Saturday, May 22, 2010

വേറിട്ടൊരു പെണ്‍വഴി

(Published 01.05.2010)
പ്രണയം, നൊസ്റ്റാള്‍ജിയ, കഥ-കവിതകള്‍, നര്‍മ്മം ഇതെല്ലാം ബൂലോകര്‍ നിത്യവും അമ്മാനമാടുന്ന വിഷയങ്ങള്‍. പക്ഷേ അതില്‍ നിന്നെല്ലാം തികച്ചും വിഭിന്നമാണ് ഗൗരീനാഥന്റെ 'മായക്കാഴ്ച്ചകള്‍'. ഞാന്‍ മായാ കാഴ്ച്ചകള്‍ എന്നൊരു പൊട്ടക്കവിത ബ്ലോഗിയിരുന്നു. അതേ പേരില്‍ എന്ത് എന്നറിയാനുള്ള കൗതുകമാണ് എന്നെ മായക്കാഴ്ചകളിലെത്തിച്ചത്.

യാത്ര, സാഹസികത, സാമൂഹ്യസേവനം ഇതെല്ലാം അടങ്ങിയ വ്യത്യസ്തമായ ആ രചനകള്‍ക്ക് ഞാനിട്ട മാര്‍ക്ക് നൂറില്‍ നൂറാണ്. അവര്‍ തന്നെ പറയുന്നതുപോലെ ചിലത് മായാത്ത കാഴ്ച്ചകള്‍, ചിലത് മായക്കാഴ്ച്ചകളും. എന്നും പോസ്റ്റിടലൊന്നുമില്ല, ഇടയ്ക്കിടെ കാമ്പും കഴമ്പുമുള്ള പോസ്റ്റുകള്‍. ചിന്തിക്കുന്ന, ബുദ്ധിയുള്ള, മനസ്സില്‍ നന്മയുള്ള, ശക്തയായ പെണ്ണിന്റെ ഉള്‍ക്കാഴ്ച്ചയോടെയുള്ള എഴുത്ത്. അവരുടെ രചനകളിലൂടെ ഞാന്‍ കണ്ടത് നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള ഒരു സാധാരണക്കാരിയേയാണ്.

'എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നന്മ നിറഞ്ഞ ആ ചിരിയുണ്ട് മനസ്സില്‍ ' എന്ന് ഹൃദയാലുവായ അമ്മയെ റോള്‍ മോഡലാക്കിയ ഗൗരി ബ്ലോഗിത്തുടങ്ങുന്നു.

'പേരില്ലാക്കഥ' പറയുന്നത് ആണിനും പെണ്ണിനുമിടയിലെ കറയറ്റ സൗഹൃദമാണ്. അങ്ങനൊരു സൗഹൃദം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അപവാദവ്യവസായികളെ അവഗണിച്ച് കൂട്ടുകാരന്റെ ഭാര്യ ഏറ്റവും അടുത്ത ചങ്ങാതിയും സഹായിയുമാകുന്നു ഗൗരിക്ക്. 'എന്നെയവള്‍ ഒരു പുറമക്കാരി ആക്കിയില്ല, പക രം സൌഹൃദത്തിന്റെ പുതിയ ലോകം തന്നു. എന്റെ പ്രിയ സുഹൃത്തിനെ പറിച്ചെടുത്തില്ല....പകരം മനസ്സു തുറന്നു എന്തും പറയാന്‍ അവള്‍ അവളെ തന്നെ തന്നു.. '. പണത്തിനു വഴിമുട്ടിയപ്പോള്‍ ചോദിക്കാതെ പണം നല്‍കി മാഞ്ചസ്റ്ററിലെ ഉപരിപഠനം സഫലീകരിക്കാന്‍ സഹായിച്ചു. ഇങ്ങനെയൊരു സൗഹൃദം ആരും കൊതിച്ചുപോവില്ലേ?

മാഞ്ചെസ്റ്ററിലെ പഠനദിനങ്ങളെക്കുറിച്ച് 'മനസ്സുകളുടെ കോളനിവല്‍ക്കരണം' എന്ന പോസ്റ്റില്‍ ഇംഗ്ലീഷുകാരുടെ ചങ്ങാത്തം കൊതിക്കുന്ന ഇന്‍ഡ്യാക്കാരെക്കുറിച്ച്.. ' ഇരുന്നൂറു വര്‍ഷം ഭരിച്ചു ഇന്ത്യ വിട്ടു പോയപ്പോള്‍ ഭൗതികമായേ ഇന്ത്യ കോളനിവല്‍ക്കരണത്തില്‍് നിന്നു രക്ഷ നേടിയുള്ളൂ, മനസ്്‌സുകള്‍ എപ്പോഴും കോളനി വല്ക്കരിക്കപെട്ടിരിക്കുകയാണ് 'എന്ന് ഗൗരി വിലയിരുത്തുന്നു.

്കുട്ടികള്‍ വീടുകളില്‍ അനുഭവിക്കുന്ന ഞെട്ടിക്കുന്ന പീഡനസത്യങ്ങള്‍ അവരില്‍ നിന്ന് അറിഞ്ഞ ഗൗരിയുടെ 'കുറച്ചു ചോദ്യങ്ങള്‍' കപടസദാചാരവാദികളോടാണ്. 'മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍ പുറകില്‍ നിങ്ങളുടെ കുഞ്ഞ് അത് ആണോ, പെണ്ണോ ആകട്ടെ സുരക്ഷിത രാണെന്ന് ഉറപ്പുണ്ടോ? ' എല്ലാ മലയാളികളും വായിച്ചിരിക്കണം 'കുഞ്ഞു' വേദനകള്‍ തുടിക്കുന്ന ഈ പോസ്റ്റ്.

