Sunday, May 22, 2011

വനിതകള്‍ക്കു മാത്രം...

സാസ്-ബഹു
ഇവിടെ വായിക്കാം

"കിഴവിയുടെ പ്രായം വരുമ്പോള്‍ അവളും ഇതുപോലെ ഒരമ്മായിയമ്മയാകും." ഇത് ഒരു വൃദ്ധന്റെ ആത്മഗതം. 'കിഴവി' ഭാര്യ കുഞ്ഞാണ്ടമ്മ, 'അവള്‍' മകന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ. സന്ദര്‍ഭവും സ്വാരസ്യവും വ്യക്തമാക്കാം. മണ്ണിന്റെ മണമുള്ള കഥകള്‍ എഴുതിയിരുന്ന പാറപ്പുറത്തിന്റെ 'വഴിയമ്പലം' എന്ന നോവലിലെ കേന്ദ്രകഥാപാത്രം മാത്തുണ്ണി മാപ്പിളയാണ് മുന്‍ചൊന്ന വൃദ്ധന്‍.സന്ദര്‍ഭം മനസ്സിലായി കാണുമല്ലോ.

കഥാകാരന്‍ വൃദ്ധനെക്കൊണ്ടു പറയിപ്പിക്കുന്നത് ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്ന വിചിത്രസത്യമാണ്. ഇന്നത്തെ അമ്മായിയമ്മ-എന്തൊരു ബോറന്‍ പ്രയോഗം!-ഒരു കാലത്തു കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച മരുമകളായിരിക്കും. ഞാനനുഭവിച്ചത് ഇനി ആരും അനുഭവിക്കരുത് എന്നല്ല, മറിച്ച് 'ഞാന്‍ കുറേ അനുഭവിച്ചതാണെടീ, നീയും അനുഭവിക്ക് ' എന്ന റാഗിംഗ് മന:സ്ഥിതിയാണ് പലരേയും ഭരിക്കുന്നത്് എന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ തനിയാവര്‍ത്തനം നടക്കില്ലല്ലോ. അമ്മ എന്ന കരുണത്തില്‍ നിന്ന് അമ്മായി എന്ന രൗദ്രത്തിലേക്ക് എത്ര എളുപ്പമാണ് വേഷപ്പക്കര്‍ച്ച!

സൈബര്‍ ലോകത്തേക്കും വ്യാപിച്ചിട്ടുണ്ട് ഈ യുദ്ധം. 'ആഗോള പുത്രവധു ക്കളേ സംഘടിക്കുവിന്‍..' എന്ന http://dilsisterhood.com/ സൈറ്റിനു ബദലായി , നിരവധി ഓണ്‍ലൈന്‍ ഹെല്‍പ്പ്‌ലൈനുകള്‍ സഹിതം http://www.aimpf.org/ എന്ന അമ്മാവി സൈറ്റ്! dil-ഡോട്ടര്‍ ഇന്‍ ലോ, aimpf -ആള്‍ ഇന്‍ഡ്യാ മദര്‍-ഇന്‍ -ലോ പ്രൊട്ടക്ഷന്‍ ഫോറം. എങ്ങനെയുണ്ട്?

http://motherinlawhell.com/ ( അമ്മാവിയമ്മ നരകത്തില്‍ പോകട്ടെ) , I hate my MIL (ഞാനെന്റെ ഭര്‍തൃമാതാവിനെ വെറുക്കുന്നു) ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിങ്ങനെ ചിലതു കൂടി ഉണ്ടാക്കിയിട്ടുണ്ട് കലിയടങ്ങാത്ത മരുമക്കള്‍ വിഭാഗം! ഇന്‍ ലോസ് ആര്‍ ഔട്ടലോസ് എന്ന പാട്ടു കേള്‍ക്കാം lyricsmode.com ല്‍ പോയാല്‍. സൈബര്‍ലോകം സാസ്-ബഹു ഒളിപ്പോരുകളാല്‍ സമൃദ്ധം !

മരുമക്കള്‍ സൈറ്റ് സങ്കടനിവൃത്തി തേടുമ്പോള്‍ അമ്മാവി സൈറ്റായ aimpf കുറച്ചുകൂടി ഗഹനവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മരുമക്കളേക്കാള്‍ കുറേ ഓണം കൂടുതലുണ്ടവരല്ലോ അവര്‍. 'പൊതുജനസമക്ഷം പരസ്യമായി വിഴുപ്പലക്കരുത് ( Do not wash dirty linen in public ' )എന്ന വിവേകാനന്ദ വചനം മറക്കാതിരിക്കട്ടെ വാളെടുക്കുന്ന അമ്മാവി-മരുമക്കള്‍ സംഘങ്ങള്‍.

ഇതിന്റെ പിന്നിലുള്ള മനഃശാസ്ത്രം ഏറെ കേട്ടു കഴിഞ്ഞു.പക്ഷേ, കാലദേശഭേദമില്ലാത്ത ഒരു ആഗോളപ്രതിഭാസം ഇത് എന്ന് എന്റെ വിലയിരുത്തല്‍. എക്‌സപഷന്‍സ് ഒഴിച്ചാല്‍ ലോകാവസാനം വരെ പല രൂപത്തിലും ഭാവത്തിലും ഇതു നിലനില്‍ക്കുകയും ചെയ്യും. ഇതു സത്യോം, സത്യോം, സത്യോം!

