Friday, June 4, 2010
ബൂലോകം കവിതാമയം
(മെയ് 29 ലക്കം കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
കവിതാമയമാണ് ബൂലോകം. അതുകൊണ്ടു തന്നെ തെരഞ്ഞെടുക്കല്‍ ഏറെ ശ്രമകരവും. കവിതകളിലൂടെ മാത്രം ആത്മാവിഷ്‌ക്കാരം നടത്തുന്ന മൂന്നു ബ്ലോഗുകളാണിവിടെ.
കോയ്മിക്കവിതകള്‍- മഴത്തുള്ളികള്‍ പോലെ സ്‌നിഗ്ദ്ധമായ വാങ്മയചിത്രങ്ങള്‍. കവിതയുടെ ഗതകാലവസന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍. നല്ല കവിത മരിച്ചിട്ടില്ലെന്ന പ്രത്യാശ. ഇതൊക്കയാണ് ഈ ബ്ലോഗ്. നീണ്ട കവിതകളില്‍ നിന്ന് .....
1.ഒരു വേനല്‍ക്കുറിപ്പില്‍ നിന്ന്......
പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം
................................................................
എത്രയോ കാതങ്ങളപ്പുറത്തുന്നൊരു
മിത്രമണഞ്ഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടുവന്നെത്തിയ
മിത്രമിവള്‍ക്കു പേരോര്‍മ്മ.
2.അലയുന്ന മേഘങ്ങള്‍ക്കായ്....
മഴ വീണ മണ്ണിന്റെ പുതുമണം സൂക്ഷിച്ചു
പഴകിയ ചെപ്പും തുരുമ്പെടുക്കെ,
അകലങ്ങളാത്മാവിലെഴുതിയ സ്വപ്നങ്ങ
ളലയുന്നു പിന്നെയും മേഘങ്ങളായ്.......
കവിത്വമുള്ള മൂന്നു കവിതകള്‍ക്കിടയില്‍ ചിതലുകള്‍ എന്ന ഗദ്യകവിത അധികപ്പറ്റായതുപോലെ തോന്നി. മനസ്സിരുത്തി തിരുത്തിയെടുത്താല്‍ (എഡിറ്റിംഗ്) കോയ്മിക്ക വിതകള്‍ പുസ്തകവും, സിനിമാക്കവിതകളുമൊക്കെയാകുന്ന കാലം ദൂരത്തല്ല. ലിങ്ക്- http://vibes007.blogspot.com/
കാളന്ദി- സ്വതന്ത്ര പ്രണയിനിയായ കറുത്തവള്‍ കാളിന്ദി, രാധയെക്കാള്‍ ഭാഗ്യവതി എന്ന് എഴുതിയ സ്മിതാ മീനാക്ഷിയുടെ ഗദ്യകവിതകളില്‍ നിറയുന്നത് ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ്. നമുക്കു കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തവ. തെരഞ്ഞെടുത്ത ചില വരികള്‍ ഇതാ....
1..വാക്കിന്റെ വര്‍ത്തമാനങ്ങള്‍
എനിക്കും നിനക്കുമിടയില്‍
ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.
2. പ്രണയം
പ്രണയം പുര നിറഞ്ഞു
പുറത്തേയ്ക്കു വളര്‍ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളോടെ താലി ചാര്‍ത്തി തളച്ചു
ആശ്വാസം, പിന്നെയതു വളര്‍ന്നില്ല
........................................................................
കിടപ്പുമുറിയുടെ വാസ്തു
ശരിയല്ലാത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പോയി.........
