Saturday, May 26, 2012

മാലാഖമാരുടെ കണ്ണീര്‍

Varika Link-May 09,2012.
             


ദൈവത്തിന് എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ അമ്മമാരെ സൃഷ്ടിച്ചു എന്നു ചൊല്ല്. അമ്മ മക്കളെ പരിചരിക്കുമ്പോ ഴും അതില്‍ എന്റെ രക്തം എന്നൊരു സ്വാര്‍ത്ഥത ഉണ്ട്. എന്നാല്‍ യാതൊരു ബന്ധവും സ്വന്തവും ഇല്ലാതിരുന്നിട്ടും നമ്മുടെ മുറിവു വച്ചു കെട്ടി, നമ്മെ ആശ്വസിപ്പിക്കുന്ന ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരുടെ ദുരിതം നമ്മുടേതും കൂടിയല്ലേ? അവര്‍ക്ക് ജീവിക്കാനുള്ള വേതനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പിക്കാന്‍ നമുക്കും ഉത്തരവാദിത്വമില്ലേ? ഉണ്ട്, ഒരിക്കലെങ്കിലും ആസ്പത്രിയില്‍ പോയിട്ടുള്ള, നഴ്‌സുമാരുടെ സേവനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഓരോരുത്തര്‍ക്കുമുണ്ട് ആ ബാദ്ധ്യത.  

സൈബര്‍ലോകത്തും ഇതേപ്പറ്റി ധാരാളം ചര്‍ച്ചകളും സംവാദങ്ങളും നടന്നു.
http://malayalanatu.com/index.php/-/1440-2012-03-25-07-56-04  ല്‍ 'നഴ്‌സുമാരുടെ സമരം വ്യാപിക്കുമ്പോള്‍ ' എന്ന ലേഖനത്തില്‍ നിന്ന് -

'ഉത്തരേന്‍ഡ്യന്‍ നഗരങ്ങളില്‍ നിന്ന് അമൃത വഴി ഒരു ചൂടു ചുഴലിക്കാറ്റ് കേരളത്തിലെ സ്വകാര്യമേഖലയിലെ ആശുപത്രി വരാന്തകളിലേക്ക് പടര്‍ന്നു കയറുകയാണ്.....സ്വയം സംഘടിച്ച് ഇവര്‍ നടത്തുന്ന സമരം കേരളത്തിന്റെ ്‌തൊഴിലാളി ചരിത്രത്തിലും സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിലും ഒരു പു തിയ അധ്യായം തുറന്നിരിക്കുകയാണ്......(അതെ, തീര്‍ച്ചയായും ഇതൊരു വനിതാ മുന്നേറ്റം തന്നെയാണ്-ലേഖിക)

ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് നഴ്‌സുമാരെ സംഭാവന ചെയ്യുന്ന ഒരു പ്രദേശം എന്ന നിലയില്‍, നഴ്‌സുമാര്‍ ഒന്നടങ്കം ആശുപത്രി ഭേദമില്ലാത്ത ഈ സമരത്തോട്  ഐക്യപ്പെടുന്നത്  അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ രൂക്ഷതയാണു വെളിവാക്കുന്നത്.'

കേരളജനമനഃസാക്ഷി ഒന്നടങ്കം സമരം ചെയ്യുന്ന മാലാഖമാര്‍ക്കൊപ്പം ഉണ്ടായിട്ടും ഒന്നും സംഭവിക്കുന്നില്ല, എന്തൊക്കെയോ കോക്കസുകളില്‍ പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അപരിഹൃതമായി പുകയുകയാണ്. താത്ക്കാലികമായി പരിഹരിച്ചും പിന്നെയും സമരം ചെയ്തും പിന്നെയും പരിഹരിച്ചും അങ്ങനെയങ്ങനെ പുകഞ്ഞുനീറി നീറി...ശ്വാശ്വതപരിഹാരം എത്ര കാതം അകലെയാണാവോ?

