Monday, March 12, 2012

റൊട്ടിയും റോസാപ്പൂക്കളും


 (Online link-varika released 8.3.2012)                      

ഇന്ന് മാര്‍ച്ച് 08, അന്താരാഷ്ട്ര വനിതാ ദിനം. ആദ്യ വനിതാ ദിനാചരണത്തിന് 101 വയസ്സായിരിക്കുന്നു. പറഞ്ഞു പറഞ്ഞു മുനയൊടിഞ്ഞ വനിതാദിന ചിന്തകള്‍ക്ക് , അല്ല, പരിദേവനങ്ങള്‍ക്ക്, പകരം ചരിത്രത്തിലെ വനിതാമുന്നേറ്റങ്ങളെപ്പറ്റി കേട്ടാലും.

തുണിവ്യവസായശാലകളില്‍ ഹീനമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണിയെടുത്തിരുന്ന 15000 ത്തോളം വനിതകള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി 1908 ല്‍ ന്യൂയോര്‍ക്കില്‍ നയിച്ച ഐതിഹാസിക സമരമായ 'റൊട്ടി യും റോസാപ്പൂക്കളും' ആണ് വനിതാദിനത്തിനു നിദാനം. കുടുംബാംഗങ്ങള്‍ ക്ക് ആഹാരം നേടാനുള്ള സാമ്പത്തികം എന്ന അവകാശം റൊട്ടിയും നല്ല ജീവിതസാഹചര്യങ്ങള്‍ എന്ന അവകാശം  റോസാപ്പൂക്കളും സൂചിപ്പിക്കുന്നു.

ന്യൂയോര്‍ക്കിലെ തുണിവ്യവസായമേഖലയില്‍ പണിയെടുത്തിരുന്ന കൗമാരക്കാരികളായ കുടിയേറ്റക്കാരുടെ സമരമായിരുന്നു 1909 ല്‍ നടന്ന '20000 ന്റെ ഉദയം'. ഉക്രേന്‍കാരി ആയ ക്ലാര ലെംലിച്ച് എന്ന 19 കാരി ആയിരുന്നു അതിന്റെ നേതാവ്. ഈ സമരങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ജര്‍മ്മന്‍കാരിയായ ക്ലാര സെറ്റ്കിന്‍ ആണ് സ്ത്രീകളുടെ രാഷ്ട്രീയ-സാമ്പത്തിക ആവശ്യങ്ങള്‍ക്കായി  അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം വച്ചത്. അവരുടേയും റഷ്യാക്കാരിയായ അലക്‌സാണ്ട്രാ കൊലന്‍ടായുടേയും ശ്രമഫലമായി 1911 ല്‍ ആദ്യഅന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെട്ടു.

സാക്ഷാല്‍ ലെനിന്‍ വനിതാമുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതു ശ്രദ്ധിക്കാം-'സ്ത്രീ വിമോചനത്തിനായുള്ള നിയമങ്ങള്‍ എന്തെല്ലാമണെങ്കിലും അവള്‍ ഇപ്പോഴും ഒരു ഗാര്‍ഹിക അടിമ തന്നെയാണ്. ബാലിശമായ വീട്ടുതിരക്കുകള്‍ അവളെ തരംതാഴ്ത്തുന്നു, അടുക്കളയിലും ബാലഗൃഹങ്ങളിലുമായി അവളെ ചങ്ങലക്കിടുന്നു, അവള്‍ അവളുടെ അദ്ധ്വാനം, തികച്ചും അപരിഷ്‌കൃതമായി, ഉത്പാദനക്ഷമമല്ലാത്ത, ഞരമ്പു തകര്‍ക്കുന്ന, കഠിനമായ വിരസതയായി, നശിപ്പിക്കുന്നു. ഈ നീചമായ വീട്ടുപണികളില്‍ നിന്ന് അവള്‍ മോചിതയാകുമ്പോള്‍ മാത്രമേ ശരിയായ വനിതാവിമോചനം സാദ്ധ്യമാകൂ.' സഖാവ് ലെനിന് അങ്ങനെയൊക്കെ പറയാം, പക്ഷേ ഇപ്പണിയൊക്കെ നുമ്മ ആണുങ്ങള്‍ പങ്കുവെയ്ക്കാനോ, ച്ഛായ് , മോശം ! വേണോങ്കില്‍ പെണ്ണുങ്ങള്‍ പണിക്കു പോയി രൂഭാ കൊണ്ടു വന്നോട്ടെ, ഞങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി പൊങ്കാലയും ഇട്ടോട്ടെ, പക്ഷേങ്കി വീട്ടു ജോലി മുഴ്വോനും അവര്‍ തന്നെ ചെയ്‌തേ തീരൂ, ഞങ്ങ ആണുങ്ങളുണ്ടല്ലോ ഭരണസഭകളില്‍ പോകാന്‍! ഹല്ല, പിന്നെ!

പെണ്ണുങ്ങള്‍ ഭരിച്ചാലും ഭരും എന്നു കാണിച്ചു തരുന്ന, രണ്ടു സാധാരണ സ്ത്രീകളെപ്പറ്റി. രാജസ്ഥാന്‍കാരികളായ ഇവര്‍ക്ക് ജീവിതപാഠങ്ങള്‍ മാത്രമാണ് കൈമുതല്‍. ഐക്യരാഷ്ട്ര സഭയുടെ സ്ത്രീകളും ദാരിദ്യവും പദ്ധതിയുടെ സജീവ പ്രവര്‍ത്തകരാണവര്‍.

കര്‍ഷകതൊഴിലാളിയായ ,വീട്ടുകാര്യങ്ങള്‍ മാത്രം അറിയാമായിരുന്ന നാണം കുണുങ്ങിയായ ബദം ദേവി ഇന്ന് ലഹോറഗ്രാമത്തലവിയാണ്. വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ അവര്‍ അവിടുത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുന്നു, കുട്ടികള്‍ക്ക് ഉച്ചയാഹാരം നല്‍കുന്നു. ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ സര്‍ക്കാര്‍ ഫണ്ടിനൊപ്പം സ്വന്തം കയ്യില്‍ നിന്നു 3000 രൂപാ കൂടി ചെലവാക്കി! സര്‍ക്കാര്‍ഫണ്ട് കുടുംബത്തിലേക്കു കൊണ്ടുപോകയല്ല ചെയ്തത്.

രാജ്കലാദേവി ഒരു മാനേജ്‌മെന്റ് സ്‌കൂളിലും പഠിച്ചിട്ടില്ല. പക്ഷേ ഇരുത്തം വന്ന നേതാവിനെപ്പോലെ അവര്‍ രാജസ്ഥാനിലെ ഹിംഗ്വാഡ ഗ്രാമത്തിന്റെ ആവശ്യങ്ങള്‍ അറിയുന്നു, നിറവേറ്റുന്നു, സ്ത്രീകളുടെ വലിയ കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്.

പടിഞ്ഞാറന്‍ വനിതകള്‍ക്കു സമര്‍പ്പിച്ച് ജെയിംസ് ഒപ്പെന്‍ഹെം 1911 ല്‍ എഴുതിയ 'റൊട്ടിയും റോസാപ്പൂക്കളും' കവിതയില്‍ നിന്ന്-

ഞങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, പുരുഷന്മാര്‍ക്കു വേണ്ടിയും പോരാടുന്നു,
കാരണം അവര്‍ സ്ത്രീപുത്രരത്രേ, ഞങ്ങള്‍ അവര്‍ക്കു വീണ്ടും മാതാവാകുന്നു.
ജനനം മുതല്‍ ജീവന്‍ പിരിയും വരെ ജീവിതങ്ങള്‍ വിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല,
ഹൃദയങ്ങളും ശരീരങ്ങളും പട്ടിണി കിടക്കില്ല; ഞങ്ങള്‍ക്കു അപ്പം തരൂ, റോസാപ്പൂക്കളും ഒപ്പം തരൂ.

കൂടുതല്‍ വായനയ്ക്ക്- 1. http://www.un.org/en/events/womensday/
2. http://socialistworker.org/2011/03/08/womens-place-in-the-revolution
3. http://en.wikipedia.org/wiki/Bread_and_Rosse



4 comments:

  1. നന്നായിട്ടുണ്ട്.ഇതാ റോസാപ്പൂക്കൾ!

    ReplyDelete
  2. സഖാവ് ലെനിന് അങ്ങനെയൊക്കെ പറയാം, പക്ഷേ ഇപ്പണിയൊക്കെ നുമ്മ ആണുങ്ങള്‍ പങ്കുവെയ്ക്കാനോ, ച്ഛായ് , മോശം ! വേണോങ്കില്‍ പെണ്ണുങ്ങള്‍ പണിക്കു പോയി രൂഭാ കൊണ്ടു വന്നോട്ടെ, ഞങ്ങള്‍ക്കും മക്കള്‍ക്കും വേണ്ടി പൊങ്കാലയും ഇട്ടോട്ടെ, പക്ഷേങ്കി വീട്ടു ജോലി മുഴ്വോനും അവര്‍ തന്നെ ചെയ്‌തേ തീരൂ, ഞങ്ങ ആണുങ്ങളുണ്ടല്ലോ ഭരണസഭകളില്‍ പോകാന്‍! ഹല്ല, പിന്നെ!

    ഇത്രയും ഒഴിവാക്കിയിരുന്നെങ്കില്‍ ഇതൊരു നല്ല ശ്രമം ആകുമായിരുന്നു. ഈ അവതരണ രീതിയ്ക്കാന് യെല്ലോ ജേര്‍ണലിസം എന്ന് പറയുന്നത്.

    ReplyDelete
  3. നന്നായി, അഭിനന്ദനങ്ങൾ.

    ReplyDelete
  4. ശ്രീനാഥന്‍-റോസാപ്പൂക്കള്‍ക്കു പെരുത്തു നന്ദി. തൊഴിലുറപ്പും കുടുംബശ്രീയും ഹോം നേഴ്‌സിംഗും എല്ലാമായി കേരളത്തിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ റൊട്ടി എന്ന അവകാശം ഏറെക്കുറെ ലഭിച്ചു കഴിഞ്ഞു. ഇനി വേണ്ടത് റോസാപ്പൂക്കളാണ്.

    അബ്ദുള്‍ നിസ്സാര്‍- ആദ്യവരവിനു നന്ദി, വിമര്‍ശനത്തിനു അതിലും നന്ദി. ലെനിന്‍ പറഞ്ഞത് വായിച്ചത് ഈയിടെയാണ്. ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്നതും അതേ അഭിപ്രായങ്ങള്‍ ആയിരുന്നു, പാതിജനസംഖ്യയോളം വനിതകളായിട്ടും അവര്‍ക്ക് പൊതു സീറ്റ് കൊടുക്കുന്നില്ല, സംവരണം നടപ്പാക്കുന്നുമില്ല. . ഈ സാഹചര്യത്തില്‍ മനസ്സിലുയര്‍ന്ന വികാരം പ്രകടിപ്പിച്ചു- അത്ര തന്നെ. അതിന്റെ നിറമൊന്നും എനിക്കറിയില്ല.

    എച്ച്മൂ, രണ്ടു വാക്ക് പറയാന്‍ ഒന്നോടി വന്നല്ലോ, സ്‌നേഹം.

    ReplyDelete