Tuesday, September 21, 2010

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....

നടന്‍ മോഹന്‍ലാലിനെ സ്വന്തം മകനായി വിശ്വസിച്ച അമ്മൂമ്മയെപ്പറ്റിയുള്ള It's all in the Genes എന്ന രസകരമായ വിവരണമായിരുന്നു ശ്രഞ്ജിതം എന്ന ഇംഗ്ലീഷ് ബ്ലോഗില്‍ ആദ്യം വായിച്ചത്. അവിടെ നിന്ന് 'എന്റെ ആനമങ്ങാട്ട് 'എത്തിയപ്പോഴോ വടക്കന്‍ കേരളത്തിലെ ഏതോ ഗ്രാമത്തറവാട്ടില്‍ എത്തിയ പ്രതീതി!.

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്ന ബാല്യം അവരെ അറിയിക്കാനായി ഓര്‍മകളിലെ മയില്‍പീലി തുണ്ടുകള്‍ നിരത്തുന്ന ബ്ലോഗില്‍ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളൊന്നുമില്ല. പകരം അച്ഛമ്മയുടെ ഒപ്പം താമസിച്ചു പഠിച്ച കൊച്ചു പെണ്‍കുട്ടിയുടെ മിഴിവാര്‍ന്ന ഓര്‍മ്മച്ചിത്രങ്ങളാണ് അധികവും. പിന്നെ വര്‍ത്തമാനകാലത്തുണ്ടുകളും. എല്ലാത്തിലുമുണ്ട് ഒരു നൈര്‍മ്മല്യം, സ്വാഭാവികത.

ഒരു സുപ്രഭാതം എന്ന ആദ്യ പോസ്റ്റില്‍ നിന്ന് -
അച്ഛമ്മ എന്നെ സ്‌കൂളിലേക്ക് പുറപ്പെടീക്കുന്ന തിരക്കിലാണ്.
'ഇനിയെനിക്ക് ചാക്ക് നൂലോണ്ട് മുടി കെട്ടി തരരുത് ട്ടോ. എല്ലാരും എന്നെ കളിയാക്കുന്നു..'.
'ഇക്കിങ്ങനേ പറ്റൂ .. എനിക്കാ റിബ്ബണ്‍ കയ്യിന്നു വഴുക്കി കളിക്കും. അല്ലെങ്കില് ഇനി ഒറ്റയ്ക്ക് മുടി കെട്ടാന്‍ പഠിച്ചോ...'
കുറി തൊടാതെ എങ്ങോട്ടും പോകുന്നത് അച്ഛമ്മക്ക് ഇഷ്ടമല്ല. ഒരു വാഴയിലക്കഷണം എന്റെ നെറ്റിയില്‍ വച്ച് അതില്‍ നിന്ന് ഓരോ വരി വിട്ടു ഇലചീന്തു കീറിക്കളയും. എന്നിട്ട് ആ വിടവുകളിലൂടെ ചന്ദനം പൂശും. ഇലയെടുത്താല്‍ കിറുകിറുത്യം മൂന്നു നീണ്ട ചന്ദന വരകള്‍ (നെറ്റിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ).എന്നിട്ടതിന്റെ നടുവില്‍ ഒരു കുങ്കുമ പൊട്ട്....

ചന്ദനക്കിണ്ണത്തില്‍ തലകുത്തി വീണോ എന്ന കളിയാക്കല്‍ സഹിയാതെ പാവാടത്തുമ്പില്‍ നിറഞ്ഞ കണ്ണും നെറ്റിയിലെ കുറിയും തുടച്ചു കളഞ്ഞ കുരുന്നു പെണ്‍കുട്ടിയെ ഞാനും കണ്ടു ഇതു വായിച്ചപ്പോള്‍.

