Sunday, June 19, 2011

അമ്മ എന്ന സ്ത്രീ

Online link of varika  published 18.06.11. 

                   

മാതൃത്വം എന്നാലെന്ത് എന്നു ചിന്തിച്ചിട്ടുണ്ടോ, മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?  സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ദൈവീകപരിവേഷത്തിനും മിഥ്യാസങ്കല്‍പ്പത്തിനും അപ്പുറം മറ്റു പലതുമാണ് അമ്മ. ദില്‍ സേ ദേശി കൂട്ടായ്മയ്ക്കു നന്ദി പറഞ്ഞു കൊണ്ട് , കഴിഞ്ഞ ലക്കത്തില്‍ പരിഭാഷപ്പെടുത്തിയ  മെസ്സേജിന്റെ ബാക്കിഭാഗം തുടരട്ടെ.

'ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ സാധാരണത്വം കൈ വരിക്കാന്‍ ആറ് ആഴ്ച്ച എടുക്കുമെന്ന് ആരോ ഒരാള്‍ പറഞ്ഞു- ഒരിക്കല്‍ അമ്മയായി കഴിഞ്ഞാല്‍ പിന്നെ 'സാധാരണത്വം' എന്നത് ചരിത്രമായി മാറും എന്ന് പ്രസ്തുത ആരോ ഒരാള്‍ക്ക്  അറിയില്ല.  

മാതൃത്വം എന്നാല്‍ എന്താണ് എന്നത് സഹജാവബോധം മൂലം താനേ അറിഞ്ഞുകൊള്ളും എന്ന് ആരോ ഒരാള്‍ പറഞ്ഞു. മൂന്നുകൊല്ലമായി മാറ്റി വയ്ക്കപ്പെട്ട ഷോപ്പിംഗ്് ഇപ്പോള്‍ നടത്തേണ്ടി വന്നിട്ടുണ്ടാകില്ല അയാള്‍ക്ക്.

അമ്മയാകുക എന്നത് പരമ മുഷിപ്പന്‍ ഏര്‍പ്പാടെന്ന് ആരോ ഒരാള്‍ പറഞ്ഞു. ഒരു കൗമാരക്കാരന്‍ ഓടിക്കുന്ന കാറില്‍ അയാള്‍ക്ക് ഒരിക്കലും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകില്ല.

നിങ്ങള്‍ ഒരു നല്ല അമ്മയാണെങ്കില്‍, നിങ്ങളുടെ കുട്ടി നല്ലതായ് വരും എന്ന് ഒരാള്‍ പറഞ്ഞു. കുട്ടി ജനിക്കുന്നത് കൃത്യമായ ദിശാബോധത്തോടെയും ഗാരണ്ടിയോടെയും ആണെന്ന് അയാള്‍ കരുതുന്നുണ്ടാകും.

അമ്മയാകുന്നതിന് വിദ്യാഭ്യാസയോഗ്യത അത്യാവശ്യമൊന്നുമല്ലെന്ന് ഒരാള്‍ പറഞ്ഞു. നാലാം ക്ലാസ്സുകാരിയെ അവളുടെ കണക്കു പാഠങ്ങള്‍ ചെയ്യാന്‍ സഹായിക്കേണ്ടി വന്നിട്ടുണ്ടാകില്ല അയാള്‍ക്ക്.

ആദ്യസന്താനത്തെ സ്‌നേഹിക്കുന്ന അത്രയും രണ്ടാമത്തെ കുട്ടിയെ സ്‌നേഹിക്കാന്‍ കഴിയില്ലെന്ന് ഒരാള്‍ പറഞ്ഞു. അയാള്‍ക്ക് രണ്ടു മക്കള്‍ ഉണ്ടായിരുന്നിരിക്കില്ല.

അമ്മയാകുക എന്നതിലെ ഏറ്റവും കഠിനഭാഗം പ്രസവവേദനയും പ്രസവവും ആണെന്ന് ഒരാള്‍ പറഞ്ഞു. സ്വന്തം കുഞ്ഞ് ബസില്‍ കയറി നഴ്‌സറിയില്‍ പോകുന്നതോ, മകന്‍/മകള്‍ യുദ്ധക്യാമ്പിലേക്കു  പോകാനായി വിമാനം കയറുന്നതോ കണ്ടിട്ടുണ്ടാകില്ല അയാള്‍.

കുട്ടിയുടെ വിവാഹം കഴിഞ്ഞാല്‍ അവളെ/അവനെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് ആരോ ഒരാള്‍ പറഞ്ഞു.യഥാര്‍ത്ഥത്തില്‍  മക്കളുടെ വിവാഹം അമ്മയുടെ ഹൃദയതന്ത്രികളിലേക്ക് ഒരു പുതിയ മകനേയോ മകളേയോ കൂടി ചേര്‍ക്കപ്പെടകയാണ് എന്ന് അയാള്‍ക്ക് അറിവുണ്ടാകില്ല.

അവസാനത്തെ കുട്ടി കൂടി വീട്ടില്‍ നിന്നു പോകുന്നതോടെ അമ്മയുടെ ജോലി അവസാനിക്കുന്നു എന്ന് ആരോ ഒരാള്‍ പറഞ്ഞു. ആ ആള്‍ക്ക് പേരക്കിടാങ്ങള്‍ ഉണ്ടായിരുന്നിരിക്കില്ല.

