Monday, June 7, 2010
വ്യത്യസ്തയാം ഭൂമിപുത്രി
(ജൂണ്‍ 05 ലക്കത്തിലെ കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
ഒട്ടൊരു വ്യത്യസ്തത അന്വേഷിച്ച് നടന്നാണ് ഭൂമിപുത്രിയെ കണ്ടെത്തിയത്. 'ഇവിടെയീ കാണുന്നതൊക്കെയായാല്‍ പാതി ഞാനായി ' എന്നു പറയുന്ന ഭൂമിപുത്രിക്ക് , ബ്ലോഗുകള്‍ മൂന്ന്. കൂടാതെ വനിതാ ലോകം, ബുക്ക് റിപ്പബ്ലിക്ക് തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വേറേയും.
അന്നന്നു തോന്നിയത് -ഒരു സിനിമ ആസ്വാദകയ്ക്ക് സിനിമാസംഘടനയായ അമ്മയോടു ചോദിക്കാനുള്ളതു കേള്‍ക്കുക- 'മലയാളസിനിമയില്‍ കാമ്പും കരുത്തുമുള്ള കലാകാരന്മാര്‍ ഓരോരുത്തരായി കരള്‍ വാടി അര ങ്ങൊഴിഞ്ഞുതുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഈയ ടുത്ത കാലത്തായി അതിന്റെ ആക്കം വര്‍ദ്ധിച്ചിരിക്കുന്നു. ചിലര്‍ ആശുപത്രിയില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു, എപ്പോഴാണ് കൂടുതല്‍ പേരുകള്‍ ആ പട്ടികയില്‍ ചേരുക എന്നറിയില്ല. ഈ 'മാരകരോഗ'ത്തെ , എന്നു തന്നെ, പറയട്ടെ, തടയാനുള്ള ഇഛാശക്തി (വന്നുകഴിഞ്ഞു ള്ള ചികിത്സയോ മരിച്ചു കഴിഞ്ഞ് കുടുംബത്തിനുള്ള ധനസഹായമോ അല്ല) 'അമ്മ' എന്തു കൊണ്ടാണ് കാണിക്കാത്തത്? '- ഈ ചോദ്യം ശരിയല്ലേ? ഇത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുമെന്നു നമുക്ക് പ്രത്യാശിക്കാം.
ഇത് ഇത്രയ്‌ക്കൊക്കയേ ഉള്ളൂട്ടോ...എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ പോസ്റ്റ് കണ്ടറിയേണ്ടതാണ്, വായിക്കേണ്ടതല്ല. 1949 ലെ മിസ് ഇന്‍ഡ്യയുടെ സൗന്ദര്യം വഴിഞ്ഞൊഴുകും മുഖം. അതു കഴിഞ്ഞ് 2009 ല്‍ 90 തികഞ്ഞ അവര്‍, അമോല്‍ പലേക്കര്‍ക്കൊപ്പമുള്ള പടം. 2009 ഫെബ്രുവരി 2 ലെ ഈ പോസ്റ്റ് കണ്ടു നോക്കൂ, നിങ്ങളും പറയും...അതേ, മനുഷ്യജീവിതം ക്ഷണപ്രഭാചഞ്ചലം!
അതു താനല്ലയോ ഇത്-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മര്‍ലിന്‍ മണ്‍റോയും തമ്മിലെന്താ ബന്ധം ? ആദിശങ്കരന്റെ അദൈ്വതസിദ്ധാന്തം ഒരു സഹബ്ലോഗറെ മനസ്സിലാക്കിക്കാന്‍ 2009 ജനുവരി 08 ന് ഇട്ട പടം ഒന്നു കണ്ടാല്‍ അതു മനസ്സിലാകും. ഇത്തരം പടങ്ങള്‍ ഫോര്‍വേഡഡ് മെയിലുകളായി പലരും കണ്ടു കാണും .കാണാത്തവര്‍ ഒന്നു കണ്ടോളൂ. ഒന്നായ നിന്നെയിഹ.....
