(Published 19.11.2010)
മലയാളം മരിക്കുന്നു എന്ന മുറവിളിയില്‍ കഴമ്പുണ്ടോ?
സൈബര്‍സ്‌പേസില്‍ മലയാളം ഇപ്പോള്‍ സര്‍വ്വസാധാരണം . കമ്പ്യൂട്ടറിനു മലയാളം വഴങ്ങിത്തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അതു സാധാരണക്കാര്‍ക്ക്്് അത്രയൊന്നും പ്രാപ്യമായിരുന്നില്ല. ഡി.റ്റി.പി.സെന്ററുകാരും മറ്റും ബിസിനസ്സു ആവശ്യങ്ങള്‍ക്കു വേണ്ടി വിലകൊടുത്തു വാങ്ങുന്ന സോഫ്്റ്റവേര്‍ ആയിരുന്നു അന്ന് മുഖ്യം. പക്ഷേ സാധാരണക്കാര്‍ക്കു മെയില്‍, ബസ്,ഓര്‍ക്കുട്ട്, ഫേസ് ബുക്ക് ,ട്വീറ്റര്‍ ഇവയിലൂടെ മാതൃഭാഷയില്‍ കൊച്ചു വര്‍ത്തമാനം പറയാന്‍, ബ്ലോഗെഴുതാന്‍ ഇപ്പോള്‍ സൗജന്യ മലയാളം, മംഗ്ലീഷ്-മലയാളം സോഫ്‌റ്റ്വെയറുകള്‍ ഉണ്ട്.
ധാരാളം വായനയും അല്ലറ ചില്ലറ എഴുത്തുമുണ്ടായിരുന്നു എനിക്ക് സ്‌കൂള്‍കാലത്ത്. പിന്നീട് പഠന-ജോലി-ജീവിത തിരമാലകളില്‍ മുങ്ങിപ്പൊങ്ങിയപ്പോള്‍ എഴുത്ത് തീരെ നിന്നു പോയി. എങ്കിലും എഴുതാനുള്ള ആശ മനസ്സില്‍ തീവ്രമായിരുന്നു. പലതും നോട്ടുബുക്കില്‍ കുറിച്ചു വച്ചു, ഒന്നും മുഴുവനാക്കിയില്ല. പല വട്ടം എഴുതുക, വെട്ടിത്തിരുത്തുക, വീണ്ടും എഴുതുക എന്നതൊന്നും പ്രായോഗികമല്ലായിരുന്നു, അതിനുള്ള ക്ഷമയും ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു സുഹൃത്ത് 'ടൈപ്പിറ്റ് ' എന്ന സൗജന്യ സോഫ്്‌റ്റ്വെയര്‍ മെയില്‍ ചെയ്തു തന്നു. എഴുത്തിന്റെ വലിയൊരു ലോകം, അത് എനിക്കു മുന്നില്‍ തുറന്നിട്ടു. ഓരോ പ്രാവശ്യവും മലയാളം അക്ഷര ലേ ഔട്ട് എടുത്തു നോക്കാനാവില്ല എന്ന പ്രായോഗികത മനസ്സ് അംഗീകരിച്ചതിനാലാവാം മലയാളം കീസ്‌റ്റ്രോക്‌സ് വളരെ വേഗം ഹൃദിസ്ഥമായി ! സമയം കിട്ടുമ്പോഴെല്ലാം കുത്തിക്കുറിച്ചു, പിന്നെ സൗകര്യം പോലെ എഡിറ്റിംഗ്. സന്തോഷം പറയാവതല്ല മമ!
മലയാളം എഴുതുമ്പോള്‍ ആംഗലേയം കടന്നു വരുന്ന കീറാമുട്ടി പ്രശ്‌നത്തിനും ടൈപ്പിറ്റ് കുറേയെങ്കിലും പരിഹാരം തന്നു, അതിന്റെ ടൂള്‍സിലുള്ള ഇംഗ്ലീഷ്-മലയാളം ഡിക്ഷണറിയിലൂടെ. അങ്ങനെ ഇപ്പോള്‍ 'ഡോണ്‍ ശാന്തമായൊഴുകുകയാണ്' ടൈപ്പിറ്റിലൂടെ. നന്ദി, ആ സൗജന്യ സോഫ്റ്റ് വെയര്‍ കൈരളിക്കു സമ്മാനിച്ച ലിയോ സോഫ്‌റ്റ്വെയറിന്, അത് എനിക്ക് അയച്ചു തന്ന പ്രിയ സുഹൃത്തിന്.
ഒന്നു പരീക്ഷിക്കണമെന്നു തോന്നുന്നുവോ ? ഇതിലേ പോകുക . (http://www.softpedia.com/get/Office-tools/Text-editors/Typeit.shtml). പിന്നെ അതു പറയുന്നതെല്ലം അനുസരിക്കുക. വളരെ വേഗം നിങ്ങളുടെ എഴുത്തിനു സന്തതസഹചാരിയായി മിണ്ടാതെ ഡെസക് ടോപ്പില്‍ വന്ന് ഇരുന്നോളും ടൈപ്പ്് റൈറ്റര്‍ പടമുള്ള ആ പാവം പരോപകാരി ! എഴുതി പ്രിന്റൗട്ട് എടുക്കാം, അതിലെ Convert ടൂള്‍ ഉപയോഗിച്ച് യൂണിക്കോടിലേക്കു മാറ്റിയാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ എഴുതാം, ബസ്സിലും ബ്ലോഗിലും പോസ്റ്റിടാം. പണിയായുധങ്ങള്‍ ഇനിയുമുണ്ട ് അതില്‍ ! മംഗ്ലീഷ്-മലയാളം സോഫ്‌റ്റ്വെയറുകളെപ്പറ്റി ഇനി ഒരിക്കല്‍.
ബ്ലോഗര്‍ ജെ.കെയുടെ ഗൂഗിള്‍ ബസ്സില്‍ ഒരു ദിനം വൃത്തത്തില്‍ നാലുവരി കവിത . വൃത്തനിയമങ്ങള്‍ എന്നേ മറന്ന എന്റെ അത്ഭുതത്തിന് ഉത്തരമായി കിട്ടിയത് സുഷെന്‍ .വി.കുമാര്‍, സഞ്ജീവ് കൊഴിശ്ശേരി എന്നിവര്‍ വികസിപ്പിച്ചെടുത്ത 'വൃത്തസഹായി' സൗജന്യ സോഫ്‌റ്റ്വെയര്‍ ലിങ്ക്- http://vruthasahayi.sourceforge.net/ . 'പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്' എന്ന എ.ആര്‍ .രാജരാജവര്‍മ്മയുടെ വൃത്തമഞ്ചരിയില്‍ തുടങ്ങിയ ആ സൈറ്റ് ആഹ്ലാദവും ആദരവും ഉണര്‍ത്തി.
ജെകെയുടെ ഓടക്കുഴല്‍നാദം എന്ന നല്ല കവിത ( http://jekeys.blogspot.com/2010/10/blog-post.html ) യിലെ നാലു വരി
ആസ്യം വിലാസം നടനസ്യലാസ്യം
വാസന്തപൂവിന്‍ മധുമന്ദഹാസം
വീശിക്കുളിര്‍ന്നൂ നയനാഭിരാമം
പാശം വെടിഞ്ഞൂ ഹൃദയപ്രണാമം
കൊടുത്തപ്പോള്‍ ഇന്ദ്രവജ്ര എന്ന് പുല്ലുപോലെ പറഞ്ഞു തന്നു വൃത്തസഹായി.!
അതു കൊണ്ടും തീര്‍ന്നില്ല. വൃത്തനിയമങ്ങള്‍ (യരത-ഭജസ-മന) ലഘുവിന് 0 ഗുരുവിന് 1 എന്നിങ്ങനെ കല്‍പ്പിച്ചാല്‍ 011=3= യ മുതല്‍ 000=0=ന വരെ ബൈനറി നമ്പറാക്കി മാറ്റാം എന്ന് ജെ.കെ സ്വന്തം പോസ്റ്റ് കമന്റില്‍ വിശദീകരിച്ചിട്ടുണ്ട്. വൃത്തത്തിലേക്ക് ബൈനറി ആവാഹിച്ചത് നന്നെ ബോധിച്ചു .
കംപ്യൂട്ടറില്‍ എഴുതി തുടങ്ങവേ 'പ്രിയപ്പെട്ട പേനയും കടലാസും ഉപക്ഷേിക്കണമല്ലോ 'എന്ന എം. മുകുന്ദന്റെ സങ്കടം വായിച്ചിരുന്നു. അതിന്റെ പിന്നിലെ വൈകാരികത മനസ്സിലാകുമ്പോള്‍ കൂടി, ഒരു സംശയം, അനായാസം വായിക്കാനാവുന്ന പ്രിന്റൗട്ട് എടുക്കാം എന്നുള്ളപ്പോള്‍ എന്തിനാണാവോ എഴുതി കഷ്ടപ്പെടുന്നത്? ഗ്യാസ് അടുപ്പില്‍ പുകയും കരിയും ഇല്ലാതെ വളരെ വേഗം പാലു കാച്ചാനാവുമ്പോള്‍ പുകയൂതി കണ്ണു ചുവപ്പിച്ച് നേരം കളയാന്‍ കഴിയാത്തതിനെപ്പറ്റി സങ്കടമോ ? എന്റെ മനസ്സില്‍ നിന്ന് നേരിട്ട് പകര്‍ത്തിയെഴുതുന്ന സോഫ്‌റ്റ്വേര്‍ ഉണ്ടാവണേ എന്ന് എനിക്കാഗ്രഹം!
മഹാകാവ്യങ്ങള്‍ ഉണ്ടാകുന്നില്ലായിരിക്കാം, ചരിത്രനോവലുകള്‍ എഴുതപ്പെടുന്നില്ലായിരിക്കാം ,മണിപ്രവാളമോ ചമ്പുക്കളോ ഇല്ലായിരിക്കാം, പക്ഷേ കേരളത്തിന്റെ നാലതിരുകള്‍ ഭേദിച്ച് ഭാഷ വളരുകയാണ് ,വളരുക തന്നെയാണ്, മലയാളത്തിനു ക്ലാസിക് പദവി കിട്ടിയാലും ഇല്ലെങ്കിലും.
Subscribe to:
Post Comments (Atom)
very informative and useful post..Thanks
ReplyDeleteരമേശേട്ടന്‍ പറഞ്ഞത് പോലെ തന്നെ 'very informative and useful post'..Thanks
ReplyDeleteമലയാളത്തെപ്പറ്റി എഴുതിയപ്പോൾ എല്ലാരും ആംഗലേയത്തിലാണല്ലോ മറുകുറി!!
ReplyDeleteaashamsakal.
ReplyDeleteThanks !
ReplyDelete