നീ നിന്റെ അമ്മയെ സ്‌നേഹിക്കുന്നുവെന്ന് അമ്മയ്ക്കറിയാം, അതു കൊണ്ട് അമ്മയോടതു പറയേണ്ട ആവശ്യമില്ല എന്ന് ആരോ ഒരാള്‍ പറഞ്ഞു. പ്രസ്
തുത ആരോ ഒരാള്‍ ഒരിക്കലും ഒരു അമ്മ ആയിട്ടുണ്ടാവില്ല.

നിങ്ങളുടെ ജീവിതത്തിലെ എല്ലാ 'അമ്മമാരുടെ ' ഇടയിലും, എന്നെങ്കിലും ഒരു അമ്മ ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കിടയിലും  ഇതു പ്രചരിപ്പിക്കുക.. അമ്മയാകുക എന്നതിനെ പറ്റി മാത്രമല്ല ഇത്. നിങ്ങളുടെ ജീവിതത്തില്‍ ഉള്ള ആളുകള്‍ , അവര്‍ ആരോ ആകട്ടെ , ജീവിച്ചിരിക്കെത്തന്നെ അവരെ വിലമതിക്കുക, അംഗീകരിക്കുക, അതാണ് ഈ സന്ദേശത്തിന്റെ കാതല്‍ . '

സ്വന്തം മക്കളെ വില്‍ക്കുന്ന അമ്മമാരുണ്ട് , നൊന്തു പ്രസവിച്ച മക്കളെയും ജീവിതച്ചങ്ങാതിയേയും പുല്ലു പോലെ ഉപേക്ഷിച്ച് അപ്പോള്‍ കിട്ടിയ പുതിയ കൂട്ടിനൊപ്പം ഇറങ്ങി പുറപ്പെട്ട അമ്മമാരുണ്ട്, പക്ഷേ ഇവരെല്ലാം എക്‌സപ്ഷന്‍സ് മാത്രം, പുതുകാലം സമ്മാനിച്ച നൂറു നന്മകള്‍ക്കൊപ്പം ഒഴിച്ചു കൂടാനാവാത്ത അതിന്റെ ഇരുണ്ട മറുവശം മാത്രം.

ഇനി മഹാഭാരതത്തിലെ ' സുരഭി ' എന്ന അമ്മയെ പരിചയപ്പെടാം-

ഒരു നാള്‍ ഏങ്ങലടിച്ച് നെഞ്ചുരുകി ഓലവാലെ കരഞ്ഞുപോയി സുരഭി. ദേവകളുടെ ആരാധനാപാത്രമായ , ദേവലോകത്തിലെ പശുവാണ് കരയുന്നത്. കാരണമന്വേഷിച്ച ദേവേന്ദ്രനോട് സുരഭി സങ്കടം ബോധിപ്പിച്ചു.

' മനുഷ്യര്‍ക്കടിമപ്പെട്ട് ലോകത്തില്‍ എന്റെ മക്കള്‍ ക്ലേശിക്കുന്നത് അങ്ങു കാ ണുന്നില്ലെന്നുണ്ടോ? അതാ നോക്കൂ, എല്ലുന്തി മാംസവും മജ്ജയും വറ്റിയ ആ ദുര്‍ബ്ബലനായ മകനാണ് ഇപ്പോള്‍ എന്റെ ദുഃഖം. അവന്റെ കൂടെ കലപ്പ യില്‍ കെട്ടിയിരിക്കുന്ന ശക്തനായ കാളയുടെ ഒപ്പമെത്താന്‍ കഴിയുന്നില്ല അവന്. അതിനായി ഉഴവുകാരന്‍ അവനെ ചമ്മട്ടക്ക് അടിക്കുന്നു, കോല്‍ കൊണ്ടു കുത്തുന്നു, വാല്‍ പിടിച്ചൊടിക്കുന്നു. ആ പാവം മരണവേദന അനുഭവിക്കയാണ്. '

' നിന്റെ മറ്റു മക്കളും ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ. പിന്നെ ഇവനു മാത്രമെന്താ പ്രത്യേകത? ' ദേവേന്ദ്രന്‍ വിശദീകരണം അവശ്യപ്പെട്ടു.

' എനിക്കെല്ലാ പുത്രരോടും സ്‌നേഹമുണ്ട്. പക്ഷേ, അശക്തനും ദുഃഖിതനു മായവനോട കൂടുതല്‍ സ്‌നേഹം തോന്നിപ്പോകുന്നു. ' സുരഭി തന്റെ പക്ഷാഭേദത്തിന് ന്യായീകരണം നല്‍കി. ഇതില്‍ തൃപ്തനായ ദേവേന്ദ്രന്‍ കടുത്ത മഴ വീഴ്ത്തി, ഉഴവു നിര്‍ത്താന്‍ ഉഴവുകാരന്‍ നിര്‍ബന്ധിതനുമായി.