വിദേശത്തു ജോലി ചെയ്യുന്ന ഒരു മലയാളി പെണ്‍കുട്ടി മദാമ്മകൂട്ടുകാരെ വിവാഹഫോട്ടോകള്‍ കാണിച്ചു.മഞ്ഞലോഹത്തിളക്കത്തില്‍ കണ്ണഞ്ചി ' ഇതത്രയും അച്ഛനമ്മമാര്‍ തന്നുവോ' എന്ന് അത്ഭുതപ്പെട്ട അവര്‍ 'നമുക്ക് എന്തു കിട്ടി, ഒരു മൂശേട്ട അമ്മാവിയമ്മയെ! ' എന്ന് സ്വയം വിലപിക്കയും ചെയ്തു!

'സ്വന്തം വീടായി കരുതും, എല്ലാവരേയും സ്‌നേഹിക്കും എന്ന് പോയതാണ് പക്ഷേ...' എന്നു നിരാശപൂണ്ട് വിതുമ്പിയ പെണ്‍കുട്ടിയെ പുറം തലോടി ആശ്വസിപ്പിക്കവെ അമ്മായികുലം മുച്ചൂടും ഭസ്മമാക്കുന്ന ഭാര്‍ഗ്ഗവരാമിയാകാന്‍ മോഹിച്ചു ഒരിക്കല്‍. വാഷിംഗ് മെഷീന്‍ കേടായപ്പോള്‍ തുണി കഴുകാന്‍ അറിയാത്ത മരുമകളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്ന അമ്മാവിയോട ് ' മാഡം അവളെ സ്നേഹിക്കയല്ല, നശിപ്പിക്കയാണ്, അറിയില്ലെങ്കില്‍ പറഞ്ഞു കൊടുത്ത്് ചെയ്യിപ്പിക്കണം' എന്ന് ഘോരഘോരം വാദിച്ചു മറ്റൊരിക്കല്‍.

സങ്കടം വരുമ്പോള്‍ ജീവിതച്ചങ്ങാതിയില്‍ നിന്ന് പോട്ടെടോ എന്നൊരു കണ്ണിറുക്കല്‍, വിട്ടുകളയെടോ എന്നൊരു സ്വാന്തനചിരി , സാരമില്ല എന്ന് തോളിലൊരു തട്ട്, ഇത്ര മാത്രം മതി, മലപോല വന്ന പ്രശ്‌നം എലി പോലെ പോകുവാന്‍. അല്ലാതെ തന്റെ ഭാഗം പിടിച്ച് സ്വന്തം വീട്ടുകാരോടു ഭര്‍ത്താവ് യുദ്ധം ചെയ്യണം എന്നൊന്നും ഇക്കാലത്ത്് ഒരു പെണ്ണും ആഗ്രഹിക്കില്ല. ഭര്‍ത്താവു തന്നെ മനസ്സിലാക്കുന്നുവെന്ന തോന്നല്‍ മാത്രം മതി അവള്‍ക്ക്. പെണ്‍കോന്തന്‍, തലയിണമന്ത്രം തുടങ്ങിയ പ്രയോഗങ്ങള്‍ക്കു പകരം അമ്മക്കോന്തന്‍, അച്ഛന്‍കോന്തന്‍ എന്ന് പദാവലി (vocabulary) ഉണ്ടാക്കിയാലോ?

ഇനി കളിയും കാര്യവും:

' അമ്മാവിയമ്മയെ അമ്മീമ്മേ വച്ചിട്ട് നല്ലൊരു കല്ലോണ്ട് നാരായണ'-വാമൊഴി, ഏതോ പുത്രവധുവിന്റെ സരസ്വതീവിലാസമാകാം!

'എന്റേം അവള്‍ടേം ജാതകം ചേരും, എന്റമ്മേടേം അവള്‍ടേം ചേരുമോആവോ! '. ഒരു സരസ ബന്ധു ഉവാചഃ.

' മരുമകള്‍ അല്ല, മറുമകള്‍ ആണ്'- ഇതു പറഞ്ഞ ആന്റിക്ക് നമോവാകം!

'എന്റെ മരുമകള്‍, അവള്‍ പെണ്ണില്‍ പെണ്ണാണ് 'അഭിമാനപൂര്‍വ്വം അമ്മാവി മൊഴിഞ്ഞപ്പോള്‍ മരുമകളോട് ചില്ലറ അസൂയ!

ഒരു മദ്ധ്യകേരള നസ്രാണിപ്പയ്യന്റെ പരിദേവനം കേട്ടാലും-

' അമ്പിളികുന്നത്തല്ലോ നമ്മുടെ പെമ്പിളവീട്
അവിടെച്ചെന്നാല്‍ സൗഖ്യം തന്നെ മാന്യമ്മാരേ
കാലത്തമ്മ കാപ്പി തരും കട്ടന്‍കാപ്പി, അതില്‍
ചക്കര വേണേല്‍ ചന്തേല്‍ പോണം മാന്യമ്മാരേ..
ഉച്ചയ്ക്കമ്മ കഞ്ഞി തരും കുട്ടകത്തില്‍, അതില്‍
മുങ്ങിത്തപ്പിയാലൊന്നോ രണ്ടോ വറ്റും കാണും'Monday, May 16, 2011

വനിതകള്‍ക്കു മാത്രം....

(Online link of  this in varika of 14.05.2011)

സിലുക്ക്..സിലുക്ക്......
അകാലത്തില്‍ മൃത്യുപാത സ്വയം സ്വീകരിച്ച സില്‍ക്ക് സ്മിതയെ ഓര്‍ത്തുവല്ലേ? കടഞ്ഞെടുത്ത ദേഹവടിവുണ്ടായിരുന്ന ആ ബ്ലാക്ക് ബ്യൂട്ടിയെ അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ. പക്ഷേ ഇവിടെ വിഷയം സില്‍ക്ക് സാരികളാണ്. സില്‍ക്ക് സ്മിതയ്ക്ക് പ്രണാമമര്‍പ്പിച്ച് തുടങ്ങട്ടെ.

