‍ ഗേറ്റ്‌സ്: 100 ആള്‍ക്കാരില്‍ കൂടുതല്‍ പേരെ നയിച്ചു പരിചയമില്ലാത്തവര്‍ക്കും പോകാം.

2000 പേര്‍ പിരിഞ്ഞു പോയി. 'ഞാന്‍ തനിച്ച് ഒരാളെ പോലും ഇന്നേ വരെ നയിച്ചിട്ടില്ല, പക്ഷേ ഇവിടെ നില്‍ക്കുന്നതുകൊണ്ട് എനിക്കു നഷ്ടപ്പെടാനെന്തുള്ളു? എനിക്കു എന്തു സംഭവിക്കാനാണ്? ' ഇങ്ങനെ ആത്മവിശ്വാസം വരുത്തി  നമ്മുടെ കേരള കുട്ടി അപ്പോഴും മുറിയില്‍ തന്നെ ഇരുന്നു.

ബില്‍ഗേറ്റ്‌സ്: മാനേജ്‌മെന്റ് ഡിപ്ലോമ ഇല്ലാത്തവര്‍ക്കു പോകാം.

500 പേര്‍ മുറി വിട്ടു പോയി. 'ഞാന്‍ 15-ാം വയസ്സില്‍ സ്‌കൂള്‍ വിട്ടതാണ്. പക്ഷേ എനിക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ   ' മുറി വിട്ടു പോകേണ്ട ആവശ്യമില്ലെന്നു കുട്ടി സ്വയം ബോദ്ധ്യപ്പെടുത്തി.

# സെര്‍ബോ-ക്രോട്ട് സംസാരിക്കാത്തവരോടു പൊയ്‌ക്കൊള്ളാന്‍ അവസാനമായി ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടു.

498 പേര്‍ മുറി വിട്ടു പോയി. 'എനിക്കീ സെര്‍ബോ-ക്രോട്ട് ഒരു വാക്കു പോലും സംസാരിക്കാന്‍ അറിയില്ല, പക്ഷേ അതുകൊണ്ടെന്താ?എനിക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ.  ' കുട്ടി ന്യായം കണ്ടു പിടിച്ചു.

അങ്ങനെ കേരള കുട്ടിയും മറ്റൊരാളും മാത്രമായി മുറിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍. മറ്റുള്ള 4998 പേരും പോയി കഴിഞ്ഞിരുന്നു.

ബില്‍ ഗേറ്റ്‌സ്് അവരുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: 'സെര്‍ബോ- ക്രോട്ട്് സംസാരിക്കുന്ന രണ്ടേ രണ്ടു പേര്‍ നിങ്ങളാണ്, നിങ്ങള്‍ രണ്ടു പേരും കൂടി ആ ഭാഷയില്‍ സംസാരിക്കുന്നത് എനിക്കൊന്നു കേട്ടാല്‍ കൊള്ളാം.'

അക്ഷോഭ്യനായി നമ്മുടെ കേരള കുട്ടി അടുത്ത ഉദ്യോഗാര്‍ത്ഥിക്കു നേരേ തിരിഞ്ഞ് പച്ചമലയാളത്തില്‍ അങ്ങു ചോദിച്ചു-

'നാട്ടില്‍ എവിടെയാ ?  '

 'തൃശൂര്‍!   ' ഉദ്യോഗാര്‍ത്ഥി പ്രതിവചിച്ചു. മല്ലൂസ് എപ്പടി? നമിക്കണ്ടേ മുന്‍തലമുറ?

ഈ സാങ്കല്‍പ്പിക തമാശ കഥയില്‍ കാതലായൊരു തത്വം ഒളിഞ്ഞു കിടക്കു ന്നു. മുഖാമുഖത്തിനു പോകുമ്പോള്‍ ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ വിലയുണ്ട് ആത്മവിശ്വാസത്തിന്. അക്കാഡമിക്‌സ് വളരെ മോശമായിരുന്നിട്ടും വാക്‌സാമര്‍ത്ഥ്യം കൊണ്ട് മാര്‍ക്കുള്ളവരെ പിന്നിലാക്കി ജോലി സമ്പാദിച്ച് ഉയരങ്ങളിലെത്തിയ പല മിടുക്കരേയും അറിയാം.

ഇനി ഒരു ജീവിതാനുഭവം. കമ്പനിയില്‍ എഞ്ചിനീയര്‍ ട്രെയിനികളുടെ മുഖാമുഖം നടന്നു കൊണ്ടിരിക്കുന്നു. കഠിനമായ ടെക്‌നിക്കല്‍ ടെസ്റ്റ് പാസ്സായവരാണ്, സാമാന്യം അറിവുള്ളവര്‍ എന്നര്‍ത്ഥം. രണ്ടു മൂന്നു പേരുടേത് കഴിഞ്ഞപ്പോള്‍ സരസനായ HR കാരന്‍ പറഞ്ഞു-' ഊം, എനിക്കു പിടികിട്ടി, നിങ്ങളെല്ലാം പിള്ളേരോടു ചോദിച്ചു പഠിക്കയാണല്ലേ?' ഇത്രേയുള്ളു കാര്യം!അതിനു പേടി എന്തിന്?

*ജാവ-Java-ഒരു കമ്പ്യൂട്ടര്‍ പ്രോഗാമിംഗ് ഭാഷ.
#സെര്‍ബോ-ക്രോട്ട്- പഴയ യുഗോസ്ലാവിയയില്‍ പ്രചാരത്തിലിരുന്ന ഒരു മിശ്രഭാഷ, സെര്‍ബോ-ക്രൊയേഷ്യന്‍. യൂറോപ്പില്‍ ഈ ഭാഷയില്‍ പത്രങ്ങളും ടി.വി. ചാനലുകളുമുണ്ടെന്ന് ഇന്റര്‍നെറ്റ് പറയുന്നു.


Friday, October 21, 2011

ഉദ്യോഗാര്‍ത്ഥികളേ ഇതിലേ....ഇതിലേ

Online link of varika

           
ഉദ്യോഗം തേടലിന്റെ ആദ്യപടി CV അല്ലെങ്കില്‍ Resume ആണല്ലോ. അത് ഉണ്ടാക്കല്‍ ഒരു കലയാണ്, ഒപ്പം ഒരു അഭ്യാസം കൂടിയാണ്. അവനവനെ അവനവന്‍ തന്നെ മാര്‍ക്കറ്റ് ചെയ്യുകയാണ്്, വില്‍ക്കാന്‍ ശ്രമിക്കയാണ് ഇവിടെ. വാങ്ങുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നം വേണമല്ലോ നല്‍കാന്‍. Cv, Resume എന്നു തെരഞ്ഞാല്‍ എത്ര സൈറ്റുകള്‍ വേണമെങ്കിലും ഗൂഗിളമ്മ വിളമ്പി മുമ്പില്‍ വച്ചു തരും. അവ രണ്ടിന്റേയും വ്യത്യാസവും മനസ്സിലാക്കാം.

ബൈജു എന്ന ഉദ്യോഗാര്‍ത്ഥി ജോലി തേടി ഉദ്യാനനഗരിയിലെത്തി. അദ്ദേഹത്തിന്റെ സിവി നിര്‍മ്മാണാനുഭവങ്ങള്‍ അറിയണ്ടേ? ദുശ്ശാസനന്റെ ബ്ലോഗ് http://itsmyblogspace.blogspot.com/  ല്‍ 'ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു'  മൂന്നാം ഭാഗത്തില്‍ നിന്ന്.

'കുടുംബത്തില്‍ പിറന്ന ഒരു കമ്പനിയിലും ജോലി ചെയ്ത പരിചയം ഇല്ല. experience എന്ന കോളം എങ്ങനെ ഫില്‍ ചെയ്യുമോ ഈശ്വരാ. നാട്ടില്‍ രണ്ടു മുറി കടയില്‍ കുന്നേലെ രമേശന്‍ ചേട്ടന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കമ്പ്യൂ ട്ടര്‍ ഇന്‌സ്റ്റിട്ട്യൂട്ടില്‍ 6 മാസം സ്‌കൂള്‍ പിള്ളാര്‍ക്ക് MS ഓഫീസ് പറഞ്ഞു കൊ ടുത്തത് ആണ് ആകെയുള്ള തൊഴില്‍ പരിചയം. മഹേഷിനോട് ചോദിക്കാം. ഞാന്‍ എഴുതി വച്ചിരുന്നതൊക്കെ അവന്‍ അടിമുടി മാറ്റി.

പ്രൊജക്റ്റ് : കോര്‍പ്പറേറ്റ് ഓഫീസ് ഓട്ടോമേഷന്‍ ട്രാന്‍സിഷന്‍ (പഞ്ചായത്ത് ഓഫീസില്‍ ജോലി ഉള്ള നളിനി ചേച്ചിക്ക് കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊടുത്തതിനാ )
ടെക്‌നോളജി : മൈക്രോസോഫ്ട് പേപര്‍ലെസ്സ് ഓഫീസ് ടൂള്‍സ്
റോള്‍ : ട്രാന്‍സിഷന്‍ ലീഡ് ( ആകെ ഞാന്‍ ആണ് അവിടുണ്ടായിരുന്ന ഒരേ ഒരു ഫാക്കല്‍റ്റി )
പീരീഡ് : 6 മാസം ( അപ്പോഴേക്കും രമേശന്‍ ചേട്ടന്റെ കട പൂട്ടി )

ഹാവു.. അങ്ങനെ അത് കലക്കി.. പക്ഷെ ഇത് പോര. ഇനിയും വേണം. കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും കാണിക്കണം......അവന്‍ എന്തൊക്കെയോ അതിന്റെ മൂട്ടില്‍ എഴുതി ചേര്‍ത്ത്...
നാട്ടിലെ ലത ചേച്ചിയുടെ കല്യാണാലോചനക്കു ഉണ്ടാക്കിയ ബയോ ഡാറ്റ കണ്ടിട്ടാണ് ഞാന്‍ എന്റെ resume ഉണ്ടാക്കിയത്. അതുകൊണ്ട് എന്റെ പ്രായം, നിറം, അച്ഛന്‍ , അമ്മ, തറവാട്ട് പേര്, എല്ലാം അതില്‍ അടിച്ചു വച്ചിട്ടുണ്ടാരു ന്നു. മഹേഷ് അതൊക്കെ വെട്ടി മാറ്റി. MS വേര്‍ഡില്‍ ഇട്ടു ഒന്ന് കയറ്റി ഇറ ക്കി. ഉള്ളത് പറയാമല്ലോ ഇപ്പൊ അത് കണ്ടാല്‍ എന്റെ resume ആണെന്ന് ഞാന്‍ പോലും പറയില്ല...' അനന്തരം പല സിവി സമര്‍പ്പണങ്ങള്‍ക്കും മുഖാമുഖങ്ങള്‍ക്കുമൊടുവില്‍ ബൈജുവിന് ജോലി കിട്ടി. അപ്പോള്‍ സിവി ഗുട്ടന്‍സ് പിടി കിട്ടിയല്ലോ.

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിവി ചെയ്ത് അയച്ചതല്ലേ, ഇനി മുഖാമുഖം ശരിയാവണമെങ്കില്‍ മനസ്സൊന്നയച്ചു വിടണം. അതിനൊന്നു ചിരിക്കണം, വായിക്കുക, ഒരു ഫോര്‍വേഡഡ് മെയിലിന്റെ മലയാള ഭാഷാന്തരീകരണം.

അമ്മൂമ്മയോടു കളിച്ചാല്‍

ഒരു ചെറിയ ടൗണിലെ കോടതിമുറിയാണ് രംഗം. വിചാരണവേളയില്‍ ആദ്യത്തെ സാക്ഷിയായി ഒരു അമ്മൂമ്മയെ വിസ്തരിക്കാന്‍ ആരംഭിച്ചു.

'മിസ്സിസ് ജോണ്‍സ്, താങ്കള്‍ക്കെന്നെ അറിയാമോ' വക്കീല്‍ അമ്മൂമ്മയോടു ചോദിച്ചു.

അവര്‍ പ്രതിവചിച്ചു 'പിന്നേ, മി.വില്യംസ്, താങ്കളെ എനിക്കു നന്നായി അറിയാമല്ലോ. നിങ്ങള്‍ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കു നിങ്ങളെ അറിയാം. ഉള്ളതു പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ നുണ പറയും, ഭാര്യയെ ചതിക്കും, ഉപജാപകം നടത്തും, പരദൂഷണം പറയും. വാസ്തവത്തില്‍ കടലാസുന്തുന്ന ഒരു ഗുമസ്തന്റെ വില പോലുമില്ല നിങ്ങള്‍ക്കെങ്കിലും നിങ്ങള്‍ ഒരു വലിയ ആളെന്നാണ് നിങ്ങളുടെ വിചാരം. അതെ, തീര്‍ച്ചയായും നിങ്ങള എനിക്കറിയാം!'.വക്കീലിന്റെ മുഖം കടലാസു പോലെ വെളുത്തെങ്കിലും അയാള്‍ തുടര്‍ന്നു.

 ' മിസ്സിസ്. ജോണ്‍സ്, നിങ്ങള്‍ക്ക് എതിര്‍ഭാഗം വക്കീലിനെ അറിയുമോ ? '

'എന്തുകൊണ്ടറിയില്ല? മി.ബ്രാഡ്‌ലിയെ അയാളുടെ ചെറുപ്പകാലം മുതല്‍ എനിക്കറിയാം.  അയാള്‍ മഹാ മടിയനാണ്, മതഭ്രാന്തനാണ്, കള്ളുകുടിയനുമാ ണ്. അയാള്‍ക്ക് ആരുമായും നല്ല ബന്ധമില്ല, ഈ സ്ഥലത്തുള്ളവരില്‍ വച്ച്  ഏറ്റവും മോശമാണ് അയാളുടെ കേസു വാദിക്കലും. ഭാര്യയെ മാത്രമല്ല, മൂന്നു സ്ത്രീകളെയാണ് അയാള്‍ ചതിച്ചത്.  അതിലൊരാള്‍ നിങ്ങളുടെ ഭാര്യയാണ്് മി.വില്യംസ്. അതെ, അയാളെ എനിക്ക് അറിയാം.  '

ഇത്രയുമായപ്പോള്‍ ജഡ്ജി രണ്ടു വക്കീലന്മാരേയും അടുത്തു വിളിച്ച് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു '  നിങ്ങളിലാരെങ്കിലുമൊരാള്‍ അവരോട് എന്നെ അറി യുമോ എന്നു ചോദിച്ചാല്‍ കോടതിയലക്ഷ്യത്തിന് ഞാന്‍ നിങ്ങളെ ജയിലിലയക്കും!'

കളി അമ്മൂമ്മമാരോടു വേണ്ട!

നന്ദി-ഇതുപോലുള്ള മെയിലുകള്‍ അയച്ചു തരുന്ന ചങ്ങാതിമാര്‍ക്ക്.

Thursday, October 13, 2011

ഉമ്മറക്കോലായ


  (Online link here)
                     
എല്ലാവര്‍ക്കും ഒത്തുകൂടി വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനുള്ള സ്ഥലമായിരുന്നു ഒരു കാലത്ത് വീട്ടിലെ വരാന്ത. ഭൂതകാലമാക്കിയതിനു കാരണമുണ്ട്. ഇപ്പോള്‍ സന്ധ്യക്ക് അങ്ങനെ ഇരുന്നാല്‍ കൊതുകു പൊതിയും. അതുകൊണ്ട് ശ്രദ്ധ വര്‍ത്തമാനത്തിലാവില്ല, കൊതുകു പിടുത്തത്തിലാ യിരിക്കും. കൊതുക് ബാറ്റ് ഓരോരുത്തരും മാറി മാറി ഉപയോഗിച്ചാല്‍ എല്ലാവരുടെ കൈയ്ക്കും വ്യായാമം ആവും. (പോസിറ്റീവ് തിങ്കിംഗ് !)

മലയാളം ബൂലോകത്തിന്  http://itsmyblogspace.blogspot.com/  എന്ന് 'പലതും പറഞ്ഞിരിക്കാന്‍ ഒരു വരാന്ത' ഉണ്ട്. ഉടമസ്ഥന്‍ ദുശ്ശാസനന്‍. കൗരവരാജ സദസ്സിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപം ഓര്‍മ്മ വരുന്നു അല്ലേ. പക്ഷേ ഈ ദുശ്ശു അത്ര കുഴപ്പക്കാരനല്ല, മറിച്ച് രസികനാണ് എന്നേ്രത ബ്ലോഗ് വായിച്ച് എന്റെ വിലയിരുത്തല്‍. അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്‌സിപയര്‍ നായിക ചോദിച്ചതല്ലേ പണ്ടേയ്ക്കു പണ്ടേ.

'മുകുന്ദനും മേതിലും ഒക്കെ എഴുതാതെ വച്ചത് , മുട്ടത്തു വര്‍ക്കിയും പൊന്‍ കുന്നം വര്‍ക്കിയും എഴുതാന്‍ മറന്നത്, പലരും എഴുതി തള്ളിയത' എന്ന് ദുശ്ശു ബ്ലോഗ് തുടങ്ങിയത് 2008 സെപ്റ്റംബറില്‍. പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. തരക്കേടില്ലാത്ത സിനിമാ ആസ്വാദനങ്ങള്‍, സിനിമാ ബന്ധ വിഷയങ്ങള്‍ തുടങ്ങിയവ ഇഷ്ടം പോലെ.

പ്രണയം സിനിമയെപ്പറ്റിയുള്ള പോസ്റ്റില്‍ നിന്ന് -'ഒരാളോട് തോന്നുന്ന സ്‌നേഹത്തിന്റെ നിര്‍വചനം പ്രായം കൂടുന്നതിനനുസരിച്ച് മാറിമറിയും എ ന്നാണു എനിക്ക് തോന്നുന്നത്...... മേനോന്റെയും േ്രഗസിന്റെയും മാത്യൂസി ന്റേയും ഗ്രേസിന്റേയും ബന്ധങ്ങളുടെ മനോഹാരിത നിങ്ങളെ അമ്പരപ്പിക്കു കയും അവരോടു സ്‌നേഹത്തിലാക്കുകയും ചെയ്യും.  ' ആ മനോഹാരിത ഒന്നു കാണാമെന്ന് തീയേറ്ററില്‍ പോയതാണ്. പക്ഷേ ടിക്കറ്റു കിട്ടിയില്ല, കുറി വീണത് 'സ്വന്തം വീട്ടിലെ പയ്യന്‍' അസിഫ് അലിക്ക്. അങ്ങനെ പ്രണയം ഉപ്പും കുരുമുളകുമായി മാറി!

ജാതകം നോക്കിയാല്‍ എന്ന പോസ്റ്റില്‍ നിന്ന്- 'കല്യാണത്തിന് ജാതകം നോക്കണം എന്ന പരിപാടി കൊണ്ടുവന്നവനെ തല്ലി കൊല്ലണം.....താന്‍ വലിക്കില്ല, കുടിക്കില്ല, സല്‍സ്വഭാവി ആണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാ ര്യവുമില്ല. പണിക്കര്‍ ആണ് ഇതെല്ലാം തീരുമാനിക്കുന്നത്. കു ഗു എന്നൊ ക്കെ എഴുതിയ പണ്ടാരം പിടിച്ച ഒരു പലകയും കുറച്ചു കവിടിയും ആണ് പണിക്കരുടെ ആയുധം. അത് എങ്ങോട്ട് ഉരുളുന്നുവോ അങ്ങോട്ടാണ് നിങ്ങ ളുടെ ഭാവി. എത്ര എത്ര ജ്യോത്സ്യന്മാര്‍ ആണ് ഇത് കൊണ്ട് ജീവിക്കുന്നത്. പാപ ജാതകക്കാര്‍ക്ക് ജാതകം തിരുത്തി കൊടുത്തും, അഡ്ജസ്റ്റ് ചെയ്തു കൊടുത്തും ഒക്കെ ജീവിക്കുന്ന തരികിട ജ്യോത്സ്യന്മാര്‍. കള്ള ജാതകം എഴു തി കൊടുക്കുന്നവര്‍.'