വ്യാസമഹര്‍ഷി ധൃതരാഷ്ട്രരെ ഉപദേശിക്കവേ സാന്ദര്‍ഭികമായി ഉദാഹരിച്ച കഥ. (അവലംബം : ഭാരതസംഗ്രഹം, സ്വാമി ദയാനന്ദതീര്‍ത്ഥ)   Sunday, June 12, 2011

അമ്മത്തം

 (Online link of varika published 11.6.2011)                    
ഇന്നത്തെ ജീവിതരീതിയുടെ മുഖമുദ്രയാണ് തിരക്ക്. നുകം വച്ച കുതിരയെപ്പോലെ തിരിഞ്ഞു നോക്കാനാവാതെ  മുന്നോട്ടു മാത്രമുള്ള കുതിപ്പ്. ഇങ്ങനെയെല്ലാം ഓടിയിട്ടും തെല്ലെങ്കിലും സമാധാനമുണ്ടോ, അതുമില്ല. ചെയ്തു തീര്‍ക്കുവാന്‍ ആയിരം കാര്യങ്ങള്‍, ഈ ആയിരം നൂറെങ്കിലും ആകുന്നത് എന്നാകും എന്ന ആകുലതയില്‍ തളര്‍ന്ന് ഉറക്കം.

വല്ലപ്പോഴുമെങ്കിലും ഈ തിരക്കില്‍ നിന്നു സ്വയം വിടുതി നേടണം, ജീവിതച്ചങ്ങലയിലെ കണ്ണികളെ കുറിച്ച് ഓര്‍ക്കണം, അവര്‍ക്കൊപ്പം സമയം ചെലവിടണം. അത് ഒരിക്കലും സമയം കളയലല്ല. എന്റെ ഇന്‍ബോക്‌സില്‍ വന്ന ഹൃദയസ്പര്‍ശിയായ ഒരു ഫോര്‍വേഡഡ് മെസ്സേജിന്റെ ഭാഷാന്തരീകരണശ്രമം.

മറ്റേ സ്ത്രീ

'17 വര്‍ഷത്തെ ഞങ്ങളുടെ ദാമ്പത്യശേഷം എന്റെ ഭാര്യ എന്നോടു വിചിത്രമായ ഒരു ആവശ്യം ഉന്നയിച്ചു. ഞാന്‍ മറ്റൊരു വനിതയെ പുറത്തു ഭക്ഷണം കഴിക്കാനും സിനിമയ്ക്കും കൊണ്ടുപോകണം. അവള്‍ പറഞ്ഞു    'ഞാന്‍ നിങ്ങള സ്‌നേഹിക്കുന്നുണ്ട്, പക്ഷേ മറ്റേ സ്ത്രീയും  നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്, നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാന്‍  അവരും ഇഷ്ടപ്പെടും. '

ഞാന്‍ സന്ദര്‍ശിക്കണം എന്ന് എന്റെ ഭാര്യ ആവശ്യപ്പെട്ട ആ ' മറ്റവള്‍ ' എന്റെ അമ്മ ആയിരുന്നു. 20 വര്‍ഷമായി ഏകാന്തജീവിതം നയിക്കുകയായിരുന്നു അവര്‍. എന്റെ ജോലിത്തിരക്കും പിന്നെ എന്റെ രണ്ടു ചെക്കന്മാരും കാരണം വല്ലപ്പോഴും മാത്രമേ ഞാന്‍ അമ്മയെ സന്ദരിശിച്ചിരുന്നുള്ളു.

ആ രാത്രി തന്നെ ഞാന്‍ അമ്മയെ വിളിച്ചു. കാര്യം പറഞ്ഞയുടന്‍ അമ്മ ചോദിച്ചു,  ' എന്താ നിനക്കു നല്ല സുഖമില്ലേ? '  രാത്രി വൈകിയ വേളകളിലെ ഫോണ്‍ എന്തെങ്കിലും ചീത്ത വര്‍ത്തമാനമായിരിക്കും എന്നു വിശ്വസിച്ചിരുന്ന കൂട്ടത്തിലായിരുന്നു അമ്മ.

 ' അമ്മയുടെ കൂടെ അല്‍പ്പസമയം ചെലവഴിക്കുന്നത് എനിക്കു സന്തോഷമായിരിക്കും' ഞാന്‍ പ്രതിവചിച്ചു. ' നമ്മള്‍ രണ്ടാളും മാത്രം '.  ഒരു നിമിഷത്തെ ചിന്തയ്ക്കു ശേഷം അമ്മ പറഞ്ഞു 'ഞാന്‍ അത് വളരെ ആഗ്രഹിക്കുന്നു  ' ആ വെള്ളിയാഴ്ച വൈകുന്നേരം അമ്മയെ വിളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ കുറച്ചു പരിഭ്രമത്തിലായിരുന്നു. ഞങ്ങളുടെ ഡേറ്റിംഗില്‍ അമ്മയും അല്‍പ്പം സംഘര്‍ഷത്തിലാണന്ന് അവിടെ എത്തിയപ്പോള്‍ എനിക്കു മനസ്സിലായി. അമ്മ വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു, മുടി ചുരുളുകളാക്കിയിട്ട്, .കഴിഞ്ഞ ജന്മദി നം ആഘോഷിക്കാന്‍ വാങ്ങിയ ഭംഗിയുള്ള ഉടുപ്പിട്ട്.....

