Friday, September 16, 2011

തല ചായ്ക്കാനൊരിടം


 ഫോര്‍വേഡഡ് മെയിലുകള്‍ പലതും ഹൃദ്യമാണ്. അവ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും. ദില്‍ സേ ദേശി കൂട്ടായ്മ വക ഒരു മെയിലിന്റെ  സ്വതന്ത്ര പരിഭാഷ.

'  ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗം ഏതാണെന്ന് എന്റെ അമ്മ എന്നോടു ചോദിക്കാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കൊഴിയവേ  ഞാന്‍ അതിനുള്ള ശരിയായ ഉത്തരം ഊഹിച്ചുകൊണ്ടിരുന്നു.

കൊച്ചു കൂട്ടിയായിരുന്നപ്പോള്‍ ശബ്ദം മനുഷ്യര്‍ക്ക് ഏറ്റവും പ്രധാനം എന്നു ഞാന്‍ വിശ്വസിച്ചു. അതുകൊണ്ട് '  അവ എന്റെ ചെവികളാണ് അമ്മേ ' എന്ന് ഞാനുത്തരം പറഞ്ഞു.

' അല്ല, ചെവി കേള്‍ക്കാത്തവര്‍ അനവധിയുണ്ട്. നീ അതു തുടര്‍ന്നും ചിന്തിച്ചു കൊണ്ടേയിരിക്കൂ, ഞാന്‍ അധികം താമസിയാതെ നിന്നോടതു വീണ്ടും ചോദിക്കാം ' അമ്മ പറഞ്ഞു.

അമ്മ എന്നോട് വീണ്ടും അത് ചോദിക്കുന്നതിനിടയില്‍ വര്‍ഷങ്ങള്‍ കൊഴിഞ്ഞിരുന്നു. എന്റെ ആദ്യ ശ്രമത്തിനു ശേഷം വീണ്ടും ഞാന്‍ ശരിയായ ഉത്തരം ഏതെന്നു ചിന്തിച്ചു കൊണ്ടേയിരുന്നു.

'അമ്മേ, കാഴ്ച്ച ശക്തി ഏവര്‍ക്കും പ്രധാനമാണല്ലോ, അതുകൊണ്ട് അതു നമ്മുടെ കണ്ണുകള്‍ തന്നെയാവണം  '

അമ്മ എന്നെ നോക്കി ഇങ്ങനെ പ്രതിവചിച്ചു- ' നീ വളരെ വേഗം പഠിക്കുന്നുണ്ട് മകനേ, പക്ഷേ എത്രയോ അന്ധര്‍ നമുക്കിടയിലുണ്ട്, അതുകൊണ്ട് നിന്റെ ഉത്തരം ശരിയല്ല   ' .വീണ്ടും തോല്‍വിയടഞ്ഞ ഞാന്‍ വര്‍ഷങ്ങളോളം അന്വേഷണം തുടര്‍ന്നു.

രണ്ടു വട്ടം കൂടി അമ്മ ചോദിച്ചു, 'അല്ല, പക്ഷേ നീ കൂടുതല്‍ മിടുക്കനാകുന്നുണ്ട് എന്റെ കുട്ടീ  ' എന്നായിരുന്ന എല്ലായ്‌പ്പോഴും അമ്മയുടെ ഉത്തരം.

ഒരു നാള്‍ എന്റെ അപ്പൂപ്പന്‍ മരിച്ചു. എല്ലാവരും ഏറെ വേദനിച്ചു, കരഞ്ഞു. എന്റെ അച്ഛന്‍ പോലും കരഞ്ഞു. അത് ഞാന്‍ കൃത്യമായി ഓര്‍മ്മിക്കുന്നു, കാരണം അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടത് അതു രണ്ടാം തവണയായിരുന്നു.

