Saturday, March 24, 2012

വൈ ദിസ് കൊയ്‌ലാ മൈനിംഗ് ഡി?

(Weekly -08.02.12-page)
               
ജംഗ്ലിസ്ഥാന്‍ റിപ്പബ്ലിക്കിലെ ഭാലൂ എന്ന കരടി, ഷേര്‍ഖാന്‍ എന്ന കടുവയുടെ വാദ്യോപകരണ അകമ്പടിയോടെ പാടുന്നതാണ് ഈ പാട്ട്. കൊയ്‌ലാ മൈനിംഗ് എന്നാല്‍ കല്‍ക്കരി ഖനനം. കല്‍ക്കരി ഖനനത്തിന്റെ പേരില്‍ കാടു നശിപ്പിക്കപ്പെടുമ്പോള്‍ സ്വന്തം കിടക്കാടം നഷ്ടപ്പെടുന്ന ഭയപ്പാടിലാണവര്‍. ദാ, ഇവിടെ http://www.greenpeace.in/junglistan/save/why-this-koyla-mining-di.php  കേള്‍ക്കാം കൊലവെറി അനുകരിച്ച് അവരുടെ പാട്ട്, അല്ലെങ്കില്‍ koyla mining എന്നു ഗൂഗിളില്‍ തെരഞ്ഞാലും ലിങ്കുകള്‍ കിട്ടും. ധനുഷിനേക്കാള്‍ ഒട്ടും മോശമില്ലാതെ പാടുന്നുണ്ട് ഭാലു. അതും വളരെ വലിയ ഒരു കാരണത്തിനു വേണ്ടി.

അതെ, നിങ്ങള്‍ ഊഹിച്ചതു ശരി തന്നെ. ഭാലുവും ഷേര്‍ഖാനും റഡ്യേഡ് കിപ്ലിംഗിന്റെ ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളാണ്. അവര്‍ കഴിഞ്ഞ നവംബര്‍ അവസാന ആഴ്ച്ചയിലൊരു ദിനം ബാംഗ്ലൂരിലെ കബണ്‍ പാര്‍ക്കില്‍ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നു ചാടി വന്നു, നേരേ ജനങ്ങള്‍ക്കിടയിലേക്ക്. കല്‍ക്കരി ഖനനത്തിന്റെ പേരില്‍ കാടു നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി, കാടു നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗ്രീന്‍പീസ് -http://www.greenpeace.org/-പ്രവര്‍ത്തകര്‍ക്കൊപ്പം അവരും ജനങ്ങളെ ബോധവല്‍ക്കരിച്ചു. മാത്രമല്ല ജംഗ്ലിസ്ഥാന്‍ റിപ്പബ്ലിക്കിലെ പൗരരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ സാങ്കല്‍പ്പിക പാസ്‌പോര്‍ട്ടും പൗരത്വവും നല്‍കുകയും ചെയ്തു! അവരുടെ സംരംഭങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്കും ജംഗ്ലിസ്ഥാന്‍ റിപ്പബ്ലിക്കില്‍ പൗരത്വമെടുക്കാം.

ഈ റിപ്പബ്ലിക്കിലെ എല്ലാവരുടേയും പ്രിയ സിനിമാതാരം ആരെന്നറിയുമോ? അഭയ് ഡിയോള്‍!.. അദ്ദേഹം മദ്ധ്യപ്രദേശിലെ മഹാനില്‍ പച്ചപ്പു നിറഞ്ഞ കാടുകള്‍ക്കു മുകളിലൂടെ ബലൂണില്‍ സഞ്ചരിച്ചു, ആ പച്ചപ്പ് കല്‍ക്കരിഖനനത്തിനായി നശിപ്പിക്കപ്പെടാതിരിക്കണം എന്ന്് അദ്ദേഹവും നമ്മെപ്പോലെ ആശിക്കുന്നു. യൂട്യൂബില്‍ കാണാം അദ്ദേഹത്തിലെ പ്രകൃതിസ്‌നേഹിയെ.

1971 ല്‍ വാന്‍കൂവറില്‍ രൂപീകരിച്ച ഗ്രീന്‍പീസ്,  അഹിംസാതത്വങ്ങളില്‍ അധിഷ്ഠിതമായ ആഗോളപരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. കൂടുതല്‍ അറിയാന്‍ അവരുടെ സൈറ്റില്‍ പോകാം.  നമുക്കു കിട്ടിയ വരദാനമാണീ ഭൂമിയെന്നും അതു കേടുകൂടാതെ വരും തലമുറകള്‍ക്കായി സൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നതും, സൗകര്യപൂര്‍വ്വം മറന്നു പോകുന്ന നമ്മളെ ഉണര്‍ത്താന്‍, വേണം ഇത്തരം സംഘടനകള്‍. ഇന്റര്‍നെറ്റ് രാക്ഷസന്‍ ഫേസ്ബുക്ക് കല്‍ക്കരിയോടു വിടപറയാന്‍ തീരുമാനിച്ചു എന്നത് ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനാംഗീകാരമായി കണക്കാക്കാം.

ഇന്‍ഡ്യക്ക് ഏറ്റവും അനുയോജ്യമായത് മലിനീകരണം ഒട്ടുമില്ലാത്ത ചെറുകിടജലവൈദ്യുതി പദ്ധതികളാണ്, പഞ്ചവത്സരപദ്ധതികള്‍ പ്രകാരം തെര്‍മല്‍, ന്യൂക്ലിയര്‍ പദ്ധതികള്‍ക്ക് ഇതിനു പിന്നിലെ സ്ഥാനമുള്ളു, എന്നാല്‍ അതെല്ലാം നമ്മള്‍ വിഗണിക്കയാണ് എന്ന് പ്രമുഖ പാരിസ്ഥിതികനായിരുന്ന ശ്രീ. കെ.വി. സുരേന്ദ്രനാഥ് (നിയമസഭ-lokസഭാ അംഗവും കൂടിയായിരുന്നു അദ്ദേഹം) കലാകൗമുദിയില്‍ എഴുതിയിരുന്നത് ഓര്‍മ്മിക്കുന്നു.വന്‍ അണക്കെട്ടുകള്‍ ജലബോംബുകളാണെന്ന് നമുക്കു മുല്ലപ്പെറിയാറിന്റെ വെളിച്ചത്തില്‍ നിസ്സംശയം പറയാം. എന്നാല്‍ മിനി ഹൈഡല്‍ പ്രോജകട്‌സ്-ചെറുകിട ജലസേചനപദ്ധതികള്‍-അങ്ങനെയല്ല. ദീര്‍ഘദര്‍ശികള്‍ ഇല്ലാത്തതല്ല, അവരെ ചെവിക്കൊള്ളാത്തതാണ് എന്നും നമ്മുടെ പ്രശ്‌നം.

മുല്ലപ്പെരിയാര്‍ നമ്മുടെ ഉറക്കം കെടുത്തുമ്പോഴും കൂടങ്കുളത്തെ ന്യൂക്ലിയര്‍ പവ്വര്‍ പ്രോജക്ട് നമ്മെ തീരെ ആശങ്കപ്പെടുത്തുന്നതേയില്ല. തമിഴ്‌നാട്ടിലല്ലേ എന്നായിരിക്കും നമ്മുടെ വിചാരം. അവിടുത്തെ കമ്പൂട്ടറിന് ഒരു പിഴവു സംഭവിച്ചാല്‍ അവിടുന്ന് ആകാശദൂരം വളരെ കുറവായ നമ്മുടെ തലസ്ഥാനനഗരി കത്തിച്ചാമ്പലാവില്ലെന്നാരു കണ്ടു? ഹേ, ഭോഷ്‌ക് എന്നു പറയാന്‍ തോന്നുന്നുണ്ടോ ? പറയും മുമ്പ് റഷ്യയിലെ ചെര്‍ണോബില്‍ ആണവദുരന്തത്തെ കുറിച്ച് ഒന്നു പഠിക്കണേ.

എല്ലാം വേണ്ട, വേണ്ട എന്നു പറയുന്നത് എളുപ്പം, അങ്ങനെ പറയുന്നവര്‍ക്കു തന്നെ ബാദ്ധ്യതയുണ്ട് പകരം മറ്റൊന്നു കാണിച്ചു കൊടുക്കുവാനും. വൈദ്യുതി ഉത്പാദനത്തിന് , പ്രസരണനഷ്ടം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനൊപ്പം പ്രകൃതിഗത്യാ ഉള്ള ശുദ്ധമായ പാരമ്പര്യേതര സ്രോതസ്സുകള്‍ ഉപയോഗിക്കുകയും  ചെയ്താല്‍ ഉത്പാദനവും ആവശ്യങ്ങളും തമ്മിലുള്ള വിടവു നികത്താനാകുമെന്ന്് ഗ്രീന്‍പീസ് അഭിപ്രായപ്പെടുന്നു. തുടക്കത്തിലെ ഉത്പാദനച്ചെലവ് തീര്‍ച്ചയായും കൂടുതലായിരിക്കും, അതിന് സര്‍ക്കാര്‍ സബസിഡി നല്‍കിയേ മതിയാകൂ. കാര്‍ഷികാവശ്യങ്ങള്‍ക്കു വേണ്ടി മാത്രം നല്‍കേണ്ട ഡീസല്‍ സബ്‌സിഡി  മൊബൈല്‍ കമ്പനികള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നത് തെറ്റാണെന്ന് മന്ത്രി ജയറാം രമേശ് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ!2 comments:

  1. ഭരിക്കുന്നവരാരും പ്രകൃതിസ്നേഹികളല്ല...അതാണ് വലിയ ഒരു പ്രശ്നം.

    ReplyDelete
  2. @ajith-പ്രകൃതിസ്‌നേഹം എന്നാല്‍ തലമുറകളുടെ നിലനില്‍പ്പാണെന്ന് അറിയാവുന്നവരുണ്ട്, പക്ഷേ അവരെല്ലാം അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്.

    ReplyDelete