ഒര മാലാഖയുടെ തേജസ്സു പ്രസരിപ്പിച്ച ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
'  ഞാന്‍ മകനുമായി പുറത്തു പോകുന്നുവെന്ന് കൂട്ടുകാരോടെല്ലാം ഞാന്‍ പറഞ്ഞു, അവര്‍ക്ക് വളരെ മതിപ്പുണ്ട്.  ' പുതിയ വെളുത്ത കാറിലേക്കു കയറവേ അമ്മ പറഞ്ഞു. 'നമ്മുടെ ഡേറ്റിംഗിനെ കുറിച്ച് അറിയാന്‍ അവര്‍ക്കു തിരക്കായിപ്പോയി.  '

ഭക്ഷണശാലയില്‍ വച്ച് പ്രഥമ വനിതയാണ് (പ്രസിഡന്റിന്റെ ഭാര്യ) താന്‍ എന്ന മട്ടില്‍ അമ്മ എന്റെ  കൈ കവര്‍ന്നു. ഞാന്‍ വിഭവപ്പട്ടിക വായിച്ചു കൊടുത്തു, വലിയ അക്ഷരങ്ങള്‍ മാത്രമേ അമ്മയ്ക്കു കാണാനാകൂ. പാതി വായിച്ച് തല ഉയര്‍ത്തവേ ഞാന്‍ കണ്ടു, അമ്മ എന്നെത്തന്നെ നോക്കിയിരിക്കയാണ്.  ' നീ കുട്ടിയായിരിക്കുമ്പോള്‍ നിനക്ക് മെനു വായിച്ചു തന്നിരുന്നത് ഞാനാണ ് '  ഓര്‍മ്മകളുണര്‍ത്തിയ പുഞ്ചിരിയോടെ അമ്മ പറഞ്ഞു. ' അമ്മയ്ക്കു വിശ്രമിക്കാനും എനിക്കു കിട്ടിയ അനുകമ്പ തിരിച്ചു നല്‍കാനും കിട്ടിയ സമയമാണിത്്. ' ഞാന്‍ പറഞ്ഞു. ഭക്ഷണവേളയില്‍ ഞങ്ങള്‍ വളരെ സംസാരിച്ചു, അസാധാരണമായതൊന്നുമില്ല, ഞങ്ങളുടെ രണ്ടു പേരുടേയും ജീവിതത്തിലെ സമീപ കാല സംഭവങ്ങളെ കുറിച്ച്, അത്ര മാത്രം. സംസാരത്തില്‍ മുഴുകി പോയതു കൊണ്ട് ഞങ്ങള്‍ സിനിമ വിട്ടു പോയി.

ഞങ്ങള്‍ അമ്മയുടെ വീടെത്തിയപ്പോള്‍ അമ്മ പറഞ്ഞു  ' ഇനിയും നമ്മള്‍ ഒരുമിച്ച് പുറത്തു പോകും, പക്ഷേ അന്ന് നിന്നെ ഞാന്‍ ക്ഷണിക്കും.  ' ഞാന്‍ സമ്മ്തം മൂളി.

' നിങ്ങളുടെ ഡേറ്റിംഗ് എങ്ങിനെ ഉണ്ടായിരുന്നു? '  മടങ്ങി എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു.  ' വളരെ ആനന്ദകരം, ഞാന്‍ സങ്കല്‍പ്പിച്ചതിലും അപ്പുറം'.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കടുത്ത ഹൃദയാഘാതം മൂലം അമ്മ മരിച്ചു. വളരെ പെട്ടന്നായിരുന്നതു കൊണ്ട് എനിക്ക് അമ്മയ്ക്കു വേണ്ടി ഒന്നും ചെയ്യാനായില്ല.

ചില ദിവസങ്ങള്‍ക്കു ശേഷം @രു കവര്‍ എനിക്കു കിട്ടി. ഞങ്ങള്‍ ഭക്ഷണം കഴിച്ച റെസ്റ്ററണ്ടിന്റെ രസീതും ഒരു കുറിപ്പും ആയിരുന്നു അതില്‍. ' ഈ ബില്‍ ഞാന്‍ മുന്‍കൂര്‍ കൊടുത്തു. ഞാന്‍ അന്ന് ഉണ്ടാകുമോ എന്നെനിക്കറിയില്ല, അതു സാരമില്ല, ഞാന്‍ രണ്ടു പ്ലേറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഒന്നു നിനക്കും മറ്റൊന്ന് നിന്റെ ഭാര്യയ്ക്കും. അന്നത്തെ ഡിന്നര്‍ എനിക്കെന്തായിരുന്നുവെന്ന് നിനക്ക് ഒരിക്കലും മനസ്സിലാവാനിടയില്ല. മകനേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.'  ഇതായിരുന്ന ആ കുറിമാനം.

'ആ നിമിഷം ഞാന്‍ പലതും മനസ്സിലാക്കി, ' ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ' എന്ന്് തക്ക സമയത്ത് പറയേണ്ടതിന്റ , പ്രിയപ്പെട്ടവര്‍ക്കായി അവരര്‍ഹിക്കുന്ന നമ്മുടെ സമയം നീക്കി വയ്‌ക്കേണ്ടതിന്റ, ആവശ്യകത. ജീവിതത്തില്‍ ഒരു കാര്യവും നമ്മുടെ കുടംബത്തേക്കാള്‍  പ്രാധാന്യമുള്ളതല്ല. അവരര്‍ഹിക്കുന്ന നമ്മുടെ സമയം അവര്‍ക്കു നല്‍കിയേ മതിയാകൂ, കാരണം ഇക്കാര്യങ്ങളൊന്നും  ' പിന്നീടൊരിക്കല്‍  '   എന്നു മാറ്റാനാവില്ല, മാറ്റാന്‍ പാടില്ല.'
                                                             തുടരും.....Friday, June 10, 2011

മഞ്ഞുപോലെ....

