Saturday, April 14, 2012

വേനല്‍പൂട്ട്

varika link
                         
ഏജന്റുമാരുടെ സമരം മൂലം നിലച്ചു പോയ പത്രവായന പുനരാംരംഭിച്ചത് ഏപ്രില്‍ ഒന്നാം തീയതി മുതല്‍. വന്നപ്പോഴോ, ഓരോ പത്രത്തിനൊപ്പവും ്‌നോട്ടീസുകള്‍. അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരസ്യങ്ങളാണ് അധികവും. പിന്നെ വാദ്യനൃത്തസംഗീതപരിശീലകരുടെ വക വാഗ്ദാനങ്ങള്‍ അതു വേറേ. എല്ലാം കുട്ടികളെ ലക്ഷ്യം വച്ച്, അവരുടെ അച്ഛനമ്മമാരുടെ കയ്യിലെ കാശ് ലക്ഷ്യം വച്ച്. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന വീടുകളില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നതിലുള്ള സുരക്ഷിതത്വമില്ലായ്മ മൂലം പലരും കുട്ടികളെ  ബാലഭവന്‍ പോലുള്ള  ഇടങ്ങളില്‍ അയയ്ക്കുന്നു. പക്ഷേ എല്ലാവര്‍ക്കും ഈ സൗകര്യം ലഭിക്കില്ലല്ലോ.

വേനല്‍പൂട്ടിന് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം, കസിന്‍സിനൊപ്പം, പോയി താമസിച്ച് വെയിലത്തു കളിച്ച്, വേനല്‍മഴ നനഞ്ഞ്, അവധി ആസ്വദിക്കുന്ന രീതി അന്യം നിന്നു കഴിഞ്ഞു. അതിനി തിരിച്ചു വരില്ല. ദീര്‍ഘനിശ്വാസത്തിനു പ്രസക്തിയില്ല, കാരണം അതു കാലത്തിന്റെ മാറ്റം എന്ന് നമ്മള്‍ ക്ഷണിച്ചു വരുത്തിയ നമ്മുടെ നിയോഗമത്രേ.

കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ അവിടെ നില്‍ക്കട്ടെ. ക്ലാസ്സിലും തന്നത്താനും ഇഷ്ടം പോലെ പഠിക്കുന്നുണ്ടല്ലോ, അതുമതി. എന്തായാലും ഒരു ചെറിയ യാത്രയെങ്കിലും തരപ്പെടുത്തിയല്ലേ, പറ്റൂ, ഇപ്രാവശ്യം അതില്‍ ഒരു വ്യത്യസ്ഥത ആയാലോ? തീം പാര്‍ക്കിനു പകരം സര്‍ഗ്ഗാലയയിലെ ചില്‍ഡ്രണ്‍സ് കോര്‍ണറില്‍ ഒന്നു പോയാലോ?

സര്‍ക്കാരിന്റെ ടൂറിസ്റ്റ് കരകൗശല-്രവിനോദസഞ്ചാരഗ്രാമമാണ് ഇരിങ്ങലിലുള്ള സര്‍ഗ്ഗാലയ-http://www.sargaalaya.com/ . അവിടെ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഉണ്ടെന്നും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും രസിക്കാനും ഉതകുന്ന തരം കരകൗശലപണികള്‍ സ്വയം ചെയ്യാന്‍ സഹായിക്കുന്നു എന്നും സൈറ്റ് പറയുന്നു. നമ്മുടെ തനതു കരകൗശലവസ്തുക്കള്‍ രൂപപ്പെടുന്നത് നേരില്‍ കാണാം, അതു പണിയുന്നവരുമായി സംവദിക്കാം, ഇഷ്ടപ്പെട്ടവ വാങ്ങി അവരെ പ്രോത്സാഹിപ്പിക്കാം എന്ന് സൈറ്റിലെ 'ക്രാഫ്റ്റ് ടൂര്‍' പറയുന്നു. കമ്പ്യൂട്ടറിലല്ലാതെ  വിയര്‍പ്പൊഴുക്കി  കൈകൊണ്ടു പണിയുന്നവരുമുണ്ട്, അവര്‍ നമ്മുടെ സംസ്‌ക്ൃതിയുടെ ഭാഗമാണ് എന്നു കൂടി കുഞ്ഞുങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

