Friday, May 18, 2012

സ്വയം സഹായം മാത്രം

Varika link                        
(18.04.12 ലേക്ക്)
'ചേച്ചീ, എന്നെ അറിയില്ലേ?ഇവിടുത്തെ അമ്മയ്ക്കും സാറിനും എല്ലാം ഞങ്ങളെ നന്നായറിയും......ആളിന്റെ മോളാണ്. അച്ഛന്‍ പറഞ്ഞുവിട്ടതാണ്, കുറച്ചു പൈസയ്ക്ക്.....' വീട്ടില്‍ മറ്റാരുമില്ലാത്ത സമയം, കാഴ്ച്ചയില്‍ നല്ല ആരോഗ്യം തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരിയായിരുന്നു അവര്‍. ഇത് തട്ടിപ്പാണെന്ന് മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ, എങ്ങാനും ശരിയാണെങ്കിലോ, വീട്ടിലെ പഴയ ആശ്രിതനാണെങ്കിലോ. പണം കൊടുത്തു. അവരുടെ മുഖം മനസ്സില്‍ നന്നായി വരഞ്ഞുമിട്ടു. 


എല്ലാവരും വീടണഞ്ഞപ്പോള്‍ മനസ്സിലായി, ശരിക്കും പറ്റിക്കപ്പെട്ടു എന്ന്. ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു, മറ്റൊരു കഥയുമായി. നേരത്തേ അവര്‍ അവിടെ വന്നിട്ടേയില്ല പോലും! നമ്മുടെ മറവി മുതലെടുക്കാമെന്നു കരുതിയിട്ടുണ്ടാവും. എന്തായാലും ഒറ്റ നോട്ടത്തില്‍ അവരെ തിരിച്ചറിഞ്ഞു, ശേഷം നടന്നത് ചിന്ത്യം!


ഇങ്ങനെ മെയ്യനങ്ങാതെ ചുളുവില്‍ ജീവിക്കുന്നവരുള്ളിടത്ത്, ദേഹം തളര്‍ന്നിട്ടും വായ് കൊണ്ടും കാലു കൊണ്ടും ചിത്രങ്ങള്‍ വരച്ച് വിറ്റ് ആ പൈസ കൊണ്ടു ജീവിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ട്, അതാണ് http://www.imfpa.co.in/ . Mouth and Foot Painting Artists (MFPA) യുടെ ഇന്‍ഡ്യന്‍ ഘടകമാണ് ഇത്. സൈറ്റില്‍ അവര്‍ വരച്ച ചിത്രങ്ങള്‍ ഓരോന്നായി മിന്നി മറഞ്ഞുകൊണ്ടിരിക്കും. 


പോളിയോ ബാധിച്ച്,  വായ കൊണ്ടു ചിത്രം വരച്ചിരുന്ന ഈറിഷ് സ്റ്റിഗമാന്‍ 1956 ല്‍ എട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം കലാകാരന്മാരുടെ ഒരു കൊച്ചു കൂട്ടായ്മയുണ്ടാക്കി. അവരുടെ കലാപരമായ ശ്രമങ്ങളിലൂടെ ജോലി സ്ഥിരത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ചെറിയ തോതില്‍ തുടങ്ങിയ ആ കൂട്ടായ്മയില്‍ ഇന്ന് 74 രാജ്യങ്ങളില്‍ നിന്നുള്ള 700 അംഗങ്ങളുണ്ട്. അതിലെ അംഗങ്ങള്‍ അംഗവൈകല്യമുള്ളവരായതുകൊണ്ടു മാത്രം അവരെ ചാരിറ്റി സംഘടന എന്ന് ലേബല്‍ ചെയ്യരുത് എന്നായിരുന്നു സ്റ്റിഗ്മന്റെ ആഗ്രഹം. സഹതാപം എന്ന വാക്കു പോലെ തന്നെ വെറുക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന് ദീനാനുകമ്പ എന്ന വാക്കും. 


'സ്വയം സഹായം മതി, ദീനാനുകമ്പ വേണ്ട   ' എന്നതാണ് സംഘടനയുടെ  ആപ്തവാക്യം. ചാരിറ്റി ആക്ട് പ്രകാരം രജിസ്ടര്‍ ചെയ്തിരിക്കുന്ന, പരസഹായത്തിനുള്ള ധാരാളം സംഘടനകളുണ്ട്, പക്ഷേ മിയ്ക്കവയും സംഭാവന പിരിവു തന്നെ. അങ്ങനെയുള്ളവരുടെ ഇടയില്‍ 'തളര്‍ച്ച ശരീരത്തിനേയുള്ളു, മനോഭാവത്തിലില്ല' എന്നു വിളിച്ചു പറയുന്ന ഇവര്‍ തികച്ചും വ്യത്യസ്ഥര്‍!    