വിളിച്ചാല്‍ വിളിപ്പുറത്തു വാക്കെത്തുന്ന, അമിതോപയോഗം മൂലം പിഞ്ഞിക്കീറിയ വിഷയങ്ങള്‍ പോലും പുതുമയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള സ്മിത, കവിത തുടിക്കുന്ന വൃത്ത താള നിബദ്ധമായ വരികള്‍ കൂടി ഇനി എഴുതട്ടെ. കാളിന്ദി ഒഴുകുന്നതിവിടെ -http://smithameenakshy.blogspot.com/
കളേഴ്‌സ്- 'ഇനിവരും നാള്‍കളില്‍ താണ്ടേണ്ട പാതകള്‍ പുല്‍മെത്തയാവാം ,പരുക്കനാവാം' എന്നു പാടുന്ന രവീന രവീന്ദ്രന്റെ രചനകള്‍ ഒന്നൊഴികെ എല്ലാം ഗദ്യകവിതകള്‍. കാലികപ്രസക്ത മായ അവതരണശൈലി. ചിലതു വായിക്കാം....
1.പരിധിക്കു പുറത്താണ്
ഒരു മിസ്സ് കോളുണ്ടായിരുന്നു ,
മഴയുടേത് .
കാത്തിരിപ്പുണ്ടോയെന്നറിയാന്‍
തിരിച്ചു വിളിച്ചപ്പോള്‍്
പരിധിക്കു പുറത്താണ് .
2. കുളക്കടവിലെ മീന്‍കൊത്തി
പിണക്കത്തിലാണ് !
ധ്യാനിച്ചിരിക്കാറുള്ള മരങ്ങള്‍
കാശിക്കു പോയതായിരിക്കുമോ ?
....................................
മേടച്ചൂട് കുറുക്കിവെച്ച
ചെളിവെള്ളത്തില്‍
കൊക്കു നനയ്ക്കാനെങ്കിലും ....
3.ലേലം(അയിത്തത്തില്‍ നിന്ന്)
നീയുണ്ടാവണം ,നാളെ
ഭൂമിയെ ലേലം ചെയ്യുമ്പോള്‍.
എന്തിനു ഭയക്കണം ?
ചൊവ്വയില്‍ അഞ്ചുസെന്റ് സ്ഥലം
പറഞ്ഞു വച്ചിട്ടുണ്ട് .
അടുക്കളയുടെ മുറിവുകളും പാറ്റയുമൊക്കെ എഴുതാന്‍ രവീനയ്ക്കിനിയും സമയം കിട്ടും. അതുകൊണ്ട്, രവീന ഇപ്പോള്‍ പതിനെട്ടുകാരിയുടെ വര്‍ണ്ണപ്രപഞ്ചം കവിതകളിലൂടെ ചമയ്ക്കട്ടെ. മായാത്ത ഓര്‍മ്മകള്‍ അതിനുള്ള തുടക്കമായി കാണുന്നു ഞാന്‍. രവീനയുടെ കവിത തുളുമ്പും വരികള്‍ ചാനലുകളും റേഡിയോകളും പാടട്ടെ, നമുക്കായ്. ലിങ്ക് ഇവിടെ-
http://raveena-myworld.blogspot.com/
Subscribe to:
Post Comments (Atom)
Raveenaye nerathe vayichittund ...
ReplyDeletebakki ullavare parichaypeduthiyathinu nandi sree ..
ഇതിൽ സ്മിത മീനാക്ഷിയെയും രവീനയെയും നേരത്തെ വായിച്ചിട്ടുണ്ട്. കോയ്മികവിതകൾ ആദ്യമായാണ് കാണുന്നത്. കൂടുതൽ വായിച്ചിട്ടുള്ളത് രവീനയെ തന്നെ.. കാരണം വളരെ ശക്തമായ ഒരു കൈത്തഴക്കം ആ എഴുത്തിൽ ദർശിക്കാൻ സാധിക്കും. “തെളിയാത്ത അക്ഷരങ്ങൾ“ എന്ന കവിത ഏറെ ഹൃദ്യമായി തോന്നിയ ഒന്നാണ്. തെളിഞ്ഞ അക്ഷരങ്ങളും വറ്റാത്ത മഷിയുള്ള പേനയും ആ കുട്ടിക്ക് സ്വന്തം എന്ന് തറപ്പിച്ച് പറയാം..
