Sunday, March 13, 2011

ശരീരമാദ്യം.....

 (Online link -published 29.01.2011)
നാഡി പിടിച്ചു നോക്കി രോഗം നിര്‍ണ്ണയിച്ചിരുന്ന ജീവന്‍ മശായിയെ ഓര്‍മ്മയില്ലേ? താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തിലെ ജീവന്‍ മശായിയെ? ടെസ്റ്റുകളൊന്നും ചെയ്യാതെ തന്നെ, പിഴയ്ക്കാത്ത രോഗനിര്‍ണ്ണയം നടത്തിയിരുന്ന ധാരാളം വൈദ്യശിരോമണികള്‍ ഇവിടെയും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഡോ. കെ.എന്‍.പൈ അങ്ങനെയായിരുന്നു എന്നു കേട്ടിട്ടുണ്ട്.

ഇന്നിപ്പോള്‍ കാലം ഏറെ മാറിപ്പോയി, നമ്മളും . ഡോക്ടര്‍ ഒരു പത്ത് ടെസ്റ്റെങ്കിലും എഴുതിയില്ലെങ്കില്‍ രോഗിക്ക് ഇഷ്ടപ്പെടില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ ' ഓ, ഇയാള്‍ക്കൊന്നും അറിയില്ല ' എന്നാവും രോഗിയുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍ നവംബറിന്റെ നഷ്ടത്തില്‍ പത്മരാജന്റെ നായിക പറഞ്ഞതു പോലെ 'കണ്ണുനീരും വിയര്‍പ്പും' ഒഴിച്ചുള്ള എല്ലാം ടെസ്റ്റു ചെയ്താലേ നമുക്കു സമാധാനമുള്ളു. അങ്ങനെ രോഗികളുടേയും കൂടി അനുഗ്രഹാശിസ്സുകളോടെ ചികിത്സാവ്യവസായം തഴച്ചു വളരുന്നു.

'ശരീരമാദ്യം ഖലു ധര്‍മ്മസാധനം' എന്നാണല്ലോ. നമ്മള്‍ ആരോഗ്യകാര്യങ്ങളില്‍ ഇത്തിരി ശ്രദ്ധ വച്ചേ മതിയാവൂ. നമുക്കു വേണ്ടിയും മറ്റുള്ളവര്‍ നമുക്കു വേണ്ടി ബുദ്ധിമുട്ടാതിരിക്കാന്‍ വേണ്ടിയും. രോഗലക്ഷണം തോന്നിയാല്‍ ആസ്പത്രിയിലേക്കോടും മുമ്പ്് നമുക്കു തന്നെ അതെ കുറിച്ചൊന്ന് അവലോകനം നടത്താം. തിരക്കു കാരണം ആശുപത്രിയിലായാലും വീട്ടിലായാലും ഒരു രോഗിക്കു വേണ്ടി ചെലവാക്കാന്‍ ഡോക്ടര്‍ക്കു വളരെ കുറഞ്ഞ സമയമേ ഉള്ളു. അതിനാല്‍ നമ്മള്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി പോയാല്‍ ആ കുറഞ്ഞ സമയം ഏറ്റവും ഉപയോഗപ്രദമാക്കി മാറ്റാം.

ലക്ഷണങ്ങള്‍ വച്ച് രോഗനിര്‍ണ്ണയം സഹായിക്കുന്ന സൈറ്റുകള്‍ ഏറെയുണ്ട്. അവയില്‍ വളരെ നന്നെന്നു തോന്നിയ ഒന്നാണ് മായോ ക്ലിനിക്കിന്റെ സിംപ്റ്റം ചെക്കര്‍- http://www.mayoclinic.com/health/symptom-checker/DS00671. കുട്ടികള്‍ക്കും പ്രായപൂര്‍ത്തി ആയവര്‍ക്കും പ്രത്യേകം ലക്ഷണങ്ങള്‍ കൊടുത്തിട്ടുണ്ട്. അതില്‍ നിന്ന് പ്രൈമറി ലക്ഷണം തെരഞ്ഞെടുത്താല്‍ പിന്നെ വിശദമായ ലിസ്റ്റ് വീണ്ടും കിട്ടും. അതിലും കൃത്യമായി ടിക് ചെയ്തിട്ട് കാരണം കണ്ടുപിടിക്കുക എന്ന് തിരഞ്ഞാല്‍ ബന്ധപ്പെട്ട രോഗങ്ങളുടെ ലിസ്റ്റ് കിട്ടും.
ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണുമല്ലോ സാധാരണഗതിയില്‍. അതിനാല്‍ കുറച്ചു ക്ഷമ വേണ്ട ഏര്‍പ്പാടിണിത്, പ്രത്യേകിച്ച് ആദ്യം ഉപയോഗിക്കുമ്പോള്‍. എങ്കിലും വളരെ ഉപകാരപ്രദം.

