Sunday, June 19, 2011

അമ്മ എന്ന സ്ത്രീ

Online link of varika  published 18.06.11. 

                   

മാതൃത്വം എന്നാലെന്ത് എന്നു ചിന്തിച്ചിട്ടുണ്ടോ, മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?  സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ദൈവീകപരിവേഷത്തിനും മിഥ്യാസങ്കല്‍പ്പത്തിനും അപ്പുറം മറ്റു പലതുമാണ് അമ്മ. ദില്‍ സേ ദേശി കൂട്ടായ്മയ്ക്കു നന്ദി പറഞ്ഞു കൊണ്ട് , കഴിഞ്ഞ ലക്കത്തില്‍ പരിഭാഷപ്പെടുത്തിയ  മെസ്സേജിന്റെ ബാക്കിഭാഗം തുടരട്ടെ.

'ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ സാധാരണത്വം കൈ വരിക്കാന്‍ ആറ് ആഴ്ച്ച എടുക്കുമെന്ന് ആരോ ഒരാള്‍ പറഞ്ഞു- ഒരിക്കല്‍ അമ്മയായി കഴിഞ്ഞാല്‍ പിന്നെ 'സാധാരണത്വം' എന്നത് ചരിത്രമായി മാറും എന്ന് പ്രസ്തുത ആരോ ഒരാള്‍ക്ക്  അറിയില്ല.  

മാതൃത്വം എന്നാല്‍ എന്താണ് എന്നത് സഹജാവബോധം മൂലം താനേ അറിഞ്ഞുകൊള്ളും എന്ന് ആരോ ഒരാള്‍ പറഞ്ഞു. മൂന്നുകൊല്ലമായി മാറ്റി വയ്ക്കപ്പെട്ട ഷോപ്പിംഗ്് ഇപ്പോള്‍ നടത്തേണ്ടി വന്നിട്ടുണ്ടാകില്ല അയാള്‍ക്ക്.

അമ്മയാകുക എന്നത് പരമ മുഷിപ്പന്‍ ഏര്‍പ്പാടെന്ന് ആരോ ഒരാള്‍ പറഞ്ഞു. ഒരു കൗമാരക്കാരന്‍ ഓടിക്കുന്ന കാറില്‍ അയാള്‍ക്ക് ഒരിക്കലും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകില്ല.

നിങ്ങള്‍ ഒരു നല്ല അമ്മയാണെങ്കില്‍, നിങ്ങളുടെ കുട്ടി നല്ലതായ് വരും എന്ന് ഒരാള്‍ പറഞ്ഞു. കുട്ടി ജനിക്കുന്നത് കൃത്യമായ ദിശാബോധത്തോടെയും ഗാരണ്ടിയോടെയും ആണെന്ന് അയാള്‍ കരുതുന്നുണ്ടാകും.

അമ്മയാകുന്നതിന് വിദ്യാഭ്യാസയോഗ്യത അത്യാവശ്യമൊന്നുമല്ലെന്ന് ഒരാള്‍ പറഞ്ഞു. നാലാം ക്ലാസ്സുകാരിയെ അവളുടെ കണക്കു പാഠങ്ങള്‍ ചെയ്യാന്‍ സഹായിക്കേണ്ടി വന്നിട്ടുണ്ടാകില്ല അയാള്‍ക്ക്.

ആദ്യസന്താനത്തെ സ്‌നേഹിക്കുന്ന അത്രയും രണ്ടാമത്തെ കുട്ടിയെ സ്‌നേഹിക്കാന്‍ കഴിയില്ലെന്ന് ഒരാള്‍ പറഞ്ഞു. അയാള്‍ക്ക് രണ്ടു മക്കള്‍ ഉണ്ടായിരുന്നിരിക്കില്ല.

