Sunday, April 17, 2011

നിനക്കും എനിക്കും ഇടയില്‍...

(Online link of varika published 09.04.2011)

നിന്റേയും എന്റേയും മനസ്സുകള്‍ക്കിടയില്‍ ഒരു കാണാപാലമുണ്ടോ?സ്‌നേഹവിശ്വാസങ്ങള്‍ കൊണ്ടു മാത്രം പണിതീര്‍ത്ത ഒരു കമ്പിയില്ലാ കമ്പി? ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ധവിശ്വാസമെന്നോ, വിഭ്രാന്തി എന്നോ എന്തു വേണമെങ്കിലും വിളിക്കാം.

ടെലിപ്പതി എന്ന പരഹൃദയജ്ഞാനത്തെപ്പറ്റി കൂടതല്‍ പഠിക്കണമെന്നു തോന്നിപ്പിച്ചത് ചില ചെറു ജീവിതാനുഭവങ്ങളുാണ്, വായിച്ചപ്പോഴോ അതു വളരെ ബൃഹ്ത് വിഷയമെന്നു മനസ്സിലായി.ESP അഥവാ Extra Sensory Powers (അതീന്ദ്രിയ കഴിവുകള്‍?) ന്റെ ഒരു ഭാഗം. സ്വാമി വിവേകാനന്ദന്റെ ഒരു പുസ്തകത്തില്‍ (പേരോര്‍മ്മയില്ല) മനസ്സില്‍ നിന്നു മനസ്സിലേക്കു പ്രവഹിക്കുന്ന ആശയവിനിമയ തരംഗങ്ങള്‍ എന്നോ മറ്റോ ആംഗലേയ നിര്‍വ്വചനം നല്‍കിയിരുന്നുവെന്നാണ് ഓര്‍മ്മ.ഈ തരംഗങ്ങള്‍ക്കു പ്രകാശത്തേക്കാള്‍ വേഗതയും.

നളചരിതത്തില്‍ നള-ഋതുപര്‍ണ്ണ മഹാരാജാക്കന്മാര്‍ സ്വായത്തമാക്കിയ അശ്വഹൃദയവും അക്ഷഹൃദയവും വാസ്തവത്തില്‍ ESP തന്നെ അല്ലേ? ഒരാള്‍ അതു വച്ച് കുതിരയുടെ വേഗം നിയന്ത്രിച്ചു, മറ്റേയാള്‍ മരം കാണുന്ന മാത്രയില്‍ അതിലെ ഇലയുടേയും പൂവിന്റേയും എണ്ണം നൊടിയിടയില്‍ പറയുന്നു. അതായത് മനുഷ്യനും പ്രകൃതിയും തമ്മിലൊരു ആശയവിനിമയപ്പാലം....

'അയ്യര്‍ ദ ഗ്രേറ്റിന്റെ ' സിക്‌സ്ത് സെന്‍സ് നമ്മള്‍ മറന്നു കാണില്ല. അതുപോലെ ' യോദ്ധാ'യിലെ കുട്ടി ലാമ ഉണ്ണിക്കുട്ടന്‍ നോട്ടം കൊണ്ടു മാത്രം അകലെ നിന്ന് ചായഗ്ലാസ്സ് മറിയാതെ സൂക്ഷിച്ചത് ഓര്‍മ്മയില്ലേ? ഉണ്ണിക്കുട്ടനു മാത്രമല്ല, ഒന്നു ചികഞ്ഞു നോക്കിയാല്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാകും ഇത്തരം അനുഭവങ്ങള്‍. നിഗൂഢശക്തികള്‍ ഒളിഞ്ഞിരിക്കുന്ന കലവറയേ്രത നമ്മുടെ മനസ്സ്. പക്ഷേ നമ്മള്‍ അതു തിരിച്ചറിയുന്നില്ലെന്നു മാത്രം.

