Tuesday, March 15, 2011

സര്‍ഗ്ഗസാങ്കേതികസംഗമം

(Online link-Published 26.2.2011)
2010 ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം കഥ വായിച്ചത് ആനുകാലികത്തിലല്ല, മറിച്ച് ഒരു ബ്ലോഗിലാണ്. സര്‍ഗ്ഗാത്മകതയും സാങ്കേതികതയും സമന്വിയിക്കുന്ന, സംഗമിക്കുന്ന, ശ്രീനാഥന്റെ 'സര്‍ഗ്ഗസാങ്കേതികം'(http://sargasankethikam.blogspot.com/ ) എന്ന ബ്ലോഗില്‍.ബ്ലോഗ് പേര് സുന്ദരം!

'എത്ര വേഗം മറക്കുന്നൂ നമ്മളീ ദുഃഖമൊക്കയും ബ്ലോഗിന്റെ ആഴിയില്‍ ' എന്ന സബ്‌ടൈറ്റില്‍. മോഹനകൃഷ്ണന്‍, ടി.പി.വിനോദ്, ഓ.എന്‍.വി, വൈലോപ്പിള്ളി, ഒളപ്പമണ്ണ, കീറ്റസ്, സച്ചിദാനന്ദന്‍ എന്നിവരുടെ ഹൃദ്യ മധുരവചനാമൃതം പേറുന്ന സൈഡ്ബാര്‍. 'അനന്ത ബസ് ബാറുകളില്‍ പ്ലവനം ചെയ്യുന്ന ആള്‍ട്ടര്‍നേറ്ററുകള്‍ക്ക് 'എന്നു സമര്‍പ്പണം തുടങ്ങിയ പോസ്റ്റകളിലൂടെ...

സ്വയം കളിയാക്കാനുള്ള കഴിവ് വലിയൊരു പ്രത്യേകതയാണ്. 'സമ്മേളനം' എന്ന ആക്ഷേപഹാസ്യത്തില്‍ നിന്ന്്- 'സമ്മേളനം രണ്ടു മണി കടന്നപ്പോള്‍ പ്രതിനിധി വയറു പുകഞ്ഞ് ആലോചിച്ചു. സാമ്രാജ്യത്വ വിരുദ്ധമായ സാമ്പാര്‍, വര്‍ഗ്ഗീയ വിരുദ്ധമായ അവിയല്‍, സ്ത്രീപക്ഷ മധുരക്കറി, നോണ്‍ വെജിറ്റേറിയന്‍ സ്വത്വബോധമുണര്‍ത്തുന്ന ചിക്കനും മീനും, ദേശീയബോധം ഊട്ടിയുറപ്പിക്കാന്‍ ബട്ടൂര, ആഗോളവല്‍ ക്കരണത്തിന്റെ ഭാഗമായി അല്‍പ്പം ചൈനീസ് ബുഫെയുടെ വികേന്ദ്രീകരണം, ജനാധിപത്യവല്‍ക്കരണം. അറിയിപ്പു വന്നു, ഭക്ഷണത്തിനു ശേഷം ആരും മുങ്ങരുത്, സമ്മേളനാനന്തരം, യുജിസി (പുതിയ സ്‌കെയില്‍) വിതരണം ഉണ്ടായിരിക്കുന്നതാണ്.' ു

ശമ്പളാനുകൂല്യങ്ങളോടെയുള്ള മദ്ധ്യവേനല്‍ കാലം അവസാനിക്കുന്നതിന്റെ കലിപ്പ് വളരെ സരസമായി പറഞ്ഞിരിക്കുന്ന 'ദേ, പിന്നേം തുടങ്ങീ...' ചിരിപ്പിച്ച് തുടങ്ങി ചിന്തിപ്പിച്ചവസാനിപ്പിക്കുന്നു. ' ജൂണ്‍ ഒന്നാണിന്ന്. ഈ മാഷമ്മാ രുടെ ഒരു കഷ്ടപ്പാട് മാളോര്‍ക്കറിയാമോ? രണ്ട് മാസത്തെ കുശാലായ അവധിപ്പൊറുപ്പാണ് വെടി തീരാന്‍ പോകുന്നത്.' തുടര്‍ന്നു വായിക്കുക.

എന്‍ജിനീയറിംഗ് കോളേജുകള്‍ ഇപ്പോള്‍ കൂണു പോലെ. എന്നാല്‍ കോളേജില്‍ പല പേപ്പറുകള്‍ പോയി എങ്ങുമെത്താതായവരുണ്ട്, മുഴുമിക്കാന്‍ പാടു പെടുന്നവരുണ്ട്. അങ്ങനെയുള്ളവരെക്കുറിച്ചുള്ളതാണ് 'ഇന്ദു പറഞ്ഞു തന്ന പാഠം'. അത്തരക്കാരില്‍ പലരുടേയും ജീവിതവിജയ ഗാഥകള്‍ കോറിയിട്ട് വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ജനിപ്പിക്കുക എന്ന സ്വധര്‍മ്മം ഇവിടെ കൃത്യമായി നിര്‍വ്വഹിക്കുന്നു .അതിലെ ഒരു കമന്റ് -'നന്നായി എഴുതി മാഷേ. നല്ല ചിന്തകള്‍. .ജീവിതാവസ്ഥകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴി യുന്നതിനേക്കാള്‍ ഒരദ്ധ്യാപകനു കഴിയും. ഇഷ്ട്ടപ്പെട്ടു..:) ഒരു എന്‍ജിനീയറിംഗ് കോളേജ് ഡ്രോപ് ഔട്ട്'

വലിയ ഭാഷാപ്രേമിയാണ് ശ്രീനാഥന്‍. 'ഉണ്ണായി വാര്യരുണ്ടായതെവിടെ' എന്ന കനപ്പെട്ട ലേഖനത്തില്‍ നിന്ന ്' നളചരിതവുമായി ബന്ധപ്പെട്ട് ചില ഗവേഷണങ്ങള്‍ നടത്തിയപ്പോളാണ് ഉണ്ണായിവാര്യരുടെ ജന്മസ്ഥലത്തെ കുറിച്ച് ചില സൂചനകള്‍ എനിക്ക് ലഭ്യമായത്. കിം ബഹുനാ, അത് ബ്ലോഗിലൂടെ പങ്കു വെച്ചാല്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും, മറ്റു സഹൃദയര്‍ക്കും ഉപകാരപ്രദമായിരിക്കും എന്നു കരുതി.'