(04.06.11 ലെ വാരികാ ലി്ങ്ക് ഇവിടെ.)

വാക്കുകള്‍ ചിലപ്പോള്‍ സാന്ത്വനമാവും, മറ്റു ചിലപ്പോള്‍ കണ്ണീര്‍ കിനിയിക്കും കൂരമ്പുകളും. ഇനിയും ചിലപ്പോള്‍ അവ നമുക്ക് അഭൗമാനുഭൂതി സമ്മാനിക്കും, സരിജയുടെ 'മഞ്ഞുകാലം' http://sarijans.blogspot.com/ പോലെ.

പ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ വാക്കുകളാകുന്നതു നോക്കൂ.
ഋതുഭേദങ്ങളിലൂടെ-'വേനലാണിത്. ഗുല്‍മോഹറുകള്‍ തീക്കനല്‍ പോലെ പൂത്തുനില്‍ക്കും. ഇലകളില്ലാതെ, മഞ്ഞമരങ്ങളായ് കണിക്കൊന്നകള്‍ പൂക്കും. ആകാശം വെളുത്ത മേഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കും. വര്‍ഷമാണിത്, വേനലില്‍ വരണ്ട് വിണ്ടു കീറിയ മുറിവുകളിലേയ്ക്ക് മഴ മരുന്നായ് പെയ്തിറങ്ങും വര്‍ഷകാലം'. വര്‍ഷവും വേനലും പോലെ ശരത്തും, ഹേമന്തവും, ഗ്രീഷ്മവും മൃദുലാക്ഷരങ്ങളിലൂടെ വിരിയുന്നുണ്ടിങ്ങനെ. അക്ഷരങ്ങള്‍ കടലും കാറ്റും മഴയും, മഞ്ഞും പോലെയാകണം എന്നാഗ്രഹിക്കുന്ന 'എന്റെ അക്ഷരങ്ങളി'ലും നിറയുന്നത് പ്രകൃതിയുടെ വശ്യതയും വന്യതയും തന്നെ.

ഒരു നാള്‍ വരും, കോപതാപങ്ങളകന്ന് മോഹാഹങ്കാരങ്ങള്‍ വെടിഞ്ഞ് നാം പഞ്ചഭൂതങ്ങളായി മാറും ദിനം. അഗ്നിയും ജലവും കാറ്റും ആകാശവും ഭൂമിയും, എന്റേത്, എന്റേത് എന്ന് മത്സരിച്ച് നമ്മെ വീതിച്ചെടുക്കും ദിനം. എന്തു കൊണ്ടോ, നമ്മള്‍ ആരുമല്ലാതായിത്തീരുന്ന ആ തണുത്ത ദിവസം ഓര്‍മ്മിപ്പിച്ചു 'പഞ്ചഭൂതങ്ങള്‍' എന്ന തലക്കെട്ട്.

'ഓരോ മനുഷ്യരും ഓരോ ഭൂമിയാണ്. എന്റെയുള്ളില്‍ ഒരു സമതലം സൃ ഷ്ടിക്കാന്‍ ഞാനാഗ്രഹിച്ചെങ്കിലും വനസ്ഥലികളും മരുഭൂമികളും അഗാധമായ താഴ്്‌വരകളും ഉയര്‍ന്ന മലനിരകളും പേറുന്ന ഭൂമിയായ് ഞാന്‍ മാറിപ്പോയ്. ഓരോ മനുഷ്യരിലും ഒരാകാശമുണ്ട്. അതിരുകളില്ലാത്ത ആകാശം. എന്റെ ആകാശം ഇരുണ്ടതാണ് .മറ്റു ചിലപ്പോള്‍ നരച്ചതുമാണ്. എന്തെന്നാല്‍ മഴക്കാലത്തെയും മഞ്ഞുകാലത്തെയും ഞാന്‍ സ്‌നേഹിക്കുന്നു. ' സരിജ ഒരുക്കുന്ന ഇത്തരം മനോഹര വാങ്മയചിത്രങ്ങളെ ഞാനും സ്നേഹിക്കുന്നു.

നീ കാത്തിരിക്കുകയാണോ എന്ന നൊമ്പരപ്പോസ്റ്റില്‍ നിന്ന്-
'ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍ യാത്രയവസാനിപ്പിച്ചിരിക്കുന്നു. ഒത്തിരി യാത്ര കളെ ബാക്കിവച്ച്, തുണ വന്ന ജീവനെ തനിച്ചാക്കി, നീ മറ്റൊരു ലോകം തേടി. അവിടെ ഞാനെത്താന്‍ നീ കാത്തിരിക്കുകയാണോ? ഇനിയും നമ്മുടെ യാത്രകള്‍ തുടരാന്‍... '

പ്രിയ കഥാകാരി മാധവിക്കുട്ടിക്കുള്ള എഴുത്തില്‍ നിന്ന്-'പക്ഷേ, എവിടെയൊ ക്കെയോ നിനക്കു തെറ്റിയിരുന്നോ? ചില മാറ്റങ്ങള്‍ നിനക്കു വേണ്ടെന്നു വയ്ക്കാമായിരുന്നു. എങ്കിലും ഞാനാശ്വസിക്കുന്നു, വേഷവും മതവും മാറിയതു പോലെ നീ അക്ഷരങ്ങളും എഴുത്തും മാറ്റിയില്ലല്ലോ!' മാധവിക്കുട്ടിയെന്ന കമലാദാസെന്ന കമലാ സുരയ്യയെ കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട് ഇവ്വിധം. കേരളത്തിന്റെ അക്ഷരത്തറവാട്ടില്‍ ജനിച്ച അവര്‍ കാല്‍പ്പനിക ലോകത്തു നിന്ന് ചിലപ്പോഴെങ്കിലും പ്രായോഗികതയിലേക്കിറങ്ങി വന്നിരുന്നെങ്കില്‍ അവരുടെ സങ്കടങ്ങള്‍ ഒട്ടു വളരെ കുറയുമായിരുന്നു.

