Tuesday, March 15, 2011

വന്ദനം മലമാതേ..

(Online link-Published 12.03.2011)
സ്ഥലം നോക്കാന്‍ എന്നു പറഞ്ഞു പോകാറുണ്ടെങ്കിലും മലയുടെ താഴെ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ മുകളിലേക്കു 'നോക്കി' പേരു കേള്‍പ്പിച്ചു തിരികെ പോരുക എന്ന സാധാരണ പതിവു വിട്ട് കഴിഞ്ഞ തവണ ഞങ്ങള്‍ മല കയറുവാന്‍ തന്നെ തീരുമാനിച്ചു. നഗരത്തില്‍ ജനിച്ചു വളര്‍ന്ന കൂട്ടുകാരന്‍ ബൂട്ടസ് ഇട്ടു തയ്യാറായപ്പോള്‍ 'ഓ, ഞാന്‍ മലമകള്‍, എനിക്കെന്തു തയ്യാറെടുപ്പുകള്‍' എന്നു ചിരിച്ചു ഒരു താങ്ങിനു വടി മാത്രം കരുതി.

യാത്ര തുടങ്ങി. കാല്‍ ഭാഗം ആകും മുമ്പ് ഞാന്‍ തളര്‍ന്നു, നഗരവാസിക്ക് കുലുക്കമേതുമില്ല.എന്നെ അതിശയിപ്പിച്ച് 'കൊക്കെത്ര കുളം കണ്ടതാ 'എന്ന ഷമ്മി തിലകന്‍ സ്റ്റൈല്‍. പിറകേ വച്ചു പിടിച്ചു, പതിയെ പതിയെ. മലമകള്‍ എന്ന അഹങ്കാരത്തിനു, ലാഘവഭാവത്തിനു ഇടിവു തട്ടി തുടങ്ങി.അപ്പോള്‍ തോന്നി പെണ്ണായി പോയില്ലേ, എന്തായാലും ശബരിമല കയറാന്‍ അയ്യപ്പസ്വാമിയുടെ ആള്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ സമ്മതിക്കില്ല, ചൂരിദാര്‍ ഇട്ട് വനിതകള്‍ തൊഴുതിട്ടും ഗുരുവായൂരുന്നു കണ്ണന്‍ എങ്ങും പോയില്ലല്ലോ എന്ന സ്്രതീപക്ഷചിന്തയൊന്നും അവര്‍ക്കില്ലല്ലോ...പിന്നെ അതു കരിമലകയറ്റമായി സങ്കല്‍പ്പിച്ചു ശരണം വിളിയായി....

തിരികെ ഇറങ്ങവേ തെന്നി വീണു,പല വട്ടം. കയ്യ് ഉരസി തൊലി പോയി-മുറിവ്,നീറ്റല്‍ ചതവ്, സങ്കടം. ചുറ്റും നോക്കി വേഗം ഒരു ചെടിയുടെ ഇലകള്‍ പറിച്ച് മുറിവില്‍ വച്ചു തന്നു.ഇളം വയലറ്റ് കുഞ്ഞുപൂക്കളുള്ള ആ ചെടി അയഡിന്‍ ചെടിയാണത്രേ.അയഡിന്‍ തേച്ചാലെന്ന വണ്ണം തന്നെ നിറമായി നീളത്തിലുള്ള മുറിവിന്. നീറിയതുമില്ല.മറ്റു യാതൊരു മരുന്നും പിന്നെ ഇടേണ്ടി വന്നതുമില്ല. നാട്ടുകാരി, നഗരവാസി എന്നതരംതിരിവുകളുടെ മൂഢത്വം എനിക്കു മനസ്സിലായി എന്റെ അഹങ്കാരം തീര്‍ത്തിലിഞ്ഞില്ലാതായി. സ്വാമി ശരണം!

മുറികൂട്ടി എന്ന ചെടിയുടെ നീരെടുത്ത് ചതവില്‍ പുരട്ടി, ശുഭഫലം!പ്രശ്‌നനത്തിനൊപ്പം പ്രശ്‌നപരിഹാരവും തൊട്ടടുത്തു കരുതുന്ന മലമാതേ നിനക്കു സ്്‌തോത്രം! നഗരത്തിലിരുന്നിട്ടും എല്ലാം വായിച്ചറിഞ്ഞ് തക്ക സമയത്ത് ഉപയുക്തമാക്കി തന്ന കൂട്ടുകാരനും പെരുത്തു നന്ദി. ഇല്ലെങ്കില്‍ ഞാന്‍ മെഡിക്കല്‍ ഷോപ്പു പൊടിയോ ലേപനമോ ഇട്ട് തൊലി കേടാക്കിയേനേ!

