Saturday, May 22, 2010

എച്ച്മുവോട് ഉലകം

(മെയ് 22 ലക്കത്തിലെ കേരളകൗമുദി വാരികയല്‍ പ്രസിദ്ധീകരിച്ചത്)


തമിഴ് ചുവയുള്ള ഈ ബ്ലോഗ് പേരാണ് എന്നെ കല.സി. എന്ന എച്ചുമുക്കുട്ടിയുടെ രചനകളിലെത്തിച്ചത്. അസാധാരണമായ ഈ ബ്ലോഗ് പേര് 'എന്നിലെ തമിഴു പട്ടരും മലയാളി ആശാരിയും തമ്മിലുള്ള നിത്യമായ ചൊറിച്ചിലിന്റെ ഒരു ബാക്കി പത്രമെന്ന നിലയിലാണ് ' എന്നു പറയുന്നു എച്ച്മു. 'തമിഴു പട്ടരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും എന്നെ തമിഴ് പട്ടരു കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല' എന്ന എച്ച്മുവിന്റെ സങ്കടം എന്റേതു കൂടിയായി. ജാതി-മത അടിയൊഴുക്കുകള്‍ മോഡേണ്‍ എന്ന് അഹങ്കരിക്കുന്ന സമൂഹത്തിലും എത്ര ശക്തമെന്ന് ഈ ബ്ലോഗ് എന്നെ ലജ്ജിപ്പിച്ചു.

'സ്വന്തം ഭര്‍ത്താവിന്റെയല്ലേ, സാരമില്ല' എന്ന കഥയും ജാതി പേരിലുള്ള പീഡനം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ നടക്കുന്ന കഥ എന്ന രീതിയില്‍ വിഷയത്തിന് അല്‍പ്പം അവിശ്വസ്വനീയത തോന്നിയെങ്കിലും അവതരണ രീതിയും ഭാഷയും മികച്ച നിലവാരം പുലര്‍ത്തുന്നു. ഒറ്റയിരുപ്പിന് മുഴുവന്‍ വായിച്ചു തീര്‍ക്കും നമ്മള്‍.

ശക്തമാണ് എച്ച്മുവിന്റെ വാക്കുകള്‍. കുറിക്കു കൊള്ളുന്നവ. മതവൈരം ശമിപ്പിക്കുവാനുള്ള എച്ച്മുവിന്റെ 'ഒരു ഒറ്റമൂലി' വായിക്കൂ-

'ആ വിഷയം ചര്‍ച്ചക്കെടുത്താല്‍ എല്ലാവരും തമ്മില്‍ ഒന്നിനൊന്ന് മികച്ച ഐക്യമുണ്ടാകും. ആ ഭയങ്കര വിഷയമാണു നമ്മള്‍ പെണ്ണുങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍. പെണ്ണ് ജനിക്കണോ വേണ്ട്യോ? വല്ലതും അക്ഷരം കൂട്ടിവായിക്കാന്‍ പഠിക്കണോ? കല്യാണം കഴിക്കണോ? ജോലിക്കു പോണോ? തന്തേടേം കെട്യോന്റേം സ്വത്തില് അവകാശം വേണോ? അമ്പലത്തിലും പള്ളീലും ഒക്കെ കേറി വല്ല പൂജ്യോ കുര്‍ബാന്യോ ഓത്തോ ഒക്കെ ചെയ്യണോ?പിന്നെ, നമ്മള് എന്തുടുക്കണം, എങ്ങനെ നടക്കണം, ആരോട് മിണ്ടണം, എന്ത് തിന്നണം, എന്ത് കുടിക്കണം ഈ പറഞ്ഞ പോലത്തെ വിഷയങ്ങള് മുമ്പോട്ടു വച്ച് എല്ലാ ജാതിമതക്കാരേം വിളിച്ച് ഒരു ചര്‍ച്ച സംഘടിപ്പിച്ച് നോക്ക്യേ. എം. എല്‍. എ. മാര്‍ക്കും എം. പി. മാര്‍ക്കും കാശ് കൂട്ടണ ബില്ല് മാത്രമല്ലെ നമ്മടെ നിയമസഭേലും ലോകസഭേലും ഒരു വഴക്കും ഇല്ലാണ്ട് ഭരണപ്രതിപക്ഷ ഐക്യത്തോടെ പാസ്സാവാറുള്ളൂ. അതുപോലെ കമ്പ്്്‌ലീറ്റ് ഐക്യത്തോടെ എല്ലാ മതങ്ങളും പെണ്ണുങ്ങളുടെ അവകാശങ്ങളിലും ചുമതലകളിലും ഒറ്റ, സിങ്കിള്‍ അഭിപ്രായത്തിലെത്തും. സംശ്യം വല്ലതും ഉണ്ടെങ്കില്‍ നമ്മക്ക് ചര്‍ച്ച സംഘടിപ്പിച്ച് നോക്കാം.'