വരുണ്‍ ഗാന്ധിയുടെ വിവാഹ ഫോട്ടോയാണ് 'സില്‍ക്ക് ചിന്തകള്‍' ഉണര്‍ത്തിയത്. വധു അണിഞ്ഞിരുന്നത് വരുണിന്റെ അച്ഛമ്മയുടെ, സാക്ഷാല്‍ ഇന്ദിരാജിയുടെ 69 വര്‍ഷം പഴക്കമുള്ള കല്യാണപ്പുടവ! സോണിയാ മാം സ്വന്തം വിവാഹനാളില്‍ ഉടുത്ത അതേ പുടവ !മകന്റെ വിവാഹനാളില്‍ മനേകാ മാം ധരിച്ചതാകട്ടെ ഭര്‍തൃമാതാവിന്റെ അമ്മ ശ്രീമതി.കമലാനെഹൃു 95 വര്‍ഷം മുമ്പ് അണിഞ്ഞ കല്യാണപ്പുടവ! ആത്മഗതം-ഇതെല്ലാം എങ്ങനെ മനേകാ മാമിന്റെ െൈകയ്യില്‍ എത്തിയോ ആവോ.

വിവാഹദിവസം കഴിഞ്ഞാല്‍ അലമാരയില്‍ വിശ്രമിക്കുന്ന വില കൂടിയ കല്യാണ പുടവയും വല്ലപ്പോഴും മാത്രം ചുറ്റുന്ന പട്ട്-സില്‍ക്ക് സാരികളും എങ്ങനെ സൂക്ഷിക്കണം എന്നത് എന്നും തലവേദനയാണ്. അതേപ്പറ്റി വിവിധ ഇന്റര്‍നെറ്റ് സൈറ്റുകള്‍, ചോദ്യോത്തര പംക്തികള്‍ എന്നിവയില്‍ നിന്നും സമാഹരിച്ച വിവരങ്ങള്‍ ഇതാ..

1.മൂന്നു മാസത്തിലൊരിക്കലെങ്കിലും പുടവകള്‍ വെയില്‍-കാറ്റ് കൊള്ളിക്കുക.

2.തിരികെ മടക്കിവയ്ക്കുമ്പോള്‍ പുതിയ മടക്കുകള്‍ ഇടണം. പഴയ മടക്കുകളി ലൂടെ തുണി കീറുന്നത് തടയാനാണിത്.

3.സാരികളുടെ പുറം വശങ്ങള്‍ അകത്തേക്കു മടക്കി വേണം സൂക്ഷിക്കുവാന്‍.

4.മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ്, ദ്വാരങ്ങളുള്ള കൂടില്‍ പാറ്റഗുളികകള്‍ അടുത്തു വയ്ക്കുക.

5.വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നതിനാല്‍ ഓരോ പ്രാവശ്യവും കഴുകേ ണ്ടതില്ല. കാറ്റു കൊള്ളിച്ച് മടക്കി വയ്ക്കാം.

6.കല്യാണപ്പുടവകളും മറ്റും വെട്ടി ചൂരിദാര്‍ തുന്നുക. പക്ഷേ ഇതുകൊണ്ട് ഇ പ്പോഴത്തെ ജീന്‍സ് യുഗത്തില്‍ അത്ര പ്രയോജനമൊന്നുമില്ല.

ആര്യവേപ്പില തണലില്‍ ഉണക്കി തുണിത്തട്ടില്‍ വിതറുക എന്ന നാടന്‍ പ്രയോഗം എനിക്കു തലമൂത്തവരില്‍ നിന്നു കിട്ടിയ ഉപദേശം. ഇത് സൈറ്റിലൊന്നും കണ്ടില്ല.

ഡ്രൈക്ലീന്‍ ചെയതു സാരികള്‍ സൂക്ഷിക്കണം എന്ന് ചിലര്‍ എഴുതിക്കണ്ടു. പക്ഷേ ഡ്രൈക്ലീനിംഗ് അത്ര ഗുണകരമല്ലെന്ന് സ്വാനുഭവം. തുണികളുടെ കനം കുറഞ്ഞതായി അനുഭവപ്പെടുമെന്നു മാത്രമല്ല വേഗം കീറുകയും ചെയ്യും. ഇതു മനസ്സിലാക്കിയ ശേഷം ഖദര്‍ സില്‍ക്ക് സാരികള്‍ സോപ്പുകായ് ഉപയോഗിച്ച് സ്വയം കഴുകി പശ മുക്കി ഉപയോഗിച്ചിട്ടുണ്ട്. സല്‍ഫലം! സോപ്പുകായ് ഇല്ലാത്തവര്‍ക്ക് ഷാംപൂവോ മൈല്‍ഡ് സോപ്പോ ഉപയോഗിക്കാമല്ലോ.പക്ഷേ പട്ടു സാരികള്‍ക്ക് ഡ്രൈക്ലീനിംഗ്കാരെ ആശ്രയിച്ചേ മതിയാകൂ.