ആ ചെടി ഏതെന്നു കണ്ടുപിടിക്കാന്‍ പോയത് http://ayurvedicmedicinalplants.com/ എന്ന സൈറ്റിലേക്കാണ്.പക്ഷേ ആ പേരില്‍ കാണാനായില്ല. മറ്റന്തെിങ്കിലും പേരിലായിരിക്കും അറിയപ്പെടുക.അവിടെ പ്ലാന്റ്‌സ് എന്ന ഹെഡ് ക്ലിക്ക് ചെയ്താല്‍ ബൊട്ടാണിക്കല്‍ / സംസ്‌കൃതം മലയാളം പേരുകളില്‍ ഇഷ്ടമിളളതു വച്ച് വീണ്ടും തിരയാം. മലയാളം എടുത്ത് മുറികൂട്ടി എന്നു തെരഞ്ഞപ്പോള്‍ മറ്റൊരു ചെടി പക്ഷേ കിട്ടി. അതും ഇവിടെ ഉള്ളതു തന്നെ.!വീട്ടുമുറ്റത്ത് ചെടിച്ചട്ടികളില്‍ വളര്‍ത്താറുണ്ട് ആഭരണച്ചെടിയായി. വ്രണരൂപിണി എന്നു സംസ്‌കൃതപേര,് രസം-തിക്ത, മധുരം ലഘുശീതഗുണം ശീതവീര്യം എന്നിങ്ങനെ ആ ചെടിയെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ ഫോട്ടോ സഹിത വിവരണമുണ്ട്.സൈ
സൈഡ് ബാറുകളില്‍ ആയുര്‍വേദത്തിന്റെ ഭാവി തുടങ്ങി ധാരാളം ലേഖനങ്ങളുമുണ്ട്.

നീലക്കൊടുവേലി എന്ന കാല്‍പ്പനിക പുഷ്പം ഒളിപ്പിച്ചു വച്ചിരിക്കുന്ന കാണാതടാകം നെഞ്ചിലേറ്റിയ ഇല്ലിക്കല്‍ കല്ലിന്റെ നാട്ടുകാരിയായിരുന്നതു കൊണ്ട് നീലക്കൊടുവേലി കാണണമെന്ന് എനിക്കു മോഹമുദിച്ചു. അത് വെള്ളത്തില്‍ വളരുന്ന ചെടിയല്ലെന്നും കരയില്‍ വളരുന്ന കുറ്റിച്ചെടിയാ ണെന്നും മനസ്സിലാക്കുന്നു!.അതെന്തോ ആവട്ടെ എനിക്കിന്നും അതെന്റെ ആ പഴയ കാല്‍പ്പനികപുഷ്പം തന്നെ.

നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുന്ന നാമറിയാത്ത നമ്മുടെ സസ്യസമൃദ്ധിയെപ്പറ്റി നല്ല അറിവു പകരുന്നു ആ സൈറ്റ്.

നമുക്കു പൂജയ്ക്കും മറ്റു മരുന്നുകള്‍ക്കുമായി എത്രയോ തുളസി വേണം, എന്തുകൊണ്ട് ഇതു വ്യാപകമായി ഇവിടെ കൃഷി ചെയ്യുന്നില്ല എന്നാലോചിച്ചിട്ടുണ്ട്. ഒരു സോപ്പു കമ്പനിക്കാര്‍ പറഞ്ഞത് അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് തുളസി കൊണ്ടു വരുന്നു എന്നാണ്.ഇവിടെ മറ്റു കമ്പും കോലും തിരഞ്ഞുമാറ്റാത അതോടെയാണ് കിട്ടുക, വിലയും കൂടുതല്‍, അത്രയുമാവില്ല മഹാരാഷ്ട്രയില്‍ നിന്നു കൊണ്ടു വന്നാല്‍ എന്നാണ്.

സര്‍ക്കാര്‍ ഇത്തരം മരുന്നുകൃഷികളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇപ്പോള്‍. ധാരാളം സബ്‌സിഡി ഉണ്ട്. അത് എങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട് കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ http://hortnet.kerala.nic.in/home.htm എന്ന സൈറ്റ്.മാര്‍ക്കറ്റ് പ്രൈസും നല്‍കിയിരിക്കുന്നു അവിടെ.

