Sunday, July 31, 2011


        മായകര്‍ക്കിടകം


(Online link of print edition 30.07.11)

ഔഷധകഞ്ഞിയും ഉഴിച്ചിലും പിഴിച്ചിലും ആയി ആരോഗ്യപരിപാലനം തകര്‍ക്കുന്ന കാലമാണല്ലോ ഇപ്പോള്‍. മേമ്പൊടിയായി രാമായണവായനയും. എന്തായാലും പഞ്ഞകര്‍ക്കിടകം എന്ന ദുഷ്‌പേര് മാറിക്കിട്ടി, പകരം ആരോഗ്യകര്‍ക്കിടകമായി, ഒപ്പം രാമായണ പുണ്യമാസവും.

ഹെല്‍ത്ത് ടൂറിസം പൊടിപൊടിക്കുന്നു, നമ്മുടെ സ്വന്തം ആയുര്‍വ്വേദം നല്ലവണ്ണം വില്‍ക്കപ്പെടുന്നു. നല്ലതു തന്നെ, നമ്മുടെ കയ്യിലും വരട്ടെ നാലു പുത്തന്‍. പക്ഷേ ഔഷധക്കിറ്റിലും കിഴിക്കിറ്റിലുമെങ്കിലും മായം ഇല്ലാതിരിക്കും എന്നു നമുക്കു പ്രത്യാശിക്കാം. ചുവന്ന മട്ട അരി കഴുകുമ്പോള്‍ വെളുത്ത അരി ആകുന്ന അത്ഭുതപ്രതിഭാസം പടം സഹിതം ഈയിടെ ഗൂഗിള്‍ ബസ്സില്‍ കണ്ടു. തമിഴ്‌നാട്ടില്‍ നിന്നും വില കുറഞ്ഞ അരി വാങ്ങി നിറം കയറ്റി വില കൂടിയ അരിയായി ഇവിടെ വില്‍ക്കപ്പെടുന്നുണ്ടാവാം. ഒരു ബ്രാന്‍ഡു മാത്രമാവില്ല, പല ബ്രാന്‍ഡുകളും ചോദിക്കാനാരുമില്ലെന്ന ഹുങ്കില്‍ കൊള്ളലാഭത്തിന്റെ ഈ വിജയസൂക്തവാക്യം പ്രാവര്‍ത്തികമാക്കുന്നുണ്ടാകാം.നിറത്തിനായി ഉഗ്രവിഷം കലര്‍ത്തിയ അരിയുടെ ചോറുണ്ട് സുഖചികിത്സ ചെയതിട്ട് എന്തുകാര്യം? കൂടുതല്‍ അറിയണമെങ്കില്‍  ഇതിലേ പോകുക, കമന്റസ് മുഴുനും വായിക്കുക.

1.  https://plus.google.com/105956239432954801482/posts/FkHtcJULoFE

2. https://plus.google.com/107399456747343292902/posts/YPvWLuR3q7s

3.https://plus.google.com/105956239432954801482/posts/VRAhECxeaoi

വായിച്ച് ശരിയും തെറ്റും സ്വയം തീരുമാനിക്കുക, ബോധവല്‍ക്കരിക്കപ്പെടുക.

രാജ്യത്തിന്റെ പുരോഗതിക്കായി നിയമനിര്‍മ്മാണം നടത്താനായാണ് നമ്മള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതെങ്കിലും അവര്‍ മണ്ഡലത്തിലെ കുടുംബങ്ങളിലെ നൂലുകെട്ടിനും കല്യാണത്തിനും ചാക്കാലയ്ക്കും എല്ലാം സന്ദര്‍ഭത്തിനു യോജിച്ച മുഖഭാവം അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത് പുതുകാലരീതി. ആയുഷ്‌കാല പെന്‍ഷന്‍ നേടിത്തരുന്ന വോട്ട് എന്ന പൊന്‍കനിക്കായാണെങ്കിലും ജനങ്ങളോടു കൂടുതല്‍ ഇടപഴകുന്നതു നല്ലതു തന്നെ. പക്ഷേ എന്നിട്ടും സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ഇത്തരം ജന/ജീവന വിരുദ്ധകാര്യങ്ങള്‍, അല്ലാ, ക്രിമിനല്‍ കുറ്റങ്ങള്‍,  അവരാരും അറിയാത്തതെന്തേ? ഓരോ എം.എല്‍.എയും മനസ്സു വച്ചാല്‍ അവനവന്റെ നിയോജകമണ്ഡലത്തിലെ ഇത്തരം ദുഷ്പ്രവണതകള്‍ കണ്ടുപിടിച്ച്  അതില്ലാതാക്കാന്‍ ശ്രമിക്കാനെങ്കിലും കഴിയില്ലേ? അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനം സ്വമേധയാ പിന്തുണ നല്‍കില്ലേ?

