Sunday, July 17, 2011

വിശാലവിജയം

Online link of varika 
 വര്‍ഷങ്ങള്‍ക്കു മുമ്പാണ്, എം.ടി ഫിലിം ഫെസ്റ്റിവലിനു പോയി. എല്ലാം നേരത്തേ കണ്ടവ തന്നെ, എങ്കിലും എംടി എന്ന പ്രലോഭനം ഒഴിവാക്കാനായില്ല. അടുപ്പിച്ച് കണ്ടപ്പോള്‍ എംടി കഥാപാത്രങ്ങള്‍ മിയ്ക്ക സിനിമകളിലും ആവര്‍ത്തിക്കുന്ന ഒരു വാചകം ശ്രദ്ധിച്ചു 'ചിരിക്കാനുള്ള സിദ്ധി കൈമോശം വന്നിട്ടില്ല അല്ലേ ? ' ആ നാളുകളേക്കാള്‍ സങ്കീര്‍ണ്ണമായിരിക്കുന്നു ജീവിതം ഇപ്പോള്‍. എന്നാല്‍ ജീവിതത്തിന്റെ ഭാരം കുറഞ്ഞ വശം ആസ്വദിക്കുന്ന വിഭാഗത്തില്‍ പെടും ബൂലോകതാരം  വിശാലമനസ്‌കന്‍. വിശാലനെ അറിയാത്തവര്‍ ബൂലോകത്തു വിരളം. 'കൊടകരപുരാണം'-
http://kodakarapuranam.sajeevedathadan.com/ - ബ്ലോഗില്‍ നിന്നു നടന്നു കയറി, പ്രസിദ്ധീകരണശാലയിലെത്തിയതുകൊണ്ട് ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും അറിയാം. ഇനി അറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി മാത്രം ഒരു പരിചയപ്പെടുത്തല്‍.

ഏതു ബ്ലോഗെടുത്താലും ആദ്യം പ്രൊഫൈല്‍ പേജൊന്നു നോക്കുന്നതു ശീലം. വിശാലന്റെ സ്വയം പരിചയപ്പെടുത്തല്‍ സ്വതസിദ്ധ ശൈലിയില്‍.
' വീട് കൊടകരേല് ,ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!  ' . താല്‍പ്പര്യം- ' ആത്മപ്രശംസ  '. ഇഷ്ടപുസ്തകങ്ങള്‍-'ബാലരമ, ബാലഭൂമി,പൂമ്പാറ്റ......പയ്യന്‍ കഥകള്‍, ഖസാക്കിന്റെ ഇതിഹാസം'. ബ്ലോഗിഷ്ടപ്പെടുന്ന 996 പേര്‍ 'അമ്മായീടെ മക്കള്‍  !'  മെയില്‍ ഐഡി  ' എന്റമ്മേ' ! ഇപ്പോള്‍ വിശാലന്റെ എഴുത്ത് എങ്ങനെയിരിക്കും എന്ന് ഒരു ഊഹം തോന്നുന്നില്ലേ?

സ്വന്തം ലോകം, ചുറ്റുവട്ടം ഇതെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് എഴുതുന്നതാണ് വിശാലന്റെ രീതി. മിയ്ക്ക പോസ്റ്റുകളും നമ്മെ പിടിച്ചിരുത്തി വായിപ്പിക്കും, വായിക്കുന്തോറും ചിരിക്കും, ചിരിക്കുന്തോറും വായിക്കും! മലയാളവും ഇംഗ്ലീഷും കലര്‍ത്തിയ സാധാരണ വര്‍ത്തമാനശൈലി. ദേ, നമ്മുടെ തൊട്ടയല്‍പക്കത്തെ ആള്‍ എന്നു തോന്നും. അതാണ് വിശാലന്റെ വിജയം. പേര് സജീവ് ആണ് കേട്ടോ, പക്ഷേ ഞങ്ങള്‍ ബ്ലോഗര്‍മാര്‍ ബ്ലോഗിനു വേണ്ടി സ്വയം മാമോദീസ മുങ്ങി സ്വീകരിച്ച പേരുകളേ പരസ്പരം വിളിക്കൂ, അതു ബൂലോകത്തെ അലിഖിതനിയമം, ശരി പേരു ചോദിച്ചാല്‍ ഞങ്ങളുടെ വിധം മാറും!