നഴ്‌സിങ് സമരത്തെപ്പറ്റിയുള്ള പ്രിയ.ജിയുടെ ഏപ്രില്‍ മൂന്നിലെ ഗൂഗിള്‍ പ്ലസ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട വളരെ പ്രസക്തമായ ചില ആശങ്കകള്‍- സമരക്കാരിലെ ഭൂരിപക്ഷം വനിതകളാണ്, അപ്പോള്‍ പിന്നെ വനിതാകമ്മീഷന് സ്വയമേവ ഇതില്‍ ഇടപെട്ടുകൂടെ?  നഴ്‌സുമാരുടെ ദുരിതങ്ങള്‍ സാമൂഹികപ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെ ട്ട ഡോ. എസ് ബലരാമന്‍ കമ്മിറ്റി ഗുരുതരമായ മനുഷ്യാവാകാശ ലംഘന ങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതില്‍ സര്‍ക്കാരുകളുടെ സമീപനം എങ്ങനെയാണ് ? ഇത് സൈബര്‍സ്‌പേസിലുള്ളവരുടെ മാത്രമല്ല, നമ്മുടെയെല്ലാം മനസ്സിലുയരുന്ന, ദുരീകരിക്കപ്പെടേണ്ട സംശയങ്ങളത്രേ.

വിദേശത്ത്  ഇവിടുത്തേതിനേക്കാള്‍ നല്ല സേവനവേതന വ്യവസ്ഥക ളുള്ളതിനാല്‍ മിയ്ക്ക നഴ്‌സുമാരും അവിടേക്കു പോകുവാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതിനുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് രാജ്യമനുസരിച്ച് ലക്ഷ ങ്ങള്‍ കൊടുക്കേണ്ടി വരും. പഠനത്തിനു തന്നെ കടം കൊണ്ടവര്‍ക്ക് ജോലിയില്‍ നിന്നു കിട്ടുന്ന തുച്ഛവരുമാനം സ്വന്തം ചെലവിനു പോലും തികയാത്ത സാഹചര്യത്തില്‍ വിദേശജോലിക്കെന്നു വീണ്ടും കടം എടുക്കാന്‍ എത്ര പേര്‍ക്കു കഴിയും?

ഇനി 'ദീപമേന്തിയ വനിത 'യെ കുറിച്ച്. 1860 ല്‍ ലണ്ടനിലെ സെന്റ്.തോമസ് ആശുപത്രിയില്‍ ലോകത്തിലെ ആദ്യത്തെ മതേതര നഴ്‌സിംഗ് സ്‌കൂള്‍ തുട ങ്ങിയ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ആണ് ആ മഹതി. ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് മുറിവേറ്റവരെ ശുശ്രൂഷിക്കുന്നത് തന്റെ ദൈവനിയോഗമാണെന്നു കണക്കാക്കിയ അവര്‍ ഒരു നഴ്‌സ് മാത്രമായിരുന്നില്ല, ഒരു എഴുത്തുകാരിയും സ്ഥിതിവിവരശാസ്ത്ര നിപുണയും (Statistician) കൂടി ആയിരുന്നു. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കലായിരുന്നു അവര്‍ സ്വയം ഏറ്റെടുത്ത ആദ്യദൗത്യം.

' ഈ ദുരിതകുടീരത്തില്‍
 നിറംകെട്ട വിഷാദമൂകതയിലൂടെ
ദീപമേന്തിയ വനിത.
അവര്‍ കടന്നുപോകുന്നതും
മുറിയില്‍ നിന്നു മുറിയിലേക്ക്
തെന്നി നീങ്ങുന്നതും
ഞാനിതാ കാണുന്നഹോ!