കൊച്ചുപെണ്‍കുട്ടിയെ അച്ഛമ്മയ്‌ക്കൊപ്പം നിര്‍ത്തി അച്ഛനും അമ്മയും അനിയനും പടിയിറങ്ങിയപ്പോള്‍ 'ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ' എന്നു പറഞ്ഞു നിര്‍ത്തിയ 'കഥ തുടങ്ങുന്നു' എന്ന പോസ്റ്റ് ഗൃഹാതുരത നിറഞ്ഞ എന്റെ ബോര്‍ഡിംഗ് കാല ദിനങ്ങളിലേക്കു എന്നെ കൊണ്ടുപോയി.ഒപ്പം മറ്റൊരാളെ ഓര്‍ക്കുകയും ചെയ്തു. അനുജത്തിയുടെ ഏകമകള്‍ക്കു കൂട്ടിനായി അവരുടെ ഒപ്പം നിര്‍ത്തിയ ചേച്ചിയുടെ മകള്‍ ,ഇന്ന് ഉദ്യോഗസ്ഥയായ അമ്മ, പക്ഷേ ഇപ്പോഴും അക്കാരണത്താല്‍ മാതാപിതാക്കളോട് അടങ്ങാത്ത ദേഷ്യം കൊണ്ടു നടക്കുന്നവള്‍. എന്തായാലും ആനമങ്ങാട്ടുകാരി അങ്ങനെയല്ല എന്ന് അമ്മ എന്ന ഇംഗ്ലീഷ് പോസ്റ്റിലൂടെ മനസ്സിലായി.

'നല്ലപ്പന്‍ കാലത്ത് ' (ചെറുപ്പ കാലത്ത്) ഐശ്വര്യമുള്ള സ്ത്രീ ആയിരുന്ന, പിന്നെ എപ്പോഴോ മനസ്സിന്റെ താളം തെറ്റിയ ഇന്നമ്മ നമ്മെയും ദുഃഖിപ്പിക്കും. മനസ്സിന്റെ സഞ്ചാരവഴികള്‍ എത്ര വിചിത്രം, സങ്കീര്‍ണ്ണം.!ശ്രീ.കെ. സുരേന്ദ്രന്‍ പറഞ്ഞതു പോലെ മനസ്സു ഒരു കാട്ടുകുരങ്ങു തന്നെ, എളുപ്പത്തില്‍ മെരുങ്ങാത്ത 'കാട്ടുകുരങ്ങ് '.

ഓണത്തിനും വിഷുവിനും എല്ലാവരും തറവാട്ടില്‍ എത്തിയേ പറ്റൂ എന്നുള്ള അച്ഛമ്മയുടെ അലിഖിത നിയമവും ആ ഒത്തുകൂടലുകളുമെല്ലാം ഒരു കുഞ്ഞു പെണ്‍കിടാവിന്റെ കാഴ്ച്ചപ്പാടിലൂടെ വളരെ ജീവസ്സോടെ അവതരിപ്പിച്ചിരിക്കുന്നു. പപ്പടം വാങ്ങാന്‍ പോയ രണ്ടു പെണ്‍കുട്ടികളെ കാണുക, വിഷു എന്ന പോസ്റ്റില്‍ നിന്ന്-

'പപ്പടം വേണം.. ഇയ്ക്ക് നാല് കെട്ട്.. ഇവള്‍ക്ക് രണ്ടു കെട്ട്...'
അതിലൊരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
'കാച്ചിയ പപ്പടം വേണോ, കാച്ചാത്തത് വേണോ..'ഞാന്‍ അന്തം വിട്ടു മുംതാസിനെ നോക്കി... അത് അച്ഛമ്മ പറഞ്ഞില്ല..
'കാച്ചാത്തത് മതി.. ഞങ്ങള് കാച്ചിക്കോളാം.' മുംതാസ് പറഞ്ഞു. എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു 'കാച്ചുമ്പ പപ്പടം വലുതാവൂലെ... എങ്ങനെ കൊണ്ടൂവരാനാണ്.. കാച്ചാത്തത് കയ്യ്പ്പിടിക്കാലോ ' ഹോ ഈ മുംതാസിനെന്തൊരു പുദ്ദി!