'കവിത അറിയാതെ പോകുന്ന കാമ്പസ്സ് ' എന്ന ഈടുറ്റ ലേഖനവും അതിലെ ആവേശഭരിതമായ ചര്‍ച്ചകളും വായനാസാഹിത്യകുതുകികള്‍ കുറവല്ല എന്ന ആഹ്ലാദകരമായ തിരിച്ചറിവു നല്‍കുന്നു. പുതിയ എഴുത്തുകാരുടെ ലിങ്കുകള്‍ സഹിതമുള്ള ലിസ്റ്റുമുണ്ട്..

ഏകമകനെ പഠിക്കാനായി ദൂരെ വിട്ട് അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വിരഹദുഖമാണ് ' ശ്രീശൈലത്തിലെ കുട്ടി'. കണ്ണു നനയിച്ചൊരു പോസ്റ്റ്.

ഇനി മുന്‍ചൊന്ന 'സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്' എന്ന, സൈന്‍വേവ് ഗ്രാഫ് വരച്ചിട്ടിരിക്കുന്ന നല്ല കഥയെപ്പറ്റി. വേവ് സാംപ്ലിംഗ് അനാലിസിസ് ക്ലാസ്സിലിരിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി റോബിന്‍ ബോറന്‍ ക്ലാസ്സിനിടയില്‍ തന്റെയും കൂട്ടുകാരുടേയും ജീവിതങ്ങളുടെ സാംപ്ലിംഗ് നടത്തുകയാണ്.

' കഴിഞ്ഞകുറി ടെസ്റ്റിനു മാര്‍ക്കു കുറഞ്ഞപ്പോള്‍ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദര്‍ശിച്ചതാണ്. അമ്മ സ്വയം നിര്‍ത്താതെ സംസാരിച്ചു കൊണ്ട്, തെരുതെരെ പണിചെയ്ത് തീര്‍ത്ത് ഒരു അസംതൃപ്തിുഞ്ഞമ്മ യായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയില്‍ ഇമ്പള്‍സുകള്‍ പോലെ ഉയരുന്ന ശാപവാക്കുകള്‍. അല്ല, ആരാണ് അമ്മയുടെ ഫൂറിയര്‍ സ്‌പെക്ട്രത്തില്‍ സ്‌നേഹത്തിന്റെ അനന്ത ഫ്രീക്വന്‍സികള്‍ കണ്ടെത്തിയത്?' അസംപ്തൃപ്തിക്കുഞ്ഞമ്മ, അര്‍ജ്ജുനപ്പത്ത് തുടങ്ങി പുതിയ ഭാഷാപ്രയോഗങ്ങള്‍ നന്ന്.പ്രണയം, വിപ്ലവം, ദാരിദ്യം എന്നു വേണ്ടാ ,സമകാലികജീവിതം എല്ലാമുണ്ട് ഈ കഥയില്‍. തികച്ചും വ്യത്യസ്തവും മനോഹരവുമായ ആഖ്യാനശൈലി. ടെക്‌നിക്കല്‍ വാക്കുകളുടെ അതിപ്രസരം ഉണ്ടെങ്കിലും അതൊന്നും അറിയാത്തവര്‍ക്കും കഥ മനസ്സിലാകും എന്ന് അതിലെ കമന്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കഥ വായിക്കുമല്ലോ അല്ലേ?

സൗഭാഗ്യവാന്‍, ഇലയനക്കങ്ങള്‍, കവിത-നെരൂദ എന്നിങ്ങനെ കവിതകളുമുണ്ട്, പക്ഷേ അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു പറയാനാവില്ല, അതിനുള്ള വിവരം എനിക്കില്ല തന്നെ!അല്ലെങ്കിലും ഈ ബ്ലോഗു വായിക്കുമ്പോഴെല്ലാം ഞാന്‍ എന്റെ ഭാഷാവിജ്ഞാനപരിമിതികള്‍ അറിയുന്നു !

'കെട്ട ജീവിതം, ഉണ്ടെനിക്കെന്നാല്‍, മറ്റൊരു സൈബര്‍ ജീവിതം മന്നില്‍' എന്നു പാടുന്ന ശ്രീനാഥന്റെ സര്‍ഗ്ഗസാങ്കേതികതൂലിക ഇനിയും നിര്‍ബാധം ചലിക്കട്ടെ, നമുക്കായ്.

1 comment:

  1. "ശ്രീനാഥന്‍ മാഷിന്‍റെ"സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്'കഥ എന്നെ വളരെ ആകഷിച്ച ഒന്നായിരുന്നു.
    എഴുത്തിന്റെ ലോകത്തില്‍ അദ്ദേഹം ഇനിയും ഉയരങ്ങള്‍
    താണ്ടട്ടെ എന്നാശംസിക്കുന്നു

    ReplyDelete