Tuesday, September 7, 2010

കാലമാപിനി

(04.09.2010 )
മുകിലിന്റെ കാലമാപിനി ( http://kaalamaapini.blogspot.com/ ) കവിതകള്‍ക്കൊരിടമാണ്. പ്രണയം, വിരഹം തുടങ്ങിയ പരിചിത വിഷയങ്ങള്‍ക്കപ്പുറം വിശപ്പ്, വൈധവ്യം, കുടുംബഭാരം തുടങ്ങി ജീവിതഗന്ധിയായ വിഷയങ്ങള്‍, വ്യത്യസ്തയാര്‍ന്ന രീതിയില്‍ എഴുതിയിരിക്കുന്നു.

അതു കൊണ്ടു ഞാനൊരു നല്ല കുക്കല്ല!

'ജീവിതം പരമസുന്ദര
സൌഭാഗ്യസമുദ്രമാകേണം'
ദൈവമൊന്നും മിണ്ടിയില്ല.
'കാര്യങ്ങളെല്ലാം ഭംഗിയില്‍ നീങ്ങണം
അതിനു, നല്ല ജോലിക്കാരി ഭാര്യ വേണം..'
ദൈവം തലയുയര്‍ത്തി നോക്കി...
'ശരി! അനുഗ്രഹിച്ചിരിക്കുന്നു..'
'എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവള്‍ തന്നെയോടണം..'
ദൈവം ഉമിനീരിറക്കി...
'ശരി! അനുഗ്രഹിച്ചിരിക്കുന്നു..'
'അവള്‍,
എനിക്കിഷ്ടമുള്ള കറികള്‍
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...'
ദൈവം പറഞ്ഞു.
'നീ പോടാ പട്ടീ!..'

ഒറീസ്സയില്‍ ഒരുണ്ണി

അച്ഛന്‍ മരിക്കാന്‍ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛന്‍ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടുദിനങ്ങള്‍ നീണ്ടു

വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോര്‍ത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.

വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?

ഉണ്ണി വേവുന്നു വാവയെയോര്‍ത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയര്‍ത്തു..
വാവയെപ്പോള്‍.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേര്‍ത്തു നിന്നു.

ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..

ഉണ്ണി പറഞ്ഞു,പൊട്ടിത്തകര്‍ന്ന്..
'...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!.'

വിധവ
അവള്‍ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.
ബന്ധുക്കള്‍,
തങ്ങളുടെ വിളകളിലവള്‍
തലയിടാതിരിക്കാന്‍
വേലികള്‍
ഭദ്രമാക്കുന്നു.
അയല്‍ക്കാരികള്‍,
ഭര്‍ത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.
മക്കള്‍,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.
പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളില്‍
നെഞ്ചുതല്ലുന്നു

മക്കളെ സ്‌നേഹിക്കണമെങ്കില്‍ 'ക്വാളിറ്റിയുള്ള മക്കളെ പെറ്റിട് ' എന്നു ഭര്‍ത്താവു പറയുന്ന 'തലച്ചുമട്' എന്ന കവിത, ദാരിദ്യദുഃഖമോ പുത്രദുഃഖമോ വലുത് എന്ന ഉമാമഹേശ്വര സംവാദം വര്‍ണ്ണിക്കുന്ന 'ഭഗവാന്റെ ഡെമോ' തുടങ്ങി നല്ല വായനാനുഭവങ്ങള്‍ ഇനിയുമുണ്ട്. 'ജീവിതത്തിന്റെ നെട്ടോട്ട ത്തിനിടയ്ക്കു നെഞ്ചിലിടിച്ചു നില്ക്കുന്ന ഒരു തേങ്ങലാണു കവിത' എന്നു പറയുന്ന മുകില്‍ ഇനിയുമിനിയും കവിതകള്‍ എഴുതി ആസ്വാദകമനസ്സില്‍ ഇടം നേടട്ടെ!


online link
Tvpm
10.08.2010

18 comments:

  1. ബ്ലോഗുലകത്തിലിങ്ങനെ ബ്ലോഗറെപ്പറ്റി പറയുമ്പോൾ ബ്ലോഗിലെ കണ്ടന്റ്, കോളം തികയ്ക്കാൻ അതേപടി കൊടുക്കുന്നതിലർത്ഥമില്ല.

    ReplyDelete
  2. മൈത്രേയി ചേച്ചി,

    ഇത് വായിക്കുമ്പോള്‍ എന്റെ മനസ്സിലൂടെ പോയ ചില വാക്കുകള്‍ കലാവല്ലഭന്‍ പറഞ്ഞു. ബ്ലോഗറുടെ ചില വാക്കുകളോ അല്ലെങ്കില്‍ ചില പോസ്റ്റുകളിലെ ഭംഗിയുള്ള വരികളോ കടമെടുക്കാം.. പക്ഷെ അപ്പോഴും ബ്ലോഗറെ കുറിച്ച് എഴുതുന്ന ആളുടെ അഭിപ്രായം കൂടെ വേണം എന്ന് എനിക് തോന്നുന്നു. ചിലപ്പോള്‍ ഞാന്‍ ചെയ്യുന്ന ബൂലോകസഞ്ചാരവും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല കേട്ടോ.. എങ്കിലും മറ്റൊരാളുടെ കണ്ണിലെ കരടാവുമ്പോള്‍ സ്വന്തം കണ്ണില്‍ തോട്ടിയിരുന്നാലും എടുത്തുമാറ്റാന്‍ ശ്രമിക്കണമല്ലോ.. അല്ലാതെ വിമര്‍ശനമല്ല കേട്ടോ.. നേരത്തെ ചേച്ചി ഉപയോഗിച്ചിരുന്ന രീതി തന്നെ കുറച്ച് കൂടെ മെച്ചം എന്ന് തോന്നുന്നു. ഇത് ഭൂലോക വായനക്കാര്‍ക്കായി ചെയ്യുന്നതാണെന്ന് അറിയാം.. എങ്കിലും ലേഖനത്തില്‍ എഴുത്തുകാരി എന്തെങ്കിലുമൊക്കെ സംവേദിക്കണ്ടേ എന്നൊരു തോന്നല്‍.. ചേച്ചിയോടുള്ള വിശ്വാസമാണല്ലോ ഇത് വരെ വായിക്കാത്തവര്‍ക്ക് മുകിലെത്തുമ്പോള്‍ .

    ReplyDelete
  3. മുകിലിനെ വായിച്ചിട്ടുണ്ട്. ഒത്തിരി വട്ടം അല്ലെങ്കിലും കുറച്ചൊക്കെ. നല്ല ഒരു ബ്ലോഗ്. പരിചയപ്പെടുത്തല്‍ അര്‍ഹിക്കുന്ന ഒന്ന് തന്നെ.. വായിക്കപ്പെടേണ്ടതും..

    ReplyDelete
  4. കൊള്ളാം

    ReplyDelete
  5. മുകിലിനെ വായിച്ചിട്ടുണ്ട്.. ചിലതൊക്കെ വല്ലാതെ മനസിനെ ഉലച്ചിട്ടുമുണ്ട്..

    ReplyDelete
  6. പ്രിയപ്പെട്ട മൈത്രേയി,
    വളരെ നന്ദി. സന്തോഷം. ഈ പരിചയപ്പെടുത്തലിന്. സ്ഥിരമായി വന്നു വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ബ്ലോ‍ഗുലകത്തിലെ നല്ല സുഹൃത്തുക്കളെ സ്മരിക്കുന്നു. അവരാണ് എന്റെ ബ്ലോഗിനെ മുമ്പോട്ടു നീക്കുന്നത് എന്നു പറയാം. ഇങ്ങനെയൊന്നും പ്രതീക്ഷിക്കാതെ ഈ ബൂലോകത്തേക്കു വന്നതുകൊണ്ടു ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു.

    ReplyDelete
  7. മുകിലിന്റെ ബ്ലോഗ് ഞാൻ സ്ഥിരമായി സന്ദർശിക്കാറുണ്ട്, ഹൃദയത്തിൽ നിന്നും വരുന്ന കവിതകളാണവരുടേത്!

    ReplyDelete
  8. മുകിലിന്റെ കവിതകൾ ഈ ബ്ലോഗിന്റെ പരിധിയിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കേണ്ടവയാണ്. തീക്ഷ്ണമാണവ. നാളെ അറിയപ്പെടേണ്ട കവയിത്രിയാവും മുകുൽ. തീർച്ച.

    ReplyDelete
  9. മുകിൽ ഇനിയുള്ളകാലങ്ങളിലും കവിതയുടെ മുകിൽ വർണ്ണം മലയാളക്കര മുഴുവൻ പെയ്യിക്കട്ടെ....

    ReplyDelete
  10. മുകിലിന്റെ കവിതകള്‍ എല്ലാം തന്നെ മനോഹരമാണ്‌! ഞാന്‍ മുകിലിന്റെ ഒരു ആരാധികയാണ്‌. ഇനിയും നല്ല നല്ല കവിതകള്‍ എഴുതാന്‍ മുകിലിനു കഴിയട്ടെ എന്നാശംസിക്കുന്നു.

    എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  11. മുകില്‍ കണ്ടിട്ടുണ്ട്.
    ലളിതം സുന്ദരം..

    ReplyDelete
  12. അവിടെ പോകാറുണ്ട്

    ReplyDelete
  13. സുരേഷ് മാഷാണ് ഒരിക്കന്‍ മുകിലിന്റെ ബ്ലോഗ് ലിങ്ക് തന്ന് മുകിലിനെ പരിചയപ്പെടുത്തുന്നത്. അന്ന് മുതല്‍ മുടങ്ങാതെ കവിതകള്‍ വായിക്കുന്നുണ്ട്, ഇഷ്ടവുമാണ്. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  14. മനോരാജും കലാവല്ലഭനും പറഞ്ഞതിനോട് ഞാനും അക്ഷരം പ്രതി യോജിക്കുന്നു...

    ReplyDelete
  15. മുകിലിനെ വായിച്ചിട്ടുണ്ട്

    ReplyDelete
  16. മുകിലേ! ഇത് കാണാൻ വൈകി.
    എല്ലാവരും പറഞ്ഞ നല്ല വാക്കുകൾ കേട്ട് ഞാനും സന്തോഷിയ്ക്കുന്നു.

    ReplyDelete