ഇത് ശരിക്കും ഉള്ളില്‍ തട്ടി എഴുതിയതാണ്. സമാധാനപ്പെടൂ ദുശ്ശൂ, എല്ലാം ശരിയാവുമെന്നേ. പിന്നെ തട്ടിപ്പ്, അത് ഉദരനിമിത്തം ബഹുകൃതവേഷം എ ന്ന് ക്ഷമിക്കുക.. ഒന്നോര്‍ക്കുക, ഇക്കാര്യത്തില്‍ ജൗതിഷികള്‍ക്കൊപ്പം കുറ്റക്കാരാണ് മുന്‍പിന്‍ നോക്കാതെ പറ്റിപ്പുകാര്‍ക്കു മുമ്പില്‍ തലവച്ചു കൊടുക്കുന്നവരും.

പൂന്തോട്ട നഗരിയിലേക്ക് ജോലി തേടിയുള്ള യാത്ര മുതല്‍ പ്രണയം ചുംബനത്തില്‍ എത്തുന്നിടം വരെ 'സോഫ്‌റ്റ്വേര്‍ എഞ്ചിനീയര്‍ ജനിക്കുന്നു' എന്ന ഉദ്വേഗജനക പരമ്പര 22 എപ്പിസോഡുകള്‍ പിന്നിട്ടു കഴിഞ്ഞു. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അടുത്ത എപ്പിസോഡുകള്‍ ഉടനേ പ്രതീക്ഷിക്കാം. ധാരാളം രസകരവും ചിന്തനീയവും കാലികവും ആയ പോസ്റ്റുകള്‍ ഇനിയുമുണ്ട്. വായിക്കണ്ടേ അവയെല്ലാം? കഥ, കവിത, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങി നിശ്ചിതകളങ്ങളില്‍ നില്‍ക്കാത്ത സ്വതന്ത്ര രചനകള്‍ പല ബ്ലോഗുകളിലും സുലഭം. അതു തന്നെയാണ് ബ്ലോഗുകളുടെ ഫഌക്‌സിബിളിറ്റിയും. വരാന്തയിലെ പോസ്റ്റുകളും അങ്ങനെയുള്ളവയാണ്.

പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നൊരു പിന്തിരിപ്പന്‍ ചൊല്ല് കേട്ടിട്ടില്ലേ? ഒരു കയറില്‍ 11 പേര്‍ എന്ന ഈ ഫോര്‍വേഡഡ് മെയിലിന്റെ മലയാള ഭാഷ്യം ഒന്നു വായിച്ചിട്ടു തീരുമാനിക്കുക അതു തിരുത്താന്‍ സമയമായോ എന്ന്.

10 പുരുഷന്മാരും ഒരു വനിതയും ഒരു ഹെലികോപ്റ്റിന്നടിയില്‍ കയറില്‍ തൂങ്ങിക്കിടക്കയായിരുന്നു. പക്ഷേ അത്രയും പേരെ താങ്ങാനുള്ള ശക്തി ആ കയറിനുണ്ടായിരുന്നുമില്ല. അതിനാല്‍ ആരെങ്കിലും ഒരാള്‍ പിടിവിട്ടാലെ മറ്റുള്ളവര്‍ രക്ഷപ്പെടൂ. ആരു വേണം ആ ആള്‍ എന്നു തീരുമാനിക്കാനാവാതെ വിഷമിക്കുമ്പോള്‍ ആ വനിത വളരെ ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം നട ത്തി. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി, അല്ലെങ്കില്‍ പൊതുവായി പറഞ്ഞാല്‍ പുരുഷന്മാര്‍ക്കു വേണ്ടി പ്രതിഫലമേതുമില്ലാതെ സകലതും ത്യജിക്കുന്നത് തനിക്ക് ശീലമായിരിക്കുന്നു, അതിനാല്‍ അവര്‍ സ്വയമേവ പിടിവിടാം എന്നായിരുന്നു ആ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. അവര്‍ പ്രസംഗം അവസാനിപ്പിച്ചതും പുരുഷന്മാര്‍ കൈയ്യടിക്കാന്‍ തുടങ്ങി....ശേഷം ചിന്ത്യം.

ഇത് ബുദ്ധിയുള്ള സ്ത്രീക്ക്, ഓര്‍മ്മിച്ചു ചിരിക്കാനായി...Friday, October 7, 2011

വിശ്രാന്തി

Online link of weekly page 

ശരണാലയം എന്ന വാക്ക് മലയാളിക്കു പരിചയപ്പെടുത്തിയത് 'തിങ്കളാഴ്ച്ച നല്ല ദിവസം' എന്ന പത്മരാജന്‍ സിനിമയാവണം. മാതാപിതാക്കളെ അങ്ങനെ കൈവിടരുത് എന്ന സന്ദേശമാണ് സിനിമ നല്‍കിയത്. പക്ഷേ കരുണ, സ്വാന്തന, വിശ്രാന്തി, തുടങ്ങിയ വശ്യമോഹന പേരുകളില്‍  അത്തരം ആലയങ്ങള്‍ പെരുകുന്നു ഇവിടെ. കാരണം, കാലം മാറുകയാണ്, നമ്മളും.


' സ്വാഗതം മകനേ, നന്നായിരിക്കൂ-അമ്മ' (Welcome my son, do well-Amma ) എന്ന കുറിപ്പു ബാക്കിയാക്കി, ഗാന്ധിജിവീട്ടിലെ മരുമകള്‍ ശ്രീമതി സരസ്വതീഗാന്ധി യാത്രയായത്് മറക്കാറായിട്ടില്ല. യുഎസില്‍ താമസക്കാരായ മക്കള്‍ ഗാന്ധിമാര്‍ അമ്മ മരിച്ചിട്ടു പോലും എത്തിയില്ല എന്നതല്ല, മറിച്ച് ജീവിച്ചിരിക്കെ, അമ്മ വല്ലാതെ ആഗ്രഹിച്ചിട്ടും വന്നില്ല എന്നതായിരുന്നു എന്നെ സ്പര്‍ശിച്ചത്. മരണാനന്തരം, വികാരവിചാരങ്ങള്‍ നശിച്ചു കഴിഞ്ഞ്, വന്നാലെന്ത്, വന്നില്ലെങ്കിലെന്ത് ?

തിരു:ജനറല്‍ ആസ്പത്രിയിലെ 9-ാം വാര്‍ഡുകാര്‍, മക്കള്‍ നിര്‍ദ്ദയം കൈവിട്ട അച്ഛനമ്മമാര്‍, അധികവും അമ്മമാര്‍, ഇവരെപ്പറ്റി വായിച്ചതും മറക്കുവതെങ്ങ നെ? പട്ടിണിയാവാം 9-ാം വാര്‍ഡില്‍ അംഗസംഖ്യ കൂട്ടിയത്. പക്ഷേ മറ്റുള്ളിട ത്ത് പണമായിരുന്നില്ല പ്രശ്‌നം, മനഃസ്ഥിതി ആയിരുന്നു. മനുഷ്യപ്പറ്റില്ലാത്തവരായി ആ മക്കള്‍ മാറിയതെങ്ങനെ? വളര്‍ത്തുദോഷം? കാലത്തിന്റെ മാറ്റം എന്ന  ത്രോ എവേ (ദൂരെ എറിഞ്ഞു കളയുക) സംസ്‌ക്കാരം? എല്ലാം കൂടി ?

പല വീടുകളിലും ഒരു വെടിക്കുള്ള മരുന്ന് മുതിര്‍ന്നവരുടെ കയ്യിലുണ്ടാവും. അവര്‍ മക്കളുടെ ജീവിതം ദുസ്സഹമാക്കും. മക്കളാണെങ്കിലോ? എല്ലാ മക്കളും സഹകരിച്ചാല്‍ കാര്യങ്ങള്‍ ഭംഗയായി നീങ്ങും. പക്ഷേ ചുമതലകളില്‍ നിന്നു സൂത്രത്തില്‍ ഒഴിഞ്ഞു മാറും മിയ്ക്കവരും. പരസ്പരം താങ്ങാവുന്നവരും ധാരാളം. പറഞ്ഞുവന്നത് ,മുന്‍തലമുറ മുഴുവന്‍ ദേവകളല്ല, മക്കള്‍തലമുറ മുഴുവനും ദുഷ്ടരുമല്ല.

ഒറ്റയ്ക്കു താമസം വയ്യ എന്ന് ശരണാലയത്തില്‍ പോയി സന്തോഷമായിരിക്കുന്നവരുണ്ട്. വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഏജ് ഇന്‍ഡ്യ 267 ശരണാലയങ്ങളും 135 പകല്‍വീടുകളും നടത്തുന്നു. കൂടുതല്‍ അറിയാന്‍ ,കാണുക,  http://www.helpageindia.org/ .

പകല്‍വീടുകള്‍ നല്ലൊരു ആശയമാണ്. കൂട്ടുകുടുംബങ്ങള്‍ ഇന്നില്ല. മിയ്ക്ക വീടുകളിലും പകല്‍ ആളില്ല. വിശ്വസ്തയായ ഹോം നഴ്‌സും വീട്ടുസഹായി യും കിട്ടാക്കനി. ഇവിടെയേ്രത ശരണാലയങ്ങളുടേയും പകല്‍ വീടുകളുടേയും  പ്രസക്തി. മനം മടുപ്പിക്കുന്ന ഏകാന്തത ഇല്ല, സമപ്രായക്കാരുടെ ചങ്ങാത്തവും കിട്ടും. അച്ഛനമ്മമാരെ കുളിപ്പിച്ചു യൂണിഫോമിടീച്ച് ബാഗും വാട്ടര്‍ബോട്ടിലുമായി സ്‌കൂള്‍ വാനില്‍ കയറ്റിവിടുന്നതായി അഷ്ടമൂര്‍ത്തിയുടെ രസകരമായ ഒരു കഥയുണ്ട്. കഥപ്പേര് മറന്നു. നമ്മളെ ഇങ്ങനെ സ്‌കൂളില്‍ ഒരുക്കി വിടാനായ് ആളു വേണ്ടേ എന്ന് മകന്‍ ഭാര്യയോടു ചോദിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത് എന്ന് ഓര്‍മ്മ.

ശരണാലയങ്ങളിലെ ഹോസ്റ്റല്‍ പോലുള്ള ഒറ്റമുറിവാസം പക്ഷേ ദുസ്സഹമാ ണ്. രോഗാവശതകള്‍ ബാധിച്ച് അവിടെ കഴിയുന്നതു ഏറ്റം പരിതാപകരം. ഉപേക്ഷിക്കപ്പെട്ടവര്‍ എന്ന തോന്നലുണ്ടാകും അവര്‍ക്ക്. പുറം നാടുകളില്‍ റിട്ടയര്‍മെന്റ് പ്രോപ്പര്‍ട്ടീസ് ഉള്ളതു പോലെ സമൂഹജീവനകേന്ദ്രങ്ങള്‍-Community living centre- ആണ് അതിനു പരിഹാരം. അടുത്തടുത്തായി എല്ലാ സൗകര്യങ്ങളുമുള്ള കൊച്ചു വീടുകള്‍.  വീടിന്റെ അന്തരീക്ഷവും സമൂഹജീവിതവും സാദ്ധ്യമാകുന്നു ഇവിടെ. ബംഗലുരുവിലെ സുശാന്തി ഇത്തരം ഒന്നാണ്. കയ്യില്‍ പുത്തനുള്ളവര്‍ക്ക് http://www.sukhshanthi.com/  ഒന്നു പരീക്ഷിക്കാവുന്നതാണ്. കാശുണ്ടാവട്ടെ, ഞാനും വാങ്ങും ഒന്ന്, കുടുംബക്കല്ലറ പോലെ, എല്ലാ തലമുറകള്‍ക്കുമായി ഒരു കുടുംബശരണാലയം!

ഒക്ടോബര്‍ ഒന്ന് വയോജനങ്ങളുടെ ദിനം. അവര്‍ ബാദ്ധ്യതയല്ല, ആസ്തിയാണ് എന്ന് സര്‍ക്കാര്‍ അവരെ രാജ്യത്തിന്റെ അതിഥികളായി പ്രഖാപിക്കുന്ന ദിനം സ്വപ്‌നം കാണാം നമുക്ക്. ശരണാലയം എന്ന് ആവര്‍ത്തിച്ചത് ക്ഷമിക്കുക. വൃദ്ധസദനം, അഗതിമന്ദിരം തുടങ്ങിയ പേരുകള്‍ അരോചകമത്രേ. ടിവിയില്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട്, ഇവിടെ ഇത്ര അനാഥരുണ്ട്് എന്നും മറ്റും പറയുന്നത്. അവര്‍ കേള്‍ക്കെ അങ്ങനെ ലേബല്‍ ചെയ്യുന്നത് തെറ്റല്ലേ? .

സരസ്വതീ നമസ്തുഭ്യം...

തലമുറകള്‍ അവിടെ നില്‍ക്കട്ടെ. ഇന്ന് കുരുന്നുകള്‍ അക്ഷരപ്പടി കയറും ദിനത്തില്‍ ഒരു കളരിക്കഥ. നാട്ടിലെല്ലാം ആശാന്‍ പള്ളിക്കൂടം നിന്നപ്പോഴും ഗൗരിയുടെ വീടിനടുത്ത് ഒരു ആശാട്ടി കളരി നടത്തിയിരുന്നു. അച്ഛനമ്മാര്‍ ആവേശത്തോടെ അവളെ അവിടെ മണലിലെഴുതി പഠിക്കാനും വിട്ടു. അങ്ങ നെ ഗൗരി എഴുത്തും വായനയും വളരെ നേരത്തേ പഠിച്ചു.

അമ്പലത്തില്‍ വച്ചൊരു കല്യാണം. ഗൗരിക്ക് വെടിക്കെട്ടു ഭയമാണ്. പടക്കം  കേട്ട് ഗൗരിയുടെ വല്യമ്മ അവളെയെടുത്ത് ഓടി പടിഞ്ഞാറേ നടയിലേക്ക്. വല്യമ്മയുടെ തോളില്‍ തല പുറകോട്ടിട്ട് ഏങ്ങലടിച്ച് പേടിച്ചരണ്ടു  കിടക്കയാണ് കക്ഷി. ഓ, ഇനിയിപ്പോള്‍ കുഴപ്പമില്ല എന്ന് വല്യമ്മ സമാധാനിക്കെ പെട്ടെന്നു തലപൊക്കി ദൂരേയ്ക്കു കൈ ചൂണ്ടി ഗൗരി ചിണുങ്ങി. നോക്കിയ പ്പോള്‍ അവിടെ വെണ്ടയ്ക്കായില്‍ എഴുതി വച്ചിരിക്കുന്നു 'വെടി '!.

ഇത്തിരിക്കൊച്ചിനെ അക്ഷരം പഠിപ്പിച്ചുവച്ചിരിക്കുന്നു അവള്‍, അവള്‍ടെ ഒരു ആശാട്ടിപ്പള്ളിക്കുടം...അനിയത്തിയെ വഴക്കു പറഞ്ഞ് സാരമില്ല, സാരമില്ലെ  ന്നു കുട്ടിയുടെ പുറത്തു തട്ടി വല്യമ്മ ഓടി വടക്കേ നടയിലേക്ക്.....


Friday, September 30, 2011

ഇനിയുറങ്ങാം, ഉണരാതിരിക്കാനായ്......

(weekly released  28.9.11- page here. )                   

നവാബ്ഗഞ്ചിലെ ജന്മി നരനാരായണചൗധരി ശയ്യാവലംബിയാണ്. ഇപ്പോഴത്തെ കാരണവര്‍, ജന്മിയുടെ മകന്‍ ഹരിനാരായണചൗധരി, ഭാര്യ പ്രീതി. ഒരു രാത്രിയിലെ അവരുടെ സംഭാഷണം.

ഭര്‍ത്താവ്-കിടന്ന കിടപ്പില്‍ കിടന്ന് അരിഷ്ടിക്കുന്ന ഒരുവന്റെ കഴുത്തു ഞെക്കി കഥ കഴിച്ചാല്‍ത്തന്നെ എന്താണൊരന്യായം?

ഭാര്യ-ജീവിച്ചിരിക്കുന്ന ഒരാളെ ഉയിരോടെ കഴുത്തു ഞെരിച്ചു കൊല്ലുകയോ?

- എന്തുകൊണ്ടു വയ്യ? അതുകൊണ്ട് രോഗി രക്ഷപ്പെടും, പണവും രക്ഷപ്പെടും.

- എത്രയൊക്കയായാലും നിങ്ങളുടെ അച്ഛന്‍, അദ്ദേഹത്തെ കൊല്ലാന്‍ മനസ്സു വരുമോ?

-എന്താ മനസ്സു വന്നാല്‍?............കാരണവര്‍ തന്നെ ഒരിക്കല്‍ എന്നോടുപദേശിച്ചത്, ദയയും മമതയും വച്ചു പുലര്‍ത്തിക്കൂടെന്നാണ്.

ഹരിനാരായണചൗധരി ആ രാത്രി തന്നെ അതു ചെയ്തു. നാടറിയെ, ഗംഭീരമായി അച്ഛന്റെ മരണാനന്തരക്രിയകളും നടത്തി! അപ്പൂപ്പനും അച്ഛനും സമ്പാദിച്ച പാപക്കറ പുരണ്ട സ്വത്ത് വേണ്ടെന്ന് ഏകമകന്‍ സദാനന്ദ ചൗധരി വീടുവിട്ടു പോകയും ചെയ്തു!

കെ.രവിവര്‍മ്മ മലയാളീകരിച്ച ബിമല്‍ മിത്രയുെട  'പ്രതി ഹാജരുണ്ട്   ' എന്ന ബംഗാളി നോവലിലെ ഒരു കഥാസന്ദര്‍ഭമാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് എഴു തിയ കഥ യഥാര്‍ത്ഥജീവിതത്തില്‍ അരങ്ങേറുന്നുണ്ടിവിടെ, സ്ഥലവും സാഹചര്യവും കാരണവും മാത്രം വ്യത്യസ്തം.

'തലൈക്കൂത്തല്‍  ' എന്താണെന്നറിയുമോ? എണ്ണ തേച്ചു കുളി എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണത്. തമിഴ്‌നാട്ടിലെ വിരുദു നഗറിലും ചില തെക്കന്‍ ജില്ലകളിലും ഇന്നും നിലനില്‍ക്കുന്ന ഒരു ദുരാചാരം. രോഗം മൂലമോ പ്രായാധിക്യം മൂലമോ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി ഇല്ലാതാകുന്ന ആളെ കുളിപ്പിച്ചു കൊല്ലുന്ന കാടന്‍ ഏര്‍പ്പാട്.

കുടുംബാംഗങ്ങള്‍ എല്ലാവരെയുമറിയിച്ചാണ് ഇതു നടത്തുക. രഹസ്യമൊന്നു മല്ല. പ്രായമായ അച്ഛനെ അല്ലെങ്കില്‍ അമ്മയെ കൊച്ചുവെളുപ്പിന് ദേഹത്തും തലയിലും കുളുര്‍ക്കെ എണ്ണ തേപ്പിച്ച് വിശാലമായി കുളിപ്പിക്കുന്നു. അതു കഴിഞ്ഞാലുടന്‍ നാലഞ്ചു കരിക്കിന്‍ വെള്ളം സ്‌നേഹപൂര്‍വ്വം മക്കള്‍ കൊടുക്കുന്നു, അല്ല നിര്‍ബന്ധമായി കുടിപ്പിക്കുന്നു. അതോടെ ആ ആളിന്റെ വൃക്കകള്‍ തകരാറിലാവും, ന്യൂമോണിയ, കടുത്ത പനി, അപസ്മാരം എന്നിവ ബാധിക്കും. ഒന്നോ രണ്ടോ ദിവസം കൊണ്ട് ആള്‍ നിതാന്തനിദ്ര പ്രാപിക്കും. തലൈകൂത്തല്‍ മാത്രമല്ല, വെള്ളത്തില്‍ മണ്ണു കലക്കി കുടിപ്പിക്കുക, മൂക്കടച്ച് പാല്‍ കുടിപ്പിക്കുക തുടങ്ങിയ വിദ്യകളുമുണ്ടത്രേ.

വല്ലാത്ത അസ്വസ്ഥത തോന്നുന്നുവോ? സദയം ക്ഷമിച്ചാലും. അപ്രിയസത്യമെങ്കിലും പറയാതെ വയ്യല്ലോ.

തനിക്ക് തലൈക്കൂത്തല്‍ നടത്താന്‍ പോകുന്നുവെന്നറിഞ്ഞ് ഓടിപ്പോയവരിലൂടെ, തലൈക്കൂത്തല്‍ നടത്തിയിട്ടും ആയുര്‍ബലം കൊണ്ട് അതിനെ അതിജീവിച്ച് ഓടി രക്ഷപ്പെട്ടവരിലൂടെ ആണ് ഇക്കഥകള്‍ പുറം ലോകമറിഞ്ഞത്. ഡെക്കാന്‍ ഹെറാള്‍ഡ്, ഹിന്ദു, തെഹല്‍ക ഇവരെല്ലാം ഫീച്ചറുകള്‍ ഇട്ടിരുന്നു. ഇതിനെ കുറിച്ച് കളക്ടര്‍ അന്വേഷണോത്തരവ് ഇട്ടുവെന്നും ഡെക്കാന്‍ ഹെറാള്‍ഡില്‍ വായിച്ചിരുന്നു. ആ ലിങ്ക് ഇപ്പോള്‍ കിട്ടുന്നില്ല. അന്വേഷണം എന്തായെന്നുമറിയില്ല. കൂടുതല്‍ വായനയ്ക്ക് ഇതിലേ പോകാം.   http://en.wikipedia.org/wiki/Thalaikoothal . വിക്കി വഴി മറ്റു സൈറ്റുകളിലുമെത്താം.

 'മുത്തന്തയ്ക്ക് എന്‍ തന്ത ചെയ്തത് എന്‍ തന്തയക്ക് ഏന്‍ ചെയ്യും ' എന്നു  ചൊല്ലിത്തന്ന തമിഴ്മക്കള്‍ നാളെ തനിക്കും ഇതേ ഗതി വരും എന്നറിയാത്തവരല്ല. ആഹാരം, വസ്ത്രം, മരുന്ന് , സര്‍വ്വോപരി ചുരുണ്ടുകൂടാനൊരിടം ഇതെല്ലാം ആ പാവം മനുഷ്യരെ തുറിച്ചു നോക്കുന്ന നഗ്നസത്യങ്ങളത്രേ. ഇന്‍ഡ്യയില്‍ ദയാവധം അനുവദനീയമല്ല. പക്ഷേ ദാരിദ്ര്യദുഃഖത്തെക്കാള്‍ വലുതെന്തുള്ളു? അതു നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ, ആ പാവം വയോജനങ്ങളെ പുനരധിവസിപ്പിക്കാതെ , ജന്മം നല്‍കിയവരെ വകവരുത്തുന്ന ഈ കിരാത സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഏതു ധര്‍മ്മനീതിക്കു കഴിയും?

തമിഴ്‌നാട് അവിടെ നില്‍ക്കട്ടെ. നമ്മുടെ പ്രബുദ്ധസാക്ഷരകേരളത്തില്‍,
(ഹാവൂ, തളര്‍ന്നു!) ദൈവത്തിന്റെ സ്വന്തം നാട്ടില്‍, അയാള്‍ അങ്ങനെ പറഞ്ഞു ഇയാള്‍ ഇങ്ങനെ പറഞ്ഞു എന്ന് രാവിലെ തൊട്ടു രാത്രി വരെ രാഷ്ട്രീയം ചവയ്ക്കുന്ന നമുക്കിടയില്‍, ബഹുമാന്യവയോജനങ്ങള്‍ സുരക്ഷിതരാണോ? തൃപ്തരാണോ? കണ്ണും കാതും തുറന്നിരിക്കുന്നവര്‍ക്ക് ആണെന്നു പറയാനാവില്ല. ഇക്കണക്കിനു പോയാല്‍ തലൈക്കൂത്തല്‍ ഇവിടേയും നടന്നു കൂടെന്നില്ല, അതു പക്ഷേ ദാരിദ്ര്യം കൊണ്ടാവില്ല തീര്‍ച്ച.    തുടരും......

ആധാരം-
1.Family murders of elders to be probed-02 02.02.2010 ഡെക്കാന്‍ ഹെറാള്‍ഡ്.
2. No mercy killing- 20.03.2010- ഹിന്ദു
3.Mother, shall I put you to sleep- 20.11.2010-തെഹല്‍ക
Friday, September 23, 2011

ഇലയനക്കങ്ങള്‍


'വെറുതെ ഒരില'  http://verutheorila.blogspot.com/ എന്ന ബ്ലോഗിലെ ' സൗമ്യയെ ഇനിയും കൊല്ലരുത്  ',   'അതിനാല്‍ സൗമ്യയ്ക്കു വേണ്ടി നമുക്കൊരു പോരാട്ടവഴി തുറക്കാം  'എന്ന ലേഖനങ്ങള്‍ മലയാളം സൈബര്‍ ലോകത്തിന്റെ ശ്രദ്ധ ഏറെ നേടിയിരുന്നു.  കാലത്തിന്റെ സ്പന്ദനത്തിനു കാതോര്‍ത്ത്, കാണാപ്പുറങ്ങള്‍ കാട്ടിത്തന്ന്് , പിന്നിട്ട വഴികളിലെ മണിമുത്തുകള്‍ പെറുക്കിക്കൂട്ടി ഇലച്ചാര്‍ത്ത് തീര്‍ത്തിരിക്കുന്നു അവിടെ.

സമരായുധം എന്ന നിലയില്‍ സെല്‍ഫോണിന്റെ ജീവിതം എന്ന പോസ്റ്റില്‍ നിന്ന്-  'തുണീഷ്യയില്‍ നിന്ന് ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ മുഖ്യസമരാ യുധം സെല്‍ഫോണ്‍ ക്യാമറ, ഇവിടെയത് പെണ്ണുടലുകള്‍ പകര്‍ത്താനുള്ള ഉപാധി....മറ്റിടങ്ങളില്‍ വേറെ പല ഗുണകരമായ ദൗത്യങ്ങളും വിപ്ലവകരമായി  നിര്‍വഹിക്കുന്നുവെന്ന് നമ്മള്‍  ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.'  മുല്ലപ്പൂ വിപ്ലവം ഇലയുടെ ഇഷ്ടവിഷയമാണ്, പല പോസ്റ്റുകളിലും ഇത് ഉദാഹരിക്കപ്പെടുന്നുണ്ട്.

പെരിയാറേ , പെരിയാറേ, പര്‍വ്വതനിരയുടെ പനിനീരേ'- സത്യന്‍-രാഗിണിമാര്‍ പെരിയാറിലൂടെ വള്ളം തുഴഞ്ഞു പാടിയ പാട്ട് മലയാളിയുടെ ഗൃഹാതുരതയാണ് എക്കാലവും. നിള വേനലില്‍ മണല്‍വനമാകുമ്പോഴും ഭൂതത്താന്‍ കെട്ട് കനിഞ്ഞ് പെരിയാറില്‍ തെളിവെള്ളം ഒഴുകും. എന്നാല്‍ ആ 'പനിനീര് ' ഇപ്പോള്‍ വ്യവസായമലിനീകരണം മൂലം വിഷമയമാണ്. വരൂ, നമുക്കല്‍പ്പം വിഷം കുടിക്കാം എന്ന  പോസ്റ്റില്‍ നിന്ന്- 'കൊച്ചിയിലെ ഉപ്പിന്റെ ആധി
ക്യം  കാരണം പൊതു കുടിവെള്ള വിതരണം രണ്ടാഴ്ച മുടങ്ങി. എന്‍ഡോ സള്‍ഫാന്‍ ലാക്ടോണിന്റെ അളവ് കാസര്‍കോട്ടേക്കാള്‍ കൂടുതലുള്ള കിണറു കള്‍ ഏലൂരിലുണ്ട് '. അരോചകസത്യങ്ങള്‍ അറിയാതിരിക്കണമെങ്കില്‍ ലേഖനം വായിക്കാതിരിക്കുക.

'തടി പിടിക്കാനും തിടമ്പേറ്റാനുമുള്ള ആനകള്‍ക്ക് കാട്ടിലെന്താണ് കാര്യം?' 'വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി' ഇതെല്ലാം ആര് ആരോട് എപ്പോള്‍ എവിടെ വച്ചു ഏതു സന്ദര്‍ഭത്തില്‍ പറഞ്ഞു?  അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇലയുടെ 'ആന' പോസ്റ്റു വായിക്കുക. ആനമുതലാളിയല്ല നിങ്ങളെങ്കില്‍, ബുദ്ധി ഏറെയുണ്ടായിട്ടും സ്വന്തം ബലം തിരിച്ചറിയാത്ത ആ പാവം സൗമ്യജീവിയെ ഓര്‍ത്ത് തീര്‍ച്ചയായും നിങ്ങള്‍ സങ്കടപ്പെടും, നമ്മുടെ ഗതികേടോര്‍ത്തു  ലജ്ജിക്കാതിരിക്കാനും നിങ്ങള്‍ക്കാവില്ല.

ആരോടും അധികം ഇടപഴകാത്ത, അരസിക എന്നു വിളിക്കാവുന്ന സഹപ്രവര്‍ത്തകയില്‍ പൊടുന്നനെ വസന്തം വിരിഞ്ഞതിനെ കുറിച്ചാണ് 'ഇരുട്ടില്‍ ഒരു മധുരചുംബനം'. ആന്റണ്‍ ചെക്കോവിന്റെ The kiss എന്ന കഥ ചുരുക്കിപ്പറഞ്ഞാണ് വിഷയത്തിലേക്കെത്തുന്നത.് പല ലേഖനങ്ങളിലും ഇലയുടെ ഈ പുതുമയുള്ള നല്ല അവതരണ ശൈലിയുണ്ട്. 'അവരുടെ സന്തോഷവും പ്രസ രിപ്പും നില നില്‍ക്കുമെങ്കില്‍ ജീവിതം ഇങ്ങിനെ പതഞ്ഞു പൊന്തുന്നതല്ലേ നല്ലത്. ശരി തെറ്റോ സദാചാരമോ അവര്‍ക്ക് ഇത്രനാളും സന്തോഷം നല്‍കി യിട്ടേയില്ല. എന്നാല്‍, ദിവസങ്ങളായി അവര്‍  പൂത്തുലഞ്ഞ മരം'. എന്റെ ദൈവമേ, എന്റെ ദൈവമേ , അവരിലെ വസന്തം നീ  കൊഴിച്ചു കളയരുതേ !

ഗ്രാനഡോയുടെ മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പുസ്തകവും സിനിമയുമാണ് 'ചെഗുവേരയിലേക്ക് ഒരു മോട്ടോര്‍ സൈക്കിള്‍ ദൂരം' എന്ന ആസ്വാദനം. 'കള്ളു കുടിക്കുന്ന, പ്രണയിക്കുന്ന, ശരീരത്തിന്റെ ഇളക്കങ്ങള്‍ക്ക് മന സ്സു കൊടുക്കുന്ന , ചെറുപ്പത്തിന്റെ സര്‍വ ഉല്ലാസങ്ങളും മേളിക്കുന്നൊരു ചെ ഗുവേരയെയാണ് ഗ്രാനഡോ പരിചയപ്പെടുത്തുന്നത്. ' ചെ യെ അങ്ങനെ ഒരു സാധാരണ മനുഷ്യനെന്നു കരുതാനോ?ഏയ് പറ്റില്ല, പറ്റില്ല!  സമ്മതിക്കില്ല ഞങ്ങള്‍!

ക്ലാസ്‌മേറ്റുകളെ എനിക്കിപ്പോള്‍ ഭയമാണ്, പ്രവാസികളുടെ മക്കള്‍, ഇവ രണ്ടും വിവാഹവും മാതൃത്വവും മാറ്റിമറിക്കുന്ന പെണ്‍ജീവിതങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. 'അവള്‍ എന്നെങ്കിലും പാട്ടു പാടിയിരുന്നതായി അയാ ളോ മകളോ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് പെട്ടെന്ന് തോന്നി. വിവാഹം ചിലരുടെയൊക്കെ ഉള്ളിലെ പാട്ടുകള്‍ കൂടി  കവര്‍ന്നെടുക്കുന്നുണ്ടാവണം. പച്ച ജീവിതത്തിന്റെ കനം ഒരു പേപ്പര്‍ വെയ്റ്റു പോലെ പലപ്പോഴും പെണ്‍കുട്ടികളുടെ ഈണങ്ങള്‍ക്കു മേല്‍ നിലയുറപ്പിക്കുന്നുണ്ടാവണം.'

 'ഒരു ചങ്ങല പോലെ  വരിഞ്ഞു നിര്‍ത്തുന്ന എന്തോ ഒന്ന് അമ്മത്തത്തില്‍ ഉണ്ടോ.'? അവനവന്റെ ക്ഷേമം തീരെ അവഗണിച്ച്, വ്യക്തി എന്ന നിലയിലുള്ള താല്‍പ്പര്യങ്ങള്‍ മനഃപൂര്‍വ്വം മറന്ന്, ജീവിക്കേണ്ടവരല്ലേ ഭാരതസ്ത്രീകള്‍? കൊതിയുണ്ടെങ്കിലും ഇലയെപ്പോലെ മൂന്നാറില്‍ ഒറ്റയ്ക്കു പോയി മഴനൂലുകള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ പാടുണ്ടോ ഞങ്ങള്‍?

ഇരിക്കാത്ത സുന്ദരികള്‍, ആള്‍ക്കൂട്ടം ആണാണോ, ശ്വേതാമോനോന്‍ താലി കെട്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ, അപ്പോള്‍ ഷാഹിന പത്രപ്രവര്‍ത്തക തന്നെയല്ലേ തുടങ്ങി കാലികപ്രസക്തിയുള്ള ലേഖനങ്ങളുണ്ട്. ഒരുവള്‍ നിശ്ശബ്ദയാവുന്നതിന്റെ വഴിക്കണക്കുകള്‍, ശിശിരത്തിലെ ഒരമ്മമരം, ഇപ്പോഴി ല്ലാത്ത ആ വീട്, ഇഴ മുറിഞ്ഞ പട്ടു പോലെ ഒരുവള്‍ എന്നിങ്ങനെ പേരുകള്‍  സൂചിപ്പിക്കുമ്പോലെ വികാരസാന്ദ്രമായ എഴുത്തുകള്‍ വേറെ. മിയ്ക്ക പോസ്റ്റുകളിലും ആദ്യം സംഗ്രഹമുണ്ടാകും, കഥ പറയുന്ന പടങ്ങളും. പുസ്തകത്തിലെന്ന പോലെ ഒന്ന്, രണ്ട്, മൂന്ന് എന്ന് അദ്ധ്യായം തിരിച്ചിട്ടുമുണ്ടാകും.

മലയാളഭാഷ എത്ര വശ്യസുന്ദരം, ശക്തം എന്നു തോന്നിപ്പിക്കുന്നു ഈ സൈബര്‍  ഇല. 'പെരുമഴയും കാറ്റും ' ഒന്നിച്ചു വന്നാലും അത് പാറിപ്പോകാതിരിക്കട്ടെ!


Friday, September 16, 2011

തല ചായ്ക്കാനൊരിടം


 ഫോര്‍വേഡഡ് മെയിലുകള്‍ പലതും ഹൃദ്യമാണ്. അവ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും. ദില്‍ സേ ദേശി കൂട്ടായ്മ വക ഒരു മെയിലിന്റെ  സ്വതന്ത്ര പരിഭാഷ.

'  ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗം ഏതാണെന്ന് എന്റെ അമ്മ എന്നോടു ചോദിക്കാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കൊഴിയവേ  ഞാന്‍ അതിനുള്ള ശരിയായ ഉത്തരം ഊഹിച്ചുകൊണ്ടിരുന്നു.

കൊച്ചു കൂട്ടിയായിരുന്നപ്പോള്‍ ശബ്ദം മനുഷ്യര്‍ക്ക് ഏറ്റവും പ്രധാനം എന്നു ഞാന്‍ വിശ്വസിച്ചു. അതുകൊണ്ട് '  അവ എന്റെ ചെവികളാണ് അമ്മേ ' എന്ന് ഞാനുത്തരം പറഞ്ഞു.

' അല്ല, ചെവി കേള്‍ക്കാത്തവര്‍ അനവധിയുണ്ട്. നീ അതു തുടര്‍ന്നും ചിന്തിച്ചു കൊണ്ടേയിരിക്കൂ, ഞാന്‍ അധികം താമസിയാതെ നിന്നോടതു വീണ്ടും ചോദിക്കാം ' അമ്മ പറഞ്ഞു.

അമ്മ എന്നോട് വീണ്ടും അത് ചോദിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ കൊഴിഞ്ഞിരുന്നു. എന്റെ ആദ്യ ശ്രമത്തിനു ശേഷം വീണ്ടും ഞാന്‍ ശരിയായ ഉത്തരം ഏതെന്നു ചിന്തിച്ചു കൊണ്ടേയിരുന്നു.

'അമ്മേ, കാഴ്ച്ച ശക്തി ഏവര്‍ക്കും പ്രധാനമാണല്ലോ, അതുകൊണ്ട് അതു നമ്മുടെ കണ്ണുകള്‍ തന്നെയാവണം  '

അമ്മ എന്നെ നോക്കി ഇങ്ങനെ പ്രതിവചിച്ചു- ' നീ വളരെ വേഗം പഠിക്കുന്നുണ്ട് മകനേ, പക്ഷേ എത്രയോ അന്ധര്‍ നമുക്കിടയിലുണ്ട്, അതുകൊണ്ട് നിന്റെ ഉത്തരം ശരിയല്ല   ' .വീണ്ടും തോല്‍വിയടഞ്ഞ ഞാന്‍ വര്‍ഷങ്ങളോളം അന്വേഷണം തുടര്‍ന്നു.

രണ്ടു വട്ടം കൂടി അമ്മ ചോദിച്ചു, 'അല്ല, പക്ഷേ നീ കൂടുതല്‍ മിടുക്കനാകുന്നുണ്ട് എന്റെ കുട്ടീ  ' എന്നായിരുന്ന എല്ലായ്‌പ്പോഴും അമ്മയുടെ ഉത്തരം.

ഒരു നാള്‍ എന്റെ അപ്പൂപ്പന്‍ മരിച്ചു. എല്ലാവരും ഏറെ വേദനിച്ചു, കരഞ്ഞു. എന്റെ അച്ഛന്‍ പോലും കരഞ്ഞു. അത് ഞാന്‍ കൃത്യമായി ഓര്‍മ്മിക്കുന്നു, കാരണം അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടത് അതു രണ്ടാം തവണയായിരുന്നു.

അപ്പൂപ്പന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ അമ്മ എന്നെ നോക്കി. 'ഇപ്പോഴും നിനക്ക് ശരീരത്തിലെ ഏറ്റം പ്രധാനപ്പെട്ട ഭാഗം ഏതെന്നറിയുന്നില്ലേ മകനേ?  '  ഈ അവസരത്തിലുള്ള അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ തികച്ചും ഞെട്ടിപ്പോയി. ഇത് അമ്മയുടേയും
എന്റേയും ഇടയ്ക്കുള്ള ഒരു കളിയാണെന്നാണ് ഞാന്‍ ഇതു വരെ കരുതിയിരുന്നത്.

