Sunday, October 24, 2010

ചിത്രജാലകം

                                        ( 23.10.2010 ല്‍ പ്രസിദ്ധീകരിച്ചത് )

കൊച്ചു കൊച്ചു വിശേഷങ്ങള്‍  പറയുന്ന ഒരു  ഫോട്ടോബ്ലോഗാണ് സിയയുടെ http://siyashamin.blogspot.com/.  'ജീവിതത്തില്‍ പലര്‍ക്കും നിസ്സാരമെന്ന് തോന്നിക്കുന്ന ,പല സംഭവങ്ങളും എന്നെ വല്ലാതെ സ്പര്‍ശിക്കുന്നപോലെ തോന്നിയിട്ടുണ്ട് .എന്റെ ബ്ലോഗ്‌സ് ഇതിന്റെ ഒരു പ്രതിഫലനം ആണ്. കൂടാതെ യാത്രകളെയും, യാത്രാ വിവരണങ്ങളും ഇഷ്ടപ്പെടുന്നു .' ഈ സ്വയവിശകലനം കൃത്യമായും ശരിയാണ് എന്നു ബ്ലോഗു വായിച്ചപ്പോള്‍ എനിക്കും തോന്നി.

കളഞ്ഞു പോയ കരിമണി കമ്മല്‍ വളരെ ശ്രമപ്പെട്ട് ഒരു മണിക്കൂര്‍ കൊണ്ട് ആറ്റില്‍ നിന്ന് തപ്പി എടുത്തു കൊടുത്ത കൊച്ചു പെണ്‍കുട്ടിയുടെ സഹായമനസ്ഥിതിയെപ്പറ്റി പറയുന്നു 'അപ്പുവും കരിമണി കമ്മലും '. 'പലപ്പോളും  ഒരു  നിമിഷം ആണ് പലരും നമ്മുടെ  സഹായം ചോദിക്കുന്നതും അത് പോലും നമ്മള്‍ എത്ര ചിന്തിച്ചു ആണ് ഉത്തരം പറയുന്നതും? എത്ര പേരുടെ അനുവാദം വാങ്ങാനും ഉണ്ട്? മുഖം നോക്കാതെ  ഏത് കിണറ്റിലും ചാടാന്‍ നമ്മില്‍ എത്ര പേര്‍ക്ക് പറ്റും? '

താമരയിലയിലെ ചോറും ഇതു പോലെ തത്വചിന്തയില്‍ ആണ് അവസാനിക്കുന്നത്. 'പിന്നെ എല്ലാവരും ജീവിക്കുന്നതും ഇതുപോലെ ആണല്ലോ? ഒരു വിശ്വാസം മുറുക്കെ പിടിച്ചു കൊണ്ടു' അതെ ,വിശ്വാസം, അതല്ലേ എല്ലാം!

വാഹനാപകടത്തില്‍ മരണമടഞ്ഞ കൂട്ടുകാരിക്ക് സമര്‍പ്പിച്ച 'ഹേന' ആണ് എനിക്ക് ഏറ്റം ഇഷ്ടം തോന്നിയ പോസ്റ്റ്. 'നമ്മളോട് അടുപ്പം തോന്നുമ്പോള്‍ നമുക്ക് അവരോടു അടുപ്പം തോന്നില്ല ..നമുക്ക്   അവരോടു അടുപ്പം തോന്നുമ്പോള്‍ അവര് നമ്മളെ കരയിപ്പിച്ചുകൊണ്ടേ  ഇരിക്കും'. ഇതു വളരെ ശരിയായ ഒരു നിരീക്ഷണം. സ്‌നേഹം നിരസിക്കുന്നവരുടെ പുറകേ നമ്മള്‍ പായും, വാരിക്കോരി തരുന്നവരെ തിരിച്ചറിയുകയുമില്ല.

തെമ്മാടി കുഴിയും ഗ്ലൂക്കോസും ഓഷോവില്‍ തുടങ്ങി ഓഷോവില്‍ അവസാനിക്കുന്നു.ഒരു മാലപ്പടക്കവുമായി, ഉഴുന്നാടയും ചെണ്ടമേളവും, കാര്‍മ്മല്‍ ഹോസ്റ്റല്‍, സൂര്യപുത്രിക്ക് തിരിച്ചടി, ആതിരയുടെ പ്രണയം എന്നിങ്ങനെ കൊച്ചു വിശേഷങ്ങള്‍ ഒരു പിടിയുണ്ട്.

