Friday, April 22, 2011

ചെറിയ മനുഷ്യരും വലിയ ലോകവും

(Online link of varika published 16.04.2011)
ബ്രിജ് വിഹാരം (http://brijviharam.blogspot.com/) ബ്ലോഗ് എന്തു കൊണ്ടോ എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചത് ശ്രീ അരവിന്ദന്റെ, കഥ പറയുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളായ 'ചെറിയ മനുഷ്യരും വലിയ ലോകവും ' ആണ്, കണ്ണു തുറന്നു കാണുകയും ചെവി തുറന്നു കേള്‍ക്കുകയും ചെയ്യുന്ന അതിലെ നിര്‍മ്മമനായ രാമുവിനെയാണ്. രാമു ഏറെക്കുറെ നിസ്സംഗനാണ്, ബ്രിജ് വിഹാരകര്‍ത്താവായ ബ്ലോഗര്‍ മനു പക്ഷേ അങ്ങനെയല്ല, തനിക്കു ചുറ്റമുള്ള ലോകത്തോട് സംവദിക്കുന്നുണ്ട്, ആ ലോകത്തില്‍ ആമഗ്നനാകുന്നുമുണ്ട്. 'ഒന്നു മെല്ലെ ചിരിച്ചും ഇടയക്കിടെ കണ്ണുനീരില്‍ നനച്ചും ഈ ജീവിതം' എന്ന മനുവിന്റെ ബ്ലോഗിലൂടെ.....

' ആത്മകഥാംശം അവിടവിടെ ചിതറിക്കിടപ്പുണ്ടെങ്കിലും ഈ ബ്ലോഗിലെ കഥകളും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് ' എന്നൊരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്.പക്ഷേ അത് അത്രകണ്ട് മുഖവിലയ്‌ക്കെടുക്കാനാവില്ല, കാരണം ഞാന്‍ എല്ലാത്തിലും സജീവകഥാപാത്രമാണ്.

മൂന്നുവയസ്സുകാരി മകളുടെ ജനനസര്‍ട്ടിഫിക്കറ്റ് കിട്ടനുള്ള തത്രപ്പാടുകള്‍ക്കിടയില്‍ യദൃഛയാ പഴയ സതീര്‍ത്ഥ്യനെ കണ്ടുമുട്ടുന്നതു രസകരമായി വര്‍ണ്ണിച്ചിരിക്കുന്ന ടേണിംഗ് പോയിന്റ് എന്ന പോസ്റ്റില്‍ നിന്ന്-

' 'ദൈവമേ സര്‍ക്കാര്‍ ഓഫീസിലും മോര്‍ച്ചറിയിലും കയറിയിറങ്ങാന്‍ ഇടവരരുതേ..' എന്ന പ്രാര്‍ഥന, ഭൂരിപക്ഷം ഭാരതീയരെപ്പോലെ തന്നെ എനിക്കുമുണ്ട്. ഒരു ടേബിളില്‍ തന്നെയിട്ട് ശരീരഭാഗങ്ങളൊക്കെ ഒരു കാരണവുമില്ലാതെ വെട്ടിമുറിക്കുന്നതാണ് രണ്ടാമത്തെ കേസിലെങ്കില്‍, ഒന്നില്‍ക്കൂടുതല്‍ ടേബിളുകളിലൂടെ വലിച്ചിഴച്ച് ആത്മാഭിമാനവും ക്ഷമയു മൊക്കെ കുത്തിക്കീറുന്ന ഏര്‍പ്പാടാണല്ലോ ആദ്യത്തെ കേസിലുള്ളത്.'

ഈ ശോചനീയ അവസ്ഥ എന്നു മാറും? വാസ്തവത്തില്‍ നമ്മുടെ നികുതി കൊണ്ടു ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അന്നദാതാക്കളല്ലേ നമ്മള്‍?ഏറ്റവും ബഹുമാനവും പരിഗണനയും അര്‍ഹിക്കുന്നവര്‍? ഇത്ര നിന്ദ്യമായി പെരുമാറാന്‍ ഇവര്‍ക്കു ധൈര്യം നല്‍കുന്നത് ഈ ചുണയില്ലാത്ത നമ്മളല്ലേ?'കസ്റ്റമര്‍ ഒരിക്കലും ഒരു ശല്യമല്ല, അവരാണ് നമ്മുടെ ചുറ്റുവട്ടത്ത് ഏറ്റവും പ്രധാനികള്‍, അവരാണ് നമ്മുടെ ജോലിക്ക് നിദാനം' എന്നു പറഞ്ഞത് ഗാന്ധിജി! ഇത്ര ഗാന്ധിത്തലയെന്ന് എണ്ണം പറഞ്ഞു ക്കൈകൂലി വാങ്ങുന്നവരോടാണ് വേദപാഠം!