എന്റെ അമ്പരപ്പ് മനസ്സിലാക്കി അമ്മ പറഞ്ഞു ' ഈ ചോദ്യം വളരെ പ്രധാനമാണ്. നീ നിന്റെ ജീവിതം ശരിയായി ജീവിച്ചു എന്നാണ് അതു കാണിച്ചു തരുന്നത്. നീ മുമ്പ് പറഞ്ഞ ഓരോ ശരീരഭാഗവും തെറ്റെന്നു ഞാന്‍ പറഞ്ഞു. എന്തുകൊണ്ട് എന്ന് ഞാന്‍ ഉദാഹരിക്കയും ചെയ്തു.

ഈ സുപ്രധാനപാഠം നീ അറിയേണ്ട ദിനമാണിന്ന്. '

ഒരു അമ്മയ്ക്കു മാത്രം കഴിയുന്നവണ്ണം ആര്‍ദ്രമായി അമ്മ എന്നെ നോക്കി. കണ്ണീര്‍ നിറഞ്ഞു തുളുമ്പിയിരുന്ന ആ കണ്ണുകള്‍ ഞാന്‍ കണ്ടു. 'എന്റെ പൊന്നുണ്ണീ, നിന്റെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നിന്റെ ചുമലുകളാണ്.'

' എന്റെ തല വഹിക്കുന്നതുകൊണ്ടാണോ  അങ്ങനെ?    ' ഞാന്‍ ചോദിച്ചു.

'അല്ല, നിന്റെ ചങ്ങാതിയുടേയോ, നിന്റെ സ്‌നേഹിതയുടേയോ തല അവര്‍ കരയുമ്പോള്‍ നിന്റെ തോളില്‍ വയ്ക്കാം എന്നതുകൊണ്ടാണങ്ങനെ. ജീവിതത്തില്‍ ചില അവസരങ്ങളില്‍ അങ്ങനെയൊരു തോള്‍ എല്ലാവര്‍ക്കും വേണ്ടി വരും എന്റെ പ്രിയപ്പെട്ട മകനേ. അങ്ങനൊരവസ്ഥ നിനക്ക് വന്നാല്‍ തല ചായ്ച്ചു കരയാനായി, സ്വാന്തനം തേടാനായി, നിനക്ക് എപ്പോഴും ഒരു ചുമലുണ്ടാകട്ടെ. അതിനു സഹായകമാം വണ്ണം ധാരാളം സ്‌നേഹവും സ്‌നേഹിതരും നിനക്കുണ്ടാകണേ എന്നാണെന്റെ ആഗ്രഹം.   '

ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗം സ്വാര്‍ത്ഥത തികഞ്ഞ ഒന്നല്ല എന്ന് അന്ന്, അവിടെ വച്ച് ഞാന്‍ മനസ്സിലാക്കി. അതു മറ്റുള്ളവര്‍ക്കു വേണ്ടി ഉണ്ടാക്കിയതാണ്, അവനവനുള്ളതല്ല. മറ്റുള്ളവരുടെ വേദനയില്‍ അതിനു സഹാനുഭൂതി ഉണ്ടാകും.

നിങ്ങള്‍ എന്തു പറഞ്ഞുവെന്നത് മറ്റുള്ളവര്‍ മറക്കും. നിങ്ങള്‍ എന്തു ചെയതുവെന്നതും ആളുകള്‍ മറന്നെന്നു വരാം. പക്ഷേ നിങ്ങള്‍ അവരില്‍ എന്തു വികാരമുണര്‍ത്തി എന്നത് ആരും ഒരിക്കലും മറക്കുകയില്ല.'

ഫേസ് ബുക്ക്, ഓര്‍ക്കുട്ട് , ഗൂഗില്‍പ്ലസ്, അങ്ങനെ കൂട്ടുകാരും അവരുടെ കൂട്ടുകാരുമായി ചങ്ങാതിക്കൂട്ടങ്ങള്‍ ദിനേന വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം ചിന്തിക്കണം, ഇതില്‍ എനിക്കു തലചായ്ക്കാനുള്ള ചുമല്‍ ഏതാകും, ആര്‍ക്കു ചുമല്‍ താങ്ങു നല്‍കാന്‍ എനിക്കാകും എന്ന്.  അങ്ങനെ ചിലരെ അതില്‍ നിന്നു കണ്ടെത്താനാവുന്നുണ്ടോ, എങ്കില്‍ നിങ്ങളുടെ ചങ്ങാതിക്കൂട്ടം സാര്‍ത്ഥകം.Sunday, September 11, 2011

Wow! ഡയറ്റിംഗ് !

(Online link of col in varika of 8th sept 11. രുജുതയുടെ ഫോട്ടോയുമുണ്ട്)


 ഓണസദ്യയ്ക്കിടയില്‍ ഡയറ്റിംഗിനെന്തു കാര്യം എന്നു ചോദിക്കല്ലേ. അവിയലും സാമ്പാറും ഓലനും ഇഷ്ടം പോലെ കഴിച്ചോളൂ, എന്നാല്‍ പാല്‍പ്പായസവും അടപ്രഥമനും കടലപ്പരിപ്പുപായസവും വറുത്തുപ്പേരിയും വെട്ടി അടിക്കാന്‍ തുടങ്ങും മുമ്പ് ഒരു ചിന്ന വീണ്ടുവിചാരം, അത്ര മാത്രം!

ദിനേന ഓരോ നെല്ലിക്ക കഴിക്കുന്നത് ദൂരഭാവിയില്‍ ഗുണകരം എന്ന ഉപദേശപ്രകാരം പച്ചക്കറി കടയില്‍ പോയി നാടന്‍ നെല്ലിക്ക ചോദിച്ചു. നാടനില്ല, എല്ലാവരും ജ്യൂസ് അടിക്കാന്‍ എന്ന് വലുത് ചോദിച്ചു വാങ്ങും പോലും. നെല്ലിക്ക മാത്രമല്ല, കാരറ്റും വലുത് തന്നെ വേണമത്രേ. മുറിക്കാന്‍ സൗകര്യമാര്‍ത്ഥമാകും ഇത്. ആരോഗ്യപരിരക്ഷയെ കുറിച്ച് മിയ്ക്കവരും തല്‍പ്പരര്‍. പക്ഷേ ഡയറ്റിംഗ് കണ്‍സല്‍റ്റന്റ്‌സിനെ തേടി പോകുന്നത് ഇവിടെ അത്ര പ്രചാരമായിട്ടില്ല. സമീപഭാവിയില്‍ ഡയറ്റീഷ്യന്റെ സേവനം മലയാളികളും സ്വീകരിച്ചു തുടങ്ങും.  

രുജുതാ ദിവേകര്‍ (Rujuta Diwekar) എന്നു കേട്ടിട്ടുണ്ടാവും അല്ലേ? ഇല്ലെങ്കില്‍ കേള്‍ക്കുക, 58 കിലോ തൂക്കമുണ്ടായിരുന്ന കരീനാ കപൂറിനെ സൈസ് സീറോ (ഏറ്റവും ചെറിയ അഴകളവ്) യിലേക്കു എത്തിക്കാന്‍ സഹായിച്ച ഡയറ്റീഷ്യന്‍ ബമ്പത്തി , അല്ല ,ഫിറ്റ്‌നസ്സ് പ്രൊഫഷണല്‍. തീര്‍ന്നില്ല, കരിഷ്മാ കപൂര്‍, സെയ്ഫ് അലി ഖാന്‍, അനില്‍ അംബാനി ഇവരുടെയെല്ലാം ഫിറ്റ്‌നസ്സ് മന്ത്രം രുജുത വകയത്രേ! ഡയറ്റിംഗ് ടിപ്‌സ് , സെലിബ്രിറ്റികളുമായുള്ള അനുഭവങ്ങള്‍ ഇവയെല്ലാം അറിയണോ?  രുജുതയുമായുള്ള അഭിമുഖം വായിക്കാം,http://zeenews.india.com/zeeexclusive/2009-02-17/508092news.html     ല്‍. Dont lose your mind, lose your weight  എന്ന അവരുടെ പുസ്തകത്തിന് കരീനയുടെ മുഖവുരയുണ്ട്. ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ  Women and the weightloss tamasha എന്ന ബുക്കിന്റെ പ്രകാശനവും കരീന വക ആയിരുന്നു.

പഴങ്ങള്‍ ജ്യൂസാക്കാതെ അങ്ങനെ തന്നെ കഴിക്കണം, എന്തും ചെറിയ അളവില്‍ കഴിക്കാം, ഓരോ രണ്ടു മണിക്കൂറിലും ഭക്ഷണം കഴിക്കാം എന്നിങ്ങനെ ഉപദേശിക്കുന്ന രുജുത ദിവസം 9 പ്രാവശ്യം കഴിക്കുമത്രേ. കുറേശ്ശെ ഭക്ഷണം പല പ്രാവശ്യം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കു നന്ന് എന്നു പണ്ട് വായിച്ചിട്ടുണ്ട്. ഒറ്റയടിക്ക് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍, എളുപ്പം ദഹിക്കാനും ഷുഗര്‍ കൂടാതിരിക്കാനും ഇതു സഹായിക്കും. പക്ഷേ പ്രകൃതി ചികിത്സകര്‍ പറയുന്നത് നേരേ വിരുദ്ധം. നമ്മുടെ ആന്തരിക അവയവങ്ങള്‍ക്കും വിശ്രമം ആവശ്യമാണെന്നും എപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്നത് അവയ്ക്കു കൂടുതല്‍ ജോലിയുണ്ടാക്കി അവയുടെ ആരോഗ്യം തകര്‍ക്കും എന്നും അവര്‍ അഭിപ്രായപ്പെടുന്നു (കടപ്പാട്-ഗാന്ധിസ്മാരകനിധി, തൈക്കാട്). ഓരോ വീക്ഷണകോണിലൂടെ ഓരോന്നും ശരി. ഏതു വേണം എന്നു സ്വയം തീരുമാനിക്കുക.

രുജുതയുടെ ബ്ലോഗ് http://rujutadiwekar.blogspot.com/. ഏറെക്കുറെ സജീവമാ ണ്, ബ്ലോഗില്‍. സേഫ് അലിഖാന്‍ അവരുടെ ആദ്യ പുസ്തകത്തിനു പ്രേരണയായതെങ്ങനെ എന്ന് ജനുവി 14 ന്റെ പോസ്റ്റില്‍ വായിക്കാം. അവരുടെ വെബ്‌സൈറ്റ്  http://www.rujutadiwekar.com/  കാര്യമാത്രപ്രസക്തം.

ഫിറ്റ്‌നസ്സ് മന്ത്രം മാത്രമല്ല, കഠിനാദ്ധ്വാനം കൊണ്ട് എന്തും നേടാം എന്നു കൂടി ചെറുപ്പക്കാരിയായ രുജുത പഠിപ്പിക്കുന്നു. എഞ്ചിനീയറും ഡോക്ടറും വക്കീലും ആകണമെന്നില്ല പണം കൊയ്യും തൊഴില്‍ നേടാന്‍. വേണ്ടത് ഇച്ഛാശക്തിയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ക്ലാസ് കൊടുക്കുന്ന രുജിതയുടെ ഫീസ് 1.5 മണിക്കൂറിന് 2.25 ലക്ഷം രൂപയാണ്് ! സാധാരണക്കാര്‍ക്കു വേണ്ടി കുറഞ്ഞ  പാക്കേജുകളും സൗജന്യ വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്.

'അത്ഭുത പാനീയം' എന്ന ഫോര്‍വേഡഡ് മെയില്‍ പ്രകാരം ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു കാരറ്റ്, ബീറ്റ്‌റൂട്ട്, ഒരു ആപ്പിള്‍ എന്നിവ തൊലിയോടെ കഷണിച്ച് ജ്യൂസാക്കി കഴിച്ചാല്‍ പല രോഗങ്ങളും ഇല്ലാതാകും, വരാതിരിക്കും. മൂന്നു മാസം പരീക്ഷിച്ചാല്‍ ഫലം മനസ്സിലാക്കാമത്രേ. ഒന്നു പരീക്ഷിക്കാം, എന്താ?

ഇനി വേറിട്ടൊരോണപ്പാട്ട് ,ചാനലില്‍ കേള്‍ക്കാനിടയില്ലാത്തത് - 'മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം' (എന്റെ മാറ്റൊലിക്കവിതകള്‍) എന്ന വയലാര്‍ കവിതയില്‍ നിന്ന്. നാടുകാണാന്‍ വന്ന മാവേലി കേട്ട വഞ്ചിപ്പാട്ടിലെ എനിക്കിഷ്ടപ്പെട്ട ചില വരികള്‍-

'പണ്ട് പിരിഞ്ഞവര്‍ പായിട്ടിരുന്നൊരു
പന്തിയിലോണത്തിനുണ്ട്
മഞ്ഞനിലാവത്ത് മാമാങ്കം കാണുവാന്‍
നെഞ്ഞ് കിലുങ്ങണ പെണ്ണേ- '

തോണി തുഴഞ്ഞെത്തിയ പരശുരാമന്റെ  ' നീയാര ് 'എന്ന ചോദ്യത്തിന് മാവേലിയുടെ ഉത്തരം കേട്ടാലും-

' ദേവന,ല്ലന്തണനല്ല, മഹര്‍ഷിയ
ല്ലീമണ്ണുപെറ്റ മനുഷ്യന്‍ മഹാബലി!
ഇപ്രപഞ്ചത്തിലേക്കാദ്യമായെത്തിയ
വിപ്രനാണെന്നെ കളിപ്പിച്ച വാമനന്‍! '

(അന്തണന്‍, വിപ്രന്‍- ബ്രാഫ്മണന്‍)

നിങ്ങള്‍ ജനിക്കുന്നതിനും മുമ്പ് ഇവിടം പാലിച്ചവനാണ് താനെന്നും അതിനാല്‍ ഈ നാട് ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചതെന്ന കള്ളക്കഥ ഇനി വേണ്ടെന്നും  കൂടി മഹാബലിയെക്കൊണ്ട് വിപ്ലവകവി പറയിക്കുന്നുണ്ട് !Thursday, September 1, 2011

അര്‍ത്ഥം അനര്‍ത്ഥം

 (Online link of the article in varika)                            

ഒരു റഡ്യേഡ് കിപ്ലിംഗ് (Rudyard Kipling)  കഥയുടെ ഭാഷാന്തരീകരണം ചെയ്യേണ്ടി വന്നു ഈയിടെ. മറ്റൊരു സംസ്‌കൃതി പറിച്ചു നടാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം പഠിക്കുന്നതോടൊപ്പം പ്രധാനമാണല്ലോ സ്ഥലപ്പേരുകള്‍, ആള്‍പ്പേരുകള്‍ തുടങ്ങിയ സംജ്ഞാനാമങ്ങളുടെ ഉച്ചാരണശുദ്ധി. എം.കൃഷ്ണന്‍നായര്‍ സര്‍ മരിച്ചും പോയല്ലോ, ഇനിയിപ്പോള്‍  ഡോ.ജോണ്‍സണ്‍ന്റെ നിഘണ്ടു ശരണം എന്നു വിഷണ്ണയായപ്പോള്‍ , 'ഇത്രേയുള്ളോ, ഡിക്ഷണറി. കോം നോക്കൂ അമ്മേ, ഓഡിയോ  ഉണ്ടല്ലോ' എന്ന് എളുപ്പത്തില്‍ പ്രശ്‌നം പരിഹരിച്ചു തന്നത് മകള്‍, പലപ്പോഴും എനിക്കു ഗുരുവും ദൈവവും ആകാറുള്ളവള്‍.

അങ്ങനെ http://dictionary.reference.com/ സൈറ്റിലെത്തി , പിന്നെ കാര്യങ്ങള്‍ സുഗമം. അര്‍ത്ഥം, ഉച്ചാരണം, ഉത്പത്തി തുടങ്ങി തെരയുന്ന വാക്കിനെ സംബന്ധിച്ച സകല വിവരങ്ങളും ഒരു മൗസ് ക്ലിക്കില്‍. ചിലപ്പോള്‍ നമുക്കു വേണ്ട വാക്ക് കണ്ടെന്നു വരില്ല, അപ്പോള്‍ സമാനമായ പല വാക്കുകള്‍ നിരത്തിയിടും, അതില്‍ നിന്ന് ഒന്നോ രണ്ടോ വാക്കു തെരഞ്ഞെടുത്താല്‍ മിയ്ക്കവാറും നമുക്ക് ആവശ്യമുള്ള ഉച്ചാരണം കിട്ടും. തിസോറസ്, ഉദ്ധരണികള്‍, റഫറന്‍സ്, ട്രാന്‍സ്ലേറ്റര്‍ എന്നിങ്ങനെ പല ടാബുകളുണ്ട്. ആവശ്യാനുസരണം ക്ലിക് ചെയ്യാം.

ഓജോ ബോഡ് എന്നു നമ്മള്‍ പറയുന്ന പ്രേതപ്പലകയുടെ ശരിയായ ഉച്ചാരണം വീജാ എന്നത്രേ. ഉത്ഭവം 1891ല്‍, കൂടുതല്‍ അറിയാന്‍ സൈറ്റില്‍  ഡിക്ഷണറി ടാബില്‍ Ouija എന്നു ടൈപ്പു ചെയ്യുക. എല്ലാവരും എപ്പോഴും പറയാറുള്ള ഓ.കെ(ഓക്കേയ്) യുടെ പൂര്‍ണ്ണരൂപം അറിയുമോ? All Correct എന്നതിന്റെ നാടോടി രൂപമായി ഉപയോഗിച്ച Oll Korrect ന്റെ ചുരുക്കപ്പേരേ്രത അത്. 1840 ലെ ഒരു രാഷ്ട്രീയ പ്രചരാണാര്‍ത്ഥം അമേരിക്കയില്‍ പ്രയോഗിച്ച ആ വാക്ക് കാലത്തെ അതി ജീവിച്ച് ഇപ്പോഴും ലോകമെമ്പാടും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നു. OK യുടെ ഉത്പത്തി അറിയുമോ, Ouija യുടെ അര്‍ത്ഥം അറിയുമോ എന്നിങ്ങനെ കുതൂഹലമുണര്‍ത്തുന്ന ചോദ്യങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആരായാലും ഒന്നു ക്ലിക്കിപ്പോകും. വാസ്തവത്തില്‍ ഈ സൈറ്റില്‍ കയറിയാല്‍ സമയം പോകുന്നതറിയില്ല.

നമ്മള്‍ മലയാളികള്‍ക്ക് ബൂര്‍ഷ്വാ എന്ന വാക്ക് ചിരപരിചിതം. എന്നാല്‍ അതിന്റെ അക്ഷരക്രമം bourgeoise (ബൂര്‍ഷ്വാസ്)  ആണെന്ന് ശ്രദ്ധിക്കാത്തവര്‍ ചിലരെങ്കിലുമുണ്ടാകും. ഹും, പറയുമ്പോ ഒന്ന്, എഴുതുമ്പോ വേറൊന്ന്, ഒരു വ്യവസ്ഥയില്ല ഈ ആംഗലേയത്തിന്, അല്ലേ? ഇപ്പോള്‍ ഇന്‍ഡ്യയിലെ ബസ് (buzz) വാക്കുകളായ  Scam(സ്‌കേം എന്നു സായിപ്പ്) , Corruption (കുറപ്ഷന്‍ എന്നു മദാമ്മ)) ഇവയുടെ ഉത്പത്തി എവിടുന്ന് എന്നു വായിച്ചു നോക്കൂ. scam ന് തമിഴ് നാട്ടിലെ ഒരു സ്ഥലപ്പേരായ കുംഭകോണം എന്ന് അര്‍ത്ഥം പതിച്ച ദീര്‍ഘദര്‍ശി ആരാണാവോ?  Cookery  നമുക്ക് കുക്കറി, എന്നാല്‍ ഡിക്ഷണറി മദാം കുക്കുറി എന്നാണ് ഉച്ചരിക്കുന്നത്.

ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ്, ചേംബേഴ്‌സ്, ലേണേഴ്‌സ് തുടങ്ങിയവയും നെറ്റിലുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. യുകെ, യുഎസ് ഉച്ചാരണങ്ങള്‍ വേറേ വേറേ വേണമെങ്കില്‍ അതും ലഭിക്കും. ഒഴിച്ചു കൂടാനാകാത്തപ്പോള്‍ മാത്രം തടിയന്‍ നിഘണ്ടുക്കള്‍ അലമാരയില്‍ നിന്നു വലിച്ചെടുത്താല്‍ മതി. എന്തു സൗകര്യം അല്ലേ?

ഇംഗ്ലീഷ് മലയാളം നിഘണ്ടുവും നെറ്റിലുണ്ട്. ഇലയാളമോ മംഗ്ലീഷോ ആണ് നമ്മള്‍ മിയ്ക്ക മലയാളികളുടേയും ഭാഷ. മലയാളം എഴുതേണ്ടപ്പോള്‍ ക്ഷണിക്കാത്ത അതിഥിയെപോലെ കടന്നു വരും ആംഗലേയം. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ ആശ്രയിക്കുന്നത് ഇപ്പോള്‍ ഞാനിതെഴുതുന്ന എന്റെ പ്രിയ മലയാളം സോഫ്‌റ്റ്വേര്‍ Typeit! നെയാണ്. അതില്‍ ഒരു വിധം വാക്കുകളെല്ലാമുണ്ട്. പോരെങ്കില്‍ അതില്‍ നിന്നു തന്നെ ഓണ്‍ ലൈന്‍ ഡിക്ഷണറിയായ http://www.dictionary.mashithantu.com/ല്‍ എത്തുകയും ചെയ്യാം. ഇംഗ്ലീഷും മലയാളവും അര്‍ത്ഥങ്ങള്‍  വിശദമായി പറഞ്ഞുതരുന്ന ഈ കിടിലന്‍ മഷിത്തണ്ടിനെ കുറിച്ച് ഇനിയൊരിക്കല്‍ വിശദമായി എഴുതാം.

ഇനി ചിങ്ങനിലാവ്. തുമ്പപ്പൂവും ചിരവപ്പപ്പന്‍ ഇലയുടെ നടുക്കു പതിച്ചു വച്ച സുന്ദരി ചെറുകദളിപ്പൂവും സൗന്ദര്യബോധം ഒട്ടുമില്ലാതെ നീളമുള്ള ഈര്‍ക്കിലില്‍ കോര്‍ത്തുവച്ച ചെമ്പരത്തിപ്പൂക്കളും ഓര്‍മ്മിപ്പിച്ച്, മനസ്സില്‍ പൂമണം പരത്തി അത്തം എത്തിക്കഴിഞ്ഞു. ഓണപ്പൂക്കളവും, ഓണനിലാവും ചിങ്ങക്കാറ്റും ഊഞ്ഞാലാട്ടവുമായി ചാനലുകളിലെങ്കിലും ഓണസമൃദ്ധി നിറയുന്നു. മക്കളെ കാത്തിരുന്നിട്ട് അവര്‍ വരാത്തതിന്റെ വിഷമം പേറുന്ന മാതാപിതാക്കളുടെ കഥ പറയുന്ന ടെലിഫിലിമുകളും മുറ തെറ്റാത്ത അനുഷ്ഠാനം എന്നോണം നിശ്ചയമായും കാണാനാകും. സോഷ്യലിസം പ്രാവര്‍ത്തികമാക്കിയ മാവേലിരാജന്റെ വരവാഘോഷിക്കാന്‍ തുണിക്കടകളിലും ബിവറേജസിലും തള്ളിക്കയറുന്നു മലയാളി. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് പ്രാവര്‍ത്തികമാക്കി ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ കടം കൊള്ളുന്നത് 1000 കോടി! 2020 ല്‍ ഇതു തിരിച്ചു വീട്ടാന്‍ നേരമെങ്കിലും വിദേശബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിക്കുമോ ആവോ? തലയില്‍ കടവുമായി ജനിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ പാവം പാവം കുഞ്ഞുങ്ങള്‍.

കര്‍ക്കിടകം രാമന്റെ മാസമെങ്കില്‍ ചിങ്ങം കൃഷ്ണമാസമെന്ന് ചാനല്‍. എന്നാല്‍ പിന്നെ ഒരു നാടന്‍ കൃഷ്ണപ്പാട്ടാവാം അല്ലേ?

'അമ്മേ നിങ്ങള്‍ പേടിക്കേണ്ട, കണ്ണനെ ഞാന്‍ കണ്ടേന്‍
കണ്ണനായ കൃഷ്ണനിപ്പോള്‍ കാനനത്തിലുണ്ട്
കാനനത്തിലുണ്ട് കൃഷ്ണന്‍ കാലികളെ മേച്ച്
കാലികളെ മേച്ചു കൃഷ്ണന്‍ ഓടക്കുഴലൂതി
ഓടക്കുഴലൂതി കൃഷ്ണന്‍ ആടകളും വാരി
ആടകളും വാരി കൃഷ്ണന്‍ ആലിന്‍മുകളേറി
ആലിന്‍ മുകളേറി കൃഷ്ണന്‍ കാളിന്ദിയില്‍ ചാടി
കാളിന്ദിയില്‍ ചാടി കൃഷ്ണന്‍ കാളിയമര്‍ദ്ദനമാടി
കാളിയമര്‍ദ്ദനമാടി കൃഷ്ണന്‍ കാളിന്ദി കരേറി....'

Friday, August 26, 2011

കാണാപ്പുറം

(Online link of article in varika of 25.07.11)

                                                     
ഏതു കാര്യത്തിനുമുണ്ടാകും നമ്മള്‍ ഒട്ടും ചിന്തിക്കാത്ത ഒരു മറുപുറം. നല്ലതെന്നു നമ്മള്‍ കരുതുന്നുതിന് ഒരു ഇരുണ്ട വശം ഉണ്ടാകാം, അതു പോലെ തിരിച്ചും.

താങ്കള്‍ ക്യാപ്പിറ്റലിസ്റ്റ് എന്ന മുതലാളിത്തവാദിയാണോ അതോ സോഷ്യലിസ്റ്റ് എന്ന സ്ഥിതിസമത്വവാദിയാണോ? ഇനി ഇതു രണ്ടുമല്ലാതെ സോഷ്യലിസം മനസ്സില്‍ കൊണ്ടു നടന്ന് മക്കളെ മുതലാളിത്ത രാഷ്ട്രങ്ങളിലോ ബഹുരാഷ്ട്രകുത്തകമുതലാളിക്കമ്പനികളിലോ (ഹെന്റമ്മേ!) ജോലിക്കു വിടുന്നവരോ  വിടാനാഗ്രഹിക്കുന്നവരോ ആണോ? സത്യം പറയൂ, അതെ എന്നല്ലേ ഉത്തരം? അരക്കഴഞ്ചു വീതം രണ്ടും കൂടി കലര്‍ത്തിയാല്‍ അതു നമ്മളില്‍ മിയ്ക്കവരുടേയും ജീവിതരീതിയായി. ഏതാണ്ടിതല്ലേ  'ക്യൂബാ മുകുന്ദന്‍' (സിനിമ-അറബിക്കഥ)  നമ്മളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് ? അല്ല, അതല്ലേ?

ഇനിയിപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലേ? യാഹൂവിലെ worldmalayaliclub  കൂട്ടായ്മയുടെ ഈ മെയില്‍ വായിക്കുക. മലയാളപരിഭാഷ സവിനയം ലേഖിക വക-

'പെണ്‍കുട്ടിക്ക് അവളുടെ കോളേജിലെ ആദ്യവര്‍ഷം തീരാറായിരുന്നു. കോളേജിലെ അവളുടെ മറ്റു സമപ്രായക്കാരെപ്പോലെ താന്‍ ഒരു പുരോഗമനവാദിയാണെന്ന് അവളും സ്വയം കരുതി വന്നു. മറ്റു പല പുരോഗമനാശയങ്ങള്‍ക്കുമൊപ്പം സര്‍ക്കാരിന്റെ വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നതിലേക്കായി  അധികനികുതി ചുമത്തുന്നതിനോട് അവള്‍ തികച്ചും അനുകൂലാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കാരണം അത് സമ്പത്തിന്റെ വികേന്ദ്രീകരണമാണല്ലോ.

തന്റെ അച്ഛന്‍ ഒരു കടുത്ത യാഥാസ്ഥിതികനാണെന്നതില്‍ അവള്‍ക്ക് നാണക്കേടു തോന്നിയിരുന്നു. അത് പലപ്പോഴും തുറന്നു പറയുകയും ചെയ്തു. പങ്കെടുത്ത ലക്ച്ചര്‍ ക്ലാസ്സുകളും ഒരു മാതൃകാപുരോഗമനാവാദി പ്രൊഫസറുമായി ഇടയ്ക്കിടെയുള്ള ചര്‍ച്ചകളും ആധാരമാക്കി , തന്റേതെന്ന് വിശ്വസിക്കുന്ന വ സൂക്ഷിക്കണം എന്ന ഒരു ഹീനസ്വാര്‍ത്ഥമോഹത്തിന് തന്റെ അച്ഛന്‍ വര്‍ഷങ്ങളായി അടിപ്പെട്ടിരിക്കുന്നു എന്ന് അവള്‍ക്ക് തോന്നി.

പണമുള്ളവര്‍ക്ക് അധികനികുതി ചുമത്തി നടത്തുന്ന സര്‍ക്കാരിന്റെ വിവിധയിനം പരിപാടികളോടുള്ള അച്ഛന്റെ എതിര്‍പ്പ് ശരിയല്ലെന്ന് അവള്‍ ഒരു ദിനം അച്ഛനെ വെല്ലു വിളിച്ചു. അവളുടെ പ്രൊഫസര്‍മാരുടെ സ്വപ്രഖ്യാപിത ഉദ്‌ഘോഷണങ്ങള്‍ സത്യമായേ തീരൂ എന്ന് അവള്‍ അച്ഛനോടു ശഠിച്ചു.

മറുപടിയായി അവളുടെ പഠന നിലവാരം എങ്ങനെ എന്ന് അച്ഛന്‍ ശാന്തമായി ആരാഞ്ഞു.  അപ്രതീക്ഷിത ചോദ്യത്തിനു മുമ്പില്‍ പകച്ചെങ്കിലും തനിക്ക് 4.0 ഗ്രേഡുണ്ടെന്ന് അഹങ്കാരത്തോടെ അവള്‍ പറഞ്ഞു. അതു നിലനിര്‍ത്തുന്നത് ദുഷ്‌കരമാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. വളരെ പ്രയാസമേറിയ കോഴ്‌സ് സ്വീകരിച്ചതിനാല്‍ എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണം. അതിനാല്‍ അവള്‍ക്കറിയാവുന്ന മറ്റുള്ളവരെപ്പോലെ ചുറ്റിക്കറങ്ങാനോ പാര്‍ട്ടികള്‍ക്കു പോകാനോ സാധിക്കുന്നില്ല. സ്വന്തം സമയം മുഴുവന്‍ പഠനത്തിനായി വിനിയോഗിക്കുന്നതിനാല്‍ അവള്‍ക്ക് അധികം കൂട്ടുകാരൊന്നുമില്ല, എന്തിനേറെ ഒരു ബോയ്ഫ്രണ്ടു പോലും ഇല്ല.

എല്ലാം സശ്രദ്ധം കേട്ട് അവളുടെ അച്ഛന്‍ ചോദിച്ചു ' നിന്റെ ചങ്ങാതി ആഡ്രി എങ്ങനെയുണ്ട് ?'

' ആഡ്രി തട്ടിമുട്ടി പോകുന്നു. അവള്‍ എളുപ്പമുള്ള വിഷയങ്ങളേ പഠിക്കാന്‍ തെരഞ്ഞെടുക്കൂ. ഒട്ടും പഠിക്കുകയില്ല, കഷ്ടിച്ച് 2.0 ഗ്രേഡേ ഉള്ളു. അവള്‍ ക്യാംപസില്‍ വളരെ പോപ്പുലര്‍ ആണ്. അവള്‍ക്ക് കോളേജ് ജീവിതം എന്നാല്‍ ഒരു വിസ്‌ഫോടനമാണ്. അവള്‍ക്കു ധാരാളം സമയമുണ്ട്, പാര്‍ട്ടികള്‍ക്ക് എന്നെയും ക്ഷണിക്കാറുണ്ട്. പാര്‍ട്ടിയുടെ കെട്ടു വിടാത്തതുകൊണ്ട് പലപ്പോഴും അവള്‍ ക്ലാസ്സില്‍ കയറാറു കൂടിയില്ല. '

വിവേകിയായ അച്ഛന്‍ മകളോടു ചോദിച്ചു 'ഡീനിന്റെ ഓഫീസ് വരെ പോയി നിന്റെ ഗ്രേഡില്‍ നിന്നും 1.0 കുറച്ച് വെറും 2.0 മാത്രമുള്ള ആഡ്രിക്ക് അതു കൊടുക്കാന്‍ പറഞ്ഞു കൂടെ? അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും തുല്യമായി 3.0 ഗ്രേഡ് ആകുമല്ലോ. തീര്‍ച്ചയായും അത് ഗ്രേഡിന്റെ ന്യായയുക്തവും തുല്യവുമായ വിതരണം ആയിരിക്കും.  '

അച്ഛന്റെ നിര്‍ദ്ദേശം കേട്ട് ഞെട്ടിത്തരിച്ച മകള്‍ ദേഷ്യത്തോടെ ആക്രോശിച്ചു. 'അതൊരു ഭ്രാന്തമായ ആശയമാണ്, അതെങ്ങെനെ ന്യായമാകും? ഞാന്‍ എന്റെ ഗ്രേഡിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. എന്റെ വളരെയധികം സമയവും കഠിനാദ്ധ്വാനവും ഞാന്‍ അതിലേക്കു മുതല്‍മുടക്കി! ആഡ്രി അവള്‍ക്കു ഡിഗ്രി കിട്ടാനായി യാതൊന്നും ചെയ്തില്ല. ഞാന്‍ തലകുത്തി നിന്നു പഠിച്ച സമയത്ത് അവള്‍ കളിച്ചു നടന്നു. '

മന്ദസ്മിതത്തോടെ അവളെ നോക്കി കണ്ണിറുക്കി അച്ഛന്‍ പറഞ്ഞു. ' വേലിയുടെ മുതലാളിത്തവശത്തേക്ക് നിനക്കു സ്വാഗതം!  '

വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂള്‍ കാലത്തു തന്നെ സമ്പാദിക്കുന്നതു പോലെ ഇവിടേയും വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. 18 വയസ്സില്‍ കൊത്തിപ്പിരിച്ചു വിടുന്ന ആ സമ്പ്രദായത്തോട് നല്ല ആഭിമുഖ്യമുണ്ട്. എന്നാല്‍ ഇതിന്റെ മറുപുറം കഴിഞ്ഞ ദിവസം ഒരു ടോക് ഷോയില്‍ കേട്ടു. 13 കാരിയായ മകള്‍ക്കൊപ്പം വിമാനമിറങ്ങിയ അച്ഛന്‍ ഇറങ്ങിയ പാടേ മകള്‍ക്കിട്ട് രണ്ടു പൊട്ടിച്ചത്രേ. ' രണ്ടു വര്‍ഷമായി ഇവളോടു ഞാന്‍ മിണ്ടിയിട്ട്, അന്നു മുതല്‍ ഓങ്ങി വച്ചതാണ് ഞാന്‍.' എന്ന വിശദീകരണം. അമേരിക്കയില്‍ കുട്ടികളെ തല്ലിയാല്‍ കോടതി കയറണം! പിന്നെ നാട്ടില്‍ വരുന്നതുവരെ കാക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?
Friday, August 19, 2011

ഇന്‍ഡ്യയെ അറിയുക

Online link of this article in varika
                     

ബ്രിട്ടീഷ് രാജില്‍ നിന്ന് സ്വരാജിലേക്ക് ഇന്‍ഡ്യ ചുവടു മാറിയിട്ട് ഈ ആഗസ്റ്റ് 15 നു വര്‍ഷം 64 പിന്നിട്ടു. സര്‍വ്വം നശിച്ച ചാരത്തില്‍ നിന്നു ഫിനിക്‌സ് പക്ഷിയെ പ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജപ്പാനും മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പുരോഗതിയുടെ വേഗത അത്ര ആവേശകരമൊന്നുമല്ല. എങ്കിലും നമുക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളണ്ട്, നമുക്കു മാത്രം സ്വന്തമായ വൈവി ദ്ധ്യങ്ങളുണ്ട്. ദില്‍ സേ ദേശി കൂട്ടായ്മയുടെ ഇന്‍ഡ്യയെ കണ്ടെത്തുക എന്ന മെയിലിന്റെ സംക്ഷിപ്ത സ്വതന്ത്ര പരിഭാഷ.

'മാര്‍ക് ട്വയിന്‍ ഒരിക്കല്‍ പറഞ്ഞു   'മനുഷ്യവംശത്തിന്റെ  വളര്‍ത്തുതൊട്ടിലാണ് ഇന്‍ഡ്യ, മനുഷ്യഭാഷണത്തിന്റെ ജന്മനാട്, ചരിത്രത്തിന്റെ പെറ്റമ്മ, ഇതിഹാസങ്ങളുടെ മുത്തശ്ശി, പാരമ്പര്യത്തിന്റെ ബഹുമാന്യയായ അമ്മ . നമ്മുടെ ഏറ്റവും വിലപ്പെട്ടതും മാര്‍ഗ്ഗനിര്‍ദ്ദേ ശകവുമായ വസ്തുക്കളെല്ലാം ഇന്‍ഡ്യയില്‍ മാത്രമാണ് നിധി പോലെ കാത്തു രക്ഷിക്കപ്പെടുന്നത്. '

ഈ മനോഹര ഭൂവിഭാഗത്തിന്റെ പ്രതിച്ഛായ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമുക്ക് ഇന്‍ഡ്യയെകുറിച്ച് അറിയാത്ത കാര്യങ്ങള്‍ പലതുണ്ട്. ഉദാഹരണ ത്തിന് ലോകത്തിലെ ഏറ്റവും പഴയതും വലുതും തുടര്‍ച്ചയുള്ളതുമായ സംസ്‌കാരം നമ്മുടേതാണ് എന്നതു പോലെ.

അറിയുമോ ,ഒരിക്കല്‍ പോലും മറ്റൊരു രാജ്യത്തെ ആക്രമിക്കാത്ത രാഷ്ട്രമാണ് ഇന്‍ഡ്യ. കഴിഞ്ഞ ഒരു ലക്ഷം വര്‍ഷദൈര്‍ഘ്യ ചരിത്രമെടുത്താല്‍ ഇന്‍ഡ്യ എന്നും അനുപമമായ സമാധാനരാഷ്ട്രമായി നിലകൊണ്ടു, അതിക്രമിച്ചു കീഴടക്കിയ പല ഭരണകര്‍ത്താക്കള്‍ പലപ്പോഴായി ഭരിച്ചപ്പോള്‍ പോലും. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്‍ഡ്യ എന്നതില്‍ അതിശയമേതുമില്ല. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, ലോകചരിത്രപ്രകാരം തുടര്‍ച്ചയായി ആള്‍താമസമുണ്ടായിരുന്ന ഏകനഗരമാണ് ഇന്‍ഡ്യയിലെ പുരാതനനഗരമായ വാരാണസി.