ഇത്രയൊന്നുമില്ലെങ്കിലും എല്ലാവരും ഒത്തുകൂടിയിരുന്ന ഒരു കാലം ഞങ്ങള്‍ക്കുമുണ്ടായിരുന്നു, ഇങ്ങിനി വരാത്ത അക്കാലം! ഇന്നിപ്പോള്‍ എല്ലാവരും ഒന്നിച്ചു വീട്ടില്‍ കൂടണം എന്ന് ഏതെങ്കിലും അച്ഛമ്മയോ അമ്മമ്മയോ ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാവില്ലേ? ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നം!

ഓണവും വിഷുവുമെല്ലാം കൂടുതല്‍ തീവ്രതയോടെ, ഭക്തിയുടെ നിറവില്‍ ആഘോഷിച്ചിരുന്നത് , വടക്കന്‍ കേരളത്തില്‍ ആയിരുന്നെന്നു തോന്നുന്നു. ഓണത്തപ്പനെ ഉണ്ടാക്കുന്നതും കുടിയിരുത്തുന്നതുമെല്ലാം പാഠപുസ്തകത്തില്‍ പഠിച്ചിട്ടും സിനിമകളില്‍ കണ്ടിട്ടുള്ളതുമേയുള്ളു എനിക്ക്. ആനമങ്ങാട്ടെ ഓണാഘോഷവര്‍ണ്ണനകള്‍ വായിച്ചപ്പോള്‍ ഏതോ പുതുലോകത്തെത്തിയപോലെ. 'ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ' എന്ന് പാട്ടു പാടി വീട്ടില്‍ വൈകുന്നേരം ആളുകള്‍ വരും, പടിക്കല്‍ വന്ന് കൂക്കി വിളിക്കുന്ന നായാടി സദ്യ കഴിഞ്ഞു പോകുമ്പോള്‍ ഉറി വച്ചിട്ടു പോകും ...

ഇത്ത എന്ന പോസ്റ്റിലെ ഒരു കൊയ്ത്തുപാട്ട്.
'അന്റെ ചെരമ്മനും കന്നൂട്ടാരന്‍
ഇന്റെ ചെരമ്മനും കന്നൂട്ടാരന്‍
പിന്നെന്താടി മുണ്ടിച്യെ
ഞമ്മള് തമ്മില് മുണ്ട്യാല് ...'(തുടരുന്നുണ്ട്)
അനുഭവസമ്പന്ന ബാല്യകാലമുള്ള ,പഴയ കാല വടക്കന്‍ കേരളത്തിന്റെ നേര്‍ക്കാഴ്ച്ച കാണാന്‍ http://enteanamangad.blogspot.com/ ഇതിലേ...

കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്ന ബാല്യത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. അതു കാലത്തിന്റെ അനിവാര്യതയാണ്, പിന്നോട്ടാടാന്‍ ആര്‍ക്കുമാവില്ല. ഓരോ കാലവും ഓരോ വിധത്തില്‍ നന്നു തന്നെ. നമുക്കു ചെയ്യുവാന്‍ കഴിയുന്നത് പോയ കാലത്തെക്കുറിച്ച് ഇതു പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം.
കൈതോല മണമുള്ള സുഖമുള്ള ഓര്‍മ്മകള്‍ ഇനിയും നിറയട്ടെ ആനമങ്ങാ
ട്ട്...


