Friday, November 11, 2011

കുഞ്ഞി സിനിമ


                     
(10.11.2011 ല്‍ പ്രസിദ്ധീകരിച്ച വാരികയുടെ ഓണ്‍ലൈന്‍ ലിങ്ക്.)

ചെറുദൈര്‍ഘ്യമുള്ള ധാരാളം സിനിമകളുണ്ട് യൂട്യൂബില്‍. കുറഞ്ഞസമയം കൊണ്ട് വലിയ കാര്യം പറയുന്ന ഒരു കുഞ്ഞിസിനിമയെപ്പറ്റി.

1. തെരുവുവിളക്ക്-  http://tinyurl.com/3c9yl8n

എല്ലാ സര്‍ക്കാര്‍ ജോലിക്കാരും ' The street Light' എന്ന ഈ ഫിലിം നിശ്ചയമായും കണ്ടിരിക്കണം. 'ഇത്ര കാലം ഞങ്ങളുടെ കഴിവ് കോമഡിക്കും ഹാസ്യത്തിനും വേണ്ടി ഞങ്ങള്‍ കളഞ്ഞു, ഇതാദ്യമായി ഒരു പ്രധാന ആശയം അവതരിപ്പി ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, നിങ്ങള്‍ക്കിഷ്ടപ്പെടും എന്നു കരുത ട്ടെ' എന്നാണ് ആംഗലേയ സബ്‌ടൈറ്റിലുള്ള ഈ ഹിന്ദി ഫിലിം തുടങ്ങുന്നത്.രാത്രിയിലെ തെരുവു ദൃശ്യത്തിനൊടുവില്‍ ക്യാമറ ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തുന്നു. ഗണേഷ് നഗര്‍ ലെയിന്‍ മൂന്നില്‍ നിന്ന് പ്രശാന്ത് എന്ന ആമുഖത്തോടെ ഒരാള്‍ തങ്ങളുടെ തെരുവില്‍ വിളക്കു കത്തുന്നില്ല എന്ന് ഓഫീസറെ ഫോണ്‍ ചെയ്യുന്നു.

ഓഫീസര്‍- നേരത്തേ അറിയിച്ചിരുന്നുവോ?
പ്രശാന്ത്- ഉവ്വ് സാര്‍, പല പ്രാവശ്യം.

-ഇതൊരു സര്‍ക്കാര്‍ ആഫീസല്ലേ. ഇവിടെ ആള്‍ക്കാര്‍ ഇതുപോലൊക്കെയേ   പണിയെടുക്കൂ.

-ഇവിടെ ഒരേ ഒരു വിളക്കേ ഉള്ളു സര്‍. യാത്രക്കാര്‍ക്കും ട്യൂഷന്‍ കഴിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍ക്കും മറ്റും അതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അതു വലിയ ഒരാശ്വാസമായിരിക്കും .

തെരുവിലെ റിപ്പയര്‍ പോയിന്റിലെത്തി ഒരാള്‍ കേടുപാടുകള്‍ തീര്‍ക്കുന്നു. അയാള്‍ ഒരു ടെലിഫോണ്‍ ബൂത്തിലെത്തി. നിസ്സാരപ്രശ്‌നമേ ഉണ്ടായിരുന്നു ള്ളു വെന്നും അതു പരിഹരിച്ചുവെന്നും മേലാവില്‍ വിളിച്ചറിയിക്കുന്നു.

'നന്ദി സര്‍, താങ്കള്‍ ചെയ്തത് ഒരു വലിയ കാര്യമാണ് .'-ബൂത്തുടമ

ഇലക്ട്രീഷ്യന്‍-എന്നോടല്ല, കഴിഞ്ഞ നാലഞ്ചു ദിവസമായി നിരന്തരം ആഫീസില്‍ വിളിച്ചു ശല്യപ്പെടുത്തിയ ആ ഇഡിയറ്റിനോടാണ് നന്ദി പറയേണ്ടത്.

-ആ ഇഡിയറ്റ് ഇതാ താങ്കളുടെ മുന്നില്‍ ഇരിക്കുന്നു സര്‍.

ഫോണ്‍ചെയ്തതിന്റെ നാണയം എടുക്കാനായി ബൂത്ത് ഉടമ കൈ കൊണ്ട് പരതുന്നതു കണ്ട് ആഗതന്‍ അത്ഭുതപ്പെടുന്നു.

-താങ്കള്‍ ...താങ്കള്‍ക്കു കണ്ണു കാണാനാവില്ലേ?

-ഇല്ല, സാബ്, ഞാന്‍ അന്ധനാണ്.

- പിന്നെ...പല പ്രാവശ്യം താങ്കള്‍ ഫോണ്‍ ചെയ്തത്? എനിക്കു താങ്കളെ മന സ്സിലാക്കാനാവുന്നില്ല.

'എന്റെ ജീവിതം ഇരുട്ടിലാണ്.അതിനാല്‍ ഇരുട്ടെന്താണ് എന്നെനിക്കറിയാം.'

കാഴ്ച്ചശക്തി ഇല്ലാത്ത ഒരാള്‍ക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇത്ര കണ്ട് ഭാവനയില്‍ കാണാനാവുമെങ്കില്‍, ചിന്തിച്ചു നോക്കൂ, നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് എന്ന  ചോദ്യത്തിലാണ് 3.49 മിനിറ്റുള്ള ഹരീശ് ശര്‍മ്മ ഫിലിം അവസാനിക്കുന്നത്.

സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും മാത്രമല്ല 'സന്ദേശം' നല്‍കാന്‍ കഴിയുക, ബാലചന്ദ്രമേനോനു മാത്രമല്ല ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം പറയാനാവുക, യൂട്യൂബ് ഫിലിമിനും ആവും!

2.ദൈവവുമായി മുഖാമുഖം

സംഭാഷണമില്ലാത്ത ഒരു വീഡിയോ അവതരണം ആണ് The Interview with God. ഒരാള്‍ ദൈവത്തോട് ചോദിക്കുന്നു, ദൈവം ഉത്തരം പറയുന്നു. ഒരു അജ്ഞാതകവിയുടെ വരികളാണ് എഴുതി കാണിക്കുന്ന ചോദ്യോത്തരങ്ങള്‍.
-മനുഷ്യരാശിയെപ്പറ്റി താങ്കളെ ഏറ്റവും അത്ഭുതപ്പെടുത്തുന്നതെന്താണ് ?
-പണം ഉണ്ടാക്കുവാനായി അവര്‍ അവരുടെ ആരോഗ്യം നശിപ്പിക്കുന്നു, പിന്നെ ആരോഗ്യം തിരിച്ചു കിട്ടാനായി പണം നഷ്ടപ്പെടുത്തുന്നു.

പ്രകൃതിയുടെ നിറച്ചാര്‍ത്ത് ഒപ്പിയെടുത്ത വശ്യമോഹനദൃശ്യങ്ങളുടെ അകമ്പടിയില്‍ ഇനിയും ഉണ്ട് ചോദ്യോത്തരങ്ങള്‍. ഭൂമി എത്ര സുന്ദരം എന്ന് പറ ഞ്ഞുപോകും. കുഞ്ഞുങ്ങളെ ഒന്നു കാണിച്ചുകൂടെ? ഇതിലേ പോയാലും- http://tinyurl.com/8nn8hy

നിരീക്ഷണം-സിനിമയില്‍ സൂപ്പര്‍ നായകര്‍  ഇപ്പോള്‍ ദൈവത്തിനു വഴിമാറിയിരിക്കുന്നു. രഞ്ചിത്തിന്റെ നന്ദനത്തില്‍ ചുള്ളന്‍ വേഷത്തിലെത്തുന്ന സാക്ഷാല്‍ ഗുരുവായൂരപ്പന്‍, പ്രാഞ്ചിയേട്ടനില്‍ രസികനായ ഫ്രാന്‍സിസ് പുണ്യവാളന്‍.  ചേതന്‍ ഭഗത്തിന്റെ വണ്‍ നൈറ്റ് അറ്റ്് കോള്‍ സെന്റര്‍ എന്ന നോവലില്‍ പ്രതിസന്ധിഘട്ടത്തില്‍ ദൈവത്തിന്റെ  ഫോണ്‍ വിളി. ദൈവത്തിന്റെ  നേരിട്ടുള്ള ഇടപെടല്‍ ഇക്കാലത്ത് തികച്ചും അനിവാര്യം.

ആഗ്രഹം-എനിക്ക് എന്നാവും ദൈവത്തിന്റെ ഈമെയില്‍ സന്ദേശം വരിക?6 comments:

 1. തെരുവ് വിളക്കിനെ പോലെയുള്ള ഒരു പാട് കുഞ്ഞു വീഡിയോകള്‍ ഉണ്ട് യൂടുബില്‍ .....പലതും കുറഞ്ഞ സമയം കൊണ്ട് വലിയ വലിയ സന്ദേശം നല്‍കുന്നവ ....നല്ല ലേഖനം ..താങ്ക്സ്

  ReplyDelete
 2. നല്ല പരിചയപ്പെടുത്തലുകൾ, രണ്ടര മണിക്കൂർ ബോറടിപ്പിക്കുന്ന പല ഫീച്ചർ ചിത്രങ്ങളെക്കാളും ഇതു പോലുള്ളവ ഇഷ്ടപ്പെട്ടു പോകും.

  ReplyDelete
 3. നല്ല പരിചയപ്പെടുത്തലായി ചേച്ചീ

  ReplyDelete
 4. ഫയ്‌സു, ശ്രീനാഥന്‍, സീത, കുമാരന്‍, അസിന്‍- വായനയ്ക്ക്, അഭിപ്രായം പറഞ്ഞതിന് നന്ദി, സ്‌നേഹം.

  ReplyDelete