(H.W.ലോംഗ്‌ഫെലോ 1857 ല്‍ എഴുതിയ സാന്റാ ഫിലോമിന എന്ന കവിതയില്‍ നിന്ന്). ടൈംസ് പത്രത്തില്‍ വന്ന വാര്‍ത്ത അവര്‍ക്ക് ദീപമേന്തിയ വനിത എന്ന പേരു നേടിക്കോടുത്തപ്പോള്‍ ഈ കവിത ആ പേര് ഒന്നു കൂടി വ്യാപകമാക്കി. അവരുടെ ശബ്ദത്തിലുള്ള സന്ദേശം ബ്രിട്ടനിലെ ശബ്ദലൈബ്രറിയിലുണ്ട്.  കൂടുതല്‍ അറിയാന്‍ http://en.wikipedia.org/wiki/Florence_Nightingale വായിക്കാം.

Wednesday, May 23, 2012

ആരാണ് ബാലചന്ദ്ര അപ്പാസ്വാമി ?

Varika link


ഇന്ന്, ഈ കോളം മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന ദിനത്തില്‍, ജീവിതത്തിന്റെ ലളിതവശങ്ങള്‍ കാണിച്ചു തരുന്നൊരു തമാശ ഫോര്‍വേഡഡ് മെയിലിന്റെ സ്വതന്ത്രപരിഭാഷയാവട്ടെ. ഉത്ഭവം 'ദില്‍ സേ ദേശി' കൂട്ടായ്മ.

-ഓഫീസിലെ ഉച്ചഭക്ഷണ ഇടവേള. രാജഗോപാലും ശങ്കറും കൊച്ചുവര്‍ത്തമാനം പറയുകയായിരുന്നു.

രാജഗോപാല്‍-ഇവിടെ കയറിയ അന്നു മുതല്‍ ഞാന്‍ എന്നും ഓഫീസ് സമയത്തിനു ശേഷവും വളരെ വൈകും വരെ ജോലി ചെയ്യാറുണ്ട്. അതുകൊണ്ട് എനിക്കു ഇക്കൊല്ലം നല്ല ബോണസും ഉദ്യോഗക്കയറ്റവും കിട്ടി

ശങ്കര്‍-അതെങ്ങനെ രാജ്? അതു മാത്രമാണോ അതിന്റെ പിന്നിലെ രഹസ്യം?

രാജ്-അല്ല, ഓഫീസ് സമയത്തിനു ശേഷം ഇവിടെ നില്‍ക്കുന്നതിനിടയില്‍ ഞാന്‍ ധാരാളം പൊതുവിജ്ഞാനം നേടി. എന്റെ പ്രവര്‍ത്തന വിലയിരുത്തല്‍ (അപ്രൈസല്‍) സമയത്ത് ബോസ് അത്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

ശങ്കര്‍-ഒരു ഉദാഹരണം?

രാജ്-അതായത്, ഒരു ഉദാഹരണത്തിന്, ആരാണ് ഗ്രഹാം ബെല്‍? അതു നിനക്കറിയുമോ?

ശങ്കര്‍-ഇല്ല

രാജ്-1876 ല്‍ ഫോണ്‍ കണ്ടുപിടിച്ച ആളാണ് അദ്ദേഹം. ഓഫീസ് സമയം കഴിഞ്ഞ് കൂടുതല്‍ നേരം ഓഫീസില്‍ ചെലവഴിച്ചിരുന്നെങ്കില്‍ നിനക്കിതു അറിയാന്‍ കഴിഞ്ഞേനേ.

പിറ്റേന്നു ഉച്ചയ്ക്കും ഇതേ ചര്‍ച്ച തുടര്‍ന്നു.

രാജ് - അലക്‌സാണ്ടര്‍ ഡ്യൂമാ ആരെന്നു നിനക്കറിയാമോ?

ശങ്കര്‍-ഇല്ല.

രാജ്- ത്രീ മസ്‌കിറ്റിയേഴ്‌സ് എഴുതിയ ആളാണ് അദ്ദേഹം. ഓഫീസ് സമയത്തിനു ശേഷം കൂടുതല്‍ നേരം ഓഫീസില്‍ ചെലവഴിച്ചിരുന്നെങ്കില്‍ നീ ഇത് അറിഞ്ഞേനെ.!