നമ്മുടെ തച്ചോളി ഒതേനന്റെ നാടായ വടകരയ്ക്കടുത്താണ് ഈ കരകൗശല ഗ്രാമം. ലോകനാര്‍ കാവും, ഉണ്ണിയാര്‍ച്ച അങ്കം വെട്ടി ജയിച്ച നാദാപുരത്തങ്ങാടിയും മറ്റും ഒന്നു കാണണ്ടേ?വടക്കന്‍പാട്ടു മൂളി  ആ കാവും, കുങ്കിയമ്മ കുളിച്ച കുളവും മറ്റും വിസ്മയം നിറഞ്ഞ കണ്ണുകളോടെ പണ്ടു സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സിലുണ്ട്. വടകരക്കാരനായ ഒരാള്‍ ഓഫീസില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍, ഇതേപ്പറ്റിയെല്ലാം ആവേശത്തോടെ ചോദിച്ചതും അറിയില്ലെന്ന് അയാള്‍ കണ്ണുമിഴിച്ചതും മറ്റൊരു രസകരമായ ഓര്‍മ്മ.

മൂന്നു മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്ത് വെള്ളിയാങ്കല്ലിലും പോകാമത്രേ. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ വെള്ളിയാങ്കല്ലു തന്നെയാണോ ആവോ? അവിടെ പ്രണയികളുടെ ആത്മാക്കള്‍ തുമ്പികളായി പറന്നു നടക്കുന്നത് കാണാനാവുമോ എന്തോ? വെള്ളായാങ്കല്ല്, ആ പേരിനു തന്നെ എന്തൊരു കാല്‍പ്പനിക വശ്യത. നന്ദി, ശ്രീ. എം.മുികുന്ദന്‍!

ഇനിയിപ്പോള്‍ കമ്പ്യൂട്ടര്‍കളി ഒഴിവാക്കാന്‍ ആവില്ലെന്നാണെങ്കില്‍ ഇതാ ഇവിടെ http://www.helpkidzlearn.com/ ല്‍ പോയി കളിക്കൂ. വിഡിയോ ഗെയിം, കഥകള്‍ എല്ലാമുണ്ട്.

കാര്‍ട്ടൂണ്‍ ചാനലുകള്‍ കാണാം, ആംഗലേയപുസ്തകങ്ങളും വായിക്കാം, പക്ഷേ കൂട്ടത്തില്‍ കുറച്ചു മലയാളം പുസ്തകങ്ങള്‍ കൂടി വായിക്കണ്ടേ? കാരൂര്‍ നീലകണ്ഠപ്പിള്ള, പന്തളം കേരളവര്‍മ്മ, സുമംഗല, പി.നരേന്ത്രനാഥ്, മലയത്ത് അപ്പുണ്ണി, കെ. തായാട്ട്, കോലഴി ഗോപാലകൃഷ്ണന്‍ അങ്ങനെ എത്രയോ പേരുടെ ബാലസാഹിത്യപുസ്തകങ്ങള്‍ വായിക്കാനുണ്ട്. അവ കുഞ്ഞുങ്ങളെ ഹൃദയമുള്ളവരാക്കും, ശക്തരാക്കും. അതിമാനുഷരുടെ കഥകള്‍ കുട്ടികളെ വേറൊരു അപ്രായോഗികതലത്തില്‍ എത്തിക്കുകയേയുള്ളു. മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ പഠിപ്പിക്കില്ല. ഐതിഹ്യമാല, കഥാസരിത് സാഗരം, നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ ഇങ്ങനെ വലിയ പട്ടികയുണ്ട്, കുട്ടികള്‍ വായിച്ചിരിക്കേണ്ടവ.

ചുക്കും ഗെക്കും എന്ന റഷ്യന്‍ കുട്ടിപ്പുസ്തകത്തിലെ മറക്കാത്ത ഒരേട്- പട്ടാളത്തിലുള്ള അച്ഛന്റെ കത്തു വായിക്കുകയാണ് അമ്മ. വായിക്കുന്ന അമ്മയെ തന്നെ നോക്കിയിരിക്കയാണ് വികൃതികളായ ചുക്കും ഗെക്കും.

'അമ്മ ചിരിച്ചു, ചുക്കും ഗെക്കും ചിരിച്ചു. അമ്മ കരഞ്ഞു, ചുക്കും ഗെക്കും കരഞ്ഞു!'

എത്ര അര്‍ത്ഥവത്തായ വരികള്‍!കുട്ടിക്കാലത്ത് അമ്മ ദൈവമാണ്, കുഞ്ഞുങ്ങള്‍ക്ക്. പിന്നെ കൗമാരത്തിലെന്നോ ശത്രുവാകും, സ്വന്തം ജീവിതം തുടങ്ങുമ്പോള്‍ വീണ്ടും അമ്മ സ്‌നേഹിതയാകും!

 
 

Thursday, April 12, 2012

രക്തച്ചുവപ്പ്

varika link 04.04.12

                     
'അന്നദാനം മഹാദാനം' എന്നു ചൊല്ല്, കാരണം, ദാനം സ്വീകരിക്കുന്നയാള്‍ 'മതി' എന്നു നിറഞ്ഞ മനസ്സോടെ പറയുന്നത് അപ്പോള്‍ മാത്രമേയുള്ളു. എന്നാല്‍ രക്തദാനം ശരിക്കും ജീവല്‍ദാനം തന്നെ ആണ്.

ഗൂഗിള്‍ പ്ലസില്‍ ദിനേനയെന്നോണം പോസ്റ്റുകള്‍ വരാറുണ്ട്, രക്തം വേണം എന്ന് അറിയിക്കുന്നവ. കേരളത്തില്‍ എമ്പാടുമുള്ള ആശുപത്രികളില്‍ കഴിയുന്നവര്‍ക്കു വേണ്ടി. ഒന്നും അവനവന്റെ ആള്‍ക്കാര്‍ക്കു വേണ്ടിയല്ല, പരോപകാരാര്‍ത്ഥമാണ്. കിട്ടിയ വിവരവും മിയ്ക്കവരും അറിയിക്കാറുണ്ട്.

രക്തദാനത്തെപ്പറ്റി അറിയാന്‍ http://www.blooddonors.in/  സന്ദര്‍ശിക്കാം. നമുക്ക് രക്തം ആവശ്യമുണ്ടെങ്കില്‍  ഇവിടെ രജിസ്റ്റര്‍ ചെയ്യുകയും ആവാം. അതിലെ അംഗങ്ങള്‍ മുഖേന രക്തം കിട്ടും. കേരളത്തിലെ ബ്ലഡ് ബാങ്കുകളെപ്പറ്റി ഉള്ള വിവരങ്ങള്‍ http://life.ioss.in/bloodbanks.php എന്ന സൈറ്റില്‍ ലഭ്യമാണ്. ഈ സൈറ്റില്‍ നിന്ന്- 'നമ്മുടെ ശരീരത്തില്‍  5.5 ലിറ്റര്‍ രക്തമുണ്ട്, ദാതാവിന്റെ തൂക്കത്തിനനുസൃതമായി 350-450 മി.ലി രക്തമാണ് ഒരു പ്രാവശ്യം എടുക്കുക. എടുത്ത അത്രയും രക്തം 24 മണിക്കുറിനകവും അതിലെ ഹീമോഗ്ലോബിന്‍, സെല്‍ഘടകങ്ങളും 2 മാസത്തിനകവും പുനരുത്പ്പാദിപ്പിക്കപ്പെടുന്നു. അതിനാല്‍ മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണ്.  ' നമ്മുടെ ശരീരം ശരിക്കും ഒരു നിര്‍മ്മാണശാല തന്നെ അല്ലേ?

ഏതെല്ലാം രക്തഗ്രൂപ്പുകള്‍ ഒന്നിച്ചു പോകും, ആര്‍ക്ക്  ഏത് സ്വീകരിക്കാം, ദാനം ചെയ്യാം മുതലായി എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ട പ്രാഥമിക അറിവുകള്‍,  വിക്കിയിലുണ്ട് - http://en.wikipedia.org/wiki/Blood_type .  O - , AB+, വിഭാഗക്കാരേ, നിങ്ങള്‍ താരതമ്യേന ഭാഗ്യമുള്ളവര്‍, എന്തെന്നാല്‍ നിങ്ങള്‍  യഥാക്രമം ആഗോള രക്തദാതാക്കളും (Donor) രക്തസ്വീകാര്യരും (Recipient) അത്രേ! തീര്‍ച്ചയായും വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രം.

A,B, O എന്നീ അടിസ്ഥാന വിഭാഗങ്ങളില്‍ പെടാത്ത ബോംബേ ബ്ലഡ് ഗ്രൂപ്പ്്
കാര്‍ക്ക്  http://www.rarebloodtypes.org/bombay_blood_group.php സന്ദര്‍ശിക്കാം. എല്ലാ വിവരങ്ങളും അവിടെ ലഭ്യമാണ്.

ഇനി ചില ചുവപ്പു ചൊല്ലുകള്‍/ ചിന്തകള്‍.

' ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല' എന്നു പീലാത്തോസ് പണ്ടു കൈകഴുകി-

യേശുക്രിസ്തുവിനെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കേണ്ടത് ബത്‌ലഹേം ഗവര്‍ണ്ണറായിരുന്ന പിലാത്തോസ്(Pontius Pilate) ആയിരുന്നു. 'അവന്‍ സ്‌നേഹസന്ദേശവാഹകനാണ്, വധ്യനല്ല, ദൈവപുത്രനായ അവനെ വിധിക്കരുത് ' എന്ന് താന്‍ സ്വപ്‌നം കണ്ടിരിക്കുന്നു എന്ന്, വിധി പ്രസ്താവിക്കും മുമ്പ് അദ്ദേഹത്തിന് തന്റെ ഭാര്യ ക്ലോഡിയയുടെ ഒരു സന്ദേശം കിട്ടി. പക്ഷേ, ഗവര്‍ണ്ണര്‍ അതു ഗൗരവത്തിലെടുത്തില്ല. മനസ്സിന്റെ അസ്വസ്ഥത സഹിക്കാതായപ്പോള്‍, അദ്ദേഹം കൈകഴുതി തുടച്ച് സ്വഗ്രഹം പൂകി. അപ്പോഴും ക്ലോഡിയ ചോദിച്ചു, 'നീതിമാനെ കുരിശിലേറ്റിയിട്ട് കൈ കഴുകിയാല്‍ പാപം തീരുമോ?' നീതിമാനായ പിലാത്തോസ് ഈ ഹൃദയഭാരത്തോടെ തന്നെ ഇഹലോകവാസം വെടിഞ്ഞു. ജോര്‍ദ്ദാന്‍ തീരങ്ങളില്‍ ആ നീതിമാന്റെ ആത്മാവ് ഇപ്പോഴും അലയുന്നുണ്ടാവാം! നീതിനിഷ്ഠയുള്ളവര്‍ക്കും ചിലപ്പോള്‍ അനീതി പ്രവര്‍ത്തിക്കേണ്ടതായ് വരും!-(വിവരങ്ങള്‍ക്കു കടപ്പാട്-ശ്രീമതി. എം.ജി. ഭവാനി.)

'രക്തം രക്തത്തെ തിരിച്ചറിയുന്നു'- കാലാനുസൃതം ഇത് പരിഷ്‌കരിച്ച് 'രക്തം രക്തത്തെ വികര്‍ഷിക്കുന്നു' എന്നാക്കണമെന്നു തോന്നിയിട്ടില്ലേ ചിലപ്പോഴെങ്കിലും ?

' രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടി കൂടും.  '

സാഹചര്യം കൊണ്ടോ, ഉപജീവനാര്‍ത്ഥമോ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരായ സ്ത്രീകള്‍, ആധുനികഭാഷയില്‍ 'സെക്‌സ്് വര്‍ക്കേഴ്‌സ്', താമസിക്കുന്ന തെരുവുകള്‍ അറിയപ്പെടുന്നതും ചുവന്ന തെരുവ് എന്ന്. വിലക്കപ്പെട്ടത് എന്നു സൂചിപ്പിക്കാനാവും ആ പേര്, മുന്നോട്ടു പോകരുത് എന്നു പിടിച്ചു നിര്‍ത്തുന്ന ചുവന്ന ട്രാഫിക് ലൈറ്റ് എന്ന പോലെ.

ഇനി ജീവിതത്തില്‍ നിന്ന് ഒരു 'ചുവപ്പു തമാശ'- അച്ഛന്റെ ആത്മസുഹൃത്തിന്റെ മക്കളുടെ സന്ദര്‍ശനവേള.

'അങ്കിളിന്റെ രക്തം ഇപ്പോഴും കടും ചുവപ്പു തന്നെ അല്ലേ?  ' കറ കളഞ്ഞ കമ്യൂണിസ്റ്റ് ആണ് അദ്ദേഹം.

'ഉം ,അതെ, പക്ഷേ ഈയിടെ ആസ്പത്രീലായപ്പോള്‍  വേറാരുടേയോ രക്തം കൊടുത്തു, അതില്‍ പിന്നെ 'ദൈവം ' എന്നൊക്കെ പറയുന്നുണ്ട്് !  '

സമര്‍പ്പണം- മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായി രക്തദാനം ചെയ്ത് മാതൃക കാണിക്കുന്ന കമ്പൂട്ടര്‍ വിദഗ്ധനായ സുഹൃത്ത് സുരേഷിന്.