Monday, March 21, 2011

സുസ്‌മേഷം

 (Varika online link-published 19.03.2011)
കൈ നിറയെ അവാര്‍ഡുകളുമായി പുതുവര്‍ഷം ആരംഭിച്ച മലയാള കഥാകാരന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, യുവകഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത്. ഒരാളുടെ രചനകളെത്തേടി എത്ര അവാര്‍ഡുകള്‍! സുസ്‌മേഷിന്റ http://susmeshchandroth.blogspot.com/ ബ്ലോഗിലൂടെ.....

' കോവിലന്‍-തീയില്‍ ചുട്ട വാക്കുകള്‍ ' എന്ന പോസ്റ്റിലൂടെയാണ് സുസ്‌മേഷ് മലയാളം ബ്ലോഗര്‍ കൂട്ടായ്മയിലേയ്ക്കു പ്രവേശിക്കുന്നത്.വികാരതീവ്രമായ ഓര്‍മ്മകള്‍ പങ്കു വയ്ക്കലല്ല അത്. പൊള്ളുന്ന സത്യങ്ങള്‍ പറയുകയാണ്.

'ജഠരാഗ്‌നിയെപ്പറ്റിയെഴുതാന്‍,വിശപ്പാണ് ഏറ്റവും വലിയ വേദാന്തമെന്നു പറയാന്‍ കോവിലനില്ല. ഒരു പക്ഷേ വിശപ്പറിഞ്ഞ തലമുറയും അന്യം നില്‍ക്കാന്‍ പോവുകയാണ്. അപ്പോഴും വിശപ്പിന്റെ കാഠിന്യമനുഭവിച്ച മനുഷ്യരെ കണ്ടെത്താന്‍ നമുക്ക് കോവിലനെ വായിക്കേണ്ടതായി വരും. കോവിലന്റെ കൃതികള്‍ ആ ദൗത്യമേറ്റെടുത്ത് മനുഷ്യനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കട്ടെ.' തീര്‍ച്ചയായും, പക്ഷേ ആരും വിശപ്പിന്റെ വിളി അറിയാത്ത കാലവും വരട്ടെ, പ്രത്യേകിച്ച് പട്ടിണി തളര്‍ത്തിയ എല്ലുന്തിയ മനുഷ്യക്കോലങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍.

കഥയും കവിതയും മാത്രമായി ഭാവനാലോകത്തു വിഹരിച്ചാല്‍ മാത്രം പോരാ ഒരു സാഹിത്യകാരന്‍. ജനം ശ്രദ്ധിക്കുന്ന വാക്കുകള്‍ എന്ന നിലയ്ക്ക് ചുറ്റുപാടുകളുമായി സംവദിക്കണം. 'സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയാവണം ' തുടങ്ങിയ ശക്തമായ പോസ്റ്റുകളിലൂടെ ഈ ചുമതല നിറവേറ്റുന്നുണ്ട്.

മലയാളം മരിച്ചാലും നമുക്കെന്ത് എന്ന സങ്കടം കലര്‍ന്ന ലേഖനം ഭാഷ വളരേണ്ടതെങ്ങനെ എന്ന് തമിഴരെ നോക്കി ഉദാഹരിക്കുന്നു-
' ഓരോ വിദേശവാക്കിനും നമുക്ക് തത്തുല്യമായ മലയാളം വാക്ക് നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം. അവിടെ കേട്ട ചില ഉദാഹരണങ്ങള്‍ പറയാം. പലവകൈ കായ്കറി സാദം=ബിരിയാണി, കൈപ്പേശി=മൊബൈല്‍ ഫോണ്‍. മിന്നലഞ്ചല്‍=ഇ മെയില്‍...ഇ മെയിലിന് ഇങ്ങനൊരു തര്‍ജ്ജമ അല്ലെങ്കില്‍ മലയാളവഴക്കമുള്ള ഒരു വാക്ക് കണ്ടെത്താന്‍ കഴിയുമെന്ന്്് നമ്മളാരെങ്കിലും വിചാരിച്ചിട്ടുണ്ടോ. എന്തൊരു ശാലീനതയും ഗാംഭീര്യവുമാണ് മിന്നലഞ്ചല്‍ എന്ന പുതുമയേറിയ പ്രയോഗത്തിന്!' മംഗ്ലീഷ് എന്നോ ഇലയാളം എന്നോ വിളിക്കാവുന്ന സങ്കരഭാഷയില്‍ ബ്ലോഗെഴുതുന്ന എന്നോട് സുസ്‌മേഷിലെ ഭാഷാസ്‌നേഹി ക്ഷമിക്കട്ടെ! ' ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടുകാര്‍ പുതുവാക്കുകള്‍ കണ്ടുപിടിക്കാന്‍ മുന്‍ കൈ എടുക്കമെന്നാശിക്കാം.

നമുക്ക് നിലപാടുകള്‍ ഉണ്ടായിരിക്കണം, പ്രതിച്ഛായ സൂക്ഷിച്ചുവയ്ക്കുന്ന ഭരണികള്‍, ബൗദ്ധികനിരാഹാരകാലത്തെ ഓണം, ജനിച്ച ദിവസം തന്നെ മരിച്ചു പോയവര്‍,ഇടുക്കിയെന്ന ഹരിതോദ്യാനം ഇവയെല്ലാം ഈടുറ്റ ലേഖനങ്ങളാണ്, ശക്തപ്രതികരണങ്ങളാണ്, പ്രായോഗിക നിര്‍ദ്ദേശങ്ങളുമുണ്ട്..

