Sunday, March 13, 2011

വിക്കി മാഹാത്മ്യം

(Online link-published 22.01.2011)
അറിവുകള്‍ പങ്കു വയ്ക്കപ്പെടേണ്ടവയാണ്, അല്ലെങ്കില്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ മാത്രമേ അത് യഥാര്‍ത്ഥ അറിവ് ആകുന്നുള്ളു. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക, അമേരിക്കാന തുടങ്ങിയ വിലകൂടിയ വിശ്വവിജ്ഞാനകോശങ്ങള്‍ , മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട സര്‍വ്വവിജ്ഞാനകോശം ഇവയ്‌ക്കെല്ലാം ശേഷം ഇതാ നമ്മുടെ കൈയ്യെത്തും ദൂരത്ത് ഒരു മൗസ് ക്ലിക്കകലത്തില്‍ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ. അതിന്റെ മലയാള ഭാഷാ പതിപ്പായ വിക്കിപീഡിയ മലയാളം എന്ന മഹത് സംരംഭത്തെപ്പറ്റി അല്‍പ്പം.

2001 ജനുവരി 15 നു വിക്കി മീഡിയ ഫൗണ്ടേഷന്‍ തുടക്കമിട്ട 'വിക്കിപീഡിയ' എന്ന സ്വതന്ത്രവിജ്ഞാനകോശം ജനുവരി 2010 വരെ 270 ഭാഷകളില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് വിക്കി സൈറ്റ് പറയുന്നു.

മലയാളം വിക്കിയില്‍ നിന്നു അതിന്റെ ചരിത്രം, ഉദ്ദേശലക്ഷ്യം എന്നിവയെപ്പറ്റി - '2002 ഡിസംബര്‍ 21 നു അക്കാലത്ത് അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ എം.പി യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആര്‍.എല്‍ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്‌നങ്ങള്‍ക്കും തുടക്കമിട്ടത്'

'അറിവു പങ്കു വെക്കുക എന്ന ലക്ഷ്യത്തോടെ, ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന, പരസ്പരബഹുമാനവും , വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.'

അച്ചടിച്ച വിജ്ഞാനകോശത്തില്‍ നിന്ന്് നമുക്കു വേണ്ട വിഷയം കണ്ടുപിടിക്കുന്നതിനേക്കാള്‍ എത്രയും എളുപ്പമാണ് ഓണ്‍ലൈനായി അതു ചെയ്യുന്നത്. അതുകൊണ്ട് പഠിതാക്കള്‍ക്കും മറ്റു വായനക്കാര്‍ക്കും സമയവും പ്രയത്‌നവും ഏറെ ലാഭം.ഇതുവരെ വിക്കി മലയാളത്തില്‍ 16269 സചിത്രലേഖനങ്ങള്‍ ഉണ്ട്. അച്ചടി പതിപ്പു പോലെ പേജുകളുടെ എണ്ണത്തെപ്പറ്റി വിഷമിക്കേണ്ട കാര്യമില്ലാത്തതിനാല്‍ എത്ര വേണമെങ്കിലും എഴുതാം, മൗസ് സ്‌ക്രോള്‍ ചെയ്താല്‍ മതിയല്ലോ.

വിക്കിയില്‍ ആര്‍ക്കും പങ്കാളിയാകാം. ഒരാള്‍ ഒരു ലേഖനം എഴുതി ആദ്യം ഇട്ടെന്നിരിക്കിട്ടെ. അതു ശൈശവദശയിലുള്ള ഒന്നാവാം. വായിക്കുന്നവര്‍ക്ക് അതിലെ തെറ്റു തിരുത്താം, കൂടുതല്‍ കൂട്ടി ചേര്‍ത്ത് അതിനെ ആധികാരികമാക്കാം. സൈറ്റില്‍ ലോഗിന്‍ ചെയ്യണം, വിക്കിയുടെ നിയമാവലി അനുസരിച്ചാവണം എഴുതുന്നത്് എന്നു മാത്രം.

