Sunday, March 13, 2011

അങ്കിളിന് ആദരപൂര്‍വ്വം...

 (Online link-Published 05.02.2011)

ടി.വിയില്‍ പൊതുമരാമത്തുവകുപ്പിലെ പകല്‍കൊള്ളയെപ്പറ്റി മൊബൈല്‍ ഫോണ്‍ സംഭാഷണം സഹിതമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വിസ്സ് ബാങ്കിലെ ഇന്‍ഡ്യന്‍ നിക്ഷേപത്തെപ്പറ്റിയും കേള്‍ക്കുന്നുണ്ട്.

സ്വാഭാവികമായും ഈ വാര്‍ത്തകള്‍ എന്നെ ബൂലോകത്തെ അങ്കിളിനെ ഓര്‍മ്മിപ്പിച്ചു. ഈ ജനുവരിയില്‍ അപ്രതീക്ഷിതമായി ഈ ലോകത്തു നിന്നു വിടപറഞ്ഞ 'അങ്കിള്‍ ' എന്ന ശ്രീ. സി.പി.ചന്ദ്രകുമാറിന്റെ കാര്യമാത്രപ്രസക്ത മായ ബ്ലോഗുകളിലൂടെ ഒരു യാത്ര. ഇനി ഒരിക്കലും അവിടെ പുതിയ പോസ്റ്റുകള്‍ ഉണ്ടാവില്ല. പക്ഷേ എഴുതിയിട്ടവയത്രയും ഏറെ വിലപ്പെട്ടവ തന്നെ..

സര്‍ക്കാര്‍ കാര്യം-( http://sarkkaarkaryam.blogspot.com/ ) -'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുഖജനാവിനുണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി ഒരു അന്വേഷണം' എന്ന് ഹെഡറില്‍ കുറിച്ചിരിക്കുന്നു.

അവസാന പോസ്റ്റ് 2 G സ്‌പെ്ക്ട്രം കുംഭകോണത്തെപ്പറ്റിയാണ്. സ്‌പെക്ട്രം എന്നാല്‍ എന്ത് എന്നു തുടങ്ങി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ഏറ്റെടുത്ത പഴയ കേസുകളുടെ ചരിത്രത്തിലൂടെ കടന്ന് ഈ വിഷയത്തെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ ഒരു ലേഖനമാണ് ഇത്. താത്പര്യമുള്ളവര്‍ക്കു വായിക്കാം.

'പൊതുമരാമത്തു വകുപ്പില്‍ തീവെട്ടിക്കൊള്ള' എന്ന പോസ്റ്റ് അങ്കിള്‍ എഴുതിയത് 2010 ജൂലായ 20 നാണ്. 'ധനം-കം-പൊതുമരാമത്ത് മന്ത്രി പൊതുമര ാമത്ത് വകുപ്പില്‍ തീവെട്ടിക്കൊള്ള നടന്നതായി കണ്ടുപിടിച്ചിരിക്കുന്നു. തന്റെ ഒരു പ്രസ്താവനയിലൂടെയാണു ഈ വെളിപ്പെടുത്തല്‍. പ്രസ്താവന പൊതു മരാമത്ത് വകുപ്പ് നേരിട്ട് നടത്തുന്ന ഒരു വെബ് ഗ്രൂപ്പിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത് . അതു കൊണ്ടുതന്നെ അതിന്റെ ആധികാരികത യില്‍ സംശയമില്ല. രണ്ട് പി.ഡി.എഫ് രേഖകളായാണു പ്രസിദ്ധീകരിച്ചിരിക്കു ന്നത്. ഏതായാലും ഞാന്‍ അതിന്റെ പകര്‍പ്പു ശേഖരിച്ചിട്ടുണ്ട്.' ബന്ധപ്പെട്ട സൈറ്റുകളുടെ ലിങ്കുകളടക്കം ആണ് എഴുതിയിരിക്കുന്നത്. നമ്മുടെ നികുതി പണം നാടിനോടും സമൂഹത്തോടും യാതൊരു പ്രതിബദ്ധതയുമില്ലാത്ത കുറേ പേര്‍ തുലച്ചു കളയുന്നതോര്‍ക്കുമ്പോള്‍ എന്റെ ചോരയും തിളയ്ക്കുന്നുണ്ട്. പക്ഷേ കിംഫലം?

പൊതുമരാമത്തുവകുപ്പും KSTP യും എന്ന ലേഖനം വായിച്ചാല്‍ സംസ്ഥാനഖജനാവില്‍ നിന്ന് 3 കോടിയോളം രൂപ പോയി കിട്ടിയതെങ്ങനെ എന്ന് അറിയാം.

'സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ടിതുവരെ നടപ്പായില്ല' എന്ന ലേഖനം അങ്കിള്‍ എഴുതിയതു 2009 ഡിസംബര്‍ 19 നാണ്. അതിന്റെ ആദ്യ ചട്ടക്കൂടു കരാര്‍ ഒപ്പു വച്ചത് 2007 മെയ് 13നാണെന്നും ലേഖനത്തില്‍ പറയുന്നു. 4 വര്‍ഷം തികയാന്‍ ഇനി കഷ്ടി നാലു മാസം മാത്രം! നമ്മള്‍ എന്താ ഇങ്ങനെയായി പോയത്?യഥാ പ്രജാ, തഥാ രാജ, തിരിച്ചല്ല!