'നന്നാക്കിയാല്‍ നന്നാത്തവര്‍' വയനാട്ടില്‍ അടിമകളെപ്പോലെ പണി ചെയ്യുന്ന പണിയവിഭാഗത്തെപ്പറ്റിയാണ്. 'ചെമ്പന്‍ എന്ന 71 വയസ്സുകാരന്‍ അന്നത്തെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചു - 'കാളകള്‍ക്ക് പോലും അന്നു വിശ്രമം ഉണ്ടായിരുന്നു, പക്ഷെ പണിയനു അതു പൊലും ഉണ്ടായിരുന്നില്ല.' ഗൗരി തുടരുന്നു...'നമ്മള്‍,വികസനത്തിന്റെ തലതൊട്ടപ്പന്മാര്‍ മലയാളത്തിലാണ് അവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത്, പണിയരാകട്ടെ സംസാരിക്കുന്നത് അവരുടെ സ്വന്തം ഭാഷയിലും. വികസനത്തിലേക്കുള്ള ആദ്യപാത നാം ഭാഷ യിലൂടെ അടച്ച് കളഞ്ഞിരുന്നു...പണിയര്‍ കാര്യം പഠിക്കാന്‍ കാലമെടുത്തു, അപ്പൊഴേക്കും നമ്മള്‍ ഇന്റെര്‍നെറ്റ് യുഗത്തിലെത്തി. ഒപ്പമെത്താന്‍ അവരോടി കിതക്കുമ്പോള്‍ നമ്മള്‍ പരിഹസിച്ച് ചിരിച്ചുകൊണ്ടേയിരിക്കുകയാണ്.'

'ഘാനായാത്ര' ചരിത്രത്തിലെ ക്രൂരസത്യങ്ങള്‍ പറഞ്ഞുതരമ്പോള്‍ 'മരുഭൂമിയിലെ കാഴ്ച്ചകളു'ടെ ജാലകം തുറക്കുന്നത് രൂക്ഷമായ വെള്ളക്ഷാമവും ബാലവിവാഹവും എല്ലാം ഉള്ള രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ മാര്‍വാഡില്‍ നിന്നുള്ള കാഴ്ച്ചകളിലേക്കാണ്.

മഷിയിട്ടു നോക്കിയാല്‍ കൂടി ഒരു പെണ്ണിനെ കാണാന്‍ കഴിയാത്ത ഹിംഗോള എന്ന 'ആണ്‍ഗ്രാമം' നമ്മെ അതിശയിപ്പിക്കും. അവിടെ പെണ്ണില്ലാഞ്ഞല്ല, അവരെ വീടിനു വെളിയില്‍ ഇറക്കില്ല, അത്രതന്നെ. അവിടെ ഒരു സ്ത്രീയെയെങ്കിലും കാണാനുള്ള ഗൗരിയുടെ അപകടകരമായ ശ്രമവും കാണാം ആ പോസ്റ്റില്‍. അവര്‍ക്ക് ഫണ്ടു നല്‍കി സഹായിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ' നക്‌സല്‍ മൂവ്‌മെന്റുകള്‍ ഉണ്ടായി കൊണ്ടിരിക്കട്ടെ എന്ന് മനസ്സില്‍ സിന്ദാബാദ് വിളിച്ചു..ശ്രീനിവാസന്‍ അറബിക്കഥയില്‍ കണ്ണാടിക്കു മുന്‍പില്‍ നിന്ന് സിന്ദാബാദ് വിളിക്കും പോലെ!' എന്ന് സമാധാനമടയുന്നു ഗൗരി.

ഒന്നു പറയട്ടെ, എന്റേതടക്കമുള്ള ഒരു ബ്ലോഗും വായിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ ഗൗരിയുടെ ബ്ലോഗ് വായിച്ചില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്കായിരിക്കും, ഓര്‍ക്കുക. സന്ദര്‍ശിച്ചോളൂ ഇവിടം http://mayakazhchakal.blogspot.com/.....

പെണ്ണെന്നു പറഞ്ഞാല്‍ വേഷഭൂഷകളും ആടയാഭരണങ്ങളും അണിഞ്ഞ ഷോകേസ് ആഡംബരമല്ല, ശരി തിരിച്ചറിയാനും അതില്‍ പിടിച്ചു നില്‍ക്കാനുള്ള കണ്‍വിക്ഷനാണ്, സഹായിക്കാനുള്ള മനസ്സാണ് എന്നു നിങ്ങള്‍ക്കു തോന്നും, ഉറപ്പ്.
3 comments:

  1. മായക്കാഴ്ചകള്‍ പണ്ടേ വായിച്ചു പോരുന്ന ഇഷ്ടപ്പെട്ട ബ്ലോഗുകളിലൊന്നാണു.ദൈവം ഇപ്പോഴും കാത്തുവെയ്ക്കുന്നുവോ എന്നു വേദനയോടെ ചിന്തിച്ചു പോവുന്ന ആണ്‍ഗ്രാമങ്ങളിലെ കാഴ്ചകളാവട്ടെ,പേരില്ലാക്കഥയാവട്ടെ,കാതറിനാവട്ടെ എല്ലാം ഞാന്‍ കണ്ടു പരിചയമില്ലാത്ത പുതിയ ഒരു ലോകമായിരുന്നു കാട്ടിത്തന്നത്.ആ ഒരു ലോകം ഇവിടെ ഇങ്ങനെ ആഴത്തില്‍ വരച്ചിട്ടത് ഇഷ്ടപ്പെട്ടു ചേച്ചീ..

    ReplyDelete
  2. മായക്കാഴ്ചകൾ ഞാനിഷ്ടപ്പെടുന്ന ഒരു ബ്ലോഗ്..ആശംസകൾ

    ReplyDelete