Thursday, April 12, 2012

രക്തച്ചുവപ്പ്

varika link 04.04.12

                     
'അന്നദാനം മഹാദാനം' എന്നു ചൊല്ല്, കാരണം, ദാനം സ്വീകരിക്കുന്നയാള്‍ 'മതി' എന്നു നിറഞ്ഞ മനസ്സോടെ പറയുന്നത് അപ്പോള്‍ മാത്രമേയുള്ളു. എന്നാല്‍ രക്തദാനം ശരിക്കും ജീവല്‍ദാനം തന്നെ ആണ്.

ഗൂഗിള്‍ പ്ലസില്‍ ദിനേനയെന്നോണം പോസ്റ്റുകള്‍ വരാറുണ്ട്, രക്തം വേണം എന്ന് അറിയിക്കുന്നവ. കേരളത്തില്‍ എമ്പാടുമുള്ള ആശുപത്രികളില്‍ കഴിയുന്നവര്‍ക്കു വേണ്ടി. ഒന്നും അവനവന്റെ ആള്‍ക്കാര്‍ക്കു വേണ്ടിയല്ല, പരോപകാരാര്‍ത്ഥമാണ്. കിട്ടിയ വിവരവും മിയ്ക്കവരും അറിയിക്കാറുണ്ട്.

രക്തദാനത്തെപ്പറ്റി അറിയാന്‍ http://www.blooddonors.in/  സന്ദര്‍ശിക്കാം. നമുക്ക് രക്തം ആവശ്യമുണ്ടെങ്കില്‍  ഇവിടെ രജിസ്റ്റര്‍ ചെയ്യുകയും ആവാം. അതിലെ അംഗങ്ങള്‍ മുഖേന രക്തം കിട്ടും. കേരളത്തിലെ ബ്ലഡ് ബാങ്കുകളെപ്പറ്റി ഉള്ള വിവരങ്ങള്‍ http://life.ioss.in/bloodbanks.php എന്ന സൈറ്റില്‍ ലഭ്യമാണ്. ഈ സൈറ്റില്‍ നിന്ന്- 'നമ്മുടെ ശരീരത്തില്‍  5.5 ലിറ്റര്‍ രക്തമുണ്ട്, ദാതാവിന്റെ തൂക്കത്തിനനുസൃതമായി 350-450 മി.ലി രക്തമാണ് ഒരു പ്രാവശ്യം എടുക്കുക. എടുത്ത അത്രയും രക്തം 24 മണിക്കുറിനകവും അതിലെ ഹീമോഗ്ലോബിന്‍, സെല്‍ഘടകങ്ങളും 2 മാസത്തിനകവും പുനരുത്പ്പാദിപ്പിക്കപ്പെടുന്നു. അതിനാല്‍ മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണ്.  ' നമ്മുടെ ശരീരം ശരിക്കും ഒരു നിര്‍മ്മാണശാല തന്നെ അല്ലേ?

ഏതെല്ലാം രക്തഗ്രൂപ്പുകള്‍ ഒന്നിച്ചു പോകും, ആര്‍ക്ക്  ഏത് സ്വീകരിക്കാം, ദാനം ചെയ്യാം മുതലായി എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ട പ്രാഥമിക അറിവുകള്‍,  വിക്കിയിലുണ്ട് - http://en.wikipedia.org/wiki/Blood_type .  O - , AB+, വിഭാഗക്കാരേ, നിങ്ങള്‍ താരതമ്യേന ഭാഗ്യമുള്ളവര്‍, എന്തെന്നാല്‍ നിങ്ങള്‍  യഥാക്രമം ആഗോള രക്തദാതാക്കളും (Donor) രക്തസ്വീകാര്യരും (Recipient) അത്രേ! തീര്‍ച്ചയായും വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രം.

A,B, O എന്നീ അടിസ്ഥാന വിഭാഗങ്ങളില്‍ പെടാത്ത ബോംബേ ബ്ലഡ് ഗ്രൂപ്പ്്
കാര്‍ക്ക്  http://www.rarebloodtypes.org/bombay_blood_group.php സന്ദര്‍ശിക്കാം. എല്ലാ വിവരങ്ങളും അവിടെ ലഭ്യമാണ്.

ഇനി ചില ചുവപ്പു ചൊല്ലുകള്‍/ ചിന്തകള്‍.

' ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല' എന്നു പീലാത്തോസ് പണ്ടു കൈകഴുകി-

യേശുക്രിസ്തുവിനെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കേണ്ടത് ബത്‌ലഹേം ഗവര്‍ണ്ണറായിരുന്ന പിലാത്തോസ്(Pontius Pilate) ആയിരുന്നു. 'അവന്‍ സ്‌നേഹസന്ദേശവാഹകനാണ്, വധ്യനല്ല, ദൈവപുത്രനായ അവനെ വിധിക്കരുത് ' എന്ന് താന്‍ സ്വപ്‌നം കണ്ടിരിക്കുന്നു എന്ന്, വിധി പ്രസ്താവിക്കും മുമ്പ് അദ്ദേഹത്തിന് തന്റെ ഭാര്യ ക്ലോഡിയയുടെ ഒരു സന്ദേശം കിട്ടി. പക്ഷേ, ഗവര്‍ണ്ണര്‍ അതു ഗൗരവത്തിലെടുത്തില്ല. മനസ്സിന്റെ അസ്വസ്ഥത സഹിക്കാതായപ്പോള്‍, അദ്ദേഹം കൈകഴുതി തുടച്ച് സ്വഗ്രഹം പൂകി. അപ്പോഴും ക്ലോഡിയ ചോദിച്ചു, 'നീതിമാനെ കുരിശിലേറ്റിയിട്ട് കൈ കഴുകിയാല്‍ പാപം തീരുമോ?' നീതിമാനായ പിലാത്തോസ് ഈ ഹൃദയഭാരത്തോടെ തന്നെ ഇഹലോകവാസം വെടിഞ്ഞു. ജോര്‍ദ്ദാന്‍ തീരങ്ങളില്‍ ആ നീതിമാന്റെ ആത്മാവ് ഇപ്പോഴും അലയുന്നുണ്ടാവാം! നീതിനിഷ്ഠയുള്ളവര്‍ക്കും ചിലപ്പോള്‍ അനീതി പ്രവര്‍ത്തിക്കേണ്ടതായ് വരും!-(വിവരങ്ങള്‍ക്കു കടപ്പാട്-ശ്രീമതി. എം.ജി. ഭവാനി.)

'രക്തം രക്തത്തെ തിരിച്ചറിയുന്നു'- കാലാനുസൃതം ഇത് പരിഷ്‌കരിച്ച് 'രക്തം രക്തത്തെ വികര്‍ഷിക്കുന്നു' എന്നാക്കണമെന്നു തോന്നിയിട്ടില്ലേ ചിലപ്പോഴെങ്കിലും ?

' രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടി കൂടും.  '

സാഹചര്യം കൊണ്ടോ, ഉപജീവനാര്‍ത്ഥമോ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരായ സ്ത്രീകള്‍, ആധുനികഭാഷയില്‍ 'സെക്‌സ്് വര്‍ക്കേഴ്‌സ്', താമസിക്കുന്ന തെരുവുകള്‍ അറിയപ്പെടുന്നതും ചുവന്ന തെരുവ് എന്ന്. വിലക്കപ്പെട്ടത് എന്നു സൂചിപ്പിക്കാനാവും ആ പേര്, മുന്നോട്ടു പോകരുത് എന്നു പിടിച്ചു നിര്‍ത്തുന്ന ചുവന്ന ട്രാഫിക് ലൈറ്റ് എന്ന പോലെ.

ഇനി ജീവിതത്തില്‍ നിന്ന് ഒരു 'ചുവപ്പു തമാശ'- അച്ഛന്റെ ആത്മസുഹൃത്തിന്റെ മക്കളുടെ സന്ദര്‍ശനവേള.

'അങ്കിളിന്റെ രക്തം ഇപ്പോഴും കടും ചുവപ്പു തന്നെ അല്ലേ?  ' കറ കളഞ്ഞ കമ്യൂണിസ്റ്റ് ആണ് അദ്ദേഹം.

'ഉം ,അതെ, പക്ഷേ ഈയിടെ ആസ്പത്രീലായപ്പോള്‍  വേറാരുടേയോ രക്തം കൊടുത്തു, അതില്‍ പിന്നെ 'ദൈവം ' എന്നൊക്കെ പറയുന്നുണ്ട്് !  '

സമര്‍പ്പണം- മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായി രക്തദാനം ചെയ്ത് മാതൃക കാണിക്കുന്ന കമ്പൂട്ടര്‍ വിദഗ്ധനായ സുഹൃത്ത് സുരേഷിന്.
3 comments:

  1. നല്ല പോസ്റ്റ്. സന്ദേശം പരക്കട്ടെ

    ReplyDelete
  2. പോസ്റ്റ് നന്നായി, ചേച്ചീ

    ReplyDelete
  3. ്യമുള്ളതില്‍ 70 % രക്തം സംഭരിക്കുന്നത്. അത് എഴുതി വന്നപ്പോള്‍ വിട്ടുപോയി.

    ReplyDelete