Sunday, July 24, 2011

916

(Online link of varika published 23.07.2011)  
                                   
അനന്തപുരി വാഴും ശ്രീപത്മനാഭന്റെ നിധിക്കൂമ്പാരത്തിലെ എണ്ണമറ്റ ശരപ്പൊളിമാലകളെപ്പറ്റി വായിച്ചപ്പോഴാണ് ആഭരണങ്ങളിലെ കേരളപ്പഴമ കാണണം എന്ന് എന്റെ പെണ്‍മനസ്സില്‍ മോഹമുദിച്ചത്. പക്ഷേ ശരപ്പൊളിമാല എന്നു ഗൂഗ്ലിയപ്പോള്‍ (ഗൂഗിളില്‍ തെരഞ്ഞപ്പോള്‍) വരുന്നതെല്ലാം 'ശരപ്പൊളിമാല ചാര്‍ത്തി' എന്ന പാട്ട്!  ശരപ്പൊളി മാല കണ്ടില്ലെങ്കിലും പാരമ്പര്യ ആഭരണങ്ങള്‍ മറ്റു പലതും കാണാനായി  http://www.keralagold.com/ സന്ദര്‍ശിച്ചപ്പോള്‍.

ട്രഡീഷണല്‍ ക്ലിക്ക് ചെയ്തപ്പോള്‍ കാശ്, പാലയ്ക്കാ, നാഗപടം, ലഷ്മി മുതലായ പരിചിത ഡിസൈനുകള്‍ കൂടാതെ കിങ്ങിണി, കഴുത്തില,കുഴിമിന്നി, കുമ്പിളി, മുക്കോലക്കല്ല്, കുഴല്‍മോതിരം തുടങ്ങി 19 തരം മാലകളും തോട എന്ന കാതില്‍പ്പൂവും കണ്ടു. മിയ്ക്കതും കാണാന്‍ ചാരുതയുണ്ട്. കീശയ്ക്കു കനമുള്ളവര്‍ക്ക് കണ്ട് മോഹിക്കുന്നത് സ്വന്തമാക്കാം. അതില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് വാങ്ങാന്‍ പാങ്ങുള്ളവരോട് ഇങ്ങനെ സൈറ്റുകള്‍ പറഞ്ഞു കൊടുക്കാം! എന്തായാലും ഓണം ബമ്പറിന്റെ ടിക്കറ്റൊന്നെടുക്കും ഞാന്‍, കിട്ടിയിട്ടു വേണം ശരപ്പൊളിമാലയും പതക്കവും തോടയും വാങ്ങി ലോക്കറില്‍  ഭദ്രമായി വച്ചു പൂട്ടാന്‍!

പുതിയ ഫാഷന്‍ ഡിസൈനുകള്‍, ഡിസൈനര്‍ ആഭരണങ്ങള്‍, പ്ലാറ്റിനം, ഡയമണ്ട് ആഭരണശ്രേണികള്‍, എന്നിവയെല്ലാം ചിത്രങ്ങളിലൂടെ കാണാം. കൂടാതെ രാശിചക്ര/ജനനമാസ പ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളം ഉണ്ട്. ദിവസ-മാസ-വാര്‍ഷിക സ്വര്‍ണ്ണവിലകളും വിശകലനങ്ങളും വായിക്കാം.

സൈറ്റില്‍ പറയുന്ന ചില കാര്യങ്ങള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഴയതു മാറ്റി പുതിയതെടുക്കുന്ന പ്രവണത കേരളത്തില്‍ വളരെ കൂടുതലാണ്. ഒരു ദിവസത്തെ വില്‍പ്പനയുടെ 60% ഇങ്ങനെയാണ്. ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം ആറുമാസത്തിലൊരിക്കല്‍ ആഭരണം മാറ്റുമത്രേ. ആധുനികമായ കാഡമിയം സോള്‍ഡറിംഗിലൂടെ ശുദ്ധിചെയ്യുന്ന ആഭരണങ്ങളില്‍ ചെമ്പ് , വെള്ളി തുടങ്ങിയ മറ്റു ലോഹങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു പോകും, പരിശുദ്ധസ്വര്‍ണ്ണം അവശേഷിക്കയും ചെയ്യും. അതായത് സ്വര്‍ണ്ണക്കാര്യം വരുമ്പോള്‍  'ഓള്‍ഡ് ഈസ് നോട്് ഗോള്‍ഡ്!' പുതുകാല രീതിയില്‍ പണിയുന്ന സ്വര്‍ണ്ണാഭരണങ്ങളിലാണ് ചെമ്പും വെള്ളിയും കുറവ്.

