Sunday, May 22, 2011

വനിതകള്‍ക്കു മാത്രം...

സാസ്-ബഹു
ഇവിടെ വായിക്കാം

"കിഴവിയുടെ പ്രായം വരുമ്പോള്‍ അവളും ഇതുപോലെ ഒരമ്മായിയമ്മയാകും." ഇത് ഒരു വൃദ്ധന്റെ ആത്മഗതം. 'കിഴവി' ഭാര്യ കുഞ്ഞാണ്ടമ്മ, 'അവള്‍' മകന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ. സന്ദര്‍ഭവും സ്വാരസ്യവും വ്യക്തമാക്കാം. മണ്ണിന്റെ മണമുള്ള കഥകള്‍ എഴുതിയിരുന്ന പാറപ്പുറത്തിന്റെ 'വഴിയമ്പലം' എന്ന നോവലിലെ കേന്ദ്രകഥാപാത്രം മാത്തുണ്ണി മാപ്പിളയാണ് മുന്‍ചൊന്ന വൃദ്ധന്‍.സന്ദര്‍ഭം മനസ്സിലായി കാണുമല്ലോ.

കഥാകാരന്‍ വൃദ്ധനെക്കൊണ്ടു പറയിപ്പിക്കുന്നത് ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്ന വിചിത്രസത്യമാണ്. ഇന്നത്തെ അമ്മായിയമ്മ-എന്തൊരു ബോറന്‍ പ്രയോഗം!-ഒരു കാലത്തു കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച മരുമകളായിരിക്കും. ഞാനനുഭവിച്ചത് ഇനി ആരും അനുഭവിക്കരുത് എന്നല്ല, മറിച്ച് 'ഞാന്‍ കുറേ അനുഭവിച്ചതാണെടീ, നീയും അനുഭവിക്ക് ' എന്ന റാഗിംഗ് മന:സ്ഥിതിയാണ് പലരേയും ഭരിക്കുന്നത്് എന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ തനിയാവര്‍ത്തനം നടക്കില്ലല്ലോ. അമ്മ എന്ന കരുണത്തില്‍ നിന്ന് അമ്മായി എന്ന രൗദ്രത്തിലേക്ക് എത്ര എളുപ്പമാണ് വേഷപ്പക്കര്‍ച്ച!

സൈബര്‍ ലോകത്തേക്കും വ്യാപിച്ചിട്ടുണ്ട് ഈ യുദ്ധം. 'ആഗോള പുത്രവധു ക്കളേ സംഘടിക്കുവിന്‍..' എന്ന http://dilsisterhood.com/ സൈറ്റിനു ബദലായി , നിരവധി ഓണ്‍ലൈന്‍ ഹെല്‍പ്പ്‌ലൈനുകള്‍ സഹിതം http://www.aimpf.org/ എന്ന അമ്മാവി സൈറ്റ്! dil-ഡോട്ടര്‍ ഇന്‍ ലോ, aimpf -ആള്‍ ഇന്‍ഡ്യാ മദര്‍-ഇന്‍ -ലോ പ്രൊട്ടക്ഷന്‍ ഫോറം. എങ്ങനെയുണ്ട്?

http://motherinlawhell.com/ ( അമ്മാവിയമ്മ നരകത്തില്‍ പോകട്ടെ) , I hate my MIL (ഞാനെന്റെ ഭര്‍തൃമാതാവിനെ വെറുക്കുന്നു) ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിങ്ങനെ ചിലതു കൂടി ഉണ്ടാക്കിയിട്ടുണ്ട് കലിയടങ്ങാത്ത മരുമക്കള്‍ വിഭാഗം! ഇന്‍ ലോസ് ആര്‍ ഔട്ടലോസ് എന്ന പാട്ടു കേള്‍ക്കാം lyricsmode.com ല്‍ പോയാല്‍. സൈബര്‍ലോകം സാസ്-ബഹു ഒളിപ്പോരുകളാല്‍ സമൃദ്ധം !

മരുമക്കള്‍ സൈറ്റ് സങ്കടനിവൃത്തി തേടുമ്പോള്‍ അമ്മാവി സൈറ്റായ aimpf കുറച്ചുകൂടി ഗഹനവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മരുമക്കളേക്കാള്‍ കുറേ ഓണം കൂടുതലുണ്ടവരല്ലോ അവര്‍. 'പൊതുജനസമക്ഷം പരസ്യമായി വിഴുപ്പലക്കരുത് ( Do not wash dirty linen in public ' )എന്ന വിവേകാനന്ദ വചനം മറക്കാതിരിക്കട്ടെ വാളെടുക്കുന്ന അമ്മാവി-മരുമക്കള്‍ സംഘങ്ങള്‍.

