Monday, November 8, 2010
ചാമ്പല്‍ മൂടിയ കനല്‍
ശാകുന്തളത്തില്‍ മുല്ലവള്ളി എന്നതു പോലെയാണ് കുട്ടിക്കാല ഓര്‍മ്മകളില്‍ ഞങ്ങള്‍ക്കു തറവാട്ടുകുളം. ഒരു പക്ഷേ മനുഷ്യരേക്കാള്‍ മിഴിവാര്‍ന്ന ഓര്‍മ്മച്ചിത്രം. ഒരു നാള്‍ കുളക്കരയിലൂടെ നടക്കവേ കണ്ടു, കോമ്പസ്സു വച്ചു വരച്ച വൃത്തം പോലെ ചാരം. വിവേകമതിയായ ചേച്ചിക്ക് തടയാനാകും മുമ്പ് വിവരദോഷിയായ ഞാന്‍ ചെരുപ്പിടാത്ത കാലുമായി ഒരു നടത്തം. പുറമേയ്ക്കു തണുത്തതെന്നു തോന്നിപ്പിച്ച ചാമ്പലിനടിയില്‍, തീക്കനല്‍ക്കട്ടകള്‍ എരിഞ്ഞിരുന്നു എന്നത് കുട്ടിയായ എനിക്ക് അറിയില്ലായിരുന്നു. എത്രയോ നാളെടുത്തു ആ കനലാട്ടത്തിന്റെ അസ്‌കിത മാറി പാദം ശരിയാവാന്‍.
ഈ പഴങ്കഥയിലേക്ക് ഇപ്പോള്‍ കൊണ്ടുപോയത്് അഞ്ജു നായരുടെ ചാമ്പല്‍ (http://chambalkoona.blogspot.com/ ) കനല്‍ എന്നീ ബ്ലോഗുകളാണ്. സമര്‍പ്പണം, കാല്‍പ്പനികം, അവ്യക്തം, അനുഭവം, സുതാര്യം, മരണം ,ഗുളികകള്‍ തുടങ്ങിയ ഉണ്ണി പോസ്റ്റുകള്‍ എല്ലാം മനസ്സിന്റെ ആഴങ്ങളില്‍ നിന്നു പൊന്തി വന്നവയാണ്. കാല്‍പ്പനികത കലര്‍ന്ന നല്ല ഭാഷയെങ്കിലും ആ വാക്കുകള്‍ നൊമ്പരം ഉണ്ടാക്കുന്നു. വോഡ്ക, ഹൈമവതി,സില്‍സില ഇതെല്ലാം നര്‍മ്മം കലര്‍ന്ന കുഞ്ഞെഴുത്തുകളാണ്. പ്രവീണിന്റെ ചമ്മന്തി എന്ന ചമ്മന്തിദുരന്തവും (മദ്യദുരന്തം പോലെ തന്നെ!) നന്നെ രസിച്ചു.
കരുണം-'കൃഷ്ണതുളസി പൂക്കളാണ് എന്നെ കൃഷ്ണനോട് അടുപ്പിച്ചത്. ഓര്‍മകളാണ് എന്നെ കരയാന്‍ പഠിപ്പിച്ചത്...നിഴലുകളാണ് എന്നെ പേടിക്കാന്‍ പഠിപ്പിച്ചത്...നക്ഷത്രങ്ങളാണ് എന്നെ കഥ എഴുതാന്‍ പഠിപ്പിച്ചത്. ഇതിനൊ ക്കെ അപ്പുറം കണ്ണീരാണ് എന്നെ കാരുണ്യം എന്താണെന്നു പഠിപ്പിച്ചത്..'
വിദ്യാലക്ഷ്മിയുടെ ആവലാതികള്‍ എന്ന കഥയില്‍ നിന്ന്-'സ്വന്തം കാര്യം നോക്കാന്‍ മകനെ ശീലിപ്പിക്കാത്ത അമ്മായിഅമ്മയോട് അവള്‍ക്കു അരിശം തോന്നി. വിദ്യാലക്ഷ്മിയുടെ അരിശം എരിവിന്റെ രൂപത്തില്‍ ചട്‌നിയില്‍ കൂടി. '
' തന്റേതല്ലാത്ത കാരണത്താല്‍' എന്ന കഥ് വേദനിപ്പിച്ചു, ചിന്തിപ്പിച്ചു, ഒപ്പം തന്നെ തളരാത്ത പെണ്ണിനെ പറ്റി അഭിമാനിക്കയും ചെയ്തു.
' നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?' ഇത് ഒരു ചോദ്യം തന്നെയാണ്. പലപ്പോഴും പിരിയുന്നവര്‍ക്കു മാത്രം അറിയാവുന്ന ഉത്തരങ്ങള്‍!
'ഓര്‍മ്മയിലെ മുല്ലപ്പൂക്കള്‍ 'കലാലയ കാലത്ത് നടത്തിയ കൈയ്യെഴുത്തു മാസിക പ്രകാശനവും അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശ്രീ.ജോര്‍ജ് ഓണക്കൂറിന്റെ പ്രസംഗവുമാണ്. രണ്ടും നന്ന്.
കഥകള്‍ വളരെയുണ്ട് ചാമ്പലില്‍. നല്ല ഭാഷയുണ്ട്, ആശയങ്ങളുണ്ട്. എന്നാല്‍ ചില കഥകളിലെങ്കിലും ഞാന്‍ മനസ്സിലാക്കിയത് കഥാകാരി ഉദ്ദേശിച്ചതു തന്നെയാണോ എന്ന് എനിക്കു സംശയമുണ്ട്.!ഉദാ- നസ്ത്രീ സ്വാതന്ത്യമര്‍ഹതി, ഓരോ കഥയ്ക്കു പിന്നിലും....ഫാന്റസിയും ജീവിതവും കൂടിക്കുഴയുമ്പോള്‍....