തീരെ സൗന്ദര്യബോധമില്ലാതെ വലിയ കനത്തില്‍ ഉരുട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. പല നിറങ്ങളില്‍ മനോഹര ഡിസൈനുകളില്‍ കിട്ടുന്ന കുപ്പി വളകളും മുത്തുമാലകളും ആയിരുന്നു എന്നും പ്രിയം. ഇപ്പോള്‍ കാലം മാറി. കനം കുറഞ്ഞ, രൂപഭംഗിയുള്ള , പാറ്റേണുകള്‍ സ്വര്‍ണ്ണത്തിലും സുലഭം. പക്ഷേ ജീവന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതിനാല്‍ ഇതൊന്നും ധരിച്ച് റോഡിലൂടെ നടക്കാനാവില്ല. ചൂരിദാറിനു ചേരുന്ന നിറങ്ങളിലുള്ള ആഭരണാദികള്‍ അണിഞ്ഞു നടന്നാല്‍ ഭയം വേണ്ട, ഭംഗിയുണ്ട്, സര്‍വ്വോപരി നടത്തം ആസ്വദിക്കയും ചെയ്യാം, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെ!.

'മഞ്ഞലോഹം' എന്നു സ്വര്‍ണ്ണത്തെ വിശേഷിപ്പിച്ചത് ശ്രീ.കൗമുദി ബാലകൃഷ്ണനാണ്.  ഇന്നിപ്പോള്‍ മഞ്ഞലോഹം എന്നു കളിയാക്കി പറയാനാവില്ല. കാരണം വസ്തു വാങ്ങുന്നതിലും ബാങ്കിലിടുന്നതിലും ലാഭമാണ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്നത്. അത്യാവശ്യം വന്നാല്‍ പണയം വയ്ക്കാം, വില്‍ക്കാനും എളുപ്പം. പെട്ടന്ന് ഒരു ആവശ്യം വന്ന് വസ്തു വില്‍ക്കാന്‍ ശ്രമിച്ചാലോ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മിടുക്കരായ നമ്മള്‍ വില ഇടിച്ചു താഴ്ത്തിക്കളയും!

കേരളീയര്‍ അത്ര ആഭരണക്കൊതിയരൊന്നുമായിരുന്നില്ല ഒരിക്കലും. സ്വര്‍ണ്ണക്കടപരസ്യങ്ങള്‍ പക്ഷേ ഇപ്പോള്‍ നമ്മെ മാറ്റി മറിച്ചിരിക്കുന്നു. വിവാഹത്തിനു മുമ്പ് നിരാഭരണയായും വിവാഹശേഷം ഒരു നൂലുമാലയും കുഞ്ഞിക്കമ്മലും മാത്രം അണിഞ്ഞും നടന്നിരുന്ന ഞാന്‍ ഇപ്പോള്‍ പരസ്യം കണ്ട് അതു കൊള്ളാം, ഇതു വാങ്ങാം, ആ കോറല്‍ വള ഇന്ന സാരിക്കു ചേരും എന്നും മറ്റും വാചാലയാവാറുണ്ട്. ഭീമേട്ടന്റേയും ആലൂക്കസേട്ടന്റേയും ആലപ്പാട്ടേട്ടന്റേയും മിടുക്ക്, വിപണന വൈഭവം! നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാലാണെങ്കിലോ, രാവിലെ വന്ന് മലബാര്‍ ഗോള്‍ഡ് വാങ്ങാന്‍ പ്രേരിപ്പിക്കും, ഉച്ചയ്ക്ക് മണപ്പുറത്തു കൊണ്ടു പണയം വച്ചു പൈസ വാങ്ങാന്‍ പറയും, വൈകുന്നേരമാവുമ്പോ ' ഇന്നെന്താ പരിപാടി ' എന്നൊരു സ്റ്റൈലന്‍ ചോദ്യം! (കടപ്പാട്- ഗൂഗിള്‍ ബസ്്, ആരുടേത് എന്ന് ഓര്‍മ്മയില്ല.) കയ്യില്‍ സ്വര്‍ണ്ണം വച്ചിട്ട് പൈസയ്ക്കു വേണ്ടി ഓടി നടന്നു കഷ്ടപ്പെടുന്നതെന്തിന് എന്ന പരസ്യം കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്, പണയം തിരിച്ചെടുക്കുന്നതെങ്ങനെ എന്ന് അവര്‍ പറയുന്നില്ലല്ലോ എന്ന്.

ഇനി ശാന്താകാരനും ഭുജഗശയനനുമായ, സ്വര്‍ണ്ണാങ്കിതനായ പത്മനാഭസ്വാമിയിലേക്കു തിരിച്ചു വരാം. *ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ ക്ഷേത്രത്തെക്കുറിച്ചു വിശദമായ പരാമര്‍ശമുണ്ട്. പേജ് 497 ലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര പരിഭാഷാശ്രമം-

" ഹിസ് ഹൈനസ് സ്വാതി തിരുനാള്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ വ്രതങ്ങളും അനുഷ്ഠ്ിച്ചിരുന്നു, ശപഥങ്ങള്‍ നിറവേറ്റുകയും ചെയതിരുന്നു. വലിയ തുകകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ഒരവസരത്തില്‍ ഒരു ലക്ഷം രൂപയാണ് അങ്ങനെ കാണിക്ക ഇട്ടത്. ഈ വലിയ കാണിക്കയെപ്പറ്റി ശങ്കുണ്ണിമേനോന്‍  ഇങ്ങനെ വര്‍ണ്ണിക്കുന്നു-