ഇതിന്റെ പിന്നിലുള്ള മനഃശാസ്ത്രം ഏറെ കേട്ടു കഴിഞ്ഞു.പക്ഷേ, കാലദേശഭേദമില്ലാത്ത ഒരു ആഗോളപ്രതിഭാസം ഇത് എന്ന് എന്റെ വിലയിരുത്തല്‍. എക്‌സപഷന്‍സ് ഒഴിച്ചാല്‍ ലോകാവസാനം വരെ പല രൂപത്തിലും ഭാവത്തിലും ഇതു നിലനില്‍ക്കുകയും ചെയ്യും. ഇതു സത്യോം, സത്യോം, സത്യോം!

വിദേശത്തു ജോലി ചെയ്യുന്ന ഒരു മലയാളി പെണ്‍കുട്ടി മദാമ്മകൂട്ടുകാരെ വിവാഹഫോട്ടോകള്‍ കാണിച്ചു.മഞ്ഞലോഹത്തിളക്കത്തില്‍ കണ്ണഞ്ചി ' ഇതത്രയും അച്ഛനമ്മമാര്‍ തന്നുവോ' എന്ന് അത്ഭുതപ്പെട്ട അവര്‍ 'നമുക്ക് എന്തു കിട്ടി, ഒരു മൂശേട്ട അമ്മാവിയമ്മയെ! ' എന്ന് സ്വയം വിലപിക്കയും ചെയ്തു!

'സ്വന്തം വീടായി കരുതും, എല്ലാവരേയും സ്‌നേഹിക്കും എന്ന് പോയതാണ് പക്ഷേ...' എന്നു നിരാശപൂണ്ട് വിതുമ്പിയ പെണ്‍കുട്ടിയെ പുറം തലോടി ആശ്വസിപ്പിക്കവെ അമ്മായികുലം മുച്ചൂടും ഭസ്മമാക്കുന്ന ഭാര്‍ഗ്ഗവരാമിയാകാന്‍ മോഹിച്ചു ഒരിക്കല്‍. വാഷിംഗ് മെഷീന്‍ കേടായപ്പോള്‍ തുണി കഴുകാന്‍ അറിയാത്ത മരുമകളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്ന അമ്മാവിയോട ് ' മാഡം അവളെ സ്നേഹിക്കയല്ല, നശിപ്പിക്കയാണ്, അറിയില്ലെങ്കില്‍ പറഞ്ഞു കൊടുത്ത്് ചെയ്യിപ്പിക്കണം' എന്ന് ഘോരഘോരം വാദിച്ചു മറ്റൊരിക്കല്‍.

സങ്കടം വരുമ്പോള്‍ ജീവിതച്ചങ്ങാതിയില്‍ നിന്ന് പോട്ടെടോ എന്നൊരു കണ്ണിറുക്കല്‍, വിട്ടുകളയെടോ എന്നൊരു സ്വാന്തനചിരി , സാരമില്ല എന്ന് തോളിലൊരു തട്ട്, ഇത്ര മാത്രം മതി, മലപോല വന്ന പ്രശ്‌നം എലി പോലെ പോകുവാന്‍. അല്ലാതെ തന്റെ ഭാഗം പിടിച്ച് സ്വന്തം വീട്ടുകാരോടു ഭര്‍ത്താവ് യുദ്ധം ചെയ്യണം എന്നൊന്നും ഇക്കാലത്ത്് ഒരു പെണ്ണും ആഗ്രഹിക്കില്ല. ഭര്‍ത്താവു തന്നെ മനസ്സിലാക്കുന്നുവെന്ന തോന്നല്‍ മാത്രം മതി അവള്‍ക്ക്. പെണ്‍കോന്തന്‍, തലയിണമന്ത്രം തുടങ്ങിയ പ്രയോഗങ്ങള്‍ക്കു പകരം അമ്മക്കോന്തന്‍, അച്ഛന്‍കോന്തന്‍ എന്ന് പദാവലി (vocabulary) ഉണ്ടാക്കിയാലോ?

ഇനി കളിയും കാര്യവും:

' അമ്മാവിയമ്മയെ അമ്മീമ്മേ വച്ചിട്ട് നല്ലൊരു കല്ലോണ്ട് നാരായണ'-വാമൊഴി, ഏതോ പുത്രവധുവിന്റെ സരസ്വതീവിലാസമാകാം!