'സ്‌നേഹപൂര്‍വ്വം വിഷുക്കൈനീട്ടം ' ലണ്ടന്‍ പൂക്കളുടെ മനംകവരും ഫോട്ടോകള്‍ ആണ്. നാട്ടിലെ പൂന്തോപ്പും പുഴയും എല്ലാം സിയയുടെ ക്യാമറ ഒപ്പിയിട്ടുണ്ട്.

ബ്ലോഗ് യാത്രാവിവരണങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം അതില്‍ ഇടുന്ന കിടിലന്‍ ഫോട്ടോകള്‍ തന്നെ. എസ്.കെ.പൊറ്റാക്കാടിന്റേതടക്കം പഴയ കാല വിവരണങ്ങളിലെല്ലാം, എത്ര കുറവാണ് ഫോട്ടോകള്‍?  ഇപ്പോള്‍ യാത്രാവിവരണത്തിനു വേണ്ടി മാത്രമായി വര്‍ണ്ണ ചിത്രങ്ങളോടെയുള്ള മാസികകളും വെബ്‌സൈറ്റുകളും ഇഷ്ടം പോലെ. വര്‍ണ്ണനകള്‍ വായിച്ചു തള്ളാന്‍ ആര്‍ക്കും സമയമുണ്ടാവില്ല. പക്ഷേ പടങ്ങള്‍ വേഗം കണ്ണില്‍ പതിയും.

സിയയുടെ യാത്രാ ഫോട്ടോകള്‍ ചേതോഹരങ്ങളാണ്. അതാണ് ഈ ബ്ലോഗിന്റെ പ്രധാന ആകര്‍ഷണീയതയും. ഭക്ത സിയയുടെ ലൂര്‍ദ്, റോമാ യാത്രാ പടങ്ങള്‍ നാം അവിടെ പോയ പോലെയുള്ള അനുഭൂതി ഉണര്‍ത്തി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന്- 'നല്ലപോലെ വസ്ത്രം ധരിക്കാത്ത സ്ത്രികളെ  മാറ്റി നിര്‍ത്തുന്നു '. എന്റെ ദൈവമേ, ലോകര്‍ക്കു മുഴുവന്‍ എന്തൊരു കരുതല്‍, സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി! കരുതലോ, അതോ അവനവനിലുള്ള വിശ്വാസക്കുറവോ?

സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ബ്രസ്സല്‍സ് ചിത്രങ്ങള്‍ എത്ര വേണം!സ്‌കോട്ട്‌ലന്‍ഡ് യാത്രയില്‍ സ്‌കോച്ചു വിസ്‌കി ഡിസ്റ്റിലറി (1775 നിര്‍മ്മിതം) സന്ദര്‍ശനവും എങ്ങനെ അതുണ്ടാക്കുന്നു എന്നതും ചിത്രം സഹിതം വിവരിച്ചിട്ടുണ്ട് കേട്ടോ. ആവശ്യക്കാര്‍ക്ക് അവിടെ പോയി ഇത്തിരി ലഹരി നുണയാം!

തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ കണ്ട് ഞാന്‍ അതിശയിച്ചുപോയി ,ഇത്ര സുന്ദരമോ എന്റെ ഈ കൊച്ചു ഗ്രാമനഗരം എന്ന്.കൊട്ടാരങ്ങളും മറ്റും നശിച്ചു പോകാതെ സൂക്ഷിക്കും എന്ന് ആശിക്കുന്നുമുണ്ട് സിയ.്അതിനു പക്ഷേ പഴമയെ നെഞ്ചിലേറ്റുന്ന ഇംഗ്ലീഷുകാരല്ലല്ലോ നമ്മള്‍!

