Monday, March 21, 2011

സുസ്‌മേഷം

 (Varika online link-published 19.03.2011)
കൈ നിറയെ അവാര്‍ഡുകളുമായി പുതുവര്‍ഷം ആരംഭിച്ച മലയാള കഥാകാരന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, യുവകഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത്. ഒരാളുടെ രചനകളെത്തേടി എത്ര അവാര്‍ഡുകള്‍! സുസ്‌മേഷിന്റ http://susmeshchandroth.blogspot.com/ ബ്ലോഗിലൂടെ.....

' കോവിലന്‍-തീയില്‍ ചുട്ട വാക്കുകള്‍ ' എന്ന പോസ്റ്റിലൂടെയാണ് സുസ്‌മേഷ് മലയാളം ബ്ലോഗര്‍ കൂട്ടായ്മയിലേയ്ക്കു പ്രവേശിക്കുന്നത്.വികാരതീവ്രമായ ഓര്‍മ്മകള്‍ പങ്കു വയ്ക്കലല്ല അത്. പൊള്ളുന്ന സത്യങ്ങള്‍ പറയുകയാണ്.

'ജഠരാഗ്‌നിയെപ്പറ്റിയെഴുതാന്‍,വിശപ്പാണ് ഏറ്റവും വലിയ വേദാന്തമെന്നു പറയാന്‍ കോവിലനില്ല. ഒരു പക്ഷേ വിശപ്പറിഞ്ഞ തലമുറയും അന്യം നില്‍ക്കാന്‍ പോവുകയാണ്. അപ്പോഴും വിശപ്പിന്റെ കാഠിന്യമനുഭവിച്ച മനുഷ്യരെ കണ്ടെത്താന്‍ നമുക്ക് കോവിലനെ വായിക്കേണ്ടതായി വരും. കോവിലന്റെ കൃതികള്‍ ആ ദൗത്യമേറ്റെടുത്ത് മനുഷ്യനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കട്ടെ.' തീര്‍ച്ചയായും, പക്ഷേ ആരും വിശപ്പിന്റെ വിളി അറിയാത്ത കാലവും വരട്ടെ, പ്രത്യേകിച്ച് പട്ടിണി തളര്‍ത്തിയ എല്ലുന്തിയ മനുഷ്യക്കോലങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍.

കഥയും കവിതയും മാത്രമായി ഭാവനാലോകത്തു വിഹരിച്ചാല്‍ മാത്രം പോരാ ഒരു സാഹിത്യകാരന്‍. ജനം ശ്രദ്ധിക്കുന്ന വാക്കുകള്‍ എന്ന നിലയ്ക്ക് ചുറ്റുപാടുകളുമായി സംവദിക്കണം. 'സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയാവണം ' തുടങ്ങിയ ശക്തമായ പോസ്റ്റുകളിലൂടെ ഈ ചുമതല നിറവേറ്റുന്നുണ്ട്.

മലയാളം മരിച്ചാലും നമുക്കെന്ത് എന്ന സങ്കടം കലര്‍ന്ന ലേഖനം ഭാഷ വളരേണ്ടതെങ്ങനെ എന്ന് തമിഴരെ നോക്കി ഉദാഹരിക്കുന്നു-
' ഓരോ വിദേശവാക്കിനും നമുക്ക് തത്തുല്യമായ മലയാളം വാക്ക് നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം. അവിടെ കേട്ട ചില ഉദാഹരണങ്ങള്‍ പറയാം. പലവകൈ കായ്കറി സാദം=ബിരിയാണി, കൈപ്പേശി=മൊബൈല്‍ ഫോണ്‍. മിന്നലഞ്ചല്‍=ഇ മെയില്‍...ഇ മെയിലിന് ഇങ്ങനൊരു തര്‍ജ്ജമ അല്ലെങ്കില്‍ മലയാളവഴക്കമുള്ള ഒരു വാക്ക് കണ്ടെത്താന്‍ കഴിയുമെന്ന്്് നമ്മളാരെങ്കിലും വിചാരിച്ചിട്ടുണ്ടോ. എന്തൊരു ശാലീനതയും ഗാംഭീര്യവുമാണ് മിന്നലഞ്ചല്‍ എന്ന പുതുമയേറിയ പ്രയോഗത്തിന്!' മംഗ്ലീഷ് എന്നോ ഇലയാളം എന്നോ വിളിക്കാവുന്ന സങ്കരഭാഷയില്‍ ബ്ലോഗെഴുതുന്ന എന്നോട് സുസ്‌മേഷിലെ ഭാഷാസ്‌നേഹി ക്ഷമിക്കട്ടെ! ' ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടുകാര്‍ പുതുവാക്കുകള്‍ കണ്ടുപിടിക്കാന്‍ മുന്‍ കൈ എടുക്കമെന്നാശിക്കാം.

നമുക്ക് നിലപാടുകള്‍ ഉണ്ടായിരിക്കണം, പ്രതിച്ഛായ സൂക്ഷിച്ചുവയ്ക്കുന്ന ഭരണികള്‍, ബൗദ്ധികനിരാഹാരകാലത്തെ ഓണം, ജനിച്ച ദിവസം തന്നെ മരിച്ചു പോയവര്‍,ഇടുക്കിയെന്ന ഹരിതോദ്യാനം ഇവയെല്ലാം ഈടുറ്റ ലേഖനങ്ങളാണ്, ശക്തപ്രതികരണങ്ങളാണ്, പ്രായോഗിക നിര്‍ദ്ദേശങ്ങളുമുണ്ട്..

ഒക്ടോബര്‍ നവംബര്‍ സുസ്‌മേഷിന് അവാര്‍ഡ് കാലം മാത്രമല്ല, കവിതക്കാലവും കൂടി ആയിരുന്നുവെന്നു തോന്നുന്നു. ഫോണും നെറ്റുമില്ലാത്തൊരു ലോകത്ത്, മധുമതി ഗസല്‍ ,മഴവില്ല്.... 'ഇതിനെന്താഴമെന്നു നിനയ്ക്കുവാന്‍ വയ്യ' ആണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടത്, ഒരു പക്ഷേ കവിതയേക്കാളേറെ ആ തലക്കെട്ട് .

ചക്ക എന്ന കഥയിലെ 'സിഫിലിസ് കയറിയ ചക്ക ' എന്ന പ്രയോഗം ഇഷ്ടപ്പെട്ടില്ല. ഡിസംബറിലെ കിളിമുട്ടകളില്‍ നിന്ന്

്' ഒന്നറിയാം ഇത് പ്രണയകാലമാണ്. കമ്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത, മണലിന് അപേക്ഷിക്കേണ്ടാത്ത, പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത, സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത, സ്‌കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയു മില്ലാത്ത, മക്കളെച്ചൊല്ലി പാരമ്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാമ്പത്യം. അതാണ് ഓരോ കിളിജീവിതവും'. അലസതയോള മധുരം, ഓഗസ്റ്റിന്റെ ആരംഭം പൂക്കളോടൊപ്പം ഇവയിലും നിറയുന്നത് ലോലപ്രണയഭാവമാണ്.

'താരാട്ടും പൂതപ്പാട്ടും' എന്നിലും ഗൃഹാതുരത ഉണര്‍ത്തി. 'അങ്ങിങ്ങു ചൊല്ലമ്മേ' എന്ന് 'നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു പറ്റിക്കിടന്ന കുറുനിരകള്‍' എന്ന വരികള്‍ (ഓമനേ നീയുറങ്ങിന്‍ മിഴി വണ്ടിണ എന്നു തുടങ്ങുന്ന ഹൃദ്യമായ താരാട്ടില്‍ നിന്ന്) എന്നെക്കൊണ്ടു പലവട്ടം ചൊല്ലിക്കുമായിരുന്ന എന്റെ മകളുടെ കിളിക്കൊഞ്ചല്‍ ഞാന്‍ വീണ്ടും കേട്ടു.

കാലം എന്ന സംവിധായകന്‍ വിളിച്ചുകൊണ്ടുപോയ വലിയ കലാകാരന്‍മാരായ എം.ജി.രാധാകൃഷ്ണനും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പം എന്തിനിത്ര വൈകി നീ സന്ധ്യേ (ചിത്രം-പകല്‍) എന്ന പാട്ടിന്റെ കംപോസിംഗിനെ കുറിച്ചുള്ള 'ഘനശ്യാമസന്ധ്യാഹൃദയം പോലെ...' ഹൃദ്യമായ ഓര്‍മ്മക്കുറിപ്പാണ്.

സുസ്‌മേഷിന്റെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ പൊതുവേ നീണ്ടതാണ്. ബ്ലോഗ് മുഴുവന്‍ വായിക്കുമ്പോള്‍ ഇത്ര ചെറുപ്പത്തില്‍ ഇത്ര അംഗീകാരം എങ്ങനെ എന്നതിന് ഉത്തരം കിട്ടും. ആഴവും പരപ്പുമുള്ള വായന, സമൂഹത്തിലേക്കു തുറന്നു വച്ച കണ്ണും കാതും, കഠിനാദ്ധ്വാനം. ഇതിനെല്ലാം പകരം വയ്ക്കാന്‍ മറ്റെന്തുള്ളു? 'വിരുദ്ധ സാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമാക്കാനും അസാധാരണ സംഭവങ്ങളെ സമചിത്തതയോടെ നേരിടാനും ഞാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്.' (നമുക്കു നിലപാടുകള്‍ ഉണ്ടായിരിക്കണം).ബുദ്ധിയുള്ള എഴുത്തുകാരന്‍!
'ഒടുക്കം വഴിയരികില്‍ ഒരു ഞാവലിന്റെ തൈ വയ്ക്കണം,വരും കാലത്ത് മറ്റുള്ളവര്‍ക്കും മഴ കാണാനായി'. വിതയ്കകൂ സുസ്‌മേഷ്, ഞങ്ങള്‍ അവിടെയിരുന്നു താങ്കള്‍ക്കൊപ്പം മഴ കാണാം.