ഒക്ടോബര്‍ നവംബര്‍ സുസ്‌മേഷിന് അവാര്‍ഡ് കാലം മാത്രമല്ല, കവിതക്കാലവും കൂടി ആയിരുന്നുവെന്നു തോന്നുന്നു. ഫോണും നെറ്റുമില്ലാത്തൊരു ലോകത്ത്, മധുമതി ഗസല്‍ ,മഴവില്ല്.... 'ഇതിനെന്താഴമെന്നു നിനയ്ക്കുവാന്‍ വയ്യ' ആണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടത്, ഒരു പക്ഷേ കവിതയേക്കാളേറെ ആ തലക്കെട്ട് .

ചക്ക എന്ന കഥയിലെ 'സിഫിലിസ് കയറിയ ചക്ക ' എന്ന പ്രയോഗം ഇഷ്ടപ്പെട്ടില്ല. ഡിസംബറിലെ കിളിമുട്ടകളില്‍ നിന്ന്

്' ഒന്നറിയാം ഇത് പ്രണയകാലമാണ്. കമ്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത, മണലിന് അപേക്ഷിക്കേണ്ടാത്ത, പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത, സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത, സ്‌കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയു മില്ലാത്ത, മക്കളെച്ചൊല്ലി പാരമ്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാമ്പത്യം. അതാണ് ഓരോ കിളിജീവിതവും'. അലസതയോള മധുരം, ഓഗസ്റ്റിന്റെ ആരംഭം പൂക്കളോടൊപ്പം ഇവയിലും നിറയുന്നത് ലോലപ്രണയഭാവമാണ്.

'താരാട്ടും പൂതപ്പാട്ടും' എന്നിലും ഗൃഹാതുരത ഉണര്‍ത്തി. 'അങ്ങിങ്ങു ചൊല്ലമ്മേ' എന്ന് 'നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു പറ്റിക്കിടന്ന കുറുനിരകള്‍' എന്ന വരികള്‍ (ഓമനേ നീയുറങ്ങിന്‍ മിഴി വണ്ടിണ എന്നു തുടങ്ങുന്ന ഹൃദ്യമായ താരാട്ടില്‍ നിന്ന്) എന്നെക്കൊണ്ടു പലവട്ടം ചൊല്ലിക്കുമായിരുന്ന എന്റെ മകളുടെ കിളിക്കൊഞ്ചല്‍ ഞാന്‍ വീണ്ടും കേട്ടു.

കാലം എന്ന സംവിധായകന്‍ വിളിച്ചുകൊണ്ടുപോയ വലിയ കലാകാരന്‍മാരായ എം.ജി.രാധാകൃഷ്ണനും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പം എന്തിനിത്ര വൈകി നീ സന്ധ്യേ (ചിത്രം-പകല്‍) എന്ന പാട്ടിന്റെ കംപോസിംഗിനെ കുറിച്ചുള്ള 'ഘനശ്യാമസന്ധ്യാഹൃദയം പോലെ...' ഹൃദ്യമായ ഓര്‍മ്മക്കുറിപ്പാണ്.

സുസ്‌മേഷിന്റെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ പൊതുവേ നീണ്ടതാണ്. ബ്ലോഗ് മുഴുവന്‍ വായിക്കുമ്പോള്‍ ഇത്ര ചെറുപ്പത്തില്‍ ഇത്ര അംഗീകാരം എങ്ങനെ എന്നതിന് ഉത്തരം കിട്ടും. ആഴവും പരപ്പുമുള്ള വായന, സമൂഹത്തിലേക്കു തുറന്നു വച്ച കണ്ണും കാതും, കഠിനാദ്ധ്വാനം. ഇതിനെല്ലാം പകരം വയ്ക്കാന്‍ മറ്റെന്തുള്ളു? 'വിരുദ്ധ സാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമാക്കാനും അസാധാരണ സംഭവങ്ങളെ സമചിത്തതയോടെ നേരിടാനും ഞാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്.' (നമുക്കു നിലപാടുകള്‍ ഉണ്ടായിരിക്കണം).ബുദ്ധിയുള്ള എഴുത്തുകാരന്‍!
'ഒടുക്കം വഴിയരികില്‍ ഒരു ഞാവലിന്റെ തൈ വയ്ക്കണം,വരും കാലത്ത് മറ്റുള്ളവര്‍ക്കും മഴ കാണാനായി'. വിതയ്കകൂ സുസ്‌മേഷ്, ഞങ്ങള്‍ അവിടെയിരുന്നു താങ്കള്‍ക്കൊപ്പം മഴ കാണാം.

3 comments:

 1. അതെ,ഈ ലേഖനത്തിനോടു ഞാന്‍ യോജിക്കുന്നു.സുസ്മേഷ് കൂടുതല്‍ കൂടുതല്‍ വായിക്കപ്പെടേണ്ട ഒരു എഴുത്തുകാരനാണ്‌.എന്റെ സുസ്മേഷ് വായന താമസിച്ചു പോയതില്‍ വിഷമം തോന്നുന്നു.

  ReplyDelete
 2. സുസ്മേഷ് എന്ന ബ്ലോഗെഴുത്തുകാരനെ ഇത്തരത്തിൽ പരിചയപ്പെടുത്തിയതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പുതിയ കഥയുടെ കരുത്ത് മലയാളത്തിൽ അനുഭവിപ്പിച്ച, ഈ കഥാകാരൻ മാധ്യമമാറ്റങ്ങളോടും മുൻവിധികളില്ലാതെ പ്രതികരിച്ചയാളാണ്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളിൽ സ്ഥിരമായി ബ്ലോഗെഴുതുന്ന മറ്റൊരാളെ എനിക്കറിയില്ല.

  ReplyDelete
 3. മലയാള കഥയുടെ “ഉന്മേഷ” മാണിപ്രാവശ്യം അല്ലേ ?
  മാനിക്കപ്പെടുന്നവരുണ്ടാവട്ടെ..

  ReplyDelete