എന്തൊക്ക തരം ലേഖനം ആവാം എന്നറിയണ്ടേ? ' വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരു ഉദാഹരണമെടു ത്താല്‍, മലയാളത്തില്‍ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കണ്ടേക്കില്ല. വളരെ നിസാരമെന്നു തോന്നാവുന്ന ഈ വിഷയത്തെക്കുറിച്ചും അറിയാന്‍ താല്‍്പര്യമുള്ളവര്‍ കാണും എന്നതില്‍ സംശയമില്ലല്ലോ. മലയാളം വിക്കിപീഡിയയില്‍ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.'

വിക്കി നിഘണ്ഡു, വിക്കി ചൊല്ലുകള്‍, വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല , വിക്കി സര്‍വ്വകലാശാല എന്നിവയാണ് വിക്കി മലയാളത്തിന്റെ മറ്റു സംരംഭങ്ങള്‍.
വിക്കി ചൊല്ലുകളുടെ മുഖവുരയില്‍ നിന്ന്-'നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍, നിങ്ങളുടെ ഓര്‍മ്മയിലുള്ള പഴഞ്ചൊല്ലുകള്‍ ഇവിടെ രേഖപ്പെടുത്തുക. അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ച് അവരുടെ ഓര്‍മ്മയിലുള്ളതും കൂടി ഉള്‍പ്പെടുത്തുക. പുതുലോകത്തിനു പഠിക്കുവാനും നാളേക്കു വേണ്ടി സൂക്ഷിച്ചു വെക്കുവാനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കാളിയാവുക..' പഴഞ്ചൊല്ലുകള്‍ മാത്രമല്ല, മഹദ്വചനങ്ങള്‍, പുസ്തക ഉദ്ധരിണികള്‍ തുടങ്ങിയവയും ഉണ്ട് .അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ, (ഉദാ-കൃഷിചൊല്ലുകള്‍, ഓണചൊല്ലുകള്‍, കവിവാക്യങ്ങള്‍) ആവശ്യാനുസരണം, വായിക്കാം, പ്രയോഗിക്കാം.

വിക്കി ഗ്രന്ഥശാലയിലേക്ക്-'കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിത്്. പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീനകൃതികള്‍, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ കൃതികള്‍, പൊതുസഞ്ചയത്തില്‍പ്പെട്ട ഔദ്യോഗികപ്രമാണങ്ങള്‍ എന്നിങ്ങനെ മൂന്നു തരം കൃതികള്‍ ആണു വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാകുക. ' എഴുത്തച്ഛന്‍-ചെറുശ്ശേരി-കുഞ്ചന്‍ നമ്പ്യാര്‍-കുമാരനാശാന്‍ കൃതികള്‍, ഗുരുദേവന്റെ സമ്പൂര്‍ണ്ണകൃതികള്‍, എ.ആര്‍.രാജരാജവര്‍മ്മയുടെ കേരളപാണിനീയം ,ഇന്ദുലേഖ, കുന്ദലത, മാര്‍ത്താണ്ഡവര്‍മ്മ , കൂടാതെ നോവലുകള്‍ നാടകം, ചെറുകഥ, എല്ലാം വിക്കി e-ലൈബ്രറിയില്‍ കിട്ടും. അറിവിലേക്കുള്ള കിളിവാതിലിന്റെ താക്കോല്‍ ഇതാ- http://ml.wikisource.org/wiki/.

മറ്റു വിക്കിസംരംഭങ്ങളും എന്താണെന്നു സൈറ്റു നോക്കി മനസ്സിലാക്കാം. കൂടുതല്‍ പേരേ ഈ മഹത് സംരംഭങ്ങളില്‍ പങ്കാളികളാക്കുന്നതിനായി വിക്കി സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്. കണ്ണൂരില്‍ ജനുവരി 15നു പഠനശിബിരമുണ്ട്.

അറിയുക, ലാഭേച്ഛയേതുമില്ലാതെ അന്യര്‍ക്കു വേണ്ടി, ഭാവി തലമുറയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വിക്കി മലയാളി സമൂഹമുണ്ടിവിടെ! അതില്‍ പങ്കാളിത്തം വേണ്ടേ നമുക്കും ?

No comments:

Post a Comment