ക്രിസ്തുവിനും 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ആദ്യ വിജ്ഞാനകേന്ദ്രം ആരംഭിച്ചത് തക്ഷശിലയിലാണ്. എല്ലാ യൂറോപ്യന്‍ ഭാഷകളുടേയും അമ്മയാ യ സംസ്‌കൃതം എന്ന പുരാതന ഭാഷ ഇന്‍ഡ്യയുടേതാണ്.ആള്‍ജിബ്ര, ജ്യോമട്രി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര വിഭാഗങ്ങള്‍ ഉടലെടുത്തത് ഇന്‍ഡ്യയില ത്രേ. ദശാംശകണക്കുകള്‍, മനുഷ്യവംശത്തിന് അറിവുള്ളതിലെ ഏറ്റവും പഴയ ചികിത്സാരീതിയായ ആയുര്‍വ്വേദം, ശുശ്രുതന്‍ വഴിയൊരുക്കിയ ശസ്ത്രക്രിയ ഇതെല്ലാം ഇന്‍ഡ്യയുടെ തനതു പാരമ്പര്യമത്രേ.

ജപ്പാനും യു എസിനുമൊപ്പം സൂപ്പര്‍കംപ്യൂട്ടര്‍ സ്വന്തമായി വികസിപ്പിച്ചെ ടുത്ത രാഷ്ട്രമാണ് ഇന്‍ഡ്യ എന്നതില്‍ അത്ഭുതപ്പെടാനെന്തുള്ളു? 'നമ്മളെ എണ്ണം പഠിപ്പിച്ച ഇന്‍ഡ്യയോട് നമ്മള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു, അതില്ലായിരു ന്നെങ്കില്‍ പ്രധാനപ്പെട്ട ശാസ്ത്രകണ്ടുപിടുത്തങ്ങളൊന്നും സാദ്ധ്യമാകുമായിരുന്നില്ല ്' എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞതിലും അത്ഭുതപ്പെടാനൊന്നുമില്ല.

ഹിമാലയസാനുക്കളില്‍ ദ്രാസ്്, ശുരു നദികളുടെ ഇടയ്ക്കുള്ള ലടാക്ക് താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ബേയ്‌ലി പാലമാണ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ പാലം. 1982 ല്‍ ഇന്‍ഡ്യന്‍ കരസേനയാണ് ഇതു നിര്‍മ്മിച്ചത്. ഒരു കുന്ന് നിരപ്പാക്കി 1893 ല്‍ ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മിച്ച ചെയ്ല്‍ മൈതാനമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2444 മീറ്റര്‍ ഉയരമുണ്ട് ഈ ക്രിക്കറ്റ് പിച്ചിന്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍ ഉള്ളത് ഇന്‍ഡ്യയിലാണ്. പത്തു ലക്ഷത്തിലധികം പേര്‍ പണിയെടുക്കുന്ന ഇന്‍ഡ്യന്‍ റെയില്‍വേയാണ് ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് .

1896 വരെ ലോകത്ത് ഡയമണ്ടിന്റെ ഒരേയൊരു സ്രോതസ്സ് ഇന്‍ഡ്യയായിരുന്നു ' -(എന്നിട്ടും ഗള്‍ഫുകാര്‍ പെട്രോഡോളര്‍ ഉണ്ടാക്കിയതുപോലെ നമുക്ക് ഡയമണ്ട് ഡോളര്‍ ഉണ്ടാക്കി പണക്കാരാകാന്‍ കഴിഞ്ഞില്ലല്ലോ-ദീര്‍ഘനിശ്വാ സം ലേഖിക വക.) .

ഇന്‍ഡ്യ എന്ന അവിശ്വസനീയ വിസ്മയത്തെക്കുറിച്ച് ആലോചിച്ച് അഭിമാനജൃംഭിതരായി ആനന്ദബാഷ്പം പ്രവഹിക്കുന്നുവോ?  അതില്‍ നിന്ന് ഇറ്റു കണ്ണീര്‍ ബാക്കി വയ്ക്കണേ, നേരാംവണ്ണം ബിസിനസ്സ് ചെയത് ജീവിക്കാനാഗ്രഹിച്ച ഒരു പാവം ഇന്‍ഡ്യാക്കാരനു വേണ്ടി- ഇന്‍ഡ്യന്‍ ടാക്‌സ് എന്ന മറ്റൊരു മെയിലിന്റെ പരിഭാഷ.

1.ചോദ്യം-താങ്കള്‍ എന്തു ചെയ്യുന്നു?
ഉത്തരം- ബിസിനസ്സ്
ഉദ്യോഗസ്ഥന്‍- തൊഴില്‍ നികുതി അടച്ചോളൂ.

2.താങ്കള്‍ ചെയ്യുന്ന ബിസിനസ്സ് ?
    സാധനങ്ങള്‍ വില്‍ക്കുന്നു.
 വില്‍പ്പന നികുതി അടയ്്ക്കുക.

3. താങ്കള്‍ എവിടെയാണ് സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്?
     ഫാക്ടറിയില്‍
  എക്‌സൈസ് തീരുവ അടയ്ക്കുക

പലവിധ തീരുവകളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍-16 എണ്ണമുണ്ട്- നീണ്ടു പോയപ്പോള്‍ ബിസിനസ്സുകാരന്‍-എനിക്കിപ്പോള്‍ മരിക്കാമോ?
ഉത്തരം-.ഇല്ലില്ല, ഞങ്ങള്‍ ശവസംസ്‌കാര തീരുവയെ കുറിച്ച് ആലോചിക്കയാണ്.അതു വരെ കാത്തിരിക്കണേ.

കേന്ദ്രസംസ്ഥാന തീരുവകള്‍ക്ക് പേരുകള്‍ പലത്. കൊടുക്കുന്നത് പക്ഷേ ഒരാളാകും. ഇതെല്ലാം രാജ്യ പുരോഗതിക്കു മുതല്‍ക്കൂട്ടും എന്നു സമാധാനിക്കാനുമാവില്ല, പൊതുമുതല്‍കൊള്ളക്കാരുടെ സമ്പാദ്യം വര്‍ദ്ധിക്കയല്ലേ ഉള്ളു? ആത്മഹത്യ ചെയ്യണമെന്നു തോന്നിയില്ലെങ്കിലല്ലേയുള്ളു?
Friday, August 12, 2011

കഥവണ്ടി


                             
നന്തനാരുടെ ഉണ്ണിക്കുട്ടനെ ഓര്‍മ്മയില്ലേ? എണ്ണിയാലൊടുങ്ങാത്ത കഥകളുടേയും പാട്ടുകളുടേയും ശേഖരമായിരുന്ന ഉണ്ണിക്കുട്ടന്റെ മുത്തശ്ശിയേയും?  വായ്‌മൊഴിയായ് പാട്ടും കഥയും കേട്ടിരുന്ന അത്തരം കുട്ടിക്കാലം ഇനി തിരിച്ചു വരില്ല. ഞങ്ങളുടേതു സുവര്‍ണ്ണ ബാല്യകാലം-ആരും തിരിഞ്ഞു നോക്കാനില്ലാതെ മാഞ്ചുവട്ടിലും തെങ്ങിന്‍ മൂട്ടിലും അലഞ്ഞു നടന്നിരുന്ന കാലത്തെപ്പറ്റിയാണേ ഈ പൊങ്ങച്ചം-, ഇന്നത്തെ കുട്ടികള്‍ക്ക് എന്തു കുട്ടിക്കാലം എന്നു പറഞ്ഞ് കുഞ്ഞുങ്ങളെ വിലയിടിക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ ചെയ്യുന്ന പലതും അവരുടെ പ്രായത്തില്‍ നമുക്ക് ചെയ്യാനാവുമായിരുന്നില്ല. കാലത്തിന് പുറകോട്ടോടാനാവില്ല, കാലത്തിനൊപ്പം നടന്നു കൊണ്ട് തന്നെ കുട്ടികള്‍ക്ക് അതെല്ലാം അനുഭവഭേദ്യമാക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന കാര്യം. അത്തരം ചിന്തകളാകാം http://www.storytruck.com/ എന്ന സൈറ്റിനു പ്രേരകമായത്.

മുത്തശ്ശിമുത്തശ്ശന്മാരും പേരക്കുട്ടികളും ഒന്നിച്ചു താമസമുണ്ടാവില്ല ഇപ്പോള്‍. മുഖദാവില്‍ കുട്ടിക്കഥകള്‍ കേള്‍ക്കാന്‍ പ്രധാന തടസ്സം അതാവും. എന്നാല്‍ കഥവണ്ടിയില്‍ കയറിയാല്‍ കുട്ടിപ്പുസ്തകങ്ങള്‍ വായിക്കാം, വായിച്ച് സ്വന്തം ശബ്ദത്തില്‍ റെക്കോഡ് ചെയ്യാം, വെബ്ക്യാം കൂടി ഓണ്‍ ചെയ്താല്‍ വിഡിയോ റെക്കാര്‍ഡിംഗായി. ദൂരെയിരിക്കുന്ന പേരക്കുട്ടിക്ക് മുത്തശ്ശി അരികിലിരുന്ന് കഥ പറയുന്നതായി തോന്നും. വലിയ പടമുള്ള പുസ്തകങ്ങള്‍ ഓരോ താളായി മറിച്ച് നമ്മള്‍ പടം കാട്ടി കഥ പറഞ്ഞു കൊടുക്കില്ലേ, അതു പോലെ തന്നെ കാണാം, കേള്‍ക്കാം, കുട്ടിക്ക്.

ഇത്തിരി ഭാവനയുണ്ടെങ്കില്‍ സ്വയം കഥകളും പാട്ടുകളും മെനയാം, പബ്ലീഷിംഗ് കമ്പനി ആയി രജിസ്റ്റര്‍ ചെയ്താല്‍ മക്കള്‍ക്കോ പേരമക്കള്‍ക്കോ വേണ്ടി തനതു ശൈലിയില്‍, സ്വന്തം ഭാഷയില്‍ പാടാം, പറയാം. കോപ്പിറൈറ്റുള്ളവ ആയിരിക്കരുതെന്നു മാത്രം. മറ്റു കുഞ്ഞുങ്ങള്‍ക്കും അത് ആസ്വദിക്കയുമാകാം. അതല്ലെങ്കില്‍ സൈറ്റിലുള്ള കുട്ടിപുസ്‌കങ്ങളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് വായിച്ചു റെക്കാഡു ചെയ്യാം. ഇന്‍ഡ്യന്‍ ഭാഷകള്‍ ഏതുമാകാം എന്നു പറയുന്നുണ്ടെങ്കിലും മലയാളം പുസ്തകം കാണാനായില്ല, തമിഴും കന്നടവും ഒന്നോ രണ്ടോ കണ്ടു. അധികവും ആംഗലേയം തന്നെ. ബാലകഥാസാഗരമോ, സുമംഗലയുടെ കഥകളോ പോലുള്ള വല്ലതും സൈറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനും വായിച്ച് റെക്കോഡ് ചെയ്യുമായിരുന്നു!

സൈറ്റില്‍ നിന്ന് കുഞ്ഞുങ്ങള്‍ തനിയെ എങ്ങനെ ചെയ്യും എന്ന് ആശങ്ക വേണ്ടേ വേണ്ട. രണ്ടു വയസ്സില്‍ ഐപാഡില്‍നിന്ന് സ്വയം ഇഷ്ടപ്പെട്ട പാട്ടു തെരഞ്ഞെടുത്തു കേള്‍ക്കുന്ന ടെക്കിക്കുഞ്ഞുങ്ങളുടെ കാലമിത്.

യുഎസില്‍ ജോലി ചെയ്യുന്ന ശ്രീ മോഹന്‍ റാവുവാണ് ഈ ഉദ്യമത്തിനു പിന്നില്‍. പക്ഷേ അതു സൈറ്റില്‍ നിന്നു മനസ്സിലാക്കാനായില്ല. ഞാന്‍ വായിച്ചത് ഹിന്ദു, ബെറ്റര്‍ ഇന്‍ഡ്യ എന്നീ സൈറ്റുകള്‍. അറിയേണ്ടവര്‍ക്ക് ഇതിലേ പോകാം. http://www.thehindu.com/life-and-style/metroplus/article2292795.ece,
http://www.thebetterindia.com/3450/  .

'ബാ ബാ ബ്ലാക്ക് ഷീപ്പ്് ' താരാട്ടു പാടുന്ന അമ്മയെ കണ്ടിട്ടുണ്ട്. ' ഷിപ്പ്, ഷിപ്പ് , ഷിപ്പ്, െൈമ ബ്ലൂ ഷിപ്പ്, സെയിലിംഗ് ഇന്‍ ദ വാട്ടര്‍, ലൈക്ക് എ കപ്പ് ആന്‍ഡ് സോസര്‍ ' എന്ന് ചൊല്ലി കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന പച്ച മലയാളി അമ്മയെ കണ്ട് കണ്ണു തള്ളി പോയിട്ടുണ്ട്. ആംഗലേയം നിഷിദ്ധം എന്നല്ല പറഞ്ഞു വരുന്നത്. മാതൃഭാഷയ്ക്കും കൂടി തുല്യ പ്രാധാനം കൊടുക്കണം എന്നാണ്.

താരാട്ട് എന്നൊന്നു ഗൂഗ്ലി നോക്കൂ, സിനിമാപ്പാട്ടുതാരാട്ടുകളുടെ വന്‍ശേഖരം കിട്ടും. പക്ഷേ അല്ലാത്തവ എത്രയോ ഉണ്ട്, അതും കുറേശ്ശെയായി അന്യം നില്‍ക്കുമെന്നു തോന്നുന്നു. കെ.എസ്. ചിത്രയെപ്പോലെ ശ്രുതിമധുരമായി പാടാന്‍ എല്ലാ അമ്മമാര്‍ക്കും കഴിഞ്ഞെന്നു വരില്ല, എങ്കിലും തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ നാടന്‍ പാട്ടുകളും കഥകളും കൈവിടാതെ കുഞ്ഞുങ്ങള്‍ക്കു ചൊല്ലി കൊടുക്കണം, അമ്മിഞ്ഞപ്പാലിന്റെ മധുമുണ്ടാകും അതിന്.

മലയാളി കുഞ്ഞുങ്ങള്‍ക്കു മലയാളം കുട്ടിക്കഥ പറഞ്ഞു കൊടുക്കാത്ത അച്ഛനമ്മമാരെ തല്ലാത്ത അപ്പുപ്പനമ്മൂമ്മമാരെ കടിക്കാമോ ചോണുനുറുമ്പേ?
('ആഞ്ഞിലിപ്പൊത്തിലെ മുട്ടയെടുത്ത ആശാരിയുടെ ചേമ്പും ചേനയും കുത്താത്ത പന്നിയെ എയ്യാത്ത..........ആനയുടെ മൂക്കില്‍കയറി കടിക്കാമോ ചോണനുറുമ്പേ' കഥ ഓര്‍ക്കുമല്ലോ.)

നമ്മള്‍ ഉദ്ദേശിക്കുന്നതാണോ കുഞ്ഞുങ്ങള്‍ മനസ്സിലാക്കുന്നത്? ഒരു ഫോര്‍വേഡഡ് മെയിലിന്റെ പരിഭാഷ വായിക്കുക-

ഒരിക്കല്‍ ഒരു പണക്കാരനായ അച്ഛന്‍ തന്റെ കുഞ്ഞിനെ ഒരു പാവപ്പെട്ട കുടുംബത്തില്‍ രാത്രി ചെലവഴിക്കാനായി കൊണ്ടുപോയി. അധികം ചെലവാക്കാനില്ലാത്തവര്‍ എങ്ങിനെ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. വീട്ടില്‍ തിരിച്ചെത്തി ആ അനുഭവങ്ങളെപ്പറ്റി എന്തു തോന്നുന്നു എന്ന ചോദ്യത്തിന് കുട്ടി പ്രതിവചിച്ചതിങ്ങനെ.

' അതു വളരെ നല്ല അനുഭവമായിരുന്നു അച്ഛാ. നമുക്ക് ഒരു പട്ടിയേയുള്ള, അവര്‍ക്ക് നാലെണ്ണമുണ്ട്. നമുക്ക് നല്ല നീന്തല്‍ തടാകമുണ്ട്, അവര്‍ക്ക് നദിയും. നമ്മുടെ വീടിന് മേല്‍ക്കൂരയുണ്ട്, അവര്‍ക്ക് നക്ഷത്രങ്ങളും അമ്പിളിമാമനുമുള്ള ആകാശമേല്‍ക്കൂരയാണ്. നമുക്ക് ഒരു വലിയ പൂന്തോട്ടമുണ്ട്, അവര്‍ക്കാണെങ്കില്‍ ഒരു കാടു തന്നെയുണ്ട്. '  കുഞ്ഞ് പറഞ്ഞുമുന്നേറവേ, അച്ഛന്‍ ശ്വാസമടക്കി നിന്നു.

' നമ്മള്‍ എത്ര പാവപ്പെട്ടവരാണെന്ന് കാട്ടിത്തന്നതിന് വളരെ നന്ദി അച്ഛാ '   കുഞ്ഞ് പറഞ്ഞവസാനിപ്പിച്ചു.
ചക്കിനു വച്ചതു കൊക്കിനു കൊണ്ടു!

   


Sunday, July 31, 2011


        മായകര്‍ക്കിടകം


(Online link of print edition 30.07.11)

ഔഷധകഞ്ഞിയും ഉഴിച്ചിലും പിഴിച്ചിലും ആയി ആരോഗ്യപരിപാലനം തകര്‍ക്കുന്ന കാലമാണല്ലോ ഇപ്പോള്‍. മേമ്പൊടിയായി രാമായണവായനയും. എന്തായാലും പഞ്ഞകര്‍ക്കിടകം എന്ന ദുഷ്‌പേര് മാറിക്കിട്ടി, പകരം ആരോഗ്യകര്‍ക്കിടകമായി, ഒപ്പം രാമായണ പുണ്യമാസവും.

ഹെല്‍ത്ത് ടൂറിസം പൊടിപൊടിക്കുന്നു, നമ്മുടെ സ്വന്തം ആയുര്‍വ്വേദം നല്ലവണ്ണം വില്‍ക്കപ്പെടുന്നു. നല്ലതു തന്നെ, നമ്മുടെ കയ്യിലും വരട്ടെ നാലു പുത്തന്‍. പക്ഷേ ഔഷധക്കിറ്റിലും കിഴിക്കിറ്റിലുമെങ്കിലും മായം ഇല്ലാതിരിക്കും എന്നു നമുക്കു പ്രത്യാശിക്കാം. ചുവന്ന മട്ട അരി കഴുകുമ്പോള്‍ വെളുത്ത അരി ആകുന്ന അത്ഭുതപ്രതിഭാസം പടം സഹിതം ഈയിടെ ഗൂഗിള്‍ ബസ്സില്‍ കണ്ടു. തമിഴ്‌നാട്ടില്‍ നിന്നും വില കുറഞ്ഞ അരി വാങ്ങി നിറം കയറ്റി വില കൂടിയ അരിയായി ഇവിടെ വില്‍ക്കപ്പെടുന്നുണ്ടാവാം. ഒരു ബ്രാന്‍ഡു മാത്രമാവില്ല, പല ബ്രാന്‍ഡുകളും ചോദിക്കാനാരുമില്ലെന്ന ഹുങ്കില്‍ കൊള്ളലാഭത്തിന്റെ ഈ വിജയസൂക്തവാക്യം പ്രാവര്‍ത്തികമാക്കുന്നുണ്ടാകാം.നിറത്തിനായി ഉഗ്രവിഷം കലര്‍ത്തിയ അരിയുടെ ചോറുണ്ട് സുഖചികിത്സ ചെയതിട്ട് എന്തുകാര്യം? കൂടുതല്‍ അറിയണമെങ്കില്‍  ഇതിലേ പോകുക, കമന്റസ് മുഴുനും വായിക്കുക.