ഒരു സ്വിറ്റസര്‍ലന്‍ഡ് യാത്രാ ഫഌഷ്ബാക്ക് എത്തി നില്‍ക്കുന്നത് നാട്ടിലെ പഴയ ഒരു സംഭവത്തിലാണ്. 'ചിലര്‍ വേണമെന്നു വിചാരിച്ചു കൊണ്ടു പലതും ചെയ്യും. എന്നിട്ട് ഒന്നും ഓര്‍ത്തില്ല ,അറിയാതെ ആയിരുന്നു, എന്നും പറഞ്ഞു രക്ഷപെടുന്നവരും ഉണ്ടല്ലോ!' ശരിയാണ്, ഇംഗ്ലീഷില്‍ സോറി എന്നൊരു വാക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എത്ര കഷ്ടപ്പെടുമായിരുന്നു!

സംസാരഭാഷയിലാണ് സിയ നമ്മോടു സംവദിക്കുന്നത്. അത് ബ്ലോഗില്‍ അനുവദനീയം. പക്ഷേ ഉദ്ദേശിക്കുന്ന ആശയം വ്യക്തമായി നമുക്ക് പകര്‍ന്നു തരാന്‍ പലപ്പോഴും പ്രയാസപ്പെടുന്നുവെന്നു തോന്നി. ഭാഷാസ്വാധീനം മെച്ചപ്പെടുത്തിയാല്‍ ആശയവിനിമയം സുഗമമാകും. 'നമ്മിലെ' 'എന്നിലെ' 'ആശയെ(ആശ മതി) ' തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ വായനാസുഖം കൂടും. കോണ്‍വെന്റ് ബോര്‍ഡിംഗില്‍ ബൈബിള്‍ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട്, കുറച്ചു കൂടി നല്ല മലയാളം ആയിരുന്നെങ്കില്‍ എന്ന്.

എല്ലാവരുടെ ബ്ലോഗിലും ഗൂഗിള്‍ ബസിലും ഓടിയെത്തി ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ വളരെ നല്ല കമന്റുകള്‍ എഴുതുന്ന സിയ ബൂലോകര്‍ക്കു പ്രിയങ്കരിയാണ്, എനിക്കും . കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ പോസ്റ്റുകളുണ്ട് ഇക്കൊല്ലം. നല്ലത്, ഇനിയും കൂടുതല്‍ സ്ഥലങ്ങളിലൂടെ ബൂലോകരെ യാത്ര കൊണ്ടു പോകാന്‍ സിയയ്ക്കു കഴിയട്ടെ.
Tvpm
13.10.2010

Monday, October 18, 2010

Sunday, October 10, 2010

കഥാഗീതികള്‍

                          (09.10.2010 ല്‍ പ്രസിദ്ധീകരിച്ചത്)
കഥകഥപ്പൈങ്കിളി (http://kcgeetha.blogspot.com/) വായിക്കവേ ഞാന്‍ എന്നെത്തന്നെ കണ്ടതു പോല! ആശയം, കഥ പറയാന്‍ അവലംബിച്ച രീതി എല്ലാത്തിലും അത്രയ്ക്കുണ്ട് സമാനതകള്‍! അതോ ഇതായിരിക്കുമോ ഈ  പെണ്ണെഴുത്ത് എന്ന മുദ്ര ചാര്‍ത്തി അറിയപ്പെടുന്നവ ? എന്തായാലും ഇത് ഒരു തരം ആത്മവിമര്‍ശനം കൂടിയായി കരുതാം.

തനിക്കു ചുറ്റുമുള്ള പരിചിതലോകത്തു നിന്നു കണ്ടെടുത്തവരാണ് ഗീതയുടെ മിയ്ക്ക കഥാപാത്രങ്ങളും. ഇന്‍ഡ്യാക്കാര്‍ക്ക് കഥയെഴുതുവാന്‍ വളരെ എളുപ്പമാണ്, സ്വന്തം വീട്ടിലെ ജാലകത്തിലൂടെ കഥാകാരന്‍/കാരി ഒന്നു പുറത്തേക്കു നോക്കിയാല്‍ മതി ഒരു കഥാപാത്രത്തെ കിട്ടും, ഒപ്പം കഥയും എന്നു പറഞ്ഞു വച്ചത് ആര്‍.കെ. നാരായണ്‍ (Malgudy days). കഥാതന്തുവില്‍ ഭാവന ചേരുംപടി ചേര്‍ക്കുമ്പോള്‍ കഥ ഉരുത്തിരിയും. ഈ ചേരും പടി ചേര്‍ക്കലാണ് കഥയെ നല്ലതും ചീത്തയുമാക്കുന്നത്.