Tvpm,
09.09.2010
online link

17 comments:

 1. ഈയിടെ ഗൂഗിള്‍ ബസ്സ് വഴിയാണു എന്റെ ആനമങ്ങാടിലേക്കെത്തിയത്. പറഞ്ഞപോലെ ഒട്ടേറെ കുറെ നല്ല ഓര്‍മ്മകുറിപ്പുകള്‍ ഉണ്ട് അതില്‍. വളരെ കുറച്ചേ ഞാന്‍ വായിച്ചുള്ളൂ എങ്കിലും വായിച്ചവയില്‍ നല്ല ഫീല്‍ കാണുന്നുണ്ടായിരുന്നു. ഇംഗ്ലീഷ് ബ്ലോഗില്‍ ഏതോ ഒരു പോസ്റ്റ് മാത്രമാണ് വായിച്ചതെന്നോര്‍മ്മ. നിഷയുടെ മനസ്സിലുള്ള ഓര്‍മ്മകള്‍ മടിപിടിച്ചിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു പക്ഷെ ചേച്ചിയുടെ ഈ പോസ്റ്റ് നിഷയെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുമായിരിക്കും. എന്റെ ആനമങ്ങാട് വായിക്കുക എല്ലാവരും.

  ReplyDelete
 2. ഓർമ്മകളുടെ ഓളങ്ങളുമായി നീന്തിതുടിക്കുന്ന നിഷയെ മുഷിയാതെ തന്നെ വായിക്കാം കേട്ടോ ...മൈത്രേയി

  ReplyDelete
 3. എന്റെ ആനമങ്ങാട്ട്!

  ഉചിതമായ പരിചയപ്പെടുത്തല്‍...
  വായിച്ചിരുന്നു പോകുന്ന ശൈലി, ജാഡകളില്ലാത്ത എഴുത്ത്.
  ഒരിക്കല്‍ ആനമങ്ങാട്ടെത്തിയാല്‍ അവിടെനിന്ന് പോരാന്‍ തോന്നില്ല. :)

  ReplyDelete
 4. ആ പപ്പടത്തിന്റെ കാര്യം പറഞ്ഞിരുന്ന പോസ്റ്റ് വായിച്ചിരുന്നു.

  ReplyDelete
 5. വായിച്ചു. നല്ലൊരു ബ്ലോഗാണ്. പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 6. കേട്ടിട്ട് കൌതുകം തോന്നുന്നു, പോയി നോക്കട്ടേ!

  ReplyDelete
 7. അങ്ങനെ ഒരാൾക്കുകൂടി നറുക്ക് വീണു.
  ദിവസം മുഴുവനും ഇരുന്ന് ബ്ളോഗ് തിരഞ്ഞിട്ടും കാണാത്ത ഇവരെയൊക്കെ എങ്ങനെയാണു മൈത്രേയി കണ്ടുപിടിക്കുന്നത്

  ReplyDelete
 8. ബ്ലോഗില്‍ കടന്നപ്പോള്‍ ഒരു തറവാട്ടു മുറ്റത്ത് എത്തിപ്പെട്ട പ്രതീതി..

  ReplyDelete
 9. അടുത്ത കാലത്താണു നമ്മുടെ മാണിക്യം ചേച്ഛി വഴി “ എന്റെ ആനമങ്ങാട് വായിക്കാൻ ഇടയായത്. കേരളത്തിലെ ഒരു സുന്ദര ഗ്രാമം വിട്ട് രണ്ടര പതിറ്റാണ്ടുകളിൽ കൂടുതലായി പ്രവാസിയായി കഴിയുന്ന എനിക്ക്, നാടും നാടിന്റെ നന്മകളും അവിടുത്തെ ഇന്നമ്മയും, ഇച്ഛമ്മയും, വപ്പോഴുമുള്ള അവധി നാളുകളിൽ കണ്ടറിഞ്ഞിട്ടുള്ള എന്റെ കുട്ടികൾക്ക്, നിഷയുടെ ആനമങ്ങാട് തികച്ഛും ഒരു പ്രത്യേകമായ അനുഭവമാണു. ഇന്നമ്മ ഒരിക്കലും മറക്കാൻ കഴിയാത്തത്ര ആഴത്തിൽ മനസിൽ പതിഞ്ഞു. അതു പോലെ നിഷ്ക്കളങ്കമായ, വളരെ ലളിതമായ അവതരണ ശൈലി. അതും ഒട്ടും ജാഡകളില്ലാതെ.. അതെ, മാണിക്യം ചേച്ഛി പറഞ്ഞ പോലെ “ഒരിക്കല്‍ ആനമങ്ങാട്ടെത്തിയാല്‍ അവിടെനിന്ന് പോരാന്‍ തോന്നില്ല“