'സുന്ദരിയായ ഒരു പെണ്ണിന്റെ മൊത്തം ഉയരം അവളുടെ പൊക്കിള്‍ചുഴിവരെ യുള്ള ഉയരം കൊണ്ട് ഡിവൈഡ് ചെയ്താല്‍ ഈ റേഷ്യോ, അതായത് 1.6180 കിട്ടും..' അതെ, ഗോള്‍ഡന്‍ റേഷ്യോയെപ്പറ്റി തന്നെയാണേയ്......

' 'അതു തന്നെയാടാ നൂറ്റിമുപ്പതുകോടി മാന്‍പവര്‍ ഉള്ള ഇന്ത്യയുടെ ഗതികേട്.. സകല എണ്ണത്തിന്റേയും ആദ്യത്തെ ഇരുപത് വര്‍ഷം നശിപ്പിച്ചുകളയുവാണിവിടെ. നമ്മള്‍ പഠിക്കുകയായിരുന്നില്ലെടാ.. നമ്മളെ പഠിപ്പിക്കുകയും ആയിരുന്നില്ല..''
എത്ര അര്‍ത്ഥവത്തായ വാക്കുകള്‍? നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി ഉടച്ചു വാര്‍ക്കേണ്ടതാണെന്ന് എല്ലാവരും സമ്മതിക്കും, പക്ഷേ പൂച്ചയ്ക്കാരു മണികെട്ടും?ജാതിയും മതവും മതഭൂരി-ന്യൂനപക്ഷവുമൊന്നും നോക്കാതെ ഓരോരോ രംഗത്ത് വിവരമുള്ളവരെ അതാതു വകുപ്പുകള്‍ ഏല്‍പ്പിക്കണം, സ്ഥാപിതതാല്‍പര്യങ്ങള്‍പ്പുറം ഭാവി തലമുറയെ കുറിച്ചു ചിന്തിക്കുന്നവരെ...ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭയില്‍ മുണ്ടശ്ശേരി മാഷ് വിദ്യാഭ്യാസമന്ത്രിയായി. ഇന്നിപ്പോള്‍ ആരു ജയിച്ചാലും അത്തരമൊരു നീക്കം ചിന്തിക്കാനാവുമോ നാലുനേരം രാഷ്ട്രീയം ഉരുട്ടി വിഴുങ്ങുന്ന സാക്ഷരകേരളത്തിന്?

2007ല്‍ ബ്ലോഗ് എഴുതി തുടങ്ങിയതാണ് മനു. എല്ലാ ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം്. ചുറ്റുവട്ടങ്ങളാണ് വിഷയീഭവിക്കുന്നത്, അതിനാല്‍ തന്നെ നമ്മ ളും അതിലെല്ലാം ഉണ്ടെന്നു തോന്നും, അതാണെന്നു തോന്നുന്നു മനുവിന്റ എഴുത്തു ശൈലിയുടെ ആകര്‍ഷണവും. 'ബ്രേക്് അപ് പാര്‍ട്ടി ' എന്ന ഉള്ളില്‍ തട്ടും പോസ്റ്റില്‍ നിന്ന്-

' 'we are parting because his name is Niyas. കണ്ണന്‍ എന്നത് ഞാനിട്ട വിളിപ്പേര് .നിയാസ് റഹ്മാന്‍.ഒരു മുറിയില്‍ രണ്ട് ദൈവങ്ങള്‍ വേണ്ടാന്ന്, ദാ അവിടെ നില്‍ക്കുന്ന ഞങ്ങളുടെ ജനറേഷനിലെ ഒരാളുപോലും പറയില്ല.പക്ഷേ, വീ കാണ്ട് ലിവ് ടുഗദര്‍.പേടിച്ചിട്ട്.ഞങ്ങള്‍ക്ക് മുമ്പുള്ള ജനറേഷനെ പേടിച്ചിട്ട്. ഡിക്ഷ്ണറിയില്‍ നിങ്ങള്‍ ചേര്‍ക്കുന്ന പുതിയ വാക്കുകളെ പേടിച്ചിട്ട്.ലവ് ജിഹാദ്,ലവ് ടെററിസം,ആള്‍ ദ ബ്ലഡി. ' അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്‌നേഹിച്ചു കാണും ഇവള്‍ അവനെ.എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു' എന്റേയും! ജനറേഷന്‍ ഗ്യാപ്പ്!

