Saturday, May 22, 2010

പാവമല്ലാത്തൊരു തൃശൂര്‍ക്കാരി !

(മെയ് 15 ലക്കം)
നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, ഇന്റെര്‍നെറ്റ് മലയാളത്തിനും ഏറ്റവുമധികം സംഭാവന നല്‍കുന്നവരാണ് ഗള്‍ഫ് മലയാളികള്‍. മലയാളി ബ്ലോഗരുടെ ബൈബിള്‍ എന്നു വിശേഷിപ്പാക്കാവുന്ന 'ആദ്യാക്ഷരി'യുടെ ഉടമ അപ്പുവും ഗള്‍ഫില്‍ തന്നെ.

അവിടെ ദുബായില്‍ ഒരു അഞ്ചംഗകുടുംബം മുഴുവനും ബ്ലോഗെഴുത്തുകാര്‍. തറവാടി എന്ന വാപ്പ, വല്യമ്മായി എന്ന ഉമ്മ, മൂന്നു മക്കള്‍. ഒരു സമ്പൂര്‍ണ്ണ സന്തുഷ്ട ബ്ലോഗ് കുടുംബം എന്ന് അവരുടെ എല്ലാ ബ്ലോഗിലൂടെയും ഓടി നടന്ന എന്റെ വിലയിരുത്തല്‍..!

'അത്ര പാവമല്ലാത്ത ഒരു തൃശൂരുകാരി ' എന്ന വല്യമ്മായിയുടെ സ്വയവിവരണം എനിക്കു നന്നായി ബോധിച്ചു. ' പാവം നല്ലവള്‍ ' അല്ലല്ലോ...
.
''സ്വന്തം കുഞ്ഞുങ്ങളെയും അവരെ കുറിച്ചുള്ള സ്വപ്‌നങ്ങളേയും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന എല്ലാ അമ്മമാരെയും' സ്മരിച്ച് എഴുതിത്തുടങ്ങിയ വല്യമ്മായി നൂറാം പോസ്റ്റ് സമര്‍പ്പിക്കുന്നത് വാപ്പയ്ക്കാണ്. നൂറിധികം പോസ്റ്റുകളിലായി അര്‍ത്ഥപുഷ്ടിയാര്‍ന്ന കവിതകള്‍, വിവര്‍ത്തനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ ,പുസത്കാവലോകനം ,ആത്മീയത ഇവയെല്ലാം വേണ്ടുവോളമുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊച്ചു കൊച്ചു ചിന്താശകലങ്ങളാണ്. ഇതാ ചില ഉദാഹരണങ്ങള്‍-

അമ്മ -പങ്ക് വെപ്പിന് ശേഷം തരിപോലും ബാക്കിയാകാത്ത അപ്പം.

നീയും ഞാനും- ദൈവം ഒരു കടലാസിന്റെ ഇരുപുറമെഴുതിയ വരികള്‍

അസൂയ-നിന്റെ കാല്‍ക്കീഴിലെ മണല്‍ത്തരികളോടെനിക്ക് തോന്നുന്നത്.

ചിത്തം-ചിതലരിക്കാത്തത്, ചിതയിലെരിയാത്തത്

ചീയല്‍-എന്തും ഒറ്റയടിക്കല്ല, ഒരറ്റത്തു നിന്നാണ് ചീഞ്ഞു തുടങ്ങുന്നത്.

സൂഫി കവിയായിരുന്ന ഫരീദുദ്ദീന്‍ അത്തര്‍, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിസ്റ്റിക് കവിയായ അഹമദ് ഹാത്വിഫ്, സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യ തുടങ്ങിയവരുടെ കവിതകളുടെ സ്വതന്ത്ര വിവര്‍ത്തനം ഇഷ്ടമുള്ളവര്‍ക്ക് വായിച്ചാസ്വദിക്കാം.