അഗതികളെ കണ്ടവരുണ്ടോ ആശ്രയം കൊടുക്കാന്‍, പണിതിട്ടും പണിതീരാത്ത പണികള്‍, പത്രപരസ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍, റോഡു നിര്‍മ്മാണം കരാറുകാര്‍ക്ക് ചാകര, ടാര്‍ കുംഭകോണം സി.എ.ജി പറഞ്ഞതും പറയാത്തതും , ആഡംബരനികുതി വെട്ടിപ്പ് എന്നു തുടങ്ങി എല്ലാ പോസ്റ്റുകളും പണം ചോരുന്ന വഴികള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് വായിച്ചറിയാം. വിവരാവകാശനിയമവും സര്‍ക്കാര്‍ സൈറ്റുകളും പ്രസിദ്ധീകരണങ്ങളും അധികരിച്ച് അങ്കിള്‍ എഴുതിയതൊന്നും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

ഉപഭോക്താവ് (http://upabhokthavu.blogspot.com/ )- പേരു സൂചിപ്പിക്കുന്നതു പോലെ ഉപഭോക്താവ് അറിയേണ്ടും കാര്യങ്ങള്‍ ആണ് ഈ ബ്ലോഗില്‍. എം.പി.മാരുടെ പുതുക്കിയ ശമ്പളം എന്ന പോസ്റ്റില്‍ അങ്കിള്‍ ഇങ്ങനെ ചോദിക്കുന്നു-' എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്?' ' ഇത്രപോരാ അങ്കിളേ... ഇനി ഒരു വാക്കൌട്ട് അലവന്‍സ് കൂടി കൊടുക്കണം ' എന്ന് ഒരാളുടെ കമന്റുണ്ട്.

പുതിയ റേഷന്‍കാര്‍ഡ് ഓണ്‍ലൈനായി അപേക്ഷിക്കാം, ജനനമരണവിവാഹസര്‍ട്ടിഫിക്കറ്റുകള്‍, മൊബൈലിലെ പരസ്യ വിളികള്‍, നടപ്പാത-കാല്‍നടക്കാരുടെ അവകാശം തുടങ്ങി എല്ലാ പോസ്റ്റുകളും നമുക്ക് എപ്പോഴെങ്കിലും ആവശ്യം വരുന്നവയാണ്. വേണം നമുക്ക് സമൂഹത്തിനു വേണ്ടി കണ്‍തുറന്നിരിക്കുന്ന ഇത്തരം അങ്കിള്‍മാര്‍ . ശ്രീ. സി.പി. ചന്ദ്രകുമാറിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ!

മേരാ ഭാരത് മഹാന്‍ എന്ന ഫോര്‍വേഡഡ് മെസേജിന്റെ സ്വതന്ത്ര പരിഭാഷ-
'മുഴുവന്‍ ശരിയോ എന്നറിയില്ല, എങ്കിലും തീര്‍ച്ചയായും സത്യത്തില്‍ നിന്ന് വളരെയൊന്നും അകലെയാവില്ല.'ഇത് അജ്ഞാത രചയിതാവിന്റെ മുന്‍കൂര്‍ ജാമ്യം, എന്റേയും!

'ഇന്‍ഡ്യാക്കാര്‍ പാവപ്പെട്ടവരാണ്, പക്ഷേ ഇന്‍ഡ്യ പാവപ്പെട്ട രാജ്യമല്ല.30 വര്‍ഷത്തേയ്ക്ക് ഇന്‍ഡ്യാമഹാരാജ്യം ടാക്‌സ് ഫ്രീയാക്കാന്‍ തക്ക തുകയായ 280 ലക്ഷം കോടി(ആത്മന്‍-എന്റമ്മേ!) ഇന്‍ഡ്യന്‍ രൂപയാണ് സ്വിസ്സ് ബാങ്കിലുള്ളത്. ഇത്രയും പണം കൊണ്ട് 60 കോടി ഇന്‍ഡ്യാക്കാര്‍ക്ക് ജോലി നല്‍കാനാവും. ഓരോ പൗരനും 60 വര്‍ഷത്തേക്ക് 2000 രൂപാ നല്‍കാനാവും. വേള്‍ഡ് ബാങ്ക്, ഐ.എം.എഫ് ഇവയില്‍ നിന്ന് രാജ്യം കടം കൊള്ളേണ്ടി വരില്ല. ആലോചിച്ചു നോക്കൂ, അഴിമതിക്കാര്‍ നമ്മുടെ പണം എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന്!അഴിമതിക്കെതിരെ ശബ്ദിക്കാന്‍ നമുക്ക് അവകാശമുണ്ട്.'

 

No comments:

Post a Comment