അമ്മയാകുക എന്നതിലെ ഏറ്റവും കഠിനഭാഗം പ്രസവവേദനയും പ്രസവവും ആണെന്ന് ഒരാള്‍ പറഞ്ഞു. സ്വന്തം കുഞ്ഞ് ബസില്‍ കയറി നഴ്‌സറിയില്‍ പോകുന്നതോ, മകന്‍/മകള്‍ യുദ്ധക്യാമ്പിലേക്കു  പോകാനായി വിമാനം കയറുന്നതോ കണ്ടിട്ടുണ്ടാകില്ല അയാള്‍.

കുട്ടിയുടെ വിവാഹം കഴിഞ്ഞാല്‍ അവളെ/അവനെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് ആരോ ഒരാള്‍ പറഞ്ഞു.യഥാര്‍ത്ഥത്തില്‍  മക്കളുടെ വിവാഹം അമ്മയുടെ ഹൃദയതന്ത്രികളിലേക്ക് ഒരു പുതിയ മകനേയോ മകളേയോ കൂടി ചേര്‍ക്കപ്പെടകയാണ് എന്ന് അയാള്‍ക്ക് അറിവുണ്ടാകില്ല.

അവസാനത്തെ കുട്ടി കൂടി വീട്ടില്‍ നിന്നു പോകുന്നതോടെ അമ്മയുടെ ജോലി അവസാനിക്കുന്നു എന്ന് ആരോ ഒരാള്‍ പറഞ്ഞു. ആ ആള്‍ക്ക് പേരക്കിടാങ്ങള്‍ ഉണ്ടായിരുന്നിരിക്കില്ല.

നീ നിന്റെ അമ്മയെ സ്‌നേഹിക്കുന്നുവെന്ന് അമ്മയ്ക്കറിയാം, അതു കൊണ്ട് അമ്മയോടതു പറയേണ്ട ആവശ്യമില്ല എന്ന് ആരോ ഒരാള്‍ പറഞ്ഞു. പ്രസ്
തുത ആരോ ഒരാള്‍ ഒരിക്കലും ഒരു അമ്മ ആയിട്ടുണ്ടാവില്ല.

നിങ്ങളുടെ ജീവിതത്തിലെ എല്ലാ 'അമ്മമാരുടെ ' ഇടയിലും, എന്നെങ്കിലും ഒരു അമ്മ ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കിടയിലും  ഇതു പ്രചരിപ്പിക്കുക.. അമ്മയാകുക എന്നതിനെ പറ്റി മാത്രമല്ല ഇത്. നിങ്ങളുടെ ജീവിതത്തില്‍ ഉള്ള ആളുകള്‍ , അവര്‍ ആരോ ആകട്ടെ , ജീവിച്ചിരിക്കെത്തന്നെ അവരെ വിലമതിക്കുക, അംഗീകരിക്കുക, അതാണ് ഈ സന്ദേശത്തിന്റെ കാതല്‍ . '

സ്വന്തം മക്കളെ വില്‍ക്കുന്ന അമ്മമാരുണ്ട് , നൊന്തു പ്രസവിച്ച മക്കളെയും ജീവിതച്ചങ്ങാതിയേയും പുല്ലു പോലെ ഉപേക്ഷിച്ച് അപ്പോള്‍ കിട്ടിയ പുതിയ കൂട്ടിനൊപ്പം ഇറങ്ങി പുറപ്പെട്ട അമ്മമാരുണ്ട്, പക്ഷേ ഇവരെല്ലാം എക്‌സപ്ഷന്‍സ് മാത്രം, പുതുകാലം സമ്മാനിച്ച നൂറു നന്മകള്‍ക്കൊപ്പം ഒഴിച്ചു കൂടാനാവാത്ത അതിന്റെ ഇരുണ്ട മറുവശം മാത്രം.

ഇനി മഹാഭാരതത്തിലെ ' സുരഭി ' എന്ന അമ്മയെ പരിചയപ്പെടാം-

ഒരു നാള്‍ ഏങ്ങലടിച്ച് നെഞ്ചുരുകി ഓലവാലെ കരഞ്ഞുപോയി സുരഭി. ദേവകളുടെ ആരാധനാപാത്രമായ , ദേവലോകത്തിലെ പശുവാണ് കരയുന്നത്. കാരണമന്വേഷിച്ച ദേവേന്ദ്രനോട് സുരഭി സങ്കടം ബോധിപ്പിച്ചു.

' മനുഷ്യര്‍ക്കടിമപ്പെട്ട് ലോകത്തില്‍ എന്റെ മക്കള്‍ ക്ലേശിക്കുന്നത് അങ്ങു കാ ണുന്നില്ലെന്നുണ്ടോ? അതാ നോക്കൂ, എല്ലുന്തി മാംസവും മജ്ജയും വറ്റിയ ആ ദുര്‍ബ്ബലനായ മകനാണ് ഇപ്പോള്‍ എന്റെ ദുഃഖം. അവന്റെ കൂടെ കലപ്പ യില്‍ കെട്ടിയിരിക്കുന്ന ശക്തനായ കാളയുടെ ഒപ്പമെത്താന്‍ കഴിയുന്നില്ല അവന്. അതിനായി ഉഴവുകാരന്‍ അവനെ ചമ്മട്ടക്ക് അടിക്കുന്നു, കോല്‍ കൊണ്ടു കുത്തുന്നു, വാല്‍ പിടിച്ചൊടിക്കുന്നു. ആ പാവം മരണവേദന അനുഭവിക്കയാണ്. '

' നിന്റെ മറ്റു മക്കളും ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ. പിന്നെ ഇവനു മാത്രമെന്താ പ്രത്യേകത? ' ദേവേന്ദ്രന്‍ വിശദീകരണം അവശ്യപ്പെട്ടു.

' എനിക്കെല്ലാ പുത്രരോടും സ്‌നേഹമുണ്ട്. പക്ഷേ, അശക്തനും ദുഃഖിതനു മായവനോട കൂടുതല്‍ സ്‌നേഹം തോന്നിപ്പോകുന്നു. ' സുരഭി തന്റെ പക്ഷാഭേദത്തിന് ന്യായീകരണം നല്‍കി. ഇതില്‍ തൃപ്തനായ ദേവേന്ദ്രന്‍ കടുത്ത മഴ വീഴ്ത്തി, ഉഴവു നിര്‍ത്താന്‍ ഉഴവുകാരന്‍ നിര്‍ബന്ധിതനുമായി.

വ്യാസമഹര്‍ഷി ധൃതരാഷ്ട്രരെ ഉപദേശിക്കവേ സാന്ദര്‍ഭികമായി ഉദാഹരിച്ച കഥ. (അവലംബം : ഭാരതസംഗ്രഹം, സ്വാമി ദയാനന്ദതീര്‍ത്ഥ)   5 comments:

 1. അമ്മയാവാന്‍ മടിയുള്ളവരുടെ ഈ കാലത്ത് ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ് ചേച്ചി. ഒ.എന്‍.വിയുടെ അമ്മ എന്ന കവിതയാണ് ഇത്തരം അവസരങ്ങളില്‍ എനിക്ക് എന്നും ഓര്‍മ്മ വരുന്നത്..

  ReplyDelete
 2. വളരെ നല്ലൊരു സന്ദേശം പരിഭാഷപ്പെടുത്തിയതിനു നന്ദി. അമ്മ എന്നെ നിത്യവും അത്ഭുതപ്പെടുത്തുന്ന സ്നേഹത്തിന്റെ വറ്റാത്ത ഉറവയാണ്.

  ReplyDelete
 3. അതെ, സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ദൈവീകപരിവേഷത്തിനും മിഥ്യാസങ്കല്‍പ്പത്തിനും അപ്പുറം മറ്റു പലതുമാണ് അമ്മ... നല്ല പോസ്റ്റ്‌

  ReplyDelete
 4. അമ്മ മനുഷ്യനും കൂടിയാണ്.

  ReplyDelete
 5. ദൈവത്തിനു എല്ലായിടത്തും ഒരുപോലെ എത്താൻ പറ്റാഞ്ഞിട്ടത്രേ അമ്മയെ സൃഷ്ടിച്ചത്...അമ്മയെന്നതേ നിത്യ സത്യം..

  ReplyDelete