അടുത്ത ദിവസം വീണ്ടും ഇതു തന്നെ.

രാജ്-ഷങ് ജാക്ക് റുസോ ആരെന്നു നിനക്കറിയുമോ?

ശങ്കര്‍-ഇല്ല

രാജ്- 'കണ്‍ഫഷന്‍സ്' എഴുതിയ ആള്‍ ആണ് അദ്ദേഹം. ഓഫീസ് സമയം കഴിഞ്ഞ് കൂടുതല്‍ നേരം ഓഫീസില്‍ ചെലവഴിച്ചിരുന്നെങ്കില്‍ നിനക്കിതെല്ലാം അറിയാന്‍ കഴിയുമായിരുന്നു!

ഇപ്രാവശ്യം ശങ്കറിനു ക്ഷമ നശിച്ചു. അയാള്‍ ചോദിച്ചു:

' ആരാണ് ബാലചന്ദ്ര അപ്പാസ്വാമി എന്നു നിനക്കറിയുമോ ?'

രാജ്-ഇല്ല

ശങ്കര്‍- എല്ലാ വൈകുന്നേരങ്ങളിലും നിന്റെ ഭാര്യക്കൊപ്പം ചുറ്റിയടിക്കുന്ന ആളാണ് അയാള്‍. ഓഫീസ് സമയം കഴിഞ്ഞ് കൂടുതല്‍ നേരം ഓഫീസിലിരിക്കുന്ന രീതി നീ നിര്‍ത്തിയിരുന്നെങ്കില്‍ ഇത് നീ എന്നേ അറിയുമായിരുുന്നു.

ഗുണപാഠം- ജോലിയേക്കാളും പൊതുവിജ്ഞാനത്തേക്കാളും പ്രധാനപ്പെട്ട പലതും ജീവിതത്തിലുണ്ട്. ജീവിതം ആസ്വദിക്കുക!-ഈ പാഠം ഞാനും വൈകിയാണ് പഠിച്ചത്.

പണിയെടുത്തിരുന്ന ഓഫീസിന് വീടിനോളമോ അതിലധികമോ പ്രാധാന്യം കൊടുത്തിരുന്ന കാലത്തെ ഒരു ഓര്‍മ്മ-

കമ്പനി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ നിര്‍ണ്ണയിക്കുന്ന ക്വാളിറ്റി കണ്ട്രോള്‍ വകുപ്പിന്റെ തലവി ആയിരിക്കും കാലം. എപ്പോഴും മറ്റുള്ളവരെപ്പറ്റി തമാശ പറയുന്ന സരസനായ ഒരു സഹഉദ്യോഗസ്ഥന്റെ കളിയാക്കല്‍ ഇങ്ങനെ- ' മാഡത്തിന്റെ  ജോലി എന്തെന്നറിയുമോ? യാതൊരു കാരണവശാലും ഗുണനിലവാരം ഉയരാതെ 'ക്വാളിറ്റി ' കണ്ട്രോളു ചെയ്തു നിലനിര്‍ത്തുക. നിലവാരം എങ്ങാനും ഉയരുന്നെന്നു കണ്ടാല്‍ ഉടന്‍ മാഡം ചാടിവീഴും അതു പഴയപോലെ ആക്കി കണ്ട്രോളു ചെയ്യാന്‍.!'
Friday, May 18, 2012

സ്വയം സഹായം മാത്രം

Varika link                        
(18.04.12 ലേക്ക്)
'ചേച്ചീ, എന്നെ അറിയില്ലേ?ഇവിടുത്തെ അമ്മയ്ക്കും സാറിനും എല്ലാം ഞങ്ങളെ നന്നായറിയും......ആളിന്റെ മോളാണ്. അച്ഛന്‍ പറഞ്ഞുവിട്ടതാണ്, കുറച്ചു പൈസയ്ക്ക്.....' വീട്ടില്‍ മറ്റാരുമില്ലാത്ത സമയം, കാഴ്ച്ചയില്‍ നല്ല ആരോഗ്യം തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരിയായിരുന്നു അവര്‍. ഇത് തട്ടിപ്പാണെന്ന് മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ, എങ്ങാനും ശരിയാണെങ്കിലോ, വീട്ടിലെ പഴയ ആശ്രിതനാണെങ്കിലോ. പണം കൊടുത്തു. അവരുടെ മുഖം മനസ്സില്‍ നന്നായി വരഞ്ഞുമിട്ടു. 