Tuesday, March 15, 2011

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

  (Online link-Published 05.03.2011)

കാരൂരിന്റെ 'മരപ്പാവകള്‍' മലയാളത്തിലെ എക്കാലത്തേയും മികച്ച ചെറുകഥകളില്‍ പെട്ട ഒന്നാണ്. കഥാനായിക നളിനി മരപ്പാവകളുണ്ടാക്കി വിറ്റ് അന്നത്തിനു വഴി തേടുന്നവള്‍, നിരവധി കയ്പ്പു നിറഞ്ഞ ജീവിതാനുഭവങ്ങള്‍ പേറുന്നവള്‍. പക്ഷേ അവള്‍ ഒരിക്കലും പ്രസാദാത്മകത്വം കൈ വെടിയുന്നില്ല, തളരുന്നുമില്ല. കഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന നളിനിയുടെ ഈ പ്രസാദാത്മകത്വം, ജീവിതത്തോടുള്ള പോസ്റ്റീവ് സമീപനം ആണ് ആ കഥയുടെ ഹൈലൈറ്റ്. ടി.പത്മനാഭന്റെ ഗൗരിയും (പ്രകാശം പരത്തുന്ന പെണ്‍കുട്ടി) നമ്മുടെ മനസ്സുകളിലേക്ക് നേരേ നടന്നു കയറിയതിന് കാരണം മറ്റൊ ന്നല്ല.

http://groups.google.com/group/s29pensioners?hl=en എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ നിന്നുത്ഭവിച്ച് പല കൈ മറിഞ്ഞ് ഈയിടെ എന്റെ ഇ-മെയിലില്‍ വന്ന ഫോര്‍വേഡഡ് മെസേജിന്റെ സ്വതന്ത്ര മലയാള പരിഭാഷ -

ഒരു ദിവസം കണക്കു ടീച്ചര്‍ കുട്ടികളെ കണക്കു പഠിപ്പിക്കുന്നതിനു പകരം അവരോട് രണ്ടു നോട്ടുബുക്കു താളുകളിലായി തന്റെ മുഴുവന്‍ സഹപാഠികളുടെ പേരുകള്‍ ഇത്തിരി അകലമിട്ട്്് എഴുതുവാന്‍ പറഞ്ഞു.

അവരിലോരോ സഹപാഠിയേയും കുറിച്ച് ആലോചിച്ച്, അവരെ കുറിച്ച് തോന്നുന്ന ഏറ്റവും നല്ല കാര്യങ്ങള്‍ രേഖപ്പെടുത്തുവാനായിരുന്നു അടുത്ത നിര്‍ദ്ദേശം. കുട്ടികള്‍ കണക്കു പീരീഡ് മുഴുവനെടുത്ത് തങ്ങള്‍ക്കു നല്‍കിയ അസൈന്‍മെന്റ് ശ്രദ്ധയോടെ തീര്‍ത്തു ടീച്ചര്‍ക്കു നല്‍കി.

ശനിയാഴ്ച്ച ടീച്ചര്‍ ഓരോ കുട്ടിയുടെ പേരും ഓരോ കടലാസിലെഴുതി. അതിനടിയില്‍ ഓരോ സഹപാഠിയും ആ കുട്ടിയെ കുറിച്ചെഴുതിയത്് രേഖപ്പെടുത്തി. തിങ്കളാഴ്ച്ച ക്ലാസ്സില്‍ അത് വിതരണം ചെയ്തു. അധികം കഴിഞ്ഞില്ല, മുഴവന്‍ ക്ലാസുമുറിയും കുഞ്ഞുങ്ങളുടെ പുഞ്ചിരിയാല്‍ തിളങ്ങി.

'സത്യമോ?ഞാന്‍ ഒരിക്കലും വിചാരിച്ചില്ല ഞാന്‍ ആര്‍ക്കെങ്കിലും ആരെങ്കിലുമാണെന്ന്' 'മറ്റുള്ളവര്‍ എന്നെ ഇത്ര ഇഷ്ടപ്പെടുന്നുവെന്ന് ' എന്നായിരുന്നു മിയ്ക്കവരുടേയും പ്രതികരണങ്ങള്‍ . ക്ലാസ്സു മുറിയില്‍ പിന്നീടൊരിക്കലും അതു ചര്‍ച്ച ചെയ്തില്ല. അവര്‍ തങ്ങളിലോ അവരുടെ വീടുകളിലോ ചര്‍ച്ച ചെയ്തിരിക്കാം. പക്ഷേ ആ എക്‌സര്‍സൈസ് കൊണ്ടുദ്ദേശിച്ച ഫലം അതു നേടി. തങ്ങളെ തന്നെയും പരസ്പരവും സ്‌നേഹിക്കുന്ന കുട്ടികളുടെ ഒരു കൂട്ടം ഉണ്ടായി !

വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ കൂട്ടത്തിലൊരാള്‍, സഞ്ചയ്, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ചു. രാജ്യം നല്‍കിയ ശവസംസ്‌ക്കാരത്തില്‍ ടീച്ചറും പങ്കെടുത്തു. എല്ലാവര്‍ക്കും അവസാനമായി ടീച്ചറും തന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക്
അന്തോ്യപചാരം അര്‍പ്പിച്ചു.

