Saturday, May 22, 2010

ലളിതം...സൗമ്യം......മധുരം.....

(മെയ് 08 - കേരളകൗമുദി വാരികയില്‍ ബ്ലോഗുലകം എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

'മണ്ഡോദരി ഫുള്‍ വേര്‍ഷന്‍' (ശ്രീ.കാവാലം കുഞ്ചുപിള്ള) എന്ന കവിതാ പോസ്റ്റാണ് ചേച്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ എന്നെ എത്തിച്ചത്. 'എന്റെ പേന കടലാ സിനോട് പറയാതിരുന്നത് ' എന്ന ഭാവന തുളുമ്പുന്ന ബ്ലോഗ് പേരും മനം കവര്‍ന്നു.

ഒരു കടിഞ്ഞൂല്‍പ്പൊട്ടി എന്നു സ്വയം വിശേഷിപ്പിക്കുന്ന ചേച്ചിപ്പെണ്ണിന്റെ ലളിതമായ ആഖ്യാന ശൈലിയാണ് ഏറ്റവും ആകര്‍ഷകം. ബുദ്ധിജീവി ജാടയൊന്നുമില്ലാത്ത ,ആയാസരഹിതമായ, മസിലു പിടിക്കാത്ത, എഴുത്ത്.

നല്ല വായനക്കാരിയാണ് ചേച്ചിപ്പെണ്ണ്. എം.പി. അപ്പനും എം.ടിയും ആനന്ദും മാധവിക്കുട്ടിയും എല്ലാം എഴുത്തില്‍ കടന്നു വരും. വായിക്കുന്നതും ജീവിതവും തമ്മില്‍ ബന്ധപ്പെടുത്തുകയും ചെയ്യും. 'ഇതിനെ ഒരു നിമിത്തമായി കരുതാമോ' എന്ന പോസ്റ്റില്‍ നിന്ന് .......

'കുഞ്ഞുന്നാളില്‍ ഒരു ടാബ്ലോയില്‍ അവര്‍ (കമലാദാസ്) ഒരു മുസ്ലിം സ്ത്രീ യുടെ വേഷം സ്വീകരിച്ചു. വേറാരും ആ വേഷം സ്വീക രിച്ചിരുന്നില്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട് .വലു തായപ്പോഴും അവര്‍ അതേ വേഷം സ്വീകരിച്ചു... വിശ്വാസവും. അവരുടെ അന്ത്യ യാത്രയില്‍ പോലും ആ ബുര്‍ഖയും അവരോടൊപ്പം. അന്ന് അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ള പ്പോള്‍ ആ വേഷം ധരിച്ചത് നിമിത്തമായിരുന്നില്ലേ. എന്റെ തോന്നലാണ് ട്ടോ , എന്നെ തല്ലാന്‍ വരല്ലേ'

'ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍' എന്ന രണ്ടാമത്തെ ബ്ലോഗിലുടനീളം നിത്യജീവിതത്തുണ്ടുകളാണ്. അതിലൂടെ ചേച്ചിപ്പെണ്ണ് നടന്നു കയറുന്നത് അനുവാച കഹൃദയങ്ങളിലേക്കാണ്. കേട്ടോളൂ ഒരു വനിതാദിനചിന്ത.

'ഇന്ന് ലോക വനിതാ ദിനം ആണെന്ന് ചേച്ചി പറഞ്ഞറിഞ്ഞു.ഒരു കുഞ്ഞു ചോദ്യം.ചരിത്രത്തെ അഥ വാ സമയത്തെ ക്രിസ്തു വിന്റെ ജനനം ആധാരമാക്കി , നാഴികക്കല്ലാക്കി AD എന്നും BC എന്ന് തരം തിരിച്ചിരിക്കുന്നു .ഒരു പെണ്ണിന്റെ ജീവിതം ,വിവാഹത്തിനെ ആധാരമാക്കി BM(Before Marriage) /AM (After Marriage) എന്ന് തിരിക്കാമോ ?

യേശുവും മഹാബലി യും ഫ്രണ്ട്‌സ് ആണോ എന്ന പോസ്റ്റ്- 'മാവേലീം എ ല്ലാരേം രക്ഷിച്ചു , യേശും രക്ഷിച്ചു ... അപ്പൊ അവര്‍ ഫ്രണ്ട്‌സ് ആയിരുന്നോല്ലേ ? ആയിരുന്നു എന്ന് തന്നെ ഞാന്‍ അവന് ഉറപ്പ് കൊ ടുത്തു .മനുഷ്യരെ സ്‌നേഹിക്കുന്നവര്‍ എല്ലാരും ഫ്രണ്ട്‌സ് ആണ് ...അതിനപ്പുറമുള്ളത് നമ്മളുണ്ടാക്കിയ വേലികളും .. മതിലുകളും. കുട്ടികളുടെ മനസ്സിലെങ്കിലും അതൊന്നുമില്ലാതിരിക്കട്ടെ...'

' മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ' എന്ന പോസ്റ്റില്‍ നിന്ന് ഒരു ഭാഗം വായിക്കൂ. 'എന്റെ മറ്റേ അനിയന്‍ ഇന്ജിനീ രിനു പഠിക്കണ സമയം . അവന്റെ ഒരു തടിയന്‍ ബുക്ക് (ഇലക്ട്രോണിക്‌സോ മറ്റോ ആണ് ) വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോ എന്റെ കെട്ടി യോന്‍ അതെടുത്ത് മറിച്ചു നോക്കി തന്നത്താന്‍ ചിരിക്കുന്നു!
ഞാന്‍ ചോദിച്ചു ' എന്തിനാ ചിരിക്കണേ ?'
മറുപടി : 'എടീ ഇതൊന്നും എനിക്ക് പഠിക്കണ്ടല്ലോ എന്നോര്‍ത്ത് സന്തോഷം വന്നു ...അതുകൊണ്ട് ചിരിച്ചതാ ..!'

ചേച്ചിപ്പെണ്ണിന്റെ പലേരി മാണിക്യം സിനിമാ റെവ്യൂ ഒരു കിടിലന്‍ സംഭവമായി മാറി ബ്ലോഗുലകത്ത്. ഇങ്ങനെയൊരു സിനിമാ നിരൂപണം ഈ ഭൂമീമലയാളത്തില്‍ ആരും എഴുതിയിട്ടുണ്ടാവില്ല.

ഇതാ സാംപിള്‍ - 'അയാക്ക് (നായകനാന്നും പറഞ്ഞു കണ്ടോര്‌ടെ പെണ്ണിനേം കൊണ്ട് നടക്കുന്നു ...ദുഷ്ടന്‍ ,....) ആ പെണ്ണിനേം കൊണ്ട് നടക്കണ്ട വല്ലകാര്യോം ഉണ്ടോ..സ്വന്തം ഭാര്യേനെ കൊണ്ടോന്നാ പോരാര്‍ന്നോ ?കെട്ട്യോന്‍ പോയെങ്കിലും പാവം മാണിക്യത്തിനു അയലോക്കത്തെ ചേച്ചി മാര്‌ടെ കൂടെ നാടകം കാണാന്‍ പോകാന്‍ മേലാര്‍ന്നോ ?, എങ്കി ആ പാവത്തിന് ഈ ഗതി വരുവാര്‍ന്നോ ?ആ ദുഷ്ടന്‍ മമ്മൂട്ടിനെ(വന്ദ്യ പിതാവ് ) തല്ലിക്കൊല്ലാന്‍ ആ നാട്ടി ആരൂല്ലേ കര്‍ത്താവെ ...ഒള്ള കള്ളത്തരോം മുഴുവന്‍ ചെയ്തിട്ട് ആ വല്യപ്പന്‍ (ബാര്‍ബര്‍ ശ്രീനിവാസന്റെ കൂട്ടുകാരന്‍) വായില്‍ കൊള്ളാത്ത വര്‍ത്താനം പറഞ്ഞു നടക്കണ കണ്ടില്ലേ ....

വല്യ വല്യ സിനിമ ആസ്വാദനക്കാര്‍ക്ക് എന്റെ പോസ്റ്റ് കണ്ടാ ചിരി വരൂന്നും എനിക്കറിയാം. ചിരിച്ചോ ... എനിക്ക് തോന്നണത് അല്ലെ എനിക്കെഴുതാന്‍ പറ്റൂ ..എനിക്കിഷ്ടം സങ്കടം ഒക്കെ കുറഞ്ഞ സിനിമകള്‍ തന്നെ ......' എങ്ങനെയുണ്ട്? രഞ്ജിത്തുപോലും ചിരിക്കയല്ലേയുള്ളു ഈ നിഷ്‌കളങ്കതയ്ക്കു മുന്നില്‍....

മറ്റുള്ളവരുടെ പോസ്റ്റുകളിലിടുന്ന കമന്റുകളിലും പ്രതിഫലിക്കും ആ വേറിട്ട വ്യക്തിത്വം. എഴുതാന്‍ ത്രെഡ് അന്വേഷിച്ച ബ്ലോഗറെ ചേച്ചിപ്പെണ്ണ് ഉപദേശിച്ചതിങ്ങനെ...'സ്വന്തം ഓര്‍മ്മക്കയങ്ങളില്‍ മുങ്ങി തപ്പി നോക്കൂ കുട്ടി.ത്രെഡ് നു പകരം നല്ല വടം തന്നെ കിട്ടിയേക്കും ' പോസ്റ്റാകട്ടെ , കമന്റാകട്ടെ നമ്മുടെ തൊട്ടടുത്തു നിന്നു നേരിട്ടു പറയുകയാണെന്നേ തോന്നു.അതാണ് ആ ശൈലീ വൈശിഷ്ട്യം.

ഇങ്ങനെയൊക്കെയെഴുതാന്‍ ബൂലോകത്തു മാത്രമല്ല ഭൂലോകത്തും ചേച്ചിപ്പെണ്ണിനു മാത്രമേ കഴിയൂ. ദാ ഇവിടെയൊന്നു ക്ലിക്കിക്കോളൂന്നേ. http://parayaathirunnathu.blogspot.com/ വായന മുതലാകും. ഞാന്‍ ഗാരന്റി![പ്രീതി മിക്‌സിയുടെ പരസ്യം പോലെ വായിക്കണേ അവസാന വാചകം. :):):) ]

No comments:

Post a Comment