എല്ലാവരും വീടണഞ്ഞപ്പോള്‍ മനസ്സിലായി, ശരിക്കും പറ്റിക്കപ്പെട്ടു എന്ന്. ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു, മറ്റൊരു കഥയുമായി. നേരത്തേ അവര്‍ അവിടെ വന്നിട്ടേയില്ല പോലും! നമ്മുടെ മറവി മുതലെടുക്കാമെന്നു കരുതിയിട്ടുണ്ടാവും. എന്തായാലും ഒറ്റ നോട്ടത്തില്‍ അവരെ തിരിച്ചറിഞ്ഞു, ശേഷം നടന്നത് ചിന്ത്യം!


ഇങ്ങനെ മെയ്യനങ്ങാതെ ചുളുവില്‍ ജീവിക്കുന്നവരുള്ളിടത്ത്, ദേഹം തളര്‍ന്നിട്ടും വായ് കൊണ്ടും കാലു കൊണ്ടും ചിത്രങ്ങള്‍ വരച്ച് വിറ്റ് ആ പൈസ കൊണ്ടു ജീവിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ട്, അതാണ് http://www.imfpa.co.in/ . Mouth and Foot Painting Artists (MFPA) യുടെ ഇന്‍ഡ്യന്‍ ഘടകമാണ് ഇത്. സൈറ്റില്‍ അവര്‍ വരച്ച ചിത്രങ്ങള്‍ ഓരോന്നായി മിന്നി മറഞ്ഞുകൊണ്ടിരിക്കും. 


പോളിയോ ബാധിച്ച്,  വായ കൊണ്ടു ചിത്രം വരച്ചിരുന്ന ഈറിഷ് സ്റ്റിഗമാന്‍ 1956 ല്‍ എട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം കലാകാരന്മാരുടെ ഒരു കൊച്ചു കൂട്ടായ്മയുണ്ടാക്കി. അവരുടെ കലാപരമായ ശ്രമങ്ങളിലൂടെ ജോലി സ്ഥിരത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ചെറിയ തോതില്‍ തുടങ്ങിയ ആ കൂട്ടായ്മയില്‍ ഇന്ന് 74 രാജ്യങ്ങളില്‍ നിന്നുള്ള 700 അംഗങ്ങളുണ്ട്. അതിലെ അംഗങ്ങള്‍ അംഗവൈകല്യമുള്ളവരായതുകൊണ്ടു മാത്രം അവരെ ചാരിറ്റി സംഘടന എന്ന് ലേബല്‍ ചെയ്യരുത് എന്നായിരുന്നു സ്റ്റിഗ്മന്റെ ആഗ്രഹം. സഹതാപം എന്ന വാക്കു പോലെ തന്നെ വെറുക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന് ദീനാനുകമ്പ എന്ന വാക്കും. 


'സ്വയം സഹായം മതി, ദീനാനുകമ്പ വേണ്ട   ' എന്നതാണ് സംഘടനയുടെ  ആപ്തവാക്യം. ചാരിറ്റി ആക്ട് പ്രകാരം രജിസ്ടര്‍ ചെയ്തിരിക്കുന്ന, പരസഹായത്തിനുള്ള ധാരാളം സംഘടനകളുണ്ട്, പക്ഷേ മിയ്ക്കവയും സംഭാവന പിരിവു തന്നെ. അങ്ങനെയുള്ളവരുടെ ഇടയില്‍ 'തളര്‍ച്ച ശരീരത്തിനേയുള്ളു, മനോഭാവത്തിലില്ല' എന്നു വിളിച്ചു പറയുന്ന ഇവര്‍ തികച്ചും വ്യത്യസ്ഥര്‍!    