ഇനി നമുക്ക് അസുഖത്തെപ്പറ്റി ഏകദേശം രൂപമുണ്ടെങ്കില്‍ അങ്ങനേയും തിരയാം. ഇപ്പോള്‍ ആരോഗ്യമാസികകളും ടി.വി. പരിപാടികളും എല്ലാം കണ്ട്് എല്ലാവരും ആരോഗ്യ/രോഗ കാര്യങ്ങളില്‍ വളരെ അറിവുള്ളവരാണല്ലോ. അതിനാല്‍ http://www.mayoclinic.com/health/DiseasesIndex/DiseasesIndex എന്ന പേജില്‍ പോയാല്‍ ഉണ്ടെന്നു സംശയിക്കുന്ന രോഗത്തെക്കുറിച്ച് കൂടുതല്‍ സൂഷ്മമായി മനസ്സിലാക്കാനാവും. ഇത്തരം സൈറ്റുകള്‍ ആവശ്യം വരുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ടവയാണ്. ഇല്ലെങ്കില്‍ അതു സ്വയം പാരയായി മാറാം. അതിനാല്‍ ജാഗ്രതൈ! http://www.webmd.com/ ല്‍ ആരോഗ്യപരമായ ഭക്ഷണക്രമം സ്ലൈഡ് ഷോ ആയി കാണാം.

വാതപിത്തകഫങ്ങളുടെ അസന്തുലിതാവസ്ഥയാണ് രോഗാവസ്ഥയ്ക്കു കാരണം എന്നു പറയുന്ന ആയുര്‍വേദ രീതിയെ പറ്റി സൈറ്റുകള്‍ ധാരാളമുണ്ട്, എന്നാല്‍ അതിലൊന്നും സിംപ്റ്റം ചെക്കര്‍ കണ്ടില്ല. ചികിത്സാരീതി വ്യത്യസ്ഥമായതിനാലാവാം.

ആരോഗ്യപുഷ്ടിക്കായി ഇനി അല്‍പ്പം ചിരിക്കാമല്ലേ? എ ഫോര്‍ ആപ്പിള്‍, ബി ഫോര്‍ ബോയ്്ക്കു പകരം മലയാളിയുടെ തനതായ അക്ഷരമാലാക്രമം കാണുക. http://keralites.net/ എന്ന സൈറ്റില്‍ നിന്ന് പല കൈമറിഞ്ഞുവന്ന മെയിലില്‍ നിന്ന്-

A-Adipoli (അര്‍മ്മാദം എന്നുമാവാം എന്ന് എന്റെ ഭാഷ്യം)

B-Bandh-കേരളത്തില്‍ ഏറ്റവും കൊണ്ടാടപ്പെടുന്ന ആഘോഷം, മാസത്തില്‍, ആഴ്ച്ചയില്‍ , വേണമെങ്കില്‍ ദിവസേനയും ആകാം.!

C-Coconut Oil- മല്ലുവിന്റെ തലമുടിയിലും, ദേ ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ആ പഴംപൊരിയില്ലേ, അതിലും സുലഭമായി കാണുന്ന സാധനം!
D-Dasettan ; E-Elephant- ആനയില്ലാതെ മലയാളിക്കെന്താഘോഷം!
G-Gold -വില എത്രയോ കൂടട്ടെ, മലയാളി പെണ്ണിന് ഏറ്റവും പ്രിയം ഇതാണ്. അതു ഗ്രാമുകള്‍ പോരാ, കിലോകള്‍ തന്നെ വേണം താനും!
L-Lungi-മലയാളത്താന്മാരുടെ പ്രിയ വേഷം!ലുങ്കി ഉടുത്തു വാ, കിറ്റെക്‌സ് ലുങ്കി ഉടുത്തു വാ!
M- Mohanlal, Mammootty-മലയാളം സിനിമയിലെ കിരീടമണിയാത്ത താരരാജാക്കന്മാര്‍!
P-Private Bus- ഉണ്ണികൃഷ്ണന്‍ മുതല്‍ സെന്റ് പാട്രിക് വരെ പേരുകളില്‍ കേരളത്തില്‍ ഇവ തലങ്ങും വിലങ്ങും ഓടുന്നു.
Q-Quotation team
R-Reality show
S- Scandals- മലയാളിയുടെ മാനസികോല്ലാസത്തിന്റെ വഴി,അല്ലെങ്കില്‍ മലയാളിയുടെ പ്രിയതരമായ പരദൂഷണം.
V- Venad Express- മലയാളിയുടെ സ്വന്തം ട്രെയിന്‍!

ശരിയല്ലേ ഇതെല്ലാം?

No comments:

Post a Comment