Saturday, May 22, 2010

ബ്ലോഗുലകയാത്ര

(ശനിയാഴ്ച്ച തോറുമുള്ള കേരള കൗമുദി വാരികയിലെ 'ബ്ലോഗുലകം 'എന്ന പംക്തിയാണിത്. ഏപ്രില്‍ 24 ന് പ്രസിദ്ധീകരിച്ചത് )

ഇന്റര്‍നെറ്റ് ബ്ലോഗിംഗ് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഗൂഗിളും വേഡ്പ്രസ്സും മറ്റും തരുന്ന സൗജന്യവെബ്‌സ്‌പേസ് ഉപയോഗിച്ച് മലയാളം ബ്ലോഗിംഗ് ഇപ്പോള്‍ വന്‍പ്രചാരം നേടിയിരിക്കുന്നു.

നമ്മുടെ രചനകള്‍ നമുക്കു സ്വയം പ്രസിദ്ധീകരിക്കാം, പ്രതികരണങ്ങള്‍ നേരിട്ടറിയാം. അതു മാത്രമല്ല സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം, സഹായം തേടാം, സര്‍വ്വോപരി വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറെങ്കില്‍ സ്വയം തിരുത്താം (self help) എന്നൊക്കയുള്ളപ്പോള്‍ ബ്ലോഗാതിരിക്കുന്നതെങ്ങനെ?

രചനകള്‍ വായനക്കാരിലേക്കെത്തിക്കുന്നതിനായി കേരള ബ്ലോഗ് റോള്‍, ചിന്ത, ജാലകം, തുടങ്ങിയ അഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്നു. ഇവയില്‍ എല്ലാം ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഓരോ രചനയും തന്നത്താന്‍ അല്ലെങ്കില്‍ ഒരു ക്ലിക്ക് വഴി അവരുടെ സൈറ്റുകളില്‍ ഡിസ്‌പ്ലേ ആകുന്നു. വായനക്കാര്‍ക്ക് അതില്‍ നിന്ന് വേണ്ടത് തെരഞ്ഞെടുത്തു വായിക്കാം.

ഇഷ്ടപ്പെടുന്ന ബ്ലോഗുകളെ നമുക്ക് ഫോളോ ചെയ്യാം.അതായത് അവരുടെ ഓരോ പുതിയ പോസ്റ്റും നമ്മുടെ ബ്ലോഗില്‍ നിന്നു തന്നെ അറിയാന്‍ കഴിയും.

രചനകള്‍ എന്നാല്‍ കഥയും കവിതയും ലേഖനം പ്രതികരണം, നിരൂപണം, സയന്‍സ് വിശേഷം, ടെക്‌നോളജി, ഫോട്ടോഗ്രാഫി, കൃഷി, എന്തിനേറെ ജ്യോതിഷം വരെ ബ്ലോഗുകയും വായിക്കയും ചെയ്യാം.

ബ്ലോഗുലകത്ത് പ്രായഭേദമില്ല, ലിംഗവ്യത്യാസമില്ല, വലിപ്പച്ചെറുപ്പമില്ല. എന്തും ചര്‍ച്ചിക്കാം, കമന്റാം..മനുഷ്യത്വം, സ്‌നേഹം, കരുണ ,ശക്തമായ പ്രതികരണങ്ങള്‍ എല്ലാം നിറയുന്നു ബ്ലോഗുകളില്‍. എന്നു വിചാരിച്ച് അതൊരു മാവേലി നാടാണെന്നു കരുതല്ലേ...നമ്മുടെ സമകാലിക സമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷന്‍ തന്നെ ബ്ലോഗുലകത്തിലും കാണാം. ഇവിടെയുമുണ്ട് ജാതി-മത-പാര്‍ട്ടി പ്രചരണം, പരസ്പരബഹുമാനമില്ലായ്മ ,അസഹിഷ്ണുത എല്ലാം. ചുരുക്കത്തില്‍ പോസിറ്റീവും നെഗറ്റീവും ഉണ്ട്. പോസിറ്റീവ് സ്വീകരിക്കാം, നെഗറ്റീവ് ഒഴിവാക്കാം. നമുക്ക് വേണ്ടാത്തത് വായിക്കാതിരിക്കാം, വായിച്ചാല്‍ തന്നെ കമന്റാതിരിക്കാം....നമ്മുടെ ബ്ലോഗില്‍ ഇഷ്ടപ്പെടാത്ത കമന്റുകള്‍ വന്നാല്‍ ചുമ്മാ അങ്ങു ഡിലീറ്റാം...അതുമല്ലെങ്കില്‍ കമന്റ് മോഡറേറ്റാം ....അങ്ങനെ സൗകര്യങ്ങള്‍ ധാരാളം.