ഒരിക്കല്‍ കാര്‍ഷിക കോളേജില്‍ ഒരു സെമിനാറിനു പോയപ്പോള്‍ അവര്‍ പറഞ്ഞത് ആവശ്യം മനസ്സിലാക്കി കൃഷി ചെയ്യണം എന്നാണ്. ഉദാഹരണത്തിന് നീലിഭൃംഗാദി എണ്ണയ്ക്കു വേണ്ട എല്ലാ ചെടികളും ഒന്നിച്ചു വളര്‍ത്തുക, അപ്പോള്‍ ആവശ്യക്കാരുണ്ടാകും എന്നാണ്.

ദശപുഷ്പങ്ങളും അവയുടെ ഔഷധഗുണങ്ങളും വര്‍ണ്ണിക്കുന്ന ഫോട്ടോ സഹിത ബ്ലോഗുകളുണ്ട് ആഷാ സതീഷിനും ബിന്ദു കെ.പിയ്ക്കും. നേരത്തേ ഈ പംക്തിയിലൂടെ ആ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ ജൈവസമ്പത്തു നശിക്കാതിരിക്കാന്‍ നമുക്കു മുന്‍ കൈ എടുക്കാം.

(ഓണ്‍ലൈന്‍ ലിങ്കു നോക്കിയാല്‍ നീലക്കൊടുവേലി പടമുണ്ട്.)

6 comments:

 1. പ്രിയ സുഹൃത്തേ, മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന അവസ്ഥയാണ് നമ്മുടെ ഏതാണ്ടെല്ലാ നാട്ടരിവുകള്‍ക്കും.പക്ഷെ നാട്ടിന്പുരമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ആ അറിവുകള്‍ പരിപാലിക്കുന്നവരും ഉണ്ടെന്നു മനസ്സിലായില്ലേ ? എന്തായാലും നല്ല അറിവ് പകര്‍ന്ന പോസ്റ്റ്‌.

  ആശംസകള്‍.

  ReplyDelete
 2. നമ്മുടെ ജൈവസമ്പത്തു നശിക്കാതിരിക്കാന്‍ നമുക്കു മുന്‍ കൈ എടുക്കാം.

  അതേ നമുക്കൊന്നായ് ശ്രമിക്കാം..
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 3. ഇനി മല കയറുമ്പോൾ ഒരു കരുതലൊക്കെ ഉണ്ടാകുന്നത് നന്ന്. ജൈവസമ്പത്ത് നശിപ്പിക്കാൻ അരയും തലയും മുറുക്കിയിരിക്കുന്നവർക്കെതിരെ നമുക്ക് ജാഗ്രത്തായിരിക്കാം!

  ReplyDelete
 4. http://www.google.co.in/url?sa=t&source=web&cd=2&ved=0CB4QFjAB&url=http%3A%2F%2Fkif.gov.in%2Fml%2Findex.php%3Foption%3Dcom_content%26task%3Dview%26id%3D445%26Itemid%3D29&ei=1jMsTtvrNorirAeAzciyDQ&usg=AFQjCNG-7013ut8jNzcPpI9O8DdHGv3aGQ&sig2=aol3xuIWolbhp4EKPc3n-A

  ReplyDelete
 5. നന്ദി, സ്‌നേഹം, ഷാനവാസ്, കമ്പര്‍, ശ്രീനാഥന്‍
  ലിങ്കുകള്‍ തന്നതില്‍ സന്തോഷം, സുഹൈറലി. പക്ഷേ വിക്കിയിലുള്ളത് ഞാന്‍ പറഞ്ഞിരിക്കുന്ന ആഭരണച്ചെടിയാണ്. അത് എന്റെ വീട്ടിലുമുണ്ട്. രണ്ടാം ലിങ്ക്
  പുതിയ അറിവായിരുന്നു, പക്ഷേ പടങ്ങള്‍ കൂടി വേണ്ടിയിരുന്നു. അതില്‍ മുക്കുറ്റിയെയാണ് മുറികൂട്ടി എന്നു പറയുന്നത്. ഞാന്‍ പറയുന്ന മുറികൂട്ടികള്‍(2 എണ്ണം) ഇതൊന്നുമല്ല. ഇനി എപ്പോഴെങ്കിലും നാട്ടില്‍ പോകുമ്പോള്‍ ഫോട്ടം പിടിക്കാം. ഇവിടെ കൊണ്ടുവന്ന് നട്ടെങ്കിലും രണ്ടം പട്ടു പോയി.

  ReplyDelete