എന്തായാലും ഈ വിദ്യകള്‍ കൊണ്ടൊന്നും 50 വര്‍ഷം നില്‍ക്കുമെന്നു തോന്നുന്നില്ല. ആര്‍ക്കിയോളജി വകുപ്പ് പുസ്തകങ്ങളില്‍ വിതറാനായി പൊടി തരും എന്നു കേട്ടിട്ടുണ്ട്. അതു പോലെ സാരി സൂക്ഷിക്കുവാനും വേറേ സൂപ്പര്‍ ടെക്‌നിക്ക്‌സ് വല്ലതും ഉണ്ടാവാതിരിക്കില്ല, തീര്‍ച്ച.പക്ഷേ, ക്ഷമയില്ലാത്തതു കൊണ്ടാവാം എന്റെ തിരച്ചിലില്‍ ഇതു കണ്ടെത്താനായില്ല. ഇങ്ങനെയെല്ലാം കഷ്ടപ്പെട്ട് സൂക്ഷിച്ചുവെന്നിരിക്കട്ടെ. കേരളത്തിലെ പെണ്‍കുട്ടികള്‍ ആ 'പഴഞ്ചന്‍' സാരി കല്യാണനാളില്‍ ചുറ്റാന്‍ സമ്മതിക്കുമോ? എങ്കില്‍ ഒരു കുടുംബത്തേയ്ക്ക് ഒരു കല്യാണപ്പുടവ മതിയാകുമല്ലോ.

സൈറ്റുകള്‍: 1. http://indusladies.com/index/ - 'അടുക്കള മുതല്‍ അരങ്ങു' വരെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ വനിതാസൈറ്റ് നന്ന്. ചര്‍ച്ചാവേദികള്‍, ബ്ലോഗുകള്‍,വീഡിയോകള്‍ ഇവയെല്ലാമുണ്ട്.

2.http://makeupandbeauty.com/ സൈറ്റില്‍ കാഞ്ചീപുരം പട്ടിന്റെ ചരിത്രം പറയുന്നിടത്ത് സിനിമാതാരം ശ്രീദേവിയുടെ പടമുണ്ട്. ശ്ശി നേരം കണ്ണിമയ്ക്കാതെ ആ സൗന്ദര്യം ആസ്വദിച്ചു ഞാനും. വിഷയവുമായി ബന്ധമില്ലാത്ത ആത്മഗതം വീണ്ടും-എല്ലാ യോഗ്യതയും തികഞ്ഞ അവിവാഹിത ധനാഢ്യസുന്ദരരെ തഴഞ്ഞ് എന്തിനാണാവോ ഹേമമാലിനി, സ്മിതാ പാട്ടീല്‍, ശ്രീദേവി ഇവരെല്ലാം വിവാഹിതരും അച്ഛന്‍മാരുമായവരെ വേട്ടത്? നയന്‍താരയോടു ചോദിച്ചാല്‍ അറിയുമായിരിക്കും. ചില നേരങ്ങളില്‍ ചില മനിതര്‍കള്‍........

ഒരു കാഞ്ചീപുരം കല്യാണപ്പുടവ ഉണ്ടാക്കാന്‍ 1500 പട്ടുനൂല്‍പ്പുഴുക്കള്‍ കൊല്ലപ്പെടുന്നു. ശലഭകോശങ്ങള്‍ (കൊക്കൂണ്‍) രൂപാന്തരീകരണം (മെറ്റമോര്‍ഫോസിസ്) മുഴുവനാക്കിയശേഷം ശേഷം പട്ട് എടുത്താല്‍ ഈ കൊലപാതകപാപം ഒഴിവാക്കാനാവുമെന്നും എന്നാല്‍ അങ്ങനെ നിര്‍മ്മിക്കുന്ന അഹിംസാ(?) പട്ടുകള്‍ക്ക് വില കൂടുമെന്നും പറയുന്നു.കൊക്കൂണിനു പകരം ശലഭം എന്ന വ്യത്യാസമല്ലേയുള്ളു അപ്പോഴും?

http://www.ask.com/ ല്‍ പോയി സില്‍ക്ക്് സാരികള്‍ എന്നു തിരഞ്ഞാല്‍ അറിയേണ്ടതെല്ലാം അറിയാം.

നിത്യോപയോഗത്തിന് ഖാദി സില്‍ക്ക് നന്ന് . സൂക്ഷിക്കാന്‍ എളുപ്പം, ഗാന്ധിജിയുടെ സ്വന്തം ഖദര്‍ പ്രോത്സാഹിപ്പിക്കയുമാവാം. ഇതേക്കുറിച്ചുമുണ്ട് സൈറ്റുകള്‍ ധാരാളം. തുടരും....അടുത്തലക്കം: സാസ് - ബഹു

 

Sunday, May 8, 2011

ക്ഷമിക്കുക, ഭൂമീദേവീ...

(Online Link of Varika published 07.05.2011)
പെണ്‍കുട്ടികള്‍ക്ക് പണ്ടുകാലങ്ങളില്‍ അമ്മമാരും അമ്മൂമ്മമാരും കൊടുക്കുന്ന ഒരുപദേശമുണ്ട് 'ഭൂമിയോളം ക്ഷമിക്കണം, കാല്‍ക്കീഴില്‍ മുട്ട പെട്ടാല്‍ പൊട്ടാത്ത വിധം നടക്കണം '. കുടുംബം കുട്ടിച്ചോറാവാതിരിക്കാന്‍ ഉള്ള മുന്‍കരുതലായിരുന്നിരിക്കണം ഇത്. വെട്ടിയാലും മാന്തിപ്പൊളിച്ചാലും തീയിട്ടാലും പ്രതികരിക്കില്ലല്ലോ പാവം ഭൂമിദേവി. സഹനശക്തിയുടെ പ്രതീകം. 'അറയ്ക്കലായാലും ചിറയ്ക്കലായാലും പാട് പെണ്ണിനു തന്നെ '...( സിനിമാ- ഉറുമി)