' ഒരിക്കല്‍ ഒരു ലക്ഷം സൂരത് രൂപാ ശ്രീപത്മാഭവിഗ്രഹത്തിനു മുമ്പില്‍ കുന്നു കൂട്ടിയിട്ട് , കാണിക്കയിടാനായി വച്ചിട്ടുള്ള വെള്ളി പാത്രങ്ങളിലേക്ക് ആ എണ്ണമറ്റ പണസഞ്ചികള്‍ മഹാരാജാവു തന്നെ ഒഴിച്ചു. ഇതിന് അദ്ദേഹം ഒരു മണിക്കൂറോളം സമയമെടുത്തു.വളരെ മോശപ്പെട്ട ആരോഗ്യസ്ഥിതിയിലും ഇതു മുഴുവന്‍ തന്നത്താന്‍ ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു.'  "

 * ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വല്‍ ഇന്റര്‍നെറ്റിലുണ്ട്. മാര്‍ക്കു ചെയ്ത പ്രസക്തഭാഗങ്ങളോടെ മെയില്‍ വഴി ഫോര്‍വേഡ് ചെയതവര്‍ക്കു നന്ദി!

*സ്‌റ്റേറ്റ് എന്നത് വാരികയില്‍ എഴുതിയപ്പോള്‍ വിട്ടുപോയി.



7 comments:

  1. കൊള്ളാം. ഈ പാലയ്ക്കാ, നാഗപടം, ശരപ്പൊളി- പുണ്യപുരാണ ആഭരണങ്ങൾ അണിഞ്ഞ തമ്പുരാട്ടിമാരുടെ കാലമൊക്കെ പോയെങ്കിലും. എളക്കത്താലി (ഇളക്കം എന്നായാൽ അത്ര ശരിയാവില്ല) ന്നൊരെനമുണ്ട്. നല്ല ചേലാ. ശ്രീപത്മനാഭാ, മൈത്രേയിക്ക് ഓണം ബ്മ്പർ കൊടുക്കണേ!

    ReplyDelete
  2. ശ്രീനാഥന്‍ മാഷിന്റെ പ്രാര്‍ത്ഥന പൊന്നായിരിക്കട്ടെ! :):). പിന്നെ എളക്കത്താലി എനിക്കത്ര ഭംഗി തോന്നിയില്ല കേട്ടോ. കാണാന്‍ കൊള്ളാമെങ്കിലും കഴുത്തിലിട്ടാല്‍ ബെല്‍റ്റു കെട്ടിയ പോലിരിക്കും.

    ReplyDelete
  3. “ലക്ഷമ്മതിപ്പുള്ളാഭരണങ്ങൾക്കിടം
    ലക്ഷണമൊത്തൊരു പൊട്ടിന്നു പിന്നിലോ“

    എന്റെ തന്നെ വരികൾ ഞാനിവിടെ ഓർമ്മിപ്പിക്കുന്നു.

    ReplyDelete
  4. ശെരിക്കും കണ്ടു കണ്ണു മഞ്ഞളിച്ചു...നന്നായി ചേച്ചീ..ഈ പരിചയപ്പെടുത്തൽ‌..പലതും കേട്ടു കേൾവിയെ ഉണ്ടാർന്നുള്ളൂ...പക്ഷേ ഇന്നത്തെ ഫാഷൻ ഒക്കെയും ഇതിന്റെയൊരു വകഭേദം തന്നെ എന്നു വേണേൽ പറയാം അല്ലേ

    ReplyDelete
  5. മൈത്രേയിയ്ക്ക് ഓണം ബമ്പർ കിട്ടണേ!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കലാവല്ലഭന്‍- ചന്തം തികഞ്ഞൊരു പൊട്ടിനൊപ്പം ഒരു കുഞ്ഞിമാലയും കൂടി ആയാല്‍ കേമായി.

    സീത- മിയ്ക്കതും ഭംഗിയുണ്ട് അല്ലേ സീതേ. ആ സൈറ്റില്‍ കാണിച്ചിരിക്കുന്ന അവില്‍ മാലയില്ലേ, അതാണ് ദൈവത്തിന്റെ ശരപ്പൊളിമാല എന്ന് ഒരു സുഹൃത്ത് അറിയിച്ചു.

    എച്ചമൂ-നല്ലോണം പ്രാര്‍ത്ഥിച്ചോളൂ എച്ച്മൂട്ടിയേ, ഞാന്‍ ഇതുവരെ ടിക്കറ്റെടുത്തില്ല. ശ്രീപത്മനാഭനെ കണ്ടു വണങ്ങിയ കാലവും മറന്നു. ഒന്നു പോയി കണ്ടിട്ടു വേണം ടിക്കറ്റെടുക്കാന്‍.

    ReplyDelete