Saturday, June 12, 2010

അടുക്കള മാഹാത്മ്യം.


കീബോര്‍ഡില്‍ വിരലുകള്‍ ഓടുമ്പോള്‍ 'കുത്തിക്കുറിച്ചുകൊണ്ടങ്ങിരുന്നാല്‍ അത്താഴമൂണിനിന്നെന്തു ചെയ്യും' എന്ന വരികള്‍ മനസ്സില്‍ വന്നു. അപ്പോഴാണ് ബ്ലോഗടുക്കളെക്കുറിച്ച് എഴുതണം എന്നു തോന്നിയത്.

ആദ്യം പോയത് ബിന്ദുവിന്റെ അടുക്കും ചിട്ടയുമുള്ള അടുക്കളത്തളത്തില്‍. മുകളില്‍ മിന്നിമറയുന്ന വിഭവപ്പേരുകള്‍. താഴെ വലതുവശത്ത് വിശദമായ മെനു. വേണ്ടത് തെരഞ്ഞെടുക്കാം. മറക്കാനാവാത്ത രുചികള്‍ വിളമ്പിയിരുന്ന പഴയ അടുക്കളത്തളത്തിന്റെ ഓര്‍മ്മയ്ക്കായി ബിന്ദു സമര്‍പ്പിക്കുന്ന ഈ ബ്ലോഗ് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന, രുചിയും ആരോഗ്യവും നല്‍കുന്ന, നാടന്‍ വിഭവങ്ങള്‍ വിളമ്പുന്നു. സമയലാഭത്തിനും സ്വാദിനും ഒപ്പം അനാരോഗ്യം സൗജന്യം എന്ന ഫാസ്റ്റ് ഫുഡില്‍ നിന്ന് കളം മാറ്റി ചവിട്ടണമെന്നു തോന്നുമ്പോള്‍ പോകാം അടുക്കളത്തളത്തോളം. ഒരു വ്യത്യസ്താനുഭവമായിരിക്കുമത്.

കേരളത്തിന്റെ തനതു സൂപ്പാണ് സാമ്പാര്‍. പക്ഷേ കാസര്‍കോടു മുതല്‍ പാറ ശ്ശാല വരെ അതിന് പല പാചകരീതികളാണ്. ചോറിനേക്കാള്‍ ഇഡ്ഡലിക്കു കൂട്ടാകുന്ന ഉള്ളിസാമ്പാറാണ് അടുക്കളത്തളത്തിലെ ആദ്യവിഭവം. ആദ്യ ചേരുവ 'കൈപ്പുണ്യം -ഒരു പണത്തൂ ക്കമെങ്കിലും ' എന്നെ ഒട്ടൊന്നു നിരാശയാക്കിയെന്നു പറയാതെ വയ്യ. പറഞ്ഞിരിക്കുന്നതെല്ലാം അണുവിട തെറ്റാതെ ചെയ്യാമെന്നുവച്ചാലും ഈ ചേരുവയ്‌ക്കെന്തു ചെയ്യും? മൂവാണ്ടന്‍ മാങ്ങ കിട്ടുമെങ്കില്‍ മാങ്ങാസാമ്പാര്‍ പരീക്ഷിയ്ക്കാം. ബിന്ദുവിന് 'ഓരോ പാചകക്കുറിപ്പും ഓരോ അന്വേഷണമാണ് '. വറുത്തരച്ച സാമ്പാറിന്റെ കമന്റുകള്‍ ഇതു ശരി വയ്ക്കുന്നു.

രുചിവൈവിദ്ധ്യങ്ങള്‍ ഇനിയുമുണ്ട് ധാരാളം. കുട്ടികള്‍ക്ക് നാലുമണിക്കാപ്പിക്ക് നൂഡില്‍സിനു പകരം നല്‍കാവുന്ന രുചിഭേദങ്ങള്‍,. യാത്രയ്ക്കു കൂടെ കരുതാവുന്ന ചെറുനാരങ്ങാ സാദം എന്ന പുളിഹോര, ദീര്‍ഘകാല സൂക്ഷിപ്പുകള്‍, അങ്ങനെയങ്ങനെ. മഹാഗണപതിയുടെ ഇഷ്ടനിവേദ്യമായ ഒറ്റയപ്പവും ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം ഊട്ടുപുരയിലെ പുളിങ്കറിയും ഇവിടത്തെ പ്രത്യേകതയാണ്. ബിന്ദുവിന്റെ അടുക്കളച്ചൊല്ല്് ശേഖരത്തില്‍ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്

ആലോലനീലമിഴിയാം പ്രിയയാള്‍ വിളമ്പും
ഓലോലനൊന്നു മതി, എന്തിന്നു നൂറു കൂട്ടം?