പക്വത വന്ന, കാലത്തിനു ചേര്‍ന്ന, ഉള്‍ക്കാഴ്ച്ചയുള്ള പുരോഗമനപരമായ നിരീക്ഷണങ്ങളാണ് മനുവിന്റേത്. എല്ലാ ലേഖനങ്ങളും വായനാക്ഷമവുമാണ്, എങ്കിലും എന്തെങ്കിലും ഒരു കുറ്റം പറയാന്‍ എന്ന വണ്ണം പറയട്ടെ, ഇപ്പോഴത്തെ കാലത്ത് ഇത്തിരി നീളം കൂടുതല്‍ എന്നു പറയാം. 'നല്ല കോളമാണ് ,പക്ഷേ രണ്ടു പേജുള്ളതുകൊണ്ട് മുഴുവന്‍ വായിക്കാറില്ല' എന്നു പറയുന്ന കാലം! ഓടുന്ന കാലത്തിന് ചെറുത് നന്ന്!

എന്തുകൊണ്ട് 'ബ്രിജ് വിഹാരം' എന്ന പേര് എന്നറിയണ്ടേ?വായിക്കുക, 'വാട്ടീസ് ബ്രിജ്വിഹാരം' എന്ന പോസ്റ്റ്.

ആനുകാലികങ്ങളില്‍ എഴുതുന്ന, മീഡിയാ ഇന്‍ഡസ്റ്റ്രിയില്‍ ജോലി ചെയ്യുന്ന മനുവിനെ ഇനിയും വാഗ്‌ദേവി അനുഗ്രഹിക്കട്ടെ! കൂടുതല്‍ എഴുതട്ടെ നമുക്കു വായിക്കാനായി.

4 comments:

 1. ബൂലോകത്ത് എന്നെ വളരെയധികം ആകര്‍ഷിച്ച ബ്ലോഗുകളില്‍ മുമ്പില്‍ നില്‍ക്കുന്ന ഒന്നാണ് ബ്രിജ് വിഹാരം.
  സത്യത്തില്‍ ആ ബ്ലോഗ്‌ ഞാന്‍ കണ്ടെത്താന്‍ താമസിച്ചു പോയിരുന്നു.
  എന്തൊരു സൌന്ദര്യമാണാ വരികള്‍ക്ക്..
  സ്വാഭാവികത തുളുമ്പി നില്‍ക്കുന്ന നര്‍മം..

  ഇപ്പോള്‍ കുറെയായി പോസ്റ്റ്‌ ഒന്നും കാണാത്തത്.
  പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ മനു,ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട് കേട്ടോ..

  ReplyDelete
 2. നല്ലൊരാമുഖമായി നല്ലൊരു ബ്ലോഗിലേക്ക്, പക്ഷേ ബ്ലോഗർ അവധിയിലാണെന്നു തോന്നുന്നു. ഈ രാമുവിനെ എവിടെയൊക്കെയോ ഇപ്പോഴും ഞാൻ കണ്ടു മുട്ടാറുണ്ട്.

  ReplyDelete
 3. നല്ലോരു ബ്ലോഗ്ഗ് കണ്ടെത്താൻ സാധിച്ചതിൽ നന്ദി...വായനക്കാരെ പിടിച്ചിരുത്തുന്ന വരികൾ എന്നു സമ്മതിക്കാതെ വയ്യ

  ReplyDelete
 4. ഞാൻ വായിയ്ക്കാറുണ്ട്. ഇപ്പോൾ പോസ്റ്റ് ഒന്നും കണ്ടില്ല.

  പിന്നെ, സന്തോഷമുള്ള ഒരു കാര്യം കൂടി പറയട്ടെ, അദ്ദേഹം എന്റെ ബ്ലോഗ് സന്ദർശിച്ച് അഭിപ്രായം എഴുതിയിരുന്നു. എന്നെപ്പോലെ ഒരാൾക്ക് അതൊരു വലിയ പ്രോത്സാഹനമാണ് തീർച്ചയായും.

  ReplyDelete