1.  https://plus.google.com/105956239432954801482/posts/FkHtcJULoFE

2. https://plus.google.com/107399456747343292902/posts/YPvWLuR3q7s

3.https://plus.google.com/105956239432954801482/posts/VRAhECxeaoi

വായിച്ച് ശരിയും തെറ്റും സ്വയം തീരുമാനിക്കുക, ബോധവല്‍ക്കരിക്കപ്പെടുക.

രാജ്യത്തിന്റെ പുരോഗതിക്കായി നിയമനിര്‍മ്മാണം നടത്താനായാണ് നമ്മള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതെങ്കിലും അവര്‍ മണ്ഡലത്തിലെ കുടുംബങ്ങളിലെ നൂലുകെട്ടിനും കല്യാണത്തിനും ചാക്കാലയ്ക്കും എല്ലാം സന്ദര്‍ഭത്തിനു യോജിച്ച മുഖഭാവം അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത് പുതുകാലരീതി. ആയുഷ്‌കാല പെന്‍ഷന്‍ നേടിത്തരുന്ന വോട്ട് എന്ന പൊന്‍കനിക്കായാണെങ്കിലും ജനങ്ങളോടു കൂടുതല്‍ ഇടപഴകുന്നതു നല്ലതു തന്നെ. പക്ഷേ എന്നിട്ടും സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ഇത്തരം ജന/ജീവന വിരുദ്ധകാര്യങ്ങള്‍, അല്ലാ, ക്രിമിനല്‍ കുറ്റങ്ങള്‍,  അവരാരും അറിയാത്തതെന്തേ? ഓരോ എം.എല്‍.എയും മനസ്സു വച്ചാല്‍ അവനവന്റെ നിയോജകമണ്ഡലത്തിലെ ഇത്തരം ദുഷ്പ്രവണതകള്‍ കണ്ടുപിടിച്ച്  അതില്ലാതാക്കാന്‍ ശ്രമിക്കാനെങ്കിലും കഴിയില്ലേ? അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനം സ്വമേധയാ പിന്തുണ നല്‍കില്ലേ?

ആയുര്‍വ്വേദചികിത്സയുടെ ശരിയായ ഗുണം അനുഭവിക്കാന്‍ മായമയമായ ഇക്കാലത്തു ജീവിക്കുന്ന നമുക്കു ഭാഗ്യമില്ല. രാസവളം ചേര്‍ക്കുന്ന മരുന്നു ചെടികള്‍, അലൂമിനിയം പാത്രങ്ങളില്‍ ഉണ്ടാക്കുന്ന മരുന്നുകള്‍, കഷായങ്ങള്‍. മരുന്നിന്റെ പഥ്യം പാലിക്കുന്നതോ വിഷമയമായ അരിയും പച്ചക്കറികളും കഴിച്ച്്! ആയുര്‍വ്വേദമരുന്നുകളില്‍ ലെഡ് എന്ന കൊടും വിഷം ഉണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി. അസാരം കഷായങ്ങള്‍ ഞാനും സേവിക്കുന്നുണ്ടേ ഇപ്പോള്‍. പാര്‍ശ്വഫലങ്ങള്‍ എന്തുണ്ടാകുമോ ആവോ?

ശരീരം മാത്രം നന്നാക്കിയാല്‍ പോരല്ലോ, മനസ്സിനേയും സന്തോഷിപ്പിക്ക ണ്ടേ. കുഞ്ഞുന്നാളില്‍ ഒരു കൊച്ചു വൃത്തത്തിനുള്ളില്‍ ചുണ്ടിന്റെ സ്ഥാനത്ത് ബ്രാക്കറ്റ്  മലര്‍ത്തിയിട്ട് ചിരിയും കമഴ്ത്തിയിട്ട് സങ്കടവും വരച്ചു കാണിച്ചത് അമ്മ. വാസ്തവത്തില്‍ അത്രയല്ലേയുള്ളു ജീവിതവും? ഒരു ചെറു പുഞ്ചിരി, അതിന്റെ വില എത്രയെന്നറിയുമോ? പുഞ്ചിരിക്കാന്‍ 10 കാരണങ്ങള്‍ എന്ന ഒരു ഫോര്‍വേഡഡ് മെയിലില്‍ നിന്ന്-

പുഞ്ചിരി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, കാരണം അപ്പോള്‍ നിങ്ങള്‍ സംഘര്‍ഷവിമുക്തരാണല്ലോ.
പുഞ്ചിരി രക്തസമ്മര്‍ദ്ദം കുറയ്ക്കും. ബ്ലഡ് പ്രഷര്‍ മോണിട്ടര്‍ വീട്ടിലുണ്ടോ?ഒന്നു പരീക്ഷിക്കൂ.
പുഞ്ചിരിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍, സെറട്ടോണിന്‍, ശരീരത്തിലെ പ്രകൃതിസഹജവേദനാസംഹാരികള്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടും. അങ്ങനെ നമുക്കു ഉന്മേഷം ലഭിക്കും.

അല്ലാ എപ്പോഴും വലിഞ്ഞുമുറുകി ഇരിക്കണമെന്നുണ്ടോ?~ഒന്നു പുഞ്ചിരിക്കൂന്നേ... ആരോഗ്യം ഇങ്ങു പോരട്ടെ.

പുണ്യമാസമല്ലേ, രാമായണത്തില്‍ നിന്ന്-

 വനവാസത്തിനായ് പോന്ന രാമ-സീത-ലഷ്മണന്‍മാര്‍ വാല്‍മീക്യാശ്രമത്തിലെത്തുന്നു. സീതയ്ക്കുള്‍പ്പടെ താമസിക്കാന്‍ പറ്റിയ ഒരിടം എവിടയുണ്ട് എന്ന് രാമന്‍ മഹര്‍ഷിയോട് അന്വേഷിക്കുന്നു. സര്‍വ്വലോകങ്ങളും രാമനിലും രാമന്‍ സര്‍വ്വലോകത്തിലും വസിക്കുന്നു എന്നിരിക്കെ സാധാരണമായൊരു വാസസ്ഥലം എങ്ങനെ നിര്‍ദ്ദേശിക്കും എന്ന് വാത്മീകി വിനയാന്വിതനാകുന്നു. എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയാം എന്ന് മഹര്‍ഷി അഭിപ്രായം അറിയിക്കുന്നു. 'വാല്‍മീക്യാശ്രമപ്രവേശനം' എന്ന ഭാഗത്തില്‍ നിന്ന്്-

സന്തുഷ്ടരായ് സമദൃഷ്ടികളായ് ബഹു-
ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെ ഭജിപ്പവര്‍ തന്നുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം.
(സ്വാന്തം-മനസ്സ്, ഹൃദയം)
........................................................................
ഷഡ്ഭാവ ഭേദവികാരങ്ങളൊക്കെയു-.
മുള്‍പ്പൂവിലോര്‍ക്കിലോ ദേഹത്തിനേയുള്ളു
ക്ഷുത്തൃഡ്ഭവസുഖദുഖാദി സര്‍വ്വവും
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം

എഴുത്തച്ഛന്റെ രാമായണം വിക്കിയിലുണ്ട്. ലിങ്ക് http://ml.wikisource.org/wiki/.
Sunday, July 24, 2011

916

(Online link of varika published 23.07.2011)  
                                   
അനന്തപുരി വാഴും ശ്രീപത്മനാഭന്റെ നിധിക്കൂമ്പാരത്തിലെ എണ്ണമറ്റ ശരപ്പൊളിമാലകളെപ്പറ്റി വായിച്ചപ്പോഴാണ് ആഭരണങ്ങളിലെ കേരളപ്പഴമ കാണണം എന്ന് എന്റെ പെണ്‍മനസ്സില്‍ മോഹമുദിച്ചത്. പക്ഷേ ശരപ്പൊളിമാല എന്നു ഗൂഗ്ലിയപ്പോള്‍ (ഗൂഗിളില്‍ തെരഞ്ഞപ്പോള്‍) വരുന്നതെല്ലാം 'ശരപ്പൊളിമാല ചാര്‍ത്തി' എന്ന പാട്ട്!  ശരപ്പൊളി മാല കണ്ടില്ലെങ്കിലും പാരമ്പര്യ ആഭരണങ്ങള്‍ മറ്റു പലതും കാണാനായി  http://www.keralagold.com/ സന്ദര്‍ശിച്ചപ്പോള്‍.

ട്രഡീഷണല്‍ ക്ലിക്ക് ചെയ്തപ്പോള്‍ കാശ്, പാലയ്ക്കാ, നാഗപടം, ലഷ്മി മുതലായ പരിചിത ഡിസൈനുകള്‍ കൂടാതെ കിങ്ങിണി, കഴുത്തില,കുഴിമിന്നി, കുമ്പിളി, മുക്കോലക്കല്ല്, കുഴല്‍മോതിരം തുടങ്ങി 19 തരം മാലകളും തോട എന്ന കാതില്‍പ്പൂവും കണ്ടു. മിയ്ക്കതും കാണാന്‍ ചാരുതയുണ്ട്. കീശയ്ക്കു കനമുള്ളവര്‍ക്ക് കണ്ട് മോഹിക്കുന്നത് സ്വന്തമാക്കാം. അതില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് വാങ്ങാന്‍ പാങ്ങുള്ളവരോട് ഇങ്ങനെ സൈറ്റുകള്‍ പറഞ്ഞു കൊടുക്കാം! എന്തായാലും ഓണം ബമ്പറിന്റെ ടിക്കറ്റൊന്നെടുക്കും ഞാന്‍, കിട്ടിയിട്ടു വേണം ശരപ്പൊളിമാലയും പതക്കവും തോടയും വാങ്ങി ലോക്കറില്‍  ഭദ്രമായി വച്ചു പൂട്ടാന്‍!

പുതിയ ഫാഷന്‍ ഡിസൈനുകള്‍, ഡിസൈനര്‍ ആഭരണങ്ങള്‍, പ്ലാറ്റിനം, ഡയമണ്ട് ആഭരണശ്രേണികള്‍, എന്നിവയെല്ലാം ചിത്രങ്ങളിലൂടെ കാണാം. കൂടാതെ രാശിചക്ര/ജനനമാസ പ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളം ഉണ്ട്. ദിവസ-മാസ-വാര്‍ഷിക സ്വര്‍ണ്ണവിലകളും വിശകലനങ്ങളും വായിക്കാം.

സൈറ്റില്‍ പറയുന്ന ചില കാര്യങ്ങള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഴയതു മാറ്റി പുതിയതെടുക്കുന്ന പ്രവണത കേരളത്തില്‍ വളരെ കൂടുതലാണ്. ഒരു ദിവസത്തെ വില്‍പ്പനയുടെ 60% ഇങ്ങനെയാണ്. ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം ആറുമാസത്തിലൊരിക്കല്‍ ആഭരണം മാറ്റുമത്രേ. ആധുനികമായ കാഡമിയം സോള്‍ഡറിംഗിലൂടെ ശുദ്ധിചെയ്യുന്ന ആഭരണങ്ങളില്‍ ചെമ്പ് , വെള്ളി തുടങ്ങിയ മറ്റു ലോഹങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു പോകും, പരിശുദ്ധസ്വര്‍ണ്ണം അവശേഷിക്കയും ചെയ്യും. അതായത് സ്വര്‍ണ്ണക്കാര്യം വരുമ്പോള്‍  'ഓള്‍ഡ് ഈസ് നോട്് ഗോള്‍ഡ്!' പുതുകാല രീതിയില്‍ പണിയുന്ന സ്വര്‍ണ്ണാഭരണങ്ങളിലാണ് ചെമ്പും വെള്ളിയും കുറവ്.

തീരെ സൗന്ദര്യബോധമില്ലാതെ വലിയ കനത്തില്‍ ഉരുട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. പല നിറങ്ങളില്‍ മനോഹര ഡിസൈനുകളില്‍ കിട്ടുന്ന കുപ്പി വളകളും മുത്തുമാലകളും ആയിരുന്നു എന്നും പ്രിയം. ഇപ്പോള്‍ കാലം മാറി. കനം കുറഞ്ഞ, രൂപഭംഗിയുള്ള , പാറ്റേണുകള്‍ സ്വര്‍ണ്ണത്തിലും സുലഭം. പക്ഷേ ജീവന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതിനാല്‍ ഇതൊന്നും ധരിച്ച് റോഡിലൂടെ നടക്കാനാവില്ല. ചൂരിദാറിനു ചേരുന്ന നിറങ്ങളിലുള്ള ആഭരണാദികള്‍ അണിഞ്ഞു നടന്നാല്‍ ഭയം വേണ്ട, ഭംഗിയുണ്ട്, സര്‍വ്വോപരി നടത്തം ആസ്വദിക്കയും ചെയ്യാം, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെ!.

'മഞ്ഞലോഹം' എന്നു സ്വര്‍ണ്ണത്തെ വിശേഷിപ്പിച്ചത് ശ്രീ.കൗമുദി ബാലകൃഷ്ണനാണ്.  ഇന്നിപ്പോള്‍ മഞ്ഞലോഹം എന്നു കളിയാക്കി പറയാനാവില്ല. കാരണം വസ്തു വാങ്ങുന്നതിലും ബാങ്കിലിടുന്നതിലും ലാഭമാണ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്നത്. അത്യാവശ്യം വന്നാല്‍ പണയം വയ്ക്കാം, വില്‍ക്കാനും എളുപ്പം. പെട്ടന്ന് ഒരു ആവശ്യം വന്ന് വസ്തു വില്‍ക്കാന്‍ ശ്രമിച്ചാലോ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മിടുക്കരായ നമ്മള്‍ വില ഇടിച്ചു താഴ്ത്തിക്കളയും!

കേരളീയര്‍ അത്ര ആഭരണക്കൊതിയരൊന്നുമായിരുന്നില്ല ഒരിക്കലും. സ്വര്‍ണ്ണക്കടപരസ്യങ്ങള്‍ പക്ഷേ ഇപ്പോള്‍ നമ്മെ മാറ്റി മറിച്ചിരിക്കുന്നു. വിവാഹത്തിനു മുമ്പ് നിരാഭരണയായും വിവാഹശേഷം ഒരു നൂലുമാലയും കുഞ്ഞിക്കമ്മലും മാത്രം അണിഞ്ഞും നടന്നിരുന്ന ഞാന്‍ ഇപ്പോള്‍ പരസ്യം കണ്ട് അതു കൊള്ളാം, ഇതു വാങ്ങാം, ആ കോറല്‍ വള ഇന്ന സാരിക്കു ചേരും എന്നും മറ്റും വാചാലയാവാറുണ്ട്. ഭീമേട്ടന്റേയും ആലൂക്കസേട്ടന്റേയും ആലപ്പാട്ടേട്ടന്റേയും മിടുക്ക്, വിപണന വൈഭവം! നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാലാണെങ്കിലോ, രാവിലെ വന്ന് മലബാര്‍ ഗോള്‍ഡ് വാങ്ങാന്‍ പ്രേരിപ്പിക്കും, ഉച്ചയ്ക്ക് മണപ്പുറത്തു കൊണ്ടു പണയം വച്ചു പൈസ വാങ്ങാന്‍ പറയും, വൈകുന്നേരമാവുമ്പോ ' ഇന്നെന്താ പരിപാടി ' എന്നൊരു സ്റ്റൈലന്‍ ചോദ്യം! (കടപ്പാട്- ഗൂഗിള്‍ ബസ്്, ആരുടേത് എന്ന് ഓര്‍മ്മയില്ല.) കയ്യില്‍ സ്വര്‍ണ്ണം വച്ചിട്ട് പൈസയ്ക്കു വേണ്ടി ഓടി നടന്നു കഷ്ടപ്പെടുന്നതെന്തിന് എന്ന പരസ്യം കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്, പണയം തിരിച്ചെടുക്കുന്നതെങ്ങനെ എന്ന് അവര്‍ പറയുന്നില്ലല്ലോ എന്ന്.

ഇനി ശാന്താകാരനും ഭുജഗശയനനുമായ, സ്വര്‍ണ്ണാങ്കിതനായ പത്മനാഭസ്വാമിയിലേക്കു തിരിച്ചു വരാം. *ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ ക്ഷേത്രത്തെക്കുറിച്ചു വിശദമായ പരാമര്‍ശമുണ്ട്. പേജ് 497 ലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര പരിഭാഷാശ്രമം-

" ഹിസ് ഹൈനസ് സ്വാതി തിരുനാള്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ വ്രതങ്ങളും അനുഷ്ഠ്ിച്ചിരുന്നു, ശപഥങ്ങള്‍ നിറവേറ്റുകയും ചെയതിരുന്നു. വലിയ തുകകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ഒരവസരത്തില്‍ ഒരു ലക്ഷം രൂപയാണ് അങ്ങനെ കാണിക്ക ഇട്ടത്. ഈ വലിയ കാണിക്കയെപ്പറ്റി ശങ്കുണ്ണിമേനോന്‍  ഇങ്ങനെ വര്‍ണ്ണിക്കുന്നു-

' ഒരിക്കല്‍ ഒരു ലക്ഷം സൂരത് രൂപാ ശ്രീപത്മാഭവിഗ്രഹത്തിനു മുമ്പില്‍ കുന്നു കൂട്ടിയിട്ട് , കാണിക്കയിടാനായി വച്ചിട്ടുള്ള വെള്ളി പാത്രങ്ങളിലേക്ക് ആ എണ്ണമറ്റ പണസഞ്ചികള്‍ മഹാരാജാവു തന്നെ ഒഴിച്ചു. ഇതിന് അദ്ദേഹം ഒരു മണിക്കൂറോളം സമയമെടുത്തു.വളരെ മോശപ്പെട്ട ആരോഗ്യസ്ഥിതിയിലും ഇതു മുഴുവന്‍ തന്നത്താന്‍ ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു.'  "

 * ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വല്‍ ഇന്റര്‍നെറ്റിലുണ്ട്. മാര്‍ക്കു ചെയ്ത പ്രസക്തഭാഗങ്ങളോടെ മെയില്‍ വഴി ഫോര്‍വേഡ് ചെയതവര്‍ക്കു നന്ദി!

*സ്‌റ്റേറ്റ് എന്നത് വാരികയില്‍ എഴുതിയപ്പോള്‍ വിട്ടുപോയി.Sunday, July 17, 2011

വിശാലവിജയം

Online link of varika 
 വര്‍ഷങ്ങള്‍ക്കു മുമ്പാണ്, എം.ടി ഫിലിം ഫെസ്റ്റിവലിനു പോയി. എല്ലാം നേരത്തേ കണ്ടവ തന്നെ, എങ്കിലും എംടി എന്ന പ്രലോഭനം ഒഴിവാക്കാനായില്ല. അടുപ്പിച്ച് കണ്ടപ്പോള്‍ എംടി കഥാപാത്രങ്ങള്‍ മിയ്ക്ക സിനിമകളിലും ആവര്‍ത്തിക്കുന്ന ഒരു വാചകം ശ്രദ്ധിച്ചു 'ചിരിക്കാനുള്ള സിദ്ധി കൈമോശം വന്നിട്ടില്ല അല്ലേ ? ' ആ നാളുകളേക്കാള്‍ സങ്കീര്‍ണ്ണമായിരിക്കുന്നു ജീവിതം ഇപ്പോള്‍. എന്നാല്‍ ജീവിതത്തിന്റെ ഭാരം കുറഞ്ഞ വശം ആസ്വദിക്കുന്ന വിഭാഗത്തില്‍ പെടും ബൂലോകതാരം  വിശാലമനസ്‌കന്‍. വിശാലനെ അറിയാത്തവര്‍ ബൂലോകത്തു വിരളം. 'കൊടകരപുരാണം'-
http://kodakarapuranam.sajeevedathadan.com/ - ബ്ലോഗില്‍ നിന്നു നടന്നു കയറി, പ്രസിദ്ധീകരണശാലയിലെത്തിയതുകൊണ്ട് ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും അറിയാം. ഇനി അറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി മാത്രം ഒരു പരിചയപ്പെടുത്തല്‍.