'പെണ്ണെന്നാല്‍ തനതായ വ്യക്തിത്വമാണെന്നും ആണിന്റെ സാമീപ്യമല്ല അവളുടെ മോക്ഷമെന്നും വിശ്വസിക്കുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ ശക്ത യാണ് പേമ്പി ' എന്ന് പി.വല്‍സലയുടെ കഥാസമാഹാരത്തിന്റെ അവലോകനം പറയുന്നു. വേറേയുമുണ്ട് ഇത്തരം വിശകലനങ്ങള്‍ .

ഏഴു വരിയിലൊതുക്കിയ 'പരീക്ഷണം -ഒരു നുറുങ്ങു കഥ' എന്നെ ഓര്‍മ്മിപ്പിച്ചത് ' ഒരു തത്വശാസ്ത്രത്തിന്‍ ചെടി നട്ടു ഞാന്‍ ...എന്നും പിഴുതു നോക്കുന്നു വേരെണ്ണാന്‍' എന്നോ മറ്റോ ഉള്ള പഴയ സിനിമാക്കവിതയാണ്.

ദൈവം കണ്ണു തന്നത് എന്തിനെന്ന് 'ഒരു ചോദ്യവും ഉത്തരവും' എന്ന പോസ്റ്റ് വിശകലനം ചെയ്യുന്നു. മകളുടെ ചോദ്യത്തിന് ഉത്തരം എന്ന നിലയ്ക്ക് പറഞ്ഞിരിക്കുന്നത് ഇത്തിരി കനം കൂടിപ്പോയി എന്നു തോന്നി. എന്നാല്‍ ചിന്തയുടെ പുതിയ തലങ്ങള്‍ അതില്‍ കാണാം. ആത്മീയത സൂചിപ്പിക്കുന്ന മറ്റു കഥകളും ഉണ്ട് .

മിയ്ക്ക ബ്ലോഗര്‍മാരുടേയും, പ്രത്യേകിച്ച് പ്രവാസികളുടെ, ഇഷ്ടവിഷയമായ ഗൃഹാതുരത വല്യമ്മായിയും മനോഹരമായി കൈ കാര്യം ചെയ്യുന്നുണ്ട്. എല്ലാം വായിക്കാന്‍ സുഖമുള്ളവ തന്നെ.

പ്രണയം പല കവിതകളിലും കുളിര്‍മഴ പോലെ നിറഞ്ഞു പെയ്യുന്നുണ്ട്. 'ഒരു കൂട്ട്'എന്ന പ്രണയാതുര കവിതാശകലത്തില്‍ നിന്ന്-.

മഴയെത്ര പെയ്താലും മഞ്ഞെത്ര പൊഴിഞ്ഞാലും
കവിയാത്തൊരീ രാഗമധുരിമയില്‍
ഒന്നിച്ച് തുഴയാനും ഒരുമിച്ച് കരേറാനും
എന്‍ തുണയായെന്നും നീയില്ലേ
മാനം തെളിഞ്ഞാലും അത് വീണ്ടുമിരുണ്ടാലും
താങ്ങും തണലുമായ് നീയില്ലേ'

ആദ്യം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയ റാഗിംഗ് ചരിത്രമാണ് 'നവംബറിന്റെ ലാഭം'. അതിലും കാണാം ധൈര്യമുള്ള ഒരു ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ. അറിവില്‍ നിന്നുണ്ടാകുന്ന ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ച്ചയും വല്യമ്മായിയുടെ പോസ്റ്റുകളുടെ പ്രത്യേകതയാണ്.
ലിങ്ക്- http://rehnaliyu.blogspot.com/3 comments:

  1. ബ്ലോഗിലേയ്ക്ക് വന്ന കാലം മുതല്‍ വായിയ്ക്കാറുണ്ട് വല്യമ്മായിയുടെയും തറവാടിയുടേയും പോസ്റ്റുകള്‍

    ReplyDelete
  2. വലിയമ്മായിയുടെ ബ്ലോഗ് ഞാന്‍ ബ്ലോഗ് എഴുതാന്‍ വരുന്നതിനു മുന്‍പേ വായിച്ചിട്ടുണ്ട്.. അന്നേ ഭയങ്കര ഇഷ്ടമായിരുന്നു...
    ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം..
    വലിയമ്മായിക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete