(published 26.11.2010- link)
ജാതകത്തില്‍ ശനിയുടെ നില്‍പ്പ് വശക്കേടായതുകൊണ്ടോ എന്തോ, ചിലപ്പോള്‍ മടി കലശലാണ് എനിക്ക്. ബ്ലോഗു തുടങ്ങിയിട്ട് നാളു കുറച്ചായി. ഗൂഗിളില്‍ അപ്‌ഡേറ്റ്‌സ് കിട്ടുകയും ചെയ്യും. പക്ഷേ അതു വായിച്ച് പരീക്ഷിക്കാന്‍ എനിക്കു മടിയാണ്, ക്ഷമയുമില്ല. പകരം നേരേ പോകും അപ്പുവിന്റെ ആദ്യാക്ഷരിയിലേക്ക് (http://bloghelpline.cyberjalakam.com/ ). എല്ലാം നല്ല വണ്ണം പഠിച്ച് സ്വയം ചെയ്തു നോക്കി ഇനി വിഴുങ്ങിയാല്‍ മതി എന്ന് ഗുളിക രൂപത്തില്‍ ആക്കി വച്ചിട്ടുണ്ടാകും അവിടെ. അറിയേണ്ടതെല്ലാം കൃത്യമായി മനസ്സില്‍ ആഗ്രഹിച്ച വിധം അടുക്കിന് കിട്ടുമ്പോള്‍ പിന്നെ ഞാനെന്തിനു ഗൂഗിളില്‍ പോയി മെനക്കെടണം? നറുനെയ്യ് കിട്ടും എന്നുള്ളപ്പോള്‍ വെണ്ണ വാങ്ങി ഉരുക്കാന്‍ നില്‍ക്കണമോ?
ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് ചുവടു മാറാന്‍ എന്നെ പ്രേരിപ്പിച്ചത് ആദ്യാക്ഷരിയാണ്. ഇന്നും ഞാനോര്‍ക്കുന്നു മാതൃഭാഷയില്‍ സൈബര്‍ലോകത്തു വിഹരിക്കാന്‍ തുടങ്ങിയ നാളിലെ സന്തോഷം. ഞാന്‍ മാത്രമല്ല, മലയാളം ബ്ലോഗിംഗില്‍ പലരും എഴുത്തിനിരുന്നിട്ടുണ്ട് ആദ്യാക്ഷരിയില്‍. വളരെ ലളിതമാണ് ഭാഷയും ശൈലിയും. വലതു വശത്തു വിഷയസൂചിക വായിച്ച് നമുക്കു വേണ്ടതു ക്ലിക്ക് ചെയ്യാം. ഈ സൗകര്യമാണ് , ആദ്യാക്ഷരി, ഗൂഗിളിനേക്കാള്‍ എനിക്കു പ്രിയതരമാക്കിയത്. അതെ ' സംഗതികള്‍' എല്ലാം തികഞ്ഞ ആധികാരിക സൈറ്റ് !
മലയാളം എഴുതുവാന്‍ സൈബര്‍സ്‌പേസില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് മംഗ്ലീഷ് സോഫ്‌റ്റ്വെയര്‍ ആണ്. Google indic transliteration സംവിധാനം ചെറു സന്ദേശങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ 'വരമൊഴി' ,'കീമാന്‍ ' തുടങ്ങിയവയാണ് കൂടുതലായി മലയാളം എഴുതേണ്ടപ്പോള്‍ ഉപയോഗിക്കുക. സിബു.സി.ജെ വികസിപ്പിച്ചെടുത്ത വരമൊഴിയെപ്പറ്റിയും മറ്റു സോഫ്‌റ്റ്വെയറുകളെപ്പെറ്റിയും കൂടുതല്‍ അറിയാന്‍ ഇതിലേ പോകാം. https://sites.google.com/site/cibu/beginner. beginner മാറ്റി history ആക്കിയാല്‍ സൈബര്‍ മലയാളലിപിയുടെ ഉല്‍പത്തി പരിണാമ ചരിത്രവും അറിയാം.
ഭാഷയും മാറ്റങ്ങള്‍ക്കു വിധേയമാണ് . സംസ്‌കൃതവും മലയാളവും കൂടി ചേര്‍ന്നപ്പോള്‍ മണിപ്രവാളം എന്ന മനോഹരമായ ഭാഷാരീതി ഉണ്ടായി. മലയാളത്തിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് ഇപ്പോള്‍ ഒഴിവാക്കാനാവില്ല. ഒരിക്കല്‍ ശ്രീ.ബാബു പോള്‍ എഴുതിയിരുന്നു, മലയാളത്തിന്റെ ഒപ്പം കടന്നു വരുന്ന ഇംഗ്ലീഷ് പദങ്ങള്‍ ധൈര്യമായി അങ്ങെഴുതുക എന്ന്.
പ്രശസ്ത നോവലിസ്റ്റ് ശ്രീ. കെ.സുരേന്ദ്രനും സുഹൃത്തും കൂടി സംസാരിക്കവേ അദ്ദേഹം ചോദിച്ചു, 'എനിക്ക് കല്യാണ ക്ഷണനമുണ്ട്, താങ്കള്‍ക്കോ'എന്ന്. ക്ഷണനം എന്നാല്‍ വധിക്കല്‍ എന്നാണ് അര്‍ത്ഥം, ക്ഷണം ആണ് ശരിയായ വാക്ക് എന്നായി സുഹൃത്ത്. ഇത്തിരി ആലോചിച്ച് കഥാകൃത്ത് പറഞ്ഞു, എല്ലാവരും ഉപയോഗിക്കുന്നതല്ലേ, അര്‍ത്ഥവും പിടി കിട്ടുന്നുണ്ട്, അപ്പോള്‍ അങ്ങനെ ആയാല്‍ എന്താ തരക്കേട് എന്ന് . ശരിയാണ്, സുഗമമായ ആശയസംവേദനം അല്ലേ പരമ പ്രധാനം?
എം.ടി. സിനിമകളുടെ ഒരു ഫെസ്റ്റിവലില്‍ 'ചിരിക്കാനുള്ള സിദ്ധി കൈ വിട്ടു പോയിട്ടില്ല അല്ലേ ' എന്ന വാചകം പല സിനിമകളിലും ആവര്‍ത്തിച്ചതായി ശ്രദ്ധിച്ചു. അതെ, ഏതു സംഘര്‍ഷത്തിനിടയിലും ആ സിദ്ധി കൈ മോശം വരാതിരിക്കട്ടെ. ഇതാ സൈബര്‍ സ്‌പേസില്‍ നിന്ന് ചില മംഗ്ലീഷ് തമാശകള്‍.
കുട്ട്യേടത്തിയുടെ ബ്ലോഗില്‍ നിന്ന് കിട്ടിയ ട്വീറ്റ്‌സ്- http://kuttyedathi.blogspot.com/2009/05/blog-post_30.html
1..അയ്യോ അച്ഛാ ട്വീറ്റല്ലേ...അയ്യോ അച്ഛാ ട്വീറ്റല്ലേ...
2..ഓര്‍ക്കുട്ട് ദുഃഖമാണുണ്ണീ....ട്വീറ്ററല്ലോ സുഖപ്രദം.
3.ഒരു ട്വീറ്റര്‍ കിട്ടിയിരുന്നെങ്കില്‍.....ട്വീറ്റ് ചെയ്യാമായിരുന്നു.
4.നമുക്കു ട്വീറ്റ് ഡെക്കില്‍ പോയി ട്വീറ്റ് ചെയ്യാം, അതിരാവിലെ എഴുന്നേറ്റ് റിപ്ലൈ വന്നുവോ എന്നും റീട്വീറ്റ് ഉണ്ടോ എന്നും നോക്കാം. അവിടെ വച്ച് ഞാന്‍ നിനക്ക്...
5.കുട്ടാ, ട്വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ....ശ്രുതി പോരാ
6.ട്വീറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ലോഗര്‍ എടുക്കാന്‍.
7.അതെന്താ ദാസാ ഈ ട്വീറ്റ്‌സ് നമ്മള്‍ നേരത്തേ തുടങ്ങാത്തത്?ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ.
8.അങ്ങനെ ട്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ ട്വീറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
ബ്ലോഗര്‍ ചേച്ചിപ്പെണ്ണിന്റെ ഒരു ഗൂഗിള്‍ ബസ് കൂടി ആയലോ?
കണ്ണുകളില്‍ ചെമ്പരത്തിപ്പൂ വിരിയും കാലം.
ആത്മന്‍ (കണ്ണു വക).
'ഈ ഇളനീര്‍ കുഴമ്പു കണ്ടുപിടിച്ചാതാരാണോ. കാന്താരിക്കുഴമ്പ് എന്ന പേരായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ചേരുക'. കണ്ണു ദീനം പിടിച്ച് ഇളനീര്‍ കുഴമ്പെഴുതി നീറിയപ്പോള്‍ വന്ന ബസ്. എങ്ങനെയുണ്ട് കണ്ണിന്റെ ആത്മന്‍ എന്ന ആത്മഗതം?
തിരുത്ത്- നവംബര്‍ 19 ലക്കത്തില്‍ വൈലോപ്പിള്ളി എന്നതിനു പകരം ബാലാമണിയമ്മ എന്നു എഴുതിയതില്‍ അതിയായി ഖേദിക്കുന്നു. കവിയുടെ ആത്മാവ് എന്നോടു പൊറുക്കട്ടെ.
Subscribe to:
Post Comments (Atom)
"ഒരിക്കല്‍ ശ്രീ.ബാബു പോള്‍ എഴുതിയിരുന്നു, മലയാളത്തിന്റെ ഒപ്പം കടന്നു വരുന്ന ഇംഗ്ലീഷ് പദങ്ങള്‍ ധൈര്യമായി അങ്ങെഴുതുക എന്ന്."
ReplyDeleteരാഷ്ട്ര ഭാഷാ പ്രചരണത്തിലും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.
ചില വാക്കുകൾ നമുക്ക് കടം കൊള്ളാം.
നമ്മൾ മലയാളത്തിൽ ഉപയോഗിക്കുന്ന എല്ലാ വാക്കുകളും മലയാളം തന്നെയെന്ന് ഉറപ്പിക്കാനാവുമോ ?
വായനയിലും എഴുത്തിലും ഭാഷയ്ക്ക് അതിന്റേതായ സ്ഥാനമുണ്ടെങ്കിലും ആശയ സംവേദനം എന്ന ലക്ഷ്യത്തില്‍ പ്രയോഗിയ്കുമ്പോള്‍ ഭാഷ പ്രശ്നമാക്കേണ്ടതില്ലെന്ന് തോന്നുന്നു
ReplyDelete@(* ^ *)@
ReplyDeleteനല്ല തമാശകള്‍
ReplyDeleteസൈബർസ്പേസിൽ, എഴുത്തിന്റെ ചിലയിടങ്ങളിൽ, ഒക്കെ ഉപകാരമുള്ള കുറെ കാര്യങ്ങളും തമാശകളും, ചൂണ്ടിക്കാട്ടലുകളും എല്ലാം വഹിച്ച് സൈബർസ്ക്കാൻ മുന്നോട്ട് നീങ്ങട്ടെ! ആശംസകൾ!
ReplyDeleteകൊള്ളാമല്ലോ.. ആശംസകള്‍...
ReplyDelete