'ബുദ്ധിയും സിദ്ധിയും' എന്ന എച്ച്മുവിന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ-

'ഒറങ്ങിക്കെടക്കണ വയറ്റുകണ്ണിപ്പെണ്ണിനെ കളഞ്ഞിട്ടു ആണൊരുത്തനങ്ങട് വീടുവിട്ടു പോയാല്‍ ബുദ്ധനോ സിദ്ധനോ ഒക്കെ ആവാം. പെണ്ണൊരുത്തി ആരോഗ്യസാമിയായ ആണിനെ കളഞ്ഞിട്ടു വീടുവിട്ടു പോയാലും ബുദ്ധിയോ സിദ്ധിയോ ഒന്നുമാവില്ല. പകരം പെഴച്ചവള് ആകും. ആണ് പെഴക്കില്ലല്ലോ!പെഴക്കല് പെണ്ണിന് മുപ്പത്തിമൂന്നും അമ്പതുമല്ല, നൂറുശതമാനം സംവരണമാ. പെഴച്ചവളെന്ന പേരു കേള്‍ക്കാതെ ബുദ്ധിയോ സിദ്ധിയോ ആവണമെങ്കിലേ, സ്വീകരണമുറിയിലെ ബോണ്‍സായ് ആലിന്റെ ചോട്ടിലിരിക്കണം.'

കഥകള്‍ ധാരാളം എഴുതിയിട്ടിട്ടുണ്ട് എച്ച്മു. മാധവിക്കുട്ടിയെ ഏറെ ഇഷ്ടപ്പെട്ട് അവരുടെ അന്ത്യയാത്ര കാണാന്‍ റോഡരികില്‍ നഷ്ടബോധത്തേടെ നിന്ന എച്ച്മുവിന്റെ ചില കഥകള്‍ക്ക് അവരുടെ ശൈലിയുണ്ട്.

സാധാരണ 'ഞാന്‍ ' കഥ പറയുന്ന രീതി എനിക്കിഷ്ടമല്ല. എച്ച്മുവിന്റെ മിയ്ക്ക കഥകളിലും 'ഞാനു'ണ്ട്. എന്നിട്ടും എനിക്കത് ഇഷ്ടമായി. നമുക്കു ചുറ്റുമുള്ള കൊച്ചു ജീവിതത്തുണ്ടുകള്‍, പൊള്ളുന്ന അനുഭവങ്ങള്‍ ഇതെല്ലാം കഥയ്ക്കു വിഷയീഭവിക്കുന്നു. എല്ലാം നിന്ദിതരുടേയും പീഡിതരടേയും ദുഃഖിതരുടേയും കഥകള്‍. വായനക്കാരുടെ ഉള്ളുരുക്കുന്നവ, ചിന്തിപ്പിക്കുന്നവ. കഥയ്ക്ക് ഒരു സന്ദേശം ഒന്നും ആവശ്യമില്ല എന്നു പറയും. പക്ഷേ എച്ച്മുവിന്റെ കഥകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന സന്ദേശമുണ്ട്. കരുണ, സ്‌നേഹം, ഹൃദയവിശാലത അങ്ങനെയെന്തെങ്കിലുമൊന്ന്. അതാണ് അതിന്റെ ആകര്‍ഷണീയത.

കൃസ്ത്യാനിയല്ലാത്ത നായികയെ ഉപേക്ഷിച്ച് അവളുടെ കുഞ്ഞിനെ സൂത്രത്തില്‍ കൃസ്ത്യാനിയായ അച്ഛനും വീട്ടുകാരും കൊണ്ടു പോകുന്നതിനെപ്പറ്റിയുള്ള ' തിരുപ്പിറവി ' എന്ന കഥ പറയുന്നത് ബൈബിള്‍ ഭാഷയിലാണ്. ആ കഥയില്‍ നിന്ന് ചില വരികള്‍-

'തിരുപ്പിറവിക്കു തലേന്നു പുലര്‍ച്ചെ അവന്‍(ഭര്‍ത്താവ്) സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാര്‍ന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാല്‍ ഞാന്‍ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരു ന്നു. അക്കാലം അവന്റെ ബീജം എന്റെ ഉദരത്തില്‍ തുടിച്ചു കൊണ്ടിരുന്നു.'

'ദൈവത്തിന്റെ വിരലുകള്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍' മനോഹരമായി ഗിറ്റാര്‍ വായിക്കുന്ന, ഒരു വിരൂപനായ മനുഷ്യന്റെ കഥയാണ്, അയാളുടെ നഷ്ടപ്രണയത്തിന്റേതും. കഥ വായിച്ചു തീരുമ്പോള്‍ മനം നിറയെ നന്മയുള്ള ആ മനുഷ്യന്റെ അകസൗന്ദര്യം നമ്മെ വല്ലാതെ സ്പര്‍ശിക്കും. ഇനിയുമുണ്ട് ഹൃദയഹാരിയായ കഥകള്‍ എച്ചുമുവിന്റെ ലോകത്തില്‍ ധാരാളം.

വായിക്കണ്ടേ എച്ച്മുവിന്റെ കഥകള്‍? ഇതാ ഇതിലേയൊന്നു പൊയി നോക്കൂ..... http://echmuvoduulakam.blogspot.com/


32 comments:

  1. വായിച്ചു ..നന്നായിട്ടുണ്ട് ..എന്തായാലും ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയതിനു അഭിനന്ദന്‍സ് ..
    എച്ചുമോ ടെ ബ്ലോഗ്‌ ആദ്യം വായിച്ച് ഞാന്‍ ചോദിച്ചത് മാധവി ക്കുട്ടീടെ ആരേലും ആണോ എന്നാണ് ?
    അവരുടെ എഴുത്ത് എന്തുകൊണ്ടോ ആമിയെ ഓര്‍മ്മിപ്പിച്ചു ...
    പല പോസ്റ്റ്‌ കളും വല്ലാതെ പൊള്ളല്‍ ഏല്‍പ്പിച്ചിരുന്നു ...

    ReplyDelete
  2. എച്മുവോട് ഉലകം ഞാന്‍ കണ്ടിട്ട് അധിക നാളായില്ല.ആദ്യമെന്റെ കണ്ണില്‍ പെട്ടത് ‘പ്രഭാതത്തിലാണ് പ്രസവ വേദന വരേണ്ടത്’ അങ്ങനെയൊരു പോസ്റ്റിലൂടെയാണെന്നു തോന്നുന്നു.അതു വായിച്ചെത്ര മാത്രം സങ്കടപ്പെട്ടുവെന്നറിയില്ല.അതിലുള്ള പോലൊരാളെ ഞാനറിഞ്ഞിരുന്നു.ആ സങ്കടത്തിന്റെ നീറ്റല്‍ കാരണം അതിനു കമന്റാന്‍ പോലും കഴിഞ്ഞോ എന്നറിയില്ല.പിന്നീട് പല പോസ്റ്റുകളും വായിച്ചിഷ്ടപ്പെട്ടിട്ടുണ്ട്.ലളിതം എന്നാല്‍ മനസ്സിലേക്ക് പെട്ടെന്നു കേറുന്നതുമായ ഒന്നാണെന്നു തോന്നാറുണ്ടു എച്മുവിന്റെ ലോകത്തിലെ പല കഥകളും.ഇനിയുമൊരുപാട് നന്നായി എഴുതാനാവട്ടെ..

    ReplyDelete
  3. എച്മുകുട്ടിയെ വായിക്കാറുണ്ട്, ഇഷ്ട്ടവുമാണ്

    ReplyDelete
  4. വായിയ്ക്കാറുണ്ട്...