ആയുര്‍വ്വേദചികിത്സയുടെ ശരിയായ ഗുണം അനുഭവിക്കാന്‍ മായമയമായ ഇക്കാലത്തു ജീവിക്കുന്ന നമുക്കു ഭാഗ്യമില്ല. രാസവളം ചേര്‍ക്കുന്ന മരുന്നു ചെടികള്‍, അലൂമിനിയം പാത്രങ്ങളില്‍ ഉണ്ടാക്കുന്ന മരുന്നുകള്‍, കഷായങ്ങള്‍. മരുന്നിന്റെ പഥ്യം പാലിക്കുന്നതോ വിഷമയമായ അരിയും പച്ചക്കറികളും കഴിച്ച്്! ആയുര്‍വ്വേദമരുന്നുകളില്‍ ലെഡ് എന്ന കൊടും വിഷം ഉണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി. അസാരം കഷായങ്ങള്‍ ഞാനും സേവിക്കുന്നുണ്ടേ ഇപ്പോള്‍. പാര്‍ശ്വഫലങ്ങള്‍ എന്തുണ്ടാകുമോ ആവോ?

ശരീരം മാത്രം നന്നാക്കിയാല്‍ പോരല്ലോ, മനസ്സിനേയും സന്തോഷിപ്പിക്ക ണ്ടേ. കുഞ്ഞുന്നാളില്‍ ഒരു കൊച്ചു വൃത്തത്തിനുള്ളില്‍ ചുണ്ടിന്റെ സ്ഥാനത്ത് ബ്രാക്കറ്റ്  മലര്‍ത്തിയിട്ട് ചിരിയും കമഴ്ത്തിയിട്ട് സങ്കടവും വരച്ചു കാണിച്ചത് അമ്മ. വാസ്തവത്തില്‍ അത്രയല്ലേയുള്ളു ജീവിതവും? ഒരു ചെറു പുഞ്ചിരി, അതിന്റെ വില എത്രയെന്നറിയുമോ? പുഞ്ചിരിക്കാന്‍ 10 കാരണങ്ങള്‍ എന്ന ഒരു ഫോര്‍വേഡഡ് മെയിലില്‍ നിന്ന്-

പുഞ്ചിരി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, കാരണം അപ്പോള്‍ നിങ്ങള്‍ സംഘര്‍ഷവിമുക്തരാണല്ലോ.
പുഞ്ചിരി രക്തസമ്മര്‍ദ്ദം കുറയ്ക്കും. ബ്ലഡ് പ്രഷര്‍ മോണിട്ടര്‍ വീട്ടിലുണ്ടോ?ഒന്നു പരീക്ഷിക്കൂ.
പുഞ്ചിരിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍, സെറട്ടോണിന്‍, ശരീരത്തിലെ പ്രകൃതിസഹജവേദനാസംഹാരികള്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടും. അങ്ങനെ നമുക്കു ഉന്മേഷം ലഭിക്കും.

അല്ലാ എപ്പോഴും വലിഞ്ഞുമുറുകി ഇരിക്കണമെന്നുണ്ടോ?~ഒന്നു പുഞ്ചിരിക്കൂന്നേ... ആരോഗ്യം ഇങ്ങു പോരട്ടെ.

പുണ്യമാസമല്ലേ, രാമായണത്തില്‍ നിന്ന്-

 വനവാസത്തിനായ് പോന്ന രാമ-സീത-ലഷ്മണന്‍മാര്‍ വാല്‍മീക്യാശ്രമത്തിലെത്തുന്നു. സീതയ്ക്കുള്‍പ്പടെ താമസിക്കാന്‍ പറ്റിയ ഒരിടം എവിടയുണ്ട് എന്ന് രാമന്‍ മഹര്‍ഷിയോട് അന്വേഷിക്കുന്നു. സര്‍വ്വലോകങ്ങളും രാമനിലും രാമന്‍ സര്‍വ്വലോകത്തിലും വസിക്കുന്നു എന്നിരിക്കെ സാധാരണമായൊരു വാസസ്ഥലം എങ്ങനെ നിര്‍ദ്ദേശിക്കും എന്ന് വാത്മീകി വിനയാന്വിതനാകുന്നു. എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയാം എന്ന് മഹര്‍ഷി അഭിപ്രായം അറിയിക്കുന്നു. 'വാല്‍മീക്യാശ്രമപ്രവേശനം' എന്ന ഭാഗത്തില്‍ നിന്ന്്-

സന്തുഷ്ടരായ് സമദൃഷ്ടികളായ് ബഹു-
ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെ ഭജിപ്പവര്‍ തന്നുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം.
(സ്വാന്തം-മനസ്സ്, ഹൃദയം)
........................................................................
ഷഡ്ഭാവ ഭേദവികാരങ്ങളൊക്കെയു-.
മുള്‍പ്പൂവിലോര്‍ക്കിലോ ദേഹത്തിനേയുള്ളു
ക്ഷുത്തൃഡ്ഭവസുഖദുഖാദി സര്‍വ്വവും
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം

എഴുത്തച്ഛന്റെ രാമായണം വിക്കിയിലുണ്ട്. ലിങ്ക് http://ml.wikisource.org/wiki/.
6 comments:

 1. ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
  ചിത്തം തവ സുഖവാസായ മന്ദിരം

  ReplyDelete
 2. ആയുര്‍വേദ മരുന്നുകളില്‍ എല്ലാം ലെഡ്‌ ഉണ്ടെന്ന് ആരു പറഞ്ഞു?

  ലെഡും മെര്‍കുറിയും എന്നല്ല വളരെ അധികം പദാര്‍ത്ഥങ്ങള്‍ ആയുര്‍വേദം ഉപയോഗിക്കുന്നുണ്ട്‌ പക്ഷെ അവ എല്ലാം അതാതിന്റെ രീതിയില്‍ ശുദ്ധീകരിക്കാനുള്ള വിദ്യയും പറഞ്ഞിട്ടുണ്ട്‌.

  എല്ലാറ്റിലും ലെഡ്‌ ഉണ്ട്‌ എന്നു ഭയക്കേണ്ട

  ReplyDelete
 3. ആരോഗ്യകര്‍ക്കിടകമായി- അതു ശരി തന്നെ. കാർഷിക വ്യവസ്ഥയിലാണ് കള്ളക്കർക്കടകം. ഇന്നെല്ലാ മാസവും ഒന്നുകിൽ കർക്കടകം അല്ലെങ്കിൽ ചിങ്ങം. അവസ്ഥ പോലെ, അല്ലേ? ചുവന്ന മട്ട അരി - അതെഴുതിയത് നന്നായി. മെറ്റൽ ഓക്സൈഡുകൾ (മെർക്കുറി,സിങ്ക്, ആന്റിമൊണി ..) ഉപയോഗിച്ചുള്ള ആയുർവേദ ചികിത്സ (സിദ്ധ-രസ ചികിത്സ) പല മാരകരോഗങ്ങൾക്കും പക്ഷേ, ഫലപ്രദമാണ്. 1200 ഡിഗ്രി സെലിഷ്യസിനു മുകളിൽ ചൂടാക്കുമ്പോൾ വിഷാംശം പോകും.അക്യൂട്ട് മൈലോയിഡ് ലുക്കേ മിയ (എം ത്രി) രോഗിയെ രക്ഷപെടുത്തിയതിന് ഞാൻ സാക്ഷി.

  ReplyDelete
 4. കുറേക്കാര്യങ്ങൾ അറിയാൻ പറ്റി...കർക്കിടകത്തിൽ ഔഷദക്കഞ്ഞി കുടിക്കണമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്...നവധാന്യങ്ങളിട്ട്..
  ഇവിടൊക്കെ കിറ്റായി കിട്ടേം ചെയ്യും...മറ്റുള്ള അറിവുകൾ മുതൽക്കൂട്ടായി ട്ടോ ചേച്ചീ...നന്ദി

  ReplyDelete
 5. ചിരിയ്ക്കുന്നത് അസുഖങ്ങൾ കുറയ്ക്കുമെന്ന് എനിയ്ക്കനുഭവമുണ്ട്. പിന്നെ ഞാനുമൊരു ആയുർവേദ ഇഷ്ടക്കാരിയാണ്. കഷായമൊക്കെ കുടിയ്ക്കാറുണ്ട്.

  പോസ്റ്റ് നന്നായി.

  ReplyDelete
 6. കലാവല്ലഭന്‍- അങ്ങനെ ഉറച്ചു ഭജിക്കാന്‍ സാധിക്കുക എന്നതല്ലേ കഴിവ്?

  ഇന്‍ഡ്യാ ഹെറിറ്റേജ്- വിഷമയം മാറുന്ന രീതിയില്‍ ശുദ്ധീകരിക്കപ്പെടുന്നുണ്ടാകും എന്നു കരുതാം അല്ലേ. പുതിയ അറിവുകളായിരുന്നു, നന്ദി, സന്തോഷം

  ശ്രീനാഥന്‍-സിദ്ധചികിത്സ അപകടകാരിയാണെന്ന് ഒരു കെമിസ്ട്രി പ്രൊഫസര്‍ പറഞ്ഞിരുന്നു.

  സീത-ഔഷധക്കഞ്ഞി എന്ന കയ്പ്പന്‍ കഞ്ഞി ഞാന്‍ ഇതുവരെ കുടിച്ചിട്ടില്ല. കുടിക്കാറുണ്ടോ സീതേ?

  എച്ച് മൂട്ടി- ചിരിക്ക് ഗുണഗണങ്ങള്‍ ഏറെ. വല്ലപ്പോഴും ഇത്തിരി ഹോമിയോ മരുന്ന് ഒഴികെ ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല എച്ച്‌മോ. പക്ഷേ ഇപ്പോള്‍ മരുന്നുകള്‍ ഭക്ഷണം പോലെ.

  ReplyDelete