ടെലിപ്പതിയിലേക്കു തിരിച്ചു വരാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോണുകള്‍ ഇല്ലാത്ത കാലം. മകള്‍ക്കൊപ്പം തല്‍ക്കാല താമസത്തിനു പോയ അമ്മയ്ക്ക് പെട്ടെന്ന് അസുഖം വരുന്നു. ഇതറിയാതെ കാതങ്ങളകലെ വീട്ടിലിരിക്കുന്ന മകന് അകാരണമായ അസ്വസ്ഥത പെരുകി ഉറക്കം വരാതെ മുറ്റത്ത് രാത്രി ഉലാത്തുന്നു. മൂന്നു മണിക്കൂറിനകം അമ്മയുടെ നിര്‍ബ്ബന്ധം സഹിക്ക വയ്യാതെ മകള്‍ അമ്മയെ തിരികെ പാതിരായ്ക്കു മകന്റെ വീട്ടിലെത്തിക്കുന്നു, അവിടെ നിന്ന് ആശുപത്രിയിലേക്ക്. മലയാറ്റൂര്‍ 'വേരുകള്‍ ' എഴുതും മുമ്പ് സംഭവിച്ചതാണേ ഇക്കാര്യം. കോപ്പിയടിച്ചതല്ല...അമ്മയ്ക്കും മകനും ഇടയില്‍ സ്നേഹത്തിന്റെ കമ്പിയില്ലാക്കമ്പിയിലൂടെ ആശയവിനിമയം നടന്നു കാണില്ലേ? അതാണ് ടെലിപ്പതി. ഇത്തരം സ്വാനുഭവങ്ങളുമുണ്ട്, വിസ്തരഭയത്താലും വായനക്കാരെ മാനിച്ചും എഴുതുന്നില്ല!!!

പി.നരേന്ദ്രനാഥിന്റെ 'മനസ്സറിയും യന്ത്രം' എന്ന രസകരമായ ബാലസാഹിത്യപുസ്തകം വായിച്ച് ചിരിച്ചു മണ്ണു കപ്പിയത് ഓര്‍മ്മയില്ലേ?കഥാകാരന്റെ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാലമൊന്നുമാവില്ല. ന്യൂറോ ഇമേജിംഗ് എന്ന ആധുനിക ശാസ്ത്രരീതിയില്‍ ആ രംഗത്ത് വളരെ ഗവേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടു പിടിക്കാനും മറ്റും ഉതകുന്ന ഈ പഠനഫലങ്ങള്‍ ദുരുപയോഗപ്പെടുത്താതിരിക്കട്ടെ.
ടെലിപ്പതിയെപ്പറ്റി കൂടുതല്‍ അറിയാനും പരീക്ഷിക്കാനും http://www.telepathyrevealed.com/, http://www.sheldrake.org/ ഇവിടെ പോകാം. അപ്പോളോ 14 ബഹിരാകാശപേടക യാത്രികന്‍ Edgar Mitchell 1973 ല്‍ സ്ഥാപിച്ച Institute of Noetic Sciences എന്ന സ്ഥാപനത്തിന്റെ http://www.noetic.org/ സൈറ്റ് വായിച്ചാല്‍ ബഹിരാകാശ മടക്കയാത്ര അതു സ്ഥാപിക്കാന്‍ പ്രേരണാഘടകമായത് എങ്ങനെ എന്നു വായിക്കാം.
തലച്ചോറിന്റെ പ്രവര്‍ത്തനം വികസിപ്പിക്കാനായി ലുമോസിറ്റി എന്ന ടെസ്റ്റ് ചെയത് നോക്കണോ? http://www.lumosity.com/personal-training-plan സന്ദര്‍ശിക്കാം. പക്ഷേ ആരെങ്കിലും അറിവുള്ളവരോടു ചോദിച്ചിട്ടേ ഇതിനെല്ലാം പുറപ്പെടാവൂ കേട്ടോ....കുട്ടിക്കളിയല്ലിതു നിഗൂഢമാം പള്‍സുകള്‍ നിറയും ബ്രെയിന്‍...

1.ഇനി ഫോര്‍വേഡഡ് മെയിലിലൂടെ വന്ന മഹദ്വചനങ്ങളില്‍ നിന്ന്-

'മറ്റുള്ളവരുടെ വികാരങ്ങള്‍ വച്ചു കളിക്കരുത്-ഒരു പക്ഷേ നിങ്ങള്‍ കളി ജയിച്ചേയ്ക്കാം, പക്ഷേ നിങ്ങള്‍്ക്കയാളെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടൈന്നിരിക്കും.'-ഷേക്‌സ്പിയര്‍.
'ചിരിക്കുന്ന മുഖങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് ദുഃഖമില്ലെന്നല്ല, മറിച്ച് അതു കൈകാര്യം ചെയ്യാന്‍ അവര്‍ പഠിച്ചിരിക്കുന്നുവെന്നാണ് ' -ഷേക്‌സ്പിയര്‍

'ലോകം വളരെ സഹിക്കുന്നുണ്ട്, ചീത്തയാളുകളുടെ അക്രമം(violence) കൊണ്ടല്ല, മറിച്ച്് നല്ലവരുടെ നിശ്ശബ്ദത (silence ) കൊണ്ട്.'-നെപ്പോളിയന്‍.