    ReplyDelete
  5. എച്ചു വായിക്കപെടേണ്ട ഒരു കഥാകാരി തന്നെ.. പറഞ്ഞപോലെ മാധവിക്കുട്ടിയുടെ ശാക്തമായ ഒരു തലം എച്ചുവിനുണ്ട് തന്നെ.. പിന്നെ ജാതിയിലെ ഉച്ചനീചത്വങ്ങൾ തന്നെ തുടർച്ചയായി പ്രമേയമാക്കുന്നുണ്ടോ എന്നൊരു സംശയം. പിന്നേ, ഇനി ഇപ്പോ എന്റെ സംശയം കാരണം ആരും വായിക്കില്ല. എന്നോട് പോകാൻ പറ അല്ല പിന്നെ. .

    ReplyDelete
  6. എച്മുവിന്റെ ബ്ലോഗ്ഗില്‍ സ്ഥിരമായി കമന്റുന്ന ഒരു എഴുത്തു/വായനത്തൊഴിലാളിയാണ് ഞാന്‍..
    അനുഭവങ്ങളുടെ കരുത്ത് ആ ബ്ലോഗ്ഗില്‍ ധാരാളമുണ്ട്.
    സ്നേഹത്തിന്റെ സീമയില്ലാത്ത ലോകവും.
    അവര്‍ നന്നായി വരും. തീര്‍ച്ച.

    ReplyDelete
  7. കലാകൌമുദിയിൽ ഇങ്ങിനെയൊരു കലാപരിപാടിയാരംഭിച്ചുവൊ ?
    ഇവിടെ യുകെയിൽ അഞ്ചുകിണ്ണങ്കാച്ചി ബ്ലോഗിണിമാരുണ്ട് കേട്ടൊ,എന്റെ പോസ്റ്റിൽ അവരുടെ വെബ് വിലാസങ്ങളും ഉണ്ട്.സൌകര്യം പോലെ അവരേയും സന്ദർശിക്കുമല്ലോ...

    ReplyDelete
  8. വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി.പിന്നെ ബിലാത്തിപ്പട്ടണം മാഷേ, കലാകൗമുദിയല്ല , കേരളകൗമുദി വാരികയാണ്. താങ്കള്‍ പറഞ്ഞ എല്ലാവരേയും സന്ദര്‍ശിക്കാറുണ്ട്. ഇഷ്ടവുമാണ്. കാളിന്ദീതീരം ലഷ്മിയെ താങ്കള്‍ വിട്ടുപോയോ? പിന്നെ മേരിക്കുട്ടി ആക്റ്റീവ് അല്ലല്ലോ. എന്തു പറ്റിയോ ആവോ?

    ReplyDelete
  9. ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടെന്നു ഇപ്പോഴാണ്
    കണ്ടത്...എച്മുവോട് ഉലകം വായിക്കാന്‍ കഴിഞ്ഞതില്‍
    സന്തോഷം..

    ReplyDelete
  10. എച്മുവിന്റെ കഥകളിഷ്ടാണ്.
    ആശംസകൾ!

    ReplyDelete
  11. അടുത്ത കാലത്താണ്‌ കണ്ടത്... കൊള്ളാം..

    ReplyDelete
  12. എച്ച്മുവോട് ഉലകം വായിക്കാറുണ്ട്. ഇഷ്ടബ്ലോഗുകളില്‍ ഒന്നു തന്നയാണത്.!

    ആശംസകള്‍ ……അഭിനന്ദനങ്ങള്‍ :)

    ReplyDelete
  13. അഭിനന്ദനങ്ങള്‍!

    ReplyDelete
  14. I have visited 2-3 times.
    Keep your spirit up
    :-)
    UPasana

    ReplyDelete
  15. echummuvine parichayappetuththiyathinu nandi. njaan munpe vaykkarunt.

    ReplyDelete
  16. കണ്ടിട്ടുണ്ട്.
    വായിച്ചിട്ടുണ്ട്.
    നല്ല ബ്ലോഗാ..

    ഈ പരിചയപ്പെടുത്തലുകൾ
    നന്നായി.

    ReplyDelete
  17. എച്ച്മുവോട് ഉലകം ഇപ്പോള്‍ കയറിയിറങ്ങി വന്നേയുള്ളൂ..
    വായനയുടെ സുഖം ശരിക്കും നല്‍കുന്ന രചനകള്‍ തന്നെ..
    ഇങ്ങനെയൊരു പരിചയപ്പെടുത്തല്‍ തീര്‍ച്ചയായും അവരെ കൂടുതല്‍
    വായിക്കപ്പെടാനിടയാക്കും.
    ഈ പരിശ്രമത്തിനു എല്ലാ ആശംസകളും!

