(09.10.2010 ല്‍ പ്രസിദ്ധീകരിച്ചത്)
കഥകഥപ്പൈങ്കിളി (http://kcgeetha.blogspot.com/) വായിക്കവേ ഞാന്‍ എന്നെത്തന്നെ കണ്ടതു പോല! ആശയം, കഥ പറയാന്‍ അവലംബിച്ച രീതി എല്ലാത്തിലും അത്രയ്ക്കുണ്ട് സമാനതകള്‍! അതോ ഇതായിരിക്കുമോ ഈ പെണ്ണെഴുത്ത് എന്ന മുദ്ര ചാര്‍ത്തി അറിയപ്പെടുന്നവ ? എന്തായാലും ഇത് ഒരു തരം ആത്മവിമര്‍ശനം കൂടിയായി കരുതാം.
തനിക്കു ചുറ്റുമുള്ള പരിചിതലോകത്തു നിന്നു കണ്ടെടുത്തവരാണ് ഗീതയുടെ മിയ്ക്ക കഥാപാത്രങ്ങളും. ഇന്‍ഡ്യാക്കാര്‍ക്ക് കഥയെഴുതുവാന്‍ വളരെ എളുപ്പമാണ്, സ്വന്തം വീട്ടിലെ ജാലകത്തിലൂടെ കഥാകാരന്‍/കാരി ഒന്നു പുറത്തേക്കു നോക്കിയാല്‍ മതി ഒരു കഥാപാത്രത്തെ കിട്ടും, ഒപ്പം കഥയും എന്നു പറഞ്ഞു വച്ചത് ആര്‍.കെ. നാരായണ്‍ (Malgudy days). കഥാതന്തുവില്‍ ഭാവന ചേരുംപടി ചേര്‍ക്കുമ്പോള്‍ കഥ ഉരുത്തിരിയും. ഈ ചേരും പടി ചേര്‍ക്കലാണ് കഥയെ നല്ലതും ചീത്തയുമാക്കുന്നത്.
'ഗാര്‍ഡനറുടെ മകള്‍ 'എന്ന ആദ്യ കഥ കോളേജിലെ തോട്ടക്കാരനാണു പിതാവെന്നതില്‍ കൂട്ടുകാരികളുടെ മുമ്പില്‍ നാണക്കേടു തോന്നുന്ന മകളും അതു തിരിച്ചറിഞ്ഞ് സ്ഥലം മാറ്റത്തിനു ശ്രമിക്കുന്ന പിതാവുമാണ്. ഉപയോഗിച്ചു മുനയൊടിഞ്ഞ ആശയം, പക്ഷേ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ക്രൂരസത്യം. പണ്ടു കോണ്‍വെന്റില്‍ അവതരിപ്പിച്ചിരുന്ന സോദ്ദേശ സാരോപദേശ നാടകങ്ങള്‍ ഓര്‍മ്മ വന്നു എനിക്ക്. അതില്‍ ഒന്നില്‍ അമ്മയെ തള്ളിപ്പറഞ്ഞ സുന്ദരിയായിരുന്നു നായിക. പക്ഷേ അവള്‍ മാനസാന്തരപ്പെട്ടു കേട്ടോ!
പഠനകാലത്തു തന്റെ സ്ഥിതി നോക്കാതെ രാഷ്ട്രീയം കളിച്ചു നടന്ന കൂട്ടുകാരിയെ ഒരിക്കല്‍ വീട്ടുസഹായി ആയി കാണേണ്ടി വന്ന കഥ പറയുന്നു ' കാലത്തിന്റെ വികൃതി ' . ഇതും വളരെ പഴകിയ വിഷയം തന്നെ. എന്‍.മോഹനന്റെ അവസ്ഥാന്തരങ്ങള്‍, സി.വി.ശ്രീരാമന്റെ ഒളിച്ചോട്ടം, ചക്രവര്‍ത്തിനി ഈ കഥകളും ഏതാണ്ട് ഇതേ വിഷയം തന്നെ. എനിക്കും ഇത് പ്രിയപ്പെട്ട വിഷയമാണ്. കാലലീല എന്നു പേരിടാവുന്ന നാലു കഥകളുണ്ട് എന്റെ വക, ബ്ലോഗിലിട്ടതും ഇടാത്തതുമായി!
വിവാഹിതയും മാതാവുമായിട്ടും മനസ്സു മറ്റൊരാളില്‍ കുടുങ്ങിപ്പോയ ശാരിയാണ് 'വിചിത്ര വീഥികള്‍ ' എന്ന കഥയിലെ നായിക. അവസാനം പക്ഷേ കാഥിക അവളെ രക്ഷപ്പെടുത്തിയെടുത്തു! വിവാഹേതര ബന്ധം എന്ന ആശയം അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണു നമുക്ക്.
കയ്പ്പും മധുരവും, അമ്മ, ഉത്തമ ഭാരത പൗരന്‍, എന്നിവയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകള്‍. ആദ്യത്തേതു രണ്ടും സമകാലീന ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളെങ്കില്‍ ,മൂന്നാമത്തേത് വനിതാ ബില്ലിനെതിരെ രാജ്യസഭയില്‍ കരിങ്കാളി നൃത്തം ചവിട്ടിയ എം.പി.യെ കളിയാക്കിയതാണ്. 'അമ്മ'യിലെ അമ്മയുടെ അവസാന പ്രതികരണത്തിനു വേണ്ടത്ര മൂര്‍ച്ച തോന്നിയില്ല. കൂട്ടിലെ തത്ത, യാത്രയിലെ കൂട്ടുകാരി, കാണം വിറ്റും ഇതൊന്നും അത്ര രസിച്ചുമില്ല.
കഥകള്‍ എല്ലാം ഇത്തിരി നീട്ടി പരത്തിയാണ് പറഞ്ഞിരിക്കുന്നത്. ലോജിക്കലി പെര്‍ഫക്ട് (യുക്തി ഭദ്രം) ആക്കാനുള്ള ശ്രമമാണത്. ഉദാ:'താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വികൃതികള്‍'-കഥ, സുകൃതികള്‍. എന്തുകൊണ്ട്, എങ്ങനെ മറ്റുള്ളവരൊന്നും കാണാതെ താന്‍ അതു കണ്ടു എന്നു വിശദീകരിക്കാനുള്ള ശ്രമമാണിത്.ഇത് മിയ്ക്ക കഥകളിലുമുണ്ട്. ഇതിനു വേണ്ടി പലപ്പോഴും കഥകള്‍ വല്ലാതെ വലിച്ചു നീട്ടുന്നുമുണ്ട്. ഇത്ര കൃത്യമായി പറയാനാവുന്നത്, ഈ രോഗം എനിക്കുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ്.!
കഥയ്ക്കു ചേരാത്ത സാഹിത്യവും ചിലടത്തു കല്ലു കടിയായി തോന്നി. ഉദാ-' ആ കൃത്യം നിര്‍വ്വഹിച്ചു'(കള്ളി വെളിച്ചത്തായി) 'ആ കര്‍മ്മം നിര്‍വ്വഹിച്ചു'(കാലത്തിന്റെ വികൃതി) ' പഠിപ്പിക്കുക എന്ന കര്‍മ്മം'(സുകൃതികള്‍) തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. പാണ്ഡിത്യമല്ല, ലാളിത്യമാവണം കഥകള്‍ക്കാധാരം എന്നുള്ളതാണ് എന്റെ വിശ്വാസപ്രമാണം. 2009ലേക്കാള്‍ വളരെ മെച്ചപ്പെട്ടു 2010ലെ എഴുത്ത്. ഇനിയും എഴുതി തെളിയും തീര്‍ച്ച.
ഗീതാഗീതികള്‍
കവിതകള്‍, പാട്ടുകള്‍, പ്രാര്‍ത്ഥനാ ഗാനങ്ങള്‍, ദേശ ഭക്തി ഗാനം എന്നിവയാണ് ഈ ബ്ലോഗില്‍. ഗീത രചിച്ച് ലണ്ടനിലിരുന്ന് രാജീവ് രാമന്‍ പാടിയ പാട്ടുമുണ്ട്. വനിതാ ബില്ല് ചര്‍ച്ചയും പാസ്സാക്കലുമെല്ലാം ഭരണസഭകളില്‍ മാത്രമല്ല, ബൂലോകത്തും നടന്നു! പ്രബല എന്ന കവിതയില്‍ നിന്ന്-
പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.
അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.
' വരിക വരിക സഹജരേ' എന്ന പാട്ടോര്‍മ്മിപ്പിച്ച കവിത പെരുത്തിഷ്ടപ്പട്ടിരുന്നു .പക്ഷേ അവസാനം 'വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?' എന്ന വാചകം തീയില്‍ വെള്ളം കോരിയൊഴിച്ച പോലായി.!
വീടും ജോലിയും ഒപ്പം എഴുത്തും ഒന്നു പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ ഗീതയ്ക്കു സാധിക്കട്ടെ.
Tvpm,
01.10.2010
Subscribe to:
Post Comments (Atom)
ഗീതയുടെ ബ്ലോഗ് വായിച്ചിട്ടുണ്ട്.ആശംസകൾ.ഒപ്പം ഒരു നന്ദി വാക്കും മൈത്രേയിയോട്.
ReplyDeleteഗീതയുടെ കവിതകള്‍ വായിച്ചിട്ടുണ്ട്.
ReplyDeleteആശംസകള്‍ രണ്ടു പേര്‍ക്കും!
ഗീതയുടെ ബ്ലോഗിൽ പോയിട്ടുണ്ട്, ഗീതക്ക് ആശംസകൾ! ഇത്തവണയും നല്ലൊരു വിശകലനത്തിന് മൈത്രേയി തയ്യാറായി, നന്നായി
ReplyDeleteഗീതയുടെ ബ്ലോഗ് വായിക്കാറുണ്ട്. ആശംസകള്‍
ReplyDeleteസ്ഥിരം പോകാറുള്ള ഒരിടമാണ് അത് :)
ReplyDeleteകഥകൾക്കായും,ഗീതങ്ങൾക്കായും , ഞാനും ഇടക്കിടക്ക് ചേല്ലാറുള്ളയിടമാണ് ഈ പൈങ്കിളിയുടെ തട്ടകം...കേട്ടൊ
ReplyDeleteThis comment has been removed by the author.
ReplyDeleteഗീതയുടെ ബ്ലോഗ് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ കുറച്ചായി പോസ്റ്റുകള്‍ കുറവെന്ന് തോന്നുന്നു. ഗീതാഗീതികള്‍ എന്ന ബ്ലോഗും നല്ലത് തന്നെ..
ReplyDeleteനമ്മുടെ കുറ്റവും കുറവും നമുക്കൊരിക്കലും മനസ്സിലാവുകില്ല. അത് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയേ പറ്റൂ. ഇത്ര കിറുകൃത്യമായി നിരീക്ഷിച്ച് എഴുത്തിലെ പോരായ്മകളൊക്കെ ചൂണ്ടിക്കാട്ടി എന്നെ എനിക്ക് മനസ്സിലാക്കി തന്നതിന് മൈത്രേയിയോട് വലിയൊരു നന്ദി പറയുന്നു.
ReplyDeleteഞാനും സ്ഥിരമായി പോകാറുള്ള ഒരു ബ്ളോഗാണ് ഗീത ചേച്ചിയുടെ ബ്ളോഗ്.
ReplyDeleteആശംസകള്‍ !!!
എല്ലാവര്‍ക്കും നന്ദി, നന്ദി, നന്ദി! ഗീതയ്ക്കു പ്രത്യേകം, എന്നെ തല്ലണമെന്നും കൊല്ലണമെന്നും ഒന്നും തോന്നാത്തതിന്!
ReplyDeleteഗീതയുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട ഒരു ബ്ലോഗാണ്. ബ്ലോഗ് പോലെ ആളേയുമിഷ്ടമാണ്. :)
ReplyDeleteഗീതയ്ക്ക് അഭിനന്ദനം. ഗീതയെ പരിചയപ്പെടുത്തിയതിന് മൈത്രേയിക്ക് നന്ദി.