'എന്നോടു പറ്റില്ല എന്നു പറഞ്ഞ എല്ലാവരോടും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു, കാരണം അവര്‍ കാരണമാണല്ലോ ഞാന്‍ അതെല്ലാം തനിയെ ചെയ്യാന്‍ ഇടയായത്. '- ഐന്‍സ്റ്റീന്‍.

'ഒരാളെ തോല്‍പ്പിക്കാന്‍ വളരെ എളുപ്പമാണ് , പക്ഷേ നേടുക എന്നത് ഏറെ ശ്രമകരമത്രേ. 'ഡോ.എ.പി.ജെ അബ്ദുള്‍കലാം.

2. 'എല്ലാം നിനക്കു വേണ്ടി' എന്ന സചിത്ര തമാശമെയിലില്‍ നിന്ന്-
' എത്ര ദിവസമായി നോക്കെത്താദൂരത്ത് കണ്ണും നട്ട് നോക്കിയിരിക്കുന്നു? എന്തേ നീ വന്നില്ല? ഇനിയും വന്നില്ലെങ്കില്‍ ഞാന്‍...........'തേങ്ങാ ഇടാന്‍ വേറേ ആളിനെ വിളിക്കും... '(ഒരു തേങ്ങാക്കുലയുടെ പടമുണ്ട്, ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍...)

'നിനക്ക് നെറ്റ്വര്‍ക്ക് ബിസിനസ്സ് ആണെന്നു പറഞ്ഞപ്പോള്‍ ഞാനിത്രയും പ്രതീക്ഷിച്ചില്ല.'- ആള്‍ മീന്‍പിടുത്തക്കാരന്‍, ചീനവലയുമായി നില്‍ക്കുന്ന പടം.

'ഒരു ദിവസം ന്യൂസ് പേപ്പര്‍ വായിച്ചപ്പോഴാണ് വെള്ളമടിയുടെ ദോഷങ്ങളെക്കുറിച്ചു മനസ്സിലായത്...അള്‍സര്‍, ക്യാന്‍സര്‍ ഹോ '..അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു, ഇല്ല, ഇനി മേലില്‍ ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കില്ലാ....'

7 comments:

 1. നല്ല വരികള്‍...ആശംസകള്‍...

  ReplyDelete
 2. സ്നേഹമുള്ള ബന്ധങ്ങള്‍ക്കിടയിലെവിടെയോ ഒരു കമ്പിയില്ലാക്കമ്പി പ്രവര്‍ത്തിക്കുന്നുണ്ട്..തീര്‍ച്ച.

  ReplyDelete
 3. മനസ്സുകൾ തമ്മിൽ സംവദിക്കുന്നതറിയുന്നു....നല്ല വരികൾ...

  ReplyDelete
 4. നല്ല ലേഖനം. തികച്ചും കൌതുകകരം. എങ്കിലും ടെലിപ്പതി ശാസ്ത്രീയ പരീക്ഷണങ്ങളെ ഒന്നും ഇതു വരെ അതിജീവിച്ചിട്ടില്ലെന്നാണറിവ്.

  ReplyDelete
 5. ടെലിപതിയെ പറ്റി വായിച്ചിട്ടുണ്ട്.അനുഭവങ്ങളും ധാരാളം.ഈ സുന്ദരമായ ലേഖനം പഴയ പല അനുഭവങ്ങളും ഓര്‍മ്മിപ്പിച്ചു.അഭിനന്ദനങ്ങള്‍.

  ReplyDelete
 6. nalla post aanu. ennum kauthukamunarthunna vishayam.

  ReplyDelete
 7. പരഹൃദയമറിയാനുള്ള തീരാക്കൌതുകം!

  മഹദ് വചനങ്ങൾ ഇഷ്ടപ്പെട്ടു.

  ReplyDelete