കാലു കൊണ്ടു പടം വരയ്ക്കുന്ന പോത്താനിക്കാടുകാരി സ്വപ്‌നാ അഗസ്റ്റിന്‍, വായ കൊണ്ടു വരയ്ക്കുന്നവരായ  മലപ്പുറംകാരന്‍ ജെസ്ഫര്‍ പുളിക്കത്തൊടി, സുനിത തൃപ്പാനിക്കര എന്നിവരാണ് ഈ 16 ചിത്രംവരയ്ക്കല്‍കാരുടെ ഇന്‍ഡ്യന്‍ കൂട്ടായ്മയിലെ മലയാളി സാന്നിദ്ധ്യം എന്നു തോന്നുന്നു. സൈറ്റില്‍ ഇവരെക്കുറിച്ചുള്ള വിവരണം, ഫോട്ടോ, വീഡിയോ എന്നിവയുണ്ട്. ചിത്രങ്ങള്‍, ബാഗുകള്‍, ടീഷര്‍ട്ടുകള്‍, കലണ്ടറുകള്‍, കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാമാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍. അവയെല്ലാം വിശദമായി കണ്ട്് ഇഷ്ടപ്പെട്ടവ വാങ്ങി അവരെ പ്രോത്സാഹിപ്പിക്കാം. അങ്ങനെ ജോലി ചെയ്തു ജീവിക്കാനുള്ള അവരുടെ ന്യായമായ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുന്നതിന് അവരെ സഹായിക്കാനാകും. 


ഇനി ചില ജീവിതചിത്രങ്ങള്‍, നടന്ന സംഭവങ്ങള്‍ എന്നു കുഞ്ഞുന്നാളില്‍ കേട്ടത്. 


1.നാട്ടുമ്പുറത്തെ പഴയകാല സ്‌കൂളിലെ രണ്ടാം ക്ലാസ്സ്.


സാര്‍-കുമ്പളങ്ങ കണ്ടിട്ടുണ്ടോ?
കുട്ടികളുടെ കോറസ്-ഉണ്ട്.
സാര്‍-വീട്ടില്‍ കുമ്പളങ്ങ ഉള്ളവര്‍ എഴുന്നേറ്റു നില്‍ക്കുക . 
കുറേ പേര്‍ എണീറ്റു നിന്നു.
സാര്‍-ആ,  നാളെ വരുമ്പോള്‍ എല്ലാവരും ഓരോ കുമ്പളങ്ങ ഇങ്ങു കൊണ്ടു പോരൂ!
കുറച്ചു നാളത്തേക്ക് സാറിന് മോരുകറിയും കിച്ചടിയും ഓലനുമെല്ലാം സുഭിക്ഷം!


2..അന്യനാട്ടുകാരനായതിനാല്‍ സാര്‍ ഒരു വീട്ടുകാര്‍ക്കൊപ്പമാണ് താമസം. വീട്ടില്‍ ആദ്യമായി ടേപ്പ് റെക്കാഡര്‍ വാങ്ങി. ഓരോരുത്തരോടും എന്തെങ്കിലും പറഞ്ഞുകൊള്ളാന്‍ പറഞ്ഞു. അതു തിരിച്ചു കേള്‍പ്പിച്ചു കൊടുത്ത് അത്ഭുതപ്പെടുത്തും. കുട്ടികള്‍ കവിത ചൊല്ലി, പാട്ടു പാടി. പക്ഷേ  റെക്കോഡ് ചെയ്യാന്‍ സാര്‍ പറഞ്ഞതിങ്ങനെ-


'ഉണ്ണീ, എനിക്കൊരു മുണ്ടു വേണം!  ' പിറ്റേന്നു തന്നെ മുണ്ടു കിട്ടി. അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വേണം കഴിവ്!