  ReplyDelete
 10. cheechee valare nalla parichayappeduthal oththiri santhosham anamangadu oru M T kathapole parannu kidakkunna blog anennu njan nishechiyodu paranjittundu ....manoharam thanne

  ReplyDelete
 11. ഇത്രേം വായിച്ചപ്പം ഒന്ന് പോയാലോ എന്ന് തോന്നുന്നു. പോയിട്ട് വരാമേ!!

  ReplyDelete
 12. എന്റെ ആനമങ്ങാട് സ്ഥിരമായി പിന്തുടരുന്ന ഒരാളാണ്ഞാന്‍. മൈത്രയിയുടെ വീക്ഷണ കോണിലൂടെ കാണുബോള്‍ പുതിയ അര്‍ ത്ഥതലത്തില്‍ ഈ ബ്ലോഗിനെ കാണാനാകുന്നു. വളരെ നന്ദി.

  ReplyDelete
 13. മനോ-അതന്നെ..നിഷ,ഇനിയും എഴുതട്ടെ ആനമങ്ങാട്ടുകഥകള്‍..
  മുരളീമുകുന്ദന്‍-അതേയതേ...മുഷിവു തോന്നില്ല, സുഖമായി വായിച്ചു പോകാം
  മാണിക്യം-അതുതന്നെ....പേരും ഫോട്ടോയും എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്നു.
  ശ്രീ-ഇനി ശ്രീ വായിക്കാത്ത ഒരു ബ്ലോഗെങ്കിലും എനിക്കു കാണിച്ചു തരണേ ദൈവമേ ......
  മുകില്‍,ശ്രീനാഥന്‍-വായിച്ചു കാണുമല്ലോ അല്ലേ...
  കലാവല്ലഭന്‍-അതൊരു കലയാണ്.:) :)...ഏതു ബ്ലോഗു വായിച്ചാലും അതിലെ കമന്റുകള്‍ക്കു പിറകേ പോകും ചിലപ്പോള്‍...അങ്ങനെ കിട്ടുന്നതാ...
  മെയ്പൂക്കള്‍-അതു തന്നെ ഞാനും പറഞ്ഞത്...
  രാജ്- അപ്പോള്‍ ആനമങ്ങാട് ഫാന്‍ ആയി അല്ലേ?
  ബിജു-ഇഷ്ടപ്പെട്ടതില്‍ സന്തോഷം എനിക്കും.
  നന്ദനം- പോയിട്ട് വരണേ...
  രവി-അപ്പോള്‍ എന്റെ എഴുത്ത് ഉദ്ദേശ്യം കണ്ടു.... സന്തോഷം തോന്നുന്നു..

  ReplyDelete
 14. ഹായ്!
  ആനമങ്ങാട് ഇവിടെയെത്തിയതിൽ നിറഞ്ഞ സന്തോഷം!
  നിഷ എന്റെ കസിൻ ആണെന്ന രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല!

  ReplyDelete
 15. I am proud to announce that she was my classmate & I had the privilege to listen to many of her stories (not included in Anamangad yet) directly from her. I used to enjoy all of them back then & even now. Keep going dear Nisha

  ReplyDelete
 16. ആനമങ്ങാട്ട് ഒന്നു പോയി വന്നേയുള്ളൂ. :)

  മൈത്രേയിയുടെ എഴുത്ത്
  എനിക്ക് അസ്സലായി ഇഷ്ടപ്പെട്ടു.
  ഇവിടെ വന്നത് നന്നായി എന്നു തന്നെ തോന്നുന്നു :)

  ഉടനടി പിടിക്കൂ, ഏതാനും നന്ദികള്‍!

  ReplyDelete