പ്രണയവും നഷ്ടബാല്യവും അനുഭവത്തുണ്ടുകളും കവിതയായും സുന്ദരഗദ്യവുമായി പെയ്തിറങ്ങുന്നുണ്ട്. ചിലപ്പോഴൊക്കെ ഭൂതവും വര്‍ത്തമാനവും ഭ്രമാത്മകതയും കൂട്ടിക്കലര്‍ത്തിയാണ് എഴുത്ത്. ഒരു പോസ്റ്റിനും കഥ, കവിത, ലേഖനം എന്നു ലേബലില്ല, അതു വായനക്കാര്‍ക്കു വിട്ടിരിക്കയാണ്.

പ്രായോഗികജീവിതത്തിലെ അമ്പരപ്പുകളും പങ്കു വയ്ക്കാനും മറക്കുന്നില്ല. 'കൊയ്യാനാളില്ലാതെ നെല്ലു നശിക്കുന്ന പാടങ്ങളിലേക്ക് എന്തുകൊണ്ട് നമ്മുടെ ട്രേഡ് യൂണിയന്‍ തൊഴി ലാളികള്‍ക്കു ഇറങ്ങിക്കൂടാ? നോക്കു കൂലി വാങ്ങുന്നതിലും അന്തസ്സല്ലെ കൊയ്ത്ത് കൂലി വാങ്ങുന്നത്. ' തീര്‍ച്ചയായും!പക്ഷേ...

'ഹര്‍ത്താല്‍ നടത്തിയതുകൊണ്ടു മാത്രം ഈ രാജ്യത്ത് എന്തെങ്കിലും ഒരു കാര്യം ശരിയായിട്ടുണ്ടൊ. ഇല്ല എന്നത് നടത്തുന്നവര്‍ക്കും അനുഭവിക്കുന്ന വര്‍ക്കും ഒരു പോലെ അറിയാവുന്ന സത്യം. അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍?' പലരും ഇത് സ്വയം ചോദിക്കുന്നുണ്ടാവും. അവരെല്ലാവരേയും അരാഷ്ട്രീയവാദികളെന്നു മുദ്ര കുത്താനാകുമോ?

'തണുത്ത് മരവിച്ച മുറിയില്‍, കീബോര്‍ഡുകളിലെ യാന്ത്രികമായ ലോക ത്തില്‍ എന്റെ പകലുകള്‍ തീര്‍ന്നു പോകുന്നു' എന്നു സരിജ വ്യഥ കൊള്ളുന്നുണ്ട്. ആ യാന്ത്രികലോകം ജീവിതമെന്ന അനിവാര്യത. മഴനൂലിന്‍ വശ്യതയും മഞ്ഞിന്‍ കുളിരും വേനല്‍ച്ചൂടും ഇല കൊഴിയും ഹേമന്തത്തിന്‍ നിസ്സഹായതയും മനസ്സിലുണ്ടല്ലോ. അതു മതി, ആ സ്ഫുലിംഗം കെടാതെ സൂക്ഷിക്കുക. മനസ്സില്‍ കിടന്നു പാകമാകുമ്പോള്‍ വാക്കുകളായി പൊട്ടിമുളച്ചുകൊള്ളും.

ഇനി ചില 'ചിന്താശകലങ്ങള്‍'-ദില്‍ സേ ദേശി ഗ്രൂപ്പില്‍ നിന്നു ഉത്ഭവിച്ചത്.
എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ട്?(കടപ്പാട്-ശാസ്ത്രസാഹിത്യപരിഷത്ത്)

ദൃഢഗാത്രരാകാന്‍ നീന്തല്‍ സഹായിക്കുമെങ്കില്‍ തിമിംഗലങ്ങള്‍ക്ക് എന്തേ ഇത്ര വണ്ണം ?

നമുക്ക്് ഭരണഘടനപ്രകാരം സംസാരസ്വാതന്ത്ര്യം ഉണ്ടല്ലോ, പിന്നെ ടെലിഫോണ്‍ ബില്ലുകള്‍ എന്തുകൊണ്ട്് ?

ചെസ്സ് കളിയില്‍ വെള്ളക്കരു ആദ്യം നീക്കുന്നു. ഇത് വര്‍ണ്ണവിവേചനമല്ലേ?്

പണം കായ്ക്കുന്ന മരങ്ങള്‍ അല്ലല്ലോ ബാങ്കുകള്‍. പിന്നെന്തിനാണ് അവയ്ക്ക് ശാഖകള്‍ (Branches)?
പശ എന്തേ അതിന്റെ കുപ്പിയില്‍ ഒട്ടിപ്പിടിക്കാത്തൂ?