'ഗാര്‍ഡനറുടെ മകള്‍ 'എന്ന ആദ്യ കഥ കോളേജിലെ തോട്ടക്കാരനാണു പിതാവെന്നതില്‍ കൂട്ടുകാരികളുടെ മുമ്പില്‍ നാണക്കേടു തോന്നുന്ന മകളും അതു തിരിച്ചറിഞ്ഞ് സ്ഥലം മാറ്റത്തിനു ശ്രമിക്കുന്ന പിതാവുമാണ്. ഉപയോഗിച്ചു മുനയൊടിഞ്ഞ ആശയം, പക്ഷേ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ക്രൂരസത്യം. പണ്ടു കോണ്‍വെന്റില്‍ അവതരിപ്പിച്ചിരുന്ന സോദ്ദേശ സാരോപദേശ നാടകങ്ങള്‍ ഓര്‍മ്മ വന്നു എനിക്ക്. അതില്‍ ഒന്നില്‍ അമ്മയെ തള്ളിപ്പറഞ്ഞ സുന്ദരിയായിരുന്നു നായിക. പക്ഷേ അവള്‍ മാനസാന്തരപ്പെട്ടു കേട്ടോ!

പഠനകാലത്തു തന്റെ സ്ഥിതി നോക്കാതെ രാഷ്ട്രീയം കളിച്ചു നടന്ന കൂട്ടുകാരിയെ  ഒരിക്കല്‍ വീട്ടുസഹായി ആയി കാണേണ്ടി വന്ന കഥ പറയുന്നു  ' കാലത്തിന്റെ വികൃതി ' . ഇതും വളരെ പഴകിയ വിഷയം തന്നെ. എന്‍.മോഹനന്റെ അവസ്ഥാന്തരങ്ങള്‍, സി.വി.ശ്രീരാമന്റെ ഒളിച്ചോട്ടം, ചക്രവര്‍ത്തിനി ഈ കഥകളും ഏതാണ്ട് ഇതേ വിഷയം തന്നെ. എനിക്കും ഇത് പ്രിയപ്പെട്ട വിഷയമാണ്. കാലലീല എന്നു പേരിടാവുന്ന നാലു കഥകളുണ്ട് എന്റെ വക, ബ്ലോഗിലിട്ടതും  ഇടാത്തതുമായി!

വിവാഹിതയും മാതാവുമായിട്ടും മനസ്സു മറ്റൊരാളില്‍ കുടുങ്ങിപ്പോയ ശാരിയാണ് 'വിചിത്ര വീഥികള്‍ ' എന്ന കഥയിലെ നായിക. അവസാനം പക്ഷേ കാഥിക അവളെ രക്ഷപ്പെടുത്തിയെടുത്തു! വിവാഹേതര ബന്ധം എന്ന ആശയം അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണു നമുക്ക്.
       
കയ്പ്പും മധുരവും, അമ്മ, ഉത്തമ ഭാരത പൗരന്‍, എന്നിവയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകള്‍. ആദ്യത്തേതു രണ്ടും സമകാലീന ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളെങ്കില്‍ ,മൂന്നാമത്തേത് വനിതാ ബില്ലിനെതിരെ രാജ്യസഭയില്‍ കരിങ്കാളി നൃത്തം ചവിട്ടിയ എം.പി.യെ കളിയാക്കിയതാണ്. 'അമ്മ'യിലെ അമ്മയുടെ അവസാന പ്രതികരണത്തിനു വേണ്ടത്ര മൂര്‍ച്ച തോന്നിയില്ല. കൂട്ടിലെ തത്ത, യാത്രയിലെ കൂട്ടുകാരി, കാണം വിറ്റും ഇതൊന്നും അത്ര രസിച്ചുമില്ല.

