Friday, August 26, 2011

കാണാപ്പുറം

(Online link of article in varika of 25.07.11)

                                                     
ഏതു കാര്യത്തിനുമുണ്ടാകും നമ്മള്‍ ഒട്ടും ചിന്തിക്കാത്ത ഒരു മറുപുറം. നല്ലതെന്നു നമ്മള്‍ കരുതുന്നുതിന് ഒരു ഇരുണ്ട വശം ഉണ്ടാകാം, അതു പോലെ തിരിച്ചും.

താങ്കള്‍ ക്യാപ്പിറ്റലിസ്റ്റ് എന്ന മുതലാളിത്തവാദിയാണോ അതോ സോഷ്യലിസ്റ്റ് എന്ന സ്ഥിതിസമത്വവാദിയാണോ? ഇനി ഇതു രണ്ടുമല്ലാതെ സോഷ്യലിസം മനസ്സില്‍ കൊണ്ടു നടന്ന് മക്കളെ മുതലാളിത്ത രാഷ്ട്രങ്ങളിലോ ബഹുരാഷ്ട്രകുത്തകമുതലാളിക്കമ്പനികളിലോ (ഹെന്റമ്മേ!) ജോലിക്കു വിടുന്നവരോ  വിടാനാഗ്രഹിക്കുന്നവരോ ആണോ? സത്യം പറയൂ, അതെ എന്നല്ലേ ഉത്തരം? അരക്കഴഞ്ചു വീതം രണ്ടും കൂടി കലര്‍ത്തിയാല്‍ അതു നമ്മളില്‍ മിയ്ക്കവരുടേയും ജീവിതരീതിയായി. ഏതാണ്ടിതല്ലേ  'ക്യൂബാ മുകുന്ദന്‍' (സിനിമ-അറബിക്കഥ)  നമ്മളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് ? അല്ല, അതല്ലേ?

ഇനിയിപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലേ? യാഹൂവിലെ worldmalayaliclub  കൂട്ടായ്മയുടെ ഈ മെയില്‍ വായിക്കുക. മലയാളപരിഭാഷ സവിനയം ലേഖിക വക-

'പെണ്‍കുട്ടിക്ക് അവളുടെ കോളേജിലെ ആദ്യവര്‍ഷം തീരാറായിരുന്നു. കോളേജിലെ അവളുടെ മറ്റു സമപ്രായക്കാരെപ്പോലെ താന്‍ ഒരു പുരോഗമനവാദിയാണെന്ന് അവളും സ്വയം കരുതി വന്നു. മറ്റു പല പുരോഗമനാശയങ്ങള്‍ക്കുമൊപ്പം സര്‍ക്കാരിന്റെ വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നതിലേക്കായി  അധികനികുതി ചുമത്തുന്നതിനോട് അവള്‍ തികച്ചും അനുകൂലാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കാരണം അത് സമ്പത്തിന്റെ വികേന്ദ്രീകരണമാണല്ലോ.

തന്റെ അച്ഛന്‍ ഒരു കടുത്ത യാഥാസ്ഥിതികനാണെന്നതില്‍ അവള്‍ക്ക് നാണക്കേടു തോന്നിയിരുന്നു. അത് പലപ്പോഴും തുറന്നു പറയുകയും ചെയ്തു. പങ്കെടുത്ത ലക്ച്ചര്‍ ക്ലാസ്സുകളും ഒരു മാതൃകാപുരോഗമനാവാദി പ്രൊഫസറുമായി ഇടയ്ക്കിടെയുള്ള ചര്‍ച്ചകളും ആധാരമാക്കി , തന്റേതെന്ന് വിശ്വസിക്കുന്ന വ സൂക്ഷിക്കണം എന്ന ഒരു ഹീനസ്വാര്‍ത്ഥമോഹത്തിന് തന്റെ അച്ഛന്‍ വര്‍ഷങ്ങളായി അടിപ്പെട്ടിരിക്കുന്നു എന്ന് അവള്‍ക്ക് തോന്നി.

പണമുള്ളവര്‍ക്ക് അധികനികുതി ചുമത്തി നടത്തുന്ന സര്‍ക്കാരിന്റെ വിവിധയിനം പരിപാടികളോടുള്ള അച്ഛന്റെ എതിര്‍പ്പ് ശരിയല്ലെന്ന് അവള്‍ ഒരു ദിനം അച്ഛനെ വെല്ലു വിളിച്ചു. അവളുടെ പ്രൊഫസര്‍മാരുടെ സ്വപ്രഖ്യാപിത ഉദ്‌ഘോഷണങ്ങള്‍ സത്യമായേ തീരൂ എന്ന് അവള്‍ അച്ഛനോടു ശഠിച്ചു.