കാലു കൊണ്ടു പടം വരയ്ക്കുന്ന പോത്താനിക്കാടുകാരി സ്വപ്‌നാ അഗസ്റ്റിന്‍, വായ കൊണ്ടു വരയ്ക്കുന്നവരായ  മലപ്പുറംകാരന്‍ ജെസ്ഫര്‍ പുളിക്കത്തൊടി, സുനിത തൃപ്പാനിക്കര എന്നിവരാണ് ഈ 16 ചിത്രംവരയ്ക്കല്‍കാരുടെ ഇന്‍ഡ്യന്‍ കൂട്ടായ്മയിലെ മലയാളി സാന്നിദ്ധ്യം എന്നു തോന്നുന്നു. സൈറ്റില്‍ ഇവരെക്കുറിച്ചുള്ള വിവരണം, ഫോട്ടോ, വീഡിയോ എന്നിവയുണ്ട്. ചിത്രങ്ങള്‍, ബാഗുകള്‍, ടീഷര്‍ട്ടുകള്‍, കലണ്ടറുകള്‍, കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാമാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍. അവയെല്ലാം വിശദമായി കണ്ട്് ഇഷ്ടപ്പെട്ടവ വാങ്ങി അവരെ പ്രോത്സാഹിപ്പിക്കാം. അങ്ങനെ ജോലി ചെയ്തു ജീവിക്കാനുള്ള അവരുടെ ന്യായമായ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുന്നതിന് അവരെ സഹായിക്കാനാകും. 


ഇനി ചില ജീവിതചിത്രങ്ങള്‍, നടന്ന സംഭവങ്ങള്‍ എന്നു കുഞ്ഞുന്നാളില്‍ കേട്ടത്. 


1.നാട്ടുമ്പുറത്തെ പഴയകാല സ്‌കൂളിലെ രണ്ടാം ക്ലാസ്സ്.


സാര്‍-കുമ്പളങ്ങ കണ്ടിട്ടുണ്ടോ?
കുട്ടികളുടെ കോറസ്-ഉണ്ട്.
സാര്‍-വീട്ടില്‍ കുമ്പളങ്ങ ഉള്ളവര്‍ എഴുന്നേറ്റു നില്‍ക്കുക . 
കുറേ പേര്‍ എണീറ്റു നിന്നു.
സാര്‍-ആ,  നാളെ വരുമ്പോള്‍ എല്ലാവരും ഓരോ കുമ്പളങ്ങ ഇങ്ങു കൊണ്ടു പോരൂ!
കുറച്ചു നാളത്തേക്ക് സാറിന് മോരുകറിയും കിച്ചടിയും ഓലനുമെല്ലാം സുഭിക്ഷം!


2..അന്യനാട്ടുകാരനായതിനാല്‍ സാര്‍ ഒരു വീട്ടുകാര്‍ക്കൊപ്പമാണ് താമസം. വീട്ടില്‍ ആദ്യമായി ടേപ്പ് റെക്കാഡര്‍ വാങ്ങി. ഓരോരുത്തരോടും എന്തെങ്കിലും പറഞ്ഞുകൊള്ളാന്‍ പറഞ്ഞു. അതു തിരിച്ചു കേള്‍പ്പിച്ചു കൊടുത്ത് അത്ഭുതപ്പെടുത്തും. കുട്ടികള്‍ കവിത ചൊല്ലി, പാട്ടു പാടി. പക്ഷേ  റെക്കോഡ് ചെയ്യാന്‍ സാര്‍ പറഞ്ഞതിങ്ങനെ-


'ഉണ്ണീ, എനിക്കൊരു മുണ്ടു വേണം!  ' പിറ്റേന്നു തന്നെ മുണ്ടു കിട്ടി. അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വേണം കഴിവ്!

8 comments:

 1. ദീനാനുകമ്പയല്ല വേണ്ടത്; സ്വയം സഹായം. വളരെ ചിന്തിപ്പിക്കുന്ന ഒരു ആപ്തവാക്യം. ശ്രീലത പറഞ്ഞ പേരുകളിലൊന്നുമില്ലെങ്കിലും കാലുകള്‍ തളര്‍ന്നിട്ടും ആത്മവിശ്വാസത്തോടെ മുമ്പോട്ട് പോകുന്ന ചിലരെ എനിക്കറിയാം. ഈ ബൂലോഗത്ത് നിന്ന് കിട്ടിയ സൌഹൃദങ്ങള്‍. തോന്നയ്ക്കലെ പ്രീതയും കണ്ണൂരിലെ ഹാരൂണ്‍ സാഹിബും റഈസും ചുങ്കത്തറയിലെ മാരിയത്തുമൊക്കെ അങ്ങിനെ നമ്മില്‍ ഉത്സാഹമുണര്‍ത്തുന്ന പ്രിയപ്പെട്ടവരാണ്. അവര്‍ അവരുടെ ധന്യജീവിതം കൊണ്ട് അനേകരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കയാണ്.