കഥകള്‍ എല്ലാം ഇത്തിരി നീട്ടി പരത്തിയാണ് പറഞ്ഞിരിക്കുന്നത്. ലോജിക്കലി പെര്‍ഫക്ട് (യുക്തി ഭദ്രം) ആക്കാനുള്ള ശ്രമമാണത്. ഉദാ:'താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വികൃതികള്‍'-കഥ, സുകൃതികള്‍. എന്തുകൊണ്ട്, എങ്ങനെ മറ്റുള്ളവരൊന്നും കാണാതെ താന്‍ അതു കണ്ടു എന്നു വിശദീകരിക്കാനുള്ള ശ്രമമാണിത്.ഇത് മിയ്ക്ക കഥകളിലുമുണ്ട്. ഇതിനു വേണ്ടി പലപ്പോഴും കഥകള്‍ വല്ലാതെ വലിച്ചു നീട്ടുന്നുമുണ്ട്. ഇത്ര കൃത്യമായി പറയാനാവുന്നത്, ഈ രോഗം എനിക്കുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ്.!

കഥയ്ക്കു ചേരാത്ത സാഹിത്യവും ചിലടത്തു കല്ലു കടിയായി തോന്നി. ഉദാ-' ആ കൃത്യം നിര്‍വ്വഹിച്ചു'(കള്ളി വെളിച്ചത്തായി)  'ആ കര്‍മ്മം നിര്‍വ്വഹിച്ചു'(കാലത്തിന്റെ  വികൃതി)  ' പഠിപ്പിക്കുക എന്ന കര്‍മ്മം'(സുകൃതികള്‍)  തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. പാണ്ഡിത്യമല്ല, ലാളിത്യമാവണം കഥകള്‍ക്കാധാരം എന്നുള്ളതാണ് എന്റെ വിശ്വാസപ്രമാണം. 2009ലേക്കാള്‍ വളരെ മെച്ചപ്പെട്ടു 2010ലെ എഴുത്ത്. ഇനിയും എഴുതി തെളിയും തീര്‍ച്ച.

ഗീതാഗീതികള്‍
കവിതകള്‍, പാട്ടുകള്‍, പ്രാര്‍ത്ഥനാ ഗാനങ്ങള്‍, ദേശ ഭക്തി ഗാനം എന്നിവയാണ് ഈ ബ്ലോഗില്‍. ഗീത രചിച്ച് ലണ്ടനിലിരുന്ന് രാജീവ് രാമന്‍ പാടിയ പാട്ടുമുണ്ട്. വനിതാ ബില്ല് ചര്‍ച്ചയും പാസ്സാക്കലുമെല്ലാം ഭരണസഭകളില്‍ മാത്രമല്ല, ബൂലോകത്തും നടന്നു! പ്രബല എന്ന കവിതയില്‍ നിന്ന്-

പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ. 

' വരിക വരിക സഹജരേ' എന്ന പാട്ടോര്‍മ്മിപ്പിച്ച കവിത പെരുത്തിഷ്ടപ്പട്ടിരുന്നു .പക്ഷേ അവസാനം 'വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?' എന്ന വാചകം തീയില്‍ വെള്ളം കോരിയൊഴിച്ച പോലായി.!

വീടും ജോലിയും ഒപ്പം എഴുത്തും ഒന്നു പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ ഗീതയ്ക്കു സാധിക്കട്ടെ.
Tvpm,
01.10.2010

Sunday, October 3, 2010

മോഹപ്പക്ഷി

"ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണ്യെ നമഃ" ലളിതാ സഹസ്രനാമത്തിലാണ് ഈ വരി. ഇതു മൂന്നുമുണ്ടെങ്കില്‍ ഏതു പരിശ്രമവും ലക്ഷ്യം നേടും, അതെത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും. ശാന്ത കാവുമ്പായിയുടെ 'മോഹപ്പക്ഷി' (http://santhatv.blogspot.com/) എന്ന ബ്ലോഗ് സാഹിത്യത്തിനും കലയ്ക്കും അപ്പുറം മനുഷ്യന്റെ അതിജീവനശ്രമങ്ങള്‍ കാട്ടിത്തരുന്നു.