ജലതരംഗം-ഇത് കവിതാ ബ്ലോഗാണ്. ഒന്നൊഴികെ എല്ലാം ഗദ്യകവിതകള്‍. മദ്യപാനത്തിന് എതിരെങ്കിലും മാംഗഌര്‍ സംഭവത്തോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ എന്ന് ശ്രീരാമസേനക്കാരെ കണക്കിനു കളിയാക്കുന്നു 'ശ്രീരാമസേനാമൃതം. 'വത്സ സൗമിത്രേ കുമാരാ നീ കേള്‍ക്കണം' എന്ന ലക്ഷ്മണോപദേശം മട്ടില്‍ ഒന്നു വായിക്കൂ-
വത്സേ!സുഗുണേ! കുമാരി! നീ കേള്‍ക്കണം
സത്സ്വഭാവം തെളിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ ദാഹമറിഞ്ഞിങ്ങുവന്നു ഞാന്‍
പബ്ബുകള്‍ തേടിനീ യാത്രയായെന്നതും.
നിന്നെ പഠിപ്പിച്ചു നേരേ നടത്തുവാന്‍
എന്നെ നിയോഗിച്ചു മാനം പുലര്‍ത്തുവാന്‍.
നിന്നാലിതാകൊലാ മദ്യം കുടിയ്ക്കുവാന്‍
നിര്‍ണ്ണയമെന്നൊരു വാക്ക് നീ ചൊല്ലുക
നാടിന്‍ മഹിമയും പേരും പെരുമയും
മാനിനി കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനെയും ഭാരത
ദേശംവെടിഞ്ഞു നീ ദൂരെ ഗമിയ്ക്കുക
അതെ, മാനിനിമാര്‍ക്കു മാത്രമല്ലേ സത്സ്വഭാവം വേണ്ടതുള്ളു ഈ ആര്‍ഷഭാരതത്തില്‍?
കാതോരം-2007 ലെ കേരളപ്പിറവി ദിനത്തിലും നമ്മള്‍ ഹര്‍ത്താല്‍ ആഘോഷിച്ചുവോ? ആ പോസ്റ്റില്‍ നിന്ന്- 'ഉള്ള സത്യം പറയാമല്ലോ. പണിയെടുക്കാതെ മൂന്നുനേരം തിന്നും കുടിച്ചും ആഘോഷിക്കാനൊരു ദിവസം കിട്ടിയാല്‍ ULFA വിളിച്ചാലും ഞങ്ങള്‍ മലയാളികള്‍ വിളികേള്‍ക്കും! ഞാന്‍ നാട്ടിലില്ലാതെ പോയല്ലോ. ഹോളീഡേക്കെട്ടു വിടുമ്പോള്‍ ഹര്‍ത്താല്‍ ലഹരി വിമു ക്ത ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കാമായിരുന്നു..'
തീവ്രവാദത്തിനെതിരെയുള്ള 'ഇതൊരു ഭ്രാന്തന്‍ സ്വപ്‌നമാണോ' എന്ന പോസ്റ്റില്‍ നിന്ന് - 'സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുന്ന ഭുരിപക്ഷം മുസ്ലീമുകളുടെയും ശബ്ദം, മതതീ വ്രവാദത്തിനെതിരെ ഒരുമിച്ചുയരുകയാണ് ഏറ്റവും ഫലപ്രദമായ പരിഹാരം. കുറച്ച് നാള്‍ മുന്‍പ് യു.പി.യിലെ Deoband പണ്ഡിതര്‍ മുസ്ലിം തീവ്രവാദത്തിനെതിരെ ഒരു പ്രസ്താവനയിറക്കിയപ്പോള്‍, അതൊരു വലിയ പ്രസ്ഥാനമായി വളരുമെന്ന് ആശിച്ചു, പക്ഷെ പിന്നെയൊന്നും കേട്ടതുമില്ല' .
സമയക്കുറവാവാം, കാതോരത്തിലും ജലതരംഗത്തിലും പോസ്റ്റ് ഇട്ടിട്ട് ഒരു വര്‍ഷത്തിനു മേലായി. വനിതാലോകം എന്ന കൂട്ടായ്മയിലും പുതുതൊന്നുമില്ല. ' ശല്യം കൂടാതെ ഇരുന്നെഴുതാന്‍ ഒരു മുറിയും സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കാന്‍ പൈസയും (A room of one's own and five hundred pounds a year) ആണ് ഒരു എഴുത്തുകാരിക്ക് അവശ്യം വേണ്ട സൗകര്യങ്ങള്‍ 'എന്ന് വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞു വച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇന്ന് അതു രണ്ടുമുള്ള വനിതകള്‍ കുറേയെങ്കിലുമുണ്ട്. പക്ഷേ ജോലി, പിന്നെ കുടുംബമെന്ന പണിമുടക്കാനാവാത്ത അവശ്യസര്‍വ്വീസ്, ഇതിന്റെയൊപ്പം ഇത്തരം കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്തുക ശ്രമകരമാണ്് ,സംശയമില്ല. സാഹിത്യം മാത്രമല്ല ബ്ലോഗെഴുത്ത് എന്നും പ്രതികരിക്കാനുള്ള ശക്തമായ വേദിയാക്കാം ബ്ലോഗ് എന്നും കാണിച്ചു തരുന്ന ഭൂമിപുത്രിയെപ്പോലുള്ളവര്‍ പക്ഷേ ഇങ്ങനെ നിശബ്ദ്ത പാലിച്ച് ഇരുന്നു കൂടാ.
ലിങ്ക് ഇതാ-http://annannuthonniyathu.blogspot.com/
അവസാന രണ്ടു വരികള്‍, സ്ഥലക്കുറവുമൂലമാവാം വാരികയില്‍ വന്നില്ല. അതുകൂടി ഇതില്‍ ഇടുന്നു.
Subscribe to:
Post Comments (Atom)
' ശല്യം കൂടാതെ ഇരുന്നെഴുതാന്‍ ഒരു മുറിയും സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കാന്‍ പൈസയും (A room of one's own and five hundred pounds a year) ആണ് ഒരു എഴുത്തുകാരിക്ക് അവശ്യം വേണ്ട സൗകര്യങ്ങള്‍ 'എന്ന് വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞു വച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ്.
ReplyDeleteആന്റീ, ഒന്നും മനസ്സിലായില്ലാട്ടോ..
ReplyDeleteമനസ്സിലാവാത്തതെന്തെന്ന് എനിക്കും മനസ്സിലായില്ലല്ലോ .
ReplyDeleteവായിയ്ക്കാറുണ്ട്. സമയക്കുറവു കൊണ്ടാകാം ഇപ്പോള്‍ അവിടെ പോസ്റ്റുകള്‍ കുറവാണ്.
ReplyDeleteഭൂമി പുത്രീനെ പരിചയ പെടുത്തിയതിനു നന്ദി .. ശ്രീ ...
ReplyDeleteബ്ലോഗ് കാണട്ടെ .. :)
ആദ്യമായാണ് ചേച്ചി ഭൂമിപുത്രിയെ കാണുന്നേ.. കൂടുതൽ വായനക്ക് സമയം കിട്ടിയില്ല. അവിടെ കണ്ട ഏറ്റവും പുതിയ പോസ്റ്റുകൾ മാത്രം വായിച്ചു എന്ന് പറയാം. ഏതായാലും പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDeleteഭൂമിപുത്രിയെ മറ്റു പുത്രിമാരും പുത്രന്മാരും തിരിച്ചറിയട്ടെ.
ReplyDeleteഇവിടെ വരുന്നു.വൈവിദ്ധ്യങ്ങള്‍ക്കായി.
ReplyDelete