Wednesday, June 8, 2011

ണീം....ണീം.....ണീം

(28.5.11 ലെ വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്. On line link ഇവിടെ.)

മദ്ധ്യവേനല്‍ പൂട്ടു കഴിഞ്ഞ് വിദ്യാലയമണികള്‍ മുഴങ്ങാറായി.മഴമേഘങ്ങളും കാത്തിരിക്കയാവും ജൂണ്‍ ഒന്നിന് പെയ്‌തൊഴിയാന്‍്.

ബാഗ്,കുട,യൂണിഫോം, ഉപകരണപ്പെട്ടി എല്ലാം റെഡി. ബ്രൗണ്‍പേപ്പറില്‍ ഭംഗിയായി പൊതിഞ്ഞ് നേം-സബ്ജക്ട് സ്ലിപ്പുകള്‍ പതിച്ച നോട്ടുബുക്കുകളും മാര്‍ക്കറ്റില്‍ സുലഭം. ഇനിയിപ്പോള്‍ വേണ്ടത് പാഠപുസ്തകങ്ങളാണ്. അവ തയ്യാറായി കാണുമോ ആവോ?

രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസവിചക്ഷണനായിരുന്നു ഗാന്ധിജി. ഭൂമിയ്ക്കു വിലയിടുമ്പോലെയോ ,ഷെയര്‍ബിസിനസ്സുപോലെയോ നാം വിദ്യാഭ്യാസത്തെ കണക്കാക്കുന്നു എന്നു പരിഭവിക്കുന്ന അദ്ദേഹം ഇങ്ങനെ തുടരുന്നു. 'കൂടുതല്‍ ധനസമ്പാദനത്തിനുതകുന്ന വിദ്യാഭ്യാസം ഏതോ അതു നല്‍കാനാണ് നമ്മുടെ ശ്രമം. വിദ്യാര്‍ത്ഥികളുടെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് നാം ചിന്തിക്കുന്നു പോലുമില്ല.' കൂടുതല്‍ അറിയാന്‍ ഇതിലേ.. http://www.infed.org/thinkers/et-gand.thm.

സ്വന്തം ചെലവുകള്‍ക്ക് അച്ഛനമ്മമാരെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിസമൂഹം ലജ്ജിക്കണം എന്നു പറഞ്ഞതും ഗാന്ധിജിയാണ്. സിയയുടെ 19.5.ലെ ഗൂഗിള്‍ ബസ് വായിക്കുക-(സിയയുടെ പ്രൊഫൈല്‍- https://profiles.google.com/112481491109310451742#buzz)

'പാച്ചൂന്റെ സ്‌കൂളിലെ ഞെട്ടിക്കുന്ന വിശേഷംസ്- മൂന്നാം ക്ലാസ്സുകാരി ഫീല്‍ഡ്് ഡേ എന്നും പറഞ്ഞു പോയി, രാവിലെ മുതല്‍ ഉച്ച വരെ ഒരു ഫോട്ടോ ഷോപ്പില്‍ ജോലി ചെയ്തു. കണക്ക് പിള്ള ആയിരുന്നു, തിരിച്ച് വന്നപ്പോള്‍ ചെക്ക് എഴുതി മടുത്തു എന്ന് വിഷമം. ഇന്ന് മൂന്നാം ക്ലാസ്സുകാരുടെ വക കഫേ ആയിരുന്നു.ഒമ്പത് വയസ് കഴിഞ്ഞ കുട്ടികള്‍ കാറിനു അടുത്ത് വരുന്നു, ഓര്‍ഡര്‍ എടുക്കുന്നു, കാശ് വാങ്ങുന്നു. അതിനിടയില്‍ ചിലര്‍ ബര്‍ഗര്‍ ഉണ്ടാക്കുന്നു.'

ഇവിടേയും കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നുണ്ട്. ബാലവേലയാണെന്നു മാത്രം! ഇന്‍ഡ്യയിലെ ദൈന്യബാല്യങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചറിയാന്‍ http://www.gandhiforchildren.org/ ല്‍ പോകാം. ഗാന്ധിജിയുടെ പ്രപൗത്രന്‍ അരുണ്‍ഗാന്ധി ഉള്‍പ്പെടെ സേവനോത്സുകര്‍ പലരുണ്ട് ഇവിടെ. അവര്‍ പഠിപ്പിച്ച് പച്ചപിടിപ്പിക്കുന്ന കുരുന്നുജീവിതങ്ങളും.

'ഇന്‍ഡ്യയിലുള്ളത് പരീക്ഷാപദ്ധതിയാണ്് വിദ്യാഭ്യാസപദ്ധതിയല്ല 'എന്ന് പ്രധാനമന്ത്രിയെ ഉദ്‌ബോധിപ്പിച്ചത് അദ്ദേഹത്തിന്റെ സയിന്റിഫിക് ഉപദേശക സമിതി തലവന്‍ ഡോ. സി.എന്‍.റാവു. 'ഇന്‍ഡ്യന്‍ ചെറുപ്പക്കാര്‍ പ്രവേശനപരീക്ഷകളില്‍ നിന്നു മുക്തരായി എന്നാണ് പ്രയോജനകരമായ ജോലികളില്‍ ഏര്‍പ്പെടുക' എന്ന അദ്ദേഹത്തിന്റ ആശങ്ക തികച്ചും ന്യായം. വിശദവായനയ്ക്ക് http://www.indiaeducationreview.com സന്ദര്‍ശിക്കാം. മാറ്റങ്ങള്‍ കൂടിയേ തീരൂ. അല്ലെങ്കില്‍ വരും തലമുറകളും ജീവിതത്തിലെ വിലയേറിയ 20-25 വര്‍ഷക്കാലം പഠനാര്‍ത്ഥം ചെലവാക്കി അതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തന്നെ ചെയ്യും.

ഭാഷയും ഭൂമിശാസ്ത്രവും ചരിത്രവും സയന്‍സും കണക്കും കുഞ്ഞുങ്ങള്‍ പഠിക്കണം. ഒപ്പം തന്നെ അവര്‍ പ്രകൃതിയുടെ ഭാഗമാകയും വേണം. ആന്ധ്രയിലെ ഋഷിവാലി - http://www.rishivalley.org/ -സ്‌കൂളിനെക്കുറിച്ചറിഞ്ഞത് സാധാരണക്കാരുടെ ആര്‍ക്കിടെക്ടായ പത്മശ്രീ ജേതാവ് ശങ്കറില്‍ നിന്നാണ്. കുട്ടികള്‍ അവിടെ ചാണകം വാരും, പശുവിന് പുല്ലു പറിക്കും! അവിടുത്തെ പഠനം മകനില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നുവത്രേ.

നിസ്സാരകാരണങ്ങള്‍ക്ക് ആത്മഹത്യ ചെയ്യാനും വീട്ടില്‍ നിന്നിറങ്ങിപ്പോകാനും മടിയേതുമില്ലാത്ത കേരളത്തിലെ ചോക്ലേറ്റുകുട്ടിക്കൂട്ടം വായിക്കാന്‍ ഇന്‍ഡ്യാ-ബംഗ്ലാദേശ് യുദ്ധകാലത്തെ ഒരു കുട്ടിക്കവിത.

'സ്‌കൂളിലേക്കുണ്ടു പുത്തനുടുപ്പിട്ടു
കേളി പൂണ്ടു കിടാങ്ങളേ പോകുമ്പോള്‍
നിങ്ങളോര്‍ക്കുമോ പട്ടിണിപ്പാവങ്ങള്‍
ബംഗളാദേശിന്‍ കുട്ടികള്‍ ഞങ്ങളെ?'

ഇനി ചില ജീവിതച്ചിന്തുകള്‍-1. അവധിക്ക് നാട്ടിലെത്തിയ കുട്ടിക്ക്് അമ്മൂമ്മ വളര്‍ത്തുപശുവിന്റെ പാല്‍ നീട്ടി. 'എനിക്കു വേണ്ടാ. അവിടുത്തെപ്പോലെ നീറ്റായ കവര്‍ പാല്‍ മതി ',കുട്ടിശിങ്കം കിണുങ്ങി. പശുക്കൂട്ടിലെ ചാണകമായിരുന്നു കുട്ടിയുടെ മനസ്സില്‍.

2.ഇംഗ്ലീഷ് ട്യൂഷനായിരുന്നു കുട്ടിക്ക്. could-കുഡ്, would-വുഡ്, wood-വുഡ്. 'ഈ വ്യവസ്ഥ്യേല്ലാത്ത ഭാഷ എനിക്കു പഠിക്കണ്ട 'എന്ന് ആ പാലക്കാട്ടുകാരന്‍ ഇറങ്ങി ഒറ്റ നടത്തം.! ശരിയല്ലേ, സ്‌പെല്ലിംഗ ഒന്ന്്്, ഉച്ചാരണം വേറൊന്ന്!

3.രണ്ടു പെണ്‍കുഞ്ഞുങ്ങളും ചേച്ചിയനിയത്തിമാരായ അമ്മമാരും കൂടി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ ഒരു യാത്ര. ശല്യം ഒഴിവാക്കാന്‍ അമ്മമാര്‍ മക്കള്‍ക്കു ജോലി നല്‍കി. വഴിയില്‍ കാണുന്ന ബോര്‍ഡുകള്‍ വായിച്ച് വീട്ടില്‍ ചെന്ന് ചേച്ചി അനിയത്തിയെ എഴുതി പഠിപ്പിക്കണം. മക്കള്‍ സമ്മതിച്ചു.

വീട്ടില്‍ ചെന്നു പത്തുമിനിറ്റാകും മുമ്പ്് ഗൃഹപാഠം തീര്‍ത്ത് കുരുന്നുകള്‍ എത്തി. എഴുത്തു നോക്കിയ അനിയത്തിയുടെ ഭാവം പകര്‍ന്നതു കണ്ട് ചേച്ചി ഓടിയെത്തി വായിച്ചു, ആദ്യം ഞെട്ടി, പിന്നെ രണ്ടമ്മമാരും കൂടി പൊട്ടിച്ചിരി. എന്തോ പന്തികേടു തോന്നിയ മക്കള്‍ പറഞ്ഞു, ' ഞങ്ങള്‍ എണ്ണിയതാ, 24 സ്ഥലത്ത് ആ ബോര്‍ഡുണ്ട്.' വാക്കേതെന്നു മനസ്സിലായോ?
'കള്ള് '.5 comments:

 1. അവസാനത്തെ ജീവിതച്ചിന്ത് എന്റെ ബ്ലോഗില്‍ നേരത്തേ ഇട്ടതാണ്. അന്നു വായിച്ചവര്‍ സദയം ക്ഷമിക്കുക.

  ReplyDelete
 2. നല്ല പോസ്റ്റ്‌...
  ജീവിതച്ചിന്ത് ഞാന്‍ മുന്‍പ് വായിച്ചിട്ടില്ല... ശരിക്കും ഇഷ്ടായി :)

  ReplyDelete
 3. നല്ല രസമായി എഴുതി. അവസാനത്തെ പഞ്ച് കലക്കി. ഞാന്‍ ഈ റോഡില്‍ കൂടി സഞ്ചരിച്ചിട്ട്‌ ഇത് വരെ എണ്ണാന്‍ പറ്റിയിട്ടില്ല. എന്റെ മോള്‍ കുഞ്ഞായിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നു,"ക ജ ജ " എന്ന്. കള്ള് വായിക്കാനുള്ള പ്രായം ആയിരുന്നില്ല എന്ന് കൂട്ടിക്കോ...

  ReplyDelete
 4. വളരെ നന്ദി, സ്‌നേഹം, ലിപി, ഷാനവാസ്. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. വളരെ വലിയ ബോഡുകളാണല്ലോ, കൊച്ചു കുഞ്ഞും ആവര്‍ത്തനം വരുമ്പോള്‍ ശ്രദ്ധിക്കാതിരിക്കില്ല.

  ReplyDelete
 5. വളരെ നന്ദി ഇത്തരം പരിചയപ്പെടുത്തലുകൾക്ക്

  ReplyDelete