ഏതു ബ്ലോഗെടുത്താലും ആദ്യം പ്രൊഫൈല്‍ പേജൊന്നു നോക്കുന്നതു ശീലം. വിശാലന്റെ സ്വയം പരിചയപ്പെടുത്തല്‍ സ്വതസിദ്ധ ശൈലിയില്‍.
' വീട് കൊടകരേല് ,ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!  ' . താല്‍പ്പര്യം- ' ആത്മപ്രശംസ  '. ഇഷ്ടപുസ്തകങ്ങള്‍-'ബാലരമ, ബാലഭൂമി,പൂമ്പാറ്റ......പയ്യന്‍ കഥകള്‍, ഖസാക്കിന്റെ ഇതിഹാസം'. ബ്ലോഗിഷ്ടപ്പെടുന്ന 996 പേര്‍ 'അമ്മായീടെ മക്കള്‍  !'  മെയില്‍ ഐഡി  ' എന്റമ്മേ' ! ഇപ്പോള്‍ വിശാലന്റെ എഴുത്ത് എങ്ങനെയിരിക്കും എന്ന് ഒരു ഊഹം തോന്നുന്നില്ലേ?

സ്വന്തം ലോകം, ചുറ്റുവട്ടം ഇതെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് എഴുതുന്നതാണ് വിശാലന്റെ രീതി. മിയ്ക്ക പോസ്റ്റുകളും നമ്മെ പിടിച്ചിരുത്തി വായിപ്പിക്കും, വായിക്കുന്തോറും ചിരിക്കും, ചിരിക്കുന്തോറും വായിക്കും! മലയാളവും ഇംഗ്ലീഷും കലര്‍ത്തിയ സാധാരണ വര്‍ത്തമാനശൈലി. ദേ, നമ്മുടെ തൊട്ടയല്‍പക്കത്തെ ആള്‍ എന്നു തോന്നും. അതാണ് വിശാലന്റെ വിജയം. പേര് സജീവ് ആണ് കേട്ടോ, പക്ഷേ ഞങ്ങള്‍ ബ്ലോഗര്‍മാര്‍ ബ്ലോഗിനു വേണ്ടി സ്വയം മാമോദീസ മുങ്ങി സ്വീകരിച്ച പേരുകളേ പരസ്പരം വിളിക്കൂ, അതു ബൂലോകത്തെ അലിഖിതനിയമം, ശരി പേരു ചോദിച്ചാല്‍ ഞങ്ങളുടെ വിധം മാറും!

മാത്തേട്ടന്റെ കായബലം എന്ന പോസ്റ്റില്‍ നിന്ന്-
' അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത സിക്‌സ് പാക്ക് മാത്തേട്ടന്‍, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറില്‍, ആള്‍ അരിമണിയിട്ട് വളര്‍ത്തിയ കോഴിയെ കൊന്ന്, ആള്‍ നട്ടു നനച്ചുണ്ടാ ക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവില്‍ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയില്‍, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാന്‍ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തന്‍!
മൂപ്പരുടെ അഭിപ്രായത്തില്‍ ഒരാള്‍ തറവാടിയാകുന്നത് ആള്‍ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്.... എന്നുവച്ചാല്‍ തെങ്ങു കയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറി യാത്ത ബീനാ കണ്ണനും തറവാടിയല്ല! '

ബികോം പാസ്സായപ്പോള്‍ സിഎക്കാരനാകാനുള്ള അതിമോഹവും തുടര്‍ന്നു ണ്ടായ മോഹഭംഗവും വര്‍ണ്ണിക്കുന്ന അതിമോഹം എന്ന രസകരമായ പോസ്റ്റ്ല്‍ നിന്ന്-'എറപ്പായേട്ടന്റെ വീടുതാമസം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാ ത്ത ഒരു സംഭവമായത്, അന്നാണ് ജീവിതത്തിലാദ്യമായി ഞാന്‍ െ്രെഫഡ് റൈസ് കഴിച്ചത് എന്നതുകൊണ്ടല്ല. അതിന്റെ പിറ്റേന്നായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഞാന്‍ ബി.കോം പാസായത് എന്നതുകൊണ്ടാണ്. അച്ഛന്‍ ഓടിപോയി ഒരു കിലോ ആട്ടിറച്ചി വാങ്ങി വന്ന്, ഈയൊരു തവണ ത്തേക്ക് മാത്രം നേന്ത്രക്കായ ഇടാതെ കറി വക്കാന്‍ അമ്മയോട് പറഞ്ഞു. ബഹറിനിലുള്ള ചേട്ടന്‍ ആദ്യമായി അന്ന് രണ്ടു തവണ ഫോണ്‍ ചെയ്തു. രാവിലെ വിളിച്ചപ്പോള്‍ ജയിച്ചെന്നറിഞ്ഞത് റികണ്‍ഫേം ചെയ്യാന്‍ രാത്രി ഒന്നും കൂടെ വിളി ച്ചു. ചേച്ചി, അളിയന്റെ വീടിനടുത്തുള്ള 41 വീട്ടുകളില്‍ നടന്ന് ചെന്ന് ഈ വിവരം അറിയിച്ചു.

പണ്ട് ഞാന്‍ പത്താം ക്ലാസില്‍ 210 നേടി പാസായി, ഇരുപത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോളേജുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ വാങ്ങി, ഡോക്ടറാവണോ അതോ എഞ്ജിനീയറായാല്‍ മതിയോ, കോളേജ് പ്രൊഫ സറാവണോ, എന്നൊക്കെ ആലോചിച്ച് ടെന്‍ഷ നടിച്ച ടൈമില്‍, അണിയറ യില്‍ എന്നെ വല്ല്യമാന്റെ മോന്‍ സദന്‍ ചേട്ടന്റെ ബൈക്ക് വര്‍ഷോപ്പില്‍ വിടാന്‍ അമ്മയും, അതുവേണ്ട, നമ്മുടെ കുലത്തൊഴി ലായ കള്ളുചെത്ത് തന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ് അച്ഛനും തമ്മില്‍ പൊരിഞ്ഞ ആര്‍ഗുമെന്റ് നടക്കുകയായിരുന്നു.  ' ഇത് സാംപിള്‍ വെടിക്കെട്ട്് . അവിടെ ചെന്നു വായിക്കൂ, പൂരം കാണാം!

ഈ ബ്ലോഗ് വിലയിരുത്തുക എളുപ്പമല്ല. കഥ,കവിത, എടുത്താല്‍ പൊന്താത്ത ലേഖനങ്ങള്‍ ഒന്നുമില്ല, അതിനാല്‍ ഭാഷ പോരാ, ശൈലി ശരിയല്ല, ആവര്‍ത്തന വിരസതയുണ്ട് എന്നൊന്നും വലിയ വര്‍ത്തമാനം പറയാനാവില്ല.

കൊടകരപുരാണം ആണ് എനിക്കേറ്റവും ഇഷ്ടം. ഒരു ദേശത്തിന്റെ കഥ(എസ്.കെ.പൊറ്റക്കാട്ട്)യിലെപോലെ അനേകം നാട്ടിന്‍പുറ കഥാപാത്രങ്ങളുണ്ട് ഇവിടെ. രണ്ടാമത് ഇഷ്ടം ദുബായ് ഡേയ്‌സ്. മഹാഭാരതകഥകള്‍ ആധുനിക ശൈലിയില്‍ പറയുന്ന വിശാലഭാരതം വായിച്ചു ചിരിച്ചെന്നാലും അത്ര ഇഷ്ടപ്പെട്ടില്ല, അതു പക്ഷേ വിശാലന്റെ എഴുത്തിന്റെ കുഴപ്പമല്ല. എന്റെ മൂരാച്ചി സ്വഭാവമാണ് വില്ലന്‍. പഞ്ചവടിപ്പാലം സിനിമാ ഇഷ്ടമായിരുന്നു, പക്ഷേ ദുശ്ശാസനകുറുപ്പ് തുടങ്ങിയ പേരുകള്‍ തീരെ രസിച്ചില്ല, അതുപോലെ!

മെയില്‍ അയച്ചാല്‍ മറുപടി മടക്കത്തപാലില്‍ വരും .വായനാദിനലേഖനത്തില്‍ വിശാലനെ കുറിച്ച് എഴുതിയ ലിങ്ക് അയച്ചപ്പോള്‍ ആത്മാര്‍ത്ഥതയില്‍ കുതിര്‍ന്ന കൊച്ചു മറുപടി, പിന്നെ ' വിനയപരവശന്‍ 'വിശാലന്‍ എന്നു പരിസമാപ്തി! ബൂലോകപ്രമാണിയെന്ന ഭാവം ലവലേശമില്ല കേട്ടോ. നമുക്കു ജീവിതം ആസ്വദിക്കണ്ടേ, മനസ്സു തുറന്നൊന്നു ആമോദിക്കണ്ടേ? അതിനാല്‍ വിശാലന്റെ ചിരിപ്പൂത്തിരികള്‍ ദീര്‍ഘനാള്‍ ഭൂമീമലയാളം മുഴുവന്‍ കത്തി പടരട്ടെ!
Sunday, July 10, 2011

സീതായനം

(Online link of varika published 09.07.2011.)                           

'എഴുതുവാനാഗ്രഹമുണ്ടോ, എങ്കില്‍ വായിക്കുക നിരന്തരം'  എന്നു പറഞ്ഞത് കഥകളുടെ രാജകുമാരനായിരുന്ന ശ്രീ. എന്‍.മോഹനന്‍. ആഴവും പരപ്പുമാര്‍ന്ന വായനയ്‌ക്കൊപ്പം ഭാവനയും ഭാഷാസ്വാധീനവും ഒത്തുചേര്‍ന്നപ്പോള്‍ അത് 'സീതായനം'  http://seethaayanam.blogspot.com/ എന്ന ബ്ലോഗായി. ' മിഥിലയിലെ കൗമാരം കഴിഞ്ഞ് രാഘവന്റ െൈക പിടിച്ച് അയോദ്ധ്യയിലേക്കു പോയ ' സീതയുടെ കഥാകവനങ്ങളിലൂടെ ഒരു സഞ്ചാരം.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന കോഫീ അന്നന്റെ  ആത്മകഥ വായിച്ചുറങ്ങിപ്പോയപ്പോള്‍ കണ്ട സ്വപ്‌നം എന്ന രൂപത്തിലാണ് ' പുനര്‍ജ്ജന്മം' എന്ന കഥ. വൈതരണി നദി കടന്ന് സ്വര്‍ഗ്ഗത്തിലെത്തിപ്പെട്ട നായിക സുഖദുഃഖങ്ങള്‍ ഇട കലര്‍ന്ന ഭൂമിയിലെ ജീവിതത്തിലേക്ക് പുനര്‍ജ്ജനിക്കാന്‍ ആഗ്രഹിക്കുന്നതെന്തു കൊണ്ട് എന്ന് തെളിവു സഹിതം ദൈവത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കഥയുടെ ഇതിവൃത്തം. ജീവിതത്തിന്റെ പ്രകാശിതവശം, ജീവിതത്തോട് നിഷേധാത്മകത പുലര്‍ത്താത്ത സമീപനം(പോസിറ്റീവ് തിങ്കിംഗ്), ഇതെല്ലാം എനിക്കും ഇഷ്ടമാണ്. പക്ഷേ എന്തെല്ലാം ഗുണഗണങ്ങളുണ്ടെന്നു പറഞ്ഞാലും ശരി ഇനി പുനര്‍ജ്ജനിക്കരുതേ എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന! സീതയുടെ സ്വര്‍ഗ്ഗവര്‍ണ്ണന കാവ്യാത്മകം. കഥാതന്തുവിനും പുതുമ ഉണ്ട്.

ബിഥോവന്റെ കഥയായ 'ജീന്‍ ക്രിസ്റ്റോഫി'ലെ ഗ്രേസിയയുടെ വീക്ഷണകോണിലൂടെ വികസിക്കുന്ന കഥയാണ് 'നവ സങ്കീര്‍ത്തനം'. അതില്‍ അവസാനം കൊടുത്തിരിക്കുന്ന ലിങ്കുകളും വിശദീകരണവും ആദ്യം നല്‍കേണ്ടിയിരുന്നു, അല്‍പ്പം പിന്നാമ്പുറം അറിയാതെ കഥ മനസ്സിലാവില്ല. കുമാരനാശാന്റെ ശ്രീബുദ്ധചരിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്  ' യശോധര ഉറങ്ങിയിട്ടില്ല'  എന്ന കഥ.  

മാളികപ്പുറത്തമ്മയുടെ ഘനീഭവിച്ച ദുഃഖം നമ്മെ അനുഭവിപ്പിക്കുന്ന 'പ്രയാണം'  എന്ന കഥയില്‍ നിന്ന്-
'കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി  മല ചവിട്ടി മുന്നിലെത്തുന്ന നിഷ്‌കളങ്കബാല്യങ്ങളുതിര്‍ക്കുന്ന മന്ത്രോച്ചാരണങ്ങളില്‍ മാതൃത്വം ഉണരു മ്പോള്‍ മോഹഭംഗത്തിന്റെ തീച്ചൂളയില്‍ എന്നിലെ സ്ത്രീ കത്തിയെരിയുന്ന താരെങ്കിലും അറിയുന്നുണ്ടോ. എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലാന്നിരിക്കിലും,വെറുതെ  ആനപ്പുറത്തൊരെ ഴുന്നെള്ളിപ്പ് , നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളില്‍  തന്നെ കാണാനാണ് എല്ലാര്‍ക്കുമിഷ്ടം'. സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച ഭൂവില്‍ സ്ത്രീയായ തനിക്കെന്ത് കാര്യം എന്ന് മാളികപ്പുറത്തമ്മ പടിയിറങ്ങുന്നു, യാത്രയ്ക്കിടയില്‍ ഊര്‍മ്മിളയെ കണ്ടുമുട്ടുന്നു, അവര്‍ ഒന്നിച്ച് യാത്ര തുടരുന്നു.വിരഹിണികളായ ഊര്‍മ്മിള-യശോധരമാര്‍  എന്നും കഥാകൃത്തുക്കളുടെ ഇഷ്ടവിഷയമാണ്. പക്ഷേ, മാളികപ്പുറത്തമ്മയുടെ ദുഃഖം ആരും കണ്ടിട്ടില്ല ഇതുവരെ.

യമുനോത്രിയുടെ ത്രിവേണീസംഗമത്തില്‍ നിന്നു തുടങ്ങി അമ്മ ഭാഗീരഥിയുടെ മടിത്തട്ടില്‍ അഭയം തേടും വരെയുള്ള കാളിന്ദിയുടെ യാത്രയാണ് ഭാവഗാനം പോലെ സുന്ദരമായ ' ചപല കാളിന്ദി '  പറയുന്നത്. സീതയുടെ കഥകള്‍ എല്ലാം എനിക്കിഷ്ടമാണ്, എങ്കിലും ഈ കഥ ഏറ്റവും ഇഷ്ടം. പുരാണേതിഹാസകഥകള്‍ മാത്രമല്ല, സാധാരണ മനുഷ്യരുടെ കഥകളും ബ്ലോഗിലുണ്ട്.

ഭൂമിപുത്രി, അമ്മമനം, ഗംഗയോട് , കൃഷ്ണ , ഇവയെല്ലാം ആശയസമ്പുഷ്ടമാണ്, പക്ഷേ കവിതാഭംഗി അത്രയ്രൊന്നും തോന്നിയില്ല. കവിതയ്ക്കും ഗദ്യകവിതയ്ക്കും ഇടയിലെവിടയോ ആണ് അവയുടെ സ്ഥാനം എന്നു തോന്നി. ഇല്ലത്തൂ നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയുമില്ല എന്ന മട്ട്. വാസന്തം, ഞാന്‍ തുടങ്ങിയവ വ്യത്യസ്ഥമാണ്.

വായനക്കാര്‍ ധാരാളം ഉണ്ട് സീതായനത്തിന്. കമന്റുകള്‍ ഗൗരവതരമായ ചര്‍ച്ചകളാണ്. പല പുതു അറിവുകളും നമുക്കു കിട്ടും. സരസ്വതീ കടാക്ഷമുണ്ട് സീതയ്ക്ക്. ഹൃദയഹാരിയായ ഭാഷ വളരെ ആകര്‍ഷകം. ആശയ ദാരിദ്ര്യം ലവലേശമില്ല താനും. സീതായനം ഉയരങ്ങള്‍ താണ്ടും തീര്‍ച്ച.

വാല്‍ക്കഷണം-കെ.സുരേന്ദ്രന്റെ ' സീതായനം' നോവല്‍ മലയാളത്തില്‍ അത്രയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ശ്രീരാമനെ കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ അമ്പേ തിരുത്തിയ പുസ്തകമായിരുന്നു അത്. അതു വായിക്കും വരെ നാട്ടുകാരുടെ വാക്കു കേട്ട് ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമന്‍ എനിക്കു വന്ദ്യനായിരുന്നില്ല. പ്രണയിനിക്കു വേണ്ടി രാജ്യം ഉപേക്ഷിച്ച വിന്‍സര്‍ പ്രഭു ശ്രീരാമനേക്കാള്‍ കേമന്‍ എന്നു വരെ വിഡ്ഢിത്തം പുലമ്പിയിരുന്നു.

കുഞ്ചുപിള്ളയുടെ ' മണ്ഡോദരി ' യിലെ ' വേണ്ടെന്റെ സ്വപ്‌നക്കുളിര്‍ നിലാവില്‍ പൂത്ത പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി ' എന്ന ശ്രീരാമനോടുള്ള മണ്ഡോദരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചന വായിക്കവേ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. പക്ഷേ സീതായനത്തിലെ രാമ-മണ്ഡോദരി സംവാദം മറ്റൊരു കാഴ്ച്ചപ്പാടു തന്നു എനിക്ക്. ' സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിക്കാനുള്ള ധൈര്യമുണ്ടായിരുന്നു രാവണന്, സര്‍വ്വലോകങ്ങളും എതിര്‍ത്താലും ' എന്നു പറഞ്ഞ മണ്ഡോദരിയോട് രാമന്റെ മറുപടി ഇങ്ങനെ-

'രാവണന് അതു കഴിയും, മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന നോക്കേണ്ട കാര്യമില്ല . എല്ലാവരുടേയും  എല്ലാറ്റിന്റേയും അധിപതിയായിരുന്നു. ഞാന്‍ അത്തരം അധിപതിയല്ല. ഓരോ പൗരനേയും എന്നെപ്പോലെ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ രഞ്ജിപ്പിക്കുന്ന രാജാവാണ് ഞാന്‍. ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതാണ് എന്റെ ആദര്‍ശം.. അല്ലാതെ ഗോപുരാഗ്രത്തിലിരുന്നു ജനങ്ങളെ നയിക്കുന്നതല്ല. വിശ്വാസത്തിന്റേയോ ധൈര്യത്തിന്റേയോ കൂടുതല്‍ കുറവല്ല, ഭരണരീതിയുടെ വ്യത്യാസമാണിത്.  മണ്ഡോദരിയെപ്പോലെ തന്നെ എനിക്കും രാമന്റെ വശം കൂടുതല്‍ മനസ്സിലായി അപ്പോള്‍!
രാവണന്‍ സ്വേച്ഛാധിപതി (ഓട്ടോക്രാറ്റ് ) ആയിരുന്നു, രാമന്‍ ജനാധിപത്യവാദിയും (ഡെമോക്രാറ്റും) !