മലയാളവും ഇംഗ്ലീഷും കൂടി കലര്‍ത്തിയ ബ്ലോഗഥ, ബ്ലോഗുക, കമന്റാം, ഡിലീറ്റാം, മോഡറേറ്റാം എന്നൊക്കയുള്ള മംഗ്ലീഷ്/ഇലയാളം വാക്കുകള്‍ കണ്ട് വിമര്‍ശിക്കല്ലേ...എഴുതുമ്പോള്‍ മനസ്സിലാകുകയും ചെയ്യും കുറച്ചു വാക്കുകള്‍ ലാഭിക്കുകയും ചെയ്യാം എന്നതാണ് ഇത്തരം പ്രയോഗങ്ങളുടെ സൗകര്യം. ബ്ലോഗുലകത്ത് വലിയ ഫോര്‍മാലിറ്റികളൊന്നും ആവശ്യമില്ല, സാഹിത്യജാഡകളും വേണ്ട. ആര്‍ജ്ജവം, അതിനാണവിടെ മാര്‍ക്ക്.

അവഗണിക്കാനാകാത്ത വിധം മലയാളം ബ്ലോഗര്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ശക്തമായ സാന്നിദ്ധ്യമാകുകയാണ് .സാധാരണക്കാരുമായി സംവദിച്ച്, അവരുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കുവാനായി പൊതുപ്രവര്‍ത്തകര്‍ എല്ലാവരും ബ്ലോഗിയേ മതിയാകൂ,അല്ലെങ്കില്‍ ബ്ലോഗു വായിച്ചേ മതിയാകൂ എന്ന കാലം അധികം താമസിയാതെ വരും. പൊതുപ്രവര്‍ത്തനം സുതാര്യമാകും, അഴിമതിയും അന്ധവിശ്വാസവും കുറയ്ക്കാന്‍ അതു സഹായകരവുമാകും.

അപ്പോള്‍ ജാതി-മതം, പാര്‍ട്ടി മുതലായ താത്പര്യങ്ങള്‍ങ്ങള്‍ക്കതീതമായി സമൂഹത്തിന്റെ മൊത്തം അഭിവൃദ്ധി ലക്ഷ്യമിടുന്ന, ബുദ്ധികൊണ്ടു പ്രതികരിക്കുന്ന ബ്ലോഗര്‍മാര്‍ സമൂഹത്തിന് വഴികാട്ടികളാകും.

സര്‍വ്വശ്രീ/ശ്രീമതി. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബി.ആര്‍.പി.ഭാസ്‌ക്കര്‍, ഡോ. ടി.എന്‍ സീമ, ഡോ.സിന്ധു ജോയ് തുടങ്ങി പല പ്രശസ്തരും മലയാളത്തിലും മഞ്ജുള പത്ഭനാഭന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ ഇംഗഌഷിലും ബ്ലോഗുന്നു. ആ ലിസ്റ്റ് ഇനിയും നീളും, നീളണം......

ഇനി പ്രശസ്തരും അപ്രശസ്തരും വാഴുന്ന മലയാളബ്ലോഗുലകത്തിലൂടെ ഒരു യാത്ര. യാത്രയ്ക്കിടയില്‍ മനസ്സ് ഉടക്കിപ്പോയ ദൃശ്യങ്ങളെപ്പറ്റി അല്‍പ്പം......

1 comment: