Thursday, September 1, 2011

അര്‍ത്ഥം അനര്‍ത്ഥം

 (Online link of the article in varika)                            

ഒരു റഡ്യേഡ് കിപ്ലിംഗ് (Rudyard Kipling)  കഥയുടെ ഭാഷാന്തരീകരണം ചെയ്യേണ്ടി വന്നു ഈയിടെ. മറ്റൊരു സംസ്‌കൃതി പറിച്ചു നടാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം പഠിക്കുന്നതോടൊപ്പം പ്രധാനമാണല്ലോ സ്ഥലപ്പേരുകള്‍, ആള്‍പ്പേരുകള്‍ തുടങ്ങിയ സംജ്ഞാനാമങ്ങളുടെ ഉച്ചാരണശുദ്ധി. എം.കൃഷ്ണന്‍നായര്‍ സര്‍ മരിച്ചും പോയല്ലോ, ഇനിയിപ്പോള്‍  ഡോ.ജോണ്‍സണ്‍ന്റെ നിഘണ്ടു ശരണം എന്നു വിഷണ്ണയായപ്പോള്‍ , 'ഇത്രേയുള്ളോ, ഡിക്ഷണറി. കോം നോക്കൂ അമ്മേ, ഓഡിയോ  ഉണ്ടല്ലോ' എന്ന് എളുപ്പത്തില്‍ പ്രശ്‌നം പരിഹരിച്ചു തന്നത് മകള്‍, പലപ്പോഴും എനിക്കു ഗുരുവും ദൈവവും ആകാറുള്ളവള്‍.

അങ്ങനെ http://dictionary.reference.com/ സൈറ്റിലെത്തി , പിന്നെ കാര്യങ്ങള്‍ സുഗമം. അര്‍ത്ഥം, ഉച്ചാരണം, ഉത്പത്തി തുടങ്ങി തെരയുന്ന വാക്കിനെ സംബന്ധിച്ച സകല വിവരങ്ങളും ഒരു മൗസ് ക്ലിക്കില്‍. ചിലപ്പോള്‍ നമുക്കു വേണ്ട വാക്ക് കണ്ടെന്നു വരില്ല, അപ്പോള്‍ സമാനമായ പല വാക്കുകള്‍ നിരത്തിയിടും, അതില്‍ നിന്ന് ഒന്നോ രണ്ടോ വാക്കു തെരഞ്ഞെടുത്താല്‍ മിയ്ക്കവാറും നമുക്ക് ആവശ്യമുള്ള ഉച്ചാരണം കിട്ടും. തിസോറസ്, ഉദ്ധരണികള്‍, റഫറന്‍സ്, ട്രാന്‍സ്ലേറ്റര്‍ എന്നിങ്ങനെ പല ടാബുകളുണ്ട്. ആവശ്യാനുസരണം ക്ലിക് ചെയ്യാം.

ഓജോ ബോഡ് എന്നു നമ്മള്‍ പറയുന്ന പ്രേതപ്പലകയുടെ ശരിയായ ഉച്ചാരണം വീജാ എന്നത്രേ. ഉത്ഭവം 1891ല്‍, കൂടുതല്‍ അറിയാന്‍ സൈറ്റില്‍  ഡിക്ഷണറി ടാബില്‍ Ouija എന്നു ടൈപ്പു ചെയ്യുക. എല്ലാവരും എപ്പോഴും പറയാറുള്ള ഓ.കെ(ഓക്കേയ്) യുടെ പൂര്‍ണ്ണരൂപം അറിയുമോ? All Correct എന്നതിന്റെ നാടോടി രൂപമായി ഉപയോഗിച്ച Oll Korrect ന്റെ ചുരുക്കപ്പേരേ്രത അത്. 1840 ലെ ഒരു രാഷ്ട്രീയ പ്രചരാണാര്‍ത്ഥം അമേരിക്കയില്‍ പ്രയോഗിച്ച ആ വാക്ക് കാലത്തെ അതി ജീവിച്ച് ഇപ്പോഴും ലോകമെമ്പാടും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നു. OK യുടെ ഉത്പത്തി അറിയുമോ, Ouija യുടെ അര്‍ത്ഥം അറിയുമോ എന്നിങ്ങനെ കുതൂഹലമുണര്‍ത്തുന്ന ചോദ്യങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആരായാലും ഒന്നു ക്ലിക്കിപ്പോകും. വാസ്തവത്തില്‍ ഈ സൈറ്റില്‍ കയറിയാല്‍ സമയം പോകുന്നതറിയില്ല.

നമ്മള്‍ മലയാളികള്‍ക്ക് ബൂര്‍ഷ്വാ എന്ന വാക്ക് ചിരപരിചിതം. എന്നാല്‍ അതിന്റെ അക്ഷരക്രമം bourgeoise (ബൂര്‍ഷ്വാസ്)  ആണെന്ന് ശ്രദ്ധിക്കാത്തവര്‍ ചിലരെങ്കിലുമുണ്ടാകും. ഹും, പറയുമ്പോ ഒന്ന്, എഴുതുമ്പോ വേറൊന്ന്, ഒരു വ്യവസ്ഥയില്ല ഈ ആംഗലേയത്തിന്, അല്ലേ? ഇപ്പോള്‍ ഇന്‍ഡ്യയിലെ ബസ് (buzz) വാക്കുകളായ  Scam(സ്‌കേം എന്നു സായിപ്പ്) , Corruption (കുറപ്ഷന്‍ എന്നു മദാമ്മ)) ഇവയുടെ ഉത്പത്തി എവിടുന്ന് എന്നു വായിച്ചു നോക്കൂ. scam ന് തമിഴ് നാട്ടിലെ ഒരു സ്ഥലപ്പേരായ കുംഭകോണം എന്ന് അര്‍ത്ഥം പതിച്ച ദീര്‍ഘദര്‍ശി ആരാണാവോ?  Cookery  നമുക്ക് കുക്കറി, എന്നാല്‍ ഡിക്ഷണറി മദാം കുക്കുറി എന്നാണ് ഉച്ചരിക്കുന്നത്.

ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ്, ചേംബേഴ്‌സ്, ലേണേഴ്‌സ് തുടങ്ങിയവയും നെറ്റിലുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. യുകെ, യുഎസ് ഉച്ചാരണങ്ങള്‍ വേറേ വേറേ വേണമെങ്കില്‍ അതും ലഭിക്കും. ഒഴിച്ചു കൂടാനാകാത്തപ്പോള്‍ മാത്രം തടിയന്‍ നിഘണ്ടുക്കള്‍ അലമാരയില്‍ നിന്നു വലിച്ചെടുത്താല്‍ മതി. എന്തു സൗകര്യം അല്ലേ?

ഇംഗ്ലീഷ് മലയാളം നിഘണ്ടുവും നെറ്റിലുണ്ട്. ഇലയാളമോ മംഗ്ലീഷോ ആണ് നമ്മള്‍ മിയ്ക്ക മലയാളികളുടേയും ഭാഷ. മലയാളം എഴുതേണ്ടപ്പോള്‍ ക്ഷണിക്കാത്ത അതിഥിയെപോലെ കടന്നു വരും ആംഗലേയം. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ ആശ്രയിക്കുന്നത് ഇപ്പോള്‍ ഞാനിതെഴുതുന്ന എന്റെ പ്രിയ മലയാളം സോഫ്‌റ്റ്വേര്‍ Typeit! നെയാണ്. അതില്‍ ഒരു വിധം വാക്കുകളെല്ലാമുണ്ട്. പോരെങ്കില്‍ അതില്‍ നിന്നു തന്നെ ഓണ്‍ ലൈന്‍ ഡിക്ഷണറിയായ http://www.dictionary.mashithantu.com/ല്‍ എത്തുകയും ചെയ്യാം. ഇംഗ്ലീഷും മലയാളവും അര്‍ത്ഥങ്ങള്‍  വിശദമായി പറഞ്ഞുതരുന്ന ഈ കിടിലന്‍ മഷിത്തണ്ടിനെ കുറിച്ച് ഇനിയൊരിക്കല്‍ വിശദമായി എഴുതാം.

ഇനി ചിങ്ങനിലാവ്. തുമ്പപ്പൂവും ചിരവപ്പപ്പന്‍ ഇലയുടെ നടുക്കു പതിച്ചു വച്ച സുന്ദരി ചെറുകദളിപ്പൂവും സൗന്ദര്യബോധം ഒട്ടുമില്ലാതെ നീളമുള്ള ഈര്‍ക്കിലില്‍ കോര്‍ത്തുവച്ച ചെമ്പരത്തിപ്പൂക്കളും ഓര്‍മ്മിപ്പിച്ച്, മനസ്സില്‍ പൂമണം പരത്തി അത്തം എത്തിക്കഴിഞ്ഞു. ഓണപ്പൂക്കളവും, ഓണനിലാവും ചിങ്ങക്കാറ്റും ഊഞ്ഞാലാട്ടവുമായി ചാനലുകളിലെങ്കിലും ഓണസമൃദ്ധി നിറയുന്നു. മക്കളെ കാത്തിരുന്നിട്ട് അവര്‍ വരാത്തതിന്റെ വിഷമം പേറുന്ന മാതാപിതാക്കളുടെ കഥ പറയുന്ന ടെലിഫിലിമുകളും മുറ തെറ്റാത്ത അനുഷ്ഠാനം എന്നോണം നിശ്ചയമായും കാണാനാകും. സോഷ്യലിസം പ്രാവര്‍ത്തികമാക്കിയ മാവേലിരാജന്റെ വരവാഘോഷിക്കാന്‍ തുണിക്കടകളിലും ബിവറേജസിലും തള്ളിക്കയറുന്നു മലയാളി. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് പ്രാവര്‍ത്തികമാക്കി ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ കടം കൊള്ളുന്നത് 1000 കോടി! 2020 ല്‍ ഇതു തിരിച്ചു വീട്ടാന്‍ നേരമെങ്കിലും വിദേശബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിക്കുമോ ആവോ? തലയില്‍ കടവുമായി ജനിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ പാവം പാവം കുഞ്ഞുങ്ങള്‍.

കര്‍ക്കിടകം രാമന്റെ മാസമെങ്കില്‍ ചിങ്ങം കൃഷ്ണമാസമെന്ന് ചാനല്‍. എന്നാല്‍ പിന്നെ ഒരു നാടന്‍ കൃഷ്ണപ്പാട്ടാവാം അല്ലേ?

'അമ്മേ നിങ്ങള്‍ പേടിക്കേണ്ട, കണ്ണനെ ഞാന്‍ കണ്ടേന്‍
കണ്ണനായ കൃഷ്ണനിപ്പോള്‍ കാനനത്തിലുണ്ട്
കാനനത്തിലുണ്ട് കൃഷ്ണന്‍ കാലികളെ മേച്ച്
കാലികളെ മേച്ചു കൃഷ്ണന്‍ ഓടക്കുഴലൂതി
ഓടക്കുഴലൂതി കൃഷ്ണന്‍ ആടകളും വാരി
ആടകളും വാരി കൃഷ്ണന്‍ ആലിന്‍മുകളേറി
ആലിന്‍ മുകളേറി കൃഷ്ണന്‍ കാളിന്ദിയില്‍ ചാടി
കാളിന്ദിയില്‍ ചാടി കൃഷ്ണന്‍ കാളിയമര്‍ദ്ദനമാടി
കാളിയമര്‍ദ്ദനമാടി കൃഷ്ണന്‍ കാളിന്ദി കരേറി....'

6 comments:

 1. ഡിക്ഷ്ണറിയിൽ പോയി വീജെ തന്നെ നോക്കി ബോധിച്ചു. ഓണാശംസകൾ!

  ReplyDelete
 2. വഴികാണിച്ചുതരുന്നവന്‍ വഴികാട്ടി..
  ആശംസകള്‍.

  ReplyDelete
 3. കാളിന്ദിയിൽ ചാടി കാളിയൻ പുറമേറിയ അണ്ണൻ ഒരുവിധം കരപറ്റി. സാക്ഷാൽ കണ്ണൻ വന്നാലും ആധുനിക കാളിയന്റെ പുറമേറി വിജയം വരിക്കാൻ കഴിയുമോ ആവോ ?

  ReplyDelete
 4. ....ഇവിടെ വരാൻ താമസിച്ചതിൽ നിരാശയുണ്ട്. അടുത്ത ഒൻപതു വർഷത്തിനുള്ളിൽ എല്ലാ കടങ്ങളും തീർക്കാൻ പദ്ധതിയുണ്ട്. ഓരോ വാർഡിലും ബിവറേജസിന്റെ ഓരോ ഷോപ്പ് , പത്തുവയസ്സിനുമുകളിൽ എത്ര ലിറ്റർ വാങ്ങാനുമുള്ള അനുമതി , ആർക്കും എവിടെവച്ചും കുടിക്കുന്നതിനുള്ള സ്വാതന്ത്ര്യം. മതി മാഷേ...( കളിയല്ല, ഇന്നത്തെ വ്യവസ്ഥിതിയിൽ ഇതുതന്നെ സംഭവിക്കും.) SCAM-ന് തമിഴ്നാട്ടിലെ ഒരു സ്ഥലപ്പേരെന്ന് പതിച്ചയാൾ സത്യത്തിൽ ദീർഘദർശിതന്നെ. (അഭിനവ ദീർഘദർശി !!.) ഈ ഇംഗ്ലീഷ് പദത്തിന്റെ വിവക്ഷ ‘കുംഭകോണം’ എന്ന പേരുമായി തമ്മിൾ ബന്ധപ്പെട്ടിരിക്കുന്നു. അതായത്, കുംഭകോണം നടത്തി സ്വരുക്കൂട്ടുന്ന സ്വത്ത് (നാടൻഭാഷയിൽ ‘അടിച്ചുമാറ്റൽ’) SCAM എന്ന പേരിൽ അറിയപ്പെടുന്നു. ( Securely Collected and Accumulated Money ). കുംഭകോണത്ത് മുമ്പുണ്ടായിരുന്ന വല്ല എം.പി.മാരോ, മന്ത്രിമാരോ, കള്ള കുംഭകർണ്ണാന്മാരോ ആയ അഴിമതിവീരന്മാരെ ഉദ്ദേശിച്ചാണോ ഈ പേര് വന്നതെന്ന് നമുക്ക് അന്വേഷിച്ചുനോക്കാം. ആദ്യം കൃഷ്ണനെച്ചൊല്ലിയുള്ള ഓണപ്പാട്ടും പാടി, തിരുവാഘോഷം നടത്താം. ഒരായിരം ഓണാശംസകൾ.....

  ReplyDelete
 5. ശ്ശോ ഇതൊക്കെ നേരത്തെ പറഞ്ഞു തരണ്ടെ ചേച്ചീ :)

  ReplyDelete