കൃഷ്ണന്‍ ജീവിതത്തിലും കഥകളിലും സജീവ സാന്നിദ്ധ്യമാണ്. കൃഷ്ണ നീ, രാധികയ്ക്കു തിരക്കാണ് ഇവയിലെല്ലാം കൃഷ്ണനുണ്ട്. രാധികയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകള്‍ കേള്‍ക്കുക-'എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി. നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക'. കഥാകാരിയുടെ ആത്മഗതം ഇങ്ങനെ- 'രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.'
ഗ്രീഷ്മം തണുക്കുമ്പോള്‍ എന്ന കഥയില്‍ ശൂര്‍പ്പണഖയും സീതയും പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. കഥാകാരി പറയുന്നതിങ്ങനെ-'കൊന്നവന്റെ ഭാര്യയും മരിച്ചവന്റെ സഹോദരിയും ഒന്നായി.'
അച്ഛന്‍ , ദശാസന്ധി, പാവക്കുട്ടി, കാലിഡോസ്‌ക്കോപ്പ് തുടങ്ങി ഇനിയും ഉണ്ട് കഥകള്‍ ഏറെ. കാലിഡോസ്്‌കോപ്പില്‍ ഹിറ്റലറിന്റെ പ്രണയ നായിക ഈവാബ്രൗണ്‍ അവതരിക്കുന്നുണ്ട്.!ആശയത്തിലും അവതരണത്തിലും പുതുമയുണ്ട് മിയ്ക്ക കഥകള്‍ക്കും. മനശാസ്ത്രവും അതിനോടനുബന്ധിച്ച പ്രത്യേക പദാവലിയും എഴുത്തുകളില്‍ നിറയുന്നുണ്ട്. ചാമ്പല്‍ മൂടിയ കനല്‍ പോലെ മനസ്സുകള്‍!
കനലില്‍ അഭിമുഖങ്ങള്‍ ,സിനിമാ അവലോകനം, കോവിലന്‍ അനുസ്മരണം എന്നിങ്ങനെ അനവധി പോസ്റ്റുകള്‍ ഉണ്ട്. പ്രിയ കവി മധുസൂദനന്‍ നായരുമായുള്ള അഭിമുഖം വളരെ നന്ന്.
നല്ല ഭാഷാസ്വാധീനവും ഭാവനയും ഉള്ള അഞ്ജുവിന് ആരും പറയാത്ത കഥകള്‍ പറയാന്‍ കഴിയട്ടെ!ഇനിയും വളരെയധികം ആ രചനകള്‍ വായിക്കപ്പെടാനിടയാകട്ടെ! ഒപ്പം e-ജേര്‍ണലിസത്തിലും ജീവിതത്തിലും മുന്നേറാനുമാവട്ടെ.!
Tvpm
27.10.2010
Subscribe to:
Post Comments (Atom)
അഞ്ജുവിനെ നേരത്തെ ഞാന്‍ എന്റെ ബൂലോകസഞ്ചാരത്തിലൂടെ പരിചയപ്പെടുത്തിയതാണ്. അവിടെ പറഞ്ഞ അതേ വാചകങ്ങള്‍ ആവര്‍ത്തിക്കട്ടേ.
ReplyDelete“ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത. ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ഈ ജീവിതം എന്ന് പറയുമ്പോളും ആ തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..“
അതേ ഇവള്‍ നാളെയുടെ കഥാകാരി. കഥ പറയാനായി തന്നെ ജന്മം കൊണ്ടവള്‍.
ഒരു ഓഫ് : എന്റെ അഞ്ജുവിനെക്കുറിച്ചുള്ള പോസ്റ്റിലേക്ക് താഴെയുള്ള ലിങ്ക് വഴി പോകാം.
http://boolokasancharam.blogspot.com/2010/07/blog-post.html
മൈത്രേയി ചേച്ചീ, ക്ഷമിക്കുക. പരസ്യം പതിച്ചതിന്.:)
വായിയ്ക്കാറുണ്ട്...
ReplyDeleteചിലതെല്ലാം വായിച്ചിട്ടുണ്ട്.
ReplyDeleteകനല്‍ തിളങ്ങട്ടെ എന്നാശംസിക്കുന്നു...
നല്ല ഭാഷാസ്വാധീനവും ഭാവനയും ഉള്ള അഞ്ജുവിന് ആരും പറയാത്ത കഥകള്‍ പറയാന്‍ കഴിയട്ടെ!ഇനിയും വളരെയധികം ആ രചനകള്‍ വായിക്കപ്പെടാനിടയാകട്ടെ! ഒപ്പം e-ജേര്‍ണലിസത്തിലും ജീവിതത്തിലും മുന്നേറാനുമാവട്ടെ.!
ReplyDeleteBest wishes ..
മൈത്രേയി ചേച്ചി, ഈ ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി
ReplyDeleteമൈത്രേയിയുടെയും മനോരാജിന്റെയും പരിചയപ്പെടുത്തലുകളെ അക്ഷരം പ്രതി ശരിവെക്കുന്നുണ്ട് ആ ബ്ലോഗ്,ഇനിയും ഇതുപോലെ മനോഹരമായ ഒരു പാട് കഥകളെഴുതാന്‍ അഞ്ജുവിനു കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDelete