Sunday, October 3, 2010

മോഹപ്പക്ഷി

"ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണ്യെ നമഃ" ലളിതാ സഹസ്രനാമത്തിലാണ് ഈ വരി. ഇതു മൂന്നുമുണ്ടെങ്കില്‍ ഏതു പരിശ്രമവും ലക്ഷ്യം നേടും, അതെത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും. ശാന്ത കാവുമ്പായിയുടെ 'മോഹപ്പക്ഷി' (http://santhatv.blogspot.com/) എന്ന ബ്ലോഗ് സാഹിത്യത്തിനും കലയ്ക്കും അപ്പുറം മനുഷ്യന്റെ അതിജീവനശ്രമങ്ങള്‍ കാട്ടിത്തരുന്നു.

'ആഗ്രഹിക്കാതെ ജീവിതം പോരാട്ടമായി മാറി; മുങ്ങിത്താഴുമ്പോള്‍ കൈനീട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം കയറിപ്പിടിച്ച്; പിടിവിടുമ്പോള്‍ വീണ്ടും മുങ്ങി; സ്‌നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്; ജീവിതത്തിന്റെ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്; ' എന്ന് പൊള്ളുന്ന ജീവിത സത്യങ്ങള്‍ കാവ്യാത്മകമായി കോറിയിട്ടിട്ടുണ്ട് സ്വയവിവരണത്തില്‍.

ആനുകാലികങ്ങളിലൂടെ പലര്‍ക്കും സുപരിചിതയാണ് ഈ ബ്ലോഗര്‍. 2010 ജൂലായ് 23, ആഗസ്റ്റ് 13 ലെ പോസ്റ്റുകളാണ്് ശാന്തടീച്ചറുടെ ഒഴുക്കിനെതിരെയുള്ള തുഴച്ചിലിലേക്കു വെളിച്ചം വീശിയത്. കൈകാലുകളുടെ സ്വാധീനക്കുറവും അസുഖവും മൂലം കുഞ്ഞുന്നാളില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടും  തളര്‍ന്നു നിസ്സഹായതയോടെ നിന്നില്ല. പകരം ഇച്ഛാശക്തി കൊണ്ട് കുറവുകള്‍ അതിജീവിച്ച് ,ജ്ഞാനശക്തി നേടി, ക്രിയാശക്തി സംഭരിച്ചു ഈ മോഹപ്പക്ഷി. ആ സിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ശിരസ്സു നമിച്ച് അവരുടെ ബ്ലോഗിലൂടെ.  

ഹിന്ദു-മുസ്ലീം ഭായി ഭായി എന്നു കഴിഞ്ഞിരുന്ന സുവര്‍ണ്ണകാലത്തേക്കു ഒരു തിരിച്ചു പോക്ക് നടത്തി, ഇപ്പോഴത്തെ ഭീകരകാലം എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യുന്ന ' അമ്മയും കുറേ ഉമ്മമാരും' എന്ന പോസ്റ്റില്‍ നിന്ന്-

'തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമൊക്കെ ചെറുപ്പക്കാര്‍ എത്തുന്നത് വിശ്വാസപ്രമാണങ്ങള്‍ക്കു വേണ്ടിയല്ല,ഒരു മതവും അതനുശാസിക്കുന്ന പ്രമാണഗ്രന്ഥങ്ങളും അക്രമത്തെ പ്രോസ്താഹിപ്പിക്കുന്നില്ല. വിശുദ്ധ ഖുറാനില്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത് ക്ഷമയെക്കുറിച്ചാണ്. പിന്നെന്തിന് എന്ന ചോദ്യത്തിന് അധികാരം,പണം എന്നൊക്കെയാണ് ഉത്തരം. കൌമാരക്കാരെ എളുപ്പത്തില്‍ വഴിതെറ്റിക്കാനാവും എന്ന് ഭീകരതയെ പോറ്റി വളര്‍ത്തുന്നവര്‍ക്കറിയാം.' ധാരാളം കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്ന ടീച്ചര്‍ അനുഭവജ്ഞാനത്തിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങളോട് നൂറു ശതമാനം യോജിപ്പാണ് തോന്നുന്നത്. വായ്ത്താരിയിലൂടെ മതമൈത്രിക്കു ശ്രമിക്കുന്നതിനു പകരം നേതാക്കള്‍ ഇതു പോലെ പ്രശ്‌നങ്ങള്‍ പഠിച്ച് അതു പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍.

നക്‌സലിസം ഇവിടെ ഭീതി പരത്തിയ കാലത്തും ജനം അവരെ വെറുത്തില്ല, കാരണം, അവര്‍ അനീതിക്കെതിരെ പോരാടുന്ന മനുഷ്യസ്‌നേഹികളെന്നു കരുതിയിരുന്നു.(കടപ്പാട്-മധുപാല്‍). പക്ഷേ ഇപ്പോഴുള്ള ഭീകരവാദം അങ്ങനെയല്ല എന്തായാലും.

റബ്ബര്‍ നാട്ടുകാരിയായ എനിക്ക് നെല്‍ കൃഷിയെക്കുറിച്ച് പല പുതിയ അറിവുകളും ലഭിച്ചു പുനം കൃഷിയെക്കുറിച്ചുള്ള ലേഖനം. പഴയ കാലത്തെ കൂട്ടുകൃഷി സമ്പ്രദായ വര്‍ണ്ണന വളരെ കൗതുകത്തോടെയാണ് വായിച്ചത്. 'ഉപ്പുതൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍' എന്ന പോസ്റ്റില്‍ നിന്ന്-
 
'പുനം കൊത്താണ് വിഷയം.12 കൊല്ലം മൂത്ത മലയാണ് തെളിച്ചെടുക്കേണ്ട ത്.അഞ്ചു ഉറുപ്പിക ജന്മിക്ക് ശീലക്കാശു വെച്ചാല്‍ ഒരേക്ര കാട് കീഴ്ക്കാര്യ സ്ഥന്‍ വന്നു കുറ്റിയടിച്ചു തരും. അടുത്തടുത്ത നാട്ടിലുള്ളവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു മല ഏറ്റെടുക്കും. വിളവുണ്ടായാല്‍ നോക്കി വാരം നിശ്ചയിക്കും. എങ്കിലും ഒരു നിലപാടുണ്ട്.100സേര്‍ വിളവിന് 16സേര്‍ നെല്ല് എന്നാണ് വ്യവസ്ഥ. '

ധനുവിലെ കാടുവെട്ടിത്തെളിക്കല്‍ മുതല്‍ മേടത്തിലെ വിത്തു പാകലും കഴിഞ്ഞ് ചിങ്ങത്തിലെ വിളവെടുപ്പു വരെ വളരെ വിശദമായി പറഞ്ഞിരിക്കുന്നു.ഒട്ടും മുഷിവില്ലാതെ പറഞ്ഞിരിക്കുന്നു. ഇതില്‍ കൃഷ് എന്ന ബ്ലോഗറുടെ കമന്റും വളരെ വിജ്ഞാനം പകരുന്നു. ഇപ്പോഴത്തെ കാലത്തു ഇതു നടത്തിക്കൂടെ എന്നു ചോദിക്കുന്നുണ്ടെങ്കിലും അതു പ്രായോഗികമാകാന്‍ തരമില്ല.  അതിനു വേണ്ട ആള്‍ബലം വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കുക എന്നതായിരിക്കും ഏറ്റവും ശ്രമകരം.

അദ്ധ്യാപക തുടര്‍ശാക്തീകരണത്തൈക്കുറിച്ചുള്ള  പോസ്റ്റും വളരെ വിജ്ഞാനപ്രദമായി തോന്നി. ഇതു പോലെ ധാരാളം ലേഖനങ്ങളുണ്ട്. മോഹപ്പക്ഷി എന്ന കവിതാ സമാഹാരം കൈരളി ബുക്‌സ് പുറത്തിറക്കി കഴിഞ്ഞു. പക്ഷേ, വളരെ അറിവു പകരുന്ന, പക്വതയാര്‍ന്ന നിരീക്ഷണങ്ങളുള്‍ക്കൊള്ളുന്ന ലേഖനങ്ങളാണ് എനിക്ക് കവിതക്കളേക്കാളേറെ ഇഷ്ടപ്പെട്ടത്. അഭിരുചി വ്യത്യാസം കൊണ്ടാകാം. കവിതകള്‍ പലതും നീണ്ടു പോയില്ലേ എന്നും തോന്നി. ലേഖനങ്ങളില്‍ ചില ഭാഷാപ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തിരി പ്രയാസമുണ്ട്, പ്രത്യേകിച്ചു പുനം കൃഷി ലേഖനത്തിലും മറ്റും. ബ്രാക്കറ്റില്‍ അര്‍ത്ഥം കൂടി കൊടുത്തിരുന്നെങ്കില്‍ ഇനിയും ആസ്വാദ്യകരമാകുമായിരുന്നു.

Tvpm
24.09.2010


               

8 comments:

  1. വായിയ്ക്കാറുണ്ട്

    ReplyDelete
  2. ഞാന്‍ മോഹപ്പക്ഷിയുടെ ഒരു follower ആണ്.ബൂലോകത്തിലെ ഒരു സജീവ സാന്നിധ്യമായ അവരെപ്പറ്റി ഞാന്‍ എന്തൊക്കെ പറഞ്ഞാലും അത് ചെറുതായിപ്പോകും.
    മൈത്രെയിക്കും,മോഹപ്പക്ഷിക്കും ആശംസകള്‍..

    ReplyDelete
  3. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ..ഇത് മൂന്നും കൂടിച്ചേർന്നതാണ് നമ്മുടെ ശാന്ത ടീച്ചർ, എന്റെ നല്ല വായനയിൽ ഉൾപ്പെട്ട ബ്ലോഗാണിത്..

    ReplyDelete
  4. ശാന്താ കാവുമ്പായിയുടേ ബ്ലോഗിലൂടെ ഒട്ടേറെ സഞ്ചരിച്ചിട്ടില്ല. പക്ഷെ ഈയടുത്ത് ടീച്ചറുടെ പുതിയ പുസ്തകമായ മോഹപക്ഷി എനിക്ക് ടീച്ചര്‍ അയച്ചു തന്നിരുന്നു. നന്നായിരിക്കുന്നു. അത് കൂടുതല്‍ വായന അര്‍ഹിക്കുന്ന പുസ്തകമാണെന്ന് തോന്നിയതിനാല്‍ പരിചയപ്പെടുത്തി കൊണ്ടൊരു പോസ്റ്റുമിട്ടു.

    ശാന്ത ടീച്ചര്‍ക്ക് , ആ ഇച്ഛാശക്തിക്ക് ഭാവുകങ്ങള്‍. .

    ReplyDelete
  5. ടീച്ചറെ കുറെക്കൂടി നേരത്തെ പരിചയപ്പെടുത്തേണ്ടിയിരുന്നു.

    ReplyDelete
  6. വായിയ്ക്കാറുണ്ട്.
    ഞാൻ എപ്പോഴും വൈകുമെന്നു മാത്രം.
    ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  7. ശാന്തേച്ചിയെ വായിക്കാറുണ്ട്.ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം!

    ശാന്തേച്ചിക്കും മൈത്രേയിക്കും ആശംസകള്‍!

    ReplyDelete
  8. Teacherude rachanakal parichitham.aashamsakal

    ReplyDelete