പണ്ട് ഭൂമി ജീവനോപാധിയായിരുന്നെങ്കില്‍ ഇന്ന് അത് ഏറ്റവും വലിയ വില്‍പ്പനച്ചരക്കാണ്. അതുകൊണ്ടാണല്ലോ ഭൂമാഫിയ, മണല്‍ മാഫിയ പ്രയോഗങ്ങള്‍ രൂപമെടുത്തത്. ഏറ്റവും കുറവു മുതല്‍ മുടക്കും അദ്ധ്വാനവും, കമ്മീഷന്‍ എന്ന ഈസി ക്വിക്ക് മണി ഇതെല്ലാമാണ് ആകര്‍ഷണങ്ങള്‍. ഇന്നിപ്പോള്‍ 'ബ്രോക്കര്‍ വേണ്ട' എന്നു പരസ്യം ചെയ്താലും വലിയ കാര്യമൊന്നുമില്ല. ആദ്യം വരുന്ന കാള്‍ തന്നെ ബ്രോക്കറുടേതായിരിക്കും എന്ന്് അനുഭവസാക്ഷ്യം. ചുരുക്കത്തില്‍ ബ്രോക്കര്‍, അഥവാ റിയല്‍ എസ്‌റ്റേറ്റ് കണ്‍സല്‍ട്ടന്റ് (കടപ്പാട്-സിനിമാ മിന്നാമിന്നിക്കൂട്ടം) ഇല്ലാതെ ഒരു ഭൂമി ക്രയവിക്രിയവും നടക്കാത്ത അവസ്ഥ.

എറണാകുളം ചുറ്റുവട്ടങ്ങളില്‍ (ഔട്ട്‌സ്‌ക്കേട്‌സില്‍) ഭൂമി വാങ്ങാന്‍ ശ്രമിച്ച ഒരാളുടെ അനുഭവങ്ങള്‍ കേട്ടാലും. ആദ്യം ഇന്‍ര്‍നെറ്റ് സൈറ്റുകള്‍ ആയിരുന്നു ആശ്രയം. പലതിനും മെയില്‍ അയച്ചാല്‍ മറുപടി ഇല്ല, ഫോണ്‍ എടുക്കുകയില്ല. വിറ്റു പോയത് അതില്‍ നിന്നു ഡിലീറ്റ് ചെയ്യുന്നുമില്ല. അവസാനം സഹായത്തിനെത്തിയത് പത്രപരസ്യം തന്നെ. അവിടെ ബ്രോക്കര്‍ എന്ന അവിഭാജ്യ ഘടകം. ഭൂമിക്ക് പൊള്ളും വില. സ്മാര്‍ട്ട് സിറ്റി വരുന്നു, പോരാത്തതിനു മലയാറ്റൂര്‍- കോടനാട്് പാലവും. പോരേ പൂരം? ഇവിടുന്നെല്ലാം വളരെ വളരെ അകലെയാകും പ്ലോട്ട്, പക്ഷേ വില കൂടാതിരിക്കാനാകുമോ?

ഒരു ബ്രോക്കര്‍ എത്തിച്ചത് പൂട്ടിയിട്ട ഒരു ഗമണ്ടന്‍ വീടിനു മുന്നില്‍. പറഞ്ഞിരുന്ന സ്‌പെക്കുമായി ബന്ധമേതുമില്ല. അവിടെ പത്തിലധികം ആളുകള്‍! 'ഇര' സമീപിക്കുന്നുവെന്നറിഞ്ഞ് ഹാജരായവര്‍!ഈ ജനക്കൂട്ടം, കാണാന്‍ പോകുന്നവരിലുണ്ടാക്കുന്ന അസ്വാസ്ഥ്യം കമ്മീഷന്‍ തുകയില്‍ പ്രലോഭിതരായി നില്‍ക്കുന്നവര്‍ അറിയുന്നില്ല.മറ്റൊരിടത്ത് ഏതാണ്ട് ഇഷ്ടമാകുന്നുവെന്ന്് തോന്നിയ ഉടന്‍ നില്‍ക്കുന്ന നില്‍പ്പില്‍ വില 5 ലക്ഷം അങ്ങു കൂടി!

'കാടും മേടും കടന്ന് ദൂരെ ഒരു സൈറ്റില്‍ എത്തിച്ചു മറ്റൊരാള്‍. അപ്പോള്‍ അറിയുന്നു അതു എന്നേ വിറ്റു പോയി എന്ന്. 'ഞാനറിഞ്ഞില്ല ' എന്ന ഒറ്റ വാക്ക്, തീര്‍ന്നു ബ്രോക്കറുടെ ചുമതല! കണ്ടതും കേട്ടതും വച്ച് അങ്ങു വിളിച്ചുകൊണ്ടു പോകുകയാണ്.

ഉടമസ്ഥര്‍ മറവില്‍ നില്‍ക്കുന്ന രഹസ്യ ഏര്‍പ്പാടുകള്‍ വേണ്ട എന്നു പറഞ്ഞതിനാലാവണം, ഇനിയുമൊരാള്‍ ബന്ധുവിന്റെ സ്ഥലം എന്നു കൊണ്ടുപോയി.സ്വമേധയാ വന്നു പരിചയപ്പെട്ട അയല്‍വാസിയില്‍ നിന്നു മനസ്സിലായി അത് ഒരു ബോംബേ മലയാളിയായ റിയല്‍ എസ്റ്ററ്റ് ബിസിനസ്സുകാരന്റേതെന്നും മറ്റൊരാള്‍ അഡ്വാന്‍സ് നല്‍കി കാലാവധി കഴിയാത്തതെന്നും. ചോദ്യത്തിനു മറുപടിയായി കിട്ടിയ ഉത്തരം ഇങ്ങനെ ' രജിസ്റ്റര്‍ ചെയ്യാനോ, എങ്കില്‍ തീര്‍ന്നില്ലേ, കാലാവധി കഴിഞ്ഞ് അടുത്ത ആളുമായി വില പറഞ്ഞ് അഡ്വാന്‍സ്, അവര്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ വീണ്ടും ഇവരെ തന്നെ ഏല്‍പ്പിക്കും, ആരും അവനവനു ഉപയോഗിക്കാനല്ല ഇതു വാങ്ങുന്നത് '