ദൃശ്യശേഖരം ഫോട്ടോ ബ്ലോഗാണ്. കൈതയിലകള്‍ തഴപ്പായ് ആയി രൂപാന്തരം പ്രാപിക്കുന്നതും ദശപുഷ്പങ്ങളും അടക്കം ഫോട്ടോകള്‍ അനവധി. മനസ്സിന്റെ യാത്ര എന്ന ബ്ലോഗില്‍ ശ്രീ. ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയെക്കുറിച്ച് സചിത്ര ലേഖനമുണ്ട്. അടുക്കളത്തളം മോടി കൂട്ടുന്നതിനൊപ്പം ബിന്ദുവിന്റെ മനസ്സ് ഏറെ ദൂരം യാത്ര ചെയ്ത്, അവിടെ പുതു പോസ്റ്റുകളുണ്ടാകട്ടെ. ലിങ്ക് ഇതാ- http://bindukp2.blogspot.com.

കൃഷിയും പശുക്കളുമെല്ലാമായി മണ്ണിന്റെ മണമാണ് കാന്താരിക്കുട്ടിയുടെ ബ്ലോഗുകള്‍ക്ക്. അത് എന്നെ ആവേശഭരിതയാക്കിയെന്നു പറയാതെ വയ്യ.പാലുല്‍പ്പന്നങ്ങള്‍ അത്യാകര്‍ഷകം. പാല്‍വിഭവങ്ങളുടെ വലിയ ശേഖരം ഇവിടെയുണ്ട്. ഇളനീര്‍ പാല്‍ പുഡിംഗ്, കോഫീ ബൈറ്റ് , പാല്‍ ലഡ്ഡു എന്നിങ്ങനെ. മധുരം മാത്രമല്ല, പാല്‍ അച്ചാറും, പനീര്‍ സമോസയുമുണ്ട്. കുട്ടികള്‍ മെലിഞ്ഞിരിക്കുന്നുവോ?കൊടുത്തോളൂ ഛണാര്‍ പുളി. കാന്താരിക്കുട്ടിയുടെ ഭാഷയില്‍ എലി പോലിരിക്കുന്ന കുഞ്ഞുങ്ങളെ പുലി പോലാക്കി മാറ്റും ഇത്.

ഓര്‍മ്മകള്‍ ആണ് കാന്താരിയുടെ പ്രധാന ബ്ലോഗ്. അവിടെയുമുണ്ട് പുളിയില ചമ്മന്തി, കള്ളില്‍ നിന്ന് വിനാഗിരി ഉണ്ടാക്കും വിധം, ജാതിക്കാരിഷ്ടം തുടങ്ങിയ പാചകവിധികള്‍.

എന്തും നന്നായി വിശകലനം ചെയ്യുന്നു അവര്‍. വെസ്പാ വള്‍ഗാരിസ്, പഴുതാര, തേള്് എന്നീ പോസ്റ്റുകള്‍ കുട്ടിക്കാല ഓര്‍മ്മയിലൂടെ കടന്ന്, കടന്നല്‍-പഴുതാര-തേള്‍ കുത്ത് എന്നിവയ്ക്കുള്ള പച്ച മരുന്നുകളിലെത്തുന്നു. നായ്ക്കുരണയെക്കുറിച്ചുമുണ്ട് ഇതുപോലൊന്ന്. ഇരിങ്ങോള്‍ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ സസ്യവൈവിദ്ധ്യം മറ്റൊരു പോസ്റ്റില്‍ നിറയുന്നു. ലോകക്ഷീരദിനം ക്ഷീരകര്‍ഷകരെക്കുറിച്ചാണ്.

പാട്ടിന്റെ പാലാഴി എന്ന ബ്ലോഗ് നല്ല പാട്ടുകളുടെ ആഡിയോയും വരികളുമടങ്ങുന്ന വന്‍ശേഖരമാണ്. ശ്രദ്ധിച്ചില്ലേ ,അവിടെയുമുണ്ട് പാല്. സര്‍വ്വത്ര പാല്‍മയം ഈ ബ്ലോഗുകള്‍.

സ്വന്തം വീട്ടില്‍ നിന്ന് കൃഷിയുടെ ബാലപാഠം. വിവാഹം ക്ഷീരകര്‍ഷകന്റെ മരുമകളാക്കി. ആദ്യം മടിച്ചു നിന്ന് പിന്നെ എല്ലാത്തിലും അലിഞ്ഞു ചേര്‍ന്ന്, ഒപ്പം പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഉദ്യോഗം നേടി. പിന്നെ നാടിനൊപ്പം നടുവേ എന്ന് കംപ്യൂട്ടര്‍ പഠനം. ഒന്നാന്തരം കൃഷി, സര്‍ക്കാര്‍ ജോലി, ബ്ലോഗിംഗ്. കാന്താരിക്കുട്ടിയല്ലേ ശരിയായ മള്‍ട്ടി ടാസ്‌ക്കര്‍? കിട്ടിയ വിലയേറിയ പൈതൃകത്തിന്റെ മഹത്വം മനസ്സിലാക്കി കാത്തു സൂക്ഷിക്കുന്നവള്‍. ലിങ്ക് ഇതാ- http://kantharikkutty.blogspot. കാന്താരി ഇനിയും എഴുത്തു തുടരണം .