    ReplyDelete
  18. എച്മു, അഭിനന്ദനങ്ങള്‍.

    എച്മുവിനെ വായിക്കാറുണ്ട്. പച്ചയായ സത്യസന്ധമായ കഥകള്‍.

    'സ്വന്തം ഭര്‍ത്താവിന്റെയല്ലേ, സാരമില്ല' എന്ന കഥ വായിച്ചപ്പോള്‍ എനിക്ക് തെല്ലൊരസാരസ്യം തോന്നി. ഇന്നത്തെ കാലത്തും ഇങ്ങനയോ എന്ന്. നമ്മുടെ പരിഷ്കൃത കാട്ടിക്കൂട്ടല്‍ ഒരു പുറം പൂച്ചു മാത്രമാണെന്ന് എച്മു ഓര്‍മ്മപ്പെടുത്തുന്നു.

    മൈത്രേയി, അഭിനന്ദനങ്ങള്‍. ഈ സംരംഭത്തിനു ഒത്തിരി ആശംസകള്‍.

    ReplyDelete
  19. എനിക്കിഷ്ടപ്പെട്ട ഒരു ബ്ലോഗാണ്. ബ്ലോറെരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരം ഉണ്ടാക്കിത്തന്നതിനു മൈത്രെയിക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  20. പരിചയപ്പെടുത്തിയതിന്‌ നന്ദി പറയുന്നു.

    ReplyDelete
  21. എച്മുക്കുട്ടീടെ സ്ഥിരം വായനക്കാരനാ ഞാൻ... തെളിഞ്ഞു തെളിഞ്ഞു വരുന്ന എഴുത്തുകാണുമ്പോൾ നിറഞ്ഞ സന്തോഷം!

    ReplyDelete
  22. എച്ച്മുവിനെ പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  23. എച്ച്മു വിനെ പരിച്ചയപെടുതിയതുകൊണ്ട് കുറച്ചു നല്ല പോസ്റ്റുകള്‍ വായിച്ചു
    വളരെ നന്ദി

    ReplyDelete
  24. എച്ച്മുവോട് ഉലകം വായിക്കാറുണ്ട്. അഭിനന്ദനങ്ങള്‍ .......

    ReplyDelete
  25. കാമ്പുള്ള എഴുത്തുകൾ എച്മുവോടു ഉലകത്തിൽ കാണാറുണ്ട്.. പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  26. എല്ലാ നല്ല വാക്കുകളും എച്ച്മുവിലേക്ക് തിരിച്ചു വിടുന്നു.നന്ദി എല്ലാവര്‍ക്കും.

    ReplyDelete
  27. എന്നെ എന്നും അല്‍ഭുതപ്പെടുത്തുന്ന എഴുത്തുകാരിയാണ്‌ എച്ചുമുക്കുട്ടി. സാമൂഹ്യപ്രശ്‌നങ്ങളെ - പ്രത്യേകിച്ചും സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ - ശക്തമായ ഭാഷയില്‍ കഥകളും ലേഖനങ്ങളുമാക്കി മാറ്റാനുള്ള കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

    എച്ചുമുക്കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  28. എച് ച്മുവോട് ഉലകം ഈയിടെയാണ് വായിക്കാന്‍ തുടങ്ങിയത്. അനുഭവങ്ങളുടെ കരുത്തുള്ള, ശക്തമായ ഭാഷയാണ് എച്ച്മുവിന്റെത്.ആരെയും പിടിച്ചിരുത്തുന്ന രചനയും.
    എച്ച്മു അയച്ചു തന്ന ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്, മൈത്രേയിയേയും പരിചയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം!

    എച്ച്മുവിനും മൈത്രേയിക്കും ആശംസകള്‍!

    ReplyDelete
  29. എച്ചുമുവിന്റെ ബ്ലോഗ് വായിച്ചു വായിച്ച്, എച്ചുമുവിന്റെ ഒരു അര അരാധികയായി മാറി..
    അഭിനന്ദനങ്ങള്‍!

    ReplyDelete