അതായത് ഒരേ ഭൂമി ഒരേ ബ്രോക്കര്‍മാരാല്‍ പല പ്രാവശ്യം വില്‍ക്കപ്പെടുന്നു! വാണിഭത്തിന്, പീഡനത്തിന്, വനിതാ കമ്മീഷനു പരാതി നല്‍കാന്‍ ആവില്ലല്ലോ പാവം ഭൂമീദേവിക്ക്!

നല്ല മാന്യമായ, പ്രൊഫഷണലായ ഒരു കൂട്ടരേയും കണ്ടുമുട്ടി. ഇന്റര്‍നെറ്റ് സൈറ്റുവഴി പരിചയപ്പെട്ടതാണ്. ആളും തരവും അറിഞ്ഞ് പെരുമാറുന്നവര്‍. ഡീല്‍ ഉടമസ്ഥനുമായി നേരിട്ട് ഉറപ്പിച്ചോളൂ എന്നു പറഞ്ഞവര്‍.പക്ഷേ അന്വേഷണത്തില്‍ അറിയുന്നു, ഉടയോന്‍ പറഞ്ഞതില്‍ പാതിയും കള്ളം എന്ന്. വാക്കുറപ്പിച്ചാലേ ഡോക്യുമെന്റസ് കാണാന്‍ തരൂ അത്രേ. ആദ്യം കല്യാണം തീരുമാനിക്കൂ, എന്നിട്ട് ചെക്കനെ/പെണ്ണിനെ കുറിച്ച് പറയാം എന്ന സ്റ്റൈല്‍!

ഇനിയും ഉണ്ട് എഴുതാന്‍ ഒരു പിടി. ഇവിടം സ്വര്‍ഗ്ഗമാണ് സിനിമയിലെ ലാലു അലക്‌സ്-ജഗതി കഥാപാത്രങ്ങളെ ഓര്‍ക്കുമല്ലോ. അത് അതിശയോക്തിയല്ല, തികച്ചും സംഭവ്യം.

വാസ്തവത്തില്‍ പ്രൊഫഷണലായി, വാങ്ങാനെത്തുന്നവരുടെ മനമറിഞ്ഞ്, കുറച്ചെങ്കിലും സത്യസന്ധതയോടെ കൈ കാര്യം ചെയ്താല്‍ ഇരുകൂട്ടര്‍ക്കും സഹായകമാകും ഇവര്‍.ചെയ്ത ജോലിക്ക് ന്യായമായ പ്രതിഫലവും പറ്റാം. പത്ര പരസ്യം വഴി വന്നാലും ഇത്രയും സെലക്ഷന്‍ കിട്ടില്ല. ഇഷ്ടപ്പെട്ട സ്ഥലത്തുള്ള പല പ്ലോട്ടുകള്‍ അറിയാന്‍ ഇവര്‍ സഹായിക്കും. വന്‍കിട കമ്പനികള്‍ ഉണ്ട് ഈ രംഗത്ത്. പക്ഷേ അവരുടെ ഓവര്‍ഹെഡ്‌സ് മൂലം സ്ഥലവില കൂടുതലായേക്കാം.

വിദേശരാജ്യങ്ങളിലെ പോലെ റിയല്‍ എസ്‌റ്റേറ്റ് ,ആക്ച്യൂറിയല്‍ സയന്‍സ് , ഇവയെല്ലാം ഡിഗ്രി തലത്തില്‍ ഇവിടേയും ഐച്ഛികമാക്കേണ്ടതാണ്. അതും മാന്യമായ ഒരു തൊഴില്‍ ആകട്ടെ. ബ്രോക്കര്‍ പോയി കണ്‍സല്‍റ്റന്റു വരട്ടെ! http://www.narains.com/iire.thm, http://www.iire.co.in/ എന്നിവ ഇന്‍ഡ്യന്‍ റിയല്‍ എസ്റ്റേറ്റ് പഠനകേന്ദ്രസൈറ്റുകള്‍. http://www.actuaries.in/ ആക്ച്യൂറിയല്‍ സയന്‍സും. വായിക്കാം, ഇഷ്ടപ്പെട്ടുവെങ്കില്‍ പഠിക്കാം.
********************************************************************
അനുഭവജ്ഞാനമുള്ളവന്‍ പണക്കാരനെ കണ്ടുമുട്ടിയപ്പോള്‍ അനുഭവജ്ഞാനി പണക്കാരനായി,പണക്കാരന്‍ അനുഭവജ്ഞാനിയുമായി.! (When a man with experience meets a man with money, the man with experience gets the money and the man with money gets experience എന്നതിന്റെ ഒരു സ്വതന്ത്രവിവര്‍ത്തനശ്രമം!)

Tuesday, May 3, 2011

യഥാ പ്രജാ തഥാ രാജാ....