ReplyDeleteഒന്ന് കൂടി, മറ്റു രണ്ട് പേരും മോശമാണ് എന്നൊരു അർത്ഥം ഇതിനില്ല. മൂന്ന് പേരെ ഒന്നിച്ച് പരിചയപ്പെടുത്തിയപ്പോൾ വിട്ടുകളയാതെ വായിക്കപ്പെടേണ്ടതാണ് കളേർസ് എന്ന് ഓർപ്പിച്ചു എന്ന് മാത്രം.
മനോരാജ് മാഷ് പറഞ്ഞതു പോലെ കോയ്മി കവിതകള്‍ പരിചയമുണ്ടായിരുന്നില്ല. മറ്റു രണ്ടു പേരുടെയും കവിതകള്‍ വായിയ്ക്കാറുണ്ട്
ReplyDeleteപരിചയപ്പെടുത്തല്‍ നന്നാവുന്നുണ്ട്.
ReplyDeleteസ്മിത മീനാക്ഷിയുടെ കവിതകള്‍ വായിക്കാറുണ്ട്.
മാറ്റ് രണ്ടെണ്ണവും ഞാന്‍ വായിച്ചിട്ടില്ല.
ഇതുമൂലം അവിടെയും വായിക്കാനായി.
ഭാവുകങ്ങള്‍.
മുന്നേറുക. വഴിവെളിച്ചമല്ലേ ഇത്. പിന്നെ രവീനയുടെ കവിതകളിൽ സ്കൂൾ ഫൈനൽ കഴിഞ്ഞ ഒരു കുട്ടിയുടെ മനസ്സിലുള്ളതിനേക്കാൾ പക്വത ഉണ്ട്. പക്ഷെ ചില മിഥ്യകളും ഉള്ളതായി തോന്നിയിട്ടുണ്ട്.
ReplyDeleteസ്മിതയുടെ കവിതകൾ നല്ല മൌലികത പുലർത്തുന്നു. നല്ല ഫ്രെഷ്നെസ്സും.
മൂന്നാമത്തെ ബ്ലോഗ് ഇനി കാണാൻ പോകുന്നതിനാൽ ആ പൂരം പറഞ്ഞറിയിക്കുന്നില്ല.
സ്മിത മീനാക്ഷിയുടെ കവിതകള്‍ ഞാന്‍ വായിക്കാറുണ്ട്. സ്മിതയുടെ വശ്യമായ എഴുത്താണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഓരോ വരികളിലും മധുരം നിറഞ്ഞു നില്‍ക്കുന്നതു പോലെ.. ലളിതമായ വരികളില്‍ ഗഹനമായ ആശയങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കാനുള്ള സ്മിതയുടെ കഴിവ് പ്രശംസനീയം തന്നെയാണ്. സ്മിത എഴുതിയതില്‍ "ഇരുപത്തിയഞ്ചാമത്തെ മണിക്കൂര്‍", "കൂറുമാറ്റം" ഇവ രണ്ടും എനിക്ക് ഏറേ പ്രിയപ്പെട്ടവയാണ്. എല്ലാവരും അറിയപ്പെടുന്ന പ്രശസ്തയായ ഒരു എഴുത്തുകാരിയാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. അഭിനന്ദങ്ങള്‍.
ReplyDeleteരവീനയുടെ കവിതകളും എനിക്ക് പ്രിയപ്പെട്ടവ തന്നെ. ഈ ചെറിയ പ്രായത്തിലും പ്രായത്തില്‍ കവിഞ്ഞ പക്വത രവീനയുടെ കവിതകളില്‍ കാണാം. രവീനയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും ധാരാളം എഴുതൂ..മലയാളത്തിന് രവീനയെ പോലെയുള്ള എഴുത്തുക്കാരികള്‍ ഒരു മുതല്‍കൂട്ടു തന്നെയാണ്.
"കോയ്മിക്കവിതകള്‍" ഒന്നുരണ്ടെണ്ണം വായിച്ചിട്ടുണ്ട്. മഴത്തുള്ളികള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
സ്മിതയുടെ കവിതകള്‍ തന്നെ ഏറെയിഷ്ടം..
ReplyDeleteമറ്റുള്ളവര്‍ക്കും ആശംസകള്‍...