Friday, August 12, 2011

കഥവണ്ടി


                             
നന്തനാരുടെ ഉണ്ണിക്കുട്ടനെ ഓര്‍മ്മയില്ലേ? എണ്ണിയാലൊടുങ്ങാത്ത കഥകളുടേയും പാട്ടുകളുടേയും ശേഖരമായിരുന്ന ഉണ്ണിക്കുട്ടന്റെ മുത്തശ്ശിയേയും?  വായ്‌മൊഴിയായ് പാട്ടും കഥയും കേട്ടിരുന്ന അത്തരം കുട്ടിക്കാലം ഇനി തിരിച്ചു വരില്ല. ഞങ്ങളുടേതു സുവര്‍ണ്ണ ബാല്യകാലം-ആരും തിരിഞ്ഞു നോക്കാനില്ലാതെ മാഞ്ചുവട്ടിലും തെങ്ങിന്‍ മൂട്ടിലും അലഞ്ഞു നടന്നിരുന്ന കാലത്തെപ്പറ്റിയാണേ ഈ പൊങ്ങച്ചം-, ഇന്നത്തെ കുട്ടികള്‍ക്ക് എന്തു കുട്ടിക്കാലം എന്നു പറഞ്ഞ് കുഞ്ഞുങ്ങളെ വിലയിടിക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ ചെയ്യുന്ന പലതും അവരുടെ പ്രായത്തില്‍ നമുക്ക് ചെയ്യാനാവുമായിരുന്നില്ല. കാലത്തിന് പുറകോട്ടോടാനാവില്ല, കാലത്തിനൊപ്പം നടന്നു കൊണ്ട് തന്നെ കുട്ടികള്‍ക്ക് അതെല്ലാം അനുഭവഭേദ്യമാക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന കാര്യം. അത്തരം ചിന്തകളാകാം http://www.storytruck.com/ എന്ന സൈറ്റിനു പ്രേരകമായത്.

മുത്തശ്ശിമുത്തശ്ശന്മാരും പേരക്കുട്ടികളും ഒന്നിച്ചു താമസമുണ്ടാവില്ല ഇപ്പോള്‍. മുഖദാവില്‍ കുട്ടിക്കഥകള്‍ കേള്‍ക്കാന്‍ പ്രധാന തടസ്സം അതാവും. എന്നാല്‍ കഥവണ്ടിയില്‍ കയറിയാല്‍ കുട്ടിപ്പുസ്തകങ്ങള്‍ വായിക്കാം, വായിച്ച് സ്വന്തം ശബ്ദത്തില്‍ റെക്കോഡ് ചെയ്യാം, വെബ്ക്യാം കൂടി ഓണ്‍ ചെയ്താല്‍ വിഡിയോ റെക്കാര്‍ഡിംഗായി. ദൂരെയിരിക്കുന്ന പേരക്കുട്ടിക്ക് മുത്തശ്ശി അരികിലിരുന്ന് കഥ പറയുന്നതായി തോന്നും. വലിയ പടമുള്ള പുസ്തകങ്ങള്‍ ഓരോ താളായി മറിച്ച് നമ്മള്‍ പടം കാട്ടി കഥ പറഞ്ഞു കൊടുക്കില്ലേ, അതു പോലെ തന്നെ കാണാം, കേള്‍ക്കാം, കുട്ടിക്ക്.

ഇത്തിരി ഭാവനയുണ്ടെങ്കില്‍ സ്വയം കഥകളും പാട്ടുകളും മെനയാം, പബ്ലീഷിംഗ് കമ്പനി ആയി രജിസ്റ്റര്‍ ചെയ്താല്‍ മക്കള്‍ക്കോ പേരമക്കള്‍ക്കോ വേണ്ടി തനതു ശൈലിയില്‍, സ്വന്തം ഭാഷയില്‍ പാടാം, പറയാം. കോപ്പിറൈറ്റുള്ളവ ആയിരിക്കരുതെന്നു മാത്രം. മറ്റു കുഞ്ഞുങ്ങള്‍ക്കും അത് ആസ്വദിക്കയുമാകാം. അതല്ലെങ്കില്‍ സൈറ്റിലുള്ള കുട്ടിപുസ്‌കങ്ങളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് വായിച്ചു റെക്കാഡു ചെയ്യാം. ഇന്‍ഡ്യന്‍ ഭാഷകള്‍ ഏതുമാകാം എന്നു പറയുന്നുണ്ടെങ്കിലും മലയാളം പുസ്തകം കാണാനായില്ല, തമിഴും കന്നടവും ഒന്നോ രണ്ടോ കണ്ടു. അധികവും ആംഗലേയം തന്നെ. ബാലകഥാസാഗരമോ, സുമംഗലയുടെ കഥകളോ പോലുള്ള വല്ലതും സൈറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനും വായിച്ച് റെക്കോഡ് ചെയ്യുമായിരുന്നു!