(Online link of Varika published 30.04.2011)
പെട്ടിയിലുറങ്ങുകയാണ് ജനഹിതം. സ്ഥാനാര്‍ത്ഥിക്ക് ജയപരാജയ പിരിമുറുക്കം. വോട്ടര്‍ രാജാവായിരുന്ന ഹ്രസ്വകാലം കഴിഞ്ഞു. ഇനി ആരു ഭരിക്കും എന്ന ആകാംക്ഷ മാത്രം. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ക്കു മുമ്പില്‍ കൊച്ചുവെളുപ്പു മുതല്‍ അച്ചടക്കത്തോടെ, ക്ഷമാശീലത്തോടെ മണിക്കൂറുകള്‍ ക്യൂ നിന്നു ശീലിച്ചവരല്ലേ നമ്മള്‍? ക്ഷമാപൂര്‍വ്വം കാത്തിരിക്ക തന്നെ.

മോണാര്‍ക്കി (Monarchy) എന്ന രാജാധിപത്യത്തില്‍ നിന്നു ഡെമോക്രസി (Democracy) അഥവാ ജനാധിപത്യം എന്ന പരിഷ്‌കൃതരീതിയിലെത്തിയവര്‍ നമ്മള്‍. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന പോലെ വിദേശി കച്ചവടക്കാരും നമ്മെ ഭരിച്ചു. മണ്ടത്തരം കൊണ്ട് നമ്മള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ആ അടിമത്തം തൂത്തെറിയാന്‍ പാവം ഗാന്ധിജി എത്ര യത്‌നിച്ചു!

എന്നാല്‍ നമ്മുടേത് ഇപ്പോള്‍ ജനാധിപത്യം ആണോ? സ്വല്‍പ്പജനാധിപത്യം /പ്രഭുജനാധിപത്യം എന്നു പറയാവുന്ന ഒലിഗാര്‍ക്കി (Oligarchy) യിലേക്കു മാറുകയല്ലേ നമ്മള്‍? പണവും കൈയ്യൂക്കുമുള്ള പ്രഭുക്കളുടെ സ്ഥാനത്ത് സ്വാര്‍ത്ഥമോഹികളായി മാറുന്ന ജനപ്രതിനിധികളും കൂട്ടാളികളും എന്ന വ്യത്യാസം മാത്രം. എക്‌സപ്ഷന്‍സ് ഒഴിച്ചാല്‍ പാര്‍ട്ടി ഭേദമില്ലാതെ ആരു ഭരിച്ചാലും പറയാവുന്ന കാര്യം. അരാഷ്ട്രീയവാദം, വരട്ടു തത്വശാസ്ത്രം, കപട നിഷ്പക്ഷവാദം എന്ന് കല്ലെറിയാം. പക്ഷേ തര്‍ക്കത്തിനും സ്ഥാപിക്കലിനും അപ്പുറം കണ്ടും കേട്ടും അറിയുന്ന ചുറ്റുവട്ടങ്ങള്‍ നിഷേധിക്കാനാവില്ലല്ലോ.

പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തു കാര്യമൊന്നുമില്ലെങ്കിലും എന്തുകൊണ്ടിങ്ങനെ എന്നു ചിന്തിച്ചപ്പോള്‍ വിവിധതരം ഭരണരീതികളില്‍ തള്ളേണ്ടതും കൊള്ളേണ്ടതും അറിയണമെന്നു തോന്നി. നിരവധി ഭരണസംവിധാനങ്ങള്‍ പരീക്ഷിച്ച ഗ്രീക്ക് ചരിത്രത്തിലേക്കാണ് -http://www.ancientgreece.com/s/Main_Page/- സ്വാഭാവികമായും ആദ്യം പോയത്. അരിസ്‌റ്റോട്ടിലും ആര്‍ക്കിമിഡിസും മുതല്‍ പലരുടേയും അര്‍ത്ഥപൂര്‍ണ്ണ ഉദ്ധരിണികള്‍ മിന്നി മാഞ്ഞുകൊണ്ടിരിക്കുന്ന ഈ സൈറ്റ് നന്ന്. 'ഹിസ്റ്ററി ' ക്ലിക്ക് ചെയതപ്പോള്‍ 6000 ബി.സി മുതല്‍ 146 ബിസി വരെയുള്ള ചരിത്രം പല തലക്കെട്ടുകളിലായി നല്‍കിയിട്ടുണ്ട്. 1100 -750 ബി.സി കാലഘട്ടത്തെ 'ഇരുണ്ട കാലം '(Dark Ages) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇനി ഒരിക്കലും ഒരു രാജ്യചരിത്രത്തിലും അങ്ങനെ ഒരു രേഖപ്പെടുത്തല്‍ ഉണ്ടാവാതിരിക്കട്ടെ.

നമ്മള്‍ ഭാരതീയരെപ്പോലെ തന്നെ മുപ്പത്തിമുക്കോടി ദേവതകളും ഇതിഹാസങ്ങളുമുള്ള കാല്‍പ്പനിക ആകര്‍ഷണമായിരുന്നു എക്കാലവും ഗ്രീസ.് സെല്യൂക്കസിന്റെ മകള്‍ ഹെലന്‍ നമ്മുടെ ചന്ദ്രഗുപ്തമൗര്യന്റെ വധുവും ആയിരുന്നുവല്ലോ. വാല്‍ക്കഷണം-ഒരു യുദ്ധ ഉടമ്പടിയുടെ ഭാഗമായി മാത്രം ചാണക്യബുദ്ധിയില്‍ തെളിഞ്ഞ ആ തീരുമാനത്തില്‍ ഹെലന്‍ സന്തുഷ്ടയായിരുന്നുവോ?വ്യക്തിയുടെ സന്തുഷ്ടിയേക്കാള്‍ എത്രയോ വലുതാണ് ജനഹിതം എന്നു ഭരണമാതൃക കാട്ടിത്തന്ന രാമന്റെ നാട്ടിലെ രീതികളോട് അവര്‍ താദാത്മ്യം പ്രാപിച്ചിരിക്കാം.