മാത്തേട്ടന്റെ കായബലം എന്ന പോസ്റ്റില്‍ നിന്ന്-
' അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത സിക്‌സ് പാക്ക് മാത്തേട്ടന്‍, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറില്‍, ആള്‍ അരിമണിയിട്ട് വളര്‍ത്തിയ കോഴിയെ കൊന്ന്, ആള്‍ നട്ടു നനച്ചുണ്ടാ ക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവില്‍ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയില്‍, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാന്‍ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തന്‍!
മൂപ്പരുടെ അഭിപ്രായത്തില്‍ ഒരാള്‍ തറവാടിയാകുന്നത് ആള്‍ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്.... എന്നുവച്ചാല്‍ തെങ്ങു കയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറി യാത്ത ബീനാ കണ്ണനും തറവാടിയല്ല! '

ബികോം പാസ്സായപ്പോള്‍ സിഎക്കാരനാകാനുള്ള അതിമോഹവും തുടര്‍ന്നു ണ്ടായ മോഹഭംഗവും വര്‍ണ്ണിക്കുന്ന അതിമോഹം എന്ന രസകരമായ പോസ്റ്റ്ല്‍ നിന്ന്-'എറപ്പായേട്ടന്റെ വീടുതാമസം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാ ത്ത ഒരു സംഭവമായത്, അന്നാണ് ജീവിതത്തിലാദ്യമായി ഞാന്‍ െ്രെഫഡ് റൈസ് കഴിച്ചത് എന്നതുകൊണ്ടല്ല. അതിന്റെ പിറ്റേന്നായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഞാന്‍ ബി.കോം പാസായത് എന്നതുകൊണ്ടാണ്. അച്ഛന്‍ ഓടിപോയി ഒരു കിലോ ആട്ടിറച്ചി വാങ്ങി വന്ന്, ഈയൊരു തവണ ത്തേക്ക് മാത്രം നേന്ത്രക്കായ ഇടാതെ കറി വക്കാന്‍ അമ്മയോട് പറഞ്ഞു. ബഹറിനിലുള്ള ചേട്ടന്‍ ആദ്യമായി അന്ന് രണ്ടു തവണ ഫോണ്‍ ചെയ്തു. രാവിലെ വിളിച്ചപ്പോള്‍ ജയിച്ചെന്നറിഞ്ഞത് റികണ്‍ഫേം ചെയ്യാന്‍ രാത്രി ഒന്നും കൂടെ വിളി ച്ചു. ചേച്ചി, അളിയന്റെ വീടിനടുത്തുള്ള 41 വീട്ടുകളില്‍ നടന്ന് ചെന്ന് ഈ വിവരം അറിയിച്ചു.

പണ്ട് ഞാന്‍ പത്താം ക്ലാസില്‍ 210 നേടി പാസായി, ഇരുപത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോളേജുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ വാങ്ങി, ഡോക്ടറാവണോ അതോ എഞ്ജിനീയറായാല്‍ മതിയോ, കോളേജ് പ്രൊഫ സറാവണോ, എന്നൊക്കെ ആലോചിച്ച് ടെന്‍ഷ നടിച്ച ടൈമില്‍, അണിയറ യില്‍ എന്നെ വല്ല്യമാന്റെ മോന്‍ സദന്‍ ചേട്ടന്റെ ബൈക്ക് വര്‍ഷോപ്പില്‍ വിടാന്‍ അമ്മയും, അതുവേണ്ട, നമ്മുടെ കുലത്തൊഴി ലായ കള്ളുചെത്ത് തന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ് അച്ഛനും തമ്മില്‍ പൊരിഞ്ഞ ആര്‍ഗുമെന്റ് നടക്കുകയായിരുന്നു.  ' ഇത് സാംപിള്‍ വെടിക്കെട്ട്് . അവിടെ ചെന്നു വായിക്കൂ, പൂരം കാണാം!

ഈ ബ്ലോഗ് വിലയിരുത്തുക എളുപ്പമല്ല. കഥ,കവിത, എടുത്താല്‍ പൊന്താത്ത ലേഖനങ്ങള്‍ ഒന്നുമില്ല, അതിനാല്‍ ഭാഷ പോരാ, ശൈലി ശരിയല്ല, ആവര്‍ത്തന വിരസതയുണ്ട് എന്നൊന്നും വലിയ വര്‍ത്തമാനം പറയാനാവില്ല.

കൊടകരപുരാണം ആണ് എനിക്കേറ്റവും ഇഷ്ടം. ഒരു ദേശത്തിന്റെ കഥ(എസ്.കെ.പൊറ്റക്കാട്ട്)യിലെപോലെ അനേകം നാട്ടിന്‍പുറ കഥാപാത്രങ്ങളുണ്ട് ഇവിടെ. രണ്ടാമത് ഇഷ്ടം ദുബായ് ഡേയ്‌സ്. മഹാഭാരതകഥകള്‍ ആധുനിക ശൈലിയില്‍ പറയുന്ന വിശാലഭാരതം വായിച്ചു ചിരിച്ചെന്നാലും അത്ര ഇഷ്ടപ്പെട്ടില്ല, അതു പക്ഷേ വിശാലന്റെ എഴുത്തിന്റെ കുഴപ്പമല്ല. എന്റെ മൂരാച്ചി സ്വഭാവമാണ് വില്ലന്‍. പഞ്ചവടിപ്പാലം സിനിമാ ഇഷ്ടമായിരുന്നു, പക്ഷേ ദുശ്ശാസനകുറുപ്പ് തുടങ്ങിയ പേരുകള്‍ തീരെ രസിച്ചില്ല, അതുപോലെ!