സൈറ്റില്‍ നിന്ന് കുഞ്ഞുങ്ങള്‍ തനിയെ എങ്ങനെ ചെയ്യും എന്ന് ആശങ്ക വേണ്ടേ വേണ്ട. രണ്ടു വയസ്സില്‍ ഐപാഡില്‍നിന്ന് സ്വയം ഇഷ്ടപ്പെട്ട പാട്ടു തെരഞ്ഞെടുത്തു കേള്‍ക്കുന്ന ടെക്കിക്കുഞ്ഞുങ്ങളുടെ കാലമിത്.

യുഎസില്‍ ജോലി ചെയ്യുന്ന ശ്രീ മോഹന്‍ റാവുവാണ് ഈ ഉദ്യമത്തിനു പിന്നില്‍. പക്ഷേ അതു സൈറ്റില്‍ നിന്നു മനസ്സിലാക്കാനായില്ല. ഞാന്‍ വായിച്ചത് ഹിന്ദു, ബെറ്റര്‍ ഇന്‍ഡ്യ എന്നീ സൈറ്റുകള്‍. അറിയേണ്ടവര്‍ക്ക് ഇതിലേ പോകാം. http://www.thehindu.com/life-and-style/metroplus/article2292795.ece,
http://www.thebetterindia.com/3450/  .

'ബാ ബാ ബ്ലാക്ക് ഷീപ്പ്് ' താരാട്ടു പാടുന്ന അമ്മയെ കണ്ടിട്ടുണ്ട്. ' ഷിപ്പ്, ഷിപ്പ് , ഷിപ്പ്, െൈമ ബ്ലൂ ഷിപ്പ്, സെയിലിംഗ് ഇന്‍ ദ വാട്ടര്‍, ലൈക്ക് എ കപ്പ് ആന്‍ഡ് സോസര്‍ ' എന്ന് ചൊല്ലി കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന പച്ച മലയാളി അമ്മയെ കണ്ട് കണ്ണു തള്ളി പോയിട്ടുണ്ട്. ആംഗലേയം നിഷിദ്ധം എന്നല്ല പറഞ്ഞു വരുന്നത്. മാതൃഭാഷയ്ക്കും കൂടി തുല്യ പ്രാധാനം കൊടുക്കണം എന്നാണ്.

താരാട്ട് എന്നൊന്നു ഗൂഗ്ലി നോക്കൂ, സിനിമാപ്പാട്ടുതാരാട്ടുകളുടെ വന്‍ശേഖരം കിട്ടും. പക്ഷേ അല്ലാത്തവ എത്രയോ ഉണ്ട്, അതും കുറേശ്ശെയായി അന്യം നില്‍ക്കുമെന്നു തോന്നുന്നു. കെ.എസ്. ചിത്രയെപ്പോലെ ശ്രുതിമധുരമായി പാടാന്‍ എല്ലാ അമ്മമാര്‍ക്കും കഴിഞ്ഞെന്നു വരില്ല, എങ്കിലും തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ നാടന്‍ പാട്ടുകളും കഥകളും കൈവിടാതെ കുഞ്ഞുങ്ങള്‍ക്കു ചൊല്ലി കൊടുക്കണം, അമ്മിഞ്ഞപ്പാലിന്റെ മധുമുണ്ടാകും അതിന്.

മലയാളി കുഞ്ഞുങ്ങള്‍ക്കു മലയാളം കുട്ടിക്കഥ പറഞ്ഞു കൊടുക്കാത്ത അച്ഛനമ്മമാരെ തല്ലാത്ത അപ്പുപ്പനമ്മൂമ്മമാരെ കടിക്കാമോ ചോണുനുറുമ്പേ?
('ആഞ്ഞിലിപ്പൊത്തിലെ മുട്ടയെടുത്ത ആശാരിയുടെ ചേമ്പും ചേനയും കുത്താത്ത പന്നിയെ എയ്യാത്ത..........ആനയുടെ മൂക്കില്‍കയറി കടിക്കാമോ ചോണനുറുമ്പേ' കഥ ഓര്‍ക്കുമല്ലോ.)