'ആഗ്രഹിക്കാതെ ജീവിതം പോരാട്ടമായി മാറി; മുങ്ങിത്താഴുമ്പോള്‍ കൈനീട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം കയറിപ്പിടിച്ച്; പിടിവിടുമ്പോള്‍ വീണ്ടും മുങ്ങി; സ്‌നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്; ജീവിതത്തിന്റെ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്; ' എന്ന് പൊള്ളുന്ന ജീവിത സത്യങ്ങള്‍ കാവ്യാത്മകമായി കോറിയിട്ടിട്ടുണ്ട് സ്വയവിവരണത്തില്‍.

ആനുകാലികങ്ങളിലൂടെ പലര്‍ക്കും സുപരിചിതയാണ് ഈ ബ്ലോഗര്‍. 2010 ജൂലായ് 23, ആഗസ്റ്റ് 13 ലെ പോസ്റ്റുകളാണ്് ശാന്തടീച്ചറുടെ ഒഴുക്കിനെതിരെയുള്ള തുഴച്ചിലിലേക്കു വെളിച്ചം വീശിയത്. കൈകാലുകളുടെ സ്വാധീനക്കുറവും അസുഖവും മൂലം കുഞ്ഞുന്നാളില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടും  തളര്‍ന്നു നിസ്സഹായതയോടെ നിന്നില്ല. പകരം ഇച്ഛാശക്തി കൊണ്ട് കുറവുകള്‍ അതിജീവിച്ച് ,ജ്ഞാനശക്തി നേടി, ക്രിയാശക്തി സംഭരിച്ചു ഈ മോഹപ്പക്ഷി. ആ സിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ശിരസ്സു നമിച്ച് അവരുടെ ബ്ലോഗിലൂടെ.  

ഹിന്ദു-മുസ്ലീം ഭായി ഭായി എന്നു കഴിഞ്ഞിരുന്ന സുവര്‍ണ്ണകാലത്തേക്കു ഒരു തിരിച്ചു പോക്ക് നടത്തി, ഇപ്പോഴത്തെ ഭീകരകാലം എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യുന്ന ' അമ്മയും കുറേ ഉമ്മമാരും' എന്ന പോസ്റ്റില്‍ നിന്ന്-

'തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമൊക്കെ ചെറുപ്പക്കാര്‍ എത്തുന്നത് വിശ്വാസപ്രമാണങ്ങള്‍ക്കു വേണ്ടിയല്ല,ഒരു മതവും അതനുശാസിക്കുന്ന പ്രമാണഗ്രന്ഥങ്ങളും അക്രമത്തെ പ്രോസ്താഹിപ്പിക്കുന്നില്ല. വിശുദ്ധ ഖുറാനില്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത് ക്ഷമയെക്കുറിച്ചാണ്. പിന്നെന്തിന് എന്ന ചോദ്യത്തിന് അധികാരം,പണം എന്നൊക്കെയാണ് ഉത്തരം. കൌമാരക്കാരെ എളുപ്പത്തില്‍ വഴിതെറ്റിക്കാനാവും എന്ന് ഭീകരതയെ പോറ്റി വളര്‍ത്തുന്നവര്‍ക്കറിയാം.' ധാരാളം കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്ന ടീച്ചര്‍ അനുഭവജ്ഞാനത്തിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങളോട് നൂറു ശതമാനം യോജിപ്പാണ് തോന്നുന്നത്. വായ്ത്താരിയിലൂടെ മതമൈത്രിക്കു ശ്രമിക്കുന്നതിനു പകരം നേതാക്കള്‍ ഇതു പോലെ പ്രശ്‌നങ്ങള്‍ പഠിച്ച് അതു പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍.

നക്‌സലിസം ഇവിടെ ഭീതി പരത്തിയ കാലത്തും ജനം അവരെ വെറുത്തില്ല, കാരണം, അവര്‍ അനീതിക്കെതിരെ പോരാടുന്ന മനുഷ്യസ്‌നേഹികളെന്നു കരുതിയിരുന്നു.(കടപ്പാട്-മധുപാല്‍). പക്ഷേ ഇപ്പോഴുള്ള ഭീകരവാദം അങ്ങനെയല്ല എന്തായാലും.