മെയില്‍ അയച്ചാല്‍ മറുപടി മടക്കത്തപാലില്‍ വരും .വായനാദിനലേഖനത്തില്‍ വിശാലനെ കുറിച്ച് എഴുതിയ ലിങ്ക് അയച്ചപ്പോള്‍ ആത്മാര്‍ത്ഥതയില്‍ കുതിര്‍ന്ന കൊച്ചു മറുപടി, പിന്നെ ' വിനയപരവശന്‍ 'വിശാലന്‍ എന്നു പരിസമാപ്തി! ബൂലോകപ്രമാണിയെന്ന ഭാവം ലവലേശമില്ല കേട്ടോ. നമുക്കു ജീവിതം ആസ്വദിക്കണ്ടേ, മനസ്സു തുറന്നൊന്നു ആമോദിക്കണ്ടേ? അതിനാല്‍ വിശാലന്റെ ചിരിപ്പൂത്തിരികള്‍ ദീര്‍ഘനാള്‍ ഭൂമീമലയാളം മുഴുവന്‍ കത്തി പടരട്ടെ!
9 comments:

 1. ഹ..ഹ..വായിച്ചേ,

  ReplyDelete
 2. എല്ലാ ബ്ലോഗും ബ്ലോഗല്ല, കൊടകരബ്ലോഗാണ് ബ്ലോഗ്. വളരെ നന്നായി ഈ ആസ്വാദനം

  ReplyDelete
 3. നല്ല ആസ്വാദനം...ഞാനിതു വരെ പോയിട്ടില്ലായിരുന്നു...കണ്ടില്ലായിരുന്നെങ്കിൽ നഷ്ടം തന്നെ....നന്ദി ചേച്ചി ഈ പരിചയപ്പെടുത്തലിന്

  ReplyDelete
 4. സങ്കല്‍പ്പങ്ങള്‍- രസിച്ചല്ലേ, സന്തോഷം. ഇവിടെ ആദ്യമാണല്ലോ, പരിചയപ്പെട്ടതില്‍ സന്തോഷം, സ്‌നേഹം.

  ശ്രീനാഥന്‍- നല്ല എ ക്ലാസ്സ് വാചകം. നേരത്തേ എനിക്കിതു തോന്നിയില്ലല്ലോ, അല്ലെങ്കില്‍ ഇതു കൂടി എഴുതി വിടാമായിരുന്നു.സീതായനത്തിലെ കമന്റു വായിച്ചപ്പോഴും അങ്ങനെ തോന്നിയിരുന്നു.

  സീത-ഹാവൂ, ഞാന്‍ കൃതാര്‍ത്ഥയായി, ഒരാള്‍ക്ക് കൊടകരബ്ലോഗു പരിചയപ്പെടുത്താനായല്ലോ.വിശാലനു കമന്റിടുമ്പോള്‍ പ്രത്യേകം എഴുതണേ വെബ്‌സ്‌കാന്‍ വഴി എത്തിയതാണെന്ന്. :) :)

  കുമാരന്‍- ബ്ലോഗില്‍ വിശാലമായി എഴുതുമെങ്കിലും താങ്കള്‍ കമന്റുകള്‍ കുത്ത്, ബ്രാക്കറ്റ് ഇവയില്‍ ഒതുക്കും പൊതുവെ അല്ലേ?എന്റെ ഒരു നിരീക്ഷമമാണു കേട്ടോ, തമാശയ്ക്ക്. :) :) :)

  ReplyDelete
 5. വിശാല പൂരാവലോകനം നന്നായി.

  ReplyDelete
 6. കലാവല്ലഭന്‍-ഡാങ്കൂ, ഡാങ്കൂ!

  ReplyDelete
 7. ഞാൻ മുഴുവൻ പുസ്തകവും വായിച്ചിട്ടുണ്ട്. ബ്ലോഗിൽ പോയി ഇതുവരെ കമന്റിട്ടിട്ടില്ല. ഒരു ധൈര്യക്കുറവ്. നമ്മുടെ വി കെ എൻ പറൺജതു പോലെ വല്യ വല്യ ആൾക്കാരെ കാണുമ്പോഴുള്ള ഒരു വെറ.....അതന്നെ.

  പോസ്റ്റ് നന്നായി. അഭിനന്ദനങ്ങൾ

  ReplyDelete
 8. ഞാന്‍ പുസ്തകമൊന്നും വായിച്ചിട്ടില്ല. ധൈര്യക്കുറവിന്റെ ആവശ്യമില്ല, എച്ച്മൂ. വിനയാന്വിതനല്ലേ വിശാലന്‍.

  ReplyDelete