നമ്മള്‍ ഉദ്ദേശിക്കുന്നതാണോ കുഞ്ഞുങ്ങള്‍ മനസ്സിലാക്കുന്നത്? ഒരു ഫോര്‍വേഡഡ് മെയിലിന്റെ പരിഭാഷ വായിക്കുക-

ഒരിക്കല്‍ ഒരു പണക്കാരനായ അച്ഛന്‍ തന്റെ കുഞ്ഞിനെ ഒരു പാവപ്പെട്ട കുടുംബത്തില്‍ രാത്രി ചെലവഴിക്കാനായി കൊണ്ടുപോയി. അധികം ചെലവാക്കാനില്ലാത്തവര്‍ എങ്ങിനെ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. വീട്ടില്‍ തിരിച്ചെത്തി ആ അനുഭവങ്ങളെപ്പറ്റി എന്തു തോന്നുന്നു എന്ന ചോദ്യത്തിന് കുട്ടി പ്രതിവചിച്ചതിങ്ങനെ.

' അതു വളരെ നല്ല അനുഭവമായിരുന്നു അച്ഛാ. നമുക്ക് ഒരു പട്ടിയേയുള്ള, അവര്‍ക്ക് നാലെണ്ണമുണ്ട്. നമുക്ക് നല്ല നീന്തല്‍ തടാകമുണ്ട്, അവര്‍ക്ക് നദിയും. നമ്മുടെ വീടിന് മേല്‍ക്കൂരയുണ്ട്, അവര്‍ക്ക് നക്ഷത്രങ്ങളും അമ്പിളിമാമനുമുള്ള ആകാശമേല്‍ക്കൂരയാണ്. നമുക്ക് ഒരു വലിയ പൂന്തോട്ടമുണ്ട്, അവര്‍ക്കാണെങ്കില്‍ ഒരു കാടു തന്നെയുണ്ട്. '  കുഞ്ഞ് പറഞ്ഞുമുന്നേറവേ, അച്ഛന്‍ ശ്വാസമടക്കി നിന്നു.

' നമ്മള്‍ എത്ര പാവപ്പെട്ടവരാണെന്ന് കാട്ടിത്തന്നതിന് വളരെ നന്ദി അച്ഛാ '   കുഞ്ഞ് പറഞ്ഞവസാനിപ്പിച്ചു.
ചക്കിനു വച്ചതു കൊക്കിനു കൊണ്ടു!

   


5 comments:

 1. ഈ സൈറ്റ് കൊള്ളാല്ലോ..

  ReplyDelete
 2. കഥവണ്ടി അടിപൊളി, കുഞ്ഞുകുട്ടികളുള്ളവർക്കെല്ലാം ഉപദേശിക്കുന്നതാണ്. ചക്കിനു വച്ചതു കൊക്കിനു കൊണ്ടു കഥ വലിയ മാനങ്ങളുള്ള ഒന്നായി തോന്നി.

  ReplyDelete
 3. ഹായ്..നല്ല സൈറ്റ്..പറഞ്ഞു തന്നതിനു ഒത്തിരി നന്ദി

  ReplyDelete
 4. കൊള്ളാത്ത സൈറ്റ് ഞാന്‍ ഇട്വോ മനോ?:):)

  ശ്രീനാഥന്‍-എനിക്കും ആ മെയില്‍ വളരെ പ്രചോദനകരമായി , അതാണ് ചേര്‍ക്കാമെന്നു വച്ചത്..

  സീത- സന്തോഷം സീതാ. കഥയൊന്ന് റെക്കോഡ് ചെയതോ?

  ReplyDelete
 5. ' നമ്മള്‍ എത്ര പാവപ്പെട്ടവരാണെന്ന് കാട്ടിത്തന്നതിന് വളരെ നന്ദി അച്ഛാ ' കുഞ്ഞ് പറഞ്ഞവസാനിപ്പിച്ചു.
  ചക്കിനു വച്ചതു കൊക്കിനു കൊണ്ടു!

  ഇതാണ് ഇന്നത്തെ തലമുറ വിലയിരുത്തുന്ന രീതി. പോസ്റ്റ് നന്നായി.

  ReplyDelete