Sunday, September 11, 2011

Wow! ഡയറ്റിംഗ് !

(Online link of col in varika of 8th sept 11. രുജുതയുടെ ഫോട്ടോയുമുണ്ട്)


 ഓണസദ്യയ്ക്കിടയില്‍ ഡയറ്റിംഗിനെന്തു കാര്യം എന്നു ചോദിക്കല്ലേ. അവിയലും സാമ്പാറും ഓലനും ഇഷ്ടം പോലെ കഴിച്ചോളൂ, എന്നാല്‍ പാല്‍പ്പായസവും അടപ്രഥമനും കടലപ്പരിപ്പുപായസവും വറുത്തുപ്പേരിയും വെട്ടി അടിക്കാന്‍ തുടങ്ങും മുമ്പ് ഒരു ചിന്ന വീണ്ടുവിചാരം, അത്ര മാത്രം!

ദിനേന ഓരോ നെല്ലിക്ക കഴിക്കുന്നത് ദൂരഭാവിയില്‍ ഗുണകരം എന്ന ഉപദേശപ്രകാരം പച്ചക്കറി കടയില്‍ പോയി നാടന്‍ നെല്ലിക്ക ചോദിച്ചു. നാടനില്ല, എല്ലാവരും ജ്യൂസ് അടിക്കാന്‍ എന്ന് വലുത് ചോദിച്ചു വാങ്ങും പോലും. നെല്ലിക്ക മാത്രമല്ല, കാരറ്റും വലുത് തന്നെ വേണമത്രേ. മുറിക്കാന്‍ സൗകര്യമാര്‍ത്ഥമാകും ഇത്. ആരോഗ്യപരിരക്ഷയെ കുറിച്ച് മിയ്ക്കവരും തല്‍പ്പരര്‍. പക്ഷേ ഡയറ്റിംഗ് കണ്‍സല്‍റ്റന്റ്‌സിനെ തേടി പോകുന്നത് ഇവിടെ അത്ര പ്രചാരമായിട്ടില്ല. സമീപഭാവിയില്‍ ഡയറ്റീഷ്യന്റെ സേവനം മലയാളികളും സ്വീകരിച്ചു തുടങ്ങും.  

രുജുതാ ദിവേകര്‍ (Rujuta Diwekar) എന്നു കേട്ടിട്ടുണ്ടാവും അല്ലേ? ഇല്ലെങ്കില്‍ കേള്‍ക്കുക, 58 കിലോ തൂക്കമുണ്ടായിരുന്ന കരീനാ കപൂറിനെ സൈസ് സീറോ (ഏറ്റവും ചെറിയ അഴകളവ്) യിലേക്കു എത്തിക്കാന്‍ സഹായിച്ച ഡയറ്റീഷ്യന്‍ ബമ്പത്തി , അല്ല ,ഫിറ്റ്‌നസ്സ് പ്രൊഫഷണല്‍. തീര്‍ന്നില്ല, കരിഷ്മാ കപൂര്‍, സെയ്ഫ് അലി ഖാന്‍, അനില്‍ അംബാനി ഇവരുടെയെല്ലാം ഫിറ്റ്‌നസ്സ് മന്ത്രം രുജുത വകയത്രേ! ഡയറ്റിംഗ് ടിപ്‌സ് , സെലിബ്രിറ്റികളുമായുള്ള അനുഭവങ്ങള്‍ ഇവയെല്ലാം അറിയണോ?  രുജുതയുമായുള്ള അഭിമുഖം വായിക്കാം,http://zeenews.india.com/zeeexclusive/2009-02-17/508092news.html     ല്‍. Dont lose your mind, lose your weight  എന്ന അവരുടെ പുസ്തകത്തിന് കരീനയുടെ മുഖവുരയുണ്ട്. ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ  Women and the weightloss tamasha എന്ന ബുക്കിന്റെ പ്രകാശനവും കരീന വക ആയിരുന്നു.

പഴങ്ങള്‍ ജ്യൂസാക്കാതെ അങ്ങനെ തന്നെ കഴിക്കണം, എന്തും ചെറിയ അളവില്‍ കഴിക്കാം, ഓരോ രണ്ടു മണിക്കൂറിലും ഭക്ഷണം കഴിക്കാം എന്നിങ്ങനെ ഉപദേശിക്കുന്ന രുജുത ദിവസം 9 പ്രാവശ്യം കഴിക്കുമത്രേ. കുറേശ്ശെ ഭക്ഷണം പല പ്രാവശ്യം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കു നന്ന് എന്നു പണ്ട് വായിച്ചിട്ടുണ്ട്. ഒറ്റയടിക്ക് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍, എളുപ്പം ദഹിക്കാനും ഷുഗര്‍ കൂടാതിരിക്കാനും ഇതു സഹായിക്കും. പക്ഷേ പ്രകൃതി ചികിത്സകര്‍ പറയുന്നത് നേരേ വിരുദ്ധം. നമ്മുടെ ആന്തരിക അവയവങ്ങള്‍ക്കും വിശ്രമം ആവശ്യമാണെന്നും എപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്നത് അവയ്ക്കു കൂടുതല്‍ ജോലിയുണ്ടാക്കി അവയുടെ ആരോഗ്യം തകര്‍ക്കും എന്നും അവര്‍ അഭിപ്രായപ്പെടുന്നു (കടപ്പാട്-ഗാന്ധിസ്മാരകനിധി, തൈക്കാട്). ഓരോ വീക്ഷണകോണിലൂടെ ഓരോന്നും ശരി. ഏതു വേണം എന്നു സ്വയം തീരുമാനിക്കുക.

രുജുതയുടെ ബ്ലോഗ് http://rujutadiwekar.blogspot.com/. ഏറെക്കുറെ സജീവമാ ണ്, ബ്ലോഗില്‍. സേഫ് അലിഖാന്‍ അവരുടെ ആദ്യ പുസ്തകത്തിനു പ്രേരണയായതെങ്ങനെ എന്ന് ജനുവി 14 ന്റെ പോസ്റ്റില്‍ വായിക്കാം. അവരുടെ വെബ്‌സൈറ്റ്  http://www.rujutadiwekar.com/  കാര്യമാത്രപ്രസക്തം.

ഫിറ്റ്‌നസ്സ് മന്ത്രം മാത്രമല്ല, കഠിനാദ്ധ്വാനം കൊണ്ട് എന്തും നേടാം എന്നു കൂടി ചെറുപ്പക്കാരിയായ രുജുത പഠിപ്പിക്കുന്നു. എഞ്ചിനീയറും ഡോക്ടറും വക്കീലും ആകണമെന്നില്ല പണം കൊയ്യും തൊഴില്‍ നേടാന്‍. വേണ്ടത് ഇച്ഛാശക്തിയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ക്ലാസ് കൊടുക്കുന്ന രുജിതയുടെ ഫീസ് 1.5 മണിക്കൂറിന് 2.25 ലക്ഷം രൂപയാണ്് ! സാധാരണക്കാര്‍ക്കു വേണ്ടി കുറഞ്ഞ  പാക്കേജുകളും സൗജന്യ വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്.

'അത്ഭുത പാനീയം' എന്ന ഫോര്‍വേഡഡ് മെയില്‍ പ്രകാരം ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു കാരറ്റ്, ബീറ്റ്‌റൂട്ട്, ഒരു ആപ്പിള്‍ എന്നിവ തൊലിയോടെ കഷണിച്ച് ജ്യൂസാക്കി കഴിച്ചാല്‍ പല രോഗങ്ങളും ഇല്ലാതാകും, വരാതിരിക്കും. മൂന്നു മാസം പരീക്ഷിച്ചാല്‍ ഫലം മനസ്സിലാക്കാമത്രേ. ഒന്നു പരീക്ഷിക്കാം, എന്താ?

ഇനി വേറിട്ടൊരോണപ്പാട്ട് ,ചാനലില്‍ കേള്‍ക്കാനിടയില്ലാത്തത് - 'മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം' (എന്റെ മാറ്റൊലിക്കവിതകള്‍) എന്ന വയലാര്‍ കവിതയില്‍ നിന്ന്. നാടുകാണാന്‍ വന്ന മാവേലി കേട്ട വഞ്ചിപ്പാട്ടിലെ എനിക്കിഷ്ടപ്പെട്ട ചില വരികള്‍-

'പണ്ട് പിരിഞ്ഞവര്‍ പായിട്ടിരുന്നൊരു
പന്തിയിലോണത്തിനുണ്ട്
മഞ്ഞനിലാവത്ത് മാമാങ്കം കാണുവാന്‍
നെഞ്ഞ് കിലുങ്ങണ പെണ്ണേ- '

തോണി തുഴഞ്ഞെത്തിയ പരശുരാമന്റെ  ' നീയാര ് 'എന്ന ചോദ്യത്തിന് മാവേലിയുടെ ഉത്തരം കേട്ടാലും-

' ദേവന,ല്ലന്തണനല്ല, മഹര്‍ഷിയ
ല്ലീമണ്ണുപെറ്റ മനുഷ്യന്‍ മഹാബലി!
ഇപ്രപഞ്ചത്തിലേക്കാദ്യമായെത്തിയ
വിപ്രനാണെന്നെ കളിപ്പിച്ച വാമനന്‍! '

(അന്തണന്‍, വിപ്രന്‍- ബ്രാഫ്മണന്‍)

നിങ്ങള്‍ ജനിക്കുന്നതിനും മുമ്പ് ഇവിടം പാലിച്ചവനാണ് താനെന്നും അതിനാല്‍ ഈ നാട് ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചതെന്ന കള്ളക്കഥ ഇനി വേണ്ടെന്നും  കൂടി മഹാബലിയെക്കൊണ്ട് വിപ്ലവകവി പറയിക്കുന്നുണ്ട് !5 comments:

 1. കൊള്ളാം. രാവിലെ എണീറ്റ് വരുമ്പോള്‍ ആരേലും ഒരു ഗ്ലാസ്സ് ജ്യൂസ് എടുത്ത് കയ്യില്‍ തന്നാല്‍ എന്തു നന്നായിരുന്നു!! രാവിലേ എണീറ്റ് അടുക്കളെല്‍ കിടന്നു മല്ലിടുന്നതിനിടെ ഇതിനൊക്കെ എവിടെ നേരം..?

  ആശംസകളോടെ..

  ReplyDelete
 2. സംഭവം നന്നായി. പക്ഷേ ആകെ കൺഫ്യൂഷനായല്ലോ, ഏതാ നല്ലത്? ഏതായാലും വയലാറിന്റെ പാട്ട് നല്ല രസമുണ്ട്!

  ReplyDelete
 3. ഹാ.. കളിയിപ്പോള്‍ അന്യാഭാഷ ബ്ലോഗുകളിലായോ.. ഇത് നമ്മുടെ മലയാളി മുന്‍‌നിരനായികമാര്‍ മറ്റു ഭാഷകളിലേക്ക് ചേക്കേറുമ്പോലെയുണ്ടല്ലോ :)

  ഓഫ് : മുന്‍‌നിര നായികമാരോട് ഉപമിച്ചതിന് ചെലവ് ചെയ്യണം:):)

  ReplyDelete
 4. അപ്പോ അങ്ങനാണു കാര്യങ്ങൾ

  ReplyDelete
 5. മുല്ലപ്പൂവേ, അതു നൂറു % ശരിയാണ്. പിന്നെ എന്റെ ജോലി വെബ് , സ്‌കാന്‍ ചെയ്ത് എഴുതലല്ലേ? അതങ്ങു ചെയ്തുവെന്നേയുള്ളു.
  ശ്രീനാഥന്‍- ജീവിക്കാന്‍ വേണ്ടി കഴിക്കാണം, കഴിക്കാന്‍ വേണ്ടി ജീവിക്കരുത് എന്നു പറഞ്ഞ ഗാന്ധിജിയുടെ ശിഷ്യര്‍ പറയുന്നതിനൊപ്പം പോയാലോ?
  മനോ, രുജുതയെപ്പറ്റിയല്ലേ ഞാനെഴുതിയത്? അവരുടെ ബ്ലോഗു കൂടി പറഞ്ഞുവെന്നേയുള്ളു. പിന്നെ ചെലവ്, എപ്പോഴെങ്കിലും കാണ്ുമ്പോഴാവട്ടെ, എന്താ?
  അതെ, കാര്യങ്ങള്‍ അങ്ങന തന്നെ. ഈ വയലാര്‍ കവിതയാണ് ഞാന്‍ സീതയുടെ ബ്ലോഗില്‍ കമന്റിയത്.

  ReplyDelete