ശവസംസ്്കാര ചടങ്ങിനു ശേഷം ഒരു ജവാന്‍ ടീച്ചറുടെ അടുത്തെത്തി. 'താങ്കളായിരുന്നോ സഞ്ചയ്‌യുടെ കണക്കു ടീച്ചര്‍? ടീച്ചര്‍ തലയാട്ടി. 'അവന്‍ ടീച്ചറെ കുറിച്ച് എന്നോടു ധാരാളം പറഞ്ഞിട്ടുണ്ട്.'

സഞ്ചയിന്റെ സ്‌കൂള്‍ സഹപാഠികള്‍ മിയ്ക്ക പേരും അച്ഛനമ്മമാരും ടീച്ചറോടു സംസാരിക്കാനെത്തി. അവന്റെ അച്ഛന്‍ ഒരു ചെറിയ തോലുറ കാട്ടി ടീച്ചറോടു പറഞ്ഞു 'ഇത് മരിച്ചപ്പോള്‍ അവന്റെ പോക്കറ്റില്‍ നിന്ന് അവര്‍ കണ്ടെടുത്താണ്. വളരെ സൂക്ഷിച്ച് മടക്കി ടേപ്പു ചെയ്‌തൊട്ടിച്ച പഴയ രണ്ടു നോട്ടുബുക്ക് കടലാസുകളായിരുന്നു അവ!സഞ്ചയിനെ കുറിച്ച് അവന്റെ സഹപാഠികള്‍ രേഖപ്പെടുത്തിയ നല്ല കാര്യങ്ങള്‍ ടീച്ചര്‍ എഴുതി കൊടുത്ത അതേ കടലാസുകള്‍!

'അങ്ങനെ ചെയ്തതിന് വളരെ നന്ദി, സഞ്ചയ് അതു നിധിയായി കരുതി സൂക്ഷിച്ചിരുന്നു ', അമ്മ പറഞ്ഞു.

' ഞാന്‍ ഇപ്പോഴും അതെന്റെ മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്, അര്‍ജ്ജുനായിരുന്നു അപ്പറഞ്ഞത്.

'അതു ഞങ്ങളുടെ വിവാഹ ആല്‍ബത്തില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ പൃത്ഥ്വിരാജ് തന്നു' എന്നായി പൃത്ഥ്വിയുടെ ഭാര്യ.

'എന്റേതു ഡയറിയില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്' രശ്മി പറഞ്ഞു.

ദീപാലി ബാഗില്‍ നിന്ന് കീറിപ്പറിയാറായ അവളുടെ ലിസ്‌റ്റൈടുത്ത് ടീച്ചറെ കാണിച്ചു.'ഞാന്‍ ഇതെപ്പോഴും എന്റെ കയ്യില്‍ കൊണ്ടു നടക്കും'

കരയാനുള്ള ഊഴം ടീച്ചറിനായിരുന്നു ഇപ്പോള്‍. അവര്‍ സഞ്ചയിനും ഇനിയൊരിക്കലും അവര്‍ കാണാനിടയില്ലാത്ത അവന്റെ കൂട്ടുകാര്‍ക്കും വേണ്ടി കരഞ്ഞു.

നമുക്കു ചുറ്റുമുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നുവെന്ന്, കരുതുന്നുവെന്ന്, അവര്‍ നമുക്ക് വേണ്ടപ്പെട്ടവരാണെന്ന്,നമ്മുടെ ആരോ ഒക്കെ ആണെന്ന് അവര്‍ അറിയണം. എന്താ അങ്ങനെയാവാന്‍ ശ്രമം ആരംഭിക്കുകയല്ലേ?'

തിരക്ക് പിടിച്ച് ജീവിതം ഓടിത്തീര്‍ക്കുന്നതിനിടയില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ഇത്തരം സ്‌നേഹസന്ദേശങ്ങള്‍ ഒരു നിമിഷമെങ്കിലും നമ്മെ ചിന്തിപ്പിക്കും. നന്മ വിതച്ചാലല്ലേ നന്മ കൊയ്യാനാവൂ?മറ്റുള്ളവര്‍ക്ക്് നാം അങ്ങോട്ടു നല്‍കുന്നതല്ലേ തിരിച്ചും പ്രതീക്ഷിക്കാനാവൂ?




സര്‍ഗ്ഗസാങ്കേതികസംഗമം

(Online link-Published 26.2.2011)
2010 ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം കഥ വായിച്ചത് ആനുകാലികത്തിലല്ല, മറിച്ച് ഒരു ബ്ലോഗിലാണ്. സര്‍ഗ്ഗാത്മകതയും സാങ്കേതികതയും സമന്വിയിക്കുന്ന, സംഗമിക്കുന്ന, ശ്രീനാഥന്റെ 'സര്‍ഗ്ഗസാങ്കേതികം'(http://sargasankethikam.blogspot.com/ ) എന്ന ബ്ലോഗില്‍.ബ്ലോഗ് പേര് സുന്ദരം!

'എത്ര വേഗം മറക്കുന്നൂ നമ്മളീ ദുഃഖമൊക്കയും ബ്ലോഗിന്റെ ആഴിയില്‍ ' എന്ന സബ്‌ടൈറ്റില്‍. മോഹനകൃഷ്ണന്‍, ടി.പി.വിനോദ്, ഓ.എന്‍.വി, വൈലോപ്പിള്ളി, ഒളപ്പമണ്ണ, കീറ്റസ്, സച്ചിദാനന്ദന്‍ എന്നിവരുടെ ഹൃദ്യ മധുരവചനാമൃതം പേറുന്ന സൈഡ്ബാര്‍. 'അനന്ത ബസ് ബാറുകളില്‍ പ്ലവനം ചെയ്യുന്ന ആള്‍ട്ടര്‍നേറ്ററുകള്‍ക്ക് 'എന്നു സമര്‍പ്പണം തുടങ്ങിയ പോസ്റ്റകളിലൂടെ...

സ്വയം കളിയാക്കാനുള്ള കഴിവ് വലിയൊരു പ്രത്യേകതയാണ്. 'സമ്മേളനം' എന്ന ആക്ഷേപഹാസ്യത്തില്‍ നിന്ന്്- 'സമ്മേളനം രണ്ടു മണി കടന്നപ്പോള്‍ പ്രതിനിധി വയറു പുകഞ്ഞ് ആലോചിച്ചു. സാമ്രാജ്യത്വ വിരുദ്ധമായ സാമ്പാര്‍, വര്‍ഗ്ഗീയ വിരുദ്ധമായ അവിയല്‍, സ്ത്രീപക്ഷ മധുരക്കറി, നോണ്‍ വെജിറ്റേറിയന്‍ സ്വത്വബോധമുണര്‍ത്തുന്ന ചിക്കനും മീനും, ദേശീയബോധം ഊട്ടിയുറപ്പിക്കാന്‍ ബട്ടൂര, ആഗോളവല്‍ ക്കരണത്തിന്റെ ഭാഗമായി അല്‍പ്പം ചൈനീസ് ബുഫെയുടെ വികേന്ദ്രീകരണം, ജനാധിപത്യവല്‍ക്കരണം. അറിയിപ്പു വന്നു, ഭക്ഷണത്തിനു ശേഷം ആരും മുങ്ങരുത്, സമ്മേളനാനന്തരം, യുജിസി (പുതിയ സ്‌കെയില്‍) വിതരണം ഉണ്ടായിരിക്കുന്നതാണ്.' ു

ശമ്പളാനുകൂല്യങ്ങളോടെയുള്ള മദ്ധ്യവേനല്‍ കാലം അവസാനിക്കുന്നതിന്റെ കലിപ്പ് വളരെ സരസമായി പറഞ്ഞിരിക്കുന്ന 'ദേ, പിന്നേം തുടങ്ങീ...' ചിരിപ്പിച്ച് തുടങ്ങി ചിന്തിപ്പിച്ചവസാനിപ്പിക്കുന്നു. ' ജൂണ്‍ ഒന്നാണിന്ന്. ഈ മാഷമ്മാ രുടെ ഒരു കഷ്ടപ്പാട് മാളോര്‍ക്കറിയാമോ? രണ്ട് മാസത്തെ കുശാലായ അവധിപ്പൊറുപ്പാണ് വെടി തീരാന്‍ പോകുന്നത്.' തുടര്‍ന്നു വായിക്കുക.

എന്‍ജിനീയറിംഗ് കോളേജുകള്‍ ഇപ്പോള്‍ കൂണു പോലെ. എന്നാല്‍ കോളേജില്‍ പല പേപ്പറുകള്‍ പോയി എങ്ങുമെത്താതായവരുണ്ട്, മുഴുമിക്കാന്‍ പാടു പെടുന്നവരുണ്ട്. അങ്ങനെയുള്ളവരെക്കുറിച്ചുള്ളതാണ് 'ഇന്ദു പറഞ്ഞു തന്ന പാഠം'. അത്തരക്കാരില്‍ പലരുടേയും ജീവിതവിജയ ഗാഥകള്‍ കോറിയിട്ട് വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ജനിപ്പിക്കുക എന്ന സ്വധര്‍മ്മം ഇവിടെ കൃത്യമായി നിര്‍വ്വഹിക്കുന്നു .അതിലെ ഒരു കമന്റ് -'നന്നായി എഴുതി മാഷേ. നല്ല ചിന്തകള്‍. .ജീവിതാവസ്ഥകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴി യുന്നതിനേക്കാള്‍ ഒരദ്ധ്യാപകനു കഴിയും. ഇഷ്ട്ടപ്പെട്ടു..:) ഒരു എന്‍ജിനീയറിംഗ് കോളേജ് ഡ്രോപ് ഔട്ട്'

വലിയ ഭാഷാപ്രേമിയാണ് ശ്രീനാഥന്‍. 'ഉണ്ണായി വാര്യരുണ്ടായതെവിടെ' എന്ന കനപ്പെട്ട ലേഖനത്തില്‍ നിന്ന ്' നളചരിതവുമായി ബന്ധപ്പെട്ട് ചില ഗവേഷണങ്ങള്‍ നടത്തിയപ്പോളാണ് ഉണ്ണായിവാര്യരുടെ ജന്മസ്ഥലത്തെ കുറിച്ച് ചില സൂചനകള്‍ എനിക്ക് ലഭ്യമായത്. കിം ബഹുനാ, അത് ബ്ലോഗിലൂടെ പങ്കു വെച്ചാല്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും, മറ്റു സഹൃദയര്‍ക്കും ഉപകാരപ്രദമായിരിക്കും എന്നു കരുതി.'

'കവിത അറിയാതെ പോകുന്ന കാമ്പസ്സ് ' എന്ന ഈടുറ്റ ലേഖനവും അതിലെ ആവേശഭരിതമായ ചര്‍ച്ചകളും വായനാസാഹിത്യകുതുകികള്‍ കുറവല്ല എന്ന ആഹ്ലാദകരമായ തിരിച്ചറിവു നല്‍കുന്നു. പുതിയ എഴുത്തുകാരുടെ ലിങ്കുകള്‍ സഹിതമുള്ള ലിസ്റ്റുമുണ്ട്..

ഏകമകനെ പഠിക്കാനായി ദൂരെ വിട്ട് അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വിരഹദുഖമാണ് ' ശ്രീശൈലത്തിലെ കുട്ടി'. കണ്ണു നനയിച്ചൊരു പോസ്റ്റ്.

ഇനി മുന്‍ചൊന്ന 'സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്' എന്ന, സൈന്‍വേവ് ഗ്രാഫ് വരച്ചിട്ടിരിക്കുന്ന നല്ല കഥയെപ്പറ്റി. വേവ് സാംപ്ലിംഗ് അനാലിസിസ് ക്ലാസ്സിലിരിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി റോബിന്‍ ബോറന്‍ ക്ലാസ്സിനിടയില്‍ തന്റെയും കൂട്ടുകാരുടേയും ജീവിതങ്ങളുടെ സാംപ്ലിംഗ് നടത്തുകയാണ്.

' കഴിഞ്ഞകുറി ടെസ്റ്റിനു മാര്‍ക്കു കുറഞ്ഞപ്പോള്‍ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദര്‍ശിച്ചതാണ്. അമ്മ സ്വയം നിര്‍ത്താതെ സംസാരിച്ചു കൊണ്ട്, തെരുതെരെ പണിചെയ്ത് തീര്‍ത്ത് ഒരു അസംതൃപ്തിുഞ്ഞമ്മ യായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയില്‍ ഇമ്പള്‍സുകള്‍ പോലെ ഉയരുന്ന ശാപവാക്കുകള്‍. അല്ല, ആരാണ് അമ്മയുടെ ഫൂറിയര്‍ സ്‌പെക്ട്രത്തില്‍ സ്‌നേഹത്തിന്റെ അനന്ത ഫ്രീക്വന്‍സികള്‍ കണ്ടെത്തിയത്?' അസംപ്തൃപ്തിക്കുഞ്ഞമ്മ, അര്‍ജ്ജുനപ്പത്ത് തുടങ്ങി പുതിയ ഭാഷാപ്രയോഗങ്ങള്‍ നന്ന്.പ്രണയം, വിപ്ലവം, ദാരിദ്യം എന്നു വേണ്ടാ ,സമകാലികജീവിതം എല്ലാമുണ്ട് ഈ കഥയില്‍. തികച്ചും വ്യത്യസ്തവും മനോഹരവുമായ ആഖ്യാനശൈലി. ടെക്‌നിക്കല്‍ വാക്കുകളുടെ അതിപ്രസരം ഉണ്ടെങ്കിലും അതൊന്നും അറിയാത്തവര്‍ക്കും കഥ മനസ്സിലാകും എന്ന് അതിലെ കമന്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കഥ വായിക്കുമല്ലോ അല്ലേ?

സൗഭാഗ്യവാന്‍, ഇലയനക്കങ്ങള്‍, കവിത-നെരൂദ എന്നിങ്ങനെ കവിതകളുമുണ്ട്, പക്ഷേ അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു പറയാനാവില്ല, അതിനുള്ള വിവരം എനിക്കില്ല തന്നെ!അല്ലെങ്കിലും ഈ ബ്ലോഗു വായിക്കുമ്പോഴെല്ലാം ഞാന്‍ എന്റെ ഭാഷാവിജ്ഞാനപരിമിതികള്‍ അറിയുന്നു !

'കെട്ട ജീവിതം, ഉണ്ടെനിക്കെന്നാല്‍, മറ്റൊരു സൈബര്‍ ജീവിതം മന്നില്‍' എന്നു പാടുന്ന ശ്രീനാഥന്റെ സര്‍ഗ്ഗസാങ്കേതികതൂലിക ഇനിയും നിര്‍ബാധം ചലിക്കട്ടെ, നമുക്കായ്.

സൗമ്യമല്ല ഈ പ്രതികരണങ്ങള്‍

(Online link-Published 19.02.2011)
ഐവര്‍മഠത്തില്‍ മുഴങ്ങിയ ശാന്തിമന്ത്രങ്ങള്‍ ഏറ്റുവാങ്ങി സൗമ്യയുടെ ആത്മാവ് ബലാല്‍സംഗികളും ഞരമ്പുരോഗികളുമില്ലാത്ത ലോകത്തിലേക്കു പറന്നുയര്‍ന്നുകഴിഞ്ഞു. കേരളത്തെ കരയിപ്പിച്ച ആ സംഭവം ഒരു പുതുവാര്‍ത്തയ്ക്കും മായ്ക്കാന്‍ കഴിയാത്ത വിധം ഇവിടുത്തെ പെണ്‍മനസ്സുകളില്‍ ഉണങ്ങാത്ത വ്രണമായി എക്കാലവും നില്‍ക്കും.

ഇതേ കുറിച്ച് പ്രശസ്തരുടെ പ്രതികരണങ്ങള്‍ നമ്മള്‍ കേട്ടു.ലോകമെമ്പാടും ചിതറി കിടക്കുന്ന, സാധാരണക്കാരായ മലയാളികളുടെ പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റ് വഴി ബ്ലോഗ്-ബസ്- സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളിലൂടെ ഒഴുകുകയാണ്. പല ഗൂഗിള്‍ ബസ്സുകളില്‍ നിന്ന് എടുത്ത്് ബ്ലോഗര്‍ ആഗ്നേയ ഇട്ട ഒരു പോസ്റ്റാണിത് - http://gayaathiyilninnum.blogspot.com/. വായിക്കാം, ഒട്ടും സൗമ്യമല്ലാത്ത, പെണ്‍മനസ്സുകളുടെ ധര്‍മ്മരോഷങ്ങള്‍.

' സത്യമായും ഞങ്ങളുടെ ജീവനു ചാരിത്ര്യത്തേക്കാള്‍ വിലയുണ്ട് '

'അവളുപോയതു നന്നായി'-ചര്‍ച്ചകള്‍ക്കും രോഷപ്രകടനങ്ങള്‍ക്കുമൊടുവില്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് എല്ലാവരുടെയും ആത്മഗതം..സമൂഹത്തില്‍ നാളെയവളുടെ ഗതി എന്തായിരിക്കുമെന്നോര്‍ത്തുതന്നെയാവും എല്ലവരുമതു പറഞ്ഞിരിക്കുക..ഒരുപക്ഷേ അവളുടെ സ്വന്തം വീട്ടുകാര്‍പോലും ഓര്‍ത്തിരി ക്കാമിത്.എന്തായാലും പുതിയതലമുറയിലെ പെണ്‍കുട്ടികള്‍ ജീവനിലും വലുതായി മാനത്തെ കാണുന്നില്ലെന്നത് ആശാസകരം. ഇന്നിറങ്ങിയ ചില ഗൂഗിള്‍ ബസ്സുകളിലെ പെണ്‍കുട്ടികളുടെ പ്രതികരണങ്ങള്‍ ആശാവഹമാണ്.

1. 'നാളെ ആ പെണ്‍കുട്ടിയുടെ അവസ്ഥ എനിക്ക് വന്നാല്‍ , എനിക്കല്‍പ്പമെ ങ്കിലും ശ്വാസം ബാക്കിയുണ്ടെങ്കില്‍ ,ഞാന്‍ പരിക്ക് ഭേദമായി എഴുന്നേറ്റ് വരാ നേ നിങ്ങള്‍് പ്രാര്‍ഥിക്കാവൂ. സമൂഹത്തിന്റെ അപമാനിക്കല്‍ സഹിക്കാതിരിക്കാന്‍ ഞാന്‍ മരിക്കുന്നതാണ് നല്ലതെന്ന് നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍, അപമാനി ക്കപ്പെട്ട ഞാന്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് നിങ്ങള്‍ പറഞ്ഞെ ന്നേ എനിക്ക് കരുതാനാവൂ. ഞാന്‍ മറിച്ച് തീരുമാനിക്കാത്തിടത്തോളം കാലം ഈ ലോകത്ത് ജീവിക്കാന്‍ എനിക്കും അഗ്രഹമുണ്ട്, അവകാശവും'-പ്രിയ

2.'സഹായിക്കാനായി കൈ നീട്ടിയില്ലെങ്കിലും ശരി, എങ്ങനെയെങ്കിലും തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു കൊള്ളാം.. പക്ഷെ ദയവായി സഹതപിച്ചു കൊല്ലരുത്..' -കൊച്ചുത്രേസ്യ

3.'ആ പെണ്‍കുട്ടി മരിച്ചൂല്ലേ.? അപ്പോ ഓള്‍ മോസ്റ്റ് ശവമായി കിടന്ന പെണ്‍ കൊച്ചിനെ ആണ് അയാള്‍ പ്രാപിച്ചത്.കഷ്ടം! ജീവനുണ്ടോ ശവമാണോ... ഒന്നും പ്രശ്‌നമല്ല... ചുമ്മാ കേറ്റാനൊരു വജൈന വേണം..ദാറ്റ്‌സ് ഇറ്റ്. നമ്മുടെ നാട്ടില്‍ അമ്മത്തൊട്ടിലൊക്കെ വച്ചിരിക്കുന്നത് പോലെ, എല്ലാ ബസ് സ്റ്റാന്റ്റിലും പൊതു സ്ഥലങ്ങളോടനുബന്ധിച്ചും, ട്രെയിനിലുമൊക്കെ വല്ല പ്ലാസ്റ്റിക്കിലോ റെക്‌സിനിലോ തീര്‍ത്ത സ്ത്രീ രൂപങ്ങള്‍ (സെക്‌സ് റ്റോയ് പോലെ ) ഉണ്ടാക്കി വയ്ക്കട്ടെ. സോക്കേട് തീര്‍ക്കേണ്ടവര്‍ക്ക് അതേല്‍ പോയി തീര്‍ക്കാമല്ലോ.. സോറി ഫോര്‍ മൈ ലാംഗ്വേജ്... സങ്കടം സഹിക്ക വയ്യാഞ്ഞിട്ടാ'-സുജ. (ഇല്ല സുജ, ഇക്കാര്യത്തില്‍ പറഞ്ഞ ഭാഷയെപ്പറ്റി ക്ഷമ ചോദിക്കേണ്ട ആവശ്യം ഒട്ടുമില്ല-ശ്രീലത).

അതേ, നിങ്ങളൊക്കെ ഞങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച ആ മാനത്തേ ക്കാളും ചാരിത്ര്യത്തേക്കാളും വിലയുണ്ട് ഞങ്ങളുടെ ജീവന്, ജീവിതത്തിന്. നിങ്ങളിലൊരാള്‍ കാണിക്കുന്ന മാനസിക വൈകല്യത്തിന്, ചെറ്റത്തരത്തിനു പകരമായി ഞങ്ങളൊക്കെ ജീവിച്ചിരിക്കാനും, സ്വസ്ഥമായി ജീവിക്കാനുമുള്ള അവകാശം വലിച്ചെറിയണോ? എന്റെ മകളുടെ കാലത്തെങ്കിലും ഇതിനൊര റുതിയുണ്ടായെങ്കില്‍. ജിവിതത്തോടും, ലോകത്തോടും അടങ്ങാത്ത കൊതിയുള്ളവരാണു ഞങ്ങളും.

തനിക്കുനേരെ ലൈംഗിക അതിക്രമണം നടന്നപ്പോള്‍, അതിന്റെപേരില്‍ വീട്ടുകാരടക്കം കയ്യൊഴിഞ്ഞപ്പോള്‍ തളരാതെ പിടിച്ചുനിന്ന് ഒടുവില്‍ ഇന്ത്യയിലെ ലൈംഗികചൂഷണങ്ങള്‍ക്കുനേരെയും, ബാലവേശ്യാ വൃത്തിക്കെതിരേയും പോരാടാന്‍ ധൈര്യം കാണിച്ച, പോരാടിക്കൊണ്ടിരിക്കുന്ന സുനിതാകൃഷ്ണനു സലാം. (സങ്കടം തീരുന്നില്ല..പേടിയും)'

ഇനി മുന്‍കരുതല്‍. ബ്ലോഗര്‍ ഇഞ്ചിപ്പെണ്ണിന്റെ ബസ്സില്‍ നിന്ന് -''ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകളെ സഹായിക്കാന്‍ വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റയില്‍വേ അലേര്‍ട്ട് നമ്പരുകള്‍- 9846200100 /9846200150 /9846200180. ട്രെയിന്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഈ നമ്പരുകള്‍ കൈവശം സൂക്ഷിക്കുക'

ആദ്യ വികാരവിക്ഷോഭങ്ങള്‍ അടങ്ങിയപ്പോള്‍ കോയമ്പത്തൂര്‍കാരന്‍ ഒറ്റക്കയ്യന്‍ ഭീകരന്‍ ഗോവിന്ദച്ചാമിയുടെ സ്ഥാനത്ത് പിടിപാടുള്ള ഒരു മലയാളിയായിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും സംഭവിച്ചിരിക്കുക എന്ന് ഞാനും ആലോചിച്ചു പോയി. ഇനിയും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടെതെന്നും. 'ധാര്‍മ്മിക രോഷം ഉണര്‍ന്നു' എന്ന ഫെബ്രുവരി 8-ാം തീയതിയിലെ ബസ്സില്‍ പ്രശസ്ത ബ്ലോഗര്‍ ബെര്‍ലി തോമസ് ഇക്കാര്യങ്ങള്‍ യുക്തിഭദ്രമായി കോറിയിട്ടിട്ടുണ്ട്. വായിച്ചിരിക്കണം തീര്‍ച്ചയായും. പ്രൊഫെല്‍ -http://www.google.com/profiles/103520254487286868168#buzz

സൗമ്യയ്ക്കുവേണ്ടി ഉപവാസമനുഷ്ഠിച്ച വീട്ടമ്മയെപ്പറ്റി വായിച്ചത് പ്രശസ്ത കഥാകൃത്തും എന്റെ നല്ല ബ്ലോഗ് സുഹൃത്തുമായ ശ്രീ. സുസ്‌മേഷ് ചന്ത്രോത്തിന്റെ ' ഇപ്പോള്‍ ആ മൃതദേഹം പുഞ്ചിരിക്കുകയായിരിക്കും' എന്ന ഹൃദയത്തില്‍ തൊട്ട വരികളില്‍ - http://susmeshchandroth.blogspot.com/- നിന്നാണ്. വായിക്കുമല്ലോ അല്ലേ?