കുട്ടികള്‍ക്കുള്ളതെങ്കിലും വലിയവര്‍ക്കും വായിക്കാന്‍ പറ്റിയ സൈറ്റാണ് http://www.historyforkids.org/. ചരിത്രവും സയന്‍സും കണക്കും കൂടി ഉള്‍ക്കൊള്ളുന്ന ഈ സൈറ്റ് വിജ്ഞാനപ്രദം, വായിച്ചു പോകാം. ഇന്‍ഡ്യ ക്ലിക്ക് ചെയ്തപ്പോള്‍ 3000 ബിസി യിലെ ഹാരപ്പന്‍ കാലം മുതല്‍ നല്‍കിയിട്ടുണ്ട്.

ഏതു ഭരണവും അറിവിലും ചരിത്രത്തിലും യുക്തിയിലും സര്‍വ്വോപരി അന്നാടിന്നനുസൃതവുമാകണം. എങ്കിലേ അതു വിജയിക്കൂ. വിദ്യാഭ്യാസയോഗ്യതയല്ല, മറിച്ച് പഠിക്കാനും അറിയാനും താത്പര്യമുണ്ടാകുക എന്നതാണ പ്രധാനം. എല്ലാവര്‍ക്കും എല്ലാം പഠിക്കാനാവില്ല, എന്നാല്‍ എല്ലാ പാര്‍ട്ടികളിലും നന്നായി ഗൃഹപാഠം ചെയ്യുന്ന കുറച്ചുപേര്‍ ഉണ്ടായേ പറ്റൂ. അവര്‍ മറ്റുള്ളവരെ, പുതുതലമുറയെ പഠിപ്പിക്കണം. അത്തരം സ്റ്റഡിക്ലാസ്സുകളും അവിടെ 'ആശാന്മാരും' ഇവിടെ ഉണ്ടായിരുന്നുവല്ലോ. പിന്നീടെന്നോ രാഷ്ട്രീയം എന്നാല്‍ അറിവും പഠിപ്പും ഉള്ള സാത്വികര്‍ക്കു പറ്റിയതല്ല എന്ന നില വന്നു.

സ്‌കൂള്‍ വിദ്യാഭ്യാസശേഷം ഉപജീവനാര്‍ത്ഥം കമാനി ട്യൂബ്‌സില്‍ തൊഴിലാളിയായ ഡി.തങ്കപ്പന്‍, പ്രശസ്ത മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ക്ലാസ്സെടുക്കാന്‍ ക്ഷണിക്കപ്പെട്ട 'കമാനി തങ്കപ്പന്‍' എന്ന, ഉയര്‍ന്ന പഠിപ്പുള്ള തൊഴിലാളി നേതാവായി മാറിയത് മാതൃകാപരമായ ചരിത്രം. പക്ഷേ ഖേദകരമെന്നു പറയട്ടെ, നെറ്റിലുള്ള തിരച്ചിലിലൊന്നും എത്രയോ പേര്‍ക്ക് പ്രചോദനമാകേണ്ട ആ ധന്യജീവിതത്തെക്കുറിച്ച് അധികമെന്നും കണ്ടില്ല.

ക്യാപ്പിറ്റലിസത്തിന്റെ പാളിച്ചകള്‍ അമേരിക്ക കാണിച്ചു തന്നു. 'ഗ്ലാസ്‌നോസ്റ്റ്' 'പെരിസ്റ്റ്രോയ്ക' എന്നു വ്യാമോഹിപ്പിച്ച ഗോര്‍ബച്ചേവിന്റെ റഷ്യയും വിജയിച്ചില്ല. വ്യക്തി സ്വാതന്ത്ര്യം തീര്‍ത്തും നിഷേധിക്കപ്പെടുന്ന ഭരണത്തില്‍ പൊട്ടിത്തെറികളുണ്ടാവും എന്നു ചൈന പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ചേരും പടി ചേര്‍ത്ത ഒരു നല്ല ഭരണരീതി നമുക്കുണ്ട്, അതാണ് അഭികാമ്യം. പക്ഷേ, സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സല്ല, ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രാജാക്കളല്ല, മറിച്ച് അച്ചടക്കമുള്ള ജനസേവകരാണ് എന്ന് അവരെ ഉദ്‌ബോധിപ്പിക്കണം പാര്‍ട്ടികള്‍. അവര്‍ക്ക് കാല്‍ വഴുതിയാല്‍ തിരുത്താനും നേര്‍വഴി നടത്താനും വാച്ച് ഡോഗ്‌സ് ആയി പ്രതിപക്ഷവും മീഡിയയും പിന്നെ ഈ നമ്മളും വേണം. അരക്കഴഞ്ചു പ്രയത്‌നം കൂടിയേ വേണ്ടൂ നല്ലൊരു ജനാധിപത്യത്തിലേക്ക്.

മനസ്സുകൊണ്ട് ഭൂതകാലത്തില്‍ ജീവിക്കേണ്ടതില്ല. പക്ഷേ കൊഴിഞ്ഞ കാലം പഠിപ്പിച്ച അനുഭവപാഠങ്ങള്‍ മറക്കരുത് നമ്മള്‍!

'എനിക്ക് ആവശ്യത്തിനു നീളമുള്ള ഒരു ദണ്ഡും അതു വയ്ക്കാനുള്ള ആധാരബിന്ദുവും കാണിച്ചു തരൂ, ഞാന്‍ ഈ ലോകം തിരിക്കാം-ആര്‍ക്കിമിഡിസ്.( 'Give me a lever long enough and a fulcrum on which to place it, and I shall move the world' - Archimedse)