ന്യായം തന്നെയല്ലേ ഈ 'സംശയങ്ങള്‍'?Wednesday, June 8, 2011

ണീം....ണീം.....ണീം

(28.5.11 ലെ വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്. On line link ഇവിടെ.)

മദ്ധ്യവേനല്‍ പൂട്ടു കഴിഞ്ഞ് വിദ്യാലയമണികള്‍ മുഴങ്ങാറായി.മഴമേഘങ്ങളും കാത്തിരിക്കയാവും ജൂണ്‍ ഒന്നിന് പെയ്‌തൊഴിയാന്‍്.

ബാഗ്,കുട,യൂണിഫോം, ഉപകരണപ്പെട്ടി എല്ലാം റെഡി. ബ്രൗണ്‍പേപ്പറില്‍ ഭംഗിയായി പൊതിഞ്ഞ് നേം-സബ്ജക്ട് സ്ലിപ്പുകള്‍ പതിച്ച നോട്ടുബുക്കുകളും മാര്‍ക്കറ്റില്‍ സുലഭം. ഇനിയിപ്പോള്‍ വേണ്ടത് പാഠപുസ്തകങ്ങളാണ്. അവ തയ്യാറായി കാണുമോ ആവോ?

രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസവിചക്ഷണനായിരുന്നു ഗാന്ധിജി. ഭൂമിയ്ക്കു വിലയിടുമ്പോലെയോ ,ഷെയര്‍ബിസിനസ്സുപോലെയോ നാം വിദ്യാഭ്യാസത്തെ കണക്കാക്കുന്നു എന്നു പരിഭവിക്കുന്ന അദ്ദേഹം ഇങ്ങനെ തുടരുന്നു. 'കൂടുതല്‍ ധനസമ്പാദനത്തിനുതകുന്ന വിദ്യാഭ്യാസം ഏതോ അതു നല്‍കാനാണ് നമ്മുടെ ശ്രമം. വിദ്യാര്‍ത്ഥികളുടെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് നാം ചിന്തിക്കുന്നു പോലുമില്ല.' കൂടുതല്‍ അറിയാന്‍ ഇതിലേ.. http://www.infed.org/thinkers/et-gand.thm.

സ്വന്തം ചെലവുകള്‍ക്ക് അച്ഛനമ്മമാരെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിസമൂഹം ലജ്ജിക്കണം എന്നു പറഞ്ഞതും ഗാന്ധിജിയാണ്. സിയയുടെ 19.5.ലെ ഗൂഗിള്‍ ബസ് വായിക്കുക-(സിയയുടെ പ്രൊഫൈല്‍- https://profiles.google.com/112481491109310451742#buzz)

'പാച്ചൂന്റെ സ്‌കൂളിലെ ഞെട്ടിക്കുന്ന വിശേഷംസ്- മൂന്നാം ക്ലാസ്സുകാരി ഫീല്‍ഡ്് ഡേ എന്നും പറഞ്ഞു പോയി, രാവിലെ മുതല്‍ ഉച്ച വരെ ഒരു ഫോട്ടോ ഷോപ്പില്‍ ജോലി ചെയ്തു. കണക്ക് പിള്ള ആയിരുന്നു, തിരിച്ച് വന്നപ്പോള്‍ ചെക്ക് എഴുതി മടുത്തു എന്ന് വിഷമം. ഇന്ന് മൂന്നാം ക്ലാസ്സുകാരുടെ വക കഫേ ആയിരുന്നു.ഒമ്പത് വയസ് കഴിഞ്ഞ കുട്ടികള്‍ കാറിനു അടുത്ത് വരുന്നു, ഓര്‍ഡര്‍ എടുക്കുന്നു, കാശ് വാങ്ങുന്നു. അതിനിടയില്‍ ചിലര്‍ ബര്‍ഗര്‍ ഉണ്ടാക്കുന്നു.'

ഇവിടേയും കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നുണ്ട്. ബാലവേലയാണെന്നു മാത്രം! ഇന്‍ഡ്യയിലെ ദൈന്യബാല്യങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചറിയാന്‍ http://www.gandhiforchildren.org/ ല്‍ പോകാം. ഗാന്ധിജിയുടെ പ്രപൗത്രന്‍ അരുണ്‍ഗാന്ധി ഉള്‍പ്പെടെ സേവനോത്സുകര്‍ പലരുണ്ട് ഇവിടെ. അവര്‍ പഠിപ്പിച്ച് പച്ചപിടിപ്പിക്കുന്ന കുരുന്നുജീവിതങ്ങളും.

'ഇന്‍ഡ്യയിലുള്ളത് പരീക്ഷാപദ്ധതിയാണ്് വിദ്യാഭ്യാസപദ്ധതിയല്ല 'എന്ന് പ്രധാനമന്ത്രിയെ ഉദ്‌ബോധിപ്പിച്ചത് അദ്ദേഹത്തിന്റെ സയിന്റിഫിക് ഉപദേശക സമിതി തലവന്‍ ഡോ. സി.എന്‍.റാവു. 'ഇന്‍ഡ്യന്‍ ചെറുപ്പക്കാര്‍ പ്രവേശനപരീക്ഷകളില്‍ നിന്നു മുക്തരായി എന്നാണ് പ്രയോജനകരമായ ജോലികളില്‍ ഏര്‍പ്പെടുക' എന്ന അദ്ദേഹത്തിന്റ ആശങ്ക തികച്ചും ന്യായം. വിശദവായനയ്ക്ക് http://www.indiaeducationreview.com സന്ദര്‍ശിക്കാം. മാറ്റങ്ങള്‍ കൂടിയേ തീരൂ. അല്ലെങ്കില്‍ വരും തലമുറകളും ജീവിതത്തിലെ വിലയേറിയ 20-25 വര്‍ഷക്കാലം പഠനാര്‍ത്ഥം ചെലവാക്കി അതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തന്നെ ചെയ്യും.

ഭാഷയും ഭൂമിശാസ്ത്രവും ചരിത്രവും സയന്‍സും കണക്കും കുഞ്ഞുങ്ങള്‍ പഠിക്കണം. ഒപ്പം തന്നെ അവര്‍ പ്രകൃതിയുടെ ഭാഗമാകയും വേണം. ആന്ധ്രയിലെ ഋഷിവാലി - http://www.rishivalley.org/ -സ്‌കൂളിനെക്കുറിച്ചറിഞ്ഞത് സാധാരണക്കാരുടെ ആര്‍ക്കിടെക്ടായ പത്മശ്രീ ജേതാവ് ശങ്കറില്‍ നിന്നാണ്. കുട്ടികള്‍ അവിടെ ചാണകം വാരും, പശുവിന് പുല്ലു പറിക്കും! അവിടുത്തെ പഠനം മകനില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നുവത്രേ.

നിസ്സാരകാരണങ്ങള്‍ക്ക് ആത്മഹത്യ ചെയ്യാനും വീട്ടില്‍ നിന്നിറങ്ങിപ്പോകാനും മടിയേതുമില്ലാത്ത കേരളത്തിലെ ചോക്ലേറ്റുകുട്ടിക്കൂട്ടം വായിക്കാന്‍ ഇന്‍ഡ്യാ-ബംഗ്ലാദേശ് യുദ്ധകാലത്തെ ഒരു കുട്ടിക്കവിത.

'സ്‌കൂളിലേക്കുണ്ടു പുത്തനുടുപ്പിട്ടു
കേളി പൂണ്ടു കിടാങ്ങളേ പോകുമ്പോള്‍
നിങ്ങളോര്‍ക്കുമോ പട്ടിണിപ്പാവങ്ങള്‍
ബംഗളാദേശിന്‍ കുട്ടികള്‍ ഞങ്ങളെ?'

ഇനി ചില ജീവിതച്ചിന്തുകള്‍-1. അവധിക്ക് നാട്ടിലെത്തിയ കുട്ടിക്ക്് അമ്മൂമ്മ വളര്‍ത്തുപശുവിന്റെ പാല്‍ നീട്ടി. 'എനിക്കു വേണ്ടാ. അവിടുത്തെപ്പോലെ നീറ്റായ കവര്‍ പാല്‍ മതി ',കുട്ടിശിങ്കം കിണുങ്ങി. പശുക്കൂട്ടിലെ ചാണകമായിരുന്നു കുട്ടിയുടെ മനസ്സില്‍.

2.ഇംഗ്ലീഷ് ട്യൂഷനായിരുന്നു കുട്ടിക്ക്. could-കുഡ്, would-വുഡ്, wood-വുഡ്. 'ഈ വ്യവസ്ഥ്യേല്ലാത്ത ഭാഷ എനിക്കു പഠിക്കണ്ട 'എന്ന് ആ പാലക്കാട്ടുകാരന്‍ ഇറങ്ങി ഒറ്റ നടത്തം.! ശരിയല്ലേ, സ്‌പെല്ലിംഗ ഒന്ന്്്, ഉച്ചാരണം വേറൊന്ന്!

3.രണ്ടു പെണ്‍കുഞ്ഞുങ്ങളും ചേച്ചിയനിയത്തിമാരായ അമ്മമാരും കൂടി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ ഒരു യാത്ര. ശല്യം ഒഴിവാക്കാന്‍ അമ്മമാര്‍ മക്കള്‍ക്കു ജോലി നല്‍കി. വഴിയില്‍ കാണുന്ന ബോര്‍ഡുകള്‍ വായിച്ച് വീട്ടില്‍ ചെന്ന് ചേച്ചി അനിയത്തിയെ എഴുതി പഠിപ്പിക്കണം. മക്കള്‍ സമ്മതിച്ചു.

വീട്ടില്‍ ചെന്നു പത്തുമിനിറ്റാകും മുമ്പ്് ഗൃഹപാഠം തീര്‍ത്ത് കുരുന്നുകള്‍ എത്തി. എഴുത്തു നോക്കിയ അനിയത്തിയുടെ ഭാവം പകര്‍ന്നതു കണ്ട് ചേച്ചി ഓടിയെത്തി വായിച്ചു, ആദ്യം ഞെട്ടി, പിന്നെ രണ്ടമ്മമാരും കൂടി പൊട്ടിച്ചിരി. എന്തോ പന്തികേടു തോന്നിയ മക്കള്‍ പറഞ്ഞു, ' ഞങ്ങള്‍ എണ്ണിയതാ, 24 സ്ഥലത്ത് ആ ബോര്‍ഡുണ്ട്.' വാക്കേതെന്നു മനസ്സിലായോ?
'കള്ള് '.