മറുപടിയായി അവളുടെ പഠന നിലവാരം എങ്ങനെ എന്ന് അച്ഛന്‍ ശാന്തമായി ആരാഞ്ഞു.  അപ്രതീക്ഷിത ചോദ്യത്തിനു മുമ്പില്‍ പകച്ചെങ്കിലും തനിക്ക് 4.0 ഗ്രേഡുണ്ടെന്ന് അഹങ്കാരത്തോടെ അവള്‍ പറഞ്ഞു. അതു നിലനിര്‍ത്തുന്നത് ദുഷ്‌കരമാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. വളരെ പ്രയാസമേറിയ കോഴ്‌സ് സ്വീകരിച്ചതിനാല്‍ എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണം. അതിനാല്‍ അവള്‍ക്കറിയാവുന്ന മറ്റുള്ളവരെപ്പോലെ ചുറ്റിക്കറങ്ങാനോ പാര്‍ട്ടികള്‍ക്കു പോകാനോ സാധിക്കുന്നില്ല. സ്വന്തം സമയം മുഴുവന്‍ പഠനത്തിനായി വിനിയോഗിക്കുന്നതിനാല്‍ അവള്‍ക്ക് അധികം കൂട്ടുകാരൊന്നുമില്ല, എന്തിനേറെ ഒരു ബോയ്ഫ്രണ്ടു പോലും ഇല്ല.

എല്ലാം സശ്രദ്ധം കേട്ട് അവളുടെ അച്ഛന്‍ ചോദിച്ചു ' നിന്റെ ചങ്ങാതി ആഡ്രി എങ്ങനെയുണ്ട് ?'

' ആഡ്രി തട്ടിമുട്ടി പോകുന്നു. അവള്‍ എളുപ്പമുള്ള വിഷയങ്ങളേ പഠിക്കാന്‍ തെരഞ്ഞെടുക്കൂ. ഒട്ടും പഠിക്കുകയില്ല, കഷ്ടിച്ച് 2.0 ഗ്രേഡേ ഉള്ളു. അവള്‍ ക്യാംപസില്‍ വളരെ പോപ്പുലര്‍ ആണ്. അവള്‍ക്ക് കോളേജ് ജീവിതം എന്നാല്‍ ഒരു വിസ്‌ഫോടനമാണ്. അവള്‍ക്കു ധാരാളം സമയമുണ്ട്, പാര്‍ട്ടികള്‍ക്ക് എന്നെയും ക്ഷണിക്കാറുണ്ട്. പാര്‍ട്ടിയുടെ കെട്ടു വിടാത്തതുകൊണ്ട് പലപ്പോഴും അവള്‍ ക്ലാസ്സില്‍ കയറാറു കൂടിയില്ല. '

വിവേകിയായ അച്ഛന്‍ മകളോടു ചോദിച്ചു 'ഡീനിന്റെ ഓഫീസ് വരെ പോയി നിന്റെ ഗ്രേഡില്‍ നിന്നും 1.0 കുറച്ച് വെറും 2.0 മാത്രമുള്ള ആഡ്രിക്ക് അതു കൊടുക്കാന്‍ പറഞ്ഞു കൂടെ? അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും തുല്യമായി 3.0 ഗ്രേഡ് ആകുമല്ലോ. തീര്‍ച്ചയായും അത് ഗ്രേഡിന്റെ ന്യായയുക്തവും തുല്യവുമായ വിതരണം ആയിരിക്കും.  '

അച്ഛന്റെ നിര്‍ദ്ദേശം കേട്ട് ഞെട്ടിത്തരിച്ച മകള്‍ ദേഷ്യത്തോടെ ആക്രോശിച്ചു. 'അതൊരു ഭ്രാന്തമായ ആശയമാണ്, അതെങ്ങെനെ ന്യായമാകും? ഞാന്‍ എന്റെ ഗ്രേഡിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. എന്റെ വളരെയധികം സമയവും കഠിനാദ്ധ്വാനവും ഞാന്‍ അതിലേക്കു മുതല്‍മുടക്കി! ആഡ്രി അവള്‍ക്കു ഡിഗ്രി കിട്ടാനായി യാതൊന്നും ചെയ്തില്ല. ഞാന്‍ തലകുത്തി നിന്നു പഠിച്ച സമയത്ത് അവള്‍ കളിച്ചു നടന്നു. '

മന്ദസ്മിതത്തോടെ അവളെ നോക്കി കണ്ണിറുക്കി അച്ഛന്‍ പറഞ്ഞു. ' വേലിയുടെ മുതലാളിത്തവശത്തേക്ക് നിനക്കു സ്വാഗതം!  '

വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂള്‍ കാലത്തു തന്നെ സമ്പാദിക്കുന്നതു പോലെ ഇവിടേയും വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. 18 വയസ്സില്‍ കൊത്തിപ്പിരിച്ചു വിടുന്ന ആ സമ്പ്രദായത്തോട് നല്ല ആഭിമുഖ്യമുണ്ട്. എന്നാല്‍ ഇതിന്റെ മറുപുറം കഴിഞ്ഞ ദിവസം ഒരു ടോക് ഷോയില്‍ കേട്ടു. 13 കാരിയായ മകള്‍ക്കൊപ്പം വിമാനമിറങ്ങിയ അച്ഛന്‍ ഇറങ്ങിയ പാടേ മകള്‍ക്കിട്ട് രണ്ടു പൊട്ടിച്ചത്രേ. ' രണ്ടു വര്‍ഷമായി ഇവളോടു ഞാന്‍ മിണ്ടിയിട്ട്, അന്നു മുതല്‍ ഓങ്ങി വച്ചതാണ് ഞാന്‍.' എന്ന വിശദീകരണം. അമേരിക്കയില്‍ കുട്ടികളെ തല്ലിയാല്‍ കോടതി കയറണം! പിന്നെ നാട്ടില്‍ വരുന്നതുവരെ കാക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?
5 comments:

 1. കുറിപ്പ് നന്നായി. അദ്ധ്വാനിച്ചുണ്ടാക്കിയത് വെറുതെ കൊടുക്കാനാകില്ല. പക്ഷേ, മുതൽ ആളുന്നത്, തൊഴിൽ ആളുന്നതു കൊണ്ടു തന്നെയാണെന്നും, തൊഴിലാളിക്ക് അതിൽ ന്യായമായ അവകാശമുണ്ടെന്നും നാം മറന്നു കൂടാ. ഗ്രേഡിന്റെ തുല്യമായ വിതരണം പോലെ അല്ല, അത്. നാട്ടിൽ വരെ കാക്കാതെ , നിന്നെ മെക്സിക്കോയിൽ ഇട്ട് തല്ലും എന്നും കേട്ടിട്ടുണ്ട്, യഥാർത്ഥജീവിതത്തിൽ!

  ReplyDelete
 2. ശ്രീനാഥന്‍-'മുതല്‍ ആളുന്നത് തൊഴില്‍ ആളുന്നതുകൊണ്ടാണ്' 100% ശരി. അത് ക്യാപ്പിറ്റലിസത്തിന്റെ കാണാപ്പുറം. ഞാന്‍ പരിഭാഷിച്ചത് സോഷ്യലിസത്തിന്റെ നര്‍മ്മത്തില്‍ ചാലിച്ച ഒരു കാണാപ്പുറം. മെക്‌സിക്കോയില്‍ കൊണ്ടുപോയി തല്ലുന്നത് പുതിയ അറിവ്.
  tnx for the good factual comment.

  ReplyDelete
 3. രസകരമായി വായിച്ചു..അവനവന്റെ അദ്ധ്വാനത്തിന്റ്റെ വില അവനവനു തന്നെ...അമേരിക്കയിലെ മക്കൾ ഭാഗ്യവാന്മാർ..ഹിഹി

  ReplyDelete
 4. അദ്ധ്വാനത്തിന്റെ വില.. ക്ഷ് മുതല്‍ ആളുന്നത് തൊഴില്‍ ആളുന്നത് കൊണ്ട് തന്നെ. എന്നുവെച്ച് കാശുള്ളവര്‍ അവരുടെ സമ്പത്ത് പാവങ്ങള്‍ക്കായി കൊടുക്കണം എന്ന കണ്‍‌സെപ്റ്റ് പ്രസംഗിക്കുന്നവന്‍ അവന്റെ മടിശ്ശീലയില്‍ എന്തെങ്കിലും വന്നാല്‍ റിയലിസത്തിലേക്ക് മാറും:)ആ രീതിയില്‍ വരുമ്പോള്‍ ആ അച്ഛന്റെ ഉപമ കറക്റ്റാണ്.

  ചേച്ചി ഇതിലെ മകള്‍ക്കിട്ട് പൊട്ടിച്ച സംഭവം ഈയടുത്ത് മറ്റെവിടെയോ വായിച്ച് കണ്ടു. ചേച്ചി തന്നെ ഏതോ ബസ്സിലോ / ബ്ലോഗ് പോസ്റ്റിലോ മറ്റോ കമന്റിയതാണോ എന്ന് ഓര്‍ക്കുന്നില്ല.

  ReplyDelete
 5. നന്ദി സീതാ.
  മനോ-വളരെ ബൃഹ്ത് വിഷയമാണ് ക്യാപ്പിലിസം or സോഷ്യലിസം എന്നത്. രണ്ടിനും ഇരുണ്ട വശങ്ങളും നല്ല വശങ്ങളും ധാരാളം.ആ മെയിലില്‍ പിന്നെയും പലതുമുണ്ടായിരുന്നു. സ്ഥലപരിമിതി മൂലം ഞാന്‍ വിട്ടുകളഞ്ഞതാണ്. ഉദാ-ഒരു ക്യാപ്പിലസ്റ്റിന് നോണ്‍ വെജ് ഇഷ്ടമല്ലെങ്കില്‍ അയാള്‍ കഴിക്കാതിരിക്കും, പക്ഷേ സോഷ്യലിസ്റ്റിന് ഇഷ്ടമല്ലെങ്കില്‍ അയാള്‍ എല്ലാവരും നോണ്‍വെജ് ഉപേക്ഷിച്ചേ പറ്റൂ എന്നു ശഠിക്കും etc etc..

  അടിച്ച സംഭവം ഞാന്‍ വേറേ എവിടേയും എഴുതിയിട്ടില്ല മനോ. മറ്റാരെങ്കിലുമായിരിക്കും.

  ReplyDelete