  ReplyDelete
  Replies
  1. അസുഖങ്ങളോട് മല്ലിട്ട് സ്വയം ജീവിതചുറ്റുപാടുകള്‍ കണ്ടെത്തുന്നവര്‍ ഉണ്ട് ഇക്കൂട്ടത്തില്‍. തട്ടിപ്പുലൂടെ ജീവിക്കുന്നവരും ഒട്ടേറെയുണ്ട്.. ഈയിടെ ബ്ലോഗിലൊന്നും തീര്‍ത്തുമെഴുതാതെ തട്ടിച്ചു നടക്കുകയാണല്ലേ.. :) എന്തായാലും മുഖം മറക്കാതെ ഓര്‍ത്തുവെച്ചിട്ടുള്ളത് കൊണ്ട് ഇടക്കിടെ വന്നാലും ഓര്‍മ്മ കാണുമെന്ന് അറിയാമല്ലേ :)

   Delete
 2. Mouth and Foot Painting Artists (MFPA) blog കണ്ടു. തട്ടിപ്പിന്റെ ലോകത്ത് ഇത്തരം ആഹ്റ്റ്മാഭിമാനമുള്ള കലാകാരന്മാരുമുണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി. പിന്നെ, മാഷന്മാർക്കിട്ടാണല്ലോ താങ്ങ് അവസാനം, ഉം. കൊള്ളാം!

  ReplyDelete
 3. അജിത്ത് ഭായ് പറഞ്ഞത് ശരി.

  ആ സൈറ്റ് പരിചയപ്പെടുത്തിയതിനു വളരെ നന്ദി. എത്ര നല്ല ചിത്രങ്ങൾ

  ReplyDelete
 4. mpfa യില്‍ അംഗങ്ങളിലെ മലയാളികള്‍ എന്നു മനസ്സിലായവരുടെ പേരുകളാണ് അജിത് ഞാന്‍ പറഞ്ഞിരിക്കുന്നത്.

  മനോ ,ഓര്‍മ്മയില്ലാതിരിക്വേ ? ഞാനും വിചാരിക്കാറുണ്ട് പ്ലസിലൊന്നും കാണാറില്ലല്ലോ എന്ന്.

  ശ്രീനാഥന്‍: അയ്യോ സത്യായിട്ട് അങ്ങനെയല്ല, നടന്ന സംഭവങ്ങളാണേ.

  അതെ സുമേഷ്, വളരെ നല്ല ചിത്രങ്ങളുണ്ട് അക്കൂട്ടത്തില്‍

  ReplyDelete
 5. പ്രിയപ്പെട്ട മൈത്രേയി,
  എത്ര മനോഹരമായ പേര്! :)
  സ്വയം സഹായം ചെയ്തു ജീവിക്കുന്നവര്‍...!എത്ര മനോഹരം, ഈ ആശയം !
  വേറിട്ട വിഷയം...!നല്ല അവതരണം !അഭിനന്ദനങ്ങള്‍ !
  ഇന്നു,അത്താഴം കഴിക്കുമ്പോഴും, ഞാന്‍ കേട്ട ഉപദേശം...അന്യരെ ആശ്രയിക്കാതെ ജീവിക്കണം.[വേലക്കാരെ ആശ്രയിക്കുന്ന കാര്യമായിരുന്നു,വിഷയം !]
  സസ്നേഹം,
  അനു

  ReplyDelete
 6. @മൈത്രേയി: സത്യം തന്നെ. അതു പോലത്തെ മാഷന്മാരുമുണ്ട്. പാസാവാൻ തേങ്ങ നിവേദിക്കണമായിരുന്നു ഒരു എഞ്ചിനീയറിങ്ങ് കോളെജ് സാറിന് എന്ന വാർത്ത പണ്ടു വന്നത് ഓർക്കുന്നു.

  ReplyDelete
 7. ഞാന്‍ ഈ വഴിക്കൊന്നും വരാറില്ല, ഇനി വരാന്‍ ശ്രമിക്കാം... ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

  ReplyDelete