'എന്റേം അവള്‍ടേം ജാതകം ചേരും, എന്റമ്മേടേം അവള്‍ടേം ചേരുമോആവോ! '. ഒരു സരസ ബന്ധു ഉവാചഃ.

' മരുമകള്‍ അല്ല, മറുമകള്‍ ആണ്'- ഇതു പറഞ്ഞ ആന്റിക്ക് നമോവാകം!

'എന്റെ മരുമകള്‍, അവള്‍ പെണ്ണില്‍ പെണ്ണാണ് 'അഭിമാനപൂര്‍വ്വം അമ്മാവി മൊഴിഞ്ഞപ്പോള്‍ മരുമകളോട് ചില്ലറ അസൂയ!

ഒരു മദ്ധ്യകേരള നസ്രാണിപ്പയ്യന്റെ പരിദേവനം കേട്ടാലും-

' അമ്പിളികുന്നത്തല്ലോ നമ്മുടെ പെമ്പിളവീട്
അവിടെച്ചെന്നാല്‍ സൗഖ്യം തന്നെ മാന്യമ്മാരേ
കാലത്തമ്മ കാപ്പി തരും കട്ടന്‍കാപ്പി, അതില്‍
ചക്കര വേണേല്‍ ചന്തേല്‍ പോണം മാന്യമ്മാരേ..
ഉച്ചയ്ക്കമ്മ കഞ്ഞി തരും കുട്ടകത്തില്‍, അതില്‍
മുങ്ങിത്തപ്പിയാലൊന്നോ രണ്ടോ വറ്റും കാണും'10 comments:

 1. പോസ്റ്റ്‌ സംഭവബഹുലമാണല്ലോ......
  സാസ് - ബഹുവിന്റെ പുതിയ പുതിയ മുഖങ്ങള്‍ കാണണമെങ്കില്‍ ഹിന്ദി സീരിയല്‍ കണ്ടാല്‍ മതി.
  'എന്റേം അവള്‍ടേം ജാതകം ചേരും, എന്റമ്മേടേം അവള്‍ടേം ചേരുമോആവോ! '.
  ഇതേതായാലും സൂപ്പര്‍!!

  ReplyDelete
 2. ഇതു വളരെ രസിച്ചൂ. ശരിക്കൊന്നു ചിരിച്ചു ചില പ്രയോഗങ്ങള്‍ കണ്ട്.

  അമ്മായിയമ്മ പ്രശ്നം- മെനോപ്പോസുമായി ബന്ധപ്പെടുത്തിയുള്ള ഒരു ചിന്ത അടുത്തകാലത്തു കേട്ടു. കുറച്ചു കാര്യമുണ്ടെന്നു തോന്നി. എല്ലാ താളങ്ങളും കൊട്ടി ജീവിതം നേരെയാക്കിക്കഴിയുമ്പോഴേക്കും അവതാളങ്ങളുമായി പ്രകൃതിയും അവളെ കാത്തുനില്‍ക്കുകയല്ലേ..

  ReplyDelete
 3. ഒരു തരം ‘ചരിത്രാതീത’ വിഷയമെങ്കിലും വളരെ രസകരമായി പറഞ്ഞു. വളരെ ഇഷ്ടപ്പെട്ടു. ചിരിച്ചു ചിരിച്ചു പോയി. എന്റെ ഒരു സുഹൃത്ത് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മാനേജുമെന്റിന് ഏറ്റവും പ്രിയങ്കരനായ ഉദ്യോഗസ്ഥനാണ്. രാവിലെ ഏഴു മണിക്ക് സ്ഥാപനത്തിൽ വന്നാൽ അദ്ദേഹം തിരിച്ചു പോവുക രാത്രി 10 മണിക്കു ശേഷമാണ്. പക്ഷേ, സത്യത്തിൽ അമ്മയും ഭാര്യയും തമ്മിലുള്ള പെരിഞ്ഞ അടിയിൽ നിന്ന് രക്ഷപെടാനാണ് അദ്ദേഹം ഇത്രമാത്രം ശുഷ്ക്കാന്തി ജോലിയിൽ കാണിക്കുന്നത്! (അതിശയോക്തി തീരെയില്ല കെട്ടോ).

  ReplyDelete
 4. സാസ്-ബഹു കലക്കീട്ടോ... :D

  ReplyDelete
 5. വേറെ വീട്ടിലേക്കു പോകുന്നതു പെണ്ണായതു കൊണ്ട് !. മറിച്ചാണെങ്കിൽ ഈ ചൊല്ലെല്ലാം മാറിപ്പോയെനെ :) .എത്രയായാലും അമ്മായിയമ്മയും മരുമകളും തമ്മിൽ കുറച്ചെങ്കിലും സ്നേഹം കാണാതിരിക്കില്ല.