കുഞ്ഞുന്നാള്‍ മുതല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സമയങ്ങളായിരുന്നു പകലിരവുകള്‍ സന്ധിക്കുന്ന, ചിന്തയും ഭാവനയും വിടരുന്ന, പ്രഭാതവും സന്ധ്യയും. പക്ഷേ കുടുംബിനിയായപ്പോള്‍ ഈ നല്ല സമയം എന്റെ അടുക്കള അപഹരിച്ചു. അതില്‍ എനിക്ക് അടുക്കളയോടു തെല്ലു പരിഭവമുണ്ടായിരുന്നു താനും. അതുകൊണ്ടു തന്നെ 'അടുക്കളകള്‍ തിരിച്ചു പിടിക്കണം' എന്ന സാറാ ജോസഫ് ടീച്ചറുടെ ആഹ്വാനം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. പക്ഷേ പാചകം ഇഷ്ടപ്പെടുന്ന ബിന്ദുവും കാന്താരിക്കുട്ടിയും ഒന്നു പറഞ്ഞു തന്നു, പാച കം ഒരു കലയാണ്, അതിലൂടെ വീട്ടുകാര്‍ക്ക് സ്‌നേഹം വിളമ്പുന്നവരുണ്ട്.




.

.





12 comments:

  1. ഈ അടുക്കളയിൽ നിന്നും സ്ത്രീകൾ അരങ്ങത്തേക്ക് വരണമെന്ന് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞപ്പോൾ നമ്മുടെ കുറേ മല്യാലം പറയുന്ന ചാച്ചിമാർ അദ്ദേഹത്തിന് ജയ് വിളിച്ച് കൊണ്ട് അടുക്കളയിൽ കയറില്ല എന്ന് തീരുമാനിക്കുകയും അരങ്ങത്ത് വന്ന് പേക്കൂത്തുക്കൾ നടത്തുകയും ചെയ്യുമ്പോൾ, അവരുടെ കൂട്ടത്തിൽ പെടാതെ നിൽക്കുന്ന ബിന്ദു.കെ.പിയും കാന്താരിക്കുട്ടിയും ഒക്കെ യഥാർത്ഥത്തിൽ ഭട്ടതിരിപ്പാടിന്റെ പിൻ തലമുറക്കാരാണ്. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാതെ അവർ അരങ്ങ് കീഴടക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യം തന്നെ. പക്ഷെ, ഭക്ഷണസാമഗ്രികൾ കണ്ടാൽ പിന്നെ അധികനേരം ബ്ലോഗ് വായന നടക്കില്ല എന്നത് കൊണ്ടാണോ അതോ ഇനി ഞാൻ പാചക ബ്ലോഗിൽ കയറി വായിക്കുന്നത് കണ്ട് റെസ്റ്റ് എടുത്തേക്കാമെന്ന് വാമഭാഗം കരുതിയാലോ എന്ന തോന്നലാണോ, കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ ബ്ലോഗിൽ ഒരു സ്ഥിരം സന്ദർശകനല്ല എന്നത് ഖേദപുർവ്വം പറഞ്ഞോട്ടെ.. പാചകവും കലയാണെന്നും അതിന് ഒരു പണത്തൂക്കമെങ്കിലും കൈപുണ്യം വേണമെന്നുമുള്ള തിരിച്ചറിവ് ഉണ്ടാക്കിത്തരുന്ന ഇവർക്ക് എല്ലാവിധ ആശംസകളും.
    ഒരു ഓഫ് : അടുക്കള മഹാത്മ്യം എന്ന് കണ്ടപ്പോൾ അനിത ഹരീഷ് ആവും ഇത്തവണ എന്നാണ് കരുതിയത്.

    ReplyDelete
  2. അടുക്കള തലം എന്റെ പ്രിയപ്പെട്ട ബ്ലോഗുകളില്‍ ഒന്നാണ് ...
    ബിന്ദു വിന്റെ ആവക്ക അച്ചാര്‍ ഞാന്‍ പരീക്ഷിച്ചു നോക്കീട്ടുണ്ട് ..
    കാന്താരിക്കുട്ടീടെ ബ്ലോഗും ഇഷ്ടാണ് .. പക്ഷെ പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലന്നൊരു കുഞ്ഞു സങ്കടവും ഉണ്ട് ...