റബ്ബര്‍ നാട്ടുകാരിയായ എനിക്ക് നെല്‍ കൃഷിയെക്കുറിച്ച് പല പുതിയ അറിവുകളും ലഭിച്ചു പുനം കൃഷിയെക്കുറിച്ചുള്ള ലേഖനം. പഴയ കാലത്തെ കൂട്ടുകൃഷി സമ്പ്രദായ വര്‍ണ്ണന വളരെ കൗതുകത്തോടെയാണ് വായിച്ചത്. 'ഉപ്പുതൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍' എന്ന പോസ്റ്റില്‍ നിന്ന്-
 
'പുനം കൊത്താണ് വിഷയം.12 കൊല്ലം മൂത്ത മലയാണ് തെളിച്ചെടുക്കേണ്ട ത്.അഞ്ചു ഉറുപ്പിക ജന്മിക്ക് ശീലക്കാശു വെച്ചാല്‍ ഒരേക്ര കാട് കീഴ്ക്കാര്യ സ്ഥന്‍ വന്നു കുറ്റിയടിച്ചു തരും. അടുത്തടുത്ത നാട്ടിലുള്ളവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു മല ഏറ്റെടുക്കും. വിളവുണ്ടായാല്‍ നോക്കി വാരം നിശ്ചയിക്കും. എങ്കിലും ഒരു നിലപാടുണ്ട്.100സേര്‍ വിളവിന് 16സേര്‍ നെല്ല് എന്നാണ് വ്യവസ്ഥ. '

ധനുവിലെ കാടുവെട്ടിത്തെളിക്കല്‍ മുതല്‍ മേടത്തിലെ വിത്തു പാകലും കഴിഞ്ഞ് ചിങ്ങത്തിലെ വിളവെടുപ്പു വരെ വളരെ വിശദമായി പറഞ്ഞിരിക്കുന്നു.ഒട്ടും മുഷിവില്ലാതെ പറഞ്ഞിരിക്കുന്നു. ഇതില്‍ കൃഷ് എന്ന ബ്ലോഗറുടെ കമന്റും വളരെ വിജ്ഞാനം പകരുന്നു. ഇപ്പോഴത്തെ കാലത്തു ഇതു നടത്തിക്കൂടെ എന്നു ചോദിക്കുന്നുണ്ടെങ്കിലും അതു പ്രായോഗികമാകാന്‍ തരമില്ല.  അതിനു വേണ്ട ആള്‍ബലം വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കുക എന്നതായിരിക്കും ഏറ്റവും ശ്രമകരം.

അദ്ധ്യാപക തുടര്‍ശാക്തീകരണത്തൈക്കുറിച്ചുള്ള  പോസ്റ്റും വളരെ വിജ്ഞാനപ്രദമായി തോന്നി. ഇതു പോലെ ധാരാളം ലേഖനങ്ങളുണ്ട്. മോഹപ്പക്ഷി എന്ന കവിതാ സമാഹാരം കൈരളി ബുക്‌സ് പുറത്തിറക്കി കഴിഞ്ഞു. പക്ഷേ, വളരെ അറിവു പകരുന്ന, പക്വതയാര്‍ന്ന നിരീക്ഷണങ്ങളുള്‍ക്കൊള്ളുന്ന ലേഖനങ്ങളാണ് എനിക്ക് കവിതക്കളേക്കാളേറെ ഇഷ്ടപ്പെട്ടത്. അഭിരുചി വ്യത്യാസം കൊണ്ടാകാം. കവിതകള്‍ പലതും നീണ്ടു പോയില്ലേ എന്നും തോന്നി. ലേഖനങ്ങളില്‍ ചില ഭാഷാപ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തിരി പ്രയാസമുണ്ട്, പ്രത്യേകിച്ചു പുനം കൃഷി ലേഖനത്തിലും മറ്റും. ബ്രാക്കറ്റില്‍ അര്‍ത്ഥം കൂടി കൊടുത്തിരുന്നെങ്കില്‍ ഇനിയും ആസ്വാദ്യകരമാകുമായിരുന്നു.

Tvpm
24.09.2010