അപ്പൂപ്പന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ അമ്മ എന്നെ നോക്കി. 'ഇപ്പോഴും നിനക്ക് ശരീരത്തിലെ ഏറ്റം പ്രധാനപ്പെട്ട ഭാഗം ഏതെന്നറിയുന്നില്ലേ മകനേ?  '  ഈ അവസരത്തിലുള്ള അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ തികച്ചും ഞെട്ടിപ്പോയി. ഇത് അമ്മയുടേയും
എന്റേയും ഇടയ്ക്കുള്ള ഒരു കളിയാണെന്നാണ് ഞാന്‍ ഇതു വരെ കരുതിയിരുന്നത്.

എന്റെ അമ്പരപ്പ് മനസ്സിലാക്കി അമ്മ പറഞ്ഞു ' ഈ ചോദ്യം വളരെ പ്രധാനമാണ്. നീ നിന്റെ ജീവിതം ശരിയായി ജീവിച്ചു എന്നാണ് അതു കാണിച്ചു തരുന്നത്. നീ മുമ്പ് പറഞ്ഞ ഓരോ ശരീരഭാഗവും തെറ്റെന്നു ഞാന്‍ പറഞ്ഞു. എന്തുകൊണ്ട് എന്ന് ഞാന്‍ ഉദാഹരിക്കയും ചെയ്തു.

ഈ സുപ്രധാനപാഠം നീ അറിയേണ്ട ദിനമാണിന്ന്. '

ഒരു അമ്മയ്ക്കു മാത്രം കഴിയുന്നവണ്ണം ആര്‍ദ്രമായി അമ്മ എന്നെ നോക്കി. കണ്ണീര്‍ നിറഞ്ഞു തുളുമ്പിയിരുന്ന ആ കണ്ണുകള്‍ ഞാന്‍ കണ്ടു. 'എന്റെ പൊന്നുണ്ണീ, നിന്റെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നിന്റെ ചുമലുകളാണ്.'

' എന്റെ തല വഹിക്കുന്നതുകൊണ്ടാണോ  അങ്ങനെ?    ' ഞാന്‍ ചോദിച്ചു.

'അല്ല, നിന്റെ ചങ്ങാതിയുടേയോ, നിന്റെ സ്‌നേഹിതയുടേയോ തല അവര്‍ കരയുമ്പോള്‍ നിന്റെ തോളില്‍ വയ്ക്കാം എന്നതുകൊണ്ടാണങ്ങനെ. ജീവിതത്തില്‍ ചില അവസരങ്ങളില്‍ അങ്ങനെയൊരു തോള്‍ എല്ലാവര്‍ക്കും വേണ്ടി വരും എന്റെ പ്രിയപ്പെട്ട മകനേ. അങ്ങനൊരവസ്ഥ നിനക്ക് വന്നാല്‍ തല ചായ്ച്ചു കരയാനായി, സ്വാന്തനം തേടാനായി, നിനക്ക് എപ്പോഴും ഒരു ചുമലുണ്ടാകട്ടെ. അതിനു സഹായകമാം വണ്ണം ധാരാളം സ്‌നേഹവും സ്‌നേഹിതരും നിനക്കുണ്ടാകണേ എന്നാണെന്റെ ആഗ്രഹം.   '

ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗം സ്വാര്‍ത്ഥത തികഞ്ഞ ഒന്നല്ല എന്ന് അന്ന്, അവിടെ വച്ച് ഞാന്‍ മനസ്സിലാക്കി. അതു മറ്റുള്ളവര്‍ക്കു വേണ്ടി ഉണ്ടാക്കിയതാണ്, അവനവനുള്ളതല്ല. മറ്റുള്ളവരുടെ വേദനയില്‍ അതിനു സഹാനുഭൂതി ഉണ്ടാകും.

നിങ്ങള്‍ എന്തു പറഞ്ഞുവെന്നത് മറ്റുള്ളവര്‍ മറക്കും. നിങ്ങള്‍ എന്തു ചെയതുവെന്നതും ആളുകള്‍ മറന്നെന്നു വരാം. പക്ഷേ നിങ്ങള്‍ അവരില്‍ എന്തു വികാരമുണര്‍ത്തി എന്നത് ആരും ഒരിക്കലും മറക്കുകയില്ല.'

ഫേസ് ബുക്ക്, ഓര്‍ക്കുട്ട് , ഗൂഗില്‍പ്ലസ്, അങ്ങനെ കൂട്ടുകാരും അവരുടെ കൂട്ടുകാരുമായി ചങ്ങാതിക്കൂട്ടങ്ങള്‍ ദിനേന വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം ചിന്തിക്കണം, ഇതില്‍ എനിക്കു തലചായ്ക്കാനുള്ള ചുമല്‍ ഏതാകും, ആര്‍ക്കു ചുമല്‍ താങ്ങു നല്‍കാന്‍ എനിക്കാകും എന്ന്.  അങ്ങനെ ചിലരെ അതില്‍ നിന്നു കണ്ടെത്താനാവുന്നുണ്ടോ, എങ്കില്‍ നിങ്ങളുടെ ചങ്ങാതിക്കൂട്ടം സാര്‍ത്ഥകം.7 comments:

 1. ഫേസ് ബുക്ക്, ഓര്‍ക്കുട്ട് , ഗൂഗില്‍പ്ലസ്, അങ്ങനെ കൂട്ടുകാരും അവരുടെ കൂട്ടുകാരുമായി ചങ്ങാതിക്കൂട്ടങ്ങള്‍ ദിനേന വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം ചിന്തിക്കണം, ഇതില്‍ എനിക്കു തലചായ്ക്കാനുള്ള ചുമല്‍ ഏതാകും, ആര്‍ക്കു ചുമല്‍ താങ്ങു നല്‍കാന്‍ എനിക്കാകും എന്ന്. അങ്ങനെ ചിലരെ അതില്‍ നിന്നു കണ്ടെത്താനാവുന്നുണ്ടോ, എങ്കില്‍ നിങ്ങളുടെ ചങ്ങാതിക്കൂട്ടം സാര്‍ത്ഥകം.അല്ലെങ്കില്‍ നിരര്‍ത്ഥകം!

  ReplyDelete
 2. അങ്ങനെ ചിലരെ അതില്‍ നിന്നു കണ്ടെത്താനാവുന്നുണ്ടോ,

  അങ്ങിനെയുള്ള പുതിയ ചങ്ങാതികളെ ഇവയില്‍ നിന്നും കിട്ടുമോ? പ്രത്യേകിച്ച് അപ്പുറമുള്ളത് ശരിയായ ആള്‍ തന്നെയോ എന്ന് ഉറപ്പില്ലാത്തപ്പോള്‍‌!

  ReplyDelete
 3. ചിന്തിപ്പിക്കുന്ന പോസ്റ്റ്,,,,,

  ReplyDelete
 4. ശെരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ തന്നെ..പിന്നെ ശരീരത്തിന്റെ പ്രധാനപ്പെട്ട ഭാഗം..ഈ അറിവ് പുതുമ തന്നെ..ആശംസകള്‍..

  ReplyDelete
 5. നല്ലൊരു മെയിലാണ് അത്. ശരിയാണ് എല്ലാ ചങ്ങാതിയും ചങ്ങാതിയല്ല!

  ReplyDelete
 6. മനോജ്- അതു തന്നെയാണ് ഞാനും പറഞ്ഞു വന്നത്.ഒരു ഗുഡ്‌മോണിംഗ് ബന്ധത്തിനപ്പുറം പോവില്ല അതൊന്നും. നല്ല ചങ്ങാത്തം അതില്‍ നിന്ന് കണ്ടെടുക്കാനാവുകയുമില്ല, മിയ്ക്കപ്പോഴും.അതറിയാതെ അബദ്ധത്തില്‍ ചാടുന്നവര്‍ എത്ര!
  സങ്കല്‍പ്പം, ഷാനവാസ് , ശ്രീനാഥന്‍- സന്തോഷം, നന്ദി.

  ReplyDelete
 7. വളരെ ചിന്തിപ്പിക്കുന്നൊരു മാറ്റർ...ശരിയാണു ചേച്ചീ..നമ്മൾ ഉണർത്തുന്ന വികാരം ചിലപ്പോളൊരു സാന്ത്വനമായാൽ...

  ReplyDelete