    ReplyDelete
  3. കൊള്ളാം..നന്നായി..
    ഇനി ആ അടുക്കള ബ്ലോഗുകളിൽ കൂടി കയറിയിറങ്ങട്ടെ..
    എന്നിട്ട് ഇത്തിരി പരീക്ഷണങ്ങൾ ചെയ്യാൻ പറ്റുമോന്ന് നോക്കട്ടെ..,

    ReplyDelete
  4. മനോരാജ്...എന്താ പറഞ്ഞു വരുന്നത്? ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ എന്നോ? അടുക്കള വാമഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമെന്നോ...ബിന്ദുവിനും കാന്താരിക്കും വേറേയും blogs ഉണ്ട്. അത് കൂടി വായിക്കണേ.

    ഹാഷിം- അഭിനന്ദനത്തിന് നന്ദി സുഹൃത്തേ... പിന്നെ എന്റെ പോസ്റ്റ് നന്നല്ലായിരിക്കാം, പക്ഷേ ബിന്ദുവിന്റേയും കാന്താരിയുടേയും ബ്ലോഗുകള്‍ വളരെ നന്ന്. അതിലേ പോയിട്ടുണ്ടാകുമല്ലോ, അല്ലേ. ഇല്ലെങ്കില്‍ പോയി നോക്കണം. പാചകം മാത്രമല്ല അവിടെ.
    ചേച്ചിപ്പെണ്ണ്- അതെ, അവര്‍ ഇനിയും എഴുതട്ടെ. വനിതാ ബ്ലോഗര്‍മാര്‍ പലരും ഇടയ്ക്കു വച്ച് അപ്രത്യക്ഷരാകന്നുണ്ട്. എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോകല്‍ ശ്രമകരമായതു കൊണ്ടാകാം. ഇനി നമ്മളും ഒരു നാള്‍ ഡിം എന്നു ബ്ലോഗിനോടു വിട പറയുമോ ആവോ?

    കമ്പര്‍-പരീക്ഷണങ്ങള്‍ വിജയിക്കട്ടെ. എളുപ്പവഴികള്‍ക്ക് വേണമെങ്കില്‍ കുഞ്ഞൂസിന്റെ തൈരു വിഭവങ്ങളും കൂടി നോക്കാം...:)

    ReplyDelete
  5. അടുക്കള വാമഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമാകണമെന്ന് ആശയുള്ള ഒരു പുരുഷൻ തന്നെ ഞാനും. പക്ഷെ പറഞ്ഞത് അങ്ങിനെയല്ല ചേച്ചി. മറ്റുള്ളവർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുമ്പോൾ ഇവർ ആ ഉത്തരവാദിത്വവും നിറവേറ്റുന്നു എന്നേ ഉദ്ദേശിച്ചുള്ളു. ഞാൻ ഉദ്ദേശിച്ചത് പറഞ്ഞ് പിടിപ്പിക്കാൻ എനിക്കൊട്ട് കഴിയുന്നുമില്ല. പോട്ടെ വിട്ടുകള. അവരുടെ മറ്റു ബ്ലോഗുകളും കണ്ടിട്ടുണ്ട്.

    ReplyDelete
  6. that's alright manoraj, dont worry. got what you inteded to say.

    ReplyDelete
  7. ഭക്ഷണം പാചകം ചെയ്തു കഴിക്കണമെന്ന് ആഗ്രഹമുള്ളവരെയെല്ലാം അടുക്കള ഉള്‍ക്കൊള്ളില്ലേ?

    ReplyDelete
  8. cooking എന്റെ ഒരു ഹോബി ആണ്-ഈ ബ്ലോഗുകളെല്ലാം പരിചയപ്പെടുത്തിയതില്‍ സന്തോഷം.

    ReplyDelete
  9. cooking as a hobby is interesting and rewarding.but when it becomes a routine job and steals the precious me-moments it irritates.adukalayum arangum orupole share cheyyan manassulla purushanmar nirayatte ee lokath!!!!!!!

    ReplyDelete
  10. @ chithrangada-You said it dear!three cheers to you!
    @ santha and jyo- my reply comment -same as that of chithra...

    ReplyDelete
  11. ബിന്ദു.കെ.പിയുടെയും കാന്താരിക്കുട്ടിയുടെയും ബ്ലോഗുകൾ ശ്രദ്ധേയം തന്നെ. ആശംസകൾ
    അടുക്കളത്തളത്തിൽ ഒരു പുതിയ വിഭവമുണ്ട് ചക്കപപ്പടം ..എനിക്ക് വല്യഷ്ടായി :)

    ReplyDelete