  ReplyDelete
 6. കൊള്ളാം നിരീക്ഷണങ്ങള്‍..
  എന്റെ അമ്മായിയമ്മ എന്റെ അമ്മയെക്കാള്‍ പാവമായിരുന്നു.
  ഒരിക്കല്‍പോലും ഒന്നും പറഞ്ഞ് നോവിച്ചിട്ടില്ല.
  അമ്മയ്ക്ക് മക്കളും മരുമക്കളും എന്നൊരു വേര്‍തിരിവില്ലായീരുന്നു.
  അമ്മ പോയത് ഇന്നും ഒരു തീരാനഷ്ടമാണെനിക്ക്...

  ReplyDelete
 7. മെയ്പൂക്കള്‍-ആ സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹെഡിംഗ് ഇട്ടത്. കളിയും കാര്യത്തിലും നാടന്‍ പാട്ടൊഴിച്ച് എഴുതിയതെല്ലാം ജീവിതച്ചിന്തുകള്‍ തന്നെ.
  മുകില്‍-വിശകലനങ്ങള്‍ ഒട്ടേറെയുണ്ട്്. ഇപ്പോഴും ഗവേഷിക്കുന്നുണ്ടു പോലും.രസിച്ചു എന്നറിയുന്നതില്‍ സന്തോഷം.
  ശ്രീനാഥന്‍-രസകരമായി തോന്നിയതില്‍ സന്തോഷം. ഞാനും കണ്ടിട്ടുണ്ട് ഇത്തരം ചിലരെ.

  ലിപി- ഇഷ്ടപ്പെട്ടു അല്ലേ, സന്തോഷം

  ശ്രീ-ശരിയാണ്. ഈ പ്രശനം സംബന്ധിച്ച് ജെ. ലളിതാംബിക ഒരിക്കല്‍ എഴുതിയിരുന്നു, വധുവിന്റ വീട്ടില്‍ വരന്‍ വന്നു താമസിക്കട്ടെ എന്ന്.

  മാണിക്യം-ഭാഗ്യവതി. അത്തരം വളരെപ്പേരേ എനിക്കും അറിയാം.അതാണ് എക്‌സപ്ഷന്‍സ് എന്നെഴുതിയത്.ഓഫ് ടോപ്പിക്-മാണിക്യത്തിനെ കണ്ടിട്ട് ശ്ശി കാലായല്ലോ, ബ്ലോഗിലൊന്നു പോണം എന്നു കരുതിയണ് സിസ്റ്റം ഓണ്‍ ചെയതത്. അപ്പോള്‍ കമന്റ്. സന്തോഷമായി. ടെലിപ്പതി ആവും ഇല്ലേ?:) :) ഇതുപോല ഈയിടെ പലപ്പോഴും സംഭവിക്കാറുണ്ട്.

  ReplyDelete
 8. നല്ല അമ്മ നല്ല അമ്മായി അമ്മയായിരിയ്ക്കും.
  നല്ല മകൾ നല്ല മരുമകളും......
  അത്രേയുള്ളൂ കാര്യം.
  പോസ്റ്റ് ഇഷ്ടമായി.

  ReplyDelete
 9. അമ്മായിഅമ്മ-മരുമകൾ പോരിൽ ആധുനിക സാംകേതിക വിദ്യയുടെ അനന്തസാധ്യതകൾ വായിച്ച് ചിരിച്ചുപോയി...
  ഇവിടെ വാദിയും പ്രതിയും സ്ത്രീയായതിനാൽ..അഭിപ്രായത്തിന് മുതിരുന്നില്ല....സ്ത്രീണാഞ്ച ചിത്തം ന്ന്.ല്ലേ...
  ആശംസകൾ

  ReplyDelete
 10. ഞാനും "exceptional category" യില്‍ പെടുന്ന ഒരു കുടുംബത്തിലെതാണ് കേട്ടോ.
  ബ്ലോഗ്‌ ഇഷ്ടായി. പ്രത്യേകിച്ച് ആദ്യ ഭാഗം. ഇങ്ങനേം, "cyber space" ഇല്‍ നടക്കുന്നുണ്ടല്ലോ! കാലം പോണ ഒരു പോക്കേ!!!
  അല്ല, ഈ മൈത്രേയി ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു, ഇങ്ങനെ യും, ഈ "cyber space" ഇല്‍ നടക്കുന്നുവെന്നൊക